Prabodhanm Weekly

Pages

Search

2021 മെയ് 07

3201

1442 റമദാന്‍ 25

ആത്മീയതയുടെ വ്യാജ വേഷങ്ങള്‍

വ്യാജ ആത്മീയത അല്ലെങ്കില്‍ അവസരവാദ ആത്മീയത (അത്തദയ്യുനുല്‍ മഗ്ശൂശ് / അത്തദയ്യുനുല്‍ മസ്വ്‌ലഹി) എന്ന വിഷയത്തില്‍ ധാരാളം ലേഖനങ്ങള്‍ ഇന്റര്‍നെറ്റ് പരതിയാല്‍ കാണാന്‍ കഴിയും. ലോകവ്യാപകമായി വലിയ പണം മുടക്കോടെ വളരെ വ്യവസ്ഥാപിതമായി ഇങ്ങനെയൊരു കപട ആത്മീയ വ്യവസായം തഴച്ചുവളരുന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ആ ലേഖനങ്ങള്‍. ക്രാന്തദര്‍ശിയായ പണ്ഡിതനും പരിഷ്‌കര്‍ത്താവുമായ ശൈഖ് മുഹമ്മദുല്‍ ഗസ്സാലി ഇതിന്റെ അപകടങ്ങള്‍ മുശ്കിലാത്തുന്‍ ഫീ ത്വരീഖില്‍ ഹയാത്തില്‍ ഇന്‍സാനിയ്യ (ജീവിതവഴിയിലെ പ്രശ്‌നങ്ങള്‍) എന്ന പുസ്തകത്തില്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പേ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഈ വ്യാജ ആത്മീയത പ്രത്യക്ഷ നിരീശ്വരവാദത്തേക്കാള്‍ സമൂഹങ്ങള്‍ക്ക് അപകടകരമായിത്തീര്‍ന്നേക്കാമെന്ന് അദ്ദേഹം എഴുതുന്നു. ഇസ്‌ലാമിന്റെ പേരിലുള്ള ഈ വ്യാജ സ്വരൂപങ്ങള്‍ പല കോലത്തിലാണ് അവതരിക്കാറുള്ളത്. ഈ കള്ളനാണയങ്ങളെ തിരിച്ചറിയാന്‍ സാധാരണക്കാര്‍ക്ക് മാത്രമല്ല അഭ്യസ്തവിദ്യര്‍ക്കും കഴിഞ്ഞെന്നു വരില്ല. പണക്കാരും പലപ്പോഴും അറിഞ്ഞോ അറിയാതെയോ ഇത്തരക്കാരുടെ പിന്നാലെയായിരിക്കും. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കിണങ്ങുംവിധം വളച്ചും വക്രീകരിച്ചും ഇതിന്റെ വക്താക്കള്‍ മതത്തെ അവതരിപ്പിച്ചുതരും എന്നതിനാല്‍ ഭരണകൂടങ്ങളുടെ സ്വന്തക്കാരുമായിരിക്കും ഇവര്‍. ഭരണകൂടങ്ങള്‍ ഏര്‍പ്പെടുത്തുന്ന ആത്മീയ പട്ടും വളകളുമൊക്കെ ഇവര്‍ക്കുള്ളതാകുന്നു.
പ്രധാനമായും രണ്ട് തരത്തിലായിരിക്കും ഈ വ്യാജ ആത്മീയത തലപൊക്കുക. 'മധുരമുള്ള ആത്മീയത' (തദയ്യുന്‍ ലദീദ്) ആണ് അതിലൊന്ന്. ഈ ബ്രാന്‍ഡാണ് ഇന്ന് ആഗോളതലത്തില്‍ ഏറ്റവും കൂടുതലായി മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത്; ഭരണകൂടങ്ങളുടെ ഒത്താശയോടുകൂടിത്തന്നെ. കാരണം അനീതികള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കുമെതിരെ നിലകൊള്ളാന്‍ ഇസ്‌ലാമിനെ പ്രാപ്തമാക്കുന്ന ജിഹാദ് ഇവരുടെ നിഘണ്ടുവിലില്ല. അത് പരാമര്‍ശിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ ഒഴിവാക്കിക്കിട്ടാന്‍ അവര്‍ കോടതി വരെ കയറിക്കളയും. നീതിയല്ല മുഖ്യം, സമാധാനമാണ് എന്ന കേള്‍ക്കാന്‍ ചേലുള്ള, എന്നാല്‍ വളരെ അപകടകരമായ മന്ത്രം അവര്‍ ഉരുവിട്ടു കൊണ്ടിരിക്കും. വിശ്വാസ ജീര്‍ണതകള്‍ക്കെതിരായ പോരാട്ട(ഇസ്‌ലാഹ്)ത്തില്‍ അവര്‍ ഉണ്ടാകില്ലെന്നു മാത്രമല്ല, സകല അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പ്രചാരകരുമായിരിക്കും അവര്‍. നന്മ കല്‍പ്പിക്കലും തിന്മ തടയലുമൊന്നും അവരുടെ അജണ്ടയില്‍ ഉണ്ടായിരിക്കില്ല. സര്‍വമത സത്യവാദത്തോളമെത്തുന്ന സുഖിപ്പിക്കലുകളും അവരില്‍ ചിലരുടെ എഴുത്തുകളിലും സംസാരങ്ങളിലും ധാരാളമായി കാണാം. ഇങ്ങനെ പല അടരുകളുള്ളതാണ് ഈ വ്യാജ ആത്മീയതയുടെ എഴുന്നള്ളിപ്പുകള്‍.
ഇതിന്റെ തന്നെ ഭാഗമാണ് രണ്ടാമത്തെ ഇനവും. അഥവാ, വേഷഭൂഷകളില്‍ ഒതുങ്ങുന്ന ആത്മീയത (തദയ്യുന്‍ ശക്‌ലി). വലിയ ജീവിത സംസ്‌കരണ ലക്ഷ്യങ്ങളുള്ള ഇസ്‌ലാമിലെ അനുഷ്ഠാനങ്ങളെയും കര്‍മമണ്ഡലത്തെയും അവര്‍ അര്‍ഥം നഷ്ടപ്പെട്ട ആചാരങ്ങളാക്കി മാറ്റിക്കളയും. ആ ആചാരങ്ങളുടെ നിര്‍വഹണമാകട്ടെ കൃത്രിമമായി പൊലിപ്പിച്ചെടുത്ത ഹാവഭാവങ്ങളോടെയും. സാധാരണക്കാര്‍ക്ക് അത് മതിയല്ലോ. മുന്‍ഗണനയും പ്രാധാന്യവുമൊക്കെ അവര്‍ തലതിരിച്ചിട്ടുകളയും. ഒരിക്കല്‍കൂടി ശൈഖ് മുഹമ്മദുല്‍ ഗസ്സാലിയെ ഉദ്ധരിക്കട്ടെ: ''ഈമാന്‍ എഴുപതില്‍പരം ശാഖകളാണെന്ന് അവര്‍ കേട്ടിട്ടുണ്ട്. പക്ഷേ അതില്‍ തലയേത്, വാലേത് എന്ന് അവര്‍ക്ക് അറിയില്ല. നിര്‍ബന്ധവും ഐഛികവും തിരിച്ചറിയാനും അവര്‍ക്ക് കഴിയില്ല. ഒന്നുകില്‍ തീവ്രത, അല്ലെങ്കില്‍ അലംഭാവം ഇതാണ് സ്ഥിതി. ഇവര്‍ ധാന്യത്തില്‍നിന്ന് ഒരു ഖുബ്ബ ഉണ്ടാക്കിക്കളയും. ഒരു സാദാ ഫിഖ്ഹി അഭിപ്രായഭിന്നതയില്‍നിന്ന് ഒരു പ്രതിസന്ധിയും (യജ്അലൂന മിനല്‍ ഹബ്ബത്തി ഖുബ്ബതന്‍, വമിനല്‍ ഖിലാഫില്‍ ഫറഈ അസിമ്മതന്‍).'' ഇത്തരം വ്യാജ നിര്‍മിതികള്‍ ഒരേ വേദിയിലല്ല, ഭിന്നവിരുദ്ധമെന്ന് തോന്നാവുന്ന പലപല വേദികളിലായി വിന്യസിക്കപ്പെട്ടിരിക്കുന്നതായാണ് കാണാനാവുക. ഇസ്‌ലാമിക പ്രമാണങ്ങളും പ്രവാചക ചരിത്രവും അശ്വമുഖത്തു നിന്ന് പഠിക്കുന്നവര്‍ക്കേ ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തിരിച്ചറിയാനാവൂ.

Comments