Prabodhanm Weekly

Pages

Search

2021 മെയ് 07

3201

1442 റമദാന്‍ 25

റമദാന്‍ പാപങ്ങള്‍ ഏറ്റുപറയാനുള്ള  മാസം

ജമാല്‍ ഇരിങ്ങല്‍

നമ്മുടെ ജീവിതത്തെ മാറ്റിപ്പണിയാനും സര്‍വലോക രക്ഷിതാവായ റബ്ബിന്റെ ചാരത്തേക്ക് ഓടിയണയാനുമുള്ള അസുലഭ അവസരമാണ് ഓരോ റമദാനും. ഈ ഒരു മാസം മുഴുവന്‍ വിശ്വാസികളെയും പുതിയ  മനുഷ്യരാക്കി മാറ്റുന്നു. പാപങ്ങള്‍ കഴുകിക്കളഞ്ഞ് നിഷ്‌കളങ്കനായ പുതിയ മനുഷ്യനിലേക്കുള്ള പ്രയാണമാണ് റമദാനിലൂടെ ഓരോ വിശ്വാസിയും നടത്തുന്നത്. 
ജീവിതത്തില്‍ തെറ്റുകള്‍ സംഭവിക്കുക എന്നത് മനുഷ്യസഹജമായ  കാര്യമാണ്. അവന്റെ പ്രകൃതം അല്ലാഹു സംവിധാനിച്ചുവെച്ചിരിക്കുന്നത് അങ്ങനെയായായതുകൊണ്ടാണത്.  തെറ്റും ശരിയും തിരിച്ചറിയാനുള്ള വിവേചന ബുദ്ധിയും ദൈവം മനുഷ്യനു  നല്‍കി എന്നതാണ് പ്രസ്താവ്യമായ കാര്യം. മലക്കുകള്‍ക്ക് മാത്രമാണ് തെറ്റുകള്‍ ചെയ്യാതിരിക്കുക സാധ്യമാവുകയുള്ളൂ. എന്നാല്‍ ജീവിതത്തില്‍ എപ്പോഴെങ്കിലും തെറ്റുകള്‍  സംഭവിക്കുമ്പോള്‍ അത് തിരിച്ചറിഞ്ഞ് പടച്ചതമ്പുരാനോട് പശ്ചാത്തപിച്ചു മടങ്ങുക എന്നതാണ് ഓരോ വിശ്വാസിയുടെയും ബാധ്യത. 'എല്ലാ ആദം സന്തതികളും തെറ്റ് സംഭവിച്ചുപോകുന്നവരാണ്. പശ്ചാത്തപിക്കുന്നവരാണ് നല്ല തെറ്റുകാര്‍' (തിര്‍മിദി).
ചെയ്തുപോയ തെറ്റുകള്‍ അല്ലാഹുവിന്റെ മുമ്പാകെ ഏറ്റുപറഞ്ഞ് കണ്ണുനീര്‍ കൊണ്ട് ആ പാപക്കറകള്‍ കഴുകിക്കളയാനുള്ള ഏറ്റവും അനുയോജ്യമായ അവസരമാണ് റമദാന്‍. ഈ ഒരു മാസം ക്ഷമയുടെയും സഹനത്തിന്റെയും മാസം കൂടിയാണല്ലോ. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ദൃഢനിശ്ചയം എടുക്കാനും നമുക്ക് സാധിക്കണം. ഏതെങ്കിലും ഒരു പ്രത്യേക സമയത്ത് ചെയ്യേണ്ട കാര്യമല്ല തൗബ. എങ്കിലും നമ്മുടെ പശ്ചാത്താപം അല്ലാഹു  സ്വീകരിക്കാനുള്ള സാധ്യത  കൂടുതല്‍ റമദാനില്‍ ആണെന്നുള്ളതാണ് വസ്തുത. എപ്പോഴും പശ്ചാത്താപം ചെയ്തു കൊണ്ടിരിക്കാന്‍ കല്‍പിക്കപ്പെട്ട സമൂഹം കൂടിയാണ് മുസ്ലിം ഉമ്മത്ത്. ''അല്ലയോ വിശ്വസിച്ചവരേ, എല്ലാവരും ഒന്നുചേര്‍ന്ന് അല്ലാഹുവിനോട് പശ്ചാത്തപിക്കുവിന്‍. നിങ്ങള്‍ വിജയം വരിക്കുമെന്ന് പ്രതീക്ഷിക്കാം'' (അന്നൂര്‍ 31).
റമദാന്‍ മനുഷ്യനായ അടിമക്ക് തന്റെ ഉടമയായ അല്ലാഹുവുമായുള്ള ബന്ധത്തെ നന്നാക്കാനുള്ള സുവര്‍ണാവസരം കൂടിയാണ്. അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും തന്റെ ജീവിതത്തില്‍ വന്നുപോയ വീഴ്ചകള്‍ തിരിച്ചറിഞ്ഞ് അതില്‍നിന്നും പിന്മാറാനുമുള്ള ദിനരാത്രങ്ങള്‍. അല്ലാഹു തനിക്ക് നല്‍കിയ അനുഗ്രഹങ്ങളെ മറന്നുപോവുകയും ആ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കാതിരിക്കുകയും ചെയ്ത് അഹങ്കാരികളായി നടന്നവര്‍ക്ക് പടച്ച തമ്പുരാനെ തിരിച്ചറിയാനുള്ള അവസരം. നമ്മുടെ കണ്ണുകള്‍ ഒന്ന് തുറന്നുവെച്ച് നമുക്ക് ചുറ്റുമൊന്ന് നോക്കിയാല്‍ അല്ലാഹു ചെയ്തുതന്ന എണ്ണമറ്റ അനുഗ്രഹങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. പക്ഷേ, നമ്മള്‍ പലപ്പോഴും അതിനു മുതിരാറില്ല എന്നതാണ് യാഥാര്‍ഥ്യം. തങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദികേട് കാണിക്കുന്നവരെ അല്ലാഹു വെറുതെ വിടുകയില്ല. ''അല്ലാഹു ഒരു പട്ടണത്തെ ഉദാഹരിക്കുന്നു. അത് നിര്‍ഭയമായും സമാധാനമായും ജീവിച്ചുവരുകയായിരുന്നു. അതില്‍ നാനാദിക്കുകളില്‍നിന്നും സമൃദ്ധമായി വിഭവങ്ങളെത്തിക്കൊണ്ടിരുന്നു. എന്നിട്ടും അല്ലാഹുവിന്റെ അനുഗ്രഹങ്ങളുടെ നേരെ ആ നാട്ടുകാര്‍ നന്ദികേട് കാണിച്ചു. അപ്പോള്‍, അല്ലാഹു അവരെ സ്വന്തം ചെയ്തികളുടെ രുചിയാസ്വദിപ്പിച്ചു. അതായത്, വിശപ്പും ഭീതിയുമാകുന്ന വിപത്തുകള്‍ അവരെ മൂടിക്കളഞ്ഞു'' (അന്നഹ്ല്‍ 112). 
തൗബയുടെ കവാടം അല്ലാഹു എല്ലാ പാപികള്‍ക്കും വേണ്ടി തുറന്നുവെച്ചിരിക്കുകയാണ്. ദൈവകാരുണ്യത്തെ കുറിച്ച് ഒരാളും നിരാശനാവേണ്ടതില്ല. മനുഷ്യര്‍ തെറ്റിന്റെ വഴിയിലൂടെ എത്ര  സഞ്ചരിച്ചുപോയാലും അല്ലാഹുവിലേക്ക് തിരിച്ചു നടന്നുതുടങ്ങിയാല്‍ പിന്നെ അവനെ അല്ലാഹു ചേര്‍ത്തുപിടിക്കുമെന്നാണ് പ്രവാചകന്‍ നമ്മെ പഠിപ്പിക്കുന്നത്. കഴിഞ്ഞുപോയ കാലിടര്‍ച്ചകളെ  കുറിച്ചോര്‍ത്ത്  സമയം പാഴാക്കുന്നതിനു പകരം നന്മകള്‍ കൊണ്ട് ആ തിന്മകളെ മറികടക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. റമദാനിന്റെ വിശുദ്ധമായ രാപ്പകലുകളില്‍ സുകൃതങ്ങള്‍ കൊണ്ട് ജീവിതത്തെ പ്രശോഭിതമാക്കാന്‍ നമുക്ക് സാധിക്കണം. വിവേകികളുടെയും ബുദ്ധിമാന്മാരുടെയും  രീതിയാണത്. റമദാന്‍ വന്നെത്തിയിട്ടും തങ്ങളുടെ പാപങ്ങളെ കഴുകിക്കളയാതെ അലസതയോടെ മുന്നോട്ടു പോകുന്നവരേക്കാള്‍ വലിയ അവിവേകികള്‍ വേറെ ആരാണുള്ളത്! കൂടുതല്‍ നന്മകള്‍ ചെയ്യുന്നതിലൂടെ നമുക്ക് നമ്മുടെ പാപങ്ങളെ കഴുകിക്കളയാന്‍ കഴിയണം. നമ്മുടെ ഹൃദയവും നാവും കൈകാലുകളും റബ്ബിന്റെ അനുഗ്രഹങ്ങളെ വാഴ്ത്തിക്കൊണ്ടിരിക്കണം. ഒരിക്കലും പടച്ചവനെ മറന്നുപോകുന്ന ഹതഭാഗ്യവാന്മാരുടെ കൂട്ടത്തില്‍ നാം പെട്ടുപോകരുത്. പ്രവാചകന്‍ തന്റെ ഒരു പ്രാര്‍ഥനയില്‍  അതാണ് പഠിപ്പിക്കുന്നത്; 'അല്ലാഹുവേ, എന്റെ കേള്‍വിയുടെയും കാഴ്ചയുടെയും നാവിന്റെയും തിന്മകളില്‍നിന്നും ഞാന്‍ നിന്നോട് ശരണം തേടുന്നു' (തിര്‍മിദി). നാവില്‍നിന്നാണ് പല തിന്മകളുടെയും പിറവി. ഏഷണി, പരദൂഷണം, കളവ്, അപവാദപ്രചാരണം തുടങ്ങി നിരവധി തെറ്റുകള്‍ സംഭവിക്കുന്നത് നാവിലൂടെയാണ്. സ്വന്തം തിന്മകളെ കുറിച്ച് പലപ്പോഴും നമ്മള്‍ ബോധവാന്മാരല്ലെങ്കിലും മറ്റുള്ളവരുടെ കുറ്റവും കുറവുകളും അറിയാനും പറയാനും നമുക്ക് വലിയ ഔത്സുക്യമാണ്. അല്ലാഹുവും പ്രവാചകനും ശക്തമായി താക്കീത് നല്‍കിയ പാപമാണ് മറ്റുള്ളവരെ കുറിച്ച് ഏഷണിയും പരദൂഷണവും പറയുക എന്നത്. ഈ തിന്മകളില്‍നിന്നും വിട്ടുനില്‍ക്കാന്‍ പലപ്പോഴും പലര്‍ക്കും സാധിക്കാറില്ല എന്നതും വസ്തുതയാണ്. 
അന്യരുടെ അഭിമാനത്തിന് ഇസ്ലാം വളരെയധികം പ്രാധാന്യമാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ ഏഷണിയും പരദൂഷണവും പറയുന്നതും അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതും ഇസ്ലാമില്‍ വലിയ ഗൗരവമുള്ള  കുറ്റമാണ്.  മറ്റുള്ളവരുടെ ശവം തിന്നുന്നതിന് തുല്യമായിട്ടാണ് ഇസ്ലാം  ഈ തെറ്റിനെ കാണുന്നത്. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റകരമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളില്‍ ചിലര്‍ ചിലരെ പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചു പറയുകയും അരുത്. തന്റെ സഹോദരന്‍ മരിച്ചു കിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണ് ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു'' (ഹുജുറാത്ത് 12). ഒരു ഹദീസില്‍ ഇങ്ങനെ കാണാം: അബൂ ഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബി (സ) പറഞ്ഞു; 'ഗീബത്ത് (പരദൂഷണം) എന്താണ് എന്ന് നിങ്ങള്‍ക്കറിയുമോ?' അവര്‍ പറഞ്ഞു; 'അല്ലാഹുവിനും റസൂലിനും അറിയാം.' 'നിന്റെ സഹോദരനെ സംബന്ധിച്ച് അവന്‍ വെറുക്കുന്ന കാര്യം പറയലാണത്.' ആരോ ചോദിച്ചു; 'ഞാന്‍ പറയുന്ന കാര്യം എന്റെ സഹോദരനില്‍ ഉണ്ടെങ്കിലോ?' നബി (സ) പറഞ്ഞു; 'നീ പറയുന്നത് അവനില്‍ ഉണ്ടെങ്കില്‍ നീ അവനെ സംബന്ധിച്ച് പരദൂഷണം പറഞ്ഞിരിക്കുന്നു. അവനില്‍ അത് ഇല്ലെങ്കില്‍ നീ കളവ് പറഞ്ഞിരിക്കുന്നു' (മുസ്ലിം).
അതുപോലെത്തന്നെ അനാവശ്യം സംസാരിക്കുക എന്നതും ഇസ്ലാമില്‍ വലിയ ഗൗരവമുള്ള തിന്മയാണ്. കൂട്ടുകാര്‍ തമ്മില്‍ സംസാരിച്ചിരിക്കുമ്പോള്‍ തമാശക്ക് വേണ്ടിയുള്ള അനാവശ്യ സംസാരവും ദ്വയാര്‍ഥങ്ങള്‍ വെച്ചുള്ള പ്രയോഗങ്ങളും സര്‍വസാധാരണമായ കാര്യമായി മാറിയിരിക്കുകയാണിപ്പോള്‍. സ്‌കൂള്‍, കോളേജ് അലൂംനി ഗ്രൂപ്പുകളിലും സ്റ്റേജ് ഷോകളിലും മറ്റും ഇത് വളരെ വ്യാപകമാണ്. ഈ കാലത്ത്. സിനിമകളിലെയും സ്റ്റേജ് ഷോകളിലെയും ചാനല്‍ പരിപാടികളിലെയും തമാശകള്‍ പലപ്പോഴും അശ്ലീലം കലര്‍ന്നതും ദ്വയാര്‍ഥങ്ങള്‍ നിറഞ്ഞതുമായി  മാറിയിട്ടുണ്ട്. 
അന്യ സ്ത്രീ-പുരുഷന്മാര്‍ മറ്റൊരാളുടെ സാന്നിധ്യത്തിലല്ലാതെ സ്വകാര്യ സംഭാഷണത്തിലേര്‍പ്പെടരുത്, പുരുഷന്‍ സ്ത്രീയെയോ സ്ത്രീ പുരുഷനെയോ, അവര്‍ വിവാഹത്തിലൂടെ ഇണകളായി മാറിയിട്ടില്ലെങ്കില്‍, കാമവികാരത്തോടെ നോക്കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ ഇസ്ലാം മുന്നോട്ടു വെക്കുന്നത് തിന്മകളുടെ കവാടം  കൊട്ടിയടക്കാന്‍  വേണ്ടിയാണ്. 
'കുത്തുവാക്ക് പറയുകയോ അധിക്ഷേപിക്കുകയോ അശ്ലീലം പറയുകയോ നീചമായ വാക്കുകള്‍ ഉപയോഗിക്കുകയോ ചെയ്യുന്നവനല്ല വിശ്വാസി' (തിര്‍മിദി). 
പലപ്പോഴും മനുഷ്യനെ വഴികേടിലാക്കുന്ന തിന്മകളാണ് അഹങ്കാരവും ലോകമാന്യവും. ഇത് രണ്ടും വിശ്വാസിയുടെ ജീവിതത്തെ നശിപ്പിച്ചുകളയുന്ന ഗൗരവമുള്ള കാര്യങ്ങളാണ്. ഇതില്‍ നമ്മള്‍ എപ്പോഴും ജാഗ്രത കൈക്കൊള്ളേണ്ടതുണ്ട്. ജീവിതത്തില്‍ അത്തരം തിന്മകളുടെ കണികകള്‍ ഉണ്ടെങ്കില്‍ അതൊക്കെയും എടുത്തുകളയാനുള്ള അവസരം കൂടിയാണ് റമദാന്‍.  
'സ്വന്തം ഇഛകള്‍ ശരീഅത്തായി തെറ്റിദ്ധരിക്കപ്പെടുന്ന കാലത്താണ് അല്ലാഹു നമ്മെ സൃഷ്ടിച്ചിട്ടുള്ളത്. സ്ഥാനലബ്ധിയും അഹങ്കാരവും അഭിമാനമായി കാണപ്പെടുന്ന, ലോകമാന്യം ദൈവഭക്തിയായി തെറ്റിദ്ധരിക്കപ്പെടുന്ന, കാപട്യം ആത്മീയതയായി പ്രചരിക്കപ്പെടുന്ന ഒരു കാലമാണിത്. ശരീഅത്ത് വിരോധമാണ് ത്വരീഖത്ത് എന്ന് മനസ്സിലാക്കപ്പെടുന്ന അത്യധികം അപകടകരമായ ഒരു കാലം......... ഇസ്ലാമിക സംസ്‌കാരമോ ജാഹിലീ സ്വഭാവങ്ങളോ മാനുഷിക മൂല്യങ്ങളോ ഇല്ലാത്ത ലോകത്താണ് നാം ജീവിക്കുന്നത്' (കശ്ഫുല്‍ മഹ്ജൂബ് 199).
പേരിനും പ്രശസ്തിക്കും വേണ്ടി സാമൂഹിക പ്രവര്‍ത്തനം  നടത്തുന്ന കാലം കൂടിയാണിത്. താന്‍ ചെയ്ത നന്മകള്‍ താന്‍ തന്നെ എടുത്തു പറഞ്ഞ് സെല്‍ഫ് മാര്‍ക്കറ്റിംഗ് നടത്തുന്ന പുതിയ കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. 
മഹാനായ ലുഖ്മാന്‍ തന്റെ മകന് നല്‍കുന്ന ഉപദേശങ്ങളില്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്,ഈ കാര്യങ്ങളെ കുറിച്ച്; ''നീ ആളുകളില്‍നിന്ന് മുഖം തിരിച്ചു സംസാരിക്കരുത്. ഭൂമിയില്‍ നിഗളിച്ചു നടക്കുകയുമരുത്. അഹന്ത കാട്ടുകയും ഭള്ള് പറയുകയും ചെയ്യുന്ന ആരെയും അല്ലാഹു സ്നേഹിക്കുകയില്ല. നിന്റെ നടത്തത്തില്‍ മിതത്വം പാലിക്കുക. ഒച്ച കുറക്കുക. അരോചകമായ ശബ്ദം കഴുതയുടെ ശബ്ദം തന്നെ'' (ലുഖ്മാന്‍ 18,19). 
അഹങ്കാരവും ലോകമാന്യവും നമ്മെ ദൈവകോപത്തിലേക്കും അതുവഴി നരകത്തിലേക്കുമാണ് കൊണ്ടെത്തിക്കുക. 

തൗബയുടെ രൂപം 

നന്മകള്‍ ചെയ്യുന്നതിലൂടെയാണ് തിന്മകള്‍ പൊറുക്കപ്പെടുക എന്നതാണ് പ്രവാചകാധ്യാപനം. 'അഞ്ചു നേരത്തെ നമസ്‌കാരവും, ഒരു ജുമുഅഃ മുതല്‍ അടുത്ത ജുമുഅഃ വരെയും, ഒരു റമദാന്‍ അടുത്ത റമദാന്‍ വരെയുമുള്ള പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമാകുന്നു; വന്‍പാപങ്ങള്‍ വെടിയുകയാണെങ്കില്‍' (മുസ്ലിം). ധാരാളം നന്മകള്‍ റമദാനില്‍ ചെയ്തുകൊണ്ടാണ് നമ്മള്‍ നമ്മുടെ പാപക്കറകള്‍ കഴുകിക്കളയേണ്ടത്. അതിലൂടെ നാം ചെയ്യുന്ന നന്മകള്‍ക്ക് അനേകമിരട്ടി പ്രതിഫലം ലഭിക്കുകയും ചെയ്തുപോയ തിന്മകള്‍ അല്ലാഹു പൊറുത്തുതരികയും ചെയ്യുമെന്നതാണ് നാം മനസ്സിലാക്കേണ്ടത്. 'നന്മയില്‍ ഒന്നിനെയും അവഗണിക്കരുത്, നിന്റെ സഹോദരനെ പ്രസന്നമുഖത്തോടെ അഭിമുഖീകരിക്കുന്നതാണെങ്കില്‍ പോലും' (മുസ്ലിം). 
തൗബ എന്നത് നിഷിദ്ധമായ കുറ്റകൃത്യങ്ങളില്‍നിന്നും അല്ലാഹു നിര്‍ബന്ധമാക്കിയ കര്‍മങ്ങള്‍ ചെയ്യുന്നതില്‍ വീഴ്ചകളും കുറവുകളും വരുത്തിയതില്‍നിന്നും സത്യസന്ധമായ മനസ്സോടെ അല്ലാഹുവിലേക്കുള്ള മടക്കമാണ്. ഒരാള്‍ ആത്മാര്‍ഥമായിട്ടാണ് തൗബ ചെയ്യുന്നതെങ്കില്‍ അല്ലാഹു അവന്റെ സല്‍ക്കര്‍മങ്ങള്‍ സ്വീകരിക്കുകയും തിന്മകള്‍ പൊറുത്തുകൊടുക്കുകയും ചെയ്യുമെന്നത് നിസ്തര്‍ക്കമായ കാര്യമാണ്. 
''ശിക്ഷ കണ്ടിട്ട് വിശ്വാസം കൈക്കൊള്ളുകയും ആ വിശ്വാസം പ്രയോജനകരമാവുകയും ചെയ്ത വല്ല നാടിന്റെയും ഉദാഹരണമുണ്ടോ - യൂനുസിന്റെ ജനതയുടേതല്ലാതെ? (അത് ഒരപവാദമാകുന്നു). അവര്‍ വിശ്വാസം കൈക്കൊണ്ടപ്പോള്‍ നാം അവരില്‍നിന്ന് ഐഹികജീവിതത്തിലെ ഹീനതയുടെ ശിക്ഷ നീക്കിക്കളഞ്ഞു. ഒരു കാലഘട്ടം വരെ അവര്‍ക്കു ജീവിക്കാന്‍ സൗകര്യം നല്‍കുകയും ചെയ്തു'' (യൂനുസ് 98). ഈ ആയത്തിനെ  വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്നുജരീര്‍ തഫ്‌സീര്‍ ത്വബരിയില്‍ പറയുന്നു: 'ഒരു ഗ്രാമത്തിലെ സമൂഹം നന്ദികേട് കാണിച്ചത് കാരണത്താല്‍ അല്ലാഹുവിന്റെ ശിക്ഷ വന്നെത്തിയതിനു ശേഷം അവര്‍ വിശ്വാസികളാവുകയാണെങ്കില്‍ അത് ഉപകാരപ്പെടുകയില്ല, യൂനുസ് നബിയുടെ സമൂഹം അതില്‍നിന്നൊഴിവാണ്. ആ സമൂഹത്തിന് തങ്ങളുടെ പ്രവാചകനെ നഷ്ടപ്പെട്ടപ്പോള്‍ അവര്‍ വിചാരിച്ചു, അല്ലാഹുവിന്റെ ശിക്ഷയിറങ്ങുകയാണെന്ന്. അപ്പോള്‍ അല്ലാഹു അവരുടെ മനസ്സുകളില്‍ തൗബ ചെയ്യാനുള്ള ആഗ്രഹം ഇട്ടുകൊടുക്കുകയായിരുന്നു. അവരെ ഭയം പിടികൂടുകയും, മൃഗങ്ങള്‍ പോലും തങ്ങളുടെ മക്കളില്‍നിന്ന് അശ്രദ്ധമാവുകയും ചെയ്തു. തുടര്‍ന്ന് അല്ലാഹു അവര്‍ക്ക് 40 ദിവസത്തെ സാവകാശം നല്‍കുകയുണ്ടായി. അങ്ങനെ അവര്‍ ചെയ്തുകൂട്ടിയ പാപങ്ങള്‍ ഓര്‍ത്തുള്ള അവരുടെ സത്യസന്ധമായ തൗബയും ഖേദവും കാരണം അവരുടെ മേല്‍ ഇറങ്ങിയ ശിക്ഷയെ അല്ലാഹു നീക്കിക്കളയുകയാണ്' (തഫ്‌സീര്‍ ത്വബരി).
അടിമകളുടെ പശ്ചാത്താപം അല്ലാഹുവിനെ വല്ലാതെ സന്തോഷിപ്പിക്കുന്നതാണ്. 'വാഹനപ്പുറത്തു നിന്ന് വീണ് മരുഭൂമിയില്‍ വഴിതെറ്റിയവന് വാഹനം തിരിച്ചു കിട്ടുമ്പോഴുണ്ടാകുന്ന സന്തോഷത്തേക്കാള്‍ സന്തോഷമാണ് ഒരാള്‍ അല്ലാഹുവിലക്ക് തൗബ ചെയ്യുമ്പോള്‍ അല്ലാഹുവിനുണ്ടാവുന്ന സന്തോഷം' (ബുഖാരി, മുസ്‌ലിം). 
ചരിത്രത്തില്‍ കഴിഞ്ഞുപോയ എല്ലാ പ്രവാചകന്മാരും തൗബയെ തങ്ങളുടെ ജീവിതത്തിലെ ഒരു ചര്യയാക്കി മാറ്റിയവരായിരുന്നു. മുഹമ്മദ് നബി ഒരു ദിവസം ചുരുങ്ങിയത് 100 തവണയെങ്കിലും അല്ലാഹുവിനോട് പാപമോചനം നടത്താറുണ്ടായിരുന്നു. അദ്ദേഹത്തിനു ശേഷം ഇസ്ലാമിക നേതൃത്വം ഏറ്റെടുത്ത അബൂബക്ര്‍ (റ), ഉമര്‍ (റ), ഉസ്മാന്‍ (റ), അലി (റ) എന്നീ ഖുലഫാഉര്‍റാശിദുകളും പൂര്‍വസൂരികളായ പണ്ഡിതന്മാരുമൊക്കെ തങ്ങളുടെ ജീവിതത്തില്‍ നിരന്തരം തൗബ ചെയ്യുന്നവരായിരുന്നു. തങ്ങളുടെ ജീവിതത്തില്‍ തെറ്റുകളൊന്നും സംഭവിക്കാതെ തന്നെ അവര്‍ ഈ വിഷയത്തില്‍ ഇത്രമാത്രം ശുഷ്‌കാന്തിയും ജാഗ്രതയും കൈക്കൊണ്ടിട്ടുണ്ടെങ്കില്‍ നിരന്തരം തെറ്റുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് എങ്ങനെയാണ് ഇതില്‍നിന്നും മാറിനില്‍ക്കാന്‍ സാധിക്കുക?
തൗബ അല്ലാഹുവില്‍നിന്നും ധാരാളം അനുഗ്രഹങ്ങള്‍ നമുക്ക് നേടിത്തരുന്ന ആരാധനയാണ്.  ഈ ലോകത്തും പരലോകത്തും നമുക്ക് വിജയിക്കാനുള്ള ഉപാധി കൂടിയാണത്. അതുകൊണ്ടാണ് പണ്ഡിതന്മാര്‍ പറയുന്നത്, തെറ്റുകള്‍ സംഭവിച്ചാല്‍ തൗബ ചെയ്യുക എന്നത് നിര്‍ബന്ധ ബാധ്യതയാണെന്ന്. 
''എന്റെ ജനമേ, നിങ്ങളുടെ റബ്ബിനോട് മാപ്പു തേടുവിന്‍. എന്നിട്ട് അവങ്കലേക്കു പശ്ചാത്തപിച്ചു മടങ്ങുവിന്‍. അവന്‍ നിങ്ങള്‍ക്കു മീതെ ആകാശത്തിന്റെ കവാടങ്ങള്‍ തുറന്നിടും. നിങ്ങളുടെ നിലവിലുള്ള ശക്തിയുടെ മേല്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യും. ധിക്കാരികളായി പിന്തിരിയാതിരിക്കുവിന്‍'' (ഹൂദ് 52).

തൗബ സ്വീകാര്യമാകാനുള്ള നിബന്ധനകള്‍ 

തൗബ സ്വീകാര്യമാകാന്‍  പ്രധാനമായും നാല് നിബന്ധനകള്‍  പാലിക്കപ്പെടേണ്ടതുണ്ട്:
1) ചെയ്തുപോയ പാപങ്ങളെ കുറിച്ച് മനസ്സില്‍ ഖേദം ഉണ്ടാവുക.
തൗബയുടെ ഒന്നാമത്തെ ഘട്ടമാണ് ജീവിതത്തില്‍ സംഭവിച്ചുപോയ തെറ്റുകളെ കുറിച്ചുള്ള പശ്ചാത്താപബോധം. അല്ലാഹു എനിക്ക് ഈ ലോകത്തെ ജീവിതത്തില്‍ നിരവധി അനുഗ്രഹങ്ങളും സൗകര്യങ്ങളും ചെയ്തുതന്നിട്ടും താന്‍ അതൊക്കെയും മറന്നുകൊണ്ട് ദൈവധിക്കാരം ചെയ്തുകളഞ്ഞല്ലോ എന്നുള്ള ബോധമാണ് അത്. ഈ ബോധം മനസ്സിന്റെ ഉള്ളില്‍നിന്നും വരേണ്ട ഒന്നാണ്. തൗബയെന്നാല്‍ ഖേദമാണെന്നും പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.  
നബി (സ) പറയുന്നു: 'ഒരു സത്യവിശ്വാസി തെറ്റു ചെയ്താല്‍  അവന് വലിയ ഖേദവും അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങുന്നതിനെക്കുറിച്ച് ഭയവുമുണ്ടാകും. പര്‍വതം എന്റെ മേല്‍  വീണേക്കുമോ എന്നുപോലും അവന്‍  ഭയപ്പെടും. കപടവിശ്വാസിയാകട്ടെ, തെറ്റിനെ അവഗണിക്കും. തന്റെ മൂക്കിന്‍തുമ്പത്ത് വന്നിരിക്കുന്ന ഒരീച്ചയെ ആട്ടുന്ന ലാഘവത്തോടെയാണവന്‍  തെറ്റിനെ കാണുക' (ബുഖാരി).
നൂറു പേരെ കൊന്നവന്റെയും മാഇസിന്റെയും വ്യഭിചരിച്ച സ്ത്രീയുടെയും തൗബകള്‍ അല്ലാഹു സ്വീകരിച്ചതും  അവരുടെ മനസ്സില്‍ ഈ ഒരു ബോധം ഉണ്ടായതുകൊണ്ടാണല്ലോ. 
2) പാപങ്ങളില്‍നിന്നു വിട്ടുനില്‍ക്കുക.
ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകളില്‍നിന്നു പൂര്‍ണമായും വിരമിച്ചതിനു ശേഷമായിരിക്കണം തൗബ ചെയ്യേണ്ടത്. ഒരു തെറ്റില്‍ തന്നെ നിലനിന്നുകൊണ്ട് ചെയ്യുന്ന പശ്ചാത്താപം അല്ലാഹു ഒരിക്കലും സ്വീകരിക്കുകയില്ല. 
നബി (സ) പറയുന്നു: 'നിശ്ചയം, പാപത്തില്‍ നിന്ന് ഖേദിച്ചു മടങ്ങിയവന്‍  പാപം ചെയ്യാത്തവനെപ്പോലെയാണ്. തെറ്റുകളില്‍ വ്യാപൃതനായിരിക്കെ പാപമോചനത്തിനായി പ്രാര്‍ഥിക്കുന്നവന്‍  അല്ലാഹുവിനെ പരിഹസിക്കുന്നവനെപ്പോലെയാണ്' (ത്വബറാനി).
3) തെറ്റുകള്‍ ആവര്‍ത്തിക്കുകയില്ല എന്ന ദൃഢനിശ്ചയം. 
വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. തൗബ ചെയ്യുകയും വീണ്ടും തെറ്റുകള്‍ ചെയ്തുകൊണ്ടേയിരിക്കുകയും എന്നുള്ളത് ഒരു വിശ്വാസിയുടെ സ്വഭാവമാകാന്‍  പാടില്ല. തെറ്റുകള്‍ വന്നുപോകുന്നതില്‍ വളരെ ജാഗ്രതയുള്ളവരാകാന്‍ നാം ശ്രദ്ധിക്കണം.  
ചിലരുടെ ജീവിതത്തില്‍ ഒരേ തെറ്റുകള്‍ തന്നെ നിരന്തരം ആവര്‍ത്തിക്കപ്പെടുന്നത് കാണാറുണ്ട്. അത്തരക്കാരുടെ തൗബ അല്ലാഹു സ്വീകരിച്ചിട്ടില്ല എന്നതാണതിന്റെ അര്‍ഥം. തെറ്റിലേക്ക് ഇനിയൊരിക്കലും മടങ്ങുകയില്ല എന്ന കണിശത ജീവിതത്തില്‍ കാത്തുസൂക്ഷിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയേണ്ടതുണ്ട്. 
4) മനുഷ്യരുമായി വല്ല ബാധ്യതയുമുണ്ടെങ്കില്‍ അത് തീര്‍ക്കുക.
മനുഷ്യരുമായുള്ള ബാധ്യത തീര്‍ക്കാതെ എത്ര തവണ തൗബയും ഇസ്തിഗ്ഫാറും നടത്തിയിട്ടും യാതൊരു പ്രയോജനവുമില്ല. അത് അല്ലാഹു സ്വീകരിക്കുകയില്ല. ആരുമായെങ്കിലും വല്ല സാമ്പത്തിക ഇടപാടുമുണ്ടെങ്കില്‍ അത് തീര്‍ക്കുക. ആരുടെയെങ്കിലും വല്ല അവകാശവും കവര്‍ന്നെടുത്തിട്ടുണ്ടെങ്കില്‍ അത് കൊടുക്കുക. ആരെയെങ്കിലും ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കുകയോ, ആരെ കുറിച്ചെങ്കിലും  ഏഷണിയോ  പരദൂഷണമോ  പറയുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതൊക്കെയും അവരെ കൊണ്ട് പൊരുത്തപ്പെടുവിക്കുക എന്നതും തൗബയുടെ നിബന്ധനകളില്‍ പെട്ടതാണ്. 
തൗബക്ക് ഏറ്റവും പറ്റിയ സമയമാണ് വിശുദ്ധ റമദാന്‍. ഈ മാസത്തിലെ  ഓരോ രാവുകളിലും നിരവധി പേര്‍ക്ക് അല്ലാഹു നരകമോചനം നല്‍കുമെന്നും കൂടുതല്‍  പശ്ചാത്താപം സ്വീകരിക്കുമെന്നും സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടുണ്ട്. അതിനാല്‍ മഹത്തായ ഈ ദിനരാത്രങ്ങള്‍ തൗബയുടെ വെള്ളം കൊണ്ട് നമ്മുടെ പാപങ്ങളെ കഴുകിക്കളയാന്‍ വിനിയോഗിക്കാം. 
''വിശ്വസിച്ചവരേ, അല്ലാഹുവിനോട് പശ്ചാത്തപിക്കുവിന്‍- നിഷ്‌കളങ്കമായ പശ്ചാത്താപം. നാഥന്‍ നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കും. അത് അല്ലാഹു അവന്റെ പ്രവാചകനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നിന്ദിക്കാത്ത ദിവസമാകുന്നു. അവര്‍ക്ക് മുന്നിലും വലതുവശത്തും അവരുടെ പ്രകാശം വെട്ടിത്തിളങ്ങുന്നുണ്ടാകും. അവര്‍ പ്രാര്‍ഥിക്കുന്നുമുണ്ടാകും; നാഥാ, ഞങ്ങളുടെ പ്രകാശം പൂര്‍ത്തീകരിച്ചുതരേണമേ, ഞങ്ങളോട് പൊറുക്കേണമേ, നീ എന്തിനും കഴിവുള്ളവനല്ലോ'' (അത്തഹ്‌രീം 8). 

 

--------------------------------------------------------------------------------------------------


തിരുത്ത്

'മുഹമ്മദുല്‍ ഗസ്സാലി വീണ്ടും ഓര്‍മയില്‍ വരുമ്പോള്‍' എന്ന ലേഖനത്തില്‍ (ഏപ്രില്‍ 30) 'ശുബ്ബാന്റെ ഒരു യോഗത്തില്‍ പ്രസംഗിക്കവെയാണ് ഹസനുല്‍ ബന്നാ വെടിയേറ്റ് മരിക്കുന്നത്' എന്നെഴുതിയത് ഓര്‍മപ്പിശകാണ്. ശുബ്ബാന്‍ ഓഫീസില്‍നിന്ന് പുറത്തിറങ്ങി കാറില്‍ കയറിയപ്പോഴാണ് വെടിയേറ്റത്. ഇഖ്വാന്‍ നിരോധിക്കപ്പെട്ട സന്ദര്‍ഭത്തിലായിരുന്നു സംഭവം. നിരോധം നീക്കുന്നത് സംബന്ധിച്ച് സംസാരിക്കാന്‍ സര്‍ക്കാരിന്റെ പ്രതിനിധി ശുബ്ബാന്‍ ഓഫീസില്‍ വരുന്ന വിവരം കിട്ടിയതനുസരിച്ച് അവിടെ എത്തിയതായിരുന്നു അദ്ദേഹം. കുറേ കാത്തിരുന്നിട്ടും പ്രതിനിധി എത്താത്തതിനാല്‍ ശുബ്ബാന്‍ അധ്യക്ഷനോട് ടാക്‌സി വിളിപ്പിച്ചു പുറത്തിറങ്ങുകയായിരുന്നു അദ്ദേഹം.

വി.എ കബീര്‍
 

Comments