Prabodhanm Weekly

Pages

Search

2021 മെയ് 14

3202

1442 ശവ്വാല്‍ 02

ചരിത്രം തിരുത്തിക്കുറിച്ച ജനവിധി

എ.ആര്‍

മെയ് രണ്ടിന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കേരളം സാക്ഷ്യം വഹിച്ചത് രാഷ്ട്രീയ സൂനാമിയില്‍ കുറഞ്ഞ ഒന്നിനുമല്ല. ഭരണത്തുടര്‍ച്ചക്കു വേണ്ടി ഇടതുമുന്നണിയും മുഖ്യമന്ത്രി പിണറായി വിജയനും നിരന്തരം ആഹ്വാനം ചെയ്തുകൊണ്ടിരുന്നപ്പോഴും വലിയൊരു വിഭാഗം അങ്ങനെ സംഭവിക്കുകയില്ലെന്നു തന്നെ വിശ്വസിച്ചവരാണ്. നന്നെക്കവിഞ്ഞാല്‍ 72-75 സീറ്റുകള്‍ നേടി എല്‍.ഡി.എഫ് വീണ്ടും അധികാരത്തിലെത്താനിടയുണ്ട് എന്നാണ് സാമാന്യമായി നിരീക്ഷകര്‍ കരുതിയത്. പ്രീ പോള്‍ സര്‍വേകള്‍ ഒന്നു പോലും യു.ഡി.എഫിന്റെ തിരിച്ചുവരവ് പ്രവചിച്ചില്ലെങ്കിലും മിക്കതും മിതമായ ഭൂരിപക്ഷമേ എല്‍.ഡി.എഫിന് പ്രവചിച്ചിരുന്നുള്ളൂ. ഒന്നോ രണ്ടോ ഏജന്‍സികള്‍ മാത്രം എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇടതുമുന്നണി മൂന്നക്കം കടക്കുമെന്ന് കണ്ടെത്തി. ഇതൊക്കെ വെറും ഭാവനാസൃഷ്ടിയാണെന്നും തങ്ങളെ അധികാരലബ്ധിയില്‍നിന്ന് തടയാന്‍ ആര്‍ക്കും സാധ്യമല്ലെന്നും യു.ഡി.എഫ് നേതാക്കള്‍, അസത്യമായി പുലര്‍ന്ന മുന്‍ സര്‍വേകള്‍ ചൂണ്ടിക്കാട്ടി അണികളെ ആശ്വസിപ്പിച്ചു. ഒടുവില്‍ ഫലങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോഴോ യു.ഡി.എഫ് നേതാക്കളുടെ മേല്‍ ഇടിത്തീ വീഴ്ത്തിക്കൊണ്ടും ജനസാമാന്യത്തെ അമ്പരപ്പിച്ചുകൊണ്ടും 140-ല്‍ 99 സീറ്റുകള്‍ വാരിക്കൂട്ടി ഇടതുമുന്നണി ഭരണത്തുടര്‍ച്ചയുടെ സുവര്‍ണത്തേരിലേറി. നിലവിലെ 49 സീറ്റുകള്‍ പോലും പിടിച്ചുനിര്‍ത്താനാവാതെ യു.ഡി.എഫ് കടപുഴകി. 5-10 വരെ സീറ്റുകള്‍ അടിച്ചെടുത്ത് തൂക്കു സഭയുടെ സാഹചര്യത്തില്‍ ഗതിനിര്‍ണയിക്കുന്ന ശക്തിയായി പാര്‍ട്ടി മാറുമെന്ന് പകല്‍ക്കിനാവ് കണ്ട ബി.ജെ.പി സഖ്യത്തിന് തങ്ങള്‍ ക്ലീന്‍ ഔട്ടാവുന്നത് രോഷത്തോടും നൈരാശ്യത്തോടും കൂടി നോക്കിനില്‍ക്കേണ്ടിവന്നു. ഇന്ത്യ മുഴുവന്‍ അടക്കി ഭരിക്കുന്ന കാവിപ്പടക്ക്, രാജ്യത്തേറ്റവും കൂടുതല്‍ ആര്‍.എസ്.എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങളിലൊന്നില്‍ ഇമ്മട്ടില്‍ ഒരു തിരിച്ചടി ആരും കരുതിയിരുന്നതല്ല.
യാഥാര്‍ഥ്യത്തിന്റെ സമതലത്തിലേക്കു വരുമ്പോള്‍ അത്രയൊന്നും ആശ്ചര്യപ്പെടുത്തുന്നതല്ല തെരഞ്ഞെടുപ്പു ഫലങ്ങളെന്ന് ബോധ്യപ്പെടേണ്ടതാണ്. സ്റ്റാലിനിസ്റ്റ് നിശ്ചയദാര്‍ഢ്യവും കരുത്തും തെളിയിച്ച, പാര്‍ട്ടിക്കകത്തും പുറത്തുമുള്ള അനഭിമതരെ അടിച്ചൊതുക്കാന്‍ വിജയകരമായി യത്നിച്ച പിണറായി വിജയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)യുടെ ചോദ്യം ചെയ്യാനാവാത്ത നേതാവായി വളര്‍ന്നതിന്റെ സ്വാഭാവിക ഫലമാണ് ഇടതുമുന്നണിയുടെ അസൂയാര്‍ഹമായ വിജയം. ഭരണകൂടത്തിലും പാര്‍ട്ടിയിലും തിരുവായിക്കെതിര്‍ വായ് ഉണ്ടായിരുന്നില്ല. മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ.പി ജയരാജനെതിരെ താരതമ്യേന നിസ്സാരമായ അധികാര ദുര്‍വിനിയോഗാരോപണം ഉയര്‍ന്ന നിമിഷം അദ്ദേഹത്തെ വെട്ടിമാറ്റിക്കൊണ്ടാണ് പിണറായി തന്റെ പടയോട്ടം ആരംഭിച്ചത്. ഒരപശബ്ദവും അതിനെതിരെ പാര്‍ട്ടിയില്‍ ഉയര്‍ന്നില്ലെന്നത് ശ്രദ്ധേയം. പിന്നീട് അവസരം വന്നപ്പോള്‍ ജയരാജനെ തിരിച്ചെടുക്കുകയും ചെയ്തു. ഇടതു സര്‍ക്കാര്‍ സ്വീകരിച്ച ഓരോ നടപടിയും രണ്ടിലൊന്ന് ലക്ഷ്യം വെച്ചായിരുന്നു. ഒന്നുകില്‍ സാധാരണ ജനങ്ങളുടെ ദുരിതങ്ങളകറ്റാന്‍, അല്ലെങ്കില്‍ പാര്‍ട്ടി അണികളെ പിടിച്ചുനിര്‍ത്താന്‍. വിമര്‍ശനങ്ങളെയും കേന്ദ്ര ഇടപെടലുകളെയുമൊക്കെ മറികടന്ന് താന്‍ ആലോചിച്ചുറച്ച തീരുമാനങ്ങളുമായി മുന്നോട്ടു പോകുന്നതില്‍ പിണറായി വിജയന്‍ ഒരല്‍പവും പതറിയില്ല. കേന്ദ്രം അടക്കി ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ സംസ്ഥാന ഘടകത്തിന്റെ അഭിപ്രായങ്ങള്‍ കണക്കിലെടുത്തും അല്ലാതെയും ഏര്‍പ്പെടുത്തിയ വിലക്കുകളും അന്വേഷണങ്ങളും അതിജീവിക്കാന്‍ മുഖ്യമന്ത്രി കാട്ടിയ മിടുക്ക് അദ്ദേഹത്തിന്റെ ജനപിന്തുണ വര്‍ധിപ്പിക്കുകയാണ് ചെയ്തത്. സി.ബി.ഐയും എന്‍.ഐ.എയും ഇ.ഡിയും കസ്റ്റംസുമെല്ലാം മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ താളത്തിനൊത്ത് തുള്ളുന്ന വെറും ഉപകരണങ്ങളാണെന്ന് സി.പി.എം വക്താക്കളും മാധ്യമങ്ങളും വിശ്വസിപ്പിക്കാന്‍ നടത്തിയ പ്രചാരണം നല്ലയളവില്‍ ഫലപ്രദമായി. അതേസമയം പ്രതിപക്ഷം നിരന്തരം ഉന്നയിച്ച കഴമ്പുള്ള അഴിമതിയാരോപണങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ യു.ഡി.എഫ് ദയനീയമായി പരാജയപ്പെടുകയും ചെയ്തു. വിശ്വാസ്യവും ഭദ്രവുമായ പാര്‍ട്ടി യന്ത്രം കോണ്‍ഗ്രസ്സിനില്ലാതെ പോയതാണ് കാരണം. പി.എസ്.സി നിയമനങ്ങള്‍ യഥാസമയം നടക്കാതെ, താല്‍ക്കാലിക നിയമനങ്ങളിലൂടെ പാര്‍ട്ടിക്കാരെയും ബന്ധുക്കളെയും തിരുകിക്കയറ്റുകയും ഒടുവില്‍ സ്ഥിരപ്പെടുത്തുകയും  ചെയ്യുന്ന പ്രക്രിയ അനുസ്യൂതം തുടര്‍ന്നിട്ടും കാര്യമായ എതിര്‍ ശബ്ദം ഉയരാതെ പോയത് അതുകൊണ്ടാണ്.
അതോടൊപ്പം ജനക്ഷേമകരമായ പരിപാടികളും വികസന പദ്ധതികളും പരിമിത വിഭവശേഷിക്കുള്ളില്‍നിന്ന് വിജയകരമായി നടപ്പാക്കാന്‍ ഇടതു സര്‍ക്കാറിന് സാധിച്ചതാണ് സംശയാതീതമായി തെളിയിക്കപ്പെട്ട ജനപിന്തുണയുടെ മുഖ്യ കാരണമെന്ന് സമ്മതിക്കണം. അധികാരമേറ്റ ഉടനെത്തന്നെ പ്രധാനമന്ത്രി മോദിയെയും കേന്ദ്രമന്ത്രിമാരെയും സന്ദര്‍ശിച്ച് സംസ്ഥാനത്തിന്റെ വികസനാവശ്യങ്ങള്‍ മുന്നില്‍ വെച്ച പിണറായി വിജയനോട് അവര്‍ ഉന്നയിച്ചത് രണ്ട് പ്രധാനാവശ്യങ്ങളാണ്. ഒന്ന്, ദേശീയ പാതാ വികസനത്തിന് മുഖ്യ തടസ്സമായ ഭൂമി ഏറ്റെടുക്കല്‍ കഴിയുംവേഗം പൂര്‍ത്തിയാക്കണം. രണ്ട്, മംഗലാപുരത്തു നിന്ന് കൊച്ചിയിലേക്ക് പാചകവാതകം കൊണ്ടുപോകാനുള്ള ഗെയില്‍ പദ്ധതിക്കാവശ്യമായ സ്ഥലമെടുപ്പിലെ തടസ്സങ്ങള്‍ നീക്കണം. രണ്ടും ഏറ്റെടുത്തുകൊണ്ടാണ് മുഖ്യമന്ത്രി മടങ്ങിയത്. മുമ്പ് തന്റെ പാര്‍ട്ടി തന്നെ  എതിര്‍ത്ത രണ്ടാവശ്യങ്ങളാണിതെന്ന് ഓര്‍ക്കാതെയല്ല പിണറായി നല്‍കിയ ഉറപ്പ്. ഭൂമിയും സ്ഥലവും ഏറ്റെടുക്കുന്നതില്‍ ജനങ്ങളുടെ എതിര്‍പ്പ് ന്യായമായ കാരണങ്ങളാലാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെടാതെയുമല്ല, നീതിപൂര്‍വകമായ നഷ്ടപരിഹാരം നല്‍കി വേണം ഭൂമി ഏറ്റെടുക്കല്‍ എന്ന് അദ്ദേഹം മനസ്സിലാക്കാതിരിക്കാനും വഴിയില്ല. എന്നാല്‍ ഗെയിലിന്റെ നഷ്ടപരിഹാരം അല്‍പം ഉയര്‍ത്തി ബാക്കി പോലീസിനെ ഉപയോഗിച്ച് പദ്ധതി നടപ്പാക്കാനുള്ള നിര്‍ദേശമാണ് സര്‍ക്കാറില്‍നിന്നുണ്ടായത്. എല്ലാ വിഭാഗങ്ങളിലും പെട്ട ഇരകളുടെ സംഘടിത എതിര്‍പ്പിന് മുസ്‌ലിം തീവ്രവാദത്തിന്റെ നിറം നല്‍കി നിശ്ശബ്ദമാക്കുന്നതില്‍ സി.പി.എം സഫല ശ്രമം നടത്തുകയും ചെയ്തു. വാഗ്ദാനം ചെയ്യപ്പെട്ട നഷ്ടപരിഹാരത്തുക ലഭിക്കാത്ത ഇരകളുടെ രോദനങ്ങള്‍ മറികടന്ന് ഗ്യാസ് പൈപ്പ് പദ്ധതി ഇപ്പോള്‍ ലക്ഷ്യം കണ്ടുകഴിഞ്ഞു. റോഡും തോടും മറ്റു അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിനും സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ പണിയുന്നതിനുമുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാറിന് ഏകാവലംബമായ കിഫ്ബി ഒമ്പത് ശതമാനം പലിശ നല്‍കിക്കൊണ്ടാണ് ഫണ്ട് ശേഖരിക്കുന്നതെന്ന പ്രതിപക്ഷ വിമര്‍ശനം സര്‍ക്കാര്‍ കാര്യമാക്കുന്നേയില്ല, കേരളത്തിന്റെ കടബാധ്യത മൂന്ന് ലക്ഷം കോടി കവിഞ്ഞെന്ന കണക്കും അലോസരപ്പെടുത്തുന്നില്ല. കാരണം വ്യക്തം. ജനം നോക്കുന്നത് ഫലങ്ങള്‍ മാത്രമാണ്; ബാധ്യതയെപ്പറ്റി അവര്‍ ബോധവാന്മാരല്ല.
2018-ലെയും 2019-ലെയും മഹാ പ്രളയങ്ങളും ഇടക്ക് കയറിവന്ന നിപ്പയും ഒടുവിലത്തെ കോവിഡ് മഹാമാരിയും സംസ്ഥാനത്തെ കശക്കിയെറിഞ്ഞപ്പോള്‍ അവസരത്തിനൊത്തുയര്‍ന്ന് പിണറായി സര്‍ക്കാര്‍ നടത്തിയ ദുരിതാശ്വാസ-പുനരധിവാസ നടപടികള്‍ക്ക് ജനപക്ഷത്തുനിന്ന് പൂര്‍ണ സഹകരണം ലഭിച്ചതും അതുവഴി മുഖം രക്ഷിക്കാനായതും ഭരണത്തുടര്‍ച്ചക്കാവശ്യമായ ജനപിന്തുണ ഉറപ്പിക്കുന്നതില്‍ വഹിച്ച പങ്ക് അനിഷേധ്യമാണ്. ഇത്തരം ഗതികെട്ട ഘട്ടങ്ങളില്‍ യു.ഡി.എഫാണ് അധികാരത്തിലിരുന്നതെങ്കില്‍ കാര്യം കുളമായേനെ എന്ന തെറ്റോ ശരിയോ ആയ ധാരണ പൊതുവെ  ജനങ്ങളിലുണ്ട്. 2020 ഒടുവിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേടിയ അട്ടിമറി വിജയം അത് പ്രതിഫലിപ്പിക്കുന്നു. അതിന്റെ യഥാര്‍ഥ തുടര്‍ച്ചയാണ് തൊട്ടു പിറകെ വന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചിരിക്കുന്നത്. ദരിദ്ര - ഇടത്തരം കുടുംബങ്ങള്‍ക്ക് മുഖ്യാഹാരം ഒരു പ്രശ്നമേ ആവാതെ വറുതിയുടെ നാളുകള്‍ കഴിഞ്ഞു കടക്കുമ്പോള്‍, അതില്‍ സൗജന്യ റേഷനും വിവിധയിനം പെന്‍ഷനും വഹിക്കുന്ന പങ്ക് സ്ത്രീ വോട്ടര്‍മാരെ വിശേഷിച്ച് സ്വാധീനിക്കാതെ വയ്യ. ചിലതൊക്കെ കേന്ദ്ര പദ്ധതികളാണെന്നത് വസ്തുതയായിരിക്കെ എല്ലാം ഇടതു സര്‍ക്കാറിന്റെ ഔദാര്യമായി വീടുവീടാന്തരം ബോധവത്കരിക്കുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചിട്ടുണ്ട്. മറുവശം വല്ലതുമുണ്ടെങ്കില്‍ അത് ധരിപ്പിക്കാന്‍ പ്രതിപക്ഷം ചിത്രത്തിലൊരിടത്തും ഉണ്ടായിരുന്നില്ല താനും. ചുരുക്കത്തില്‍, ഭരണവിരുദ്ധ വികാരം കേരളത്തില്‍ പ്രകടമായിരുന്നില്ലെന്നതാണ് സത്യം.
പിണറായിയുടെയും ഇടതു മുന്നണിയുടെയും കണക്കുകൂട്ടലുകളെ അപ്പടി തകിടം മറിച്ച സംഭവമായിരുന്നു 2019 - ലെ ലോക്സഭാ തെരഞ്ഞെടുപ്പ്. യു.ഡി.എഫിന് മേല്‍ക്കൈ ലഭിക്കാനുള്ള സാധ്യത നിലവിലിരുന്നപ്പോഴും ഇടത് സ്ഥാനാര്‍ഥികളെ ജനം അപ്പടി നിരാകരിക്കുന്ന ദുഃസ്ഥിതി അവരൊരിക്കലും പ്രതീക്ഷിച്ചതല്ല. പക്ഷേ നരേന്ദ്ര മോദി സംഘത്തിന് കേന്ദ്ര ഭരണത്തുടര്‍ച്ച നല്‍കരുതെന്ന് ശാഠ്യമുള്ള കേരള ജനത ബദല്‍ സര്‍ക്കാറിനുള്ള സാധ്യത പ്രതീക്ഷിച്ച് ഒന്നടങ്കം ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്തപ്പോള്‍ അത് ഇടതു മുന്നണിക്ക് വന്‍ തിരിച്ചടിയാവുകയാണ് ചെയ്തത്. കഷ്ടിച്ചു ജയിച്ച സി.പി.എം സ്ഥാനാര്‍ഥി ആരിഫ് ഒഴികെ 19 സ്ഥാനാര്‍ഥികളും തറപറ്റി. പരാജയ കാരണങ്ങള്‍ വിലയിരുത്തിയ സി.പി.എം മതന്യൂനപക്ഷ വോട്ടുകളുടെ യു.ഡി.എഫ് അനുകൂല കേന്ദ്രീകരണമാണ് പരാജയത്തിന് മുഖ്യ കാരണമെന്ന് തിരിച്ചറിഞ്ഞതു മുതല്‍ വീണ്ടെടുപ്പിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിത്തുടങ്ങി. ശബരിമലയിലെ സ്ത്രീ പ്രവേശത്തിനനുകൂലമായി സുപ്രീം കോടതി വിധി വന്നപ്പോള്‍ അത് നടപ്പാക്കാന്‍ കാണിച്ച ധൃതി സംസ്ഥാന സര്‍ക്കാറിനെതിരായി ഹൈന്ദവ വിശ്വാസികളെ ഇളക്കി വിടുന്നതിന് സംഘ് പരിവാര്‍ വ്യാപകമായി ഉപയോഗിച്ചതും ലോക് സഭാ ഇലക്ഷനില്‍ വോട്ട് നഷ്ടത്തിന് കാരണമായതായി സി.പി.എം വിലയിരുത്തി. അതിനാല്‍ ഒരു വശത്ത് ഭൂരിപക്ഷ സമുദായ വോട്ടുകള്‍ പരമാവധി തിരിച്ചുപിടിക്കാനും മറുവശത്ത് മധ്യ കേരളത്തില്‍ നിര്‍ണായകമായ ക്രിസ്ത്യന്‍ വോട്ടുകള്‍ സമാഹരിക്കാനുമുള്ള തന്ത്രങ്ങള്‍ മെനഞ്ഞു. അതാണ് പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി പരീക്ഷിച്ചത്. ശബരിമല പ്രശ്നത്തില്‍നിന്ന് തന്ത്രപരമായി തലയൂരല്‍, കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പിന്മാറ്റത്തോടെ യു.ഡി.എഫില്‍ മുസ്‌ലിം ലീഗിനു ലഭിക്കുന്ന മേല്‍ക്കൈ, കേരളം നേരിടുന്ന തീവ്ര വര്‍ഗീയതാ ഭീഷണിയില്‍ മുസ്‌ലിം സംഘടനകളും തുല്യ പങ്കാളികളാണെന്ന സമീകരണം തുടങ്ങിയ കാര്യങ്ങള്‍ പൊടുന്നനെ പ്രചാരണ വിഷയങ്ങളായ പശ്ചാത്തലം ഇങ്ങനെ രൂപപ്പെട്ടതാണ്. ഈ ആസൂത്രിത നീക്കത്തിന്റെ ഉള്ളുകള്ളികള്‍ പഠിക്കാന്‍ പോലും ശ്രമിക്കാതെ കെ.പി.സി.സി നേതൃത്വം നടത്തിയ അപക്വ പ്രതികരണങ്ങള്‍ സി.പി.എമ്മിന്റെ ജോലി എളുപ്പമാക്കിക്കൊടുത്തു. കേരള പോലീസും ഹൈക്കോടതിയും ഇടതു ഭരണകാലത്തു തന്നെ പാടേ നിരാകരിച്ച 'ലൗ ജിഹാദ്' പോലും വീണ്ടും ചര്‍ച്ചാ വിഷയമായതും ഈ സാഹചര്യത്തിലാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ഹിന്ദു-മുസ്‌ലിം വര്‍ഗീയതകളെ തുല്യമായി ചെറുത്തു തോല്‍പിക്കാന്‍ ഇടതുമുന്നണി അധികാരത്തില്‍ വരണമെന്ന വാദം എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവനടക്കമുള്ള സി.പി.എം വക്താക്കള്‍ ആവര്‍ത്തിച്ചത് വെറുതെ  ആയിരുന്നില്ല.
ആസൂത്രിതവും വ്യവസ്ഥാപിതവുമായി ഇടതുമുന്നണി പ്രചാരണ രംഗത്ത് മുന്നേറിക്കൊണ്ടിരുന്നപ്പോള്‍ സ്വതേ ദുര്‍ബലമായ യു.ഡി.എഫ്, കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോരും സ്ഥാനാര്‍ഥി പ ട്ടികയിലെ പങ്കുവെപ്പും ചൊല്ലി കലഹിക്കുകയായിരുന്നു. ഏറെ വൈകിയാണെങ്കിലും പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും മുന്‍തൂക്കമുള്ള ഒരു സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചുവെങ്കിലും ശേഷവും പടലപ്പിണക്കങ്ങള്‍ അന്തിമമായി പരിഹരിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് സാധിച്ചില്ല. അല്ലെങ്കിലും ഗ്രൂപ്പ് കളിയുടെ പേരിലെ ജംബോ ഭാരവാഹി സമൂഹത്തിന്റെ ഭാരം താങ്ങാനാവാതെ കിതക്കുന്ന പാര്‍ട്ടിക്ക് കരുത്തനായ നേതാവിന്റെ അഭാവത്തില്‍ വിശേഷിച്ചൊന്നും ചെയ്യാനാകുമായിരുന്നില്ല. യു.ഡി.എഫിലെ രണ്ടാം ഘടകവും മുഖ്യ ചാലകശക്തിയുമായ മുസ് ലിം ലീഗിലും ഉടലെടുക്കുന്നുണ്ട് പ്രശ്നങ്ങള്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രകടമായ തിരിച്ചടിയില്‍നിന്ന് പാഠം പഠിച്ച് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ യു.ഡി.എഫിന് കഴിയാതെ പോയതാണ് തോല്‍വി ഇത്ര ഭയാനകമാവാന്‍ കാരണമെന്ന് ഒറ്റ നോട്ടത്തില്‍ കാണാവുന്നതേയുള്ളൂ. കോണ്‍ഗ്രസ്സിലും ഇത്തവണ മുസ് ലിം ലീഗിലും പുനരാലോചനയും തിരുത്തല്‍ നടപടികളും സംബന്ധിച്ച ആവശ്യങ്ങള്‍ ഉയരുന്നുണ്ടെങ്കിലും പ്രയോഗതലത്തില്‍ എന്തു സംഭവിക്കുന്നുവെന്ന് കാത്തിരുന്നു കാണാം. ഭദ്രമായ പാര്‍ട്ടി യന്ത്രത്തിന്റെ അഭാവത്തില്‍ ആഭ്യന്തര വിമര്‍ശനങ്ങള്‍ വനരോദനമാവുകയാണ് പതിവ്.
തീവ്ര മുസ്‌ലിംവിരുദ്ധതയും വര്‍ഗീയതയും പാരമ്യതയിലെത്തിച്ച്, ദേശീയ നേതൃത്വത്തിന്റെയും ഭരണകൂടത്തിന്റെയും സകലമാന ഒത്താശകളോടും കൂടി നിയമസഭാ സാമാജികരുടെ എണ്ണം കൂട്ടാന്‍ സംഘ് പരിവാര്‍ നേതൃത്വം നടത്തിയ മഹായത്നം നിഷ്ഫലമായതാണ് നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങള്‍ വെളിപ്പെടുത്തിയ ശ്രദ്ധേയമായ മാറ്റം. പാര്‍ട്ടിയില്‍ നേരത്തേ ആരംഭിച്ച തമ്മിലടി മൂര്‍ധന്യത്തിലെത്തിക്കാന്‍ ഇത് വഴിയൊരുക്കും. അപ്പോഴും കേരളീയ പൊതുബോധത്തില്‍ ഹിന്ദുത്വം നേടിക്കഴിഞ്ഞ സ്വാധീനം പോറലേല്‍ക്കാതെ തുടരുമെന്ന വിലയിരുത്തല്‍ പ്രസക്തമായി തുടരുന്നു.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (04-11)
ടി.കെ ഉബൈദ്‌