Prabodhanm Weekly

Pages

Search

2021 മെയ് 14

3202

1442 ശവ്വാല്‍ 02

അല്ലാഹു ഒരുക്കിയ തീന്മേശയിലിരുന്നാണ് പെരുന്നാളാഘോഷിക്കേണ്ടത്

 ഡോ. അബ്ദുല്‍ വാസിഅ്

അന്നദാനം ആരാധനയാക്കുകയും ആരാധനയെ ആഘോഷമാക്കുകയും ചെയ്ത ലോകത്തെ ഒരേയൊരു ദര്‍ശനമാണ് ഇസ്‌ലാം. പെരുന്നാളിന്റെ രുചി അഗതിയും ദരിദ്രനും കഴിക്കുന്ന അന്നത്തിലാണെന്നും, അന്നമില്ലാതെ അലയുന്നവരുള്ള പെരുന്നാള്‍ പെരുന്നാളല്ലെന്നുമാണ് ഇസ്‌ലാമിക അധ്യാപനങ്ങള്‍ പകര്‍ന്നുനല്‍കുന്ന അതിമഹത്തായ സന്ദേശം. സകാതുല്‍ ഫിത്വ്ര്‍ എന്ന ആരാധന ചെറിയ പെരുന്നാളിനെ ആഘോഷപൂരിതമാക്കുമ്പോള്‍ ഉദ്ഹിയ്യത്ത് അഥവാ ബലിയെന്ന ആരാധനയാണ് ബലിപെരുന്നാളിനെ ആഹ്ലാദനിര്‍ഭരമാക്കുന്നത്.
അന്നമില്ലാതെ എന്തു പെരുന്നാള്‍ എന്ന് ചോദിക്കുന്ന ഒരു സംഭവം വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. ഈസാ നബി(അ)യുടെ പ്രിയ ശിഷ്യന്മാര്‍ -ഹവാരിയ്യുകള്‍ - അദ്ദേഹത്തോട് ഒരു അമാനുഷ ദൃഷ്ടാന്തം (മുഅ്ജിസത്ത്) ആവശ്യപ്പെടുന്നതാണ് പശ്ചാത്തലം. 'ആകാശത്തു നിന്ന് ഭക്ഷ്യവിഭവങ്ങള്‍ നിരത്തിയ ഒരു തീന്മേശ ഇറക്കിത്തരാന്‍ താങ്കളുടെ റബ്ബിനോട് പറയുക' എന്നതായിരുന്നു അവരുടെ ആവശ്യം. 'അതില്‍നിന്ന് ഞങ്ങള്‍ക്ക് ആഹരിക്കാമല്ലോ, അങ്ങനെ താങ്കളുടെ സത്യസന്ധത ഞങ്ങള്‍ക്ക് ബോധ്യപ്പെടുകയും ചെയ്യുമല്ലോ' (അല്‍മാഇദ 113) എന്നതായിരുന്നു അവരുടെ ന്യായം. എന്നാല്‍ അവര്‍ക്ക് മാത്രം ഭക്ഷണം നല്‍കുന്ന തീന്മേശക്കു വേണ്ടി പ്രാര്‍ഥിക്കുന്നതിനു പകരം എല്ലാവരും ഭക്ഷണം കഴിച്ച് പെരുന്നാളാഘോഷിക്കുന്ന തീന്മേശക്കു വേണ്ടിയാണ് ഈസാ നബി (അ) പ്രാര്‍ഥിച്ചത്. അദ്ദേഹം അല്ലാഹുവിനോട് നടത്തുന്ന പ്രാര്‍ഥന ഇപ്രകാരമാണ്: ''ഞങ്ങളുടെ നാഥനായ അല്ലാഹുവേ, മാനത്തുനിന്ന് ഞങ്ങള്‍ക്ക് ഒരു തീന്മേശ ഇറക്കിത്തരേണമേ! അത് ഞങ്ങളുടെ, ആദ്യക്കാര്‍ക്കും അവസാനക്കാര്‍ക്കും ഒരു പെരുന്നാളും നിന്നില്‍നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിരിക്കട്ടെ. ഞങ്ങള്‍ക്ക് നീ അന്നം നല്‍കുക. അന്നം നല്‍കുന്നവരില്‍ അത്യുത്തമന്‍ നീയല്ലോ'' (അല്‍മാഇദ 114). എല്ലാവര്‍ക്കും ഒരുപോലെ ഭക്ഷണം ലഭിക്കുന്ന വിഭവസമൃദ്ധമായ പെരുന്നാളായിരുന്നു ഈസാ (അ) അനുയായികള്‍ക്ക് പഠിപ്പിച്ചുകൊടുത്തത് എന്നുള്ളത് ഇവിടെ ശ്രദ്ധേയമാണ്.
പട്ടിണിയില്ലാത്ത, സാമ്പത്തിക സന്തുലിതത്വവും ഉദാരമനസ്‌കതയുമുള്ള, സന്തോഷകരമായ സാമൂഹിക ജീവിതത്തിന്റെ പൂര്‍ത്തീകരണത്തിനുതകുന്ന ഉന്നതമായ മാനവിക മൂല്യങ്ങളാണ് ഇസ്‌ലാമിലെ പെരുന്നാളുകളില്‍ പൂത്തുലയുന്നത്. ഇസ്‌ലാമിക ദര്‍ശനത്തിന്റെ മൂലശിലയായി ഗണിക്കപ്പെടുന്ന രണ്ട് കാലാധിഷ്ഠിത (നോമ്പ്, ഹജ്ജ്) ആരാധനകളെതുടര്‍ന്ന്, സ്ഥലകാലഭേദമില്ലാതെ ജീവിതത്തില്‍ നിര്‍വഹിക്കുന്ന മറ്റു രണ്ട് ആരാധനകളുടെ (സ്വലാത്ത്, സ്വദഖ ) അകമ്പടിയോടെ നിര്‍വഹിക്കപ്പെടുന്ന അതിമഹത്തായ ആരാധനാമുഖമുള്ള ആഘോഷങ്ങളാണ് ഈദുല്‍ ഫിത്വ്റും ഈദുല്‍ അദ്ഹായും. ജീവിതത്തില്‍ മനുഷ്യര്‍ക്ക് ഏറെ പ്രിയങ്കരമായ പലതുമുണ്ട്. അന്നപാനീയങ്ങളും ലൈംഗിക വികാരശമനവും ഓരോ മനുഷ്യനെ സംബന്ധിച്ചേടത്തോളവും ശാരീരികമായി ഏറെ പ്രിയപ്പെട്ടതും അതിയായി കൊതിക്കുന്നവയുമാണെങ്കില്‍, വേഷഭൂഷാദികളും സംസാരശൈലിയും അവന്റെ വ്യക്തിത്വരൂപീകരണ തലത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. ഇവ രണ്ടും താല്‍ക്കാലികമായി ഉപേക്ഷിക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ ഉള്ള പരിശീലനമാണ് റമദാന്‍ വ്രതവും പരിശുദ്ധ ഹജ്ജ്കര്‍മവും വിശ്വാസിക്ക് നല്‍ക്കുന്നത്.
എന്നാല്‍ വ്രതവും ഹജ്ജും ഉദ്ഘോഷിക്കുന്ന അത്യുന്നതമായ ത്യാഗശീലവും സുഹ്ദും ഈ ലോകത്ത് വിശ്വാസിയിലുണ്ടായിരിക്കേണ്ട അടിസ്ഥാന/ശാശ്വത ഗുണമായല്ല ഇസ്‌ലാം കണ്ടിരിക്കുന്നത്. വിശ്വാസികള്‍ ലോകത്ത് സൃഷ്ടിക്കാനുദ്ദേശിക്കുന്ന ഉന്നതമായ സാമൂഹികക്രമത്തിന്റെ നിര്‍മാണത്തിന് അത്യന്താപേക്ഷിതമായ മുന്നുപാധി മാത്രമാണ് അത്. സുഭിക്ഷതയില്‍ ജീവിച്ച്, സിംഹാസനത്തിലിരുന്ന് നാട് ഭരിച്ച പ്രവാചകന്മാരെ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുകയും, അവര്‍ക്ക് ലഭിച്ച ഭൗതികാനുഗ്രഹങ്ങള്‍ അതിമനോഹരമായി വര്‍ണിക്കുകയും ചെയ്തിരിക്കുന്നു. മാത്രമല്ല, പരലോക മോക്ഷത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നതുപോലെ തന്നെ ഇഹലോകക്ഷേമത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നവരാണ് വിശ്വാസികള്‍ എന്ന ഖുര്‍ആനിക അധ്യാപനവും (അല്‍ബഖറ 201) വിശ്വാസവും ദൈവഭക്തിയും കൈമുതലായുള്ളവര്‍ക്ക് ഐഹികലോകത്ത് ഐശ്വര്യം നല്‍കുമെന്ന ഖുര്‍ആനിക വാഗ്ദാനവും (അല്‍അഅ്റാഫ് 96) സുഭിക്ഷത നിറഞ്ഞ ജീവിതത്തെയാണ് അടയാളപ്പെടുത്തുന്നത്. അതിനാല്‍തന്നെ വിഭവക്കമ്മി അനുഭവിച്ചുകൊണ്ടുള്ള ത്യാഗനിര്‍ഭരമായ ജീവിതത്തിലൂടെ മാത്രമേ വിശ്വാസിയുടെ ഇഹലോക ജീവിതം അര്‍ഥവത്താകൂ എന്ന വീക്ഷണം അടിസ്ഥാനരഹിതമാണ്.
മാത്രവുമല്ല, ഇസ്‌ലാം പഠിപ്പിക്കുന്ന ത്യാഗം, തനിക്ക് ഏറ്റവും പ്രിയങ്കരമായത് ഉപേക്ഷിക്കുന്നതു കൊണ്ടു മാത്രം പൂര്‍ത്തീകരിക്കപ്പെടുകയില്ല. പ്രിയപ്പെട്ടത് ത്യജിച്ചതുകൊണ്ടോ, ആഗ്രഹങ്ങള്‍ അറുത്തുമാറ്റിയതുകൊണ്ടോ സന്തുലിതമായ സാമൂഹിക ക്രമം രൂപപ്പെടുകയില്ല എന്നതിനാലാണത്. അതുകൊണ്ടാവാം പെരുന്നാള്‍ പോലുള്ള ആഹ്ലാദനിര്‍ഭരമായ മുഹൂര്‍ത്തങ്ങളില്‍ ത്യാഗത്തോടൊപ്പം ദാനധര്‍മമെന്ന മറ്റൊരു മാനവികമൂല്യം ഇസ്‌ലാം വളര്‍ത്തിയെടുത്തത്. തനിക്ക് പ്രിയപ്പെട്ടത് ത്യജിക്കാനും മാറ്റിവെക്കാനും തയാറുള്ള മനുഷ്യന്‍ പലപ്പോഴും അവ മറ്റുള്ളവര്‍ക്ക് ലഭിക്കണമെന്ന് ആഗ്രഹിക്കാറില്ല. അതിനാല്‍ തന്നെയാണ് ഉപേക്ഷയോടൊപ്പം ദാനധര്‍മം കൂടി വളര്‍ത്തുക വഴി, ചിലതൊക്കെ തനിക്ക് വേണ്ടെന്നുവെക്കാനും അവ അപരന് ലഭിക്കണമെന്ന് ഉറപ്പു വരുത്താനും പടച്ച തമ്പുരാന്‍ തീരുമാനിച്ചത്. ചെറിയ പെരുന്നാള്‍ നമസ്‌കരിക്കുന്നതിനു മുമ്പ് സകാത്തുല്‍ ഫിത്വ്റ് അതിന്റെ അവകാശികള്‍ക്ക് എത്തിച്ചുകൊടുക്കണമെന്നതാണ് തിരുദൂതരുടെ കല്‍പന. പ്രസ്തുത ദാനത്തെ അവിടുന്ന്  'അഗതിക്കുള്ള വിഭവം' എന്ന് വിശേഷിപ്പിക്കുകയും, 'അന്നേ ദിവസം എല്ലാവരെയും സമ്പന്നരാക്കണം' എന്ന് ആഹ്വാനം നടത്തുകയും ചെയ്തിരിക്കുന്നു. മാനവ ചരിത്രത്തിലെ അത്യുന്നതമായ ത്യാഗസ്മരണ നിലനിര്‍ത്തി ഇബ്‌റാഹീമിയന്‍ പാരമ്പര്യത്തില്‍ ബലി നിര്‍വഹിക്കാന്‍ പെരുന്നാള്‍ ദിനത്തില്‍ വിശ്വാസിയോട് കല്‍പിച്ച് അല്ലാഹു, അതിന്റെ മാംസം യാചകനും അഗതിക്കും (അല്‍ഖാനിഅ് വല്‍മുഅ്തര്‍റ്) വീതിച്ചുനല്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു (അല്‍ഹജ്ജ് 28). ചുരുക്കത്തില്‍, സകാത്തുല്‍ ഫിത്വ്റും ബലിമാംസവും ചേര്‍ത്ത് അല്ലാഹു ഒരുക്കിയ 'തീന്മേശ'ക്ക് ചുറ്റുമിരുന്നാണ് മുസ്‌ലിം ഉമ്മത്ത് പെരുന്നാളാഘോഷിക്കേണ്ടത്.
പെരുന്നാളില്‍ അല്ലാഹു ഇറക്കിയ ഈ 'തീന്മേശ' പെട്ടെന്നൊരു സുപ്രഭാതത്തില്‍ പാചകം ചെയ്‌തെടുത്തതല്ല എന്നതാണ് മറ്റൊരു വസ്തുത. ചെറിയ പെരുന്നാളിനു മുമ്പ് നീണ്ട ഒരു മാസം വ്രതമെടുക്കാന്‍ അല്ലാഹു വിശ്വാസികളോട് കല്‍പിച്ചത് ഇതിനുള്ള മുന്നൊരുക്കമായിരുന്നു. ദരിദ്രരോടും അഗതികളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള ആഹ്വാനമായിരുന്നു അത്. വിശപ്പിന്റെ നോവറിയുന്ന വിശ്വാസിക്കു മാത്രമേ ഇല്ലായ്മ അനുഭവിക്കുന്നവരെ ചേര്‍ത്ത് സദ്യയൊരുക്കാനുള്ള സന്മനസ്സുണ്ടാവുകയുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. ഒരു മാസക്കാലം വിഭവങ്ങള്‍ കൈയിലിരിക്കെ അവ മാറ്റിവെച്ച് വിശപ്പനുഭവിച്ചവന് മാത്രമേ, വിശക്കുന്നവരെ ഊട്ടി പെരുന്നാളാഘോഷിക്കാന്‍ അര്‍ഹതയുള്ളൂ എന്നാണ് ഇസ്‌ലാം ഉദ്‌ഘോഷിക്കുന്നത്. എന്നാല്‍ റമദാനില്‍ ദരിദ്രരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോഴും, അന്തസ്സാര്‍ന്ന വസ്ത്രം ധരിച്ച് തന്റെ കുലീനതയും ആഢ്യത്വവും മുറുകെപ്പിടിച്ച് ജീവിച്ചിരുന്ന വിശ്വാസിയെ ബലിപെരുന്നാള്‍ വരുമ്പോഴേക്കും ഒരടി കൂടി മുന്നോട്ടു നടത്തുകയാണ് ഇസ്‌ലാം. സാമൂഹിക ഉച്ചനീചത്വങ്ങളെ കുറിക്കുന്ന എല്ലാ അടയാളങ്ങളും അവനില്‍നിന്ന് വലിച്ചൂരി, ഇഹ്റാമിന്റെ വസ്ത്രത്തില്‍ പൊതിഞ്ഞ്, കഅ്ബാലയത്തിന്റെ പരിസരത്ത് അവനെ കൊണ്ടുവന്ന് നിര്‍ത്തുന്നു. ഹറമില്‍ വന്നണയാന്‍ കഴിയില്ലെങ്കില്‍ പോലും ബലിമൃഗത്തിന്റെ കഴുത്തില്‍ കത്തിവെച്ച് വിവേചനത്തിന്റെ വേരുകളെല്ലാം മുറിച്ചുകളയാനും ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹിക സമത്വത്തിനു വേണ്ടി നിലകൊള്ളാനും അവനോട് കല്‍പിച്ചിരിക്കുന്നു.
ചുരുക്കത്തില്‍, പുതുവസ്ത്രങ്ങള്‍ ധരിച്ച് വയറ് നിറയെ വിഭവങ്ങള്‍ കഴിച്ചാല്‍ രൂപപ്പെടുന്നതല്ല പെരുന്നാളിന്റെ മധുരവും ആനന്ദവും. വിശ്വാസി സമൂഹത്തിന് ആകമാനം വസ്ത്രമെത്തിക്കാനും, അവരെയെല്ലാം ഊട്ടുന്ന ഭക്ഷണത്തളിക ഒരുക്കാനും നടത്തുന്ന ശ്രമങ്ങളേക്കാള്‍ ആനന്ദകരമായി മറ്റെന്തുണ്ട്! രണ്ട് പെരുന്നാളുകള്‍ക്കും മുമ്പുള്ള ത്യാഗവും പെരുന്നാളുകളിലെ ദാനവും മറ്റൊരു ആശയത്തിലേക്കുകൂടി വിരല്‍ചൂണ്ടുന്നുണ്ട്. ചിലതൊക്കെ ത്യജിച്ചാലേ മറ്റ് ചിലതൊക്കെ നേടിയെടുക്കാനാവൂ എന്നതാണത്. സുഖലോലുപതയില്‍ ആറാടുന്ന ജനതക്ക് വിപ്ലവങ്ങള്‍ സൃഷ്ടിക്കാനോ സമരോത്സുകരായി നിലകൊള്ളാനോ സാധിക്കുകയില്ലെന്നതിന് ഖുര്‍ആന്‍ നിരവധി ഉദാഹരണങ്ങള്‍ നിരത്തുന്നുണ്ട്. ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ഇസ്രാഈല്യര്‍ ലോകചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ അനുഗ്രഹങ്ങള്‍ ലഭിച്ച ജനതയായിരുന്നു. ആകാശത്തു നിന്ന് മന്നും സല്‍വയും അല്ലാഹു അവര്‍ക്ക് ഇറക്കി (അല്‍ബഖറ 57). അവ കഴിച്ച് മടുത്തപ്പോള്‍ പ്രവാചകന്‍ മൂസായുടെ അടുത്തു ചെന്ന് മറ്റ് പല വിഭവങ്ങളും ആവശ്യപ്പെട്ടു (അല്‍ബഖറ 61). ചോദിച്ചതെല്ലാം നല്‍കിയതിനു ശേഷം അല്ലാഹു അവരോട് അനുഗൃഹീത ഭൂമിയില്‍ പ്രവേശിക്കാനാവശ്യപ്പെട്ടു. ഖുര്‍ആന്‍ പ്രസ്തുത സംഭവം ഇപ്രകാരം വിവരിക്കുന്നുണ്ട്: ''എന്റെ ജനമേ, അല്ലാഹു നിങ്ങള്‍ക്കായി നിശ്ചയിച്ച പുണ്യഭൂമിയില്‍ പ്രവേശിക്കുക. പിറകോട്ട് തിരിച്ചുപോകരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ പരാജിതരായിത്തീരും. അവര്‍ പറഞ്ഞു: ഹേ മൂസാ, പരാക്രമികളായ ജനമാണ് അവിടെയുള്ളത്. അവര്‍ പുറത്തുപോകാതെ ഞങ്ങളവിടെ പ്രവേശിക്കുകയില്ല. അവര്‍ അവിടം വിട്ടൊഴിഞ്ഞാല്‍ ഞങ്ങളങ്ങോട്ടുപോകാം'' (അല്‍മാഇദ 22).
മൂസാക്കും അനുയായികള്‍ക്കുമിടയിലെ പ്രസ്തുത സംഭാഷണം അവസാനിച്ചത് ഇങ്ങനെയായിരുന്നു: ''മൂസാ, അവരവിടെ ഉള്ളേടത്തോളം കാലം ഞങ്ങളങ്ങോട്ട് പോവുകയില്ല. അതിനാല്‍ താനും തന്റെ രക്ഷിതാവും പോയി യുദ്ധം ചെയ്തുകൊള്ളുക. ഞങ്ങള്‍ ഇവിടെ ഇരുന്നുകൊള്ളാം'' (അല്‍മാഇദ 24).
സുഖലോലുപതയില്‍ ജീവിച്ച സമൂഹത്തിന് അധര്‍മത്തിനെതിരായ പോരാട്ടത്തിന്റെ നായകത്വം ഏറ്റെടുക്കാനാവില്ലെന്ന സന്ദേശം ഈ ചരിത്രത്തില്‍ ഉള്ളടങ്ങിയിരിക്കുന്നു. ഭൗതികവിഭവങ്ങളില്‍ മതിമറന്ന് ജീവിച്ച് ഉത്തരവാദിത്ത നിര്‍വഹണത്തില്‍ പരാജയപ്പെട്ട ഇസ്രാഈല്യര്‍ക്ക് പിന്നീട് അല്ലാഹു ചില നിശ്ചിത വിഭവങ്ങള്‍ നിഷിദ്ധമാക്കിയെന്ന ഖുര്‍ആനിക വചനങ്ങള്‍ ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ് (അന്നിസാഅ് 160). അല്ലാഹു ഒരു സമൂഹത്തെ നശിപ്പിക്കാനുദ്ദേശിച്ചാല്‍ അവിടത്തെ സുഖലോലുപന്മാര്‍ക്ക് അവസരം നല്‍കുമെന്ന ഖുര്‍ആനിക അധ്യാപനത്തിന്റെ (അല്‍ഇസ്രാഅ് 16) ആശയവും മറ്റൊന്നല്ല.
ഈ വീക്ഷണകോണില്‍നിന്ന് വിലയിരുത്തുന്ന പക്ഷം ഇസ്‌ലാമിക ചരിത്രത്തിലെ അതിമഹത്തായ വിജയങ്ങളൊക്കെയും പരിശുദ്ധ റമദാനില്‍ പൂര്‍ത്തീകരിക്കപ്പെട്ടുവെന്നത് കേവലം യാദൃഛികമായി കാണാനാവില്ല. അല്ലാഹുവിന്റെ കല്‍പനപ്രകാരം പ്രിയപ്പെട്ടതെല്ലാം മാറ്റിവെക്കാന്‍ തയാറുള്ള ജനതക്ക് ദൈവിക മാര്‍ഗത്തില്‍ എത്ര വലിയ പോരാട്ടത്തിനും അണിചേരാനാകുമെന്നതാണ് അതിന്റെ മര്‍മം. ഇവിടെയും ത്യാഗത്തിന് ജീവസ്സുറ്റ മുഖമാണുള്ളത്. ചിലതൊക്കെ ഉപേക്ഷിച്ച് പലതും നേടിയെടുക്കാനുള്ള വിജയമന്ത്രത്തിന്റെ പേരാണ് ഇവിടെ ത്യാഗമെന്നത്.
അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ അകാരണമായി ഉപേക്ഷിക്കുന്നത് തീര്‍ത്തും പ്രതിലോമപരമായ സമീപനമാണ്. ത്യാഗനിര്‍ഭരമായ രണ്ട് ആരാധനകള്‍ക്കു ശേഷം ഓരോ പെരുന്നാള്‍ ആഘോഷങ്ങള്‍ നിയമമാക്കുക വഴി പ്രസ്തുത സന്ദേശം ഇസ്‌ലാം പകര്‍ന്നുനല്‍കിയിരിക്കുന്നു. സ്വര്‍ഗത്തെക്കുറിച്ച ഇസ്‌ലാമിന്റെ വീക്ഷണം പോലും ഈ തലത്തില്‍നിന്ന് പുനര്‍വായിക്കേണ്ടതാണ്. ത്യാഗോജ്ജ്വലമായ പരീക്ഷണത്തെ കുറിക്കുന്ന ബഅ്സാഅ് അഥവാ ജീവല്‍പ്രശ്നങ്ങളെയും, ളര്‍റാഅ് അഥവാ ശാരീരിക പ്രയാസങ്ങളെയും കുറിച്ച പരാമര്‍ശത്തിനു ശേഷം അവ തരണം ചെയ്താല്‍ സ്വര്‍ഗീയാരാമത്തില്‍ വിശ്വാസികള്‍ പെരുന്നാളാഘോഷിക്കുമെങ്കില്‍ (അല്‍ബഖറ 214), വ്രതവും ഹജ്ജുമുള്‍പ്പെടെയുള്ള ആരാധനകള്‍ നിര്‍വഹിച്ച് അല്ലാഹു ഒരുക്കിയ തീന്മേശക്ക് ചുറ്റുമിരുന്ന് ഇഹലോകത്ത് പെരുന്നാളാഘോഷിക്കാന്‍ എന്തുകൊണ്ട് വിശ്വാസികള്‍ക്കാവില്ല!

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (04-11)
ടി.കെ ഉബൈദ്‌