Prabodhanm Weekly

Pages

Search

2021 മെയ് 07

3201

1442 റമദാന്‍ 25

ഖുര്‍ആന്‍ പഠനത്തില്‍  ന്ത്യയിലെ മുസ്‌ലിമേതര വ്യവഹാരങ്ങള്‍

മമ്മൂട്ടി അഞ്ചുകുന്ന്

ഇന്ത്യയിലെ ഒരു സംസാര ഭാഷയിലേക്ക് ഖുര്‍ആന്‍ ആദ്യമായി തര്‍ജമ ചെയ്യുന്നത് പതിനെട്ടാം നൂറ്റാില്‍ ഷാഹ് അബ്ദുല്‍ ഖാദര്‍ ദഹ്‌ലവിയാണ്. ഇന്ത്യയിലെ മറ്റു പ്രാദേശിക ഭാഷകളില്‍ അപ്പോഴും ഖുര്‍ആന്‍ ഭാഷാന്തരം ചെയ്യപ്പെട്ടിരുന്നില്ല. ഈ പ്രതിസന്ധി പരിഹരിക്കാന്‍ മുസ്‌ലിം പണ്ഡിതന്മാരോടൊപ്പം അമുസ്‌ലിം പണ്ഡിതര്‍ കൂടി മുന്നോട്ട് വന്ന ചരിത്രം കൗതുകകരമാണ്.
ഖുര്‍ആന്‍ പഠനവുമായി ഇന്ത്യയിലെ അമുസ്‌ലിം പണ്ഡിതര്‍ ബന്ധപ്പെടാനും സംഭാവനകള്‍ അര്‍പ്പിക്കാനും പ്രേരകമായ ഘടകങ്ങള്‍ വിലയിരുത്തുമ്പോള്‍ പ്രധാനമായും മൂന്ന് സമീപനങ്ങളാണ് കാണാന്‍ കഴിയുക. വേദോപനിഷത്തുകളുടെ തത്ത്വചിന്താപരമായ വായനയാണ് മിക്ക ഹൈന്ദവ പണ്ഡിതരും നടത്തിപ്പോന്നിരുന്നത്. മേല്‍ജാതിക്കാര്‍ക്ക് മാത്രം അവകാശമുണ്ടായിരുന്ന വേദപഠനവും അതു സംബന്ധിച്ച ചര്‍ച്ചകളും ആ വിഭാഗത്തില്‍ മാത്രം ഒതുങ്ങി നിന്നു. ഇന്ത്യയിലെ വലിയൊരു സമൂഹം എന്ന നിലയില്‍ മുസ്‌ലിംകളെ മനസ്സിലാക്കാനും ബ്രാഹ്മണ്യ സംസ്‌കൃതിയുമായി അവരുടെ വേദത്തിന് ബന്ധമുണ്ട് എന്ന് വരുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായായിരുന്നു ഒരു വിഭാഗം പണ്ഡിതന്മാര്‍ ഖുര്‍ആന്‍ പഠനം നടത്തിയത്. അവരില്‍ ചിലര്‍ ഖുര്‍ആനെ വിമര്‍ശനാത്മകമായാണ് സമീപിച്ചത്. ഇസ്‌ലാമിന്റെ ജനകീയതയെ ഭയന്ന് ഖുര്‍ആനെ ജനങ്ങള്‍ക്ക് മുമ്പില്‍ ദുര്‍വ്യാഖ്യാനം ചെയ്യാനും ശ്രമിച്ചു. ആര്യസമാജം നടത്തിയ ഖുര്‍ആന്‍ പഠനങ്ങളിലെല്ലാം ഈ സ്വഭാവം കാണാന്‍ കഴിയും. 
മറ്റൊരു വിഭാഗം അമുസ്‌ലിം പണ്ഡിതന്മാര്‍, ഹിന്ദു-മുസ്‌ലിം സാമൂഹികാന്തരീക്ഷത്തില്‍ ഇടക്കിടെ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുത്താനും ഇരു വിഭാഗവും തമ്മിലെ സാഹോദര്യം ഊട്ടിയുറപ്പിക്കാനും വേണ്ടിയുള്ള ശ്രമം എന്ന നിലയിലാണ് ഖുര്‍ആന്‍ പഠനം നടത്തിയത്. ഇങ്ങനെ പലരും ഖുര്‍ആനെ തങ്ങളുടെ സംസാര ഭാഷയിലേക്ക് പരിഭാഷ ചെയ്തതായി കാണാം. ഇവരും അടിസ്ഥാനപരമായി ഖുര്‍ആനും വേദങ്ങളും പറയുന്നത് ഒന്നാണ് എന്ന തരത്തില്‍ വ്യാഖ്യാനിക്കാനാണ് ശ്രമിച്ചത്. 
എന്നാല്‍ ഖുര്‍ആന്റെ ശൈലിയിലും ദൈവികതയിലും ആകൃഷ്ടരായി അത് ജനങ്ങളിലേക്ക് കൈമാറണം എന്ന ആഗ്രഹത്താല്‍ ഖുര്‍ആന്‍ സംബന്ധമായ രചനകള്‍ നടത്തിയ പണ്ഡിതന്മാരുമുണ്ട്. ഇവര്‍ ഖുര്‍ആന്റെ ദൈവശാസ്ത്രസംബന്ധിയായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും, അതില്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ കുറിക്കുകയും ചെയ്യുന്നതോടൊപ്പം  വേദങ്ങളുമായി അത് എങ്ങനെയെല്ലാം ഭിന്നിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കുകയുമുണ്ടായി. 
19-ാം നൂറ്റാണ്ട് മുതലാണ് അമുസ്‌ലിം പണ്ഡിതന്മാര്‍ ഖുര്‍ആനുമായി ലിഖിത രൂപത്തില്‍ വ്യവഹരിച്ചു തുടങ്ങിയത്. മുസ്‌ലിംകളുടെ പരിഭാഷകള്‍ക്കൊപ്പം ഓറിയന്റല്‍ സാഹിത്യങ്ങളെയും ഇതിനായി അവര്‍ അവലംബിച്ചു. ഈ വ്യവഹാരങ്ങള്‍ സമൂഹത്തില്‍ ഗുണപരമായ പ്രതിഫലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നത് നിഷേധിക്കാന്‍ കഴിയില്ല. അതോടൊപ്പം വിമര്‍ശനാത്മകമായി സമീപിച്ചവര്‍ അതിന്റെ വിളവും കൊയ്തിട്ടുണ്ട്. 
ഹിന്ദി സാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഭാരതേന്ദു ഹരിശ്ചന്ദ്  ഖുര്‍ആന്റെ ഹിന്ദി തര്‍ജമ രചിക്കാന്‍ പദ്ധതിയിട്ടെങ്കിലും അത് പൂര്‍ത്തിയായില്ല. 1886 -ല്‍ ഗുനിയാ ലാല്‍ ലികരാറി  എന്ന എഴുത്തുകാരനാണ് ആദ്യമായി ഖുര്‍ആന് ഹിന്ദി തര്‍ജമ തയാറാക്കിയത്. ലുധിയാനയിലെ ധര്‍മ സഭ ഇത് പ്രസിദ്ധീകരിച്ചു. വിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെട്ട ഏറ്റവും ചരിത്രപ്രാധാന്യമുള്ള ഇടപെടല്‍ നടത്തിയ ഹൈന്ദവ പണ്ഡിതന്‍  വിനയ്കുമാര്‍ അവസ്തിയാണ്. വിഖ്യാത പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ മൗലാന അബ്ജുല്‍ മാജിദ് ദരിയാബാദിയുടെ പ്രസിദ്ധമായ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്‌സീര്‍ മാജിദിയുടെ ഹിന്ദി തര്‍ജമ അദ്ദേഹം തയാറാക്കുകയുണ്ടായി.
അറബിക് ലിപിയിലുള്ള ഖുര്‍ആനും ഒപ്പം ദേവനാഗരി ലിപിയിലുള്ള ഖുര്‍ആന്‍ വാക്യങ്ങളും സഹിതമാണ് ഈ വ്യാഖ്യാനം പുറത്തു വന്നത്. 1983-ലാണ് ഇത് ലഖ്‌നൗവില്‍ പ്രസിദ്ധീകരിക്കുന്നത്. മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി ഈയൊരു ഉദ്യമം നടത്തിയ പണ്ഡിറ്റ് അവസ്തിയെ ഏറെ പ്രശംസിച്ചു ഈ ഗ്രന്ഥത്തിന് അവതാരിക കുറിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ പിതാവ് നന്ദകുമാര്‍ അവസ്തി 1969-ല്‍ ഒരു ഹിന്ദി ഖുര്‍ആന്‍ തര്‍ജമ രചിച്ചു എന്നതും സ്മരണീയമാണ്. ഇതും ഏറെ പ്രസിദ്ധവും ഇന്നും വിപണിയില്‍ ലഭ്യവുമാണ്. 
1990-ല്‍ 'സംസ്‌കൃതം ഖുര്‍ആനം' എന്ന പേരില്‍ ഖുര്‍ആന്റെ സംസ്‌കൃത ഭാഷ്യം ദല്‍ഹിയില്‍നിന്ന് പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. സത്യദേവോ വര്‍മയായിരുന്നു ഇതിന്റെ രചയിതാവ്. ഇസ്‌ലാമിക വിശ്വാസ ശാസ്ത്രത്തെയും ഹൈന്ദവ ദര്‍ശനങ്ങളെയും താരതമ്യം ചെയ്യുന്ന നീണ്ട ആമുഖത്തോടെയാണ് ഈ ഗ്രന്ഥം ആരംഭിക്കുന്നത്. മുഹമ്മദ് ഫാറൂഖ് ഖാന്‍ അല്‍ ഹസനാത്തിന്റെ ഹിന്ദി തര്‍ജമയും  ഡോ. മര്‍മഡ്യൂക് പിക്താളിന്റെ ഇംഗ്ലീഷ് തര്‍ജമായുമാണ് സത്യദേവോ വര്‍മ്മ തന്റെ രചനക്കു വേണ്ടി അവലംബിച്ചത്
ബ്രഹ്മസമാജകാരനായിരുന്ന ഗിരീഷ്ചന്ദ്ര സെന്‍ 1881-1886 കാലയളവില്‍ ആധുനിക ബംഗാളി ഭാഷയില്‍ മൂന്ന് വാല്യങ്ങളായി വിശുദ്ധ ഖുര്‍ആന്‍ ഭാഷാന്തരം നടത്തുകയുണ്ടായി. കേശബചന്ദ്ര സെന്‍ ഇതര മതങ്ങളെക്കുറിച്ച് പഠിക്കാന്‍ ബ്രഹ്മ സമാജം പണ്ഡിതരെ നിയോഗിച്ചപ്പോള്‍ ഗിരീഷ് ഇസ്‌ലാം മതത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെടുകയായിരുന്നു. ലഖ്‌നൗവിലെത്തി ഇദ്ദേഹം ക്ലാസിക്കല്‍ അറബിയും പേര്‍ഷ്യനും പഠിച്ചെടുത്തു. മൗലവി ഗിരീഷ് എന്ന പേരിലാണ് പിന്നീട് ഇദ്ദേഹം അറിയപ്പെട്ടത്. 
അനന്തപൂര്‍ ഗവണ്‍മെന്റ് കോളേജിലെ ഭാഷാ  പ്രഫസറായിരുന്ന ചിലിക്കൂരി നാരായണ്‍ റാവു 1930-ല്‍ ഖുര്‍ആന് തെലുങ്ക് ഭാഷയില്‍ തര്‍ജമ തയാറാക്കി. നീണ്ട പതിനഞ്ചു വര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലമായിരുന്നു ഇത്. തന്റെ ഉദ്യമത്തിനായി അറബി ഭാഷാ പ്രാവീണ്യമുള്ള രണ്ട് മൗലവിമാരെ അദ്ദേഹം സഹായത്തിന് വിളിക്കുകയുായി. 1938-ലാണ് ഇതിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കുന്നത്. ഹിന്ദു മുസ്‌ലിം സംഘര്‍ഷം ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ അദ്ദേഹം അവിടെയെത്തി തന്റെ ഖുര്‍ആന്‍ ഭാഷ്യം വിതരണം ചെയ്യുമായിരുന്നു. 
വിശുദ്ധ ഖുര്‍ആനെക്കുറിച്ച് സ്വാമി ദയാനന്ദ സരസ്വതി എഴുതിയ 'സത്യാര്‍ഥ പ്രകാശം' എന്ന വിമര്‍ശന പഠനത്തിലെ പിഴവുകള്‍ കണ്ട് പണ്ഡിറ്റ് രാമചന്ദ്ര ഹിന്ദിയില്‍ ഖുര്‍ആനിലെ ചില ഭാഗങ്ങള്‍ക്ക്  തര്‍ജമ  തയാറാക്കുകയുണ്ടായി. 1936-ലാണ് ഇത് പ്രസിദ്ധീകൃതമായത്. സത്യാര്‍ഥ പ്രകാശം ഇസ്‌ലാമിനെ നിശിതമായി വിമര്‍ശിക്കാന്‍ വേണ്ടി രചിക്കപ്പെട്ടതാണ്. പില്‍ക്കാലത്തെ സംഘ് പരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ ഇസ്‌ലാംവിരുദ്ധതക്ക് ഊര്‍ജ്ജം പകര്‍ന്ന കൃതിയാണത്. എന്നാല്‍ പണ്ഡിറ്റ് രാമചന്ദ്രയുടെ ഖുര്‍ആന്‍ ഭാഷാന്തരം സത്യാര്‍ഥ പ്രകാശത്തിന് തീര്‍ത്തും വ്യത്യസ്തമൊന്നുമായിരുന്നില്ല. ദയാനന്ദ സരസ്വതിക്ക് സംഭവിച്ച വസ്തുതാപരമായ പിഴവുകള്‍ തിരുത്തിയ മറ്റൊരു സത്യാര്‍ഥ പ്രകാശമായിരുന്നു അത്. വിശുദ്ധ ഖുര്‍ആനെ തെറ്റായ തരത്തില്‍ അക്ഷരവായന നടത്തുന്ന തര്‍ജമയായിരുന്നു സത്യത്തില്‍ അറബി ഭാഷയില്‍ അവഗാഹമുള്ള രാമചന്ദ്ര നടത്തിയത്. ഈ രണ്ടു പരിഭാഷകളും ഏറെ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. 
ഉമ്മത്തല കേശവ റാവു 1068 ഖുര്‍ആന്‍ സൂക്തങ്ങള്‍ തെലുങ്കിലേക്ക് ഭാഷാന്തരം ചെയ്യുകയുണ്ടായി. ഇത് ആചാര്യ വിനോഭ ഭാവേ പിന്നീട് തന്റെ ഖുര്‍ആന്‍ സാരം എന്ന പുസ്തകത്തില്‍ എടുത്തുദ്ധരിച്ചിട്ടുണ്ട്. വെങ്കിട എന്ന തമിഴ് സ്വദേശിയും ഖുര്‍ആന്റെ ചില ഭാഗങ്ങള്‍ തെലുങ്ക് ഭാഷയിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്. എസ്.എന്‍ കൃഷ്ണ റാവു, കെ. രാഘവന്‍ നായര്‍ എന്നിവര്‍ മലയാളത്തിലേക്കും ഖുര്‍ആന്‍ ഭാഷാന്തരം നടത്തിയിട്ടുണ്ട്. വാണിദാസ് എളയാവൂര്‍, വി. മധുസൂദനന്‍ നായര്‍ എന്നിവരും മലയാളത്തില്‍ ഖുര്‍ആന്‍സംബന്ധമായ രചനകള്‍ നിര്‍വഹിച്ചവരായിട്ടുണ്ട്. 
വ്യാഖ്യാനങ്ങള്‍ക്കും ഭാഷാന്തരങ്ങള്‍ക്കും പുറമെ ഖുര്‍ആന്‍ സംബന്ധിയായ പഠനങ്ങളും ഇന്ത്യയിലെ ഹൈന്ദവ പണ്ഡിതര്‍ നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഹിന്ദു-മുസ്‌ലിം സാമൂഹികാന്താരീക്ഷം സൗഹാര്‍ദ പൂര്‍ണമാക്കണമെന്ന ചിന്തകളായിരുന്നു പലരെയും ഈ ഉദ്യമത്തിന് പ്രേരിപ്പിച്ചത്. വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന ദൈവശാസ്ത്രത്തെക്കുറിച്ച് അപഗ്രഥനം നടത്തുന്ന 'ഖുദാ- ഖുര്‍ആനിക് ഫിലോസഫി' എന്ന ഗ്രന്ഥം രചിച്ച ആര്‍.ബി ഹരിശ്ചന്ദ്ര ഇതില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതുണ്ട്. ഖുര്‍ആനിലെ ദൈവം, ആത്മാവ്, ജ്ഞാനം, ദൈവിക ഗുണങ്ങള്‍ എന്നിവയെ അദ്ദേഹം ഈ ഗ്രന്ഥത്തില്‍ തത്ത്വചിന്തയുടെ വെളിച്ചത്തില്‍ പഠനവിധേയമാക്കുന്നു. വേദാന്ത ചിന്തയാല്‍ സ്വാധീനിക്കപ്പെട്ട ഗ്രന്ഥകാരന്‍ ഖുര്‍ആനില്‍ അത്തരമൊരു അന്വേഷണമാണ് നടത്തുന്നത്. അതിനാല്‍തന്നെ ഖുര്‍ആന്റെ ദര്‍ശനങ്ങളെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ചിലതിനെയെല്ലാം വേദാന്ത ചിന്തകള്‍ക്ക് അനുരൂപമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. എങ്കിലും ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ഫിലോസഫിയെ സംബന്ധിച്ച ഒരു സ്വതന്ത്ര പഠനം എന്ന നിലയില്‍ ഈ ഗ്രന്ഥം ശ്രദ്ധേയമാണ്.
1957-ല്‍ പ്രസിദ്ധീകരിച്ച 'ഖുര്‍ആനും ഗീതയും' എന്ന പണ്ഡിറ്റ് സുന്ദര്‍ലാലിന്റെ രചനയാണ് മറ്റൊന്ന്. ഹിന്ദി ഭാഷയില്‍ രചിക്കപ്പെട്ട ഈ കൃതി സയ്യിദ് അസദുല്ല ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്യുകയുണ്ടായി. അടിസ്ഥാന അധ്യാപനങ്ങളില്‍ ഖുര്‍ആനും ഗീതയും തമ്മിലെ സാമ്യതകളാണ് ഈ ഗ്രന്ഥം ചര്‍ച്ച ചെയ്യുന്നത്. പണ്ഡിറ്റ് മുകുന്ദ് രചിച്ച കൃതിയുടെ ഉള്ളടക്കവും ഇതേ സ്വഭാവത്തില്‍  തന്നെയാണ്. 
1962-ല്‍ ആചാര്യ വിനോഭ ഭാവേ രചിച്ച ദി എസ്സന്‍സ് ഓഫ് ഖുര്‍ആന്‍ എന്ന കൃതിയും പ്രസിദ്ധമാണ്. 25 വര്‍ഷത്തെ തന്റെ പ്രയത്‌നമാണ് ഈ കൃതി എന്ന് അദ്ദേഹം കുറിക്കുന്നു. ഒറിജിനല്‍ അറബി മൂലവും മര്‍മഡ്യൂക് പിക്താളിന്റെ ഇംഗ്ലീഷ് പരിഭാഷയുമാണ് അദ്ദേഹം ഇതിനായി അവലംബിച്ചത്. മറാത്തി ഭാഷയില്‍ രചിക്കപ്പെട്ട ഈ കൃതി പിന്നീട് ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യപ്പെട്ടു. മനുഷ്യഹൃദയങ്ങളെ പരസ്പരം കോര്‍ത്തിണക്കാനാണ് താന്‍ ഈ ഉദ്യമത്തിന് മുതിര്‍ന്നത് എന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. ഒന്‍പത് ഭാഗങ്ങളായാണ് അദ്ദേഹം  വിഷയങ്ങളെ ക്രമീകരിച്ചിട്ടുള്ളത്. 
'ഖുര്‍ആനില്‍നിന്ന് തെരഞ്ഞെടുത്ത ഭാഗങ്ങള്‍' എന്ന ഒ.പി ഗായിയുടെ കൃതി ഏറെ പ്രാധാന്യമുള്ളതാണ്. ഖുര്‍ആന്റെ സംഗ്രഹം സമൂഹത്തിന് സമര്‍പ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചതായി പ്രഫ. റശീദുദീന്‍ ഖാന്‍ ആമുഖത്തില്‍ കുറിക്കുന്നു. പ്രായോഗിക ജീവിതവുമായി ബന്ധപ്പെട്ട ഖുര്‍ആനിലെ സൂക്തങ്ങള്‍ തെരഞ്ഞെടുത്ത് അതിനെ ചിന്താപരമായി വ്യാഖ്യാനിക്കുന്ന ശൈലിയാണ് അദ്ദേഹം സ്വീകരിച്ചത്. 
ക്രിസ്തുമത വിശ്വാസത്തെ സാധൂകരിക്കാന്‍ ബന്ധി ശ്രീനിവാസ് റാവു 'യേശു - ബൈബിളിലും ഖുര്‍ആനിലും' എന്നൊരു രചന നടത്തുകയുണ്ടായി. ഇത്തരം അനേകം രചനകള്‍ പില്‍ക്കാലത്ത് വിവിധ ഭാഷകളില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഈ രംഗത്ത് ഇന്ത്യന്‍ ഭാഷയില്‍ ഇന്ത്യക്കാരന്‍ രചിച്ച ആദ്യ രചന എന്ന നിലയിലാണ് ഇത് പരാമര്‍ശിക്കപ്പെടുന്നത്. മുഹമ്മദ് നബിയെയും വിശുദ്ധ ഖുര്‍ആന്റെ ദൈവികതയെയും നിഷേധിക്കാതെയാണ് ഈ ശ്രമം അദ്ദേഹം നടത്തിയിരിക്കുന്നത് എന്നതാണ് കൗതുകകരം. 
ചന്ദ്രബാലി പാണ്ഡെയുടെ 'ഖുര്‍ആന്‍ മേ ഹിന്ദ്' എന്ന കൃതി ഇന്ത്യയും ഇസ്‌ലാമുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണമാണ്. സയ്യിദ് സുലൈമാന്‍ നദ്വിയെ അവലംബിച്ചുകൊണ്ട് ഖുര്‍ആനിലുള്ള ഹിന്ദി ഭാഷാ പദങ്ങള്‍ അദ്ദേഹം സൂചിപ്പിക്കുന്നു. നിരവധി ഖുര്‍ആനിക പദങ്ങളെ പരാമര്‍ശിച്ചുകൊണ്ട്  വേദോപനിഷത്തുകളില്‍ സമാനമായ അര്‍ഥം കുറിക്കുന്ന പദങ്ങളുടെ ഉച്ചാരണസാമ്യം അദ്ദേഹം ചര്‍ച്ച ചെയ്യുന്നു. ഹൈന്ദവ സുഹൃത്തുക്കള്‍ക്ക് ഇസ്‌ലാമുമായും മുസ്‌ലിംകളുമായും അടുപ്പം വര്‍ധിപ്പിക്കാനാണ് തന്റെ ഈ ശ്രമം എന്ന് അദ്ദേഹം തുറന്നെഴുതുന്നുണ്ട്. 
രണ്ടു ഭാഗങ്ങളായുള്ള ഈ കൃതിയുടെ ആദ്യ ഭാഗത്ത് ഖുര്‍ആന്റെ  ഫിലോസഫിക്കല്‍ സ്വഭാവത്തെ വിലയിരുത്തുകയും ഏകദൈവ വിശ്വാസത്തെക്കുറിച്ച് ഖുര്‍ആനിക വീക്ഷണങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. 
ഖുര്‍ആന്റെ മഹത്വം എന്ന സി.ഇ മുദിരാജിന്റെ കൃതിയും പരാമര്‍ശം അര്‍ഹിക്കുന്നതാണ്. ഖുര്‍ആനെ ചിന്താപരമായി സമീപിക്കുന്നതോടൊപ്പം ഖുര്‍ആനില്‍നിന്ന് രൂപപ്പെടുന്ന രാഷ്ട്രീയ, സൈനിക, നിയമ വശങ്ങളും സാമൂഹിക നീതിയും സുരക്ഷിതത്വവുമെല്ലാം അദ്ദേഹം ചര്‍ച്ചചെയ്യുന്നുണ്ട്.

Comments