Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 30

3200

1442 റമദാന്‍ 18

വനിതാ ഇസ്‌ലാമിയാ കോളേജ്, വണ്ടൂര്‍  സ്ത്രീമുന്നേറ്റത്തിന്റെ വിജ്ഞാന വഴികള്‍

സദ്‌റുദ്ദീന്‍ വാഴക്കാട്

പപ്പടക്കാരന്‍ അലവിക്കയുടെ സൈക്കിള്‍ മമ്പാടുനിന്ന് വണ്ടൂരില്‍ കുതിച്ചെത്തുമ്പോള്‍, കൈയില്‍ പ്രബോധനത്തിന്റെ കെട്ടും നെഞ്ചില്‍ കെടാത്ത ആവേശവുമായി അദ്ദേഹം സ്വപ്നങ്ങള്‍ ഏറെ കാണുന്നുായിരുന്നു. നിരപ്പലകകള്‍ നീക്കി, ബേക്കറി തുറന്ന്, കച്ചവടം ചെയ്യാന്‍ അലവിക്ക പങ്കാളിയെ ചുമതലപ്പെടുത്തുന്നു. മുകള്‍നിലയിലെ ബീഡിക്കമ്പനിയിലേക്ക് പ്രബോധനത്തിന്റെ കോപ്പികളുമായി പടികള്‍ കയറുന്നു. അദ്ദേഹത്തിന്റെ കൈകളില്‍ പ്രബോധനത്തിന്റെ പേജുകള്‍ മറിയുമ്പോള്‍, ശ്രോതാക്കളുടെ മനസ്സ് പതിയെ മാറിത്തുടങ്ങുന്നു. ആ വായന വണ്ടൂരില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിത്ത് വിതക്കുന്നു. ഇസ്‌ലാമിക ദര്‍ശനത്തിന്റെ സൗന്ദര്യവും അത് നെഞ്ചേറ്റിയവരുടെ സൗരഭ്യവും ക് ആകര്‍ഷിക്കപ്പെട്ടവര്‍ പതിയെ പ്രസ്ഥാനത്തോട് അടുത്ത് വന്നു. ആള്‍ബലം കുറവെങ്കിലും അവരുടെ ആദര്‍ശബോധം കരുത്തുറ്റതായിരുന്നു. 
നിലമ്പൂര്‍ റോഡില്‍ പുരോഗമന ആശയക്കാര്‍ ചേര്‍ന്ന് നടത്തുന്ന പള്ളി. ചരിത്ര നിയോഗവുമായി രണ്ടു വ്യക്തിത്വങ്ങള്‍, പണ്ഡിതനും പൗരപ്രമുഖനും യാദൃഛികമായി അവിടെ സന്ധിക്കുന്നു. വനിതകള്‍ക്കായി ഒരു വിജ്ഞാന കേന്ദ്രമെന്ന തന്റെ സ്വപ്‌നം പൗരപ്രമുഖന്‍ പങ്കുവെച്ചപ്പോള്‍, ഇസ്‌ലാമിക പ്രവര്‍ത്തകര്‍ അതിനെ നെഞ്ചകത്തില്‍ ഏറ്റുവാങ്ങുന്നു. കേരളീയ മുസ്‌ലിം സ്ത്രീ നവോത്ഥാനത്തിലെ മറ്റൊരു നാഴികക്കല്ലായി വണ്ടൂര്‍ വനിതാ ഇസ്‌ലാമിയാ കോളേജ് പിറവിയെടുക്കുന്നു, വാടകക്കെട്ടിടത്തില്‍ അതിന്റെ ആദ്യാക്ഷരങ്ങള്‍ കുറിക്കുന്നു.
പ്രാരംഭത്തിലെ പുകിലുകള്‍ മറികടന്ന്, തുടര്‍ന്നങ്ങോട്ട് ഏറിയാടിന്റെ പച്ചപ്പില്‍, ആ വനിതാ വിദ്യാലയത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങുന്നു, ചില്ലകള്‍ പടര്‍ന്നു കയറുന്നു. പെണ്‍വിദ്യാഭ്യാസ രംഗത്ത്  നവ്യാനുഭവം തീര്‍ത്ത കലാലയത്തിലേക്ക്, വിദ്യാര്‍ഥിനികളുടെ ഒഴുക്ക് തുടങ്ങുന്നു. അറിവും അനുഭവവും ആര്‍ജവവും കൈമുതലാക്കിയ പെണ്‍കുട്ടികള്‍,  ഇസ്‌ലാമിക സമൂഹ നിര്‍മിതിയുടെ നായകത്വം കൈയാളുന്നു. കേരളത്തിലെ കുടുംബാന്തരീക്ഷവും സാമൂഹിക മണ്ഡലവും വനിതാ കോളേജിന്റെ  സന്തതികളാല്‍ വെളിച്ചമണിയുന്നു. കാല്‍ നൂറ്റാണ്ടിലേറെ കുതിച്ചുപാഞ്ഞ ഈ വിജ്ഞാന ഗേഹം, പിന്നീടല്‍പ്പം കിതച്ചുനിന്നുവെന്നത് നേര്. കാലത്തിനു മുന്നില്‍ പക്ഷേ, നാം നിശ്ചലരായി നില്‍ക്കില്ല. വായനയിലൂടെ വിപ്ലവത്തിന് ആഹ്വാനം ചെയ്ത് ഹിറാ ഗുഹയില്‍ ഉദിച്ച ആ വെളിച്ചം, കാലാന്തരത്തില്‍ കെട്ടുപോകാതെ ജ്വലിപ്പിച്ചുനിര്‍ത്താന്‍, വിജ്ഞാനത്തിന്റെ വഴികള്‍ പരിഷ്‌കരിച്ചു കൊണ്ടേയിരിക്കണം. പുതിയ കാല്‍വെപ്പുകള്‍ക്ക് ഒരുങ്ങുമ്പോള്‍, വണ്ടൂര്‍ വനിതാ ഇസ്‌ലാമിയാ കോളേജിന്റെ ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കുക അഭിമാനവും ആവേശവുമാണ്. ഒരു കാല്‍ പിന്നിലൂന്നിയാണല്ലോ, ഓട്ടപ്പന്തയത്തിനെത്തുന്ന മത്സരാര്‍ഥികള്‍ മുന്നോട്ടു കുതിക്കുന്നത്! 

നവോത്ഥാനത്തിന്റെ വിത്ത്

ഏറനാടന്‍ ഗ്രാമമായ വണ്ടൂരില്‍ 1940-കളില്‍ തന്നെ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ വെളിച്ചമെത്തിയിരുന്നു. മമ്പാട് സ്വദേശിയായ പപ്പടക്കാരന്‍ അലവിക്കയാണ് 1950-കളില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശവുമായി ഇവിടെ ആദ്യം വന്നത്. വണ്ടൂര്‍ മഞ്ചേരി റോഡില്‍ അദ്ദേഹത്തിന്റെ ബേക്കറി. അതിന് മുകളില്‍ മാന്‍ മാര്‍ക്ക് ബീഡിക്കമ്പനിയുടെ ശാഖ. അവിടെ സ്ഥിരമായി പ്രബോധനം വായിച്ചു കൊടുക്കുന്ന അലവിക്ക. അത് സശ്രദ്ധം കേള്‍ക്കുന്ന ബീഡിത്തെറുപ്പുകാര്‍! ചിലരുടെ മനസ്സില്‍ പ്രബോധനത്തിലെ വാക്കുകള്‍ ആഴ്ന്നിറങ്ങി. എന്‍. അബ്ദുല്‍ ഖാദിര്‍, മധുരക്കറിയന്‍ ഹൈദറു, കെ.വി.കെ അബ്ദുല്‍ ഖാദിര്‍ തുടങ്ങിയവര്‍ പതിയെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാഗമായി. ഹംദര്‍ദ് ഹല്‍ഖ രൂപം കൊണ്ടു. പ്രവര്‍ത്തകര്‍ വര്‍ധിച്ചുവന്നു. 1960-കളില്‍ പി. കുഞ്ഞുമുഹമ്മദ് ഹാജി, നാലകത്ത് അബ്ദുല്‍ ഖാദിര്‍, എന്‍. അബ്ദുല്‍ ഖാദിര്‍, മധുരക്കറിയന്‍ ഹൈദറു, കെ.വി.കെ അബ്ദുല്‍ ഖാദിര്‍, ഇ.പി അബ്ദുല്ലത്വീഫ്, കെ.സി അഹ്മദ് കുട്ടി, പി.കെ മൊയ്തീന്‍ മാസ്റ്റര്‍, പെരികഞ്ചിറ മയ്മി ഹാജി, പട്ടാണി മുഹമ്മദ്കുട്ടി തുടങ്ങിയവരൊക്കെ ജമാഅത്ത് പ്രവര്‍ത്തകരായി വണ്ടൂരിലുണ്ട്. ഫര്‍ഖാ കണ്‍വീനറായിരുന്നു മയ്മി ഹാജി. കവിയും ഗാനരചയിതാവുമായ കെ.വി.കെ, വണ്ടൂര്‍ കെ.സിയുടെ എളാപ്പയാണ്. പതിനാറാം വയസ്സില്‍ പ്രബോധനം വായനയിലൂടെ പ്രസ്ഥാനത്തിലെത്തിയ വ്യക്തിയാണ്, ഇപ്പോള്‍ എഴുപത്തിര് വയസ്സുള്ള പട്ടാണി മുഹമ്മദ്കുട്ടി. അദ്ദേഹമാണ് ആരംഭകാല കഥകള്‍ ഏറെയും പറഞ്ഞുതന്നത്.
ഇസ്‌ലാഹീ ആശയങ്ങള്‍ നെഞ്ചേറ്റിയവരും ഇസ്‌ലാമിക പ്രസ്ഥാന തല്‍പ്പരരും പരസ്പരം സഹകരിച്ചായിരുന്നു ഒരു ഘട്ടത്തില്‍ വണ്ടൂരിലെ ദീനീ പ്രവര്‍ത്തനം. അവറാന്‍ മാസ്റ്റര്‍, കുഞ്ഞഹമ്മദ്, ഇ. പി.സി എന്ന് വിളിക്കുന്ന ചെറിയഹമ്മദ് കുട്ടി തുടങ്ങിയവരാണ് ഇസ്‌ലാഹി രംഗത്ത് അന്ന് വണ്ടൂരിലെ പ്രധാനികള്‍. പുരോഗമന ആശയക്കാരെല്ലാം ചേര്‍ന്ന് ഇക്കാലത്ത് നിലമ്പൂര്‍ റോഡില്‍ ഒരു പള്ളി പണിതു. നിര്‍മാണത്തിനുള്ള ധനസമാഹരണാര്‍ഥം വി.കെ ഇസ്സുദ്ദീന്‍ മൗലവിയും മറ്റും ഇവിടെ പ്രഭാഷണം നടത്തിയിരുന്നു. ജമാഅത്ത്- മുജാഹിദ് പ്രവര്‍ത്തകര്‍ ചേര്‍ന്ന കമ്മിറ്റിയില്‍ നാല് ജമാഅത്തുകാര്‍, നാല് മുജാഹിദുകാര്‍, മൂന്ന് സ്വതന്ത്രര്‍ എന്നിങ്ങനെയായിരുന്നു അംഗത്വം. ജുമുഅ ഖുത്വ്ബ ഇരു വിഭാഗവും പങ്കാളിത്തത്തോടെ നിര്‍വഹിച്ചുവന്നു.

വനിതാ കോളേജിന്റെ പിറവി

1977-'78 കാലത്ത് ഒരു വെള്ളിയാഴ്ച ഈ പള്ളിയില്‍ ജുമുഅ ഖുത്വ്ബ നിര്‍വഹിക്കാനെത്തിയത് ഇപ്പോള്‍ ടൊറണ്ടോയിലുളള വി.പി അഹ്മദ് കുട്ടി സാഹിബ്. അന്നവിടെ ജുമുഅയില്‍ പങ്കെടുക്കാന്‍, കുവൈത്ത് ഹാജി എന്ന് അറിയപ്പെടുന്ന, പ്രദേശത്തുകാരന്‍ തന്നെയായ വാളശേരി കുഞ്ഞുമുഹമ്മദ് ഹാജിയുമുണ്ടായിരുന്നു. കുവൈത്ത് ഹാജിയെ അഹ്മദ് കുട്ടി സാഹിബിന് പരിചയമുായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ സജീവ സഹകാരിയായിരുന്നു ബിസിനസ്സുകാരനായ കുവൈത്ത് ഹാജി. ഇത് പക്ഷേ, വണ്ടൂരിലെ പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് അറിയില്ലായിരുന്നു. വി.പി വഴി സൗഹൃദത്തിലായ പ്രവര്‍ത്തകര്‍ക്കു മുമ്പില്‍ കുഞ്ഞുമുഹമ്മദ് ഹാജി തന്റെ സ്വപ്‌നം പങ്കുവെച്ചു; വണ്ടൂരില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്കു വേണ്ടി ഒരു വിദ്യാഭ്യാസ സ്ഥാപനം പണിയണം. ആശയം ഇസ്‌ലാമിക പ്രവര്‍ത്തകര്‍ ആവേശത്തോടെ ഏറ്റെടുത്തു.
കെ.സി അബ്ദുല്ല മൗലവി ആദ്യാക്ഷരം ചൊല്ലിയപ്പോള്‍, 1979-ല്‍ വണ്ടൂര്‍ വനിതാ ഇസ്‌ലാമിയാ കോളേജിന്റെ ആദ്യരൂപം പിറവി കൊണ്ടു. മഞ്ചേരി റോഡിലെ വാടകക്കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക്, മക്കനയിട്ട പെണ്‍കുട്ടികള്‍ ഗോവണികള്‍ ചവിട്ടിക്കയറിപ്പോള്‍, വണ്ടൂരിന്റെ മണ്ണ് ചരിത്രം കുറിച്ചു. ഏറനാട്ടിലെ ആ പെണ്‍കൊടികള്‍ അന്ന് കയറിപ്പോയത്, ഒരു കെട്ടിടത്തിന്റെ ഗോവണിയായിരുന്നില്ല, വൈജ്ഞാനിക മുന്നേറ്റത്തിന്റെയും സാമൂഹിക മാറ്റത്തിന്റെയും ചവിട്ടുപടികളായിരുന്നു. അറിവിന്റെ വിരുന്നൂട്ടി വണ്ടൂര്‍ വനിതാ ഇസ്‌ലാമിയാ കോളേജ് വളര്‍ത്തിവിട്ട പെണ്‍കുട്ടികള്‍, ആയിരക്കണക്കിന് കുടുംബങ്ങളില്‍, സേവന രംഗങ്ങളില്‍, സംഘടനാ നേതൃത്വങ്ങളില്‍, സാമൂഹിക മണ്ഡലങ്ങളില്‍ പകര്‍ന്നു നല്‍കിയ വെളിച്ചം ഇതിന്റെ ചരിത്രസാക്ഷ്യമാണ്.
പരീക്ഷണങ്ങളിലൂടെ കടന്നുവന്നതാണ് ഒരു ഭാഗത്ത്, വനിതാ കോളേജിന്റെ ചരിത്രം. കോളേജിനായി വാങ്ങിയ ഭൂമി നഷ്ടപ്പെട്ടതാണ് അതില്‍ പ്രധാനം. വണ്ടൂര്‍ പുളിക്കല്‍ ടയര്‍ ഫാക്ടറിയുടെ പന്ത്രണ്ട് ഏക്കര്‍ ഭൂമി ലേലത്തിന് വെച്ചിരുന്നു. അന്ന് പലിശരഹിത ബാങ്ക് തുടങ്ങാനായി കുഞ്ഞുമുഹമ്മദ് ഹാജി പിരിച്ചുകൊണ്ടുവന്ന 65000 രൂപ കൊണ്ട് 1979-ല്‍ ആ ഭൂമി ലേലം ചെയ്‌തെടുത്തു. അവിടെ കോളേജ് കെട്ടിടം പണിയാന്‍ തീരുമാനിച്ചു, കെ.സി അബ്ദുല്ല മൗലവി കെട്ടിടത്തിന് തറക്കല്ലിട്ടു. ഈ ഭൂമിക്ക് പക്ഷേ, ദേവസ്വം ബോര്‍ഡുമായി കേസുണ്ടായിരുന്നു. കമ്മിറ്റി കോടതി കയറേണ്ടി വന്നു. കേസിന്റെ ഭാഗമായി രാപ്പകലില്ലാതെ അധ്വാനിച്ച്, ആറ് ദിവസങ്ങള്‍ കൊണ്ട് നാല് ക്ലാസ് റൂമുകള്‍ പണിതു. ഒരു റമദാനിലായിരുന്നു ഇത്. പക്ഷേ, കേസില്‍ പരാജയപ്പെട്ടതോടെ ആ ഭൂമി നഷ്ടമായി. ഈ പ്രതിസന്ധി ഘട്ടത്തില്‍, വാളശേരി കുഞ്ഞുമുഹമ്മദ് ഹാജി സഹായഹസ്തവുമായി എഴുന്നേറ്റു നിന്നു. ഏറിയാട്ട് തന്റെ കൈവശമുണ്ടായിരുന്ന പത്ത് ഏക്കര്‍ ഭൂമിയില്‍ പകുതി സൗജന്യമായും പകുതി മാര്‍ക്കറ്റ് നിലവാരത്തിലും കുറഞ്ഞ വിലയ്ക്കും അദ്ദേഹം വനിതാ കോളേജിന് വിട്ടുകൊടുത്തു. അവിടെ നിര്‍മിച്ച ഓടു മേഞ്ഞ കേട്ടിടത്തില്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ വനിതാ കോളേജിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായം ആരംഭിക്കുകയായിരുന്നു. 1980-ലാണ് ഇത്.  
വണ്ടൂരിലെ പ്രസ്ഥാന പ്രവര്‍ത്തകരും അനുഭാവികളും ചേര്‍ന്ന് രൂപം കൊടുത്ത ഖിദ്മത്തുല്‍  ഇസ്‌ലാം ട്രസ്റ്റാണ് ആദ്യഘട്ടത്തില്‍ സ്ഥാപനത്തിന് നേതൃത്വം നല്‍കിയിരുന്നത്. വാളശേരി കുഞ്ഞുമുഹമ്മദ് ഹാജി, പെരികഞ്ചിറ മയ്മി ഹാജി, പുല്ലങ്കോട് മുഹമ്മദ് സാഹിബ്,  എരുത്ത് അലവി സാഹിബ് വാണിയമ്പലം, പട്ടാണി മുഹമ്മദ്കുട്ടി, പി. മാമുക്കോയ മമ്പാട്, ആനപ്പട്ടത്ത് ഉമ്മര്‍ ഹാജി, ഉസ്സന്‍ കുട്ടി, കമാല്‍ മാസ്റ്റര്‍, എന്‍. അബ്ദുല്‍ഹമീദ്, എസ്.കെ അബ്ദുല്ലത്വീഫ് തുടങ്ങിയവരൊക്കെ അതിന്റെ മുമ്പില്‍ നിന്നവരാണ്. ആദ്യകാല ജമാഅത്ത് പ്രവര്‍ത്തകനായിരുന്ന പെരികഞ്ചിറ മയ്മി ഹാജി വനിതാ കോളേജ് കെട്ടിപ്പടുക്കുന്നതില്‍ സ്തുത്യര്‍ഹമായ സേവനമാണ് നിര്‍വഹിച്ചത്. കരുമാര ബീരാണി ഹാജി, പി.എ.കെ ഉമ്മര്‍ ഹാജി, പ്രഫ. കുഞ്ഞിമുഹമ്മദ് തുടങ്ങിയവര്‍ കനപ്പെട്ട വഖ്ഫുകള്‍കൊ് സ്ഥാപനത്തിന് പിന്‍ബലം നല്‍കി.
ശാന്തപുരം ഇസ്‌ലാമിയാ കോളേജിന് നേതൃത്വം നല്‍കുന്ന ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റ് പിന്നീട് വനിതാ കോളേജ് ഏറ്റെടുത്തു. ഐ.എം.ടി ചെയര്‍മാനായിരുന്ന എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവി സ്ഥാപനത്തിന്റെ വളര്‍ച്ചക്കു വേണ്ടി കഠിനാധ്വാനം ചെയ്തതും ചരിത്രമാണ്.

വളര്‍ച്ചയുടെ വഴിയില്‍

സെക്കന്ററി സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം ഇസ്‌ലാമിക വിദ്യാഭ്യാസവും നല്‍കുന്ന നാലു വര്‍ഷത്തെ എഫ്.ഡി കോഴ്‌സായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. എട്ടാം ക്ലാസില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇസ്‌ലാമിക പഠനത്തോടൊപ്പം  എസ്.എസ്.എല്‍.സി പൂര്‍ത്തിയാകുന്ന പ്രൈവറ്റ് ഓവര്‍ എയ്ജ്ഡ് എസ്.എസ്.എല്‍.സിയായിരുന്നു ഇത്. പ്രിലിമിനറി പരീക്ഷക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കിയിരുന്നതിനാല്‍, പ്രീ എന്‍ട്രന്‍സ് എന്നാണ് ഇത് വിശേഷിപ്പിക്കപ്പെട്ടത്. 1982 മുതല്‍ പി.ഡി.സി ആരംഭിച്ചു. എ.ഐ.സി എന്ന് അറിയപ്പെട്ട, ഈ  ആര്‍ട്‌സ് ആന്റ് ഇസ്‌ലാമിക് കോഴ്‌സ് നാലു വര്‍ഷം ദൈര്‍ഘ്യമുള്ളതായിരുന്നു. 2004-ല്‍ ഹൈസ്‌കൂളിന് ഗവണ്‍മെന്റ് അംഗീകാരം ലഭിച്ചു. 2005-ല്‍, ഗവണ്‍മെന്റ് അംഗീകാരമുള്ള സയന്‍സ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ് ഉള്‍പ്പെടുന്ന ഹയര്‍ സെക്കന്ററിക്ക് തുടക്കം കുറിച്ചു.  സെക്കന്ററി, ഹയര്‍ സെക്കന്ററി തലത്തില്‍ ഐ.ഇ.സി.ഐ പാഠ്യപദ്ധതിയനുസരിച്ചുള്ള വ്യവസ്ഥാപിത ഇസ്‌ലാമിക പഠനവും നല്‍കുന്നുണ്ട്.
മൂല്യാധിഷ്ഠിതമായ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തെക്കുറിച്ച ചിന്തയാണ്, 2009-ല്‍ സി.ബി.എസ്.ഇ സിലബസ് പ്രകാരമുള്ള ഗ്രേസ് പബ്ലിക് സ്‌കുളിന് തുടക്കം കുറിക്കാന്‍ പ്രചോദനമായത്.  ഈ സ്‌കൂളിന് സി.ബി.എസ്.ഇ അംഗീകാരമുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകാരമുള്ള ദ്വിവത്സര ഐ.ടി.ഐ ആരംഭിച്ചത് 2012-ലാണ്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അംഗീകരിച്ച ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്  2014-ല്‍ ആരംഭിച്ചു. ബി.എസ്.സി ഫിസിക്‌സ്, ബി.എ ഇംഗ്ലീഷ്, അറബിക്, സോഷ്യോളജി വിത്ത് ജേണലിസം, ബികോം വിത്ത് കോപ്പറേഷന്‍ കോഴ്‌സുകളാണ് ഇവിടെയുള്ളത്. ഡേ സ്‌കോളര്‍ വിദ്യാര്‍ഥികള്‍ക്ക് ധാര്‍മിക ശിക്ഷണം കൂടി നല്‍കുന്ന കാമ്പസ് അന്തരീഷം ഏറെ ഗുണകരമാണ്. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ഹോസ്റ്റല്‍  വിദ്യാര്‍ഥികള്‍ക്ക് ഇസ്‌ലാമിക പഠനത്തിന് പ്രത്യേക സംവിധാനമുണ്ട്. വനിതാ കോളേജിന്റെ പുതിയ സംരംഭമാണ്, 'സൗജ്' മാര്യേജ് പ്രിപ്പറേറ്ററി ഓണ്‍ലൈന്‍ കോഴ്‌സ്.
വണ്ടൂര്‍ വനിതാ ഇസ്‌ലാമിയാ കോളേജിന്റെ വളര്‍ച്ചയിലും വിജയത്തിലും നെടുനായകത്വം വഹിച്ചത്, അവിടെ ത്യാഗപൂര്‍വം സേവനം ചെയ്തിരുന്ന പ്രിന്‍സിപ്പല്‍മാരും അധ്യാപകരുമാണ്. പ്രഥമ പ്രിന്‍സിപ്പല്‍ പി.കെ ഇബ്‌റാഹീം മൗലവി (1979-1986), പിന്നീട് വന്ന പി. അഹ്മദ് കുട്ടി മൗലവി (1990-2001), എം.കെ മൂസ മൗലവി (2001-'10) എന്നിവരുടെ സേവനം ചരിത്രപരമാണ്. സുദീര്‍ഘമായ കാലം സ്ഥാപനത്തിന് നേതൃത്വം നല്‍കിയ ഇവര്‍ അക്കാദമിക രംഗത്ത് മാത്രം ശ്രദ്ധയൂന്നിവരായിരുന്നില്ല.  എം.ടി അബൂബക്കര്‍ മൗലവി (1986-'88), എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവി (1988-'90), എം.ഐ അബ്ദുല്‍ അസീസ് (2010-'11), എം.ഐ അബ്ദുര്‍റശീദ് (2011-'13), അബ്ദുസ്സമദ് മാസ്റ്റര്‍ (2013-'15), അന്‍സാര്‍ അബൂബക്കര്‍ (2016-'17), പി.ടി അബ്ദുര്‍റശീദ് മൗലവി (2017-'19), ഡോ. സി. ഫസ്‌ലുദ്ദീന്‍ (2019-'21) തുടങ്ങിയവര്‍ വിവിധ കാലങ്ങളില്‍ പ്രിന്‍സിപ്പല്‍മാരായിരുന്നു. ഇപ്പോള്‍ ഡോ. ഷാന്‍ ആണ് പ്രിന്‍സിപ്പല്‍.
കെ.സി ജലീല്‍ മൗലവി പുളിക്കല്‍, കടന്നമണ്ണ കുഞ്ഞിമുഹമ്മദ് മൗലവി, അബ്ദുല്ല ഫൈസി, ടി. മുഹമ്മദ് മൗലവി, എം. കുഞ്ഞിമുഹമ്മദ് മൗലവി, വി.ടി മൗലവി, എം. മുഹമ്മദ് മൗലവി, വി.എം കുട്ടി മൗലവി, കെ.കെ സുഹ്റ ടീച്ചര്‍, പി. ലൈല ടീച്ചര്‍, മുനീറ ടീച്ചര്‍, കെ.ടി സുലൈഖ ടീച്ചര്‍, അന്‍വര്‍ സാദത്ത്, കെ.എം അബ്ദുസ്സമദ് മാസ്റ്റര്‍, വി.ഐ ഇബ്‌റാഹീം മാസ്റ്റര്‍, മരക്കാര്‍ മാസ്റ്റര്‍, മുഹമ്മദലി മാസ്റ്റര്‍, അലവി മാസ്റ്റര്‍, അബ്ദുല്‍ കരീം മാസ്റ്റര്‍, അക്ബര്‍ വാണിയമ്പലം, പ്രഫ. അബ്ദുര്‍റഹ്മാന്‍ സാഹിബ്,  ഹംസ നാരോക്കാവ്, ഇസ്ഹാഖ് മാസ്റ്റര്‍ ശാന്തിവയല്‍, റശീദ് മാസ്റ്റര്‍, വദൂദ് മാസ്റ്റര്‍, കെ. കെ ആബിദ, സുഭാഷ്, മനോജ്, ശങ്കരന്‍, വിനോദ്, ജിതേഷ്, രാജീവ്, സബിയ ടീച്ചര്‍, വി. ഫാത്വിമ, സാഹിദ ടീച്ചര്‍, സൈദാബി ടീച്ചര്‍, സൈഫുന്നീസ ടീച്ചര്‍, ദേവകി ടീച്ചര്‍ തുടങ്ങിയവര്‍ അധ്യാപക പ്രമുഖരായിരുന്നു. ഏറെക്കാലം ഓഫിസ് മേധാവിയായിരുന്ന കെ.പി അബ്ദുല്‍ ഖാദര്‍, അബ്ദുന്നാസര്‍ ഓമശ്ശേരി, അബൂബക്കര്‍ വണ്ടൂര്‍, എ.പി ശറഫുദ്ദീന്‍ തുടങ്ങിയവര്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. വാര്‍ഡന്മാരായിരുന്ന  ഖദീജ ടീച്ചര്‍, ടി.ടി മൗലവി എന്നിവരെ മറക്കാനാകില്ല. വിദ്യാര്‍ഥിനികളുടെ സര്‍വതോമുഖമായ വളര്‍ച്ചയില്‍ അധ്യാപകര്‍ നിര്‍വഹിച്ചത് അനല്‍പമായ സേവനമാണ്. ഇവിടുത്തെ പൂര്‍വവിദ്യാര്‍ഥികളുടെ മനസ്സില്‍ ഈ ഗുരുവര്യന്മാര്‍ക്ക് വലിയ സ്ഥാനമുണ്ടെന്ന് അവരുടെ ഓര്‍മകള്‍ പറയുന്നു.  
'അവര്‍ ഞങ്ങളുടെ അധ്യാപകരായിരുന്നില്ല, രക്ഷിതാക്കളായിരുന്നു. അറിവ് മാത്രമല്ല, സ്‌നേഹവും സംരക്ഷണവും ജീവിതത്തെക്കുറിച്ച ദിശാബോധവും അവര്‍ ഞങ്ങള്‍ക്ക്  തന്നു. അറബിയോ ഖുര്‍ആനോ ദീനീ പാഠങ്ങളോ ഒന്നുമറിയാതെ വണ്ടൂരില്‍ എത്തിപ്പെട്ട എനിക്ക്, എല്ലാം തന്നത് വനിതാ കോളേജാണ്. അവിടെ ചേരുമ്പോള്‍ അറബി ഒട്ടും വശമില്ലാതിരുന്ന ഞാന്‍, നിര്‍ത്തിപ്പോകാന്‍ തീരുമാനിച്ച്, ഉപ്പയെ വിളിച്ചു കരഞ്ഞു. അധ്യാപകരുടെ സ്‌നേഹം പക്ഷേ, എന്നെ കീഴടക്കി. അടുത്ത വര്‍ഷം എനിക്ക് അറബിയില്‍ ഫുള്‍ മാര്‍ക്കായിരുന്നു. അവിടെ നിന്ന് പോരുമ്പോഴേക്കും എത്രയോ ഖുര്‍ആന്‍ സൂറത്തുകള്‍ ഞാന്‍ മനപ്പാഠമാക്കിയിരുന്നു-' രണ്ട് ആഴ്ചകള്‍ക്കു മുമ്പ്, തിരുവനന്തപുരത്തു നിന്ന് വയനാട് പീസ് വില്ലേജ് സന്ദര്‍ശിക്കാനെത്തിയ വണ്ടൂര്‍ വനിതാ ഇസ്‌ലാമിയാ കോളേജിലെ പൂര്‍വ വിദ്യാര്‍ഥിനി ഇത് പറയുമ്പോള്‍ വികാരാധീനയായി കണ്ണ് നിറയുന്നുണ്ടായിരുന്നു. ഒരാളുടെയല്ല, ഒരായിരം പേരുടെ അനുഭവ സാക്ഷ്യമാണിത്.വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ കലാലയത്തെക്കുറിച്ച് പറയുമ്പോള്‍ നിറയുന്ന കണ്ണുകള്‍ ഈ വിദ്യാലയത്തിനുള്ള ഹൃദയംതൊട്ട അംഗീകാരമാണ്.

മാറ്റത്തിന്റെ ചാലകശക്തി

വണ്ടൂര്‍ വനിതാ ഇസ്‌ലാമിയാ കോളേജ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേര് മാത്രമല്ല, സ്ത്രീവിദ്യാഭ്യാസത്തിലൂടെ, സാമൂഹിക മാറ്റത്തിന് അസ്തിവാരം പണിത വൈജ്ഞാനിക മുന്നേറ്റത്തിന്റെ മേല്‍വിലാസമാണ്. ആയിരക്കണക്കായ മലയാളി മുസ്‌ലിം കുടുംബങ്ങളില്‍ ഇസ്‌ലാമിന്റെ വിളക്ക് കൊളുത്തിയ നവോത്ഥാനത്തിന്റെ പ്രഭവകേന്ദ്രമാണ്. അധ്യാപനം, ജനസേവനം, വൈദ്യശാസ്ത്രം, രാഷ്ട്രീയം, സംഘാടനം തുടങ്ങിയ കര്‍മമണ്ഡലങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന പെണ്‍കരുത്തിന്റെ പരിശീലനക്കളരിയാണ്. പെണ്ണിന് അറിവ് വിലക്കി, അജ്ഞതയെ അവളുടെ ആഭരണമാക്കിയവര്‍ക്കുള്ള അര്‍ഥവത്തായ മറുപടിയാണ്.
മത-ഭൗതിക സമന്വയ വിദ്യാഭ്യാസം, ഹോസ്റ്റല്‍ സൗകര്യം, പെണ്‍കുട്ടികളുടെ മാത്രം കലാലയമെന്നതിന്റെ പ്രത്യേക സുരക്ഷ, പാഠ്യാനുബന്ധ കലാ-കായിക പരിശീലനങ്ങള്‍ തുടങ്ങി ഈ സ്ഥാപനത്തെ സവിശേഷമാക്കിയ ഘടകങ്ങള്‍ നിരവധി. അതുകൊണ്ടുതന്നെ, പുതിയ അറിവനുഭവങ്ങള്‍ തേടി പെണ്‍കുട്ടികള്‍ കാല്‍നൂറ്റാണ്ടുകാലം വണ്ടൂരിലേക്കൊഴുകി. രക്ഷിതാക്കള്‍ പെണ്‍മക്കളുടെ വിദ്യാഭ്യാസ വളര്‍ച്ചയെക്കുറിച്ച്, വിവാഹത്തെയും കുടുംബ ജീവിതത്തെയും കുറിച്ച്, തൊഴിലിനെയും സാമൂഹിക പദവിയെയും സംബന്ധിച്ച് പുതിയ സ്വപ്‌നങ്ങള്‍ കണ്ടു. ഏറെ മതബോധമൊന്നുമില്ലാത്ത കുടുംബങ്ങളും പെണ്‍കുട്ടികള്‍ക്കു വേണ്ടി വണ്ടൂര്‍ വനിതാ കോളേജ് തെരഞ്ഞെടുത്തു. മലബാറില്‍നിന്ന് മാത്രമല്ല, തെക്കന്‍ കേരളത്തില്‍നിന്നും നിരവധി പെണ്‍കുട്ടികള്‍ വനിതാ കോളേജിന്റെ പടി കടന്നെത്തി. ദക്ഷിണ കേരളത്തിലെ വ്യത്യസ്ത മതസംഘടനാ നേതാക്കളും മുസ്‌ലിയാക്കന്മാരും മൗലവിമാരും പ്രമാണിമാരും വരെ തങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമായ കലാലയമായി വനിതാ കോളേജിനെ തൃപ്തിപ്പെട്ട് സ്വീകരിച്ചു. പെണ്‍മക്കളെ പ്രാര്‍ഥിക്കാനായി പള്ളിയിലേക്കയക്കാത്തവരും പഠിക്കാന്‍ വണ്ടൂരിലേക്കയച്ചു. സംഘടനാഭേദമില്ലാതെ മുസ്‌ലിം സമൂഹം വനിതാ കലാലയമായി അംഗീകരിച്ചു. മക്കനയിട്ട് ഇസ്‌ലാമിയാ കോളേജില്‍ പോകുന്ന പെണ്‍കുട്ടികളെ വിചിത്ര ജന്തുക്കളായി കണ്ട് പരിഹസിച്ചവര്‍, പിന്നീട് തങ്ങളുടെ പെണ്‍മക്കള്‍ മക്കനയിട്ട് അതേ സ്ഥാപനത്തില്‍ പഠിക്കാന്‍ പോകുന്നത് അഭിമാനമായി കണ്ടു. ഒരു ഘട്ടത്തില്‍ കുടുംബ വീടുകളും അയല്‍പ്പക്കങ്ങളും ഈ പെണ്‍കുട്ടികളുടെ പഠിക്കാന്‍ പോക്കിനെക്കുറിച്ച് അടക്കം പറഞ്ഞു. പിന്നെപ്പിന്നെ, അറിവു തേടിയുള്ള അവരുടെ പ്രവാസത്തില്‍ ആവേശം കൊണ്ടു, തിരിച്ചെത്തുന്ന കുട്ടികളുടെ വിശേഷം കേള്‍ക്കാന്‍ പെണ്ണുങ്ങള്‍ ഒരുമിച്ചുകൂടി. ആ സഭകളില്‍ കുറ്റിയാടിക്കാരി, കൊല്ലത്തുകാരിയുടെ ഭാഷാവിശേഷങ്ങള്‍ വാതോരാതെ സംസാരിച്ചു. കൊല്ലത്തെ ഭക്ഷണച്ചര്‍ച്ചകളില്‍ കുറ്റിയാടിയിലെ ഒറോട്ടി ഇടം പിടിച്ചു. കോളേജ് കാന്റീനിലെ പൊട്ടാത്ത പുട്ടിനെ കളിയാക്കി പെങ്ങന്മാര്‍ക്ക് കത്തെഴുതിയ ആങ്ങളമാര്‍ക്ക് മുമ്പില്‍, പഠനമികവിന്റെയും പോരാട്ടവീര്യത്തിന്റെയും അണയാത്ത ആവേശവുമായി, ആഇശമാരും ആസിയമാരുമായി അവര്‍ ചെന്നു നിന്നു. 
വണ്ടൂര്‍ വനിതാ ഇസ്‌ലാമിയാ കോളേജിലെ  ക്ലാസ്സ് മുറികളും ഹോസ്റ്റല്‍ റൂമുകളും കാന്റീനിലെ മേശകളും സാഹിത്യ സമാജങ്ങളും പള്ളിയും ഗ്രൗണ്ടും, ഇവിടങ്ങളിലെല്ലാം ബഹളം കൂട്ടിയവരും മൗനികളായവരും പുതിയൊരു കാലത്തിന്റെ പിറവിക്കാണ് അരങ്ങൊരുക്കിയത്. പാട്ടും പ്രസംഗവും ചിരിയും വരയും ഷട്ടില്‍ ബാറ്റും ലൈബ്രറി പുസ്തകവും കളിയും കാര്യവും കുശുമ്പും കുന്നായ്മയുമായി കോളേജ് കാമ്പസില്‍ വട്ടം കൂടിയവരും ഒറ്റക്കിരുന്നവരും തലമുറകളുടെ പരിവര്‍ത്തനത്തിന് അസ്തിവാരം പണിയുകയായിരുന്നു. പത്രവായനയും പാചക പരിശീലനവും, ശുചീകരണ ബോധവല്‍ക്കരണവും രാഷ്ട്രീയ ചര്‍ച്ചകളും, പ്രബോധകരാകാനും കൃഷി ചെയ്യാനുമുള്ള ട്രെയ്‌നിംഗും അവിടെ സമന്വയിച്ചു. പി.കെ ഇബ്‌റാഹീം മൗലവിയെപ്പോലുള്ളവര്‍ അതിന് നെടുനായകത്വം വഹിച്ചു. അങ്ങനെ, പെട്ടിയും കിടക്കയും തൂക്കി കോളേജ് പടിയില്‍ ബസിറങ്ങിയവര്‍, തിരിച്ച് വീട്ടിലേക്ക് ബസ് കയറിയത് വിജ്ഞാനത്തിന്റെ ശേഖരവും വിശ്വാസത്തിന്റെ കരുത്തുമായിട്ടായിരുന്നു. കോളേജ് കാമ്പസിലെ മാവിന്‍ ചുവടുകളും കുറ്റിക്കാടുകളും ഈ ഗതകാല സ്മൃതികളെല്ലാം അയവിറക്കി പുതിയ അതിഥികളെയും കാത്തിരിപ്പുണ്ട്.
മൂന്നു പതിറ്റാണ്ടിന്റെ വൈജ്ഞാനിക ഗരിമ പിന്നിട്ട ഈ മഹത്തായ കലാലയം നേടിയതെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇങ്ങനെ സംഗ്രഹിക്കാം; മുസ്‌ലിം സ്ത്രീവിദ്യാഭ്യാസത്തെ ജനകീയമാക്കി, പെണ്‍കുട്ടികളെ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ടു തന്നെ പുറത്തയച്ച് പഠിപ്പിക്കാമെന്ന ബോധം ഇസ്‌ലാമിക സമൂഹത്തില്‍ സ്വീകാര്യമാക്കി. ഇന്ന് സംസ്ഥാനത്തിനകത്തും പുറത്തും കേന്ദ്ര സര്‍വകലാശാലകളിലുള്‍പ്പെടെ വിദൂര കാമ്പസുകളില്‍ പെണ്‍കുട്ടികളെ പഠിക്കാനയക്കാനുള്ള ബോധവും ധൈര്യവും രക്ഷിതാക്കളില്‍ സൃഷ്ടിക്കുന്നതില്‍, വണ്ടൂര്‍ വനിതാ കോളേജ് ഉള്‍പ്പെടെ ഹോസ്റ്റല്‍ സംവിധാനമുള്ള പഴയ കാമ്പസുകള്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല. ഈ വിദ്യാലയങ്ങളുടെ ഉല്‍പ്പന്നങ്ങളായ പൂര്‍വവിദ്യാര്‍ഥികളാണല്ലോ ഇന്നത്തെ രക്ഷിതാക്കളില്‍ പലരും. വണ്ടൂര്‍ വനിതാ കോളേജ്, സമ്പന്ന- ദരിദ്ര അന്തരവും തറവാടിത്ത പെരുമയും അപ്രസക്തമാക്കി വിഭിന്ന കുടുംബങ്ങളില്‍നിന്നും പ്രദേശങ്ങളില്‍നിന്നുമുള്ള കുട്ടികളെ ഒരേ കുടക്കീഴില്‍ ഒന്നുചേര്‍ത്തു, പ്രാദേശിക വൈജാത്യങ്ങള്‍ക്കിടയില്‍ ആദാനപ്രദാനങ്ങള്‍ നടന്നു, ഇത് സമഭാവനയുടെ സാംസ്‌കാരിക-സാമൂഹിക ബോധങ്ങള്‍ തലമുറകകള്‍ക്ക് പകര്‍ന്നുകൊടുത്തു. വണ്ടൂരില്‍ പഠിക്കാനെത്തിയ പെണ്‍കുട്ടികളില്‍ മാത്രമല്ല മാറ്റങ്ങളുണ്ടായത്, അവരുടെ വീടുകളും കുടുംബങ്ങളും അയല്‍പ്പക്കങ്ങളും ഇസ്‌ലാമിക നവോത്ഥാനത്തിന്റെ വെളിച്ചത്താല്‍ പ്രശോഭിതമായി എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. പല ഉമ്മമാരും പുതുതായി നമസ്‌കാരക്കുപ്പായങ്ങള്‍ വാങ്ങിയെന്ന് അതിശയോക്തിയില്ലാതെ പറയാം. കുടുംബങ്ങളുടെ വേഷഭൂഷകളില്‍, ആചാര രീതികളില്‍, സാംസ്‌കാരിക തലങ്ങളില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് സാന്നിധ്യവും സ്വാധീനവും ലഭിച്ചു തുടങ്ങി. വണ്ടൂരില്‍ പഠിച്ചു വന്ന മക്കളുടെ വാക്കുകള്‍ക്ക് രക്ഷിതാക്കളും കുടുംബക്കാരും വില കല്‍പിച്ചു. പല വിഷയങ്ങളിലും ഇസ്‌ലാമികമായ തീരുമാനങ്ങളെടുക്കാന്‍, കുടുംബക്കാര്‍ അവരുടെ വാക്കുകള്‍ക്ക് കാതോര്‍ത്തു. ആയതിനാല്‍, പഠിച്ചിറങ്ങിയവരുടെ എണ്ണം നോക്കിയല്ല ഈ വനിതാ കലാലയത്തിന്റെ വിജയം അളക്കേണ്ടത്. അവരുടെ വീട്, കുടുംബം, അവരിലൂടെ പിറവിയെടുത്ത് വളരുന്ന മക്കളും പേരക്കുട്ടികളും മറ്റുമുള്‍പ്പെടുന്ന അടുത്ത തലമുറകള്‍ തുടങ്ങി അനേകരിലേക്ക് പടര്‍ന്നു കയറി വേരുറപ്പിച്ച്, പൂവിട്ട് കായ്ച്ച് ഫലം തരുന്നതാണ് അതിന്റെ വ്യാപ്തി.
ഈ മാപിനി കൊണ്ട് വണ്ടൂര്‍ വനിതാ ഇസ്‌ലാമിയാ കോളേജിന്റെ മൂന്നു പതിറ്റാണ്ട് അളന്നെടുക്കുക. അറിവ് സമ്മാനിച്ച ആത്മാഭിമാനവും ആദര്‍ശ ബോധം സൃഷ്ടിച്ച സാംസ്‌കാരിക ഔന്നത്യവുമായി സമൂഹഗാത്രത്തില്‍ അന്തസ്സോടെ ജീവിക്കുകയും ക്രിയാത്മകമായി ഇടപെടുകയും ചെയ്യുന്നവരാണ് ഈ സ്ഥാപനം വളര്‍ത്തിയെടുത്ത തലമുറകള്‍. ഇവിടത്തെ പൂര്‍വ വിദ്യാര്‍ഥിനികളില്‍ അധ്യാപികമാരുണ്ട്, ഡോക്ടര്‍മാരുണ്ട്, മികച്ച കുടുംബിനികളുണ്ട്, രാഷ്ട്രീയ നേതാക്കളുണ്ട്, പഞ്ചായത്ത് അംഗങ്ങളുണ്ട്, എഴുത്തുകാരികളും പ്രഭാഷകരുമുണ്ട്, സംഘടനാ നേതാക്കളുണ്ട്, അവാര്‍ഡ് ജേതാക്കളുണ്ട്. അധ്യാപികമാരാണ് ഏറെയും. സീനത്ത് ചെറുകോട്, സഫിയ അടിമാലി, ടി.എം നജ്മി, കെ.കെ റഹീന, ഹസീന ശരീഫ് പൂക്കാട്ടിരി, നൂര്‍ജഹാന്‍ ഖത്തര്‍, ഹസീന വഹാബ് മഞ്ചേരി തുടങ്ങി പേരെടുത്ത് പറയാന്‍ തന്നെ നിരവധി പേര്‍. അവരിപ്പോഴും, പൂര്‍വ വിദ്യാര്‍ഥിനീ സംഘടനയുടെ തണലില്‍ ആ കാമ്പസിന്റെ തുടര്‍ച്ച തേടിക്കൊണ്ടിരിക്കുന്നു. 1983 ബാച്ച് ആരംഭിച്ച്, പിന്നീട് എല്ലാവരുടേതുമായി വികസിച്ച അല്‍ഹുദാ ഓണ്‍ലൈന്‍ കലാ സാഹിത്യ വേദി ഉദാഹരണം. സംഗീത സംവിധാനം, നാടക രചന, ബിസിനസ്, പാചകം, കരകൗശലം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ ചുവടുവെപ്പുകള്‍ നടത്താന്‍ പൂര്‍വ വിദ്യാര്‍ഥിനി സംഘടനക്ക് സാധിച്ചിട്ടുണ്ട്. ഏതാനും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച സംഘടന, 'പെണ്‍മഷി' എന്ന പേരില്‍ ത്രൈമാസികയും ഇറക്കുന്നുണ്ട്. വി.പി സുമയ്യ ഉസ്മാന്‍ (പ്രസിഡന്റ്), സീനത്ത് ബീവി (വൈസ് പ്രസിഡന്റ്) എന്നിവരാണ് പൂര്‍വ വിദ്യാര്‍ഥിനീ സംഘടനയെ നയിക്കുന്നത്.
സഫലമാക്കാവുന്ന സ്വപ്‌നങ്ങളും, ദീര്‍ഘവീക്ഷണവും ആര്‍ജവവുമുള്ള നേതൃത്വവും, ആസൂത്രിതമായ പദ്ധതികളും, വൈജ്ഞാനിക ശേഷിയും ഉള്‍ക്കാഴ്ചയും അന്തര്‍ദേശീയ വിദ്യാഭ്യാസ മാറ്റങ്ങളെക്കുറിച്ച തിരിച്ചറിവുകളുമുള്ള അക്കാദമിക സമിതിയും മറ്റുമുണ്ടെങ്കില്‍, വണ്ടൂര്‍ വനിതാ ഇസ്‌ലാമിയാ കോളേജിന്റെ ചേതോഹരമായ ചരിത്രത്തെ, വര്‍ത്തമാനത്തില്‍ പുനഃസൃഷ്ടിക്കാനും ഭാവിയിലെ പുതിയ ചരിത്രമെഴുതാനും സാധ്യതകള്‍ ഏറെയുണ്ട്. കാലത്തിന്റെ വേഗത പക്ഷേ, അവസരങ്ങളുടെ ആയുസ്സ് കുറക്കുന്നു. അതിനാല്‍ കാലത്തിന്റെ മുന്നില്‍ സഞ്ചരിക്കാവുന്ന വിദ്യാഭ്യാസ മുന്നേറ്റത്തെക്കുറിച്ചാണ് ചിന്തയും ചുവടുവെപ്പുമുണ്ടാകേണ്ടത്. ഇത്തരമൊരു ദിശാമാറ്റത്തിനുള്ള ശ്രമത്തിലാണിപ്പോള്‍ വൂര്‍ വനിതാ ഇസ്‌ലാമിയാ കോളേജ്.

Comments