Prabodhanm Weekly

Pages

Search

2021 മെയ് 14

3202

1442 ശവ്വാല്‍ 02

ചാട്ടുളി

ഫൈസല്‍ കൊച്ചി

എന്തിനാണ് യജമാനന്‍ ഇങ്ങനെ വിളിച്ചുകൂവുന്നത്. പടച്ചട്ട ഇന്നലെ തന്നെ തയാറാക്കിയിരുന്നു. വാളുകള്‍ തീയിലിട്ട് പൊള്ളിച്ചു തിളക്കം കൂട്ടിയിട്ടുണ്ട്. ഉറക്കമൊഴിച്ചാണ് ഒട്ടകത്തെ തീറ്റിയതും സുന്ദരിയാക്കിയതും. എന്നാലും എന്തെങ്കിലും കുറവുകളുണ്ടായിക്കാണും. യജമാനന്മാര്‍ക്ക് അങ്ങിനെയല്ലേ, നാമെന്തു നന്നായി ചെയ്താലും. ഇപ്പോള്‍ പിടികൊടുക്കേണ്ട. ആള്  ചൂടിലാണെങ്കില്‍ മുഖം പൊള്ളും. ശരീരം കറുത്തതായതിനാല്‍ അടിയുടെ അടയാളങ്ങളൊന്നും ആരും കാണില്ല. അടിമയാകാന്‍ പറ്റിയ പടപ്പുകളാണ് കറുത്തവര്‍. മണല്‍ക്കൂനകളുടെ മറയിലേക്ക് മാറിയിരുന്നു.
വഹ്ശീ, നിന്നെ ഞാന്‍ സ്വതന്ത്രനാക്കുകയാണ്. നീ എവിടെയാണ് വേഗം ഹൈമയിലേക്ക് വരൂ.
എനിക്ക് എന്നെ തന്നെ വിശ്വസിക്കാനാകുന്നില്ല. ഞാനുറക്കത്തിലാണോ. സൂര്യന്‍ തലക്കു മുകളിലുണ്ട്. ചെറുമൂളലോടെ മണല്‍ക്കാറ്റ് വീശുന്നുണ്ട്. ഞാന്‍ ഹൈമയിലേക്ക് പാഞ്ഞു. യജമാനന്‍ പടച്ചട്ടയണിഞ്ഞ് ഒട്ടകപ്പുറത്ത് കയറാനുള്ള തിടുക്കത്തിലാണ്. 
നോക്കൂ വഹ്ശീ, ഞങ്ങള്‍ ഉഹുദിലേക്ക് പുറപ്പെടുകയാണ്. നീയും സൈന്യത്തോടൊപ്പം ചേരണം. എന്റെ ചോരയില്‍പെട്ട  തുഹൈമയെ ബദ്‌റില്‍ വധിച്ചതിന് പ്രതികാരമായി നീ ഹംസയെ നേരിടണം. ഹംസയെ ഇല്ലാതാക്കിയാല്‍ അടുത്ത നിമിഷം നീ ജുബൈര്‍ബ്‌നു മുത്വ്ഇമിന്റെ അടിമയല്ല. ഒട്ടകം മെല്ലെ നടന്നു തുടങ്ങി. 
ഇന്നലെ രാത്രി യജമാനന്മാരുടെ മജ്‌ലിസില്‍ കുറേ പേരുണ്ടായിരുന്നു. വൈകിയാണ് ഇക്‌രിമത്തുബ്‌നു അബീജഹ്ല്‍ പോയത്. അവരുടെ ഭംഗിയുള്ള ഒട്ടകം ഒറ്റപ്പെട്ടുനില്‍പ്പുണ്ടായിരുന്നു.
ഹംസയെ ആര്‍ക്കും നേര്‍ക്കനേരേ തോല്‍പ്പിക്കാനാകില്ല. പിന്നില്‍നിന്ന് വീഴ്ത്തണം. അതായിരിക്കാം അവര്‍ ഈ ചാട്ടുളിയെ തേടി വന്നത്. അപ്പോഴേക്കും തീ കത്തിച്ച് ചാട്ടുളി മൂര്‍ച്ചയാക്കിത്തുടങ്ങിയിരുന്നു ഞാന്‍. അബ്‌സീനിയയില്‍നിന്നും ഹിജാസിലേക്കും അവിടെനിന്ന് ആകാശങ്ങളിലേക്കും മനസ്സ് അറിയാതെ പറന്നു. 
വഴിക്കു വെച്ച് ഹിന്ദിനെ കണ്ടുമുട്ടി. വലിയ സ്‌നേഹമായിരുന്നു. മരുഭൂമിയില്‍ ആദ്യമായി ഒരടിമക്കു വേണ്ടി സുപ്ര വിരിച്ചു. വെള്ളവും കാരക്കയും ഖഹ്‌വയും റൊട്ടിയും മാസംവും. യാത്ര പറഞ്ഞിറങ്ങവെ അവര്‍ ചെവിയില്‍ പറഞ്ഞത് വിശ്വസിക്കാനായില്ല. അവരുടെ വിലപിടിപ്പുള്ള ആഭരണങ്ങള്‍ എനിക്ക് സമ്മാനിക്കാന്‍ അവര്‍ കാത്തിരിക്കുകയാണെന്ന്.അബൂസുഫ്‌യാന്‍ എന്നെ നോക്കി തലകുലുക്കി. 
മിന്നല്‍ വേഗതയിലാണ് ഉഹുദിലേക്ക് പാഞ്ഞത്. യുദ്ധകാഹളം മുഴങ്ങിയിരുന്നു. പൊടിപുരണ്ട ഒട്ടകത്തെപ്പോലെ ഹംസ. ഇതു തന്നെ അവസരം. പാറയുടെ മറവിലേക്ക് മറഞ്ഞിരുന്നു ചാട്ടുളി ചുഴറ്റി. പ്രതീക്ഷിച്ചതുപോലെ ഹംസയുടെ നാഭിയില്‍ അത് തുളഞ്ഞുകയറി. അല്‍പ്പനേരം ഞാനവിടെയിരുന്നു. പിന്നീട് ഹൈമയിലേക്ക് പോന്നു.
ജുബൈറും ഹിന്ദും വാക്കു പാലിച്ചു. കറുത്തവന്റെ സ്വാതന്ത്ര്യം ആസ്വദിച്ചു മക്കയില്‍ തന്നെ കഴിഞ്ഞു. കാലങ്ങള്‍ നീങ്ങവെ ഒരു റമദാന്‍ ഇരുപതിന് മക്ക പ്രവാചകനു  കീഴ്‌പ്പെട്ടതായി അറിയാന്‍ കഴിഞ്ഞു. വാര്‍ത്ത കേട്ടയുടന്‍ ഞാന്‍ ത്വാഇഫിലേക്ക് നാടുകടന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ത്വാഇഫിലേക്കും പ്രവാചകന്‍ വരുമെന്നറിഞ്ഞു. ശാമിലേക്കോ യമനിലേക്കോ കടന്നുകളയാന്‍ തീരുമാനിച്ചു. അപ്പോഴാണ് ഒരു കൂട്ടുകാരന്‍ എന്നോട്ട് പറഞ്ഞത്. 
വഹ്ശീ... പ്രവാചകനെ നമുക്ക് ഒളിച്ചോടി തോല്‍പ്പിക്കാനാവില്ല.
''പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയതവരൊഴികെ. അത്തരക്കാര്‍ക്ക് അല്ലാഹു തങ്ങളുടെ തിന്മകള്‍ക്കു പകരം നന്മകള്‍ മാറ്റികൊടുക്കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (ഖുര്‍ആന്‍ 25:70).
മുഖം മറച്ചാണ് മദീനയെ ലക്ഷ്യമാക്കി യാത്ര തിരിച്ചത്. പള്ളിയിലെത്തിയതും അംഗശുദ്ധി വരുത്തി തിരുവചനം മൊഴിഞ്ഞു. വിവരമറിഞ്ഞ് പ്രവാചകന്‍ അടുത്തെത്തി. 
നീയാണോ എന്റെ ഹംസയെ കൊന്ന വഹ്ശി. നേര്‍ക്കുനേരേ ഒരാള്‍ക്കും അല്ലാഹുവിന്റെ സിംഹത്തെ വകവരുത്താനാവില്ല. ആ സംഭവമൊന്ന് വിവരിക്കാമോ?
പതുങ്ങിയ ശബ്ദത്തില്‍ പറഞ്ഞു തീര്‍ന്നതും റസൂലിന്റെ കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരുന്നു. 
വഹ്ശി എനിക്കൊരപേക്ഷയുണ്ട്. നീ എന്നില്‍നിന്നും കഴിവതും മറഞ്ഞുനില്‍ക്കാമോ?
അന്നുമുതല്‍ റസൂലിന്റെ വഫാത്ത് വരെ അവിടുത്തെ ദൃഷ്ടിയില്‍ പെടാതെയാണ് കഴിഞ്ഞുപോന്നത്. പാറമടക്കുകള്‍ക്കിടയിലിരുന്ന് റസൂലിനെ നോക്കും. നമസ്‌കാരത്തില്‍ അവസാനത്തെ സ്വഫ്ഫില്‍ സ്ഥാനം പിടിക്കും. സലാം വീട്ടിയാല്‍ ഉടന്‍ എഴുന്നേറ്റ് മാറിനില്‍ക്കും. റസൂല്‍ സംസാരിക്കുമ്പോള്‍ സഹാബാക്കളുടെ പിന്നിലായി വന്നിരിക്കും. അവിടുത്തെ മനസ്സ് വേദനിക്കുന്നത് കാണാനുള്ള ത്രാണിയില്ലായിരുന്നു. മദീനയില്‍നിന്ന് മാറിത്താമസിക്കുകയും ചെയ്തു. 
രക്തസാക്ഷികളുടെ നേതാവായ ഹംസയെ ഉഹുദില്‍ ചെന്നു സന്ദര്‍ശിക്കും. അല്ലാഹുവിനോട് മാപ്പിരക്കും. റസൂലിന്റെ വഫാത്തിനുശേഷം മദീനയില്‍ ചെന്ന് ആരും കാണാതെ നബിയോട് സലാം ചൊല്ലും. ജന്നത്തുല്‍ ബഖീഇല്‍ അല്‍പ്പസമയം ചെലവഴിക്കും. സ്വതന്ത്രനായെങ്കിലും ഭൂമി ചെറുതായതുപോലെ തോന്നും. മനസ്സില്‍ വലിയൊരു ഭാരം. ശരീരത്തില്‍ വേദനിക്കുന്ന ഒരു മുറിവ്.
ആയിടക്കാണ് ഒരു കള്ളപ്രവാചകന്റെ ശല്യത്തെ കുറിച്ച് മദീനയില്‍ വാര്‍ത്ത പ്രചരിക്കുന്നത്. നിജഃസ്ഥിതി അറിയാനുള്ള നെട്ടോട്ടത്തിലായി പിന്നെ ഞാന്‍.
അപ്പോഴേക്കും സിദ്ദീഖുല്‍ അക്ബറിന്റെ നേതൃത്വത്തില്‍ യമാമയിലേക്ക് സൈന്യം നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഓടിയോടി ഞാന്‍ അവസാനത്തെ വരിയില്‍ പങ്കുചേര്‍ന്നു. തീയില്‍ പഴുപ്പിച്ച് മൂര്‍ച്ച കൂട്ടിയ ചാട്ടുളി അരയില്‍ കരുതിവെച്ചിരുന്നു. കടുത്ത പരീക്ഷണമായിരുന്നു. വാള്‍ത്തലകള്‍ തമ്മില്‍ കൂട്ടിമുട്ടി തീപ്പൊരി പാറുന്നുണ്ടായിരുന്നു. ഞാന്‍ പരതുന്നത് മുസൈലിമ എന്ന കള്ള പ്രവാചകനെയായിരുന്നു. എന്റെ തൊട്ടടുത്തായി മദീനയില്‍നിന്നുള്ള ഒരു ചെറുപ്പക്കാരന്‍ നില്‍ക്കുന്നുണ്ട്. അവനും മുസൈലിമയെ തെരയുകയായിരുന്നുവെന്ന് എനിക്ക് മനസ്സിലായി. നിര്‍ണായക സമയത്ത് തന്നെ ചാട്ടുളി വലിച്ചെറിഞ്ഞു. ഉന്നം പിഴിച്ചില്ല. ഉടനെത്തന്നെ മദീനക്കാരന്റെ വാള്‍ പ്രയോഗവും. മദീനയെയും ഇസ്‌ലാമിനെയും വെല്ലുവിളിച്ച  മുസൈലിമ മൂക്കുകുത്തി വീണു. ആരാണ് കൃത്യം നിര്‍വ്വഹിച്ചത്? അല്ലാഹുവിനറിയാം.
മുറിവേറ്റവരെ പരിചരിക്കുന്ന ഒരു സ്ത്രീ വിളിച്ചുപറയുന്നത് കേട്ടപ്പോഴാണ് മുഖമുയര്‍ത്തിയത്.
ആ നീഗ്രോ അടിമ മുസൈലിമയെ വധിച്ചിരിക്കുന്നു.
ഭാഗ്യം. ആര്‍ക്കും ആരാണ് ചെയ്തതെന്ന് മനസ്സിലായിട്ടില്ല. അങ്ങിനെ അല്ലാഹുവിനെ കണ്ടുമുട്ടാനാണ് ആഗ്രഹിക്കുന്നത്. മനസ്സ് ഇപ്പോഴാണ് സ്വതന്ത്രമായത്. ഈ ചാട്ടുളി അജ്ഞാതകാലത്ത് പ്രവാചകന്റെ മിത്രത്തിന്റെ ജീവനെടുത്തു. ഇപ്പോഴിതാ പ്രവാചകന്റെ ശത്രുവിന്റെയും. പ്രായശ്ചിത്തമായി അല്ലാഹു ഇത് സ്വീകരിച്ചിരുന്നുവെങ്കില്‍. പ്രാര്‍ഥനയായിരുന്നു മനസ്സ് നിറയെ.
''പറയുക; സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. അവന്‍ തന്നെയാണ് ഏറെ പൊറുക്കുന്നവവും കരുണാനിധിയും'' (ഖുര്‍ആന്‍ 39:53).
യമാമയില്‍നിന്ന് ഞാന്‍ മദീനയില്‍ ചെന്നു റസൂലിനെ കണ്ടു. ഉഹുദില്‍ ഹംസയെയും. രണ്ടു പേരോടും വിവരം പറഞ്ഞു. റസൂലിന്റെ ഉത്തരവുള്ളതിനാല്‍ മദീനയില്‍ തങ്ങിയില്ല. ഹിമ്മസിലേക്ക് തിരിച്ചുപോന്നു. 
അന്നു രാത്രി റസൂല്‍ എന്റെയടുത്തു വന്നു. ഞാന്‍ ആ മുഖം മതിവരുവോളം നോക്കി. അവിടുത്തെ തിരുമുഖം എന്റെ മുഖത്തുരുമ്മി നിന്നു. അന്നെനിക്ക് പെരുന്നാളായിരുന്നു. മദീനയിലപ്പോള്‍ വിജയത്തിന്റെ തക്ബീര്‍ മുഴങ്ങുകയായിരുന്നു.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (04-11)
ടി.കെ ഉബൈദ്‌