Prabodhanm Weekly

Pages

Search

2021 മെയ് 14

3202

1442 ശവ്വാല്‍ 02

ഒരു ജീവന്റെ വില

മുഹമ്മദ് ശമീം

(യുദ്ധവും സമാധാനവും -2)

നന്മതിന്മകള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ആഖ്യാനമാണ് ചരിത്രം എന്നു പറഞ്ഞല്ലോ. ഈ സംഘര്‍ഷത്തിന്റെ ആരംഭവുമായി ബന്ധപ്പെട്ട് ഖുര്‍ആനില്‍ സൂറഃ അല്‍ മാഇദയില്‍ ഒരു സംഭവം പറയുന്നുണ്ട്. ആദം പുത്രന്മാര്‍ രണ്ടു പേര്‍ എന്നാണ് കഥാപാത്രങ്ങളെക്കുറിച്ച വിശേഷണം. ആദം എന്നാല്‍ മനുഷ്യന്‍ എന്നര്‍ഥം. ഭൂമിയില്‍ നാഗരികജീവിതത്തിന് തുടക്കമിട്ട ആദ്യ മനുഷ്യവ്യക്തിയെയും ഖുര്‍ആന്‍ ആദം എന്ന് വിളിക്കുന്നു. എന്തായാലും ആദം പുത്രന്മാര്‍ എന്നതിനപ്പുറം ഈ കഥാപാത്രങ്ങളുടെ പേരും നാളും കുറിയുമൊന്നും വേദഗ്രന്ഥത്തിലില്ല. രണ്ട് സഹോദരങ്ങള്‍ എന്ന രീതിയിലുള്ള ആഖ്യാനം. പേരിനേക്കാള്‍ പൊരുളിനാണല്ലോ പ്രാധാന്യം. 
കഥയുടെ ക്ലൈമാക്‌സില്‍ ഒരാള്‍ മറ്റൊരാളെ കൊന്നുകളഞ്ഞു. രണ്ടു പേരും ബലിയര്‍പ്പിച്ചതായും അതില്‍ ഒരാളുടെ അര്‍പ്പണം അല്ലാഹു സ്വീകരിച്ചതായും മറ്റേയാള്‍ തിരസ്‌കരിക്കപ്പെട്ടതായും പറയുന്നതൊഴിച്ചാല്‍ അവര്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ മൗലിക കാരണമെന്തായിരുന്നു എന്ന് ഖുര്‍ആനിലോ ഹദീസുകളിലോ പറയുന്നില്ല. അല്‍പം മിത്തീകരിച്ചുകൊണ്ട് ഇതേ കഥ കുറേക്കൂടി വിശദമായി പറയുന്നുണ്ട് ബൈബിളില്‍. ബൈബിള്‍ വിവരണപ്രകാരം മൂത്തയാളിന്റെ പേര് കയേന്‍ എന്നാണ്. രണ്ടാമന്‍ ആബേലും. നോദ് എന്ന ആദിമസമൂഹത്തിലെ ഒരു സ്ത്രീയുടെ ഭര്‍ത്താവാണ് കയേന്‍. മൂത്തയാള്‍ എന്ന നിലക്ക് തന്റെ അധികാരവും പദവിയും സ്ഥാപിക്കുക എന്നത് കയേന്റെ താല്‍പര്യമായിരുന്നു. എന്തൊക്കെയായാലും ആദിമദശയില്‍തന്നെ വലിയ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ മനുഷ്യന് പ്രേരകമായത് നീത്ഷ്‌ചേ പറഞ്ഞ ആ ഇഛ തന്നെയാണെന്ന് കരുതണം, വില്‍ റ്റു പവര്‍, അധികാരേഛ. 
തന്റെ ധാര്‍മിക വിശുദ്ധിയാല്‍ അനിയന്‍ ആബേല്‍ നേടിയ സ്വാധീനമാവാം അയാളെ അസ്വസ്ഥനാക്കിയത്. ആബേല്‍ പുരസ്‌കൃതനും കയേന്‍ തിരസ്‌കൃതനും ആവുന്നതിന്റെ കാരണങ്ങള്‍ കയേന്റെ ഈ പെരുമാറ്റത്തിലും അസ്വാസ്ഥ്യത്തിലും തന്നെ കാണാം. 
നിന്നെ ഞാന്‍ കൊല്ലും എന്ന് ചേട്ടന്‍ അനിയനോട്. വിശുദ്ധിയുള്ളവരില്‍നിന്നല്ലേ ദൈവം ബലി സ്വീകരിക്കുക എന്ന് അനിയന്‍. വിശുദ്ധിയുടെ വഴി ആര്‍ക്കും തടയപ്പെട്ടിട്ടൊന്നുമില്ലെന്നും തനിക്ക് മറ്റെന്തെങ്കിലും സവിശേഷതയുള്ളതുകൊണ്ടൊന്നുമല്ല താന്‍ സ്വീകാര്യനായത് എന്നും അനിയന്‍. 
നീ കൊല ചെയ്യാന്‍ കൈയുയര്‍ത്തിയേക്കാം, എന്നാല്‍ ഞാന്‍ നിന്റെ നേരെ കൈയുയര്‍ത്തില്ല എന്ന് അനിയന്‍ തന്റെ നയം പ്രഖ്യാപിച്ചു. കരുത്തില്ലാത്തതുകൊണ്ടൊന്നുമല്ല അത്. തന്റെ നിലപാടിന് കാരണം അനിയന്‍ തന്നെ വ്യക്തമാക്കുന്നു: 'ഞാന്‍ ജനതകളുടെ ഉടയോനെ അറിയുന്നു, അവന്റെ അനിഷ്ടത്തെ ഭയപ്പെടുന്നു'. അതായത്, അല്ലാഹുവിന്റെ അനിഷ്ടത്തെ ഭയക്കുന്നവന്‍ മനുഷ്യജീവനെ ആദരിക്കുന്നു. ചെകുത്താന്‍ ബാധയേറ്റ കൊലയാളി കൊലപാതകകൃത്യം നിര്‍വഹിച്ചതായി വെളിപ്പെടുത്തിയ ശേഷം ഖുര്‍ആന്‍ മനുഷ്യജീവനുമായി ബന്ധപ്പെട്ട അതിന്റെ തത്ത്വം പ്രഖ്യാപിക്കുന്നു: ''അക്കാരണത്താല്‍, യിസ്രായേല്‍ മക്കളോട് നാം കല്‍പിച്ചിരുന്നു, ഒരു ജീവന് പകരമായോ ഭൂമിയില്‍ നാശം വിതച്ചതിന്റെ പേരിലോ (നിയമപ്രകാരമുള്ള ലോ ആന്‍ഡ് ഓഡര്‍ നടപടികള്‍) അല്ലാതെ ആരെങ്കിലുമൊരാള്‍ ഒരു ജീവനെ ഹനിച്ചാല്‍ അവന്‍ മനുഷ്യസമൂഹത്തിന്റെയഖിലം ഹന്താവാകുന്നു. ഇനിയൊരാള്‍ മറ്റൊരാള്‍ക്ക് ജീവനം നല്‍കിയാലോ, അയാള്‍ മുഴു മനുഷ്യസമൂഹത്തെയും ജീവിപ്പിച്ചവനുമത്രെ'' (അല്‍മാഇദ 32). 
സകല ഗണിതശാസ്ത്ര സമവാക്യങ്ങളെയും തകിടം മറിക്കുന്ന ഒന്നാകുന്നു ജീവന്, മനുഷ്യാസ്തിത്വത്തിന് ഖുര്‍ആന്‍ നല്‍കുന്ന പ്രാധാന്യം. അതായത്, ഒരു ജീവന്‍ സമം മുഴുവന്‍ മനുഷ്യസമൂഹം. ജീവന് വേദം നല്‍കുന്ന പ്രാധാന്യമാണിത്. ''എന്തൊരു പാതകമാണ് നീ ചെയ്തത്? നിന്റെ സഹോദരന്റെ രക്തമിതാ മണ്ണില്‍നിന്നും എന്നെ വിളിച്ച് കരയുന്നു. നിന്റെ കൈയില്‍നിന്ന് നിന്റെ സഹോദരന്റെ രക്തം കുടിക്കാന്‍ വാ പിളര്‍ന്ന ഈ മണ്ണില്‍ നീ ശപിക്കപ്പെട്ടവനായല്ലോ'' (ബൈബിള്‍, ഉല്‍പത്തി 4: 10-11). 
സമൂഹമായി മാറിയ മനുഷ്യന് ദൈവം നല്‍കുന്ന ആദ്യകല്‍പനയാണിത്. ജീവന് നല്‍കേണ്ടുന്ന ആദരവ്. ഈ സമവാക്യത്തിനപ്പുറം ഖുര്‍ആന്‍ വിവരിക്കുന്ന ഈ സംഭവം നല്‍കുന്ന ഒരു യുദ്ധവിരുദ്ധ സന്ദേശമുണ്ട്. അത് തിരിച്ചറിയണമെങ്കില്‍ രണ്ട് സഹോദരന്മാരുടെ കലഹം എന്ന നിലവിട്ട് അവരുടെ വര്‍ത്തമാനങ്ങളെ പരസ്പരവിരുദ്ധമായ രണ്ട് നിലപാടുകളായി എടുക്കണം. ആബേല്‍ എന്ന് ബൈബിള്‍ പേരു പറഞ്ഞ് വിളിക്കുന്ന കനിഷ്ഠ സഹോദരന്റെ നിലപാടിനാണ് ഖുര്‍ആന്റെ പിന്തുണ എന്ന് വ്യക്തമാകുന്നുണ്ട്. എന്റെ നേരെ നീ കൈയുയര്‍ത്തിയാലും ഞാനത് ചെയ്യില്ല എന്നതാണ് ആബേലിന്റെ നിലപാട്. ഇതു പക്ഷേ വിധേയത്വത്തിന്റെയും അടിമത്തത്തിന്റെയും നിലപാടല്ല. പ്രതിരോധിക്കാനും പോരാടാനും ആര്‍ക്കും അവകാശമുണ്ട്. അതേസമയം, കൊല്ലുന്നവരുടെയും ആക്രമിക്കുന്നവരുടെയും കൂട്ടത്തില്‍പെട്ടവനല്ല ഞാന്‍ എന്നേ ആബേല്‍ പറയുന്നുള്ളൂ. അതിന്റെ കാരണവും കൃത്യമാണ്. അതായത്, ഈ പാരബഌന്റെ ഗുണപാഠങ്ങള്‍ വ്യക്തമാണ്. അല്ലാഹുവിനെ സൂക്ഷിക്കുന്നവന്‍ ജീവഹത്യ നടത്തില്ല എന്നതാണ് അതില്‍ പ്രധാനം. രണ്ടാമതായി കൊല ഗുരുതരമാണെന്ന അല്ലാഹുവിന്റെ പ്രഖ്യാപനവും. അവിടെയാണ് മുകളില്‍ സൂചിപ്പിച്ച ഒന്ന് സമം അഖിലം എന്ന സമവാക്യവും പ്രവര്‍ത്തിക്കുന്നത്. 
അധികാരേഛയെ ഇസ്‌ലാം ഒരുകാലത്തും പിന്തുണച്ചിട്ടില്ല; നീത്ഷ്‌ചെയുടെ സിദ്ധാന്തം മനുഷ്യരില്‍ എത്ര തന്നെ പ്രവര്‍ത്തനക്ഷമമാണെങ്കിലും. ജീവിതത്തെയും ഭൗതികാനന്ദങ്ങളെയും ഒട്ടും നിഷേധാത്മകമായി സമീപിക്കാതിരിക്കുമ്പോഴും ഇപ്പറഞ്ഞ രണ്ടിന്റെയും പരിമിതികളെ ഓര്‍മിപ്പിക്കാനും അവയോടുള്ള അടിമത്തത്തില്‍നിന്ന് മുക്തരാകാനുമാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്. ആകയാല്‍ ജീവിതവിശകലനത്തില്‍ ഇഛകളുമായി ബന്ധപ്പെട്ട് മേല്‍ സൂചിപ്പിച്ച ടൂളുകള്‍ ഇസ്‌ലാമില്‍ അപ്രസക്തമാകുന്നു. സ്വാഭാവികമായും പ്രവാചകന്റെയും ഖുലഫാഉര്‍റാശിദുകളുടെയും പോരാട്ടങ്ങളെ അധികാരസ്ഥാപനത്തിനോ സാമ്രാജ്യ വിപുലീകരണത്തിനോ വേണ്ടിയുള്ള ശ്രമങ്ങളായി കാണാന്‍ പറ്റില്ല. നീതിക്കു വേണ്ടിയുള്ള സമരങ്ങളാണത്. ജീവന്‍ സമര്‍പ്പിക്കാനുള്ള സന്നദ്ധതയാണ് ഇത്തരം സമരങ്ങളില്‍ പങ്കു ചേരുന്നവരില്‍നിന്ന് ഇസ്‌ലാം ആവശ്യപ്പെടുന്നതും. ശസ്ത്രപ്രയോഗത്താല്‍ എതിരാളിയുടെ കഴുത്തുവെട്ടണം എന്ന് ഖുര്‍ആന്‍ പറയുന്നുണ്ടെന്നത് നേരാണ്. ദൈവിക നൈതികതയുടെ നിലനില്‍പിനു തന്നെ പ്രതിബന്ധം നില്‍ക്കുന്നവരോട് അത്രമേല്‍ കര്‍ക്കശമാവല്‍ അനിവാര്യമായതുകൊണ്ടാണ് അത്. എന്നു തന്നെയല്ല, അത്തരം അനിവാര്യതകളാണു താനും സായുധമായ സമരങ്ങള്‍ക്ക് ഇസ്‌ലാമിലുള്ള ഒരേയൊരു ന്യായം തന്നെ. 

ഹിംസയുടെ മൂലവും മൂലഛേദവും 

റൂട്‌സ് ഒഫ് വയലന്‍സ് എന്ന നിലക്ക് മാത്യു വൈറ്റ് കണ്ടെത്തുന്ന കാര്യങ്ങള്‍ക്കും ഇസ്‌ലാമില്‍ സ്ഥാനമൊന്നുമില്ലെന്നു കാണാം. അദ്ദേഹം അവതരിപ്പിക്കുന്ന റൂട്ടുകളെ വേണമെങ്കില്‍ നമുക്ക് നാലായി ഇനപ്പെടുത്താം; അധികാരം, അരാജകത്വം, വംശീയത, മതം എന്നിവയാണ് അവ. പിടിച്ചടക്കല്‍ (Conquest), അധിനിവേശ ചൂഷണം (Colonial Exploitation), അധിനിവേശ കലാപം (Colonial Revolt), അധികാരയുദ്ധം (War of Domination), സ്വേഛാധികാരി (Despot or Tyrant) എന്നിവ അധികാരത്തിന്റെ കാറ്റഗൊറിയില്‍പെടും. അരാജകത്വത്തിന്റെ ഇനത്തില്‍പെടുന്നത് രാഷ്ട്രത്തകര്‍ച്ച (Collapsed State), രാജാധികാരത്തര്‍ക്കം (Dynastic Dispute), ആഭ്യന്തര സംഘര്‍ഷം (Internal Clash) എന്നിവയാണ്. മതപരമായ മത്സരം (Religious Conflict), നരബലി (Human Sacrifice) എന്നിവ മതപരം എന്ന കോളത്തില്‍ വരുമ്പോള്‍ വംശീയതയുടെ ഇനത്തില്‍ വരുന്നത് വംശശുദ്ധീകരണം (Ethnic Cleansing) ആണ്. 
വംശീയചിന്തകളെ എല്ലാ അര്‍ഥത്തിലും നിഷിദ്ധമാക്കുന്ന തത്ത്വശാസ്ത്രമാണ് ഇസ്‌ലാം. മതപരമായി അതിന്റെ നിലപാടാകട്ടെ, ഒരു നിലക്കുള്ള ബലപ്രയോഗത്തെയും അനുവദിക്കുന്നുമില്ല. അവനവന്റെ ചിന്തയും തീര്‍പ്പുമനുസരിച്ച് തള്ളാനും കൊള്ളാനുമുള്ള അവകാശം പ്രവാചക പ്രബോധനത്തിന്റെ തന്നെ ഉള്ളടക്കമാണ്. ധാരാളമിടങ്ങളില്‍ ഖുര്‍ആന്‍ ഇക്കാര്യം ആവര്‍ത്തിക്കുന്നുമുണ്ട്. രാഷ്ട്ര, സാമൂഹിക സംഘാടനങ്ങളുടെ കാര്യത്തിലാണെങ്കില്‍ ഇസ്‌ലാം അംഗീകരിക്കുന്ന രീതി അധികാരത്തിന്റേതല്ല, മറിച്ച് നേതൃത്വത്തിന്റേതും ഉത്തരവാദിത്തത്തിന്റേതുമാണ്. അമീര്‍ (നേതാവ്) എന്ന സംബോധനയില്‍നിന്ന് മലിക് (രാജാവ്), ബാദുഷ, സുല്‍ത്താന്‍ തുടങ്ങിയവയിലേക്കുള്ള മാറ്റത്തെ ഇസ്‌ലാമില്‍നിന്നുള്ള മുസ്‌ലിംകളുടെ തന്നെ അകല്‍ച്ചയുടെ അടയാളമായാണ് രേഖപ്പെടുത്താറുള്ളത്. ഖിലാഫഃ എന്ന ഇസ്‌ലാമിക സങ്കല്‍പത്തില്‍നിന്നുള്ള വ്യതിയാനമായി അതിനെ അബുല്‍ അഅ്‌ലാ മൗദൂദിയെപ്പോലുള്ളവര്‍ വിലയിരുത്തുന്നു (Caliphate and Kingship). അരാജകത്വം എന്ന പ്രയോഗത്തിന് അനാര്‍ക്കിസവുമായി ബന്ധപ്പെട്ട രാഷ്ട്രീയ, സാമൂഹിക അര്‍ഥങ്ങളുണ്ടെങ്കിലും മുകളില്‍ സൂചിപ്പിച്ച തരത്തിലുള്ള അരാജകത്വത്തെ അകറ്റേണ്ട ഒന്നായിത്തന്നെ ഇസ്‌ലാം കാണുന്നു. 
ഏതെങ്കിലും തരത്തിലുള്ള വംശീയ, വിഭാഗീയ ആധിപത്യം ഇസ്‌ലാമിന്റെ ലക്ഷ്യമല്ല. രൂക്ഷമോ രക്തരൂഷിതമോ ആയ യുദ്ധങ്ങളൊന്നും പ്രവാചകന്റെയോ ഖുലഫാഉര്‍റാശിദീന്റെയോ നേതൃത്വത്തില്‍ നടന്നിട്ടുമില്ല. ബി.സി.ഇ 500 മുതല്‍ രണ്ടര സഹസ്രാബ്ദക്കാലത്തെ യുദ്ധങ്ങളെയും നരഹത്യാസംഭവങ്ങളെയും (പടിഞ്ഞാറന്‍ റോമാ സാമ്രാജ്യത്തിന്റെ തകര്‍ച്ച തൊട്ട് സദ്ദാം ഹുസൈന്റെ അക്രമങ്ങള്‍ വരെ) വിവരിക്കുമ്പോള്‍, പ്രവാചകന്റെയും റാശിദൂന്‍ ഖലീഫമാരുടെയും കാലത്ത് നടന്ന ഒരൊറ്റ യുദ്ധത്തെപ്പോലും മാത്യു വൈറ്റ് തന്റെ ലിസ്റ്റില്‍ പെടുത്തിയിട്ടില്ല. എന്നാല്‍ പില്‍ക്കാല മുസ്‌ലിംകളുടെ അക്രമങ്ങള്‍ അതില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടു താനും. 
ലക്ഷ്യം 'യുഹിഖ്ഖല്‍ ഹഖ്ഖ വ യുബ്ത്വിലല്‍ ബാത്വില്‍' ആണ്. ഇതിന്റെ കീഴില്‍ വരുന്നത് മനുഷ്യവിമോചനമാണ്. ഒരധികാരകേന്ദ്രത്തിന്റെയും സ്ഥാപനമോ വംശീയമോ ഗോത്രീയമോ ആയ ഒരു വിഭാഗത്തിന്റെയും മേല്‍ക്കോയ്മയോ അല്ല. 

കുടിയേറ്റവും കോളനിയും 

അതുപോലെത്തന്നെ അധിനിവേശം, കുടിയേറ്റം (Colony and Settlement) എന്നിവയെ ഒരുപോലെയല്ല കാണേണ്ടത്. ഖുര്‍ആന്‍ ഒരിടത്ത് ഇങ്ങനെ പറയുന്നതു കാണാം: ''ചില മനുഷ്യര്‍, ഐഹികജീവിതവുമായി ബന്ധപ്പെട്ട അവരുടെ വര്‍ത്തമാനങ്ങളില്‍ നിനക്ക് കൗതുകം തോന്നും. അവരാകട്ടെ, അവരുടെ അന്തര്‍ഗതത്തിന് ദൈവത്തെ സാക്ഷി നിര്‍ത്തുകയും ചെയ്യും (ദൈവത്തെപ്പിടിച്ചാണയിടും). എന്നാലോ, (സത്യത്തിനും മനുഷ്യത്വത്തിനും നേരെ) ഏറ്റവും വക്രതയാര്‍ന്ന ശത്രുത പുലര്‍ത്തുന്നവരാവുമവര്‍. അധികാരം ലഭിച്ചാലോ? പിന്നെയവന്റെ യത്‌നം മുഴുവന്‍ ഭൂമിയില്‍ നാശം പരത്താന്‍ മാത്രമായിരിക്കും. ഒപ്പം വിളയും പ്രാണനും നശിപ്പിക്കാനും. അല്ലാഹു ഇഷ്ടപ്പെടുന്ന ഒന്നേയല്ല തന്നെ നശീകരണങ്ങള്‍' (അല്‍ബഖറ 204,205). ഒരു അധിനിവേശത്തിന്റെ സ്വഭാവം എന്തായിരിക്കും എന്നതിന്റെ ചിത്രീകരണമാണിത്. അധികാരത്തിനു വേണ്ടിയുള്ള പോരിനെപ്പറ്റി സബഇലെ റാണിയുടെ പ്രസ്താവന ഖുര്‍ആന്‍ ഉദ്ധരിക്കുന്നതും അതിന് അംഗീകാരം നല്‍കുന്ന രീതിയിലാണ്: ''തീര്‍ച്ചയായും രാജാക്കന്മാര്‍ ഒരു ദേശത്ത് പ്രവേശിച്ചാല്‍ അവരവിടെ നാശമുണ്ടാക്കുകയും ദേശവാസികളില്‍ അന്തസ്സുള്ളവരെ നിന്ദ്യരാക്കുകയും ചെയ്യും'' (സൂറഃ അന്നംല് 34). 
വിളയും പ്രാണനും നശിപ്പിക്കുക എന്നതിനെ യഥാക്രമം സംസ്‌കാരഹത്യയുമായും (Ethnocide) വംശഹത്യയുമായും (Genocide) ബന്ധപ്പെടുത്തി വ്യാഖ്യാനിക്കാം. ഒരു എത്‌നിക് ഗ്രൂപ്പിന്റെ സാംസ്‌കാരികമായ അടയാളങ്ങളെ ബോധപൂര്‍വം നശിപ്പിക്കുന്നതിനാണ് എത്‌നസൈഡ് എന്ന് പറയുക. ജെനസൈഡ് എന്നാല്‍ ആ സമൂഹത്തെത്തന്നെ ആക്രമണത്തിലൂടെയും നരഹത്യകളിലൂടെയും ഇല്ലായ്മ ചെയ്യുക എന്നും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ യഥാര്‍ഥത്തില്‍ ലോകത്തെത്തന്നെ നശിപ്പിക്കുന്ന പ്രവണതകളാണ്. 'സൂക്ഷിക്കുക, നിങ്ങളില്‍ അധര്‍മം ചെയ്തവരെ മാത്രമായിട്ടല്ലാതെ ബാധിക്കാനിടയുള്ള പരീക്ഷണത്തെ' എന്ന് ഖുര്‍ആന്‍ (അല്‍അന്‍ഫാല്‍ 25). 
അധിനിവേശത്തെ സൂചിപ്പിക്കുന്നതാണ് ഈ വചനങ്ങള്‍. എന്നാല്‍ ഒരു ദേശത്തേക്കുള്ള ഒരു ജനതയുടെ പ്രവേശം (കുടിയേറ്റം) എങ്ങനെയായിരിക്കണം എന്ന് ഖുര്‍ആന്‍ അല്‍ബഖറയില്‍തന്നെ പറയുന്നുണ്ട്: ''ഓര്‍ത്തുനോക്കൂ, നാം നിങ്ങളോട് കല്‍പിച്ചിരുന്നത്. മുന്നില്‍ കാണുന്ന ഈ ദേശത്തിലേക്ക് നിങ്ങള്‍ പ്രവേശിച്ചുകൊള്ളുക. അതിലെ ഉല്‍പന്നങ്ങള്‍ ഇഛാനുസാരം ആഹരിക്കുകയും ചെയ്യാം. എന്നാല്‍ നഗരകവാടത്തില്‍ നിങ്ങള്‍ പ്രണാമമര്‍പ്പിക്കണം. ഒപ്പം 'ഹിത്വ' എന്നുരുവിടുകയും. അങ്ങനെയെങ്കില്‍ നിങ്ങളുടെ തെറ്റുകള്‍ നാം പൊറുക്കാം. സുകൃതികള്‍ക്കുള്ള അനുഗ്രഹങ്ങള്‍ നാം വര്‍ധിപ്പിക്കുക തന്നെ ചെയ്യും'' (അല്‍ബഖറ 58). അല്ലാഹുവില്‍ പ്രണാമമര്‍പ്പിച്ചുകൊണ്ട് എന്നതോടൊപ്പം വിനയാന്വിതരായിക്കൊണ്ട് എന്ന് കൂടിയുള്ള അര്‍ഥമാണ് നഗരകവാടത്തില്‍ സുജൂദ് ചെയ്യണം എന്നതിന്. അതോടൊപ്പം തന്നെ ഹിത്വ എന്ന പദം ഒരു നിലപാട് പ്രഖ്യാപനമാണ്. ലഘൂകരണത്തെയും സമാശ്വാസത്തെയും കുറിക്കുന്നതാണ് ആ വാക്ക്. കുടിയേറ്റം ഒട്ടും കൊളോണിയല്‍ ആവരുത് എന്നാണ് ഇതിനര്‍ഥം. ഏറ്റുമുട്ടല്‍, മത്സരം, യുദ്ധം തുടങ്ങിയവയോടുള്ള വൈമുഖ്യവും ഈ വചനങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. 
പോരാട്ടം എല്ലായ്‌പ്പോഴും നീതിക്കു വേണ്ടിയാണ്. എന്നാല്‍ ഏതു പോരാട്ടത്തിലും അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും വഴികള്‍ തേടുക എന്നത് വേദഗ്രന്ഥത്തിന്റെ തത്ത്വമനുസരിച്ച് നിര്‍ബന്ധവുമാണ്. സായുധപ്പോരാട്ടം അനിവാര്യമായിത്തീരുന്ന സന്ദര്‍ഭത്തില്‍ പോരാടാം എന്നത് ഇസ്‌ലാമിന്റെ ഒരു അനുമതി മാത്രമാണ്. അപ്പോഴും പരിധി വിടരുത് എന്നും അതിക്രമം കാണിക്കരുത് എന്നും വിട്ടുവീഴ്ചകള്‍ സാധ്യമെങ്കില്‍ അതു തന്നെയാണുത്തമം എന്നും കൂട്ടിച്ചേര്‍ക്കുന്നതായും കാണാം. സമരമുഖങ്ങളില്‍ ഇസ്‌ലാം അത്ര പസിഫിക് (Pacific) അല്ല. എന്നാല്‍ ഒട്ടും ജിങ്‌ഗോയിസ്റ്റിക്കും (Jingoistic) അല്ല. ആത്യന്തികമായ ഒരു സമാധാനലംഘനം പോരാട്ടവേളയില്‍പ്പോലും വിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടാകരുത് എന്നാണ് നിലപാട്. നിങ്ങള്‍ക്കെതിരെ പോരാടാത്തവരുടെ നേരെ കൈയുയര്‍ത്തരുത്, പോരടിക്കുമ്പോള്‍ സര്‍വ നശീകരണമാര്‍ഗങ്ങള്‍ ഉപയോഗിക്കരുത്, സ്ത്രീകളെയും കുഞ്ഞുങ്ങളെയും വൃദ്ധരെയും മുറിവേറ്റവരെയും കൈയേറ്റം ചെയ്യരുത്, വധം അനിവാര്യമായിത്തീരുമ്പോള്‍ ഒറ്റയടിക്ക് (വേദനാപൂര്‍വമാകാതെ) വധിക്കാന്‍ ശ്രമിക്കണം, എതിര്‍പക്ഷത്ത് വധിക്കപ്പെട്ടവരുടെ ശരീരങ്ങള്‍ വികൃതമാക്കുകയോ ചിത്രവധം ചെയ്യുകയോ അരുത്, വിളകളും കാലികളും നശിക്കാനിടവരരുത് എന്നിങ്ങനെ പല നിബന്ധനകളും പോരാട്ടവേളകളില്‍ നബി നല്‍കിയിരുന്നതായി പല ഹദീസുകളിലും കാണാം. ഒരാളെയും വധിക്കരുത് എന്ന് മേല്‍ സൂചിപ്പിച്ച കല്‍പന ഏത് സന്ദര്‍ഭത്തിലും നിലനില്‍ക്കുന്നു. സായുധപ്പോരാട്ടം നടക്കുമ്പോള്‍ അതിന് നല്‍കപ്പെടുന്നത് ഇളവ് മാത്രമാണ്. അപ്പോഴും മനുഷ്യജീവന്റെ ആദരവ് അടിസ്ഥാനതത്ത്വം തന്നെയാണ്. അത് എപ്പോഴും ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. സായുധപ്പോരാട്ടങ്ങളുമായി ബന്ധപ്പെട്ട് വളരെയേറെ വചനങ്ങള്‍ ഖുര്‍ആനില്‍ അവതരിക്കുന്നതു തന്നെയും ജീവനോടുള്ള ആദരവ് എന്ന അടിസ്ഥാനം എല്ലായ്‌പ്പോഴും പ്രവര്‍ത്തിക്കുന്നതുകൊണ്ടാണെന്നു കാണാം.  
    ഒരു നയം എന്ന നിലക്ക് തന്നെ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്ന, സൂറഃ അല്‍മാഇദയിലെ ചില വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം. അതിലാകട്ടെ, അനിസ്‌ലാമികമായ നിലപാടുമായുള്ള താരതമ്യവും വരുന്നുണ്ട്. യുദ്ധം എന്ന ആശയത്തോടുള്ള വിയോജിപ്പാണ് അതില്‍ പ്രഖ്യാപിക്കപ്പെടുന്നതും. 
''അവരിലൊട്ടേറെപ്പേര്‍ ഉന്മാദത്തോടെ മുന്നേറുന്നത് നീ കാണുന്നു. പാപങ്ങളിലും പരസ്പര ശത്രുതയിലും നിലകൊണ്ടവരായിത്തന്നെ. അവര്‍ ഭക്ഷിക്കുന്നത് അന്യായ ധനവുമാകുന്നു. എന്ത് നീചമാണവരുടെ പ്രവര്‍ത്തനങ്ങള്‍! എന്തുകൊണ്ടാണ് അവരിലെ പുണ്യാളന്മാരും പണ്ഡിതന്മാരും കുറ്റകരമായ വചനങ്ങളില്‍നിന്നും നീചധനത്തിന്റെ ഭോജനത്തില്‍നിന്നും അവരെ തടയാത്തത്? അവരുടെ കര്‍മങ്ങള്‍ എത്ര ചീത്തയാണ്!....... നിന്റെ നാഥനില്‍നിന്ന് നിനക്കവതരിച്ച വചനങ്ങളുണ്ടല്ലോ, അവരിലധിക പേരുടെയും ധിക്കാരവും നിഷേധവും വര്‍ധിക്കാന്‍ ഹേതുവായിത്തീര്‍ന്നിട്ടുണ്ട്. ആകയാല്‍ നാം അവര്‍ക്കിടയില്‍ അന്ത്യനാള്‍ വരേക്കും വിദ്വേഷവും വിരോധവും ഉളവാക്കിയിരിക്കുന്നു. അവര്‍ യുദ്ധത്തിന്റെ അഗ്നി പടര്‍ത്താന്‍ ശ്രമിക്കുന്നു. അപ്പോഴെല്ലാം അല്ലാഹു അത് ഊതിക്കെടുത്തുകയാണ്. ഭൂമിയില്‍ നാശം പടര്‍ത്താനാണ് അവരുടെ ശ്രമം. അല്ലാഹുവോ, നാശമുണ്ടാക്കുന്നവരെ ഒട്ടും സ്‌നേഹിക്കുന്നില്ല തന്നെ'' (അല്‍മാഇദ 62-64). ''അല്ലാഹു ക്ഷണിക്കുന്നത് സമാധാനത്തിന്റെ ഭവനത്തിലേക്കല്ലോ'' (യൂനുസ് 25). 
''നിങ്ങളൊരിക്കലും ഒരു യുദ്ധത്തിനു വേണ്ടി കൊതിക്കരുത്. നിങ്ങള്‍ പ്രാര്‍ഥിക്കേണ്ടത് സമാധാനത്തിനു വേണ്ടിയത്രെ. എന്നാല്‍ ഒരു പോരാട്ടം അനിവാര്യമായിത്തീര്‍ന്നാലോ, സമരമുഖത്ത് ഉറച്ചുനിന്ന് പൊരുതുകയും ചെയ്യുക'' (ഹദീസ്, സ്വഹീഹ് മുസ്‌ലിം). 

(അവസാനിച്ചു)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (04-11)
ടി.കെ ഉബൈദ്‌