Prabodhanm Weekly

Pages

Search

2021 മെയ് 07

3201

1442 റമദാന്‍ 25

പൂര്‍വ സമുദായ ചരിത്രം

സ്വാലിഹ് നിസാമി പുതുപൊന്നാനി

തഫ്‌സീറിന്റെ അനിവാര്യതയും മുഫസ്സിറിന്റെ യോഗ്യതയും-2

ഖുര്‍ആനില്‍ ആദം നബി മുതല്‍ക്കുള്ള ജനതതികളെ കുറിച്ച് പറയുന്നുണ്ട്; മിക്കപ്പോഴും സൂചനകള്‍ മാത്രമായിരിക്കും. നിങ്ങള്‍ക്കു മുമ്പുള്ളവര്‍ക്കെന്നപോലെ നിങ്ങള്‍ക്കും വ്രതം കല്‍പിക്കപ്പെട്ടിരിക്കുന്നു എന്ന പ്രസ്താവനയിലെ മുമ്പുള്ളവര്‍ ആരാണ്? ആദം നബി മുതല്‍ക്കുള്ള എല്ലാ സമുദായങ്ങളും അതില്‍ ഉള്‍പ്പെടുമോ? അതോ ജൂതരും ക്രിസ്ത്യാനികളും മാത്രമാണോ ഇവിടെ പൂര്‍വികര്‍? എന്തായിരുന്നു അവരുടെ വ്രതരീതി? ഏതെല്ലാം ദിവസങ്ങളിലായിരുന്നു അവരുടെ വ്രതം? ഇത്യാദി ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം ലഭിക്കാന്‍ ബൈബിളിനു പുറമെ ചരിത്രപഠനങ്ങളും റഫര്‍ ചെയ്യേണ്ടതുണ്ട്. അത്തരം കാര്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം കണ്ടെത്താന്‍ സാധിച്ചാല്‍, സൂക്തത്തിലെ 'കമാ കുതിബ'യുടെ ദിശ എങ്ങോട്ടാണെന്ന് തീര്‍ച്ചപ്പെടുത്താന്‍ സാധിക്കും.
ചരിത്രപഠനത്തിന് ആധുനിക ശാസ്ത്ര-സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്ന ആധുനിക കാലത്തെ മുഫസ്സിറുകള്‍ക്ക്, പഴയ തഫ്‌സീറുകളിലെ ചരിത്രപരമായ അബദ്ധങ്ങള്‍ തിരുത്താന്‍ എളുപ്പമാണ്. പൂര്‍വ സമുദായങ്ങളുടെ ചരിത്രമറിയാന്‍ ഇസ്രാഈലിയ്യാത്തുകളെ ആശ്രയിക്കേണ്ടിവരുന്നത്, ചരിത്രം ശാസ്ത്രീയമായും ആധികാരികമായും പഠിക്കാത്തതുകൊണ്ടാണ്. ഇസ്രാഈലിയ്യാത്തുകളിലെ ചരിത്ര യാഥാര്‍ഥ്യങ്ങളെ സ്ഥിരീകരിക്കാനും വേണം, ആധികാരിക ചരിത്രത്തിന്റെ പിന്തുണ. സെമിറ്റിക് പ്രദേശങ്ങള്‍ക്കപ്പുറമുള്ള ജനതതികളുടെ ഇടയിലേക്ക് അന്വേഷണം പുരോഗമിച്ചാല്‍, ഖുര്‍ആനിലെ ചരിത്രത്തിനു കൂടുതല്‍ വ്യക്തത കണ്ടെത്താന്‍ സാധിച്ചേക്കും. വ്രതം ഭക്തി ജനിപ്പിക്കാനും നന്മകള്‍ വ്യാപിക്കാനും തിന്മകള്‍ കെട്ടടങ്ങാനും സഹായകമാകുമെന്ന പ്രസ്താവനയുടെ ബലത്തില്‍ അന്വേഷണം മുന്നോട്ടുപോയാല്‍, ജനതതികളുടെ ധാര്‍മിക ഔന്നത്യത്തിനു നിദാനമായി വര്‍ത്തിച്ച ഘടകങ്ങളില്‍ അവരുടെ ഇത്തരം ആരാധനാ രീതികളുടെ പങ്ക് വെളിപ്പെടുത്തുന്ന പലതും കണ്ടെത്താന്‍ സാധിച്ചേക്കും. സമുദായത്തിന്റെ ധാര്‍മിക ഭദ്രതക്ക് വ്രതം അതിന്റെ ആത്മാവോടെ നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത, ചരിത്രസത്യങ്ങള്‍ കാണിച്ചുകൊണ്ട് മുഫസ്സിറിനു സമര്‍ഥിക്കാന്‍ കഴിയും.
 
ശാസ്ത്രാവബോധം

ഖുര്‍ആന്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ സകല ശാസ്ത്രങ്ങളിലും അവഗാഹം/ അവബോധം ഉണ്ടാകേണ്ടതുണ്ട്. ഒരു മുഫസ്സിറിന് സര്‍വ ശാസ്ത്രവുമറിയുന്ന സര്‍വകലാശാലയൊന്നും ആകാന്‍ സാധ്യമല്ല. എങ്കിലും, അതത് ശാസ്ത്ര/വൈജ്ഞാനിക മേഖലകളില്‍ നൈപുണ്യം ഉള്ളവരുടെ സഹായം തേടുക അത്യാവശ്യമാണ്. അല്ലാത്തപക്ഷം തനിക്കറിയാത്ത കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞുപോകുന്ന അതിക്രമിയായിപ്പോകും മുഫസ്സിര്‍. രാത്രിയുടെ കറുപ്പ് നീങ്ങിവരുന്ന ഫജ്‌റിന്റെ പ്രഭാത വെട്ടത്തെ  കറുത്ത നൂലും വെളുത്ത നൂലും കൊണ്ട് ഉദാഹരിച്ചതിലെ ഭാഷാപരമായ ഉപമാലങ്കാരത്തില്‍ തട്ടിത്തിരിയാതെ, അതിലെ അസ്ട്രോണോമിയെക്കുറിച്ച് ചിന്തിക്കാന്‍, അവ്വിഷയകമായ അവബോധം ആവശ്യമാണ്. ഖുര്‍ആനില്‍ നിരവധി സ്ഥലത്ത്, പ്രകൃതിയിലെ അത്ഭുത പ്രതിഭാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പ്രകൃതിയാണല്ലോ അല്ലാഹു ചിന്തിക്കുന്ന മനുഷ്യരുടെ മുന്നില്‍ വെച്ചിട്ടുള്ള പ്രധാന ആയത്ത്. നോമ്പെടുക്കാന്‍ ശാരീരിക പ്രയാസം തോന്നുന്നവരോട്, നോമ്പ് തല്‍ക്കാലം മാറ്റിവെക്കാം; പിന്നീട് നോമ്പെടുത്ത് പരിഹരിക്കുകയും ഫൈന്‍ അടക്കുകയും (ഫിദ്യ) ചെയ്താല്‍ മതി എന്ന വിശാലമനസ്‌കത കാണിച്ചപ്പോഴും, 'നിങ്ങള്‍ക്കറിയുമെങ്കില്‍ നോമ്പാണ് ഉത്തമം' എന്ന് വാത്സല്യപൂര്‍വം അല്ലാഹു ഉണര്‍ത്തുന്നു.  എന്തറിയുമെങ്കിലെന്നാണ് ഇവിടെ പറയുന്നത്? അല്ലാഹുവിന്റെ  സ്‌നേഹവാത്സല്യത്തെക്കുറിച്ച് അറിയാമെങ്കില്‍ എന്ന് ആധ്യാത്മിക ഗുരു വ്യക്തമാക്കുമ്പോള്‍, 'നിങ്ങള്‍ വിചാരിക്കുന്നതുപോലെ, വ്രതം ശരീരത്തെ ദുര്‍ബലപ്പെടുത്തുന്നില്ല, പ്രത്യുത ശക്തിപ്പെടുത്തുകയാണ്; ശാരീരികാരോഗ്യത്തിന് ഉത്തമം വ്രതം അനുഷ്ഠിക്കുന്നതാണ്' എന്ന് ബോധ്യപ്പെടുത്താന്‍ ശരീരശാസ്ത്രം പഠിച്ച ഭിഷഗ്വരന് എളുപ്പത്തില്‍ സാധിക്കും. ഇക്കാര്യം ബോധ്യപ്പെടുത്താന്‍ മുഫസ്സിര്‍ ശരീരശാസ്ത്രജ്ഞന്റെ സഹായം തേടേണ്ടിവരും. വ്രതം ഭക്തി ഉല്‍പാദിപ്പിക്കുന്നപോലെത്തന്നെ, ജ്ഞാനവും നന്ദിബോധവുമുള്ള മനസ്സും ഉണ്ടാക്കുന്നുവെന്നാണ് ലഅല്ലകും തത്തഖൂന്‍, ലഅല്ലകും തശ്കുറൂന്‍, ഇന്‍ കുന്‍തും തഅ്‌ലമൂന്‍ തുടങ്ങിയ   ഉപസംഹാരങ്ങള്‍ വ്യക്തമാക്കുന്നത്.
           
'തന്‍സീല്‍' പരിജ്ഞാനം

ഇരുപത്തിമൂന്നു  വര്‍ഷ കാലയളവില്‍ സന്ദര്‍ഭോചിതം അവതരിച്ച വചനങ്ങള്‍, നബിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇന്നത്തെ ക്രമത്തില്‍ ക്രോഡീകരിക്കപ്പെടുന്നത്. ഓരോ സൂക്തവും അവതരിച്ച സന്ദര്‍ഭങ്ങള്‍ തിരിച്ചറിയുമ്പോള്‍, അതിലെ ഉള്ളടക്കത്തിലടങ്ങിയ  പൊരുളുകള്‍ വെളിപ്പെടുന്നു. ഒരു നിശ്ചിത സംഭവം മാത്രമല്ല 'സബബുന്നുസൂല്‍'. മക്കാ കാലഘട്ടം, മദീനാ കാലഘട്ടം, രാഷ്ട്രീയ സാഹചര്യം, സാമുദായികാന്തരീക്ഷം തുടങ്ങിയ ഘടകങ്ങളെല്ലാം ഖുര്‍ആന്‍ അവതരണത്തിന്റെ പശ്ചാത്തലമായി ഗണിക്കേണ്ടതാണ്. ആരാധനാചടങ്ങുകള്‍ക്ക് പ്രാധാന്യമില്ലാത്ത മക്കയില്‍ 'കുതിബ' സൂക്തങ്ങള്‍ അവതരിച്ചിട്ടില്ല. ക്രമേണ ഓരോരോ ആരാധനകള്‍ നിയമമാക്കികൊണ്ട്, മക്കയിലെ പതിമൂന്നു വര്‍ഷത്തില്‍ സമാജം ആര്‍ജിച്ച ദൃഢമായ ഈമാനിനു കവചം അണിയിച്ചുകൊണ്ടേയിരുന്നു. പ്രസ്തുത ഈമാനിലൂന്നി ഒരു പൂര്‍ണ സമൂഹമായി/ രാജ്യമായി വികസിപ്പിച്ചുകൊണ്ടേയിരുന്നു. ക്രമപ്രവൃദ്ധമായ ഈ സമൂഹ നിര്‍മാണ ഉദ്യമത്തിലെ (തര്‍ബിയത്ത്) ഏതു ഘട്ടത്തിലായിരുന്നു വ്രതം എഴുതിച്ചേര്‍ക്കുന്നതെന്ന് (കുതിബ) തിട്ടപ്പെടുത്താന്‍ കഴിയണം. ദീനിന്റെ ഓരോ സ്തംഭങ്ങള്‍, അതിനെ പരസ്പരം ബന്ധിപ്പിക്കുന്ന ബീമുകള്‍, ചുമരുകള്‍, മേല്‍ക്കൂരകള്‍, അലങ്കാരങ്ങള്‍ ഏതേതു ഘട്ടങ്ങളിലായിരുന്നു നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന അവബോധം മുഫസ്സിറിനില്ലെങ്കില്‍ ഖുര്‍ആന്റെ തന്‍സീല്‍ (അവസരോചിത  അവതരണം) എന്ന സുപ്രധാന സവിശേഷത പഠിതാക്കള്‍ക്ക് പകര്‍ന്നുനല്‍കാന്‍ സാധിക്കില്ല. കേവല 'നുസൂല്‍' അല്ല ഖുര്‍ആന്‍. പുസ്തകമായി മാറുന്ന ഖുര്‍ആനിലും ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലും 'തന്‍സീല്‍' ഭാവം പൊതുവെ നഷ്ടപ്പെടുന്നു. അത് വായനക്കാരില്‍, വിശിഷ്യാ പരിഭാഷകള്‍ മാത്രമുള്ള ഖുര്‍ആന്‍ പുസ്തകങ്ങള്‍ വായിക്കുന്നവരില്‍ അവ്യക്തതകള്‍ അവശേഷിപ്പിക്കുന്നു. അവതരിക്കുന്ന കാലദേശ സാഹചര്യത്തിലേക്ക് അനുവാചകനെ കൊണ്ടുവന്ന ശേഷം വേണം, ആ അവതരണത്തിലെ കാമ്പ് പുറത്തെടുക്കാന്‍.  തന്‍സീലും തര്‍ബിയത്തും പര്യായമായി കാണണം, ഖുര്‍ആന്‍ പഠനത്തിലും സമൂഹനിര്‍മാണത്തിലും.
തന്‍സീല്‍ അവബോധം ആര്‍ജിക്കുന്നതില്‍ പ്രധാനമാണ് നസ്ഖ് (ഭേദഗതി, പരിഷ്‌കരണം) സംബന്ധമായ അറിവ്. പ്രായോഗിക പരിശീലനം, ക്രമപ്രവൃദ്ധമായ സംസ്‌കരണം തുടങ്ങിയ അടിസ്ഥാന നയങ്ങളുടെ  ഭാഗമാണ് നിയമ ഭേദഗതിയും നിയമ പരിഷ്‌കരണവും. ഖുര്‍ആനില്‍ പലയിടത്തും ഈ നടപടിയുടെ ചരിത്രം കണ്ടെത്താന്‍ കഴിയും. മദ്യപാനം, വ്യഭിചാരം, പലിശ തുടങ്ങിയ സാമൂഹിക തിന്മകള്‍ ഉച്ചാടനം ചെയ്യാന്‍ മാത്രമായിരുന്നില്ല നിരന്തര നിയമപരിഷ്‌കരണം അനുവര്‍ത്തിച്ചത്. നമസ്‌കാരം, സകാത്ത്, വ്രതം, ഹജ്ജ് എന്നീ സുപ്രധാന അനുഷ്ഠാനങ്ങളിലും ഇങ്ങനെ ഭേദഗതിയും പരിഷ്‌കരണവും ഉണ്ടായിട്ടുണ്ട്. വ്രതസംബന്ധമായ നിയമഭേദഗതിയുടെയും  പരിഷ്‌കരണത്തിന്റെയും ചരിത്രം ആയാത്തുസ്സ്വിയാമില്‍ കണ്ടെത്താന്‍ സാധിക്കും.
നബിയുടെ പ്രബോധനകാലത്ത്  മൂന്നു ഘട്ടങ്ങളിലായാണ് സ്വിയാം സംബന്ധമായ നിയമങ്ങള്‍ വിശ്വാസികളെ പഠിപ്പിക്കുന്നത്. വേദക്കാരെ അനുകരിച്ചുകൊണ്ട് ആദ്യകാല മുസ്‌ലിം സമാജവും മക്കയില്‍ മുഹര്‍റം പത്തിലെ നോമ്പ് അനുഷ്ഠിച്ചിരുന്നു. മദീനയിലേക്ക് പലായനം ചെയ്ത ആദ്യ ഘട്ടത്തില്‍ എണ്ണപ്പെട്ട ഏതാനും ദിവസങ്ങള്‍ (അയ്യാമന്‍ മഅ്ദൂദാത്ത്) മാത്രമായിരുന്നു സ്വിയാം കല്‍പിക്കപ്പെട്ടത്. അല്‍ബഖറ 183,184 സൂക്തങ്ങളിലെ പ്രതിപാദ്യം അതാണ്.  മുഹര്‍റം പത്ത്, പ്രതിമാസ  മൂന്ന് നോമ്പുകള്‍ എന്നിവയായിരുന്നു അവയെന്ന് നബിചരിതങ്ങളില്‍നിന്ന് മനസ്സിലാക്കാം. ഏതായാലും തുടര്‍ച്ചയായ ഒരു നിശ്ചിത മാസത്തെ നോമ്പായിരുന്നില്ല അത്. രോഗം നിമിത്തമോ യാത്രയിലായിരിക്കുന്ന കാരണമോ  ശാരീരിക പ്രയാസമുള്ളവര്‍ക്ക്  പകരം സംവിധാനങ്ങളും അക്കൂട്ടത്തില്‍ പഠിപ്പിക്കപ്പെട്ടു. മദീനയില്‍ എത്തിയ ശേഷം പതിനേഴു മാസക്കാലം ഇതായിരുന്നു സ്വിയാമിന്റെ സ്ഥിതി. പിന്നീട് ശഹ്റു റമദാനിലെ മുഴുവന്‍ ദിവസങ്ങളിലും സ്വിയാം കല്‍പിക്കുന്ന സൂക്തം അവതരിച്ചു. നേരത്തേയുള്ള എണ്ണപ്പെട്ട ദിവസങ്ങളിലെ നോമ്പുകള്‍ ഒഴിവാക്കുകയല്ല ചെയ്തത്, നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട നോമ്പുകള്‍ റമദാനിലേക്ക് മാറ്റുകയായിരുന്നു.  മദീനയിലെത്തിയ ശേഷം രണ്ടാം വര്‍ഷത്തിലെ റമദാനോടനുബന്ധിച്ചായിരുന്നു ഈ നിയമ ഭേദഗതി/ പരിഷ്‌കരണം. 'ഫമന്‍ ശഹിദ മിന്‍കുമുശ്ശഹ്‌റ ഫല്‍ യസ്വുംഹു' (പ്രസ്തുത മാസത്തിനു സാക്ഷിയായവര്‍ ആ മാസം വ്രതമനുഷ്ഠിക്കട്ടെ) എന്നായിരുന്നു കല്‍പന.  വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമെന്ന പരിഗണനയിലാണ് നിര്‍ബന്ധ വ്രതാനുഷ്ഠാനം റമദാന്‍ മാസത്തിലേക്ക് മാറ്റുന്നത്.
ഇതു സംബന്ധമായ സൂക്തങ്ങള്‍ പരിശോധിച്ചാല്‍ വിവിധ ഘട്ടങ്ങളായുള്ള വ്രതകല്‍പനയുടെ ചരിത്രം  വ്യക്തമാകും. ആദ്യഘട്ടത്തില്‍ വ്രതത്തിന്റെ സമയവും ഘടകങ്ങളും അടിസ്ഥാന സ്വഭാവവും വ്യക്തമായി പഠിപ്പിക്കപ്പെട്ടിരുന്നില്ല. ഒരു പാരമ്പര്യത്തിന്റെ, ചരിത്രത്തിന്റെ തുടര്‍ച്ചയായ വ്രതം മാത്രമായിരുന്നു. റമദാന്‍ വ്രതം കല്‍പിക്കുന്നതിനെ തുടര്‍ന്നാണ്, സമയപരിധികളും രാത്രിയിലെ അനുവാദങ്ങളും പകലിലെ വിലക്കുകളും വ്യക്തമാകുന്നത്.  നിര്‍ബന്ധ വ്രതം റമദാന്‍ മാസത്തിലേക്ക് നീക്കി കുറച്ചു നാളുകള്‍ക്കു ശേഷമാണ്, നോമ്പിന്റെ രാപ്പകലുകളിലെ വിധിവിലക്കുകള്‍ പൂര്‍ണമാകുന്നുന്നത്. തുടക്കത്തില്‍ റമദാന്‍ രാവുകളില്‍ മൈഥുനം വിലക്കപ്പെട്ടിരുന്നു. എന്നാല്‍ ആ വിലക്ക് വചനമായി ഖുര്‍ആനില്‍ കാണില്ല. എന്നാല്‍, അത്തരമൊരു വിലക്ക് മുസ്‌ലിം സമാജത്തിലുണ്ടാക്കിയ ഉത്കണ്ഠയെക്കുറിച്ചും പ്രായോഗിക പ്രയാസത്തെക്കുറിച്ചും സൂചിപ്പിച്ചുകൊണ്ടും, ആ വിലക്ക് എടുത്തുനീക്കിയും ആയാത്തുസ്സ്വിയാമിലെ അവസാന സൂക്തം അവതരിക്കുകയായിരുന്നു.
പൂര്‍വ സമുദായത്തെ അപ്പാടെ അനുകരിച്ചുകൊണ്ട് വ്യക്തിത്വം നഷ്ടപ്പെടുത്തരുതെന്നും, അന്ത്യപ്രവാചകന്റെ ജനസമുദായത്തിന് അവരുടേതായ സവിശേഷത വേണമെന്നും അല്ലാഹു ഇഛിച്ചു. സ്വലാത്തും സകാത്തും ഹജ്ജും പരിഷ്‌കരിച്ചപോലെ സ്വിയാമും മുഹമ്മദ് നബിയുടെ സമുദായത്തിനു വേണ്ടി പരിഷ്‌കരിക്കുകയായിരുന്നു. നിയമ പരിഷ്‌കരണ പാഠങ്ങള്‍ സാമൂഹിക പരിഷ്‌കരണ ദൗത്യം ഏറ്റെടുക്കുന്നവരുടെ വഴികാട്ടിയാണ്.

അന്വേഷണാത്മകത

വിശുദ്ധ ഖുര്‍ആനിലെ ഒട്ടേറെ പരാമര്‍ശങ്ങള്‍ ആദ്യവായനയില്‍ പൂര്‍ണമായി വ്യക്തമാവണമെന്നില്ല. ഒരധ്യാപകന്റെ വിവരണം ലഭിക്കുമ്പോള്‍ അവ്യക്തത നീങ്ങും. ഖുര്‍ആന്റെ പ്രഥമ നിയുക്ത അധ്യാപകന്‍ ഓതിത്തരുമ്പോള്‍, സമാജത്തിന് യാതൊരു അവ്യക്തതയും ഉണ്ടാകില്ല. എന്നാല്‍, നിയുക്ത  അധ്യാപകന്റെ വിവരണം ഒരുവേള പില്‍ക്കാല സമൂഹത്തിന് ലഭിച്ചുകൊള്ളണമെന്നില്ല. ഒരുപക്ഷേ, പ്രഥമ സംബോധിതര്‍ക്ക് കാര്യം മനസ്സിലായതിനാല്‍, നമുക്കിന്ന് അവ്യക്തമെന്നു തോന്നുന്ന പരാമര്‍ശങ്ങള്‍ക്ക് അന്നവര്‍ വിശദീകരണം തേടുകയോ, അധ്യാപകന്‍ അതേക്കുറിച്ച് സംസാരിക്കുകയോ ചെയ്തിട്ടുണ്ടാകില്ല. അതിനാല്‍, പിന്‍ഗാമികള്‍ പരാമര്‍ശത്തിന്റെ താല്‍പര്യത്തെ കുറിച്ച് കൃത്യമായ ധാരണ വരുത്താന്‍, പ്രവാചക കാലത്തേക്ക് അന്വേഷണം തിരിച്ചുവിടുന്നു. നിയുക്ത അധ്യാപകന്റെ വിദ്യാര്‍ഥികളെ ചുറ്റിപ്പറ്റി അന്വേഷണം നടത്തുന്നു. ഇതേക്കുറിച്ച് അവരെന്തു മനസ്സിലാക്കിയെന്നു കണ്ടെത്താന്‍ ശ്രമിക്കുന്നു. അങ്ങോട്ടെത്താന്‍ വഴിയില്ലെങ്കില്‍ രണ്ടാം തലമുറയിലേക്ക് ഇറങ്ങിവരുന്നു. ഒരുവേള, പലരും പലവിധത്തിലായിരിക്കും പ്രസ്തുത പരാമര്‍ശത്തെ മനസ്സിലാക്കിയിരിക്കുക. അങ്ങനെ വരുമ്പോള്‍, ഖുര്‍ആന്റെ അന്തസ്സത്തയോടും പരാമര്‍ശത്തിലെ അക്ഷരങ്ങളോടും മറ്റു സ്ഥാപിത നിയമങ്ങളോടും ഏറ്റവും യോജിക്കുന്ന വീക്ഷണമേതാണെന്ന് അവര്‍ പരിശോധിക്കുന്നു; ഈ മഹായത്‌നത്തില്‍ കഠിനാധ്വാനം ചെയ്ത  ഉന്നത വിജ്ഞന്മാര്‍ തങ്ങള്‍ക്ക് ബോധ്യമായ ഒരു നിരീക്ഷണം (മദ്ഹബ്) സ്വീകരിക്കുകയും അതിന്റെ വക്താവായി (ഇമാം) നിലകൊള്ളുകയും ചെയ്യുന്നു.
അവ്യക്തമായ പരാമര്‍ശങ്ങളുടെ നിജഃസ്ഥിതി കണ്ടെത്താനുള്ള വൈജ്ഞാനികമായ കഠിനാധ്വാനം (ഇജ്തിഹാദ്) അത്യാവശ്യമാകുന്ന ഒട്ടേറെ സ്ഥലങ്ങള്‍ ഖുര്‍ആനിലുണ്ട്. ആയാത്തുസ്സ്വിയാം തന്നെയെടുക്കാം. രോഗിയാണെങ്കില്‍ മറ്റൊരു ദിവസം വ്രതമെടുത്താല്‍ മതിയെന്നാണ് ഇളവ് (റുഖ്‌സ്വ). എന്തുതരം രോഗമുള്ളയാളെയാണ് മരീള് എന്ന് പറയുക? എത്രത്തോളം സുഖമില്ലാതാകുമ്പോഴാണ് രോഗിയാവുക?  അസുഖം ഇല്ലാത്തവര്‍ ആരാണുള്ളത്? ഏതുകാലത്ത് ഈ അസുഖം നീങ്ങും? നിശ്ചയിക്കപ്പെട്ട പകലുകളില്‍ കല്‍പിക്കപ്പെട്ടിട്ടുള്ള വ്രതമുപേക്ഷിക്കാന്‍ അനുവാദവും  മറ്റൊരു പകലില്‍ പരിഹരിക്കാന്‍ കല്‍പനയുമുള്ള രോഗി ആരാണെന്ന പ്രശ്‌നം പരിഹരിക്കാന്‍ സുന്നത്തില്‍ മതിയായ വിവരണം ലഭ്യമല്ല. മറ്റൊരു ദിവസം പരിഹരിക്കണം എന്ന കല്‍പന, കല്‍പിക്കപ്പെട്ട വ്രതം അത്ര നിസ്സാര ബാധ്യതയല്ല എന്ന് ബോധ്യപ്പെടുത്തുന്നു. അതിനാല്‍  നോമ്പുപേക്ഷിക്കാന്‍ നിസ്സാര രോഗം ഒരു ന്യായമല്ല. നോമ്പെടുത്താല്‍ ശാരീരികമായ പ്രയാസം (ഉസ്ര്‍) ഉണ്ടാകുന്ന തരത്തിലുള്ള രോഗമുള്ള വ്യക്തിയാണ് ഇവിടെ രോഗി. വിശ്വസ്തനായ ഒരു ഭിഷഗ്വരന്‍ പറയണം, 'നോമ്പെടുക്കരുത്' എന്ന്. ഇതാണ് ചിലരുടെ നിരീക്ഷണം. 'അലാ സഫര്‍' / 'യാത്രയിലായിരിക്കുന്ന' വ്യക്തിക്കും ഇപ്രകാരം മറ്റൊരു ദിവസം വ്രതമെടുത്താല്‍ മതി. എത്ര ദൂരത്തേക്കുള്ള യാത്ര? എന്തെല്ലാം അസൗകര്യങ്ങളുള്ള യാത്ര? വീട്ടില്‍നിന്നും മാര്‍ക്കറ്റിലേക്ക് ഇറങ്ങുന്നത് 'യാത്ര' യാണോ? ഇവിടെയും യാത്ര കാരണം നോമ്പെടുത്താല്‍ ശാരീരിക പ്രയാസം ഉണ്ടാക്കുന്ന വിധത്തിലുള്ള ദൂരത്തേക്കോ അസൗകര്യങ്ങളോടു കൂടിയോ ഉള്ള യാത്രയാകണമെന്ന നിലപാടാണ് മിക്കവര്‍ക്കും. കാരണം, ഉസ്ര്‍ ഉണ്ടാകാതിരിക്കുന്ന യുസ്ര്‍ (എളുപ്പം) ആണല്ലോ അല്ലാഹു ഓരോ കല്‍പനയിലും ദീക്ഷിക്കുന്നത്. സ്വാഭാവികമായും, ഇത്തരം മസ്അലകളില്‍ ഭിന്ന നിലപാട് രൂപപ്പെട്ടു. മുഫസ്സിര്‍ ഈ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാതെ വ്യാഖ്യാനിക്കാന്‍ നിന്നാല്‍ അതൊരുതരം അടിച്ചേല്‍പ്പിക്കലായി മാറും. മദ്ഹബിന്റെ ഇമാമുമാര്‍ പോലും ചെയ്യാത്ത ധിക്കാരം.  

(അവസാനിച്ചു)

Comments