Prabodhanm Weekly

Pages

Search

2021 മെയ് 14

3202

1442 ശവ്വാല്‍ 02

ജനത്തെ മഹാമാരിക്ക് എറിഞ്ഞു കൊടുക്കുന്ന ഭരണാധികാരികള്‍ 

കൊറോണ വൈറസിന്റെ രണ്ടാം തരംഗം ഇന്ത്യന്‍ നഗരങ്ങളെയും ഗ്രാമങ്ങളെയും അക്ഷരാര്‍ഥത്തില്‍ പിടിച്ചുകുലുക്കുകയാണ്. എവിടെയും ഭീതി നിറഞ്ഞ അന്തരീക്ഷം. ഹോസ്പിറ്റലുകള്‍ക്കു മുന്നില്‍ ഓക്‌സിജന്‍ സിലിണ്ടറുകളും മറ്റു അവശ്യ ജീവന്‍ രക്ഷാ ഉപകരണങ്ങളും കിട്ടാതെ രോഗികള്‍ പിടഞ്ഞു മരിക്കുന്നു. രണ്ടാം തരംഗത്തിന്റെ തുടക്കത്തില്‍ ദല്‍ഹിയിലും മറ്റും രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചപ്പോള്‍ അത് വലിയ വാര്‍ത്തയായിരുന്നു. അത്തരം റിപ്പോര്‍ട്ടുകള്‍ കര്‍ണാടകയില്‍നിന്ന് രണ്ട് ദിവസം തുടര്‍ച്ചയായി വന്നിരുന്നുവെങ്കിലും അപ്പോഴേക്കും സാധാരണ സംഭവം എന്ന പോലെ അതിന് വാര്‍ത്താ പ്രാധാന്യം പോലും നഷ്ടമായിക്കഴിഞ്ഞിരുന്നു. ഭരണകൂടങ്ങളെയും ഇത് കാര്യമായി അലട്ടുന്നുണ്ടോ എന്ന കാര്യവും സംശയമാണ്.
എന്തുകൊണ്ട് ഭരണകൂടങ്ങളെ അലട്ടുന്നില്ല? ഇത് എല്ലാ ഭരണകൂടങ്ങള്‍ക്കും ബാധകമായ ഒരു പ്രസ്താവമല്ല. വൈറസിന്റെ ഒന്നാം വരവില്‍ ഇറ്റലി, ഫ്രാന്‍സ്, ബ്രിട്ടന്‍ പോലുള്ള സമ്പന്ന വികസിത രാജ്യങ്ങള്‍ പോലും ആകെ പകച്ചുപോയിരുന്നു. പിന്നെയവര്‍ രോഗബാധ നിയന്ത്രണവിധേയമാക്കുകയും വേണ്ട മുന്‍കരുതലുകളെടുത്ത് അതിന്റെ രണ്ടാം വരവിനെ ഏറക്കുറെ ഫലപ്രദമായി ചെറുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഒരു വര്‍ഷത്തിലധികം സാവകാശം ലഭിച്ചിട്ടും മുന്‍കരുതലുകളെടുക്കാതെ ജനങ്ങളെ മഹാമാരിക്ക് എറിഞ്ഞുകൊടുത്ത രാഷ്ട്രങ്ങളെ പരിശോധിക്കുമ്പോള്‍  മൂന്ന് പ്രമുഖ രാഷ്ട്രങ്ങള്‍ ആ ലിസ്റ്റില്‍ തലപ്പത്തു വരും - അമേരിക്ക, ബ്രസീല്‍, ഇന്ത്യ. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് അമേരിക്ക. ശാസ്ത്ര, സാങ്കേതിക മേഖലകളിലും ബഹുദൂരം മുന്നില്‍. ബ്രസീലും ഇന്ത്യയും ഏതു പ്രതിസന്ധിയെയും നേരിടാന്‍ കെല്‍പ്പുള്ള രാഷ്ട്രങ്ങള്‍ തന്നെ. എന്നിട്ടും ഈ മൂന്ന് വന്‍ രാഷ്ട്രങ്ങള്‍ എന്തുകൊണ്ട് മഹാമാരിയെ ചെറുക്കുന്നതില്‍ വന്‍ പരാജയമായി എന്നതിന് ഒറ്റ ഉത്തരമേയുള്ളൂ; ഈ മൂന്നു നാടുകളിലെയും തീവ്ര വലതുപക്ഷ പോപ്പുലിസ്റ്റ് ഭരണകൂടങ്ങള്‍. മഹാമാരി പൊട്ടിപ്പുറപ്പെടുമ്പോള്‍ അമേരിക്കയില്‍ തീവ്ര വലതുപക്ഷത്തിന്റെയും വെള്ളവംശീയതയുടെയും വക്താവ് ഡൊണാള്‍ഡ് ട്രംപ് ആയിരുന്നല്ലോ പ്രസിഡന്റ്. കോവിഡ് ബാധിതനായിട്ടു പോലും മുഖാവരണം ഉള്‍പ്പെടെയുള്ള സകല മുന്‍കരുതല്‍ നടപടികളെയും പുഛിക്കുകയും പരിഹസിക്കുകയുമായിരുന്നല്ലോ അയാള്‍. ഭരണം മാറിയിട്ടും പ്രതിരോധ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടും ഏറ്റവും കൂടുതല്‍ വൈറസ് ബാധയേല്‍ക്കുന്ന രാഷ്ട്രങ്ങളുടെ മുന്‍പന്തിയില്‍ തന്നെയാണ് ഇന്നും അമേരിക്ക. ട്രംപിന്റെ പുനരവതാരമാണ് എല്ലാ അര്‍ഥത്തിലും ബ്രസീല്‍ പ്രസിഡന്റും തീവ്ര വലതുപക്ഷത്തിന്റെ വക്താവുമായ ബൊല്‍സൊനാരയും. ബ്രസീലില്‍  കോവിഡ് ബാധിച്ച് രണ്ടര ലക്ഷം പേര്‍ മരണത്തിന് കീഴടങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോഴും സാമൂഹിക അകലം പാലിക്കുന്നതിനെ നഖശിഖാന്തം എതിര്‍ത്തു കൊണ്ടിരിക്കുകയാണ് ഈ പ്രസിഡന്റ്. എല്ലാം തുറന്നിട്ടാല്‍ കോവിഡ് താനേ കൂടൊഴിഞ്ഞുപോവുമത്രെ.
മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ തീവ്ര വലതുപക്ഷ ഭരണകൂടം മുന്‍കരുതലുകളെ തള്ളിപ്പറയുന്നില്ലെങ്കിലും, പ്രായോഗികമായി ഒരു മുന്‍കരുതലും എടുത്തിരുന്നില്ലെന്ന് ഇപ്പോള്‍ വ്യക്തമായിക്കഴിഞ്ഞു. ഓക്‌സിജന്‍ സിലിണ്ടറുകളും വാക്‌സിനും വേണ്ടത്ര ഒരുക്കിവെക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്നിട്ടും അതിനൊന്നും പുല്ലുവില കല്‍പ്പിക്കാതെ നാലു കാശിനും പുറം ലോക പ്രശസ്തിക്കും വേണ്ടി അതില്‍ വലിയൊരു ഭാഗവും കയറ്റിയയക്കുകയായിരുന്നു. 'കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ ലോക രാഷ്ട്രങ്ങള്‍ക്ക് മാതൃക' പോലുള്ള വാചകമടികള്‍ക്ക് ഒരു കുറവും ഉണ്ടായതുമില്ല. തന്റെ ഇമേജ് പൊലിപ്പിക്കാനും തെരഞ്ഞെടുപ്പ് വിജയിക്കാനുമുള്ള അവകാശവാദം എന്നതില്‍ കവിഞ്ഞ് അതില്‍ ജനങ്ങളുടെ ജീവനെ പ്രതി യാതൊരു കരുതലും ഉണ്ടായിരുന്നില്ലെന്ന് ഇന്ന് നാം തിരിച്ചറിയുന്നു. മോദിയെയും ട്രംപിനെയും ബൊല്‍സൊനാരെയെയും പോലുള്ള, പോപ്പുലിസത്തിലും തീവ്രവംശീയതയിലും അഭിരമിക്കുന്ന ഭരണാധികാരികള്‍ക്ക് ജനക്ഷേമത്തിലോ അവരുടെ ജീവന്‍ സംരക്ഷിക്കുന്നതിലോ അല്ല താല്‍പ്പര്യമെന്ന് അവരുടെ ഓരോ നീക്കവും വിളിച്ചു പറയുന്നുണ്ട്. അവരുടെ മുന്നില്‍ വ്യക്തി - പാര്‍ട്ടി താല്‍പ്പര്യങ്ങളേയുള്ളൂ. കോവിഡ് മാനദണ്ഡങ്ങളെ മുഴുവന്‍ കാറ്റില്‍ പറത്തിയായിരുന്നല്ലോ ട്രംപ് അമേരിക്കയിലും മോദി ഇവിടെ ബംഗാളിലും തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ നടത്തിയത്. ഇത്തരം ഭരണാധികാരികള്‍ തങ്ങളെ സംരക്ഷിച്ചുകൊള്ളും എന്ന് ജനം കരുതുന്നുണ്ടെങ്കില്‍ അതവരുടെ മൗഢ്യം എന്നേ പറയാനുള്ളൂ.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (04-11)
ടി.കെ ഉബൈദ്‌