ലക്ഷദ്വീപിലെ പരിഷ്‌കാരങ്ങള്‍ ആര്‍ക്കു വേണ്ടി?
ശാന്തസുന്ദരമായ ഒരു ജലാശയത്തില്‍ കല്ലെടുത്തിട്ട പ്രതീതിയിലാണിന്ന് ലക്ഷദ്വീപ്. പതിറ്റാണ്ടുകളായി കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാതെ സ്വസ്ഥജീവിതം നയിച്ചിരുന്ന ലക്ഷദ്വീപുകാര്‍ക്കിടയിലേക്ക് അശനിപാതം പോലെയാണ് പുതിയ ഭരണമേധാവി കടന്നുവന്നത്. അതോടെ അവിടത്തെ സൈ്വരജീവിതം തകിടം മറിഞ്ഞു. ജനങ്ങള്‍ ആശങ്കയുടെ മുള്‍മുനയിലായി. ദ്വീപുകാരുടെ ഭാവിക്ക് മുന്നില്‍ അനിശ്ചിതത്വത്തിന്റെ ചോദ്യചിഹ്നങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.
ലക്ഷദ്വീപില്‍ പഞ്ചായത്ത് ബോര്‍ഡും ജില്ലാ പഞ്ചായത്തുമൊക്കെ നിലവിലുണ്ടെങ്കിലും അവക്ക് പരിമിതമായ അധികാരം മാത്രമേയുള്ളൂ. ഭരണപരമായ കാര്യങ്ങളുടെ പ്രധാന ചുമതല അഡ്മിനിസ്‌ട്രേറ്റര്‍ക്കാണ്. അയാള്‍ക്കു കീഴില്‍ അഡൈ്വസര്‍, കലക്ടര്‍, മജിസ്‌ട്രേട്ട് തുടങ്ങി 20-ല്‍പരം ഉന്നത ഉദ്യോഗസ്ഥര്‍ വേറെയുമുണ്ട്. ആരംഭം മുതല്‍ ഇതു വരെ 35 അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ അവിടെ ഭരണം നടത്തിയിട്ടുണ്ട്. അതില്‍ മൂന്നു പേര്‍ മാത്രമായിരുന്നു മുസ്‌ലിംകള്‍. മറ്റുള്ളവരില്‍ പലരും ദ്വീപുകാരുടെ സംസ്‌കാരമോ ജീവിതരീതികളോ സംബന്ധിച്ച് സാമാന്യ പരിചയം പോലുമില്ലാത്ത ഉത്തരേന്ത്യന്‍ ഉദ്യോഗസ്ഥര്‍. ഇപ്പോള്‍ അധികാരമേറ്റയാള്‍ മുപ്പത്തി അഞ്ചാമനാണ്.
ഭരണതലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരിലും നല്ലൊരു വിഭാഗം ഉത്തരേന്ത്യന്‍ ലോബിയാണ്. തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ അനുപാതം നോക്കി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതില്‍ കണിശത പാലിക്കാറുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുസ്‌ലിംകള്‍ മാത്രമുള്ള ലക്ഷദ്വീപില്‍ ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ മുസ്‌ലിംകള്‍ക്ക് ചെറിയ പരിഗണനയെങ്കിലും നല്‍കാനുള്ള ഔചിത്യബോധം പോലും പലപ്പോഴും ഉണ്ടാകാറില്ല.
പക്ഷേ, അതൊന്നും ഒരു പ്രശ്‌നമാക്കിയെടുക്കുകയോ എന്തെങ്കിലും തരത്തിലുള്ള അപസ്വരം പ്രകടിപ്പിക്കുകയോ അവര്‍ ചെയ്തിട്ടില്ല. അവിടെ കടന്നുവരുന്ന ഉദ്യോഗസ്ഥരെയും വിനോദസഞ്ചാരികളെയും ജാതിയോ മതമോ നോക്കി പരിഗണിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന ശീലം അവര്‍ക്കില്ല. മറിച്ച്, എല്ലാവരെയും ഇരു കൈകളും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യമാണവരുടേത്.
അവര്‍ മതവിഷയങ്ങളില്‍ കണിശത പുലര്‍ത്തുന്നവരാണെങ്കിലും അതൊരിക്കലും അപര വിദ്വേഷത്തിലേക്കോ തീവ്രവാദത്തിലേക്കോ അവരെ നയിച്ചിട്ടില്ല. ഇന്ത്യയിലെ പ്രധാന ദേശീയ പാര്‍ട്ടികള്‍ക്കെല്ലാം അവിടെ സാന്നിധ്യമുണ്ട്. സാമുദായിക സംഘടനകള്‍ക്കൊന്നും അവരവിടെ ഇടം കൊടുത്തിട്ടുമില്ല.
പുതിയ അഡ്മിനിസ്‌ട്രേറ്റര്‍
2016 മുതല്‍ ദാദ്ര- നഗര്‍, ദാമന്‍ -ദിയു അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിക്കുന്ന ഗുജറാത്തുകാരനായ പ്രഫുല്‍ കോഡാ പട്ടേലിന് 2020 ഡിസംബര്‍ അഞ്ചിനാണ് ലക്ഷദ്വീപിന്റെ ചാര്‍ജ് കൂടി നല്‍കുന്നത്. നിലവിലുണ്ടായിരുന്ന അഡ്മിനിസ്‌ട്രേറ്ററുടെ വിയോഗത്തെ തുടര്‍ന്നാണത്. അതുവരെ ഐ.എ.എസ് ഓഫീസര്‍മാര്‍ മാത്രം വഹിച്ചിരുന്ന ഈ പദവിയില്‍ എല്ലാ കീഴ്‌വഴക്കങ്ങളും ലംഘിച്ച് ആദ്യമായാണ് ഒരു രാഷ്ട്രീയക്കാരന്‍ നിയമിക്കപ്പെടുന്നത്. ഔദ്യോഗിക സ്ഥാനമാനങ്ങള്‍ നിലവിലെ ഭരണാധികാരികളാട് കൂറും വിധേയത്വവുമുള്ള എത് ഏഴാം കൂലിയെയും വാഴിക്കാനുള്ള അലങ്കാര കേന്ദ്രങ്ങളാക്കി മാറ്റിയ മോദി വാഴ്ചയുടെ ഭാഗമായാണ് ഈ നിയമനവും.
എഞ്ചിനീയറിംഗില്‍ ഡിപ്ലോമ നേടിയ ശേഷം റോഡ് കോണ്‍ട്രാക്ടറായി ജീവിതം ആരംഭിച്ച പ്രഫുല്‍ പട്ടേല്‍ പെട്ടെന്നാണ് രാഷ്ട്രീയത്തിലേക്ക് കളം മാറി ചവിട്ടുന്നത്. 2007-ല്‍ ഗുജറാത്തിലെ ഹിമ്മത്ത് നഗറില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പട്ടേല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം സ്ഥാപിച്ചു. 2010 - ല്‍ സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായി ജയിലില്‍ പോകേണ്ടി വന്നതിനെ തുടര്‍ന്ന് അമിത് ഷാ ഗുജറാത്ത് ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെച്ചപ്പോള്‍ പിന്‍ഗാമിയായി മോദി കണ്ടെത്തിയത് ഈ പട്ടേലിനെയായിരുന്നു. എന്നാല്‍ 2012-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനം ഇദ്ദേഹത്തെ തോല്‍പ്പിച്ചുവിട്ടു.
തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു കഴിഞ്ഞ പ്രഫുല്‍ പക്ഷേ, മോദിയുമായുള്ള വ്യക്തിബന്ധം തുടര്‍ന്നു. ജനം കൈവിട്ടെങ്കിലും തന്റെ വലംകൈയായ പ്രഫുലിനെ മോദിക്ക് കൈവിടാനാവില്ലായിരുന്നു. അങ്ങനെയാണ് കീഴ്‌വഴക്കങ്ങള്‍ കാറ്റില്‍ പറത്തി അയാളെ ആദ്യം ദാമന്‍ -ദിയുവിന്റെ അഡ്മിനിസ്ട്രറ്റര്‍ പദവിയില്‍ പ്രതിഷ്ഠിക്കുന്നത്. വൈകാതെ ദാദ്ര നഗര്‍ ഹവേലിയുടെ ചാര്‍ജ് കൂടി നല്‍കി. തുടര്‍ന്ന് 2020 ഡിസംബറില്‍ ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ വിയോഗം മൂലം പദവി ഒഴിവ് വന്നപ്പോള്‍ ആ ചുമതല കൂടി പട്ടേലിനെ ഏല്‍പ്പിക്കാന്‍ മോദി-ഷാ കൂട്ടുകെട്ടിന് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല.
ചുമതലയേറ്റ സ്ഥലങ്ങളിലെല്ലാം പ്രശ്‌നങ്ങളും വിവാദങ്ങളും ഉയര്‍ത്തിവിടുന്ന തരത്തിലുള്ള നീക്കങ്ങളും നടപടികളും കാരണം വിവാദങ്ങളുടെ തോഴനാണിദ്ദേഹം. തന്റെ വ്യക്തിതാല്‍പ്പര്യങ്ങളും യജമാനന്മാരെ പ്രീതിപ്പെടുത്താനുള്ള പദ്ധതികളും നടപ്പിലാക്കുന്നതിന് മുന്നില്‍ എന്ത് പ്രതിബന്ധങ്ങള്‍ വന്നാലും ബലം പ്രയോഗിച്ച് അതെല്ലാം മറികടക്കുകയാണ് പട്ടേലിന്റെ രീതി. ജനവികാരം അവഗണിച്ചും അടിച്ചമര്‍ത്തിയും മുന്നോട്ടു പോകുന്നതിന് അയാള്‍ക്ക് ആരെയും പേടിക്കേണ്ടി വരുന്നില്ല. ഭരണത്തിന്റെ നെടുംതൂണുകള്‍ തന്നെ സംരക്ഷണത്തിനുള്ളപ്പോള്‍ പിന്നെ ആരെ പേടിക്കണം!
2019-ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ദാദ്ര നഗര്‍ ഹവേലി കലക്ടറായിരുന്ന കണ്ണന്‍ ഗോപിനാഥന് തന്റെ ഇംഗിതം നടപ്പിലാക്കാത്തതിന്റെ പേരില്‍ പ്രഫുല്‍ പട്ടേല്‍ ഷോക്കോസ് നോട്ടീസ് നല്‍കിയ സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചു. തെരഞ്ഞെടുപ്പ് കമീഷനില്‍ വരെ പട്ടേലിനെതിരെ പരാതി എത്തിയതിനെ തുടര്‍ന്ന് കമീഷന്‍ ഇയാള്‍ക്കെതിരെ നോട്ടീസ് പുറപ്പെടുവിക്കുക വരെയുണ്ടായി. പക്ഷേ, അയാള്‍ക്ക് വലിയ കൂസലൊന്നും ഉണ്ടായില്ല.
പിന്നീട് ദാമന്‍ -ദിയുവില്‍ വികസനത്തിന്റെ പേരില്‍ തദ്ദേശീയരായ മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവരുടെ വീടുകള്‍ പൊളിച്ചു നീക്കാന്‍ ഉത്തരവിടുകയും അതുവഴി നിരവധി പേര്‍ ഭവനരഹിതരായിത്തീരുകയും ചെയ്തു. ഇത് പ്രദേശത്ത് വന്‍ പ്രതിഷേധവും പ്രക്ഷോഭവും ക്ഷണിച്ചു വരുത്തിയെങ്കിലും അതെല്ലാം ഉരുക്കുമുഷ്ടി കൊണ്ട് നേരിടുകയായിരുന്നു, മോദി - ഷാ മാരുടെ മാനസപുത്രന്‍.
ദാദ്ര നഗര്‍ ഹവേലി എം.പി മോഹന്‍ ദെല്‍ക്കര്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 22-ന് മുംബൈയിലെ ഒരു ഹോട്ടലില്‍ വെച്ച് ആത്മഹത്യ ചെയ്ത സംഭവത്തിലും ആത്മഹത്യാ കുറിപ്പില്‍ പ്രഫുല്‍ പട്ടേലിന്റെ പേര് പരാമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്ന് മുംബൈ പോലീസ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ചു അന്വേഷണം നടത്തി വരികയാണ്. താന്‍ ആവശ്യപ്പെട്ട 25 കോടി നല്‍കിയില്ലെങ്കില്‍ സാമൂഹിക വിരുദ്ധര്‍ക്കെതിരിലുള്ള കരുതല്‍ നിയമപ്രകാരം അറസ്റ്റ് ചെയ്യുമെന്ന് പ്രഫുല്‍ പട്ടേലും സംഘവും ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് തന്റെ പിതാവ് ആത്മഹത്യ ചെയ്യേണ്ടി വന്നതെന്ന് ചൂണ്ടിക്കാട്ടി എം.പിയുടെ പുത്രന്‍ അഭിനവ് ദെല്‍ക്കര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ സന്ദര്‍ശിച്ച് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം ചൂടുപിടിച്ചത്.
പ്രഫുല്‍ പട്ടേലിന് ലക്ഷദ്വീപിന്റെ ചുമതല നല്‍കിയത് യജമാനന്മാരുടെ വര്‍ഗീയവും വാണിജ്യപരവുമായ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ഗൂഢനീക്കങ്ങളുടെ ഭാഗമാണോ എന്ന് ന്യായമായും സംശയിക്കാവുന്ന തരത്തിലാണ് കാര്യങ്ങള്‍ പുരോഗമിച്ചത്. ലക്ഷദ്വീപിന്റെ സൈ്വരജീവിതം തകര്‍ത്ത് അവിടെ ജീവിതം ദുരിതപൂര്‍ണമായാല്‍ ദ്വീപുനിവാസികള്‍ നാട് വിട്ടോടിപ്പോയിക്കൊള്ളുമെന്നും അങ്ങനെ വിനോദസഞ്ചാരികള്‍ക്ക് അവിടം സൈ്വരവിഹാരകേന്ദ്രമാക്കി ലാഭം കൊയ്യാമെന്നുമുള്ള കണക്കുകൂട്ടലാണോ പുതിയ നീക്കങ്ങളുടെ പിന്നിലെന്ന് ചിലര്‍ സംശയിക്കുന്നു.
കോവിഡ് വ്യാപനം
ഏതായാലും പ്രഫുല്‍ പട്ടേല്‍ ചുമതലയേറ്റെടുത്ത ഉടനെ ചെയ്ത കാര്യം കോവിഡ് 19 പ്രോട്ടോക്കോളില്‍ മാറ്റം വരുത്തുകയായിരുന്നു. അതുവരെ കര്‍ശനമായി പാലിച്ചിരുന്ന കോവിഡ് നിയന്ത്രണ നിയമങ്ങള്‍ കാരണം ഇന്ത്യയിലെ മറ്റു പ്രദേശങ്ങള്‍ കോവിഡ് വിളയാട്ടത്തില്‍ വിറങ്ങലിച്ചു നിന്നപ്പോള്‍ ഒരു വര്‍ഷത്തോളം ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ ലക്ഷദ്വീപ് പിടിച്ചുനിന്നു. എന്നാല്‍ ഡിസംബര്‍ അഞ്ചിന് പട്ടേല്‍ അധികാരമേറ്റ് ഒന്നു രണ്ട് ആഴ്ചകള്‍ക്കകം അവിടെ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തുടര്‍ന്ന് രോഗം രൂക്ഷമായി വ്യാപിച്ചു. കഴിഞ്ഞ നാലഞ്ച് മാസങ്ങള്‍ക്കിടയില്‍ 70000-ല്‍ താഴെ മാത്രം ജനസംഖ്യയുള്ള ലക്ഷദ്വീപില്‍ 6611 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൊത്തം ജനസംഖ്യയില്‍ 10 ശതമാനത്തോളം കോവിഡ് രോഗികള്‍. മെയ് 11 മുതല്‍ 17 വരെയുള്ള ആഴ്ചയില്‍ 66.7 ശതമാനമായിരുന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 പേര്‍ കോവിഡ് മൂലം മരണപ്പെട്ടു.
എന്നിട്ടും പുതിയ അധികാരിക്ക് ഒരു കുലുക്കവുമില്ല. ഇതില്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പങ്കില്ലെന്നും ദുരന്തനിവാരണ അതോറിറ്റിയാണ് ചട്ടം മാറ്റാന്‍ നിര്‍ദേശം നല്‍കിയതെന്നുമാണ് ഔദ്യോഗിക ന്യായീകരണം. എന്നാല്‍ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ ചട്ടം മാറ്റരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അതിന്റെ പേരിലുള്ള പ്രതികാരമായി അയാളെ സ്ഥലം മാറ്റിയെന്നും ദ്വീപില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സാധാരണ ഗതിയില്‍ കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച് പൗരന്മാരുടെ ജീവന്‍ അപകടത്തിലാക്കിയതിന് കേസെടുത്ത് നിയമനടപടിക്ക് വിധേയമാക്കാന്‍ മാത്രം വലിയ പാതകമാണ് ഇക്കാര്യത്തില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ചെയ്തത്. പക്ഷേ, അയാള്‍ക്കറിയാം, ആരും തന്റെ മേല്‍ കൈ വെക്കാന്‍ ധൈര്യപ്പെടില്ലെന്ന്.
ഗുണ്ടാ നിയമം
തുടര്‍ന്ന്, രാജ്യത്ത് ഒട്ടേറെ നിരപരാധികളെ മുന്‍കരുതലിന്റെ ഭാഗമായി തടവിലാക്കാന്‍ പ്രയോഗിച്ച് കുപ്രസിദ്ധി നേടിയ ഗുണ്ടാ നിയമം അവിടെ നടപ്പിലാക്കാനാണ് പുതിയ മേധാവി തിടുക്കം കാട്ടിയത്. അതുവഴി പിന്നീട് അവിടെ അടിച്ചേല്‍പ്പിക്കാന്‍ പോകുന്ന വിവിധ കരിനിയമങ്ങള്‍ക്കെതിരെ ജനരോഷം ഉയരാതിരിക്കാന്‍ അനുകൂല സാഹചര്യം ഒരുക്കുകയായിരുന്നു. അല്ലെങ്കില്‍ ഒരു പെറ്റിക്കേസ് പോലും അപൂര്‍വമായ ദ്വീപില്‍ ഗുണ്ടാ നിയമം പോലുള്ള കരിനിയമം കൊണ്ടുവരുന്നതിനു പിന്നാല്‍ മറ്റെന്ത് ന്യായമാണ് പറയാനുണ്ടാവുക! ലോകത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് ഏറ്റവും കുറഞ്ഞ പ്രദേശമെന്ന് യു.എന്‍ പോലും സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. നാഷ്‌നല്‍ ക്രൈം റെക്കോര്‍ഡ്‌സ് 2020 പ്രകാരം കൊലപാതകം, മയക്കുമരുന്ന് പോലുള്ള കുറ്റകൃത്യങ്ങള്‍ സീറോ ലെവലാണ്. ഇത്ര കടുത്ത നിയമങ്ങള്‍ കൊണ്ടുവന്നത് അവിടെ അടിച്ചേല്‍പ്പിക്കാന്‍ പോകുന്ന നിയമങ്ങള്‍ അത്രയേറെ ജനവിരുദ്ധമായിരിക്കുമെന്നും അതിനെതിരെ ജനരോഷം ഉയരുമെന്നും മുന്‍കൂട്ടി കണ്ടുകൊണ്ടാണ്ടെന്ന് വ്യക്തം.
മദ്യനയം ഉദാരമാക്കല്‍
ദ്വീപില്‍ കര്‍ശന വിലക്കുള്ള മദ്യം ഉദാരമാക്കുക വഴി യഥേഷ്ടം മദ്യം വിളമ്പാന്‍ വഴിയൊരുക്കി. ദ്വീപില്‍ കുഴപ്പങ്ങളും അനിഷ്ട സംഭവങ്ങളുമില്ലാതെ ശാന്തിയും സമാധാനാന്തരീക്ഷവും കളിയാടുന്നതിനു പിന്നിലെ പ്രധാന ഘടകം ഈ മദ്യനയമായിരുന്നു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനെന്ന പേരില്‍ അതില്‍ മാറ്റം വരുത്തുന്നതോടെ അവിടത്തെ സാമൂഹികാന്തരീക്ഷം തകിടം മറിയുമെന്ന കാര്യത്തില്‍ സംശയമില്ല.
ഗോവധ നിരോധം
പുതിയ നിയമങ്ങള്‍ ഓരോന്നായി ചുട്ടെടുക്കുന്നതിന്റെ ഭാഗമായി പശുക്കളെ അറുക്കുന്നത് വര്‍ഷങ്ങള്‍ നീണ്ട തടവു ശിക്ഷക്ക് കാരണമാകുന്ന കുറ്റമായി പ്രഖ്യാപിക്കുക മാത്രമല്ല, മറ്റേത് മൃഗങ്ങളെ കശാപ്പ് ചെയ്യണമെങ്കിലും അധികൃതരുടെ മുന്‍കൂര്‍ അനുമതി വേണമെന്ന നിര്‍ദേശമാണ് മുന്നോട്ടു വെച്ചത്. 100 ശതമാനം മുസ് ലിംകളുള്ള ഒരു പ്രദേശത്താണ്, മറ്റു പ്രദേശങ്ങളിലെ ചിലര്‍ പശുക്കളെ മാതാവോ ദൈവമോ ആയി കരുതുന്നതിന്റെ പേരില്‍ അവയെ കശാപ്പ് ചെയ്യാന്‍ പാടില്ലെന്ന കര്‍ശന നിയമം നടപ്പാക്കാനൊരുങ്ങുന്നത്. മാത്രമല്ല, അവിടത്തുകാരുടെ പ്രധാന വരുമാനമാര്‍ഗം കൂടിയായ പശുവളര്‍ത്തല്‍ നിരോധിച്ച് അവയെ ലേലം ചെയ്തു വില്‍ക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് അവര്‍ക്ക് കുടിക്കാന്‍ ഗുജറാത്തി കമ്പനിയായ അമുലിന്റെ പാലും. ജനഹിതം ഒട്ടും പരിഗണിക്കാതെയാണ് ഈ തീരുമാനങ്ങളെന്ന് ഇതിനോടുള്ള ജനങ്ങളുടെ പ്രതികരണങ്ങളില്‍ നിന്നു തന്നെ വ്യക്തം. പശുക്കളെ ലേലം ചെയ്യാന്‍ നിശ്ചയിച്ച ദിവസം ഒരാള്‍ പോലും പങ്കെടുക്കാതെ ജനം അതിനെ തോല്‍പ്പിച്ചു. അമുല്‍ ഉല്‍പ്പന്നങ്ങള്‍ അവിടെ ഇറക്കിയെങ്കിലും അതും ജനം ബഹിഷ്‌കരിച്ചു.
മാംസാഹാരം മെനുവിനു പുറത്ത്
തുടര്‍ന്ന് അടുത്ത വിദ്യാഭ്യാസ വര്‍ഷത്തേക്കു വേണ്ടി തയാറാക്കിയ മെനു പുറത്തു വന്നു. സസ്യാഹാരങ്ങള്‍ മാത്രം വിളമ്പാനും മാംസാഹാരങ്ങളെ പടിക്ക് പുറത്തു നിര്‍ത്താനും ഉദ്ദേശിച്ചുള്ള മെനു. സംഘ് പരിവാര്‍ അജണ്ട അടിച്ചേല്‍പ്പിക്കുന്നതിന്റെ നഗ്‌നമായ നീക്കമാണ് നമുക്കിവിടെ കാണാന്‍ കഴിയുക. സാഹചര്യം അനുകൂലമായി കിട്ടിയാല്‍ സ്വന്തം അജണ്ടകള്‍ അതില്‍ താല്‍പ്പര്യമില്ലാത്തവരില്‍ പോലും അടിച്ചേല്‍പ്പിക്കുന്ന കാര്യത്തില്‍ അവര്‍ എത്രത്തോളം ഉത്സുകരായിരിക്കുമെന്ന് കാണാന്‍ വേറെ തെളിവ് വേണ്ട.
വിഷയം വിവാദമായപ്പോള്‍ ഉച്ചഭക്ഷണത്തിലെ മാംസാഹാരം മാത്രമാണ് ഒഴിവാക്കിയതെന്നും മത്സ്യവും മുട്ടയുമൊന്നും ഒഴിവാക്കിയിട്ടില്ലെന്നും അധികൃതര്‍ അടക്കമുള്ളവര്‍ ന്യായീകരിക്കുന്നതായി കണ്ടു. എന്നാല്‍ സത്യം അങ്ങനെയല്ലെന്ന് ദ്വീപിലെ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ വിശദീകരിക്കുന്നു. സംഘ് പരിവാര്‍ അജണ്ടയായ സസ്യാഹാരം അടിച്ചേല്‍പ്പിക്കുകയെന്നതാണ് നയപരമായ ലക്ഷ്യം. അതിന്റെ വിതരണ ജോലി ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്ഷയപാത്രം എന്ന ആര്‍. എസ്. എസ് പശ്ചാത്തലമുള്ള കമ്പനിയെ ഏല്‍പ്പിക്കാനുള്ള അണിയറ നീക്കങ്ങള്‍ വരെ നടക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ തന്നെ ഇതു സംബന്ധിച്ച കടലാസു പണികള്‍ ആരംഭിച്ചതായാണ് വിവരം.
കുട്ടികള്‍ രണ്ടു മാത്രം
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകരുതെന്ന നിയമത്തിന്റെ കരടു രൂപവും പുറത്തിറങ്ങിയിട്ടുണ്ട്. രാജ്യത്ത് മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നതായുള്ള സംഘ് പരിവാര്‍ പ്രചാരണങ്ങള്‍ ശക്തമാണ്. മുസ് ലിം ദമ്പതികള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് ജനസംഖ്യാപരമായ അസന്തുലിതത്വം സൃഷ്ടിക്കുമെന്നവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനെതിരില്‍ ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ നടക്കുന്ന നീക്കങ്ങളുടെ ചുവടു പിടിച്ചാണ് ദ്വീപിലും സമാന നീക്കങ്ങള്‍ക്ക് തുടക്കമിടുന്നത്.
ഇത്തരമൊരു നിയമം പാര്‍ലമെന്റ് അംഗങ്ങള്‍ക്കോ എം. എല്‍. എമാര്‍ക്കോ ബാധകമല്ല. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പൊതുവെ ഇങ്ങനെയൊരു നിയന്ത്രണമില്ല. ഏതോ ഒറ്റപ്പെട്ട ചില പ്രദേശങ്ങളില്‍ ഈയിടെ മാത്രം അത്തരം നീക്കങ്ങള്‍ ആരംഭിച്ചതായി വിവരമുണ്ട്. ലക്ഷദ്വീപ് നിവാസികള്‍ ഒരു പ്രത്യേക സമുദായക്കാരായതിനാല്‍ അവരെ ഇത്തരം നിയമക്കുരുക്കുകളില്‍ വരിഞ്ഞുമുറുക്കുക സംഘ് പരിവാര്‍ രാഷ്ട്രീയക്കാര്‍ക്ക് വലിയ ആത്മസംതൃപ്തി നല്‍കുന്ന കാര്യമാണല്ലോ.
വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന തദ്ദേശിയരായ താല്‍ക്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട സംഭവവും 38 അംഗനവാടികള്‍ അടച്ചുപൂട്ടിയ നടപടിയും ദ്വീപുകാര്‍ക്കിടയില്‍ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. നടന്നുവരുന്ന മരാമത്ത് പണികള്‍ നിര്‍ത്തിവെപ്പിച്ചതും ഇത്തരം പണികള്‍ പുറത്തു നിന്നുള്ള ഏജന്‍സികള്‍ മുഖേന നടത്താനുള്ള നീക്കവും ദ്വീപുകാരെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണല്ലോ. ചില ഉത്തരേന്ത്യന്‍ ലോബികള്‍ക്ക് ദ്വീപിനെ വാണിജ്യപരമായ നേട്ടങ്ങള്‍ക്കു വേണ്ടി തുറന്നുകൊടുക്കാനുള്ള നീക്കമായി അവര്‍ ഇതിനെ കാണുന്നു.
വാണിജ്യ താല്‍പ്പര്യങ്ങള്‍
ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരു കാര്യമാണ് പുതിയ അഡ്മിനിസ്‌ട്രേറ്ററെ വെച്ച് കേന്ദ്ര സംഘം നടത്താന്‍ പോകുന്ന കച്ചവടതന്ത്രങ്ങള്‍. ആള്‍പ്പാര്‍പ്പില്ലാത്ത ചില ദ്വീപുകള്‍ കേന്ദ്ര സര്‍ക്കാറിലെ ഉന്നതസ്ഥാനീയന്റെ മകന്‍ നീണ്ട കാലത്തെ ലീസിന് വാങ്ങിയതായും അത് വെച്ച് ദ്വീപിലെ ടൂറിസം വികസന സാധ്യതകള്‍ പരമാവധി ചൂഷണം ചെയ്യാനുള്ള പദ്ധതികള്‍ തയാറാക്കിയതായും കേള്‍ക്കുന്നു. ഗുജറാത്ത് കമ്പനിയായ അമുല്‍ മില്‍ക്കിന്റെ വിതരണ ശൃംഖല പുതിയ ദ്വീപ് മേധാവിയുടെ ബന്ധു മുഖേന വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന സംശയം ബലപ്പെടുത്തുന്ന തരത്തിലാണ് ഈ രംഗത്തുള്ള ധൃതി പിടിച്ച നീക്കങ്ങള്‍.
ദ്വീപുകാരെ ആശങ്കയിലാഴ്ത്തുന്ന മറ്റൊന്ന്, ദ്വീപിലെ റോഡുകള്‍ വികസിപ്പിച്ച് 15 മീറ്റര്‍ വീതിയിലാക്കാനുള്ള നീക്കമാണ്. ഭരിക്കുന്ന നാടിനെ പറ്റിയോ ഭൂമിശാസ്ത്രത്തെപ്പറ്റിയോ ഒരു ധാരണയുമില്ലാത്തവരുടെ കൈകളില്‍ അധികാരം വന്നു പെട്ടാല്‍ എന്തെല്ലാം ദുരന്തം സംഭവിക്കുമെന്നതിന് വ്യക്തമായ ദൃഷ്ടാന്തമാണിത്. ആകെ ഏതാനും കി. മീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള, ജീപ്പും കാറും ഓട്ടോറിക്ഷയും പോലുള്ള ലഘു വാഹനങ്ങള്‍ മാത്രം ഓടുന്ന, അതു തന്നെ റോഡുകളില്‍ എവിടെയും ഗതാഗത തടസ്സമോ തിരക്കുകളോ സൃഷ്ടിക്കാത്ത ദ്വീപുകളില്‍ ഏഴ് മീറ്റര്‍ വീതിയുള്ള റോഡ് ഒരുക്കുന്നത് ആര്‍ക്കു വേണ്ടിയാണെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. അതു കാരണം നിരവധി വീടുകള്‍ തകര്‍ക്കപ്പെടുകയും അനേകം കുടുംബങ്ങള്‍ അഭയാര്‍ഥികളായി മാറുകയും ചെയ്യും.
പാര്‍പ്പിട പരിധിയും ഭൂമി കണ്ടുകെട്ടലും
തീരപ്രദേശങ്ങളില്‍ പാര്‍പ്പിടങ്ങള്‍ നിര്‍മിക്കുന്നതിന് പൊതുവെ നിശ്ചിത ദൂരപരിധി കണക്കാക്കിയപ്പോള്‍ ദ്വീപുനിവാസികള്‍ക്ക് മുന്‍ ഭരണാധികാരികള്‍ അതില്‍ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ അതിലും മാറ്റം വരുത്താന്‍ നീക്കം നടക്കുന്നതായി തദ്ദേശീയര്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാം കൂടി ദ്വീപ് നിവാസികളെ ഉല്‍ക്കണ്ഠയുടെയും ആശങ്കയുടെയും മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് പുതിയ ഭരണമേധാവി ഭരിച്ചു തുടങ്ങിയത്. അദ്ദേഹത്തിന്റെ ചുമതലയിലുള്ള നഗര്‍ ഹവേലി, ദാമന്‍ - ദിയു പ്രദേശങ്ങളില്‍ നടന്ന ദുര്‍ഭരണവും അടിച്ചമര്‍ത്തല്‍ നടപടികളും ദ്വീപുകാരില്‍ കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നു.
തങ്ങള്‍ വര്‍ഷങ്ങളായി സ്വന്തം ഉടമസ്ഥതയില്‍ മാന്യമായി വസിച്ചു വരുന്ന വീടും സ്ഥലവും ഭരണകൂടത്തിന് തോന്നുന്നതു പോലെ പിടിച്ചെടുക്കാനും കുടിയൊഴിപ്പിക്കാനും അധികാരം നല്‍കുന്ന പുതിയ ലാന്റ് അക്വിസിഷന്‍ റൂള്‍ കൂടി പുറത്തു വന്നിട്ടുണ്ട്. ഭൂമി ഭരണകൂടത്തിന്റേത്, ഉടമകള്‍ക്ക് താമസിക്കാന്‍ പ്രത്യേക പെര്‍മിറ്റ് നല്‍കുമത്രെ. അത് നിശ്ചിത സമയത്തിനകം പുതുക്കണം. ഇല്ലെങ്കില്‍ വന്‍ തുക പിഴയൊടുക്കണം. എല്ലാം അപ്പം ചുട്ടെടുക്കുന്ന ലാഘവത്തോടെ നിയമമാക്കി വിളംബരപ്പെടുത്തുകയാണ് പ്രഫുല്‍ പട്ടേലിന്റെ പുതിയ ഭരണകൂടം. ഇതെല്ലാം ദല്‍ഹിയിലോ നാഗ്പൂരിലോ വെച്ച് നേരത്തേ ആലോചിച്ചുറപ്പിച്ച ആസൂത്രിത പദ്ധതിയുടെ ഭാഗമാണെന്ന് ന്യായമായും സംശയിക്കാവുന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. നല്ല മെയ്‌വഴക്കത്തോടെ, എതിര്‍പ്പുകള്‍ കാര്യമാക്കാതെ ധാര്‍ഷ്ട്യത്തോടെ മുന്നോട്ടു പോകുന്നതു കാണുമ്പോള്‍ പ്രഫുല്‍ പട്ടേല്‍ കേവലം ടൂള്‍ ആണെന്നും നീക്കങ്ങള്‍ സംഘ് പരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും വ്യക്തമാവുകയാണ്.
ഇതിനെ ന്യായീകരിച്ച് കേരളത്തിലും പുറത്തും സംഘ് പരിവാര്‍ അനുകൂലികള്‍ പടച്ചുവിടുന്ന നുണക്കഥകളും പതിവു പല്ലവികളും, വികസനത്തിന്റെ പട്ടുവസ്ത്രം പുതപ്പിച്ച് ബി.ജെ.പി ഇന്ത്യയില്‍ നടപ്പിലാക്കി വരുന്ന ചങ്ങാത്ത മുതലാളിത്ത, വര്‍ഗീയ ധ്രുവീകരണ നയത്തിന്റെ തുടര്‍ച്ചയാണെന്ന് കൃത്യമായി തെളിയിക്കുകയാണ്. അവിടെ ലഹരികടത്ത് വ്യാപകമാണത്രെ, കള്ളക്കടത്ത് നടക്കുന്നുണ്ടത്രെ. ഇതിന് തെളിവായി പറയുന്നത് പാകിസ്താനില്‍നിന്ന് ശ്രീലങ്കയിലേക്ക് പോവുകയായിരുന്ന ഒരു കള്ളക്കടത്ത് ബോട്ട് പിടിച്ച കഥയാണ്. അതിന് ദ്വീപുമായി ഒരു ബന്ധവുമില്ലെന്ന് മാത്രമല്ല, പിടിക്കപ്പെട്ടവരെല്ലാം ശ്രീലങ്കന്‍ പൗരന്മാരായിരുന്നു. എന്നിട്ടും അതിനെ ലക്ഷദ്വീപിലേക്ക് ചേര്‍ത്തു വെച്ച് അന്നാട്ടുകാരെ അപമാനിക്കാനാണ് ശ്രമം. ആടിനെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാന്‍ വകുപ്പുണ്ടാക്കുന്ന പഴയ വിദ്യയില്ലേ? അതാണ് ലക്ഷദ്വീപിലും പ്രയോഗിച്ചു വരുന്നത്.
ഗൂഢനീക്കങ്ങള്‍ വേറെയും
കണ്ടതിലപ്പുറം വേറെയും ചില നിഗൂഢപദ്ധതികള്‍ അണിയറയില്‍ തയാറായി വരുന്നതായി അഭിജ്ഞ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കേരളവുമായുള്ള ദ്വീപിന്റെ സാംസ്‌കാരിക - വാണിജ്യ ബന്ധങ്ങള്‍ ക്രമേണ അറുത്തുമാറ്റി ദ്വീപുകാര്‍ കര്‍ണാടകയെ ആശ്രയിക്കുന്ന നിലയിലേക്ക് മാറ്റിക്കൊണ്ടു വരാനുളള ആലോചനകള്‍ നടക്കുന്നുണ്ടത്രെ. ദ്വീപുകാരുടെ ബന്ധങ്ങള്‍ സംഘ് പരിവാര്‍ ഭരിക്കുന്ന സംസ്ഥാനവുമായിട്ടാകുമ്പോള്‍ തങ്ങളുടെ ചൊല്‍പ്പടിയില്‍ അവരെ ഒതുക്കാം എന്നതിനു പുറമെ, ദ്വീപുകാരുടെ കയറ്റിറക്കുമതികള്‍ മംഗലാപുരം തുറമുഖം മുഖേനയാക്കുന്നതോടെ ഈയിടെയായി സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി അവിടത്തെ കാര്‍ഗോ ചരക്കുനീക്കങ്ങളുടെ നിയന്ത്രണം സ്വന്തമാക്കിയ ഉത്തരേന്ത്യന്‍ വന്‍കിട കമ്പനിക്ക് അതിന്റെ നേട്ടങ്ങള്‍ ലഭ്യമാവണമെന്ന ലക്ഷ്യവും മുന്നിലുണ്ടാകാം.
പുറത്തു കേള്‍ക്കുന്നതെല്ലാം കുപ്രചാരണമാണെന്നും ദ്വീപില്‍ അങ്ങനെ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും അവരെല്ലാം പുതിയ ഭരണമേധാവിയെ സന്തോഷപൂര്‍വം സ്വാഗതം ചെയ്യുകയാണെന്നും പറഞ്ഞ് കണ്ണടച്ചിരുട്ടാക്കാന്‍ ശ്രമിക്കുകയാണ് അവിടത്തെ അധികൃതരും സംഘ്ഭക്തരും. എന്നാല്‍ ദ്വീപുകാര്‍ ഒറ്റക്കെട്ടായി പുതിയ നീക്കങ്ങളെ എതിര്‍ക്കുകയാണെന്നതാണ് സത്യം. ഇതിനായി ഒത്തുകൂടിയ സര്‍വകക്ഷി യോഗങ്ങളില്‍ അവിടത്തെ ബി.ജെ.പി നേതാക്കളടക്കം സംബന്ധിക്കുന്നുണ്ട്. പല ബി.ജെ.പി നേതാക്കളും പുതിയ നടപടികളില്‍ പ്രതിഷേധിച്ച് രാജിവെച്ച വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്.
അവിടത്തെ എം.പിയും ജില്ലാ പഞ്ചായത്ത് സമിതിയും പ്രദേശത്തെ സാംസ്‌കാരിക- വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖരുമെല്ലാം പ്രതിഷേധവുമായി രംഗത്തുണ്ട്. ദ്വീപുനിവാസികളെ മത തീവ്രവാദികളും രാജ്യദ്രോഹികളുമാക്കി ചിത്രീകരിച്ച് നടപടികളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നവര്‍ ഹിന്ദുത്വവാദികളല്ലാത്തവരെയെല്ലാം രാജ്യദ്രോഹികളായി കാണുന്ന പ്രത്യേക രോഗത്തിന് അടിപ്പെട്ടവരാണ്. നാളെ ഇന്ത്യയില്‍ ആരുടെ മേലും ചാര്‍ത്താവുന്ന ഇരുതല മൂര്‍ച്ചയുള്ള വാളാണത്. തങ്ങളെ മാത്രം രാജ്യസ്‌നേഹികളും തങ്ങളെ എതിര്‍ക്കുന്നവരെല്ലാം രാജ്യദ്രോഹികളുമായി കാണുന്ന ഈ മഹാരോഗത്തിന്റെ ഫലപ്രദമായ ചികിത്സയിലാണ് ഇന്ത്യയുടെ ഭദ്രമായ ഭാവി നിലകൊള്ളുന്നത്.
Comments