വഹീദുദ്ദീന്‍ ഖാന്‍ 'യാഥാര്‍ഥ്യബോധ'ത്തിന്റെ മൗലാന
അപൂര്‍വം ഭാഗ്യശാലികളിലൊരാളാണ് കഴിഞ്ഞ ഏപ്രില്‍ 21-ന് നിര്യാതനായ മൗലാനാ വഹീദുദ്ദീന്‍ ഖാന്‍. ഒരു യഥാര്‍ഥ ഇസ്‌ലാമിക പണ്ഡിതനെയാണ് രാജ്യത്തിന് അദ്ദേഹത്തിന്റെ ചരമം മൂലം നഷ്ടപ്പെട്ടതെന്ന് അനുശോചിച്ച ആര്‍.എസ്.എസ് സര്‍കാര്യവാഹക് (ജനറല്‍ സെക്രട്ടറി) ദത്താത്രേയ ഹോസബലെ അദ്ദേഹത്തെ വിശേഷിപ്പിച്ചത്, മതത്തെ ശരിയായ രീതിയില്‍ വ്യാഖ്യാനിച്ചുകൊണ്ട് മതസൗഹാര്‍ദം പ്രോത്സാഹിപ്പിച്ച മതാചാര്യനെന്നാണ്. പ്രധാനമന്ത്രി മോദിയുടെ അനുശോചനം കേവലം ഔപചാരികം എന്ന് കരുതാം. എന്നാല്‍ ആര്‍.എസ്.എസ് നേതാവിന്റെ ഭാഗത്തുനിന്നുള്ള ഈ ആദരാഞ്ജലി, അതും ഒരു മൗലാനക്ക് ലഭിക്കുമ്പോള്‍ അതിന്റെ അപൂര്‍വത ശ്രദ്ധിക്കപ്പെടുകതന്നെ ചെയ്യും. ഷാനവാസ് ഹുസൈന്‍, മുഖ്താര്‍ അബ്ബാസ് നഖ്‌വി തുടങ്ങി ഷോക്കേസ് പീസുകള്‍ ആര്‍.എസ്.എസ്സിന്റെ രാഷ്ട്രീയ വിഭാഗമായ ബി.ജെ.പിക്കുണ്ട്. ജനസംഘ കാലം മുതല്‍ക്കേ അലങ്കാരമായി കൊണ്ടുനടന്ന നേതാവായിരുന്നു സിക്തന്ദര്‍ ഭക്ത്. എന്നാല്‍ ആ ഗണത്തിലൊന്നും പെടാത്ത വ്യക്തിത്വമാണ് വഹീദുദ്ദീന്‍ ഖാന്‍. ബി.ജെ.പിയെന്നല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അദ്ദേഹത്തിന് ഔപചാരിക ബന്ധമൊന്നുമില്ല. 'മതത്തെ ശരിയായി വ്യാഖ്യാനിച്ച പണ്ഡിത'നായതു കൊണ്ടാണ് ആര്‍.എസ്.എസ് നേതാവിന്റെ ബഹുമതി അദ്ദേഹത്തിന് ലഭിക്കുന്നത്. നിലപാടുകളുടെ ഒരു പങ്കുവെപ്പ് അതില്‍ അന്തര്‍ഗതമായുണ്ട്. യാദൃഛികമെന്നു പറയട്ടെ, അദ്ദേഹത്തിന്റെ ഒരു പ്രധാന കൃതിയുടെ ശീര്‍ഷകവും 'വ്യാഖ്യാനത്തിലെ അബദ്ധം' (തഅ്ബീര്‍ കീ ഗലത്വീ) എന്നാണ്.
ആര്‍.എസ്.എസ്-ബി.ജെ.പി വൃത്തങ്ങളുടെ മാത്രമല്ല, ഉദാരവാദികളായ സെക്യുലറിസ്റ്റുകളുടെ കൂടി ഇഷ്ടപട്ടികയില്‍ ഇടം നേടാന്‍ മൗലാനക്ക് സാധിക്കുകയുണ്ടായി. 2009-ല്‍ യു.പി.എ ഭരണകാലത്ത് രാജീവ് ഗാന്ധി നാഷ്‌നല്‍ സദ്ഭാവനാ അവാര്‍ഡും, 2021-ല്‍ എന്‍.ഡി.എ ഭരണകാലത്ത് ഇന്ത്യയുടെ രണ്ടാമത്തെ ഉന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണും നേടാന്‍ കഴിഞ്ഞതും അദ്ദേഹത്തിന്റെ അപൂര്‍വ ഭാഗ്യമാണ്. 2000-ല്‍ മദര്‍ തെരേസയുടെ പേരിലുള്ള നാഷ്‌നല്‍ സിറ്റിസണ്‍ അവാര്‍ഡും അദ്ദേഹത്തിന് സമ്മാനിക്കുകയുണ്ടായി.
ഇസ്‌ലാഹ് സന്തതി
1925-ല്‍ അഅ്‌സംഗഢ് ജില്ലയിലെ ഭദാരിയ ഗ്രാമത്തിലാണ് മൗലാനയുടെ ജനനം. പിതാവ് ഫരീദുദ്ദീന്‍ ഖാന്‍ മരിച്ചതു കാരണം മാതാവ് സൈബുന്നിസാ ഖാത്തൂന്റെയും അമ്മാവന്‍ അബ്ദുല്‍ ഹമീദ് ഖാന്റെയും തണലിലാണ് അദ്ദേഹം വളര്‍ന്നത്. മൗലാനാ അബുല്ലൈസ് നദ്‌വി, മൗലാനാ അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി തുടങ്ങിയ പണ്ഡിതന്മാരെപ്പോലെ അവിഭക്ത ഇന്ത്യയിലെ ഏറ്റവും വലിയ ഖുര്‍ആന്‍ പണ്ഡിതനായ മൗലാനാ ഹമീദുദ്ദീന്‍ ഫറാഹി സ്ഥാപിച്ച സറായ് മീറിലെ മദ്‌റസത്തുല്‍ ഇസ്‌ലാഹിന്റെ സന്തതിയാണ് വഹീദുദ്ദീന്‍ ഖാനും. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത കുടുംബമായിരുന്നതിനാല്‍ ഗാന്ധിജിയുടെ സ്വാധീനം അദ്ദേഹത്തിലുമുണ്ടായിരുന്നു.
ഇസ്‌ലാഹി കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ആധുനിക വിദ്യാഭ്യാസം നേടിയവരുമായി ഇടപഴകാന്‍ തുടങ്ങിയപ്പോഴാണ്, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അഭാവത്തില്‍ ഇസ്‌ലാം നേരിടുന്ന പുതിയ വെല്ലുവിളികള്‍ നേരിടാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് ബോധ്യമായത്. മുതിര്‍ന്ന സഹോദരന്‍ കുടുംബ ബ ിസിനസ്സില്‍ കൂട്ടാന്‍ ശ്രമിച്ചെങ്കിലും ജ്ഞാനപിപാസുവായ മൗലാന ലൈബ്രറികളെ ഉപജീവിച്ച് ശാസ്ത്ര-മാനവിക വിഷയങ്ങളില്‍ വ്യുല്‍പത്തി നേടാനാണ് സമയം വ്യയം ചെയ്തത്. മിക്ക ദിവസങ്ങളിലും രാവിലെ ലൈബ്രറിയില്‍ പ്രവേശിച്ചാല്‍ വൈകുന്നേരം മാത്രമാണ് അദ്ദേഹം പുറത്തുവരാറുണ്ടായിരുന്നത്.
തൂലികാ പടു
ആധുനിക വിജ്ഞാനീയങ്ങളില്‍ നേടിയ വ്യുല്‍പത്തി ഇസ്‌ലാമിനെ ആധുനിക ഭാഷയില്‍ അവതരിപ്പിക്കാനുള്ള സിദ്ധി അദ്ദേഹത്തിന് നല്‍കി. 1955-ല്‍ അദ്ദേഹം തന്റെ പ്രഥമ കൃതി 'നയെ അഹ്ദ് കാ ദര്‍വാസെ പര്‍' പ്രസിദ്ധീകരിച്ചു. 'പുതുയുഗത്തിന്റെ പടിവാതില്‍ക്കല്‍' എന്ന ശീര്‍ഷകത്തില്‍ അമ്പതുകളില്‍ തന്നെ ഇതിന്റെ മലയാള വിവര്‍ത്തനം ഐ.പി.എച്ച് പുറത്തിറക്കുകയുണ്ടായി. ദക്ഷിണ കേരളത്തില്‍നിന്ന് മലബാറിലേക്ക് ചേക്കേറിയ വാഇളുകള്‍ (മതപ്രഭാഷകര്‍) അക്കാലത്ത് ധാരാളമായി ഉപയോഗപ്പെടുത്തിയ ഒരു കൃതിയാണിത്. 'യാഥാര്‍ഥ്യാന്വേഷണം' (ഹഖീഖത്ത് കീ തലാശ്) എന്ന തലക്കെട്ടില്‍ അദ്ദേഹത്തിന്റെ മറ്റൊരു പുസ്തകവും അക്കാലത്ത് ഐ.പി.എച്ച് പ്രസിദ്ധീകരിക്കുകയുണ്ടായി. സോഷ്യലിസം, പരിണാമവാദം തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ ചില പരമ്പരകള്‍ പ്രബോധനം പാക്ഷികത്തില്‍ അറുപതുകളില്‍ വായിച്ചതോര്‍ക്കുന്നു. അക്കാലത്ത് നടന്ന ഒരു വിദ്യാര്‍ഥി സമ്മര്‍ ക്യാമ്പില്‍ സോഷ്യലിസത്തെക്കുറിച്ച് സംസാരിക്കാന്‍ ഈ ലേഖകന്‍ ആശ്രയിച്ച ലേഖനം അദ്ദേഹത്തിന്റേതായിരുന്നു. സോഷ്യലിസത്തെ ഖണ്ഡിക്കുന്നത് മതത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും അതിന്റെ പ്രായോഗിക ദൗര്‍ബല്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നുമുള്ള അദ്ദേഹത്തിന്റെ സമര്‍ഥനരീതി ആകര്‍ഷകമായി തോന്നി. ഉദാഹരണങ്ങളും അനുഭവങ്ങളും വിസ്തരിച്ചുകൊണ്ടുള്ള ആ ആഖ്യാന ശൈലി വായനക്കാരെ ആകര്‍ഷിക്കുന്നതായിരുന്നു.
ജമാഅത്തില്‍നിന്ന് രാജി
1947-ല്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ ആകൃഷ്ടനായ മൗലാന ഒരു ദശവത്സരത്തോളം ആ സംഘടനയുടെ നേതൃതലത്തില്‍ തന്നെ പ്രവര്‍ത്തിക്കുകയുണ്ടായി. ജമാഅത്തിന്റെ ഉന്നത വേദിയായ മജ്‌ലിസ് ശൂറാ അംഗമായിരുന്ന അദ്ദേഹം സംഘടനയുടെ ഗ്രന്ഥരചനാ വിഭാഗത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ അറുപതുകളായപ്പോഴേക്ക് അദ്ദേഹത്തിന്റെ ചിന്താഗതിയില്‍ മാറ്റം പ്രകടമായി. ഈ വിഷയകമായി ദീര്‍ഘകാലം താന്‍ അനുഭവിച്ച ആത്മസംഘര്‍ഷത്തെക്കുറിച്ച് തന്റെ വീക്ഷണവ്യത്യാസം അനാവരണം ചെയ്തുകൊണ്ട് എഴുതിയ 'തഅ്ബീര്‍ കീ ഗലത്വി' എന്ന പുസ്തകത്തില്‍ അദ്ദേഹം വിവരിക്കുന്നുണ്ട്. ഇക്കാലത്ത് ജമാഅത്തിന്റെ താത്ത്വിക മാസികയായ 'സിന്ദഗി'യുടെ പത്രാധിപസ്ഥാനത്ത് നിയമിക്കപ്പെടുന്നുണ്ടെങ്കിലും ഈ ആത്മസംഘര്‍ഷം കാരണം അതില്‍നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം. 1962 ഒക്‌ടോബറിലാണ് ജമാഅത്തില്‍നിന്ന് അദ്ദേഹം രാജിവെക്കുന്നത്. അക്കാലത്ത് ചന്ദ്രിക ദിനപത്രത്തില്‍ അതിനെക്കുറിച്ച് പെട്ടിക്കോളം വാര്‍ത്ത വായിച്ചത് ഓര്‍ക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയിലെ തൂലികാപടു എന്നാണ് വാര്‍ത്തയില്‍ അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. രാജി അംഗീകരിച്ചുകൊണ്ട് അദ്ദേഹത്തിന് ജമാഅത്ത് സെക്രട്ടറിയുടെ കത്ത് കിട്ടുന്നത് പിന്നെയും ആറു മാസം കഴിഞ്ഞ് 1963 ഏപ്രിലിലാണ്.
'തഅ്ബീര്‍ കീ ഗലത്വി'
രാജികാരണം വിശദീകരിച്ചുകൊണ്ട് 1963-ല്‍ തന്നെ അദ്ദേഹം പുറത്തിറക്കിയ പുസ്തകമാണ് 'തഅ്ബീര്‍ കീ ഗലത്വി' (വ്യാഖ്യാനത്തിലെ പിഴവ്). ദീനിനെ സംബന്ധിച്ച മൗദൂദിയുടെ വ്യാഖ്യാനമാണ് അഭിപ്രായ വ്യത്യാസത്തിന്റെ മര്‍മം എന്നാണ് 344 പേജുള്ള ഈ കൃതിയില്‍ അദ്ദേഹം സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. ശീര്‍ഷകത്തിലെന്ന പോലെ ഉള്ളടക്കത്തിലും, പില്‍ക്കാലത്ത് മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി പുറത്തിറക്കിയ 'അസ്‌റെ ഹാസിര്‍ മെ ദീന്‍ കെ തഫ്ഹീം വ തശ്‌രീഹ്' (ആധുനിക യുഗത്തില്‍ ദീനിന്റെ വിശദീകരണ രീതി) ഈ കൃതിയോട് പല നിലക്കും സാധര്‍മ്യം വഹിക്കുന്നുണ്ട്. 'അത്തഫ്‌സീറുസ്സിയാസി ലിദ്ദീന്‍' എന്ന് അറബി പതിപ്പില്‍ അത് പച്ചയായി പറയുന്നുണ്ടെന്നു മാത്രം.
ഇസ്‌ലാം ജീവിത വ്യവസ്ഥയായി അവതരിപ്പിക്കുന്ന മൗദൂദിയുടെ വ്യാഖ്യാനം ഇസ്‌ലാമിന്റെ ആത്മീയ ചൈതന്യം ചോര്‍ത്തിക്കളയുമെന്നാണ് വഹീദുദ്ദീന്‍ ഖാന്റെ ആശങ്ക. 'നൗഇയ്യത്തെ മസ്അല' (പ്രശ്‌നത്തിന്റെ മര്‍മം) എന്ന അധ്യായത്തില്‍ ഖാന്‍ തന്റെ വാദം ചുരുക്കിപ്പറയുന്നുണ്ട്. ഷാഹ് വലിയ്യുല്ലാഹിയെയും ഗസ്സാലിയെയും പോലെ 'അസ്‌റാറെ ശരീഅത്ത്' (ശരീഅത്തിന്റെ ആന്തര തത്ത്വങ്ങള്‍) വിശദീകരിക്കാനാണ് മൗദൂദിയും ശ്രമിച്ചതെന്ന് വഹീദുദ്ദീന്‍ ഖാന്‍ സമ്മതിക്കുന്നു. എന്നാല്‍ അവര്‍ ദീനീവിധികള്‍ ഓരോന്നിന്റെയും തത്ത്വങ്ങള്‍ വിശദീകരിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ മൗദൂദിയുടെ ഏറ്റവും വലിയ സംഭാവന ദീനിന്റെ ഓരോ ഘടകവും ഒന്നിച്ചുചേര്‍ത്ത് ജീവിതവ്യവസ്ഥ എന്ന സാകല്യമായി അവതരിപ്പിച്ചു എന്നതാണെന്ന് അദ്ദേഹം പറയുന്നു. അതില്‍ അപകടമുണ്ടെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഇതര ഭൗതിക വ്യവസ്ഥകള്‍ പോലെ ഇസ്‌ലാമിനെ ജീവിതവ്യവസ്ഥയാക്കുമ്പോള്‍ ഇസ്‌ലാമിന്റെ ആത്മീയഭാവം ചോര്‍ന്നുപോകുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. കാരണം വ്യക്തിയും ദൈവവും തമ്മിലുള്ള അഗാധ സമ്പര്‍ക്കമാണ് ദീന്‍. ആ സമ്പര്‍ക്കത്തിലെ ആത്മീയാനുഭൂതി അതിലൂടെ നഷ്ടപ്പെട്ടുപോകും. തന്റെ വാദം സമര്‍ഥിക്കാന്‍ മൗലാന ചില ഉദാഹരണങ്ങളും നിരത്തുന്നുണ്ട്. ഉപരിപ്ലവ ദൃഷ്ടിയില്‍ ആകര്‍ഷകമായി തോന്നുമെങ്കിലും രണ്ടാമതൊരാലോചനയില്‍ അവയൊക്കെയും 'ഉഗ്‌ലൂത്വകള്‍' (ഹേത്വാഭാസങ്ങള്‍) ആണെന്ന് എളുപ്പം വ്യക്തമാകും. അതല്ല ഇവിടെ വിഷയം. 'മതത്തിന്റെ ശരിയായ വ്യാഖ്യാനം' എന്ന ആര്‍.എസ്.എസ് സര്‍കാര്യവാഹകിന്റെ സാക്ഷ്യപത്രം 'തഅ്ബീറി'നോട് ചേര്‍ത്തു വായിക്കുമ്പോള്‍ ഇപ്പോള്‍ അതിനു ലഭിക്കുന്ന അര്‍ഥപൂര്‍ണതയാണ്. മതത്തില്‍നിന്ന് സാമൂഹിക ഉള്ളടക്കം ചോര്‍ത്തി വ്യക്തിയും ദൈവവുമായുള്ള സ്വകാര്യ ഇടപാടിലേക്ക് ഇറക്കി കിടത്തുന്ന ഈ വ്യാഖ്യാതാവിനെ ഒരു മതത്തിലും വിശ്വാസമില്ലാത്ത സെക്യുലര്‍ ഉദാരവാദികളും തുല്യ അളവില്‍ ഏറ്റെടുത്തതില്‍ എന്തിനത്ഭുതം കൊള്ളണം! 'തഅ്ബീര്‍ കീ ഗലത്വി'ക്ക് മൗലാനാ ആമിര്‍ ഉസ്മാനി തന്റെ 'തജല്ലി' മാസികയിലും മൗലാനാ ജലീല്‍ അഹ്‌സന്‍ നദ്‌വി സ്വന്തം നിലയിലും ദീര്‍ഘമായി പ്രത്യാഖ്യാനം എഴുതിയതിനെക്കുറിച്ച് പുതിയ പതിപ്പില്‍ മൗലാന അനുസ്മരിക്കുന്നുണ്ട്. അതിന് താനെഴുതിയ മറുപടിക്ക് ഇരുവരും നിശ്ശബ്ദത പാലിച്ചതില്‍ മൗലാന വിജയഘോഷം മുഴക്കുന്നുമുണ്ട്. ജലീല്‍ അഹ്‌സന്‍ നദ്‌വി തന്റെ അര്‍രിസാല മാസികയെ അഭിനന്ദിക്കുകയും അതിന്റെ വരിക്കാരനാവുകയും ചെയ്തതിനെ തന്റെ വാദഗതികള്‍ക്ക് നല്‍കിയ അംഗീകാരമായിട്ടാണ് ശുദ്ധഗതിക്കാരനായ മൗലാന വ്യാഖ്യാനിച്ച് ആശ്വാസം കൊള്ളുന്നത്. സര്‍കാര്യ വാഹകിന്റെയും സെക്യുലര്‍ ഉദാരവാദികളുടെയും സാക്ഷ്യപത്രം കാവ്യനീതിയെന്നോണം വാചാലമായി അതിന് മറുപടി പറയുന്നു. അതിന് മറ്റൊരു മറുപടിയുടെയും ആവശ്യമില്ലെന്ന് കാലം ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ്.
വിയോജിപ്പിനൊപ്പം യോജിപ്പ്
'തഅ്ബീറി'ന്റെ ആമുഖത്തില്‍ വ്യക്തമാക്കിയ പോലെ അക്കാലത്ത് മൗലാന വലിയ തോതിലുള്ള ആത്മസംഘര്‍ഷം അനുഭവിച്ചിരുന്നു. സംഘടനയില്‍നിന്ന് ഒഴിവായെങ്കിലും ജമാഅത്തിന്റെ സുഹൃദ്‌വൃത്തത്തില്‍നിന്ന് മാറിനില്‍ക്കാന്‍ മൗലാന പ്രയാസപ്പെട്ടപോലെ തോന്നുന്നു. 'ഇഖ്തിലാഫ് കെ സാഥ് ഇത്തിഫാഖ്' (വിയോജിപ്പിനൊപ്പം യോജിപ്പ്) എന്ന ഒരു നയമായിരുന്നു എഴുത്തിലും പെരുമാറ്റത്തിലും അക്കാലത്ത് അദ്ദേഹം പ്രകടമാക്കിയിരുന്നത്. ജമാഅത്തില്‍നിന്ന് രാജിവെച്ച് നാലു വര്‍ഷത്തിനു ശേഷം 1967-ല്‍ ഹൈദറാബാദിലെ സേബാബാഗ് നഗരിയില്‍ ചേര്‍ന്ന ജമാഅത്തിന്റെ അഖിലേന്ത്യാ സമ്മേളനത്തില്‍ ഒരു സാധാരണ പ്രതിനിധിയായി അദ്ദേഹം പങ്കെടുക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പലതും വായിച്ചിരുന്നെങ്കിലും അദ്ദേഹത്തെ ഈ ലേഖകന്‍ നേരിട്ട് കാണുന്നത് അവിടെ വെച്ചാണ്. കസ്റ്റംസിലെ ഉദ്യോഗസ്ഥനായ മര്‍ഹും എം.പി കുഞ്ഞുമുഹമ്മദ് സാഹിബ് (എം.പി.കെ ചേന്ദമംഗല്ലൂര്‍) അദ്ദേഹത്തിന്റെ ഒരു ആരാധകനായിരുന്നു. മൗലാന താമസിക്കുന്ന സമ്മേളനപ്പന്തലിലെ ക്യാമ്പില്‍ എം.പി.കെ സംസാരിക്കാന്‍ പോകുമ്പോള്‍ ഈ ലേഖകനും കൂടെ കൂടി. അപ്പോഴേക്ക് ചെറിയൊരു കൂട്ടം അദ്ദേഹത്തിനു ചുറ്റും രൂപപ്പെട്ടുകഴിഞ്ഞിരുന്നു. തന്റെ വീക്ഷണം സമര്‍ഥിക്കുന്നതിനു പകരം, തര്‍ക്കങ്ങള്‍ക്കൊന്നും നില്‍ക്കാതെ 'ഇഖ്തിലാഫ് ക സാഥ് ഇത്തിഫാഖ്' എന്ന നയം ഊന്നിപ്പറയാനാണ് അപ്പോള്‍ അദ്ദേഹം ശ്രമിച്ചത്.
'അല്‍ ജംഇയ്യത്ത്' എഡിറ്റര്‍
'70-കളില്‍ അദ്ദേഹത്തെ ലേഖകന്‍ കാണുന്നത് കോണ്‍ഗ്രസ്സിന്റെ സഹകാരിയായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ മുഖപത്രമായ 'അല്‍ ജംഇയ്യത്തി'ന്റെ വാരികാ വിഭാഗം എഡിറ്ററായിട്ടാണ്. ഒരു സമവായത്തിന്റെ വക്താവായാണ് 'ജംഇയ്യത്തി'ലും അദ്ദേഹം തൂലിക ചലിപ്പിച്ചത്. മുസ്‌ലിംകളുടെ രാഷ്ട്രീയ കാര്യങ്ങള്‍ ജംഇയ്യത്തുല്‍ ഉലമയും മതകാര്യങ്ങള്‍ തബ്‌ലീഗീ ജമാഅത്തും അഭ്യസ്തവിദ്യര്‍ക്ക് ദിശാബോധം നല്‍കുന്ന ദൗത്യം ജമാഅത്തെ ഇസ്‌ലാമിയും ഏറ്റെടുത്ത് നടത്തുക എന്നൊരു ഫോര്‍മുല അക്കാലത്ത് അദ്ദേഹം ആവിഷ്‌കരിക്കുകയുണ്ടായി. വിജ്ഞാനപ്രദവും വൈവിധ്യമാര്‍ന്നതുമായ ധാരാളം ലേഖനങ്ങള്‍ 'ജംഇയ്യത്തി'ല്‍ അന്ന് വെളിച്ചം കണ്ടിരുന്നു. ജമാഅത്തെ ഇസ്‌ലാമി ബുദ്ധിജീവികളിലൊരാളായ ഡോ. എഫ്.ആര്‍ ഫരീദി എഴുതിയ ജാഹിലിയ്യ കാലത്തെ പലിശയെ സംബന്ധിച്ച ഗവേഷണ ലേഖനം ഓര്‍ക്കുന്നു. അറബി സാഹിത്യത്തിലെ നവീന പ്രവണതകള്‍ പോലുള്ള ലേഖനങ്ങള്‍ക്കും വാരിക ഇടം നല്‍കുകയുണ്ടായി. ഗോള്‍ഡന്‍ ചൈല്‍ഡിന്റെ 'വാട്ട് ഹാപ്പന്റ് ഇന്‍ ഹിസ്റ്ററി' എന്ന പുസ്തകത്തിലെ ഖുര്‍ആനെ സംബന്ധിച്ച ലേഖനം പ്രബോധനം പ്രസിദ്ധീകരിച്ചതിന്റെ സ്രോതസ്സ് 'അല്‍ ജംഇയ്യത്ത്' ആയിരുന്നു.
'അല്‍ ജംഇയ്യത്തി'ല്‍ അദ്ദേഹം അധികകാലം തുടര്‍ന്നില്ല. അര്‍രിസാല മാസികയും സെന്റര്‍ ഫോര്‍ പീസ് ആന്റ് സ്പിരിച്വാലിറ്റി ഇന്റര്‍നാഷ്‌നല്‍ എന്ന വേദിയുമൊക്കെയായി അദ്ദേഹം സ്വയം ഒരു സ്വതന്ത്ര പ്രസ്ഥാനമായി മാറുന്നതാണ് പിന്നീട് കാണാനായത്.
കേരളത്തില്‍
രിസാല കാലത്താണ് അദ്ദേഹം ആദ്യമായി കേരളത്തില്‍ വരുന്നത്; മുജാഹിദ് സമ്മേളനത്തിലെ മുഖ്യാതിഥിയായി. മുമ്പ് സുന്നി സമ്മേളനത്തില്‍ ജമാഅത്തില്‍നിന്ന് രാജിവെച്ച സൂഫിവര്യന്‍ സിബ്ഗത്തുല്ല ബക്തിയാറെ പോലെ. ജമാഅത്തില്‍നിന്ന് രാജിവെച്ച നേതാവെന്ന നിലക്ക് ഒരു ഉഗ്രന്‍ ജമാഅത്ത് വിമര്‍ശനം മുജാഹിദ് സുഹൃത്തുക്കള്‍ പ്രതീക്ഷിച്ചു കാണണം. പക്ഷേ അദ്ദേഹം അവരെ നിരാശപ്പെടുത്തിക്കളഞ്ഞു. തന്റെ പ്രസംഗത്തില്‍ ജമാഅത്തിനെ അദ്ദേഹം സ്പര്‍ശിച്ചതേ ഇല്ല. പിന്നീട് ചന്ദ്രികയിലെ റഹീം മേച്ചേരി അദ്ദേഹവുമായി ഒരു അഭിമുഖവും നടത്തുകയുണ്ടായി. അഭിമുഖത്തിനു ശേഷം റഹീം ഈ ലേഖകനെ ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞതും മൗലാന ജമാഅത്തിനെ കുറിച്ച് ഒന്നും പറഞ്ഞില്ല എന്നായിരുന്നു.
'യാഥാര്‍ഥ്യബോധം'
അവസാനകാലത്ത് ബി.ജെ.പി സഹയാത്രികനായിട്ടാണ് അദ്ദേഹം കാണപ്പെട്ടത്. വാജ്‌പേയി ഹിമായത്ത് കമ്മിറ്റിയിലൊക്കെ അംഗമാകാന്‍ അദ്ദേഹത്തിന് ജാള്യതയൊന്നുമുണ്ടായില്ല. ബാബരി മസ്ജിദ് ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈമാനെയും അഖീദയെയും ബാധിക്കാത്ത കാലത്തോളം ഗോവധ നിരോധം പ്രശ്‌നമാക്കേണ്ടതില്ലെന്ന് 'ദ വയറു'മായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. 'തഅ്ബീര്‍ കീ ഗലത്വി' എഴുതുമ്പോള്‍ അനുഭവിച്ച ആത്മസംഘര്‍ഷമൊക്കെ ഇക്കാലമാകുമ്പോഴേക്ക് വളരെ നേര്‍ത്തുകഴിഞ്ഞിരുന്നു. ആ പുസ്തകത്തിന്റെ ആദ്യപേജില്‍ ഇങ്ങനെ ഒരു ചെറു കുറിപ്പുണ്ടായിരുന്നു:
'ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് എവിടെയെങ്കിലും ഒളിച്ചിരുന്ന് ആരും കാണാതെ മരിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇതിന്റെ പ്രസിദ്ധീകരണം എന്നെ സംബന്ധിച്ചേടത്തോളം എത്രമാത്രം കഠിനതരമായിരുന്നെന്ന് ഇതില്‍നിന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതാണ്.'
ഒടുവിലായപ്പോള്‍ ഈ ആത്മഭാരമൊക്കെ തീര്‍ത്തും ലഘൂകരിക്കപ്പെട്ടുവെന്നു വേണം കരുതാന്‍. ഭൂമി മുഴുവന്‍ പള്ളിയായിരിക്കെ എന്തിന് ബാബരി മസ്ജിദില്‍ വാശി പിടിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. മുസ്‌ലിംകള്‍ യാഥാര്‍ഥ്യ ബോധമുള്ളവരായാല്‍ സമാധാനത്തോടെ ജീവിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ തത്ത്വശാസ്ത്രം. ഈ 'യാഥാര്‍ഥ്യ'ബോധത്തിന്റെ അര്‍ഥം ചിലപ്പോഴെങ്കിലും കീഴടങ്ങലാണെന്ന് കാണാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. ആര്‍.എസ്.എസ്സുകാരും നമ്മുടെ പ്രബോധിതരാണെന്നായിരുന്നു അവരുമായുള്ള സൗഹൃദത്തിന്റെ ന്യായീകരണം. അപ്പറഞ്ഞതില്‍ സത്യമില്ലാതില്ല. എന്നാല്‍ ആയിരക്കണക്കിന് നിരപരാധികള്‍ യു.എ.പി.എ പോലുള്ള മനുഷ്യത്വവിരുദ്ധമായ നിയമത്തിനു കീഴില്‍ തടവറയില്‍ കഴിയുമ്പോള്‍ ആ കാടന്‍ നിയമം റദ്ദു ചെയ്യാനെങ്കിലും മൗലാന എപ്പോഴെങ്കിലും തന്റെ സൗമനസ്യം ഉപയോഗിച്ചിരുന്നെങ്കില്‍ അദ്ദേഹം ന്യായീകരിക്കപ്പെടുമായിരുന്നു. ഹജ്ജാജിനെതിരെ ശബ്ദമുയര്‍ത്തിയ സഈദു ബ്‌നു മുസയ്യബ്, ഇസ്‌ലാം എന്നാല്‍ സമാധാനമെന്നാണ് അര്‍ഥമെന്ന് അറിയാത്ത പണ്ഡിതനായിരുന്നില്ല. സമാധാനം മാത്രമല്ല, നീതിയും ഇസ്‌ലാമിന്റെ മൂല്യങ്ങളില്‍ പെട്ടതാണ്. ഇസ്‌ലാം സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും മതമാണെന്ന് മൗലാന സദാ ഉരുവിട്ടുകൊണ്ടിരുന്നു. പക്ഷേ, ദൈവത്തിനു വേണ്ടി സ്‌നേഹിക്കുന്ന പോലെത്തന്നെ ദൈവത്തിന് വേണ്ടി രോഷം കൊള്ളുന്നതിലും ഈമാന്റെ മാധുര്യമുണ്ടെന്ന സത്യം അദ്ദേഹം മറന്നുപോയി.
ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതിനു പിന്നില്‍ മൗലാനക്ക് മൂര്‍ത്തമായ എന്തെങ്കിലും സ്വാര്‍ഥമുണ്ടെന്ന് പറയുന്നത് അദ്ദേഹത്തോട് ചെയ്യുന്ന അനീതിയായിരിക്കും. എന്നാല്‍ അതു മാത്രമല്ലല്ലോ പ്രലോഭനം. പ്രലോഭനങ്ങളില്‍ അമൂര്‍ത്തമായവയുമുണ്ടല്ലോ. പ്രശസ്തി, അംഗീകാരം തുടങ്ങിയവ. അക്കാര്യത്തില്‍ ഭാഗ്യവാനായിരുന്നു മൗലാന. അതെന്തായാലും ദൈവം മനുഷ്യനെ വിധിക്കുന്നത് ഭാഗികമായ വിലയിരുത്തലിലൂടെയല്ല. ഗ്രന്ഥകാരനെന്ന നിലയില്‍ ഇസ്‌ലാമിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരലോകത്തും അദ്ദേഹത്തിന് സൗഭാഗ്യമേകട്ടെ എന്ന് പ്രാര്‍ഥിക്കാം.
Comments