ഡോ. കെ. അബ്ദുര്‍റഹ്മാന്‍
വ്യക്തിപരമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന ഒരു വലിയ മനുഷ്യനായിരുന്നു ഡോ. കെ.അബ്ദുര്‍റഹ്മാന്‍. വിതച്ചത് കൊയ്യാന്‍ കഴിഞ്ഞ ഭാഗ്യശാലി. പൊതുസമൂഹത്തില്‍ അദ്ദേഹം അറിയപ്പെടുക ജനറല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ്, ക്രിറ്റിക്കല്‍ കെയര്‍ വിദഗ്ധന്‍ എന്നീ നിലകളിലായിരിക്കും. അതോടൊപ്പം വിദ്യാഭ്യാസരംഗത്ത് ഒട്ടേറെ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു അദ്ദേഹം.
1948 മാര്‍ച്ച് 1-ന് കൊല്ലത്തൊടി അബൂബക്കര്‍ - ഖദീജ ദമ്പതികളുടെ പുത്രനായി ജനനം. അരീക്കോട് ഓറിയന്റല്‍ ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഫാറൂഖ് കോളേജ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്, ദല്‍ഹി വെല്ലിംഗ്ടന്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളില്‍ തുടര്‍പഠനം. വിവിധയിടങ്ങളിലെ മെഡിക്കല്‍ പ്രാക്ടീസിനു ശേഷം തിരൂര്‍ താലൂക്ക് ആശുപത്രിയില്‍നിന്നും മഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചാര്‍ജ് എടുക്കുന്നതോടെയാണ് പൊതുപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമാകുന്നത്.
മഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്യുമ്പോള്‍ മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും സാധാരണ വളന്റിയര്‍മാരെയും വിളിച്ചുചേര്‍ത്ത് 1987-ല്‍ ഐ.എം.ബി എന്ന മെഡിക്കല്‍ വിംഗ് സ്ഥാപിച്ചു. നിര്‍ധന രോഗികള്‍ക്കായി മഞ്ചേരി മേലാക്കത്ത് ഒരു വാടക ബില്‍ഡിംഗില്‍ ആരംഭിച്ച ഐ.എം.ബി ഫ്രീ ക്ലിനിക്ക് പില്‍ക്കാലത്ത് വിപുലമായ സൗകര്യങ്ങളോടെ ആതുരസേവനരംഗത്ത് സജീവമായി. ഈ ഐ.എം.ബിയാണ് പിന്നീട് ആതുരസേവന രംഗത്ത് വിപ്ലവം സൃഷ്ടിച്ച 'പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍' ആയി രൂപപ്പെടുന്നത്. അതോടൊപ്പം കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം പ്രവര്‍ത്തിക്കുന്ന കെയര്‍ ഹോമിന്റെ സ്ഥാപനത്തിലും അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചു.
1996-ല്‍ മഞ്ചേരി വേട്ടേക്കോട് പ്രവര്‍ത്തനമാരംഭിച്ച നോബ്ള്‍ പബ്ലിക് സ്‌കൂളോടെയാണ് അബ്ദുര്‍റഹ്മാന്‍ ഡോക്ടറുടെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുടെ തുടക്കം. ആ കാലത്ത് അതിനെ മലബാറിലെ ഗുണനിലവാരമുള്ള മികച്ച സ്‌കൂളാക്കി മാറ്റുന്നതിലും ഡോക്ടര്‍ അഹോരാത്രം പ്രവര്‍ത്തിച്ചു. നോബഌനു ശേഷം 2006-ല്‍ സ്ഥാപിച്ച മറ്റൊരു വിദ്യാഭ്യാസ സ്ഥാപനമാണ് എയ്‌സ് പബ്ലിക് സ്‌കൂള്‍. കേരളത്തിലെ അറിയപ്പെടുന്ന ജനറല്‍ ഫിസിഷ്യന്‍ ആയിരിക്കെ തന്നെ ലോകോത്തര സ്‌കൂള്‍ കരിക്കുലങ്ങളെ കുറിച്ച് പഠിക്കാനും അതിന്റെ ഭാഗമായി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും അദ്ദേഹം സമയം കണ്ടെത്തി.
യു.കെ, യു.എസ്.എ, കാനഡ, ഫിന്‍ലാന്റ്, സിംഗപ്പൂര്‍ തുടങ്ങിയ വികസിത രാജ്യങ്ങളിലെ സ്‌കൂള്‍ കരിക്കുലങ്ങളിലെ നൈപുണികള്‍ അദ്ദേഹം തന്റെ സ്‌കൂളില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കി. കുട്ടികളുടെ അച്ചടക്കത്തിന് സ്വന്തമായ ഒരു നിര്‍വചനമുണ്ടായിരുന്നു അദ്ദേഹത്തിന്.
സ്‌കൂള്‍ ഭരണം, ടീച്ചേഴ്‌സ് നിയമനം തുടങ്ങിയവക്ക് സ്വന്തമായി രൂപരേഖയും തയാറാക്കി. ഹെഡ് മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ ആരെയും സ്ഥിരപ്പെടുത്താതെ മൂന്ന് വര്‍ഷം കൂടുമ്പോള്‍ മതിയായ യോഗ്യതയും കഴിവും തെളിയിച്ചാല്‍ ഏത് അധ്യാപകനും തല്‍സ്ഥാനത്ത് ഇരിക്കാം എന്ന ആശയം മനോഹരമായ രീതിയില്‍ നടപ്പാക്കി.
കൈവച്ച എല്ലാ മേഖലകളിലും ആഴത്തില്‍ പഠനവും ഗവേഷണാത്മക അന്വേഷണവും നടത്തുക എന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.
പ്രായോഗിക പരിചയം (Experimental Methods), നിരീക്ഷണം (Observation) എന്നിവ മുന്നില്‍വെച്ച് ഏത് കാര്യവും മുന്നോട്ട് കൊണ്ടു പോയാല്‍ പിന്നീട് ഖേദിക്കേണ്ടിവരില്ല എന്ന് ഇടക്കിടെ ഡോക്ടര്‍ പറയാറുണ്ടായിരുന്നു.
2016-ല്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ ജമാഅത്തെ ഇസ്‌ലാമി കേരള സ്‌കൂള്‍ വിദ്യാഭ്യാസവകുപ്പ് നടത്തിയ എജൂസമ്മിറ്റില്‍ അധ്യാപകരുടെ ഇംഗ്ലീഷ് പ്രാവീണ്യക്കുറവ് എങ്ങനെ കണ്ടുപിടിക്കാം എന്ന ചോദ്യം സദസ്സില്‍നിന്നുയര്‍ന്നു. ആ ആഴ്ചക്കു ശേഷം തന്നെ അദ്ദേഹം വോയ്‌സ് റെക്കോര്‍ഡറുകള്‍ വാങ്ങി അധ്യാപകരുടെ അനുവാദത്തോടെ തന്നെ അവരുടെ ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്ത് പരിശോധിപ്പിച്ചു. പിന്നീട്, ഇതേ വേദിയുടെ മറ്റൊരു പരിപാടിക്ക് വന്നപ്പോള്‍ ആ പരീക്ഷണം വിജയകരമായിരുന്നു എന്ന് അറിയിച്ചു. സംഘടനാ ചട്ടക്കൂടുകള്‍ മറികടന്ന് ആഴത്തിലുള്ള പഠനം നടത്താനും ഗവേഷണം നടത്താനും അദ്ദേഹം തയാറായി.
ജമാഅത്തെ ഇസ്‌ലാമി കേരള വിദ്യാഭ്യാസ വകുപ്പായ ഐ.ഇ.സി.ഐയുടെ പ്രധാന ഉപദേശകരിലൊരാളായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ വിചക്ഷണരുടെ റീഡേഴ്‌സ് ഫോറം ഗ്രൂപ്പ് സ്ഥാപിച്ച് ഓരോരുത്തരുടെയും വായനാ ലോകത്തെ അവിടെ നിരൂപണം ചെയ്തിരുന്നു.
എല്ലാ വിഭാഗം ജനങ്ങളുമായും അദ്ദേഹം സൗഹൃദം സ്ഥാപിച്ചു. ഏത് തിരക്കുകള്‍ക്കിടയിലും ആഴ്ചയില്‍ ഒരു ദിവസം മുഴുവന്‍ വിദ്യാഭ്യാസ ശാക്തീകരണത്തിനായി കരുതിവെച്ചു. രോഗ പരിശോധന, ആതുര സേവനം, വിദ്യാഭ്യാസ പ്രവര്‍ത്തനം, സംഘടനാ പ്രവര്‍ത്തനം എന്നീ തിരക്കുകള്‍ക്കിടയില്‍ എങ്ങനെ ഇതെല്ലാം ബാലന്‍സ് ചെയ്യുന്നു എന്ന ചോദ്യത്തിന് ടാമഹഹ ശിലേൃ്‌ലിശേീി, ആശഴ ശാുമര േഎന്നതാണ് പോളിസിയെന്ന് അദ്ദേഹം പറയും. ജീവിതം കൊണ്ട് അത് കാണിച്ചുതരികയും ചെയ്തു.
ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ഐ.എം.ബി പോലെ തന്നെ നിച്ച് ഓഫ് ട്രൂത്ത്, ജില്ലാ ഇസ്‌ലാഹീ കേന്ദ്രം മഞ്ചേരി, പെയ്ന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റി, കോഴിക്കോട് കെയര്‍ ഹോം, ജി.ഡി.ട്രസ്റ്റ് എന്നിങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്ന ധാരാളം പ്രൗഢ സംരംഭങ്ങളുടെയും നിരവധി പദ്ധതികളുടെയും സ്ഥാപകനും കെ.എന്‍.എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ട്രഷററും കൂടിയായിരുന്നു അവസാന നാളുകളില്‍ അദേഹം.
2003-ലെ മുജാഹിദ് വിഭാഗത്തിലെ പിളര്‍പ്പോടെ താന്‍ നട്ടുവളര്‍ത്തിയ വലിയ ഫലവൃക്ഷത്തിന്റെ അമരത്തുനിന്ന് പുറത്താക്കപ്പെട്ടപ്പോഴും ആരോടും യാതൊരു പരിഭവവുമില്ലതെ ക്ഷമ കൊണ്ട് അതിനെയെല്ലാം അതിജീവിച്ച് പുതിയ പുതിയ വിദ്യാഭ്യാസ- ആരോഗ്യ സംരംഭങ്ങള്‍ സമൂഹത്തിനായി സംവിധാനിക്കുകയായിരുന്നു അദ്ദേഹം. ബോധ്യപ്പെട്ട കാര്യം അനുയോജ്യരായവരെ കണ്ടെത്തി സാഹസികമായി നടപ്പിലാക്കാനുള്ള ഡോക്ടറുടെ കഴിവും അപാരമായിരുന്നു.
ജീവിതത്തില്‍ കിട്ടിയ എല്ലാ അവസരങ്ങളും വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തി ധാരാളം സല്‍ക്കര്‍മങ്ങളുമായിട്ടാണ് ഡോക്ടര്‍ യാത്രയായത്. പിഴവുകള്‍ വന്നുപോയിട്ടുണ്ടെങ്കില്‍ റബ്ബ് പൊറുത്തുകൊടുക്കുമാറാവട്ടെ.
സി.എച്ച് മുഹമ്മദ് മുംതാസ്, കൂട്ടിലങ്ങാടി
ഇസ്‌ലാമിക പ്രവത്തകര്‍ക്ക് ഒട്ടനവധി ജീവിത-കര്‍മ മാതൃകകള്‍ ബാക്കി വെച്ചാണ് ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ദഅ്‌വത്ത് നഗര്‍ ഏരിയാ പ്രസിഡന്റ് സി.എച്ച് മുഹമ്മദ് മുംതാസ് അല്ലാഹുവിലേക്ക് യാത്രയായത്. താന്‍ നേതൃത്വം നല്‍കുന്ന പ്രസ്ഥാന വൃത്തത്തില്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഓരോ കര്‍മ പരിപാടിയിലും ആദ്യത്തെ മാതൃകയാകാന്‍ അദ്ദേഹം ശ്രദ്ധിച്ചു. തന്റെ ഏരിയയില്‍ ഓരോ പ്രവര്‍ത്തകനും കര്‍മരംഗത്തുണ്ടെന്ന് ഉറപ്പു വരുത്താന്‍ അദ്ദേഹം നിതാന്ത ജാഗ്രത പുലര്‍ത്തിയിരുന്നു. ഒരേസമയം നല്ലൊരു നേതാവും സജീവ പ്രവര്‍ത്തകനുമായിരിക്കുക എന്നതിന്റെ ഉത്തമ മാതൃക കാണിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.
പ്രസ്ഥാന മേല്‍ഘടകത്തിന്റെ നിര്‍ദേശങ്ങള്‍ കാലവിളംബം കൂടാതെ കീഴ്ഘടകങ്ങളില്‍ എത്തിക്കുന്നതിന് അദ്ദേഹം സ്വീകരിച്ച രീതി വേറിട്ടതായിരുന്നു.
തന്റെ നിത്യസഹചാരിയായ ഇരുചക്ര വാഹനത്തില്‍ ഇരുപത്തിരണ്ടോളം വരുന്ന പ്രാദേശിക ഘടകങ്ങളില്‍ അദ്ദേഹം ഓടിയെത്തി. താന്‍ സുന്നത്ത് നോമ്പ് അനുഷ്ഠിക്കുന്ന തിങ്കള്‍, വ്യാഴം ദിവസങ്ങള്‍ ഇതിനായി അദ്ദേഹം തെരഞ്ഞെടുത്തു. വീടുകളില്‍ ചെല്ലുമ്പോള്‍ ഉണ്ടാകുന്ന ഉപചാരങ്ങളും സമയനഷ്ടവും ഒഴിവാക്കാന്‍ കൂടിയായിരുന്നു ഇത്. എന്നും നോമ്പുകാരനായി തന്റെ വീട്ടിലെത്തിയ പ്രിയ നേതാവിനോട് വേവലാതിപ്പെട്ട ഒരു സഹോദരി വീട്ടിലുണ്ടായിരുന്ന പലഹാരങ്ങള്‍ പൊതിഞ്ഞു കൈയില്‍ കൊടുത്ത സംഭവം അവരുടെ ഭര്‍ത്താവ് അനുസ്മരിക്കുകയുണ്ടായി.
തന്നെ ബാധിച്ച ഹൃദ്രോഗത്തിന് ശസ്ത്രക്രിയ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ അദ്ദേഹം ശിഷ്ട ജീവിതം പ്രസ്ഥാന മാര്‍ഗത്തില്‍ സമര്‍പ്പിക്കുകയയായിരുന്നു. ബദല്‍ ചികിത്സ കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും എട്ടു വര്‍ഷം തന്റെ രോഗാവസ്ഥയെ കടിഞ്ഞാണിട്ട് നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു.
തന്റെ രോഗാവസ്ഥയെക്കുറിച്ച് തന്നോട് വ്യാകുലപ്പെടുന്നവരോടൊക്കെയും സ്വന്തം ജീവിതാനുഭവങ്ങള്‍ സ്വതഃസിദ്ധമായ ശൈലിയില്‍ വിവരിച്ച് അദ്ദേഹം അവര്‍ക്ക് പ്രചോദനം നല്‍കി. സേവനപാതയില്‍ ഏതു പ്രവര്‍ത്തനത്തിന്റെയും ആദ്യ വളന്റിയറായിരിക്കണമെന്ന് ഒരു തരം വാശിയായിരുന്നു. ശാരീരിക ക്ഷീണം അലട്ടുമ്പോഴും പാങ്ങ് പ്രദേശത്ത് പ്രസ്ഥാനത്തിന് ദാനമായി ലഭിച്ച ഭൂമി വെട്ടിത്തെളിച്ച് വെടിപ്പാക്കാന്‍ മുന്നിട്ടിറങ്ങിയതും പ്രവര്‍ത്തകരെ മുന്നില്‍ നിന്ന് നയിച്ചതും വലിയ ആവേശം നല്‍കിയ അനുഭവമായിരുന്നു.
സംഭവബഹുലമായ ജീവിതത്തിനിടയില്‍ ഫലാഹിയ കോളേജ് /മദ്‌റസാ അധ്യാപകന്‍, മസ്ജിദുല്‍ ഫത്ഹ് ഇമാം, പൂക്കോട്ടൂര്‍ മസ്ജിദ് ഖത്വീബ് എന്നിങ്ങനെ വിവിധ ഉത്തരവാദിത്തങ്ങളും വഹിച്ചു. ഒരിക്കല്‍ ഇടതു കൈ തള്ളവിരല്‍ പഴുത്തു വീര്‍ത്ത നിലയില്‍ കണ്ടുമുട്ടിയപ്പോള്‍ അല്‍പം വിശ്രമിച്ചുകൂടേ എന്ന ചോദ്യത്തിന് ലഘു പുഞ്ചിരിയോടെ നല്‍കിയ മറുപടി; 'വിശ്രമിക്കണം, അതിനാണല്ലോ നാം പണിയെടുക്കുന്നത്. ഇവിടെയല്ല; പരലോകത്ത്!'
ഏരിയാ പ്രസിഡന്റ് എന്ന നിലയില്‍ മരിക്കുന്നതിന്റെ കൃത്യം ഒരു മാസം മുമ്പ് നടന്ന ഏരിയാ നിശാ ക്യാമ്പില്‍ നടത്തിയ പ്രൗഢഗംഭീരമായ പ്രഭാഷണം പ്രവര്‍ത്തകരുടെ മനസ്സിളക്കുന്നതായിരുന്നു. സാധാരണ ഗതിയില്‍ ശനിയാഴ്ച നടക്കേണ്ട ഏരിയാ സെക്രട്ടേറിയറ്റ് സാങ്കേതിക കാരണങ്ങളാല്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റിയതും, ഉത്തരവാദിത്തങ്ങളുടെ പൂര്‍ണത ഉറപ്പു വരുത്തി അന്ത്യയാത്രക്ക് ഒരുക്കാനുള്ള ദൈവിക ക്രമീകരണമായിരുന്നുവെന്ന് ഇപ്പോള്‍ തോന്നിപ്പോകുന്നു.
ബാലസംഘം, എസ്.ഐ.ഒ, സോളിഡാരിറ്റി വിംഗുകളിലെല്ലാം നേതൃപരമായി തന്റേതായ സംഭാവനകള്‍ മുംതാസ് സമര്‍പ്പിച്ചിട്ടുണ്ട്. ദഅ്‌വാ കോളേജ് പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം വര്‍ഷങ്ങളോളം കേരളത്തിലെ വിവിധ ജില്ലകളില്‍ മുഴുസമയ പ്രവര്‍ത്തകനായി അദ്ദേഹം സേവനമനുഷഠിച്ചിരുന്നു. നിരവധി ഖുര്‍ആന്‍ സ്റ്റഡി സെന്ററുകളില്‍ ഖുര്‍ആന്‍ പഠനത്തിന് നേതൃത്വം നല്‍കിയ അദ്ദേഹം മജ്‌ലിസ് അക്കാദമിക് കൗണ്‍സില്‍ പ്രവര്‍ത്തനങ്ങളിലും കര്‍മനിരതനാവുകയുണ്ടായി.
നിത്യ രോഗിയായ ജ്യേഷ്ഠസഹോദരന്റെ പരിചരണത്തിനും അദ്ദേഹത്തിന്റെ വിദൂര ചികിത്സക്കും സമയം കണ്ടെത്തുക മാത്രമല്ല, മാതാപിതാക്കളുടെ അഭാവത്തില്‍ രക്ഷിതാവിന്റെ സ്ഥാനത്തു നിന്ന് കുടുംബത്തിന് മുഴുവന്‍ വെളിച്ചം നല്‍കാനും അദ്ദേഹത്തിന് സാധിച്ചു.
മരിക്കുന്നതിന്റെ രണ്ടു ദിവസം മുമ്പ് ആശുപത്രിയിലേക്ക് ഒഴുകിയ അന്വേഷണപ്രവാഹത്തിന് മറുപടിയായി നല്‍കിയ ശബ്ദസന്ദേശം അപൂര്‍വമായ ഒന്നായിരുന്നു. 'മരണം അതിന്റെ സമയത്ത് വരും, എന്നാല്‍ പ്രാര്‍ഥനയില്‍ കുറവ് വരുത്തരുത്.'
ഓപ്പറേഷന്‍ തിയേറ്ററിലേക്ക് പോകുന്ന അവസാനനിമിഷം വരെ കര്‍മപഥത്തില്‍ ഉറച്ചുനിന്ന അദ്ദേഹം പ്രിയപ്പെട്ടവളോട് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് സൂചന നല്‍കി അന്ത്യയാത്രക്കുള്ള മുന്നൊരുക്കം വരെ നടത്തിയിരുന്നുവത്രെ! അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസം, ആത്മസമര്‍പ്പണം, സാമ്പത്തിക ഇടപാടുകളിലെ സൂക്ഷ്മത, സേവനപ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യം തുടങ്ങി ഒട്ടേറെ അനുകരണീയമായ നല്ല മാതൃകകള്‍ അദ്ദേഹത്തില്‍നിന്ന് നമുക്ക് പഠിക്കാനുണ്ട്.
പിതാവ് മര്‍ഹൂം സി.എച്ച് മുഹമ്മദ് സാഹിബ്, പിതൃസഹോദരന്‍ മര്‍ഹൂം സി.എച്ച് ഉമര്‍ സാഹിബ്, ഒരു വര്‍ഷം മുമ്പ് വിടപറഞ്ഞ മാതാവ് മൈമൂന കിളിയമണ്ണില്‍ എന്നിവരൊക്കെ പ്രസ്ഥാനവഴിയില്‍ അദ്ദേഹത്തിന്റെ വഴികാട്ടികളാണ്. കൊച്ചു മകനുള്‍പ്പെടെ മൂന്ന് മക്കളെയും പ്രിയപ്പെട്ടവളെയും പ്രസ്ഥാന വഴിയില്‍ ചേര്‍ത്തു നിര്‍ത്തിയതിനു ശേഷമാണ് അദ്ദേഹം വിട വാങ്ങിയത്.
ഭാര്യ: ഉമ്മു റബീബ. മക്കള്‍: നിദാ ഹിറ, ശദാ ഹിറ, നാജിദ് മുഹമ്മദ്. മരുമകന്‍: വി.പി ശമീം (എടയൂര്‍)
കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കല്‍
Comments