Prabodhanm Weekly

Pages

Search

2021 മെയ് 07

3201

1442 റമദാന്‍ 25

അകക്കാഴ്ച

ഗിന്നസ് സത്താര്‍

പ്രഭാതം തന്നെയാണ് സത്യം
സഞ്ചരിച്ചുകൊണ്ടിരിക്കുന്ന
രാത്രി തന്നെയാണ് സത്യം

ദൈവവചനങ്ങളുരുവിടുന്ന
നാവിന്‍തുമ്പിനൊപ്പം
ആത്മാവിന്റെ തിരി വെളിച്ചം കായുന്നുണ്ട്

ചരിത്രത്തിന്റെ
നേരായ രേഖകളില്‍നിന്ന്
ബോധമണ്ഡലത്തിന് സുബോധം പകരാന്‍
ഗോത്രത്തകര്‍ച്ചകളെക്കുറിച്ച്
ഇന്നലെകളുടെ വിവരണങ്ങളെ
വായന കണ്ടെടുക്കുകയാണ്....

അല്ലാഹുവിന്റെ ശിക്ഷ
ചമ്മട്ടിക്കിരയായ തൂണുകളുടെ
ഉടമകളായ ആദ് സമൂഹം

താഴ്‌വരകളില്‍
പാറവെട്ടി കെട്ടിടം പണിതിരുന്ന സമൂദ് ഗോത്രം
അതിക്രമകാരിയായ ഫിര്‍ഔന്‍

വിശുദ്ധ ഗ്രന്ഥത്തിന്റെ പാരായണം
ചരിത്രത്തിന്റെ അവശിഷ്ടങ്ങളെ
കാഴ്ചക്കുമുന്നില്‍ കൊണ്ടിടുന്നു.

ഇനിയുമെന്താണ്
നമ്മുടെ അകക്കാഴ്ച ശരിയാകാത്തത്?

ഭൂമി പൊടിപൊടിയായി
പൊടിക്കപ്പെടുകയും,
രക്ഷിതാവും അണിയണിയായി
മലക്കുകളും വരികയും
നരകം കണ്‍മുന്നില്‍
കൊണ്ടുവരപ്പെടുകയും ചെയ്താല്‍
മനുഷ്യന് ഓര്‍മ താനേ വരുന്നതാണ്.

ഖുര്‍ആന്‍
പറഞ്ഞുകൊണ്ട് വീണ്ടും ചോദിക്കുന്നു,
എവിടെനിന്നാണവന് ഓര്‍മവരുന്നത്?
നമുക്ക് സ്വയമതൊന്ന് ചോദിച്ചുനോക്കാം
അതോടൊപ്പം ഇതുംകൂടി
അതുവരെ നമുക്ക് കാത്തിരിക്കണോ?

ആത്മാവിലെ തിരി
അതിനുമുമ്പ് തലച്ചോറിന്റെ ഓര്‍മയിലേക്ക്
ഹൃദയത്തെതിരിച്ചുവെച്ച്
പ്രകാശംകൊണ്ട് ഇരുട്ടിനെ കീഴ്‌പ്പെടുത്തി
നമുക്ക് ആത്മശാന്തി കൈവരിച്ചുകൂടേ?

അപ്പോള്‍
അല്ലാഹു നമ്മോട് പറയും;
ഹേ..... സമാധാനമടഞ്ഞ ആത്മാവേ
നീ നിന്റെ രക്ഷിതാവിലേക്ക്
തൃപ്തിപ്പെട്ടുകൊണ്ടും
തൃപ്തിയടഞ്ഞുകൊണ്ടും മടങ്ങിക്കൊള്ളുക,
എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക. 

ഖുര്‍ആന്‍: സൂറ: 89
 

Comments