Prabodhanm Weekly

Pages

Search

2021 മെയ് 14

3202

1442 ശവ്വാല്‍ 02

നിര്‍ണായക ഘട്ടത്തില്‍ ത്യാഗത്തിന്റെ വില

ജി.കെ എടത്തനാട്ടുകര

[ജീവിതം - 18]

വിവാഹം വിവാദമായ കാര്യമാണല്ലോ പറഞ്ഞു വന്നത്. അതോടെ ഫസീലയുടെ വീട്ടുകാരും മറുപടി പറയാന്‍ നിര്‍ബന്ധിതരായി. പല തരത്തിലുള്ള വിമര്‍ശനങ്ങളും അവര്‍ക്ക് നേരിടേണ്ടിവന്നു. ഭീഷണിക്കത്തുകള്‍ വരെ ഉണ്ടായിരുന്നു എന്നാണറിഞ്ഞത്.
ഫസീലയും കുടുംബവും വിവാഹത്തിന്റെ പേരില്‍ ഒരുപാട് ത്യാഗം സഹിച്ചിട്ടുണ്ട്. പ്രത്യേകിച്ച് അവളുടെ ഉമ്മയും സഹോദരന്മാരും. ഉമ്മയെ സംബന്ധിച്ചേടത്തോളം ഒന്നിനെയും കൂസാതെ എന്തിനെയും നേരിടുന്ന പ്രകൃതമാണുണ്ടായിരുന്നത്. അതും ഈ വിവാഹം നടന്നതിന്റെ പിന്നിലെ പല കാരണങ്ങളിലൊന്നാണ്. മക്കളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങളിലൊക്കെ ഉമ്മയുടെ പങ്ക് വളരെ വലുതാണ്.   
നാട്ടിലെന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് കൃത്യമായി മനസ്സിലാവാതെ അവളുടെ ഉപ്പ ഗള്‍ഫില്‍ 'ബേജാറാ'യി നില്‍ക്കുകയായിരുന്നു. ഉപ്പയുടെത് കൊണ്ടോട്ടിയിലെ ഒരു വലിയ കുടുംബമാണ്. 'തറമ്മല്‍ക്കാര്' എന്നു പറഞ്ഞാല്‍ പഴയ തലമുറയിലുള്ള മിക്ക ആളുകള്‍ക്കും അറിയാം. കാരണം, കൊണ്ടോട്ടിയില്‍ അവര്‍ ഒരു ഹോട്ടല്‍ നടത്തിയിരുന്നു, 'ശുക്രിയ' എന്ന പേരില്‍. 'പെട്ടിപ്പാട്ടു'ള്ള ഹോട്ടലായിരുന്നുവത്രെ അത്. ആ ഹോട്ടലിനെപ്പറ്റിയും 'പെട്ടിപ്പാട്ടി'നെപ്പറ്റിയും ചില കാരണവന്മാര്‍ പറയുന്നത് കേട്ടിട്ടുണ്ട്.
വിവാഹം വിവാദമായപ്പോള്‍ സ്വാഭാവികമായും എല്ലാവരും അസ്വസ്ഥരായി. എന്താണ് സംഭവിച്ചിരിക്കുന്നത് എന്ന് പലര്‍ക്കും വ്യക്തതയില്ലായിരുന്നു. ഇതൊരു 'പ്രേമ വിവാഹ'മാണ് എന്ന് ഊഹിച്ചവരുണ്ട്. വേറെ പെണ്ണും കുട്ടികളുമൊക്കെ ഉള്ള ആളാണ് 'പുത്യാപ്ല' എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു കത്ത് കിട്ടിയ കാര്യം അവള്‍ പറഞ്ഞിരുന്നു. ഇങ്ങനെ തുടങ്ങി പലതരം വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. വാദപ്രതിവാദങ്ങളും നടന്നുകൊണ്ടേയിരുന്നു.
'കളിയല്ല കല്യാണം' എന്ന് സാധാരണ മനസ്സിലാവേണ്ടതിനേക്കാള്‍ കൂടുതല്‍ അളവില്‍ മനസ്സിലായി.
ചില വിശദീകരണ പൊതുയോഗങ്ങള്‍ പല സ്ഥലങ്ങളിലും നടന്നുകൊണ്ടിരുന്നു. നാട്ടിലും അതിനുള്ള അവസരമുണ്ടായി. എടത്തനാട്ടുകരയിലെ ചുണ്ടോട്ടുകുന്ന്, ചിരട്ടക്കളം പോലെയുള്ള സ്ഥലങ്ങളില്‍ പൊതു പ്രസംഗം നടത്തി. ഇസ്‌ലാമിനെ പരിചയപ്പെടുത്താനുള്ള  അവസരമായിട്ടാണ് ഈ സന്ദര്‍ഭങ്ങളെയെല്ലാം ഉപയോഗപ്പെടുത്തിയത്. അങ്ങനെ വായിച്ച് പഠിച്ച ഇസ്‌ലാമിനെ പറഞ്ഞ് പഠിക്കാനും കല്യാണം നിമിത്തമായി. 'ഉര്‍വശീശാപം ഉപകാരം' എന്ന ചൊല്ലിനെ അന്വര്‍ഥമാക്കി 'വിവാഹ വിവാദം.'
ഇതിനിടയില്‍ 'കുങ്കുമം' വാരികയില്‍ ഒരു അഭിമുഖം വന്നിരുന്നു. എ.പി നളിനന്‍ ഐ.ആര്‍.എസ്സില്‍ വന്നാണ് അഭിമുഖം നടത്തിയത്. 'മതവും മനുഷ്യനും' എന്ന തലക്കെട്ടില്‍ സാമാന്യം ദീര്‍ഘമായ ഒരഭിമുഖമായിരുന്നു അത്. തൊട്ടടുത്ത ലക്കത്തില്‍ 'ഇസ്‌ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്' എന്ന തലക്കെട്ടില്‍ എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രതികരണമായിരുന്നു.
വിവിധ വിഭാഗങ്ങളില്‍നിന്ന് വന്ന വിമര്‍ശനങ്ങളെ ആ അഭിമുഖത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. സ്ത്രീകളെ സ്റ്റേജില്‍ കയറ്റിയതും പേരുമായി ബന്ധപ്പെട്ട വിഷയവും അതില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. യുക്തിവാദികളുടെ ഭാഗത്തുനിന്നുണ്ടായ വിമര്‍ശനങ്ങളും പരാമര്‍ശിക്കുന്നുണ്ട്.
'സമ്മേളനത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ പര്‍ദ ധരിച്ചിരുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇടയില്‍ വേര്‍തിരിവ് വെച്ചിരുന്നു. സ്ത്രീയും പുരുഷനും ഇടകലരാന്‍ അനുവദിച്ചില്ല...' ഇങ്ങനെ പോകുന്നു യുക്തിവാദികളുടെ വിമര്‍ശനങ്ങള്‍.
മുസ്ലിം സ്ത്രീകളുടെ പര്‍ദ, അന്യ സ്ത്രീ- പുരുഷന്മാര്‍ ഇടകലരാതിരിക്കല്‍ ഇതൊക്കെ അസഹ്യമായൊരു കൂട്ടരാണ് യുക്തിവാദികള്‍. യുക്തിവാദികള്‍ മാത്രമല്ല, പൊതുസമൂഹം പൊതുവില്‍ അങ്ങനെയാണ് എന്നാണ് അനുഭവം.
മുസ്‌ലിം സ്ത്രീകള്‍ പര്‍ദ ധരിച്ചാല്‍ പൊതുജനങ്ങള്‍ക്ക് 'ചൂടും പുകയും' ഉണ്ടാവുന്നതിന്റെ കാരണം പലപ്പോഴും ചിന്താവിഷയമായിട്ടുണ്ട്. തിരുവനന്തപുരത്തു വെച്ച് നടന്ന പുസ്തകമേളയില്‍ ഒരു യുക്തിവാദി സുഹൃത്ത് 'ഏറ്റുമുട്ടാന്‍' വന്നത് മറക്കാത്ത ഒരോര്‍മയാണ്. ആമുഖം പോലുമില്ലാതെയാണ് അദ്ദേഹം 'പര്‍ദ'യിലേക്ക്  കടന്നത്.
'ഇസ്‌ലാം സ്ത്രീകളെ അടിമകളെപ്പോലെയല്ലേ കാണുന്നത്? സ്ത്രീയും പുരുഷനും യഥാര്‍ഥത്തില്‍ തുല്യരല്ലേ? എന്തുകൊണ്ട് പുരുഷന്മാര്‍ക്കില്ലാത്ത ഒരു വസ്ത്രരീതി സ്ത്രീകള്‍ക്ക് ഇസ്ലാം വെക്കുന്നു? പര്‍ദ യഥാര്‍ഥത്തില്‍ സ്ത്രീപീഡനമാണ്. ഏത് ചൂടുകാലത്തും അവര്‍ക്കതില്‍നിന്ന് മോചനമില്ല...' ഇങ്ങനെ പോയി അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍. 
മറുപടി പറഞ്ഞു തുടങ്ങിയതിങ്ങനെയാണ്: 'സ്ത്രീയും പുരുഷനും തുല്യരല്ല. രണ്ട് പുരുഷന്മാര്‍ തമ്മില്‍ പോലും തുല്യരല്ല. രണ്ട് സ്ത്രീകള്‍ തമ്മിലും തുല്യരല്ല. പുരുഷന്മാരായ നമ്മള്‍ രണ്ടു പേരും തുല്യരാണോ?'
'അല്ല.'
'ലോകത്തെവിടെയെങ്കിലും തുല്യരായ രണ്ടാളുകളെ കാണിച്ചുതരാന്‍ പറ്റുമോ?'
'ഇല്ല.'
'പിന്നെങ്ങനെ സ്ത്രീയും പുരുഷനും തുല്യമാകുന്നത്?'
ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ സമന്മാരാണ് മനുഷ്യര്‍ എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. അതിനര്‍ഥം എല്ലാ മനുഷ്യരും ഒരേ നീളമുള്ള, ഒരേ വണ്ണമുള്ള, ഒരേ ബുദ്ധിയുള്ള, ഒരേ കഴിവുകളുള്ള, ഒരേ അഭിരുചികളുള്ളവരാണ് എന്നല്ലല്ലോ. മനുഷ്യര്‍ എന്ന നിലക്ക് എല്ലാവര്‍ക്കും തുല്യ നീതി കിട്ടണം എന്നാണല്ലോ അതിന്റെ അര്‍ഥം?'
'അതേ. പുരുഷനു കിട്ടുന്ന അതേ നീതി സ്ത്രീക്കും കിട്ടണം. സ്ത്രീയെ എന്തിന് മൂടി പുതപ്പിക്കണം? എന്തിന് പര്‍ദക്കുള്ളില്‍ തളച്ചിടണം?'
'സ്ത്രീയുടെ വസ്ത്രം പര്‍ദയാവണം എന്നൊന്നും ഇസ്ലാം പഠിപ്പിച്ചിട്ടില്ല. പൊതു സമൂഹത്തിലേക്കിറങ്ങുമ്പോള്‍ മുഖവും മുന്‍കൈയും മറയുന്ന ഏത് വസ്ത്രവുമാവാം.'
'പുരുഷനോ?'
'പുരുഷന്‍ പൊക്കിളിനും കാല്‍മുട്ടിനും മധ്യേയുള്ള ഭാഗം നിര്‍ബന്ധമായും മറക്കണം.'
'അതെന്തേ, പുരുഷന് കുറച്ചും സ്ത്രീക്ക് കൂടതലും?'
'ഒരു ഉദാഹരണം പറഞ്ഞാല്‍ നിങ്ങള്‍ക്കത് മനസ്സിലാവും. നല്ല ചൂടുള്ള  കാലാവസ്ഥ സങ്കല്‍പിക്കുക. നട്ടുച്ച നേരത്ത് നിങ്ങള്‍ ഷര്‍ട്ട് അഴിച്ച്, തുണി മാത്രം ഉടുത്ത് നിങ്ങളുടെ പൂമുഖത്ത് ഫാനിന്റെ ചുവട്ടില്‍ വിശ്രമിക്കുന്നു. അങ്ങനെ ചെയ്താല്‍ ആരെങ്കിലും  എന്തെങ്കിലും എതിര് പറയുമോ?'
'ഇല്ല.'
'എന്നാല്‍, അതേ ചൂടുള്ള കാലാവസ്ഥയില്‍ നിങ്ങളുടെ ഭാര്യ അല്ലെങ്കില്‍ മാതാവ് അല്ലെങ്കില്‍ സഹോദരി കുപ്പായം അഴിച്ചിട്ട് ഒരു തുണി മാത്രം ഉടുത്ത് പൂമുഖത്തിരുന്നാലോ? താങ്കള്‍ അതിനു സമ്മതിക്കുമോ? അവര്‍ക്ക് അങ്ങനെ ഇരിക്കാന്‍ തോന്നുമോ?'
'അതില്ല.'
'എന്തുകൊണ്ട്? കാരണം, പ്രകൃതിപരമായി ഒരു പുരുഷനാകുന്ന താങ്കളുടെ ശരീരം ആവശ്യപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ വസ്ത്രം താങ്കളുടെ സ്ത്രീയാകുന്ന ഭാര്യയുടെ അല്ലെങ്കില്‍ മാതാവിന്റെ ശരീരം ആവശ്യപ്പെടുന്നു. ഇതാണ് മനുഷ്യപ്രകൃതിയുടെ തേട്ടം. എന്നാല്‍, ഈ വിഷയത്തിലുള്ള ഒരു വൈരുധ്യം താങ്കളെപ്പോലുള്ളവര്‍ ശ്രദ്ധിക്കണം.'
'എന്താണത്?'
'ഒരു പുരുഷന്‍ ഫുള്‍ കൈയുള്ള ഷര്‍ട്ടും പാന്റ്‌സും ധരിച്ച് ടൈയും കെട്ടി, തലയില്‍ ഒരു തൊപ്പിയും വെച്ചാലോ. മുഖവും മുന്‍കൈയും മാത്രമാണല്ലോ പുറത്ത് കാണുക?'
'അതേ.'
'ആ വേഷം പുരുഷ സ്വാതന്ത്ര്യത്തിനെതിരാണെന്ന് ആരും പറയാറില്ലല്ലോ. ആര്‍ക്കും 'ചൂടും പുകയും' ഉണ്ടാവുന്നുമില്ല. കന്യാസ്ത്രീകളുടെ വസ്ത്ര രീതി കാണുമ്പോഴും ഈ 'ചൂടും പുകയും' എന്തുകൊണ്ടുണ്ടാവുന്നില്ല?'
'പഠിക്കേണ്ട വിഷയമാണ്' എന്നു മാത്രം പ്രതികരിച്ചുകൊണ്ട് രണ്ടോ മൂന്നോ പുസ്തകങ്ങള്‍ വാങ്ങിയാണ് അദ്ദേഹം പോയത്.
നികാഹ് കഴിഞ്ഞ് ഏതാനും മാസങ്ങള്‍ കഴിഞ്ഞായിരുന്നു 'കൂട്ടിക്കൊണ്ടുപോവല്‍.' അബ്ദുല്‍ അഹദ് തങ്ങളുടെ വീട്ടിലേക്കാണ് തീരുമാനിച്ചത്. മോങ്ങത്തുള്ള മൂത്താപ്പയുടെ വീട്ടില്‍ വെച്ചായിരുന്നു റിസപ്ഷന്‍. അവളുടെ കുടുംബങ്ങള്‍ ഏതാണ്ട് എല്ലാവരും സഹകരിച്ചു. അതിനോടനുബന്ധിച്ച് ഒരു 'ആക്‌സിഡന്റ്' സംഭവിച്ചിരുന്നു. ജീവിതത്തിലെ വലിയ പരീക്ഷണമായിരുന്നു അത്. വിശ്വാസത്തെ മാറ്റുരക്കുന്ന ഒന്നായിട്ടാണത് അനുഭവപ്പെട്ടത്.
ഏതൊരു പ്രതിസന്ധി വരുമ്പോഴും അസ്വസ്ഥതകള്‍ക്കിടയില്‍, വിശുദ്ധ ഖുര്‍ആനിലെ രണ്ടാം അധ്യായം നൂറ്റി അമ്പത്തഞ്ചാം സൂക്തം ഓര്‍മയില്‍ വരും.
''ചില്ലറ പേടി, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ ശുഭവാര്‍ത്ത അറിയിക്കുക.''
വിശ്വാസികള്‍ക്ക് ബാധകമായൊരു ദിവ്യ വചനമാണിത്. ജീവിതത്തിലുണ്ടാവുന്ന കടുത്ത പരീക്ഷണങ്ങളില്‍ വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന  സൂക്തം. ക്ഷമയുണ്ടെങ്കില്‍ ഏതൊരു പരീക്ഷണവും വിശ്വാസികള്‍ക്ക് 'ശുഭലക്ഷണ'വുമാണ്. കാരണം, അതില്‍ ധാരാളം പാഠങ്ങള്‍ പഠിക്കാനുണ്ടാവും.
അബ്ദുല്‍ അഹദ് തങ്ങളുടെ വീട്ടിലാക്കി തിരിച്ചു പോവുമ്പോള്‍ അവളുടെ ഉപ്പയുടെ അനിയന്‍, ഹംസ എളാപ്പ കൈയില്‍ പിടിച്ചു കൊണ്ട് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു; 'ഇനി അവളുടെ കാര്യം നിങ്ങളെ ഏല്‍പിക്കുകയാണ്. ബാക്കി കാര്യങ്ങള്‍ പടച്ചവനോട് പറയാം.' ജീവിതം പുതിയൊരു ഘട്ടത്തിലേക്ക് നീങ്ങുകയായിരുന്നു.
പിന്നീട് പല പരിപാടികള്‍ക്കും അവളെയും കൂട്ടിയാണ് പോയിരുന്നത്. അതിനിടയില്‍ നാട്ടില്‍ അവളെ കൂട്ടി പോകാനുള്ള അവസരം കാത്തിരുന്നു. ആത്മസുഹൃത്തും അയല്‍വാസിയുമായ അബ്ദുന്നാസറിന്റെ വിവാഹത്തോടനുബന്ധിച്ചാണ് അവളെയും കൂട്ടി ആദ്യമായി നാട്ടില്‍ പോയത്. മധുരവും കയ്പ്പും നിറഞ്ഞ അനുഭവങ്ങളായിരുന്നു അത്. കല്യാണത്തലേന്നു തന്നെ പോയി. അമ്മ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. സഹോദരിമാരും കുട്ടികളും ജ്യേഷ്ഠന്മാരും അവരുടെ ഭാര്യമാരുമെല്ലാമുണ്ട്.
നീല ചുരിദാറാണ് ധരിച്ചിരുന്നത് എന്ന് അവള്‍ ഇപ്പോഴും ഓര്‍ത്ത് പറയുന്നുണ്ട്. പല ശ്രദ്ധേയമായ സംഭവങ്ങള്‍ അനുസ്മരിക്കുമ്പോഴും അന്ന് ധരിച്ച ഡ്രസ്സ് ഏതായിരുന്നു, അതിന്റെ കളര്‍ എന്തായിരുന്നു എന്നൊക്കെ അവള്‍ പറയാറുണ്ട്. വസ്ത്രാദി കാര്യങ്ങളിലൊക്കെ പുരുഷന്മാരേക്കാള്‍ ശ്രദ്ധയുള്ളവരാണ് സ്ത്രീകള്‍ എന്ന് മനസ്സിലാക്കിയത് അവളില്‍നിന്നാണ്. അത് ശരിയാണോ എന്നറിയില്ല.
പകല്‍ സമയം അവരോടൊപ്പം വീട്ടിലാണ് ചെലവഴിച്ചത്. ആശങ്കകള്‍ക്കും അസ്വസ്ഥതകള്‍ക്കും ഇടയില്‍ ആശ്വാസം തോന്നിയ 'ഒന്നാം ഘട്ട'മായിരുന്നു അത്.
രാത്രി അവളെ വീട്ടില്‍ കിടത്തുന്നത് സംബന്ധിച്ച് എന്തോ ഒരു 'വല്ലായ്മ' അന്തരീക്ഷത്തില്‍ അനുഭവപ്പെട്ടു. അമ്മക്ക് അവളെ വീട്ടില്‍ തന്നെ നിര്‍ത്താനായിരുന്നു താല്‍പര്യം. അമ്മാവന്മാരൊക്കെ അറിഞ്ഞാല്‍ എന്തു പറയും, നാട്ടുകാരെന്തു കരുതും ഇങ്ങനെ തുടങ്ങി ചില 'കല്ലുകടി'കള്‍ നടന്നുകൊണ്ടിരുന്നു. അവസാനം അവളെ അയല്‍ വീട്ടില്‍ കിടത്താന്‍ തീരുമാനമായി. അസ്വസ്ഥതകള്‍ നിറഞ്ഞ  'രണ്ടാം ഘട്ട'മായിരുന്നു അത്.
വലിയ മാനസിക പ്രയാസമുണ്ടാക്കിയ സന്ദര്‍ഭമായിരുന്നു അത്. ജീവിതത്തിലെ നിര്‍ണായകമായൊരു ഘട്ടം. ഇത്തരം സംഭവങ്ങള്‍ അവളിലുണ്ടാക്കിയ പ്രയാസങ്ങള്‍ സ്വാഭാവികമായും വളരെ വലുതായിരിക്കുമല്ലോ. അവള്‍ അതെല്ലാം സഹിച്ചും ക്ഷമിച്ചും ഉള്‍ക്കൊണ്ടു. ഒരു പരാതിയും പറഞ്ഞിരുന്നില്ല. ആ ബന്ധങ്ങള്‍ പിന്നെയും നിലനിന്നുപോന്നതില്‍ അവളുടെ സഹകരണത്തിന് വലിയ പങ്കുണ്ട്. അന്യമായൊരു നാട്ടില്‍, വേറൊരു സംസ്‌കാരക്കാര്‍ക്കിടയില്‍ സഹകരിച്ചു പോവുക; അതും ഒരു പെണ്ണ്! മാത്രമല്ല, 'നവവധു' കൂടിയാണല്ലോ അവള്‍. അവളെങ്ങാനും സഹകരിക്കാതെ വന്നാല്‍ എന്തായിരിക്കും അവസ്ഥ എന്ന് ആലോചിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ആ സന്ദര്‍ഭത്തെ 'നിര്‍ണായകമായ ഘട്ടം' എന്ന് വിശേഷിപ്പിച്ചത്. ചില നിര്‍ണായക ഘട്ടങ്ങളിലെ ത്യാഗങ്ങള്‍ക്ക് വിലമതിക്കാന്‍ കഴിയില്ല. ഏതു വീഴ്ചകളെയും ക്ഷമിക്കാന്‍ മാത്രം വിലയുണ്ടാകുമതിന്.
നാസറിന്റെ വീട്ടില്‍നിന്ന് പിറ്റേ ദിവസം രാവിലെ വീട്ടിലേക്കു തന്നെ വന്നു. കല്യാണത്തിനു പോവുന്നതിനുള്ള സാരി ഉടുക്കല്‍ അടക്കമുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തുകൊടുത്തത് സഹോദരിമാരും ജ്യേഷ്ഠന്മാരുടെ ഭാര്യമാരുമാണ്. സാരി ധരിച്ചാണ് അന്ന് കല്യാണത്തിനു പോയത്. അവരെല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. അവര്‍ അവളെയും അവള്‍ക്കവരെയും ഇഷ്ടപ്പെട്ടു. അതായിരുന്നു 'മൂന്നാം ഘട്ടം.' അത് 'ഉള്‍ക്കൊള്ളലി'ന്റെ ആദ്യ ഘട്ടമായിരുന്നു.   
കല്യാണം കഴിഞ്ഞ്, അന്ന് വൈകുന്നേരം കൊണ്ടോട്ടിയിലേക്ക് തിരിച്ചുപോയി. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് വീണ്ടും അവളെയും കൂട്ടി നാട്ടിലേക്ക് തിരിച്ചു. അന്നും രാത്രി അവളെ, അയല്‍വീട്ടില്‍ നിര്‍ത്താന്‍ തന്നെയാണ് തീരുമാനിച്ചിരുന്നത്. അവള്‍ അതിന് എതിര്‍പ്പൊന്നും പറഞ്ഞതുമില്ല. രാത്രി ഭക്ഷണം കഴിച്ച് അയല്‍ വീട്ടിലേക്ക് പോകാനിരിക്കെ ജ്യേഷ്ഠന്‍ പറഞ്ഞു: 'അവള് ഇവടത്തന്നെ നിന്നോട്ടെ.'
അതുണ്ടാക്കിയ സന്തോഷം ഉള്ളിന്റെ ഉള്ളില്‍ ഒരു പൂത്തിരിയായി കത്തുന്നുണ്ടായിരുന്നു. എന്നാലും ഒരു ആശങ്ക ജ്യേഷ്ഠനോട് പങ്കുവെച്ചു: 'അമ്മാവന്മാരൊക്കെ അറിഞ്ഞാല്‍ വരവും പോക്കുമൊക്കെ ഇല്ലാതാവില്ലേ?'
'അതിനൊക്കെ ഇഷ്ടള്ളവര് വന്നാ മതി' എന്നായിരുന്നു ജ്യേഷ്ഠന്റെ മറുപടി. അതുണ്ടാക്കിയ ഉള്‍പ്പുളകം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഉള്‍ക്കൊള്ളല്‍ അതിന്റെ പൂര്‍ണതയിലെത്തിയ ഘട്ടമായിരുന്നു അത്. വഴിമുടക്കി നിന്ന ഒരു വന്മതില്‍ പൊളിഞ്ഞ് വീണ പോലെ, ഇടുങ്ങിയ ഒരു വഴിയിലൂടെ വിശാലമായൊരു മൈതാനത്ത് പ്രവേശിച്ച പോലെ!
ക്രമേണ അന്തരീക്ഷം മാറിക്കൊണ്ടിരുന്നു. ഉള്‍ക്കൊള്ളലിന്റെ വ്യാപ്തി കൂടിക്കൂടി വന്നു. പോക്കുവരവുകള്‍ സാധാരണ രീതിയിലായി. സഹോദരിമാരുടെ വീടുകളിലേക്ക് ക്ഷണിച്ചു. കല്യാണങ്ങള്‍ക്കും മറ്റും പരസ്പരം വിളിക്കാന്‍ തുടങ്ങി. ഏറ്റവും ശക്തമായി എതിര്‍ത്തിരുന്ന, കൊലവിളി വരെ നടത്തിയ അമ്മാവന്‍ പോലും മകളുടെ കല്യാണത്തിന് ക്ഷണിച്ചിരുന്നു.
മനുഷ്യമനസ്സുകള്‍ അങ്ങനെയാണ്. അതിനെ ആയുധങ്ങള്‍ കൊണ്ട് വെട്ടിപ്പിടിക്കാനാവില്ല. ആയുധങ്ങള്‍ കൊണ്ട് വേണമെങ്കില്‍ രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാം, മാമലകളെ കീഴടക്കാം; മനുഷ്യമനസ്സുകളെ കീഴടക്കാന്‍ സാധ്യമേ അല്ല. മനുഷ്യമനസ്സുകളെ കീഴടക്കാനുള്ള ഒരു 'ആയുധം' ഖുര്‍ആന്‍ പറഞ്ഞു തരുന്നുണ്ട്. നാല്‍പ്പത്തി ഒന്നാം അധ്യായത്തിലെ മുപ്പത്തിനാലാം സൂക്തമാണത്.
''നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട് പ്രതിരോധിക്കുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്മമിത്രത്തെപ്പോലെയായിത്തീരും.''
ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ വായിക്കുമ്പോള്‍ വീണ്ടും വീണ്ടും വായിക്കാന്‍ തോന്നും. അങ്ങനെയുള്ള സൂക്തങ്ങളില്‍പെട്ടതാണിത്. ശത്രുക്കളെ നശിപ്പിക്കുക എന്നതാണല്ലോ മനുഷ്യന്റെ പൊതു മനോഭാവം. ഖുര്‍ആന്‍ പക്ഷേ, ശത്രുവില്‍പോലും ഒരു ആത്മമിത്രത്തെ പ്രതീക്ഷിക്കാനല്ലേ ഇവിടെ പറയുന്നത്. ശത്രുവിനെപ്പോലും ആത്മമിത്രമാക്കാനുള്ള ശ്രമം നടത്താനുള്ള ആഹ്വാനം ഇതിലുണ്ടല്ലോ. അതിന് ഖുര്‍ആന്‍ നിശ്ചയിച്ചുതന്ന 'ആയുധം' ഇസ്‌ലാമിന്റെ ആകത്തുകയാണെന്നാണ് തോന്നിയിട്ടുള്ളത്.
ശത്രുവിന്റെ തിന്മക്കെതിരില്‍ ഇവിടെ ഖുര്‍ആന്‍ നിശ്ചയിച്ചുതന്ന ആയുധമേതാണ്? നന്മയല്ല; 'ഏറ്റവും നല്ല നന്മ!'
ഇത്തരം നിലപാട് സാധ്യമാകണമെങ്കിലോ? തൊട്ടുടനെത്തന്നെ ഖുര്‍ആന്‍ പറയുന്നു: ''ക്ഷമ പാലിക്കുന്നവര്‍ക്കല്ലാതെ ഈ നിലവാരത്തിലെത്താനാവില്ല. മഹാഭാഗ്യവാന്നല്ലാതെ ഈ പദവി ലഭ്യമല്ല.''
എന്തൊരു സുന്ദരസന്ദേശമാണ് മനുഷ്യന് നല്‍കുന്നത്!
വിവാഹാനന്തര സംഭവങ്ങളെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്. വേറെ പല വിവാഹാലോചനകളും വന്ന കാര്യം അവള്‍ പറഞ്ഞിരുന്നു. ഗള്‍ഫുകാരടക്കം പലരും വന്നിരുന്നുവത്രെ. ഇങ്ങനെയുള്ള മറ്റു സാധ്യതകളുണ്ടായിട്ടും ഇങ്ങനെ ഒരു വിവാഹത്തിന് എന്തിന് തയാറായി? അതിനുള്ള അവളുടെ മറുപടി, 'ഇങ്ങനെയുള്ളവര്‍ക്കും പെണ്ണ് വേണ്ടേ, അത് നല്ലതല്ലേ എന്നു മാത്രം ചിന്തിച്ചാണ് ആങ്ങള പറഞ്ഞപ്പോള്‍ തയാറായത്.'
അവള്‍ വണ്ടൂര്‍ വനിതാ കോളേജില്‍ പഠിക്കുന്ന കാലത്ത് കൊണ്ടോട്ടിയിലെ സൈതലവി സാഹിബ് അവിടെ അധ്യാപകനായിരുന്നു. അദ്ദേഹം ക്ലാസ്സില്‍ സത്യവിശ്വാസം സ്വീകരിച്ചവരുടെ ചരിത്രങ്ങളും അതിന്റെ മഹത്വവുമൊക്കെ പറയാറുണ്ടത്രെ. അതും ഒരു പ്രചോദനമായിരുന്നു എന്ന് സൂചിപ്പിച്ചിട്ടുണ്ട്.
ഇതിനിടയിലാണ് അവളുടെ രണ്ടാമത്തെ സഹോദരന്‍ മുഹമ്മദ് ഇഖ്ബാലിന്റെ വിവാഹം നടക്കുന്നത്. വാണിയമ്പലത്തെ അത്താണിക്കല്‍ പള്ളിയില്‍ വെച്ചായിരുന്നു നികാഹ്. നികാഹില്‍ പങ്കെടുക്കാന്‍ ചെറിയ ജ്യേഷ്ഠനും മൂത്ത മകന്‍ ബിജിനും വന്നിരുന്നു. സലാം വാണിയമ്പലം ആയിരുന്നു  നികാഹ് ഖുത്വ്ബ  നിര്‍വഹിച്ചത്. ദൈവസ്മരണയുണ്ടതില്‍, വിവാഹ വിഷയങ്ങളുണ്ട്, വധൂവരന്മാരും അവരുടെ പരസ്പര ബാധ്യതകളുമുണ്ട്, കുടുംബത്തെ സംബന്ധിച്ചും പരസ്പര ബന്ധങ്ങളെക്കുറിച്ചുമുണ്ട്. ഇങ്ങനെ ഹൃദയസ്പര്‍ശിയായ പലപല  കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രസംഗം. പൗരോഹിത്യത്തിന്റെ അടയാളങ്ങളോ അകലങ്ങളോ ഇല്ല. വിശ്വാസത്തിന്റെ തെളിമയും വിജ്ഞാനത്തിന്റെ ഗരിമയുമുണ്ട്.
ലളിതമായ ചടങ്ങോടെ നികാഹ് നടന്നു. അതൊരു 'അനുഭവ'മായിരുന്നു.  സാധാരണ അനുഭവമല്ലായിരുന്നു. കാരണം, ജ്യേഷ്ഠനും അദ്ദേഹത്തിന്റെ മകനും ആദ്യമായി പള്ളിയില്‍ കയറുന്നത് അന്നാണ്. ഒരു മനുഷ്യനെ സത്യത്തിന്റെ പാതയിലേക്ക് നയിക്കുക ഒരു കാര്യമായിരിക്കില്ല. പലപല ഘടകങ്ങളുണ്ടാവും അതിന്റെ പിന്നില്‍. മനസ്സ് അതിന് പാകപ്പെടുന്നതോടെ ദൈവികമായ ഒരു അദൃശ്യ ഇടപെടല്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കും. നടക്കുന്നിടത്തും ഇരിക്കുന്നിടത്തും നോക്കുന്നിടത്തുമൊക്കെ ഇസ്ലാമിന്റെ ഒരുതരം 'മധുരം' അനുഭവപ്പെട്ടുകൊണ്ടിരിക്കും. ഇസ്‌ലാം പഠനം തുടങ്ങിയ കാലത്ത് അതിലേക്ക്  ഹൃദയത്തെ കൂടുതല്‍ അടുപ്പിക്കുന്ന അനുഭവങ്ങളും ചിന്തയെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുന്ന സന്ദേശങ്ങളും ലഭിച്ചുകൊണ്ടിരുന്നിട്ടുണ്ട്. പത്രം നോക്കുമ്പോള്‍ പോലും അത് അനുഭവപ്പെട്ടിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിലെ ആറാം അധ്യായം നൂറ്റി ഇരുപത്തി അഞ്ചാം സൂക്തം വായിച്ചപ്പോള്‍ അന്നത്തെ ആ അവസ്ഥ ഓര്‍മയില്‍ വന്നിരുന്നു. അതില്‍ പറയുന്നത്: 'ദൈവം ആരെയെങ്കിലും നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അയാളുടെ മനസ്സിനെ അവന്‍ ഇസ്ലാമിനായി തുറന്നുകൊടുക്കുന്നു...' എന്നാണ്.
ഇതേ അനുഭവം ജ്യേഷ്ഠനും ഉണ്ടായതായി പറഞ്ഞിരുന്നു. 

(തുടരും)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (04-11)
ടി.കെ ഉബൈദ്‌