നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ദിശാമാറ്റത്തിന്റെ സൂചനയോ?
വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് അധികാരം കൊയ്തു കൊണ്ടിരിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ എങ്ങനെ പിടിച്ചുകെട്ടാമെന്നാണ് അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റനോട്ടത്തില്‍ രാജ്യത്തിന് കാണിച്ചുതന്നത്. എന്തു മാത്രം പ്രകോപനമുണ്ടായാലും സ്വന്തം നിലപാടില്‍ ഉറച്ചു നിന്ന് നയിക്കാന്‍ നിശ്ചയദാര്‍ഢ്യമുള്ള നേതാക്കളുണ്ടെങ്കില്‍ രാജ്യം ഭരിക്കുന്ന തീവ്രഹിന്ദുത്വ കക്ഷിയെ തോല്‍പിക്കുകയെന്നത് അസംഭവ്യമല്ലെന്നാണ് പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം, അസം, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സന്ദേശം.
സ്വാഭാവികമായി ഉയര്‍ന്നുവന്നവരായാലും മാധ്യമങ്ങള്‍ മാനിപ്പുലേറ്റ് ചെയ്ത് ഉയര്‍ത്തിക്കൊണ്ടുവന്നവരായാലും ഒരു നേതാവിനെ മുന്നില്‍ നിര്‍ത്തിയാലേ ജനത്തിന് വോട്ടു ചെയ്യാന്‍ തോന്നൂ എന്നും ഈ ഫലങ്ങള്‍ നമ്മോട് പറയുന്നുണ്ട്. മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ചേര്‍ന്ന് ഒരുക്കുന്ന വ്യാജ പ്രതിഛായാ നിര്‍മിതി പോലും ജനത്തിന് സ്വീകാര്യമാണെന്നു കൂടി ഈ തെരഞ്ഞെടുപ്പ് പഠിപ്പിച്ചു. ഭരണത്തിന്റെ ആദ്യവര്‍ഷങ്ങളിലൊന്നും ചെയ്തില്ലെങ്കിലും അവസാന വര്‍ഷം വോട്ടര്‍മാരെ പ്രീതിപ്പെടുത്തിയാല്‍ തുടര്‍ഭരണം ഉറപ്പാകുമെന്നും ഫലങ്ങള്‍ തെളിയിച്ചു.
ഹിന്ദുത്വ തേരോട്ടം തടഞ്ഞ ബംഗാള്‍
ഹിന്ദുത്വ വര്‍ഗീയതയുടെ തേരോട്ടം തടയാന്‍ എന്ത് ചെയ്യണമെന്ന് രാജ്യത്തെ ഒന്നാമതായി പഠിപ്പിച്ചത് പശ്ചിമ ബംഗാളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കാര്‍മികത്വത്തില്‍ കേന്ദ്ര ഏജന്‍സികളുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും സകല ഒത്താശയോടെയും ബംഗാളിനെ സമ്പൂര്‍ണ ഹിന്ദുത്വ സംസ്ഥാനമായി പരിവര്‍ത്തിപ്പിക്കാന്‍ മാസങ്ങളോളം നടത്തിയ പ്രയത്‌നങ്ങളാണ് ഒരിഞ്ചും വിട്ടുകൊടുക്കാത്ത മമതയുടെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്നില്‍ വിഫലമായത്. അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പി ഒഴുക്കിയ ആയിരക്കണക്കിന് കോടികള്‍ കൂടിയാണ് മമതയുടെ ചെറുത്തുനില്‍പില്‍ പാഴായിപ്പോയത്. ബംഗാളി വികാരമുണര്‍ത്തുകയും ബി.ജെ.പി ബംഗാളികളുടെ പാര്‍ട്ടി അല്ല എന്ന് സ്ഥാപിക്കുകയുമാണ് മമത ചെയ്തത്. ബി.ജെ.പി വന്നാലും മമത പോകട്ടെ എന്ന് കരുതിയ ഇടതുപക്ഷത്തെ നിരാശരാക്കുക മാത്രമല്ല, സംപൂജ്യരാക്കുകയും ചെയ്തു ബംഗാള്‍. മമതയെ തോല്‍പിക്കാന്‍ ഇടതുപക്ഷം കൂടെ കൂട്ടിയ കോണ്‍ഗ്രസിനും ഐ.എസ്.എഫിനും ഒരു സീറ്റിലെങ്കിലും ആശ്വാസം കണ്ടെത്താനായി.
ആദ്യഘട്ടങ്ങളില്‍ ബി.ജെ.പിക്ക് അനായാസം ജയിച്ചുകയറാവുന്ന, വര്‍ഗീയമായി ധ്രുവീകരിക്കപ്പെട്ട ജില്ലകളിലായിരുന്നു തെരഞ്ഞെടുപ്പ്. അത് കഴിഞ്ഞപ്പോഴേക്കും കോവിഡ് വ്യാപനത്തില്‍ പ്രതിക്കൂട്ടിലായ മോദിയും അമിത് ഷായും തെരഞ്ഞെടുപ്പ് കമീഷന്‍ എട്ടു ഘട്ടങ്ങളാക്കി ഒരുക്കി കൊടുത്ത റാലികളില്‍ പങ്കെടുക്കാന്‍ പോലും കഴിയാതെ നിസ്സഹായരായി.
ധ്രുവീകരണത്തിനും ഒരു പരിധിയുണ്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും എതിരിട്ട് പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച പ്രശാന്ത് കിഷോര്‍ പറഞ്ഞ ഒരു കാര്യമുണ്ട്. വര്‍ഗീയ ധ്രുവീകരണത്തിനും ഒരു പരിധിയുണ്ട് എന്ന്. ആ പരിധി കഴിഞ്ഞാല്‍ ധ്രുവീകരണത്തില്‍ നിന്ന് ജനം തിരിഞ്ഞു നടന്നു തുടങ്ങും. സാധാരണ ഗതിയില്‍ ബി.ജെ.പി വര്‍ഗീയ പ്രചാരണത്തിലൂടെയാണ് മുഴുവന്‍ പ്രതിപക്ഷ കക്ഷികളെയും പ്രതിരോധത്തിലാക്കാറുള്ളത്. ബി.ജെ.പി തയാറാക്കി വെക്കുന്ന അജണ്ടകള്‍ക്കുള്ളില്‍ ഓരോ തെരഞ്ഞെടുപ്പിലെയും ചര്‍ച്ചകള്‍ പരിമിതപ്പെടുത്താന്‍ ഇതു മൂലം മറ്റു പാര്‍ട്ടികളെല്ലാം നിര്‍ബന്ധിതമാകും. സ്വന്തം തന്ത്രങ്ങള്‍ പുറത്തെടുക്കാന്‍ മറ്റു പാര്‍ട്ടികള്‍ക്കൊന്നും ഇതു മൂലം സാധിക്കാതെ വരും. ഒടുവില്‍ ബി.ജെ.പി വിചാരിച്ചേടത്ത് കാര്യങ്ങളെത്തുകയും മറ്റുള്ളവരുയര്‍ത്തിയ വിഷയങ്ങളെല്ലാം നിഷ്പ്രഭമായി മാറുകയും ചെയ്യും. ഹിന്ദി ദേശീയതയെ ബംഗാളി ഉപദേശീയത കൊണ്ട് നേരിടുകയാണ് മമത ചെയ്തത്. ബംഗാളികളോട് ഹിന്ദിയില്‍ സംസാരിച്ചുകൊണ്ടായിരുന്നു മോദിയും അമിത് ഷായും റാലികള്‍ നടത്തിയത്. ഹിന്ദി സംസാരിക്കുന്ന ബംഗാളി മാര്‍വാഡികള്‍ തങ്ങള്‍ക്കു മേല്‍ ആധിപത്യം പുലര്‍ത്തുന്നത് ഉള്‍ക്കൊള്ളാനുള്ള മനസ്സ് ബംഗാളികള്‍ക്കില്ലാത്തത് മമത പ്രയോജനപ്പെടുത്തുകയും ചെയ്തു.
ബി.ജെ.പിയെ ഭയന്ന കോണ്‍ഗ്രസും പ്രതിക്കൂട്ടില്‍
ബി.ജെ.പിയെ ഭയന്ന് ധ്രുവീകരണത്തിന് അനുസൃതമായി മണ്ണ് ഒരുക്കിയതില്‍ കോണ്‍ഗ്രസും പ്രതിക്കൂട്ടിലാണ്. ബി.ജെ.പിയുടെ അജണ്ടകള്‍ക്ക് അനുസൃതമായ തരത്തില്‍ ഗോള്‍ പോസ്റ്റ് മാറ്റി സ്വന്തം ഗ്രൗണ്ട് നഷ്ടപ്പെടുത്തുന്നതിന്റെ ഏറ്റവും മികച്ച പ്രതിപക്ഷ ഉദാഹരണമാണ് ഈ പാര്‍ട്ടി. ഇതിലൂടെ രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസിനെ പോലെ ബി.ജെ.പിയെ ഭയക്കുന്ന പ്രതിപക്ഷ കക്ഷികളുടെ കുറ്റകരമായ പങ്കു കൂടിയാണ് അനാവരണം ചെയ്യപ്പെടുന്നത്.
ന്യൂനപക്ഷ പ്രീണനം എന്ന ആരോപണം കേള്‍ക്കുമ്പോഴേക്ക് സ്വന്തം വോട്ട്ബാങ്കിനെ അകറ്റി നിര്‍ത്തി ബി.ജെ.പി ഇതിനകം നിയന്ത്രണമേറ്റെടുത്ത വോട്ട് ബാങ്കിന്റെ പിന്തുണ കിട്ടാന്‍ പരമാവധി ശ്രമിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യാറുള്ളത്. 2014- ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ ധ്രുവീകരണ രാഷ്ട്രീയത്തിന് സ്വന്തം വോട്ട്ബാങ്ക് കൈയൊഴിഞ്ഞ് വര്‍ഗീയ അജണ്ടക്ക് കോണ്‍ഗ്രസ് തല വെച്ചുകൊടുത്തു. ഹിന്ദു വര്‍ഗീയത പരമാവധി ആളിക്കത്തിക്കുന്ന ബി.ജെ.പിയോട് ആ നിലക്ക് മത്സരിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് കൈയിലുള്ളത് നഷ്ടപ്പെടുത്തുകയും ചെയ്യും. ബി.ജെ.പിയുടെ പക്കലുള്ളത് ഏറ്റെടുക്കാന്‍ കഴിയാത്ത നിവൃത്തികേടിലാവുകയും ചെയ്യും. ബി.ജെ.പിയുടെ വ്യാജ ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാമെന്നല്ലാതെ ഒരു വോട്ട് പോലും പുതുതായി ചേര്‍ക്കാന്‍ ഇന്നു വരെ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ബി.ജെ.പി കോണ്‍ഗ്രസില്‍ ആരോപിക്കുന്ന ന്യൂനപക്ഷ പ്രീണനം തന്നെയായിരുന്നു സി.പി.എമ്മും കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫിനെതിരെ മറ്റൊരു തരത്തില്‍ ഉന്നയിച്ചുകൊണ്ടിരുന്നത് എന്നത് ഇതിനോട് ചേര്‍ത്തു വായിക്കണം.
ബി.ജെ.പിയുടെ പ്രചാരണം ഭയന്ന് ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് നിരന്തരം ചെയ്തുകൊണ്ടിരുന്നതു തന്നെ കേരളത്തിലും ചെയ്തപ്പോള്‍ കൈപ്പിടിയിലുണ്ടായിരുന്ന വോട്ട്ബാങ്ക് നഷ്ടമാവുകയും പരാജയത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ന്യൂനപക്ഷ പ്രീണനം എന്ന ബി.ജെ.പി പ്രോപഗണ്ട കേള്‍ക്കുേമ്പാഴേക്കും മുസ്ലിംകളെയും മുസ്ലിം സംഘടനകളെയും നാലടി ദൂരെ നിര്‍ത്തി സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് അവരെ പരമാവധി ഒഴിവാക്കിയാണ് ഉള്ള വോട്ട് ബാങ്ക് അത്രയും കോണ്‍ഗ്രസ് നഷ്ടപ്പെടുത്തിയത്. കേരളത്തില്‍ മറുഭാഗത്ത് കോണ്‍ഗ്രസിനെ ന്യൂനപക്ഷങ്ങളില്‍ നിന്നകറ്റിയ സി.പി.എം വോട്ട്‌നാളില്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ പോസ്റ്ററിറക്കി അക്ഷരാര്‍ഥത്തില്‍ 'മുസ്ലിം പ്രീണനം' കളിക്കുകയും ചെയ്തു.
മുസ്ലിംകളെ ചേര്‍ത്തുനിര്‍ത്തി അജണ്ടയുമായി മുന്നോട്ട്
എന്നാല്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിന്റെ നടപ്പുദീനത്തിനുള്ള പ്രായോഗിക ചികിത്സയാണ് മമതാ ബാനര്‍ജിയിലൂടെ രാഷ്ട്രീയ തന്ത്രജഞനായ പ്രശാന്ത് കിഷോര്‍ കാണിച്ചുകൊടുത്തത്. മുസ്ലിംകളെ പ്രീണിപ്പിക്കുന്നുവെന്ന് പറഞ്ഞ് മമതാ ബാനര്‍ജിയെ നിരന്തരം ആക്രമിച്ചു കൊണ്ടിരുന്ന ബി.ജെ.പി മുസ്ലിം പേരുകളില്‍ അവരെ വിളിച്ചും പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞും അവഹേളിച്ചിട്ടു പോലും തന്റെ വോട്ട്ബാങ്കിനെ തള്ളിപ്പറയാനോ അകറ്റി നിര്‍ത്താനോ മമത തയാറായില്ല. വൈകാരികമായി പ്രതികരിക്കാറുള്ള മമത അങ്ങേയറ്റം ക്ഷമയോടെ തനിക്കെതിരെ വന്ന വ്യാജ ആരോപണങ്ങളെയെല്ലാം അവഗണിച്ച് സ്വന്തം വോട്ട്ബാങ്കിനെ ചേര്‍ത്തുനിര്‍ത്തി ജനങ്ങള്‍ക്ക് മുന്നില്‍ തനിക്ക് വെക്കാനുള്ള അജണ്ടകളുമായി മുന്നോട്ടുപോയി.
കൂടുതല്‍ ജനവാസകേന്ദ്രങ്ങളില്‍ മുതിര്‍ന്ന നേതാക്കളെ എത്തിക്കുന്നതിനു പകരം പോകുന്ന വഴികളിലെ ക്ഷേത്രങ്ങളിലെല്ലാം ദര്‍ശനം ഉറപ്പുവരുത്തി ജയമുറപ്പിക്കാനുള്ള തന്ത്രമല്ല പ്രശാന്ത് കിഷോര്‍ മമതയെ പഠിപ്പിച്ചത്. ബി.ജെ.പിയുടെ പ്രീണന ആരോപണം ഭയന്ന് ന്യൂനപക്ഷങ്ങളെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് വെട്ടി മാറ്റാനും മമത തയാറായില്ല. പകരം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി അവരുടെ പ്രശ്‌നങ്ങളും അവര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങളും ചര്‍ച്ചയാക്കുകയും ചെയ്തു.
ജനങ്ങളും ധ്രുവീകരണവും
ജനങ്ങള്‍ അടിസ്ഥാനപരമായി വര്‍ഗീയമല്ലെന്നാണ് പ്രശാന്ത് കിഷോര്‍ പറയുന്നത്. എന്നാല്‍ ബി.ജെ.പി വര്‍ഗീയ ധ്രുവീകരണത്തിന്റെ രാഷ്ട്രീയത്തിലൂടെ അവരെ കൊണ്ടുപോവുകയാണ്. അതില്‍ പതറിപ്പോകുന്ന പാര്‍ട്ടികള്‍ സ്വന്തം തട്ടകത്തില്‍ തന്നെ അവര്‍ക്ക് അടിയറവ് പറയുന്നു. ബി.ജെ.പിയും മാധ്യമങ്ങളും പ്രതിരോധത്തിലാക്കുമെന്ന് ഭയന്ന് മുസഫര്‍ നഗര്‍ കലാപബാധിത പ്രദേശം മുഖ്യമന്ത്രി എന്ന നിലയില്‍ ഒരിക്കല്‍ പോലും സന്ദര്‍ശിക്കാത്ത അഖിലേഷ് യാദവിന്റെ മാതൃക പിന്‍പറ്റാത്ത മമത കുച്ച് ബിഹാറില്‍ കേന്ദ്ര സേന വെടിവെച്ചു കൊന്ന മുസ്ലിം വോട്ടര്‍മാരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ മോദിയെ വെല്ലുവിളിച്ച് കാണിച്ച ആര്‍ജവമാണ് മാള്‍ഡയിലെയും മുര്‍ശിദാബാദിലെയും മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലെ ജയങ്ങളായി മാറിയത്. മമതക്ക് ഒരു വേരോട്ടവുമില്ലാത്ത കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു ഇത്.
താനും തന്റെ പിതാവും നിലകൊള്ളുന്ന ദ്രാവിഡ രാഷ്ട്രീയത്തിന്റെ നിലപാടില്‍ നിന്നു കൊണ്ടാണ് കരുണാനിധിയുടെ മകന്‍ സ്റ്റാലിന്‍ ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെയും ചേര്‍ന്ന് നടത്തിയ കടുത്ത വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ നിഷ്പ്രഭമാക്കിയത്. ഡി.എം.കെയുടെ വോട്ട് ഭിന്നിപ്പിക്കുന്നതിനു വേണ്ടി അമിത് ഷായുടെ ആശീര്‍വാദത്തോടെ ഇറങ്ങിയ പുതിയ രാഷ്ട്രീയ പരീക്ഷണങ്ങളെയും സ്റ്റാലിന്‍ മറികടന്നു. അസമിലാകട്ടെ മുന്നില്‍ നിന്ന് നയിക്കാന്‍ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇല്ലാത്തതു കൊണ്ട് മാത്രമാണ് കോണ്‍ഗ്രസ് നയിച്ച മഹാസഖ്യത്തിന് ഭരണം കൈപ്പിടിയില്‍നിന്ന് വഴുതിപ്പോയത്.
പ്രസിഡന്‍ഷ്യല്‍ രീതിയും പ്രാദേശിക കക്ഷികളും
രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ ഒരുതരം പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് മാറിയതോടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളെ ഉയര്‍ത്തിക്കാണിക്കാന്‍ കഴിയാത്ത പാര്‍ട്ടികള്‍ക്ക് പരാജയം രുചിക്കേണ്ടി വരുമെന്ന പാഠം കൂടി അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ രാജ്യത്തിന് നല്‍കി. ബംഗാളില്‍ മമത ബാനര്‍ജിയും തമിഴ്‌നാട്ടില്‍ എം.കെ സ്റ്റാലിനും കേരളത്തില്‍ പിണറായി വിജയനും അസമില്‍ സര്‍ബാനന്ദ സോനോവാളും മുഖ്യമന്ത്രി സ്ഥാനാര്‍ഥികളായി മുന്നില്‍ നിന്ന് നയിച്ച് അതത് പാര്‍ട്ടികളെ വിജയത്തിലെത്തിച്ചപ്പോള്‍ പരാജയപ്പെട്ട പാര്‍ട്ടികളായ ബി.ജെ.പിക്കും കോണ്‍ഗ്രസിനും എ.ഐ.എ.ഡി.എം.കെക്കും ജനസ്വാധീനമുള്ള ഏക നേതാവിലേക്ക് പ്രചാരണം കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല. നേതാക്കളുടെ പടയുണ്ടായിട്ടും കേരളത്തില്‍ കോണ്‍ഗ്രസിനും ബംഗാളില്‍ ബി.ജെ.പിക്കും ഭരണവിരുദ്ധ വികാരം മുതലെടുക്കാന്‍ പോലുമായില്ല. അധികാര വികേന്ദ്രീകരണത്തേക്കാള്‍ എല്ലാ അധികാരങ്ങളും ഒരാളില്‍ സമ്മേളിക്കുന്ന ബിംബനിര്‍മിതിയാണ് ജനം ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. ആ നിലക്ക് നരേന്ദ്ര മോദിക്ക് ബദല്‍ ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാണിക്കാതെ 2024-ലെ പൊതുതെരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിന് ഒന്നും ചെയ്യാന്‍ കഴിയാതെ വരും. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മമത ജയിച്ചുകയറിയതില്‍ നിന്ന് രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍ പഠിച്ചാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ അതൊരു വഴിത്തിരിവായി മാറും. വിവിധ മേഖലകളില്‍ ആധിപത്യമുള്ള കക്ഷികള്‍ക്ക് ഫാഷിസ്റ്റ് തേര്‍വാഴ്ചയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ഇനിയും കെല്‍പ്പുണ്ടെന്ന് തെരഞ്ഞെടുപ്പു ഫലം തെളിയിച്ചിരിക്കുന്നു എന്ന് പറയുമ്പോള്‍ തന്നെ ആ പ്രാദേശിക പാര്‍ട്ടികളെ ദേശീയതലത്തില്‍ ഫലപ്രദമായി ഒരുമിപ്പിച്ചു നിര്‍ത്താന്‍ കഴിയാത്തിടത്തോളം മോദി ഭരണകൂടത്തിന് ഒന്നും ഭയക്കാനില്ല എന്നു കൂടി തിരിച്ചറിയണം.
Comments