മുഹമ്മദുല്‍ ഗസ്സാലി വീണ്ടും ഓര്‍മയില്‍ വരുമ്പോള്‍
ശൈഖ് മുഹമ്മദുല്‍ ഗസ്സാലി ഈ ലോകത്തോട് വിടവാങ്ങിയിട്ട് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയായി. 1917 സെപ്റ്റംബര്‍ 22-ന് ഈജിപ്തിലെ ബഹീറ ഗവര്‍ണറേറ്റില്‍ ജനിച്ച ഗസ്സാലി 1996 മാര്‍ച്ച് 9-ന് രിയാദില്‍ വെച്ചാണ് നിര്യാതനാകുന്നത്. മറമാടപ്പെട്ടത് മദീനയിലെ ജന്നത്തുല്‍ ബഖീഇല്‍. ഈജിപ്തുകാരനായ ഈ പണ്ഡിതപ്രതിഭയെ നെഞ്ചേറ്റാനുള്ള ഭാഗ്യം ജന്മനാട്ടിനുണ്ടായില്ല. മരിക്കുമ്പോള്‍ അദ്ദേഹം മുഹമ്മദ് ഖുത്വ്ബിനെയും മറ്റ് ചില പ്രതിഭാ ശാലികളെയും പോലെ സുഊദി പൗരനായിരുന്നു. ഏകാധിപതികളായ വാമനഗണത്തെ എന്നും പുഛത്തോടെ കണ്ടിരുന്ന അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ഗതി, ഒരു കാലത്ത് അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് സൗമ്യമായ പ്രത്യാഖ്യാനമെഴുതിയ സല്‍മാനുല്‍ ഔദയുടേത് തന്നെയാകുമായിരുന്നില്ലേ എന്ന് ആലോചിച്ചുപോവുകയാണ്. 'അല്‍ ഇസ്‌ലാം വല്‍ ഇസ്തിബ്ദാദുസ്സിയാസി' (ഇസ്‌ലാമും രാഷ്ട്രീയ ഏകാധിപത്യവും), 'അല്‍ ഫസാദുസ്സിയാസി' (രാഷ്ട്രീയാഴിമതി) എന്നീ പുസ്തകങ്ങളെഴുതിയ ധിഷണക്ക് പൊറുപ്പിക്കാന്‍ കഴിയുന്നതല്ലല്ലോ സമകാലിക രാഷ്ട്രീയ കാലാവസ്ഥ.
ലേഖകന്റെ ജ്യേഷ്ഠന്‍ അബ്ദുല്‍ ജബ്ബാറിന്റെ ലൈബ്രറിയില്‍ വെച്ചാണ് മുഹമ്മദുല്‍ ഗസ്സാലിയെ ആദ്യമായി വായിക്കുന്നത്; 'മിന്‍ഹുനാ നഅ്‌ലം' (ഇവിടെ നിന്നാവട്ടെ അറിവ്) എന്ന പുസ്തകം. ഖാലിദ് മുഹമ്മദ് ഖാലിദിന്റെ 'മിന്‍ഹുനാ നബ്ദഅ്' (ഇവിടെ നിന്നാകട്ടെ തുടക്കം) എന്ന കൃതിക്കുള്ള ഖണ്ഡനമായിരുന്നു അത്. പടിഞ്ഞാറന്‍ ആധുനികതയില്‍ അഭിരമിക്കുന്ന ചിന്താഗതിയുടെ പ്രതിനിധാനമായിരുന്ന ഖാലിദ് മുഹമ്മദിന്റെ കൃതി അക്കാലത്ത് വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരുന്നു. എങ്ങനെ അദ്ദേഹം ഇത്തരമൊരു കൃതിക്ക് ഒരുമ്പെട്ടു എന്ന് ഖറദാവി ആത്മകഥയില്‍ അത്ഭുതം കൂറുന്നുണ്ട്. എന്നാല്‍ പില്‍ക്കാലത്ത് അദ്ദേഹം ഈ ചിന്താഗതികളൊക്കെ കൈയൊഴിച്ച് ഇഖ്‌വാന്റെ രാഷ്ട്രീയ ധാരയെ പരിരംഭണം ചെയ്യുകയും '74-ല്‍ ഇഖ്‌വാന്റെ 'അദ്ദഅ്‌വ' പുനഃപ്രസിദ്ധീകരണം ആരംഭിച്ചപ്പോള്‍ അതില്‍ ധാരാളമായി എഴുതുകയുമുണ്ടായി.
ഗസ്സാലിയും ഹുദൈബിയും
ഗസ്സാലിയെ രണ്ടാമത് വായിക്കുന്നത് ശാന്തപുരത്ത് വിദ്യാര്‍ഥിയായിരിക്കെയാണ്. ഈജിപ്തിലെ ഇത്തിഹാദുശ്ശുബാനില്‍ മുസ്‌ലിമീന്റെ മുഖപത്രമായ 'മജല്ലത്തുശ്ശുബ്ബാന്‍' അന്ന് കോളേജില്‍ വരാറുണ്ടായിരുന്നു. അതില്‍ ഗസ്സാലിയുടെ ലേഖനങ്ങള്‍ പതിവിനമായിരുന്നു. യുവജന സംഘടനയായ ശുബ്ബാന്റെ ഒരു യോഗത്തില്‍ പ്രസംഗിക്കവെയാണ് ഹസനുല്‍ ബന്നാ വെടിയേറ്റ് മരിക്കുന്നത്. ആ സംഘടനയും അവരുടെ മുഖപത്രവും പിന്നീട് നാസിറിന്റെയും അറബ് സോഷ്യലിസത്തിന്റെയും ഉച്ചഭാഷിണിയായി മാറിയിരുന്നു. സയ്യിദ് ഖുത്വ്ബ് തൂക്കിലേറ്റപ്പെട്ടപ്പോള്‍ 'ഇതാണ് രാജ്യദ്രോഹികളുടെ പരിണതി' (ഹാകദാ മസ്വീറുല്‍ ഖാഇനീന്‍) എന്ന അടിക്കുറിപ്പോടെയാണ് 'മജല്ലുത്തുശ്ശുബ്ബാനി'ല്‍ ആ ചിത്രം അച്ചടിച്ചുവന്നത്. ഇത്തരമൊരു പ്രസിദ്ധീകരണത്തില്‍ ഗസ്സാലിയെപ്പോലെ ഒരാള്‍ എങ്ങനെ എഴുതുന്നു എന്നത് അമ്പരപ്പുണ്ടാക്കി. അതിനു ശേഷമാണ് കോളേജ് ലൈബ്രറിയില്‍നിന്ന് ലബനീസ് ക്രിസ്ത്യന്‍ അക്കാദമികനായ ഡോ. ഇസ്ഹാഖ് മൂസാ ഇസ്ഹാഖിന്റെ ഇഖ്‌വാനെ കുറിച്ചുള്ള കൃതി വായിക്കുന്നത്. 'അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍- കുബ്‌റല്‍ ഹറകാത്തില്‍ ഇസ്‌ലാമിയ്യ മാലഹാ വമാ അലൈഹാ' എന്ന ശീര്‍ഷകം തന്നെ വായനയെ പ്രചോദിപ്പിക്കുന്നതായിരുന്നു. ശീര്‍ഷകം സൂചിപ്പിക്കുന്ന പോലെ ഇഖ്‌വാന്റെ അനുകൂല ഘടകങ്ങളും പ്രതികൂല ഘടകങ്ങളും വിലയിരുത്തുന്ന നിഷ്പക്ഷ പഠനമായിരുന്നു അത്. പ്രതികൂല വശങ്ങളുടെ വിശകലനങ്ങളുണ്ടെങ്കിലും അത് വായിച്ചു കഴിയുമ്പോള്‍ മനസ്സില്‍ ഇഖ്‌വാന്റെ പ്രതിഛായക്ക് തിളക്കം കൂടുകയേയുള്ളൂ. ഹസനുല്‍ ബന്നായുടെ വധത്തിനു ശേഷം ഇഖ്‌വാനില്‍ സംഭവിച്ച പിളര്‍പ്പിന്റെ വിശദാംശങ്ങള്‍ ഗ്രന്ഥകാരന്‍ അനാവരണം ചെയ്യുന്നുണ്ട്. ഇഖ്‌വാന്റെ സുപ്രീമോ (മുര്‍ശിദുല്‍ ആം) ആയി ഹസനുല്‍ ഹുദൈബി തെരഞ്ഞെടുക്കപ്പെട്ടതില്‍ അസംതൃപ്തരായ വിഭാഗത്തില്‍ അന്ന് മുഹമ്മദുല്‍ ഗസ്സാലിയുമുണ്ടായിരുന്നു. അക്കൂട്ടത്തില്‍ പെട്ട ശൈഖ് ഖാബൂരി പിന്നീട് നാസിര്‍ ഭരണകൂടത്തില്‍ വഖ്ഫ് മന്ത്രിയായി. ശൈഖ് ഗസ്സാലിയും നാസിറിന്റെ വിപ്ലവ സര്‍ക്കാറിനോട് ചായ്‌വ് പുലര്‍ത്തി. 'മജല്ലത്തുശ്ശുബ്ബാനി'ല്‍ ഗസ്സാലി സ്ഥിരമായി ലേഖനമെഴുതിക്കൊണ്ടിരുന്നതിന്റെ പശ്ചാത്തലം അതോടെ വ്യക്തമായി.
ഹുദൈബിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളും ആരോപണങ്ങളുമായിരുന്നു ഗസ്സാലി ഉയര്‍ത്തിവിട്ടിരുന്നത്. ഇതു സംബന്ധമായി ഗസ്സാലിയുടെ 'മആലിമുദ്ദം' (രക്തക്കറകള്‍) എന്ന പുസ്തകത്തില്‍നിന്ന് ഡോ. ഇസ്ഹാഖ് മൂസാ തന്റെ കൃതിയില്‍ ധാരാളം ഉദ്ധരിക്കുന്നുണ്ടായിരുന്നു. 1972-ല്‍ ഹജ്ജിനു പോയപ്പോള്‍ ഡോ. ഇസ്ഹാഖ് മൂസായുടെ ഉദ്ധരണികളിലെ വസ്തുതകള്‍ ഉറപ്പുവരുത്താന്‍ ഗസ്സാലിയുടെ ആ പുസ്തകവും തിരഞ്ഞ് മക്കയിലെ ബുക് സ്റ്റാളുകളില്‍ കയറിയിറങ്ങി. ഒടുവില്‍ അത് കണ്ടെത്തി. നിന്ന നില്‍പില്‍ പരാമൃഷ്ട പേജുകള്‍ വായിച്ചു തീര്‍ത്തു. ഡോ. ഇസ്ഹാഖ് മൂസാ പറഞ്ഞതൊക്കെ ശരിയായിരുന്നു.
വീണ്ടും ഇഖ്‌വാനില്‍
17-ാം വയസ്സിലാണ് ശൈഖ് ഗസ്സാലി ഇഖ്‌വാനില്‍ ചേരുന്നത്. അദ്ദേഹം അതിന്റെ സ്ഥാപകസമിതി അംഗവും സുപ്രീം കൗണ്‍സില്‍ (മക്തബുല്‍ ഇര്‍ശാദ്) അംഗവുമായിരുന്നു. നേതൃത്വവുമായുണ്ടായ രൂക്ഷമായ ഭിന്നതയെത്തുടര്‍ന്ന് പിന്നീട് അദ്ദേഹവും മറ്റു ചിലരും സംഘടനയില്‍നിന്ന് പുറത്താക്കപ്പെടുകയായിരുന്നു. നാസിറിന്റെ വിപ്ലവ ഭരണകൂടം ഇഖ്‌വാനെ നിരോധിക്കുന്നതിനു മുമ്പായിരുന്നു ഈ പുറത്താക്കപ്പെടല്‍. ഫാറൂഖ് രാജാവിന്റെ കാലത്തും, പിന്നീട് 1954-ലും അദ്ദേഹം തടവിലാക്കപ്പെട്ടിരുന്നു. രക്തത്തിലും മജ്ജയിലും ഊട്ടപ്പെട്ട പ്രസ്ഥാനമായിരുന്നു അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം ഇഖ്‌വാന്‍. അതുകൊണ്ടുതന്നെ അതിലേക്ക് അദ്ദേഹത്തിന് തിരിച്ചുവരാതെ നിവൃത്തിയുണ്ടായിരുന്നില്ല. ഹസനുല്‍ ഹുദൈബിയുടെ ജീവിതകാലത്തു തന്നെ അദ്ദേഹം ഇഖ്‌വാനില്‍ തിരിച്ചെത്തി. മാത്രമല്ല, ഹുദൈബിയുമായുള്ള പ്രശ്‌നങ്ങളൊക്കെ അദ്ദേഹവുമായി സംസാരിച്ചു രമ്യതയിലെത്തി. ഫ്രീ ഓഫീസേഴ്‌സ് വിപ്ലവത്തിനു മുമ്പ് ഈജിപ്തിലെ പ്രമുഖനായ ന്യായാധിപന്മാരിലൊരാളായിരുന്നു ഹുദൈബി. അദ്ദേഹത്തിന്റെ ഇഖ്‌വാന്‍ സമ്പര്‍ക്കം പരസ്യമായിരുന്നില്ല. കോടതിയില്‍നിന്ന് റിട്ടയര്‍ ചെയ്ത ഉടനെ ഇഖ്‌വാന്റെ തലപ്പത്തെത്തുകയായിരുന്നു അദ്ദേഹം. സീനിയോരിറ്റിയോ പ്രവര്‍ത്തന പാരമ്പര്യമോ ഇല്ലാതെ ഇതെങ്ങനെ സംഭവിച്ചു എന്നതായിരുന്നു ഗസ്സാലിയുടെ പ്രശ്‌നം. പില്‍ക്കാലത്തെഴുതിയ 'ഖദാഇഫുല്‍ ഹഖ്' (സത്യത്തിന്റെ മിസൈലുകള്‍) എന്ന കൃതിയില്‍ ഹുദൈബിയെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ നീങ്ങിയ കഥയും അദ്ദേഹത്തിന്റെ ജീവിത ലാളിത്യവും ആത്മാര്‍ഥതയും ഗസ്സാലി അത്ഭുതാദരവുകളോടെ അനുസ്മരിക്കുന്നുണ്ട്. സാധാരണക്കാരുടെ പൊതുശ്മശാനത്തില്‍ മാത്രമേ തന്നെ മറമാടാവൂ എന്ന ഹുദൈബിയുടെ ഒസ്യത്ത് അദ്ദേഹം അതില്‍ എടുത്തോതുന്നു. ജീവിതകാലത്ത് വഹിച്ച പദവികള്‍ പരിഗണിച്ചാല്‍ ഗംഭീരമായൊരു ഔദ്യോഗിക ജനാസ സംസ്‌കരണം അര്‍ഹിക്കുന്ന മഹാനായിരുന്നു ഹുദൈബി എന്നും അദ്ദേഹം എഴുതുകയുണ്ടായി.
1987-'90 കളില്‍ ഈ ലേഖകന്‍ ദോഹയിലുണ്ടായിരുന്നപ്പോള്‍ ശൈഖ് ഗസ്സാലി ഖത്തര്‍ യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനായുണ്ടായിരുന്നു. വേണമെങ്കില്‍ അദ്ദേഹവുമായി വിശദമായ അഭിമുഖത്തിന് അവസരമുണ്ടായിരുന്നു. സാഹചര്യവശാല്‍ അതിനൊന്നും ശ്രമിക്കുകയുണ്ടായില്ല. യൂനിവേഴ്‌സിറ്റിയിലെ പ്യൂണായിരുന്ന സി.ടി അഹ്മദ് കുട്ടി ഗസ്സാലിയുടെ ഹൃദ്യമായ പെരുമാറ്റത്തെക്കുറിച്ച് പറയുമായിരുന്നു. എപ്പോഴും 'ഇബ്‌നീ' (മോനേ) എന്നേ അദ്ദേഹം വിളിക്കുമായിരുന്നുള്ളൂവത്രെ.
രചനാലോകം
നൂറിനടുത്ത് പുസ്തകങ്ങള്‍ ജീവിത കാലത്ത് അദ്ദേഹം എഴുതുകയുണ്ടായി. ഏകാധിപത്യത്തോടും ഏകാധിപതികളോടും വിട്ടുവീഴ്ചയില്ലാതെ അദ്ദേഹം പൊരുതി. അതും അദ്ദേഹത്തിന്റെ രചനാ വിഷയങ്ങളില്‍ മുഖ്യസ്ഥാനത്ത് വന്നു. മുസ്‌ലിം ലോകത്തിന്റെ പിന്നാക്കാവസ്ഥക്കും ദാരിദ്ര്യത്തിനും ഒന്നാമതായി അദ്ദേഹം കണ്ട കാരണം വിവരദോഷികളായ ഏകാധിപതികളെയാണ്. ഇസ്‌ലാമും സാമ്പത്തിക സ്ഥിതികളും, ഇസ്‌ലാമും സോഷ്യലിസ്റ്റ് പദ്ധതികളും, ഇസ്‌ലാം: കമ്യൂണിസത്തിനും മുതലാളിത്തത്തിനും മധ്യേ, ഇസ്‌ലാമും രാഷ്ട്രീയ ഏകാധിപത്യവും തുടങ്ങിയ ശീര്‍ഷകങ്ങളില്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങളിലൊക്കെ മുസ്‌ലിം ലോകത്തെ ഏകാധിപത്യ ഭരണകൂടങ്ങളെ അദ്ദേഹം കടുത്ത ഭാഷയില്‍ കടന്നാക്രമിക്കുന്നുണ്ട്.
1947-ലാണ് 'ഇസ്‌ലാമും സാമ്പത്തിക സ്ഥിതികളും' (അല്‍ ഇസ്‌ലാം വല്‍ ഔദാഉല്‍ ഇഖ്തിസ്വാദിയ്യ) അദ്ദേഹം എഴുതുന്നത്. സാധാരണ മതപണ്ഡിതന്മാരുടെ ശൈലിയില്‍നിന്ന് തുലോം വ്യത്യസ്തമാണ് അതിന്റെ ശൈലിയും പ്രമേയവുമെന്ന് മുഖവുര വായിക്കുമ്പോള്‍ തന്നെ ബോധ്യമാകും. അതിലദ്ദേഹം എഴുതി: ''ഇക്കാലത്തെ പോലെ ഒരുകാലത്തും പൗരസ്ത്യ ജനത അപമാനിക്കപ്പെട്ടിട്ടില്ല. അവരുടെ അവകാശങ്ങള്‍ കവരുന്നതില്‍ ഇതുപോലെ മതം ചൂഷണം ചെയ്യപ്പെട്ട ഒരു കാലവും മുമ്പുണ്ടായിട്ടില്ല. മൗനം പാലിക്കേണ്ട സമയത്ത് അവരെക്കൊണ്ട് ഒച്ചയെടുപ്പിച്ചു; പെരുംകള്ളന്മാര്‍ മോഷ്ടിക്കാന്‍ ധൃഷ്ടരാകുമ്പോള്‍ ഉണര്‍ന്നിരിക്കുന്ന കാവല്‍ക്കാരന്‍ ഒച്ചയിടും പോലെ. ഉറക്കെ അട്ടഹസിക്കേണ്ട സന്ദര്‍ഭത്തില്‍ ജനതയെ അവര്‍ നിശ്ശബ്ദരാക്കി. അതോടെ ദീന്‍ പരിഹാസപാത്രമാവുകയും സമുദായം ഹീനത്വത്തിനും ചൂഷണത്തിനുമിടയില്‍ പെട്ട് സ്വയം നഷ്ടപ്പെടുകയും ചെയ്തു. ''ഇസ്‌ലാമിനെ പോലെ ഏകാധിപതികളുടെ പുറത്ത് ചാട്ടവാര്‍ കൊണ്ട് പ്രഹരിക്കുകയും അവര്‍ക്കെതിരെ ജനങ്ങളെ ഇളക്കിവിടുകയും ചെയ്ത മറ്റൊരു മതവും എനിക്കറിയില്ല' എന്നാണ് 'ഇസ്‌ലാമും രാഷ്ട്രീയ ഏകാധിപത്യവും' എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതിയിട്ടുള്ളത്. മര്‍ദക ഭരണകൂടമാണെങ്കില്‍ അതിനെതിരെ പ്രക്ഷോഭം പാടില്ലെന്നും അസ്ഥിരത ഒഴിവാക്കാന്‍ അതിന് കീഴൊതുങ്ങുകയാണ് വേണ്ടതെന്നുമുള്ള പാരമ്പര്യമതപണ്ഡിത നിലപാടിന് തികച്ചും വിരുദ്ധമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഏകാധിപതികള്‍ക്കെതിരെയുള്ള കലാപത്തില്‍ ആത്മീയത കണ്ടെത്തിയ മതപണ്ഡിതനായിരുന്നു ഗസ്സാലി. അദ്ദേഹത്തിന്റെ ആദ്യകാല കൃതികളിലെന്നപോലെ അവസാനകാല കൃതികളിലും ഈ കലാപസ്വരം മുഴങ്ങിക്കേള്‍ക്കുന്നുണ്ട്. പറയുകയും എഴുതുകയും മാത്രമല്ല, കര്‍മപഥത്തില്‍ തന്നെ ഏകാധിപതികളെ വെല്ലുവിളിക്കാന്‍ അദ്ദേഹം ആര്‍ജവം കാട്ടി. ഫാറൂഖ് രാജാവിന്റെ കാലത്തും നാസിര്‍ യുഗത്തിലും സാദാത്ത് ഭരണകാലത്തും ജയിലില്‍ പോകാന്‍ അദ്ദേഹം സന്നദ്ധനായി. 'ഇസ്‌ലാമും രാഷ്ട്രീയ ഏകാധിപത്യവും' എന്ന പുസ്തകം അദ്ദേഹം രചിക്കുന്നത് ഫാറൂഖ് രാജാവിന്റെ കാരാഗൃഹത്തില്‍ വെച്ചാണ്.
സെന്‍സര്‍ ചെയ്യപ്പെട്ട കൃതികള്‍
സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന നാസിറിന്റെ സര്‍ക്കാര്‍ നയത്തെ വിമര്‍ശിക്കുന്ന രണ്ട് കൃതികള്‍ അദ്ദേഹം എഴുതി; ഇസ്‌ലാമിന് പ്രതിരോധം തീര്‍ക്കുന്ന 'പോരാട്ടം മതത്തിന് വേണ്ടി' (കിഫാഹുദ്ദീന്‍), 'ചുകപ്പന്‍ മുന്നേറ്റത്തിനു മുന്നില്‍' എന്നീ രണ്ടു കൃതികള്‍. കൈറോയില്‍ സൈന്യം തകര്‍ത്ത മസ്ജിദുകളെ കുറിച്ച വിവരണങ്ങള്‍ അതില്‍ ഉണ്ടായിരുന്നു. രണ്ടിനും സെന്‍സര്‍ ബോര്‍ഡ് അനുമതി കിട്ടിയില്ല. സര്‍ക്കാറിന്റെ രോഷം ക്ഷണിച്ചുവരുത്തണ്ട എന്ന് സോളിസിറ്റര്‍ ജനറല്‍ അദ്ദേഹത്തെ ഉപദേശിച്ചു: 'കമ്യൂണിസ്റ്റ് ചായ്‌വുള്ളവരാണ് ഭരണത്തില്‍. അവര്‍ വെറുതെ വിടില്ല.' എഴുതിയതില്‍ വസ്തുതാപരമായി എന്തെങ്കിലും തെറ്റുണ്ടോ എന്ന് ഗസ്സാലി അദ്ദേഹത്തോട് ചോദിച്ചു. 'ഇല്ല. എല്ലാം സര്‍ക്കാരിന്റെ സ്ഥിതിവിവരക്കണക്കുകള്‍ തന്നെ. പക്ഷേ എല്ലാ ശരിയും പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ സമ്മതിക്കുകയില്ല. അക്രമി ഭരണകൂടത്തില്‍നിന്ന് ജീവന്‍ രക്ഷിക്കലാണ് നല്ലത്.' സോളിസിറ്റര്‍ ജനറലിന്റെ ഗുണകാംക്ഷയോട് ഗസ്സാലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: 'ഇസ്‌ലാം നശിക്കുകയും നമ്മള്‍ ബാക്കിയാവുകയും ചെയ്യുക. ഇതില്‍പരം കെട്ട ഒരു ജീവിതമുണ്ടോ?'
ഫാറൂഖ് രാജാവിന്റെ ജയിലില്‍നിന്ന് മോചിതനായപ്പോഴും ഫൈസല്‍ അവാര്‍ഡ് ലഭിച്ചപ്പോഴും മറ്റനവധി സന്തോഷ-സന്താപ സന്ദര്‍ഭങ്ങളിലും അദ്ദേഹം ഉരുവിട്ട ഒരു ഖുര്‍ആന്‍ വചനമുണ്ട്. 'എന്റെ നാഥാ, നീ എനിക്ക് നല്‍കിയ ഒരനുഗ്രഹത്തിന്റെ പേരിലും ഒരിക്കലും ഞാന്‍ കുറ്റവാളികളുടെ സഹായിയാവുകയില്ല' എന്ന സൂറത്തുല്‍ ഖസ്വസ്വിലെ 17-ാം സൂക്തം അപ്പോഴൊക്കെ അദ്ദേഹത്തിന്റെ ചുണ്ടുകളില്‍ ഉണരുമായിരുന്നു.
ആരോഗ്യകരമായ സമീപനങ്ങള്‍
ഗസ്സാലിയിലെ പോരാളിയായ പ്രബോധകനെപ്പറ്റിയാണ് ഇതുവരെ പറഞ്ഞുപോന്നത്. എന്നാല്‍ അതിലുമേറെ വരും അദ്ദേഹത്തിന്റെ രചനാ ലോകത്തെ വിശേഷങ്ങള്‍. അവിടെയും സാമ്പ്രദായിക മതപണ്ഡിതന്മാരില്‍നിന്ന് വേറിട്ടുനില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം. പില്‍ക്കാല ജീവിതം സുഊദിയിലായിരുന്നെങ്കിലും സലഫിസത്തിന്റെ മുരടിപ്പ് ആ തീക്ഷ്ണ പ്രജ്ഞയെ ഒട്ടുമേ ബാധിച്ചിരുന്നില്ല. മിക്ക വിഷയങ്ങളിലും ഉദാരവും എന്നാല്‍ സന്തുലിതവുമായ വീക്ഷണങ്ങളായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.
'ഹുമൂമുദ്ദാഇയ' (പ്രബോധകന്റെ ആകുലതകള്‍) എന്നൊരു പുസ്തകം അദ്ദേഹം രചിച്ചിട്ടുണ്ട്. ഈ രംഗത്ത് നിലനില്‍ക്കുന്ന വികലമായ കാഴ്ചപ്പാടുകളും അനാരോഗ്യകരമായ പ്രവണതകളുമാണ് അതിലെ ഉള്ളടക്കം. അനുഭവങ്ങളുടെ വെളിച്ചത്തിലാണ് അവ അദ്ദേഹം വിശകലനം ചെയ്യുന്നത്. ഒരിക്കല്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ഥി വൈദ്യശാസ്ത്ര വിദ്യാഭ്യാസം ഉപേക്ഷിച്ച് മതവിദ്യാഭ്യാസത്തിലേക്ക് ചുവടു മാറുന്നതിനെക്കുറിച്ച് ഉപദേശം തേടി തന്നെ സമീപിച്ച കഥ അദ്ദേഹം വിവരിക്കുന്നുണ്ട്. മതരംഗത്ത് ഇപ്പോള്‍ തന്നെ വേണ്ടത്ര പ്രവര്‍ത്തകരുണ്ടെന്നും ഇപ്പോള്‍ സമുദായത്തിനാവശ്യം കൂടുതല്‍ ഭിഷഗ്വരന്മാരെയാണെന്നും പറഞ്ഞ് അയാളെ അതില്‍നിന്ന് പിന്തിരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. മറ്റൊരിക്കല്‍ ദീര്‍ഘമായ പ്രബോധന പര്യടനം കഴിഞ്ഞ വിശ്രമ വേളയില്‍ അദ്ദേഹം ഒരു ഗാനം കേള്‍ക്കുകയായിരുന്നു. അപ്പോള്‍ അവിടെ കടന്നു വന്ന ഒരു യുവാവ് സംഗീതം ആസ്വദിക്കുന്ന ശൈഖിനെ കണ്ട് ആകെ ബേജാറായി. ജീവിതത്തിന്റെ സൗന്ദര്യനിഷേധമാണ് ദീന്‍ എന്ന് മനസ്സിലാക്കുന്ന യുവതലമുറയില്‍ ചിലരുടെ വികലവീക്ഷണം ആത്യന്തികമായി ദീനിന് തന്നെ കളങ്കം വരുത്തുന്നതിലാണ് കലാശിക്കുക എന്ന് അദ്ദേഹം ആശങ്കിക്കുന്നു.
ഇസ്‌ലാമിക പെരിസ്‌ട്രോയിക്ക
സലഫിസം എന്നാല്‍ ഏതെങ്കിലും വ്യക്തിയുമായോ (വഹാബിസം പോലെ) സ്ഥലവുമായോ (സുഊദി അറേബ്യ) ബന്ധപ്പെട്ട പ്രതിഭാസമല്ലെന്നും അനുഗൃഹീതമായൊരു കാലഘട്ടത്തിലെ അനുകരണീയ ജീവിത മാതൃകകളാണെന്നുമാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഹദീസുകളോടുള്ള അദ്ദേഹത്തിന്റെ സമീപനവും സ്ത്രീകളുടെ അവകാശങ്ങളില്‍ അദ്ദേഹം സ്വീകരിച്ച നിലപാടും സലഫികളുടെ രൂക്ഷ വിമര്‍ശനത്തിന് പാത്രമായതില്‍ അത്ഭുതമില്ല. 'ഖദായാ അല്‍ മര്‍അ ബൈനത്തഖാലീദിര്‍റാകിത വല്‍ വാഫിദ' (സ്ത്രീപ്രശ്‌നങ്ങള്‍ മുരട്ടു പാരമ്പര്യങ്ങള്‍ക്കും പുത്തന്‍ വാദങ്ങള്‍ക്കും മധ്യേ) എന്ന കൃതിയില്‍ സ്ത്രീകളെ ചങ്ങലക്കിടാന്‍ അവതരിപ്പിക്കപ്പെടുന്ന പ്രമാണപാഠങ്ങളെ നിശിതമായി അദ്ദേഹം നിരൂപണം ചെയ്യുന്നുണ്ട്.
'അസ്സുന്നത്തുന്നബവിയ്യ ബൈന അഹ്‌ലില്‍ ഫിഖ്ഹി വഅഹ്‌ലില്‍ ഹദീസ്' എന്ന കൃതി ഹദീസുകളോട് സ്വീകരിക്കേണ്ട ആരോഗ്യകരമായ സമീപനത്തിലേക്ക് വെളിച്ചം പകരുന്നു. ഹദീസുകളുടെ പാഠസന്ദര്‍ഭം, പശ്ചാത്തല കാരണങ്ങള്‍, ഒരേ വിഷയത്തിലുള്ള വ്യത്യസ്ത ഹദീസുകളുടെ ചേര്‍ത്തുവായന, നിവേദക പരമ്പര(രിവായ)യുടെ സാധുതക്കൊപ്പം ഉള്ളടക്കത്തിന്റെയും (ദിറായ) സാധുത, ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍ക്കോ ഖുര്‍ആനോ വിരുദ്ധമാവാതിരിക്കുക, അറബി ഭാഷയുടെ പരിചിതാര്‍ഥത്തിന് ബാഹ്യമാകാതിരിക്കുക തുടങ്ങിയ പരിഗണനാ വിഷയങ്ങള്‍ ഇതില്‍ അദ്ദേഹം എണ്ണിപ്പറയുന്നുണ്ട്. അമേരിക്കയിലെ ഇസ്‌ലാമിക തിങ്ക്ടാങ്ക് ഗ്രൂപ്പായ ഇന്റര്‍നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ടി(ട്രിപ്പ്ള്‍ ഐടി)ന്റെ ആവശ്യപ്രകാരമാണ് ഗസ്സാലി ഈ കൃതി രചിച്ചതെങ്കിലും വ്യക്തപരമായിത്തന്നെ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് അതിന്റെ ഒന്നാം പതിപ്പ് (1989) ദാറുശുറൂഖിനാണ് അദ്ദേഹം നല്‍കിയത്. അതിലെ ധീരമായ അഭിപ്രായ പ്രകടനങ്ങള്‍ സലഫി അഭിരുചിയെ പ്രകോപിക്കുന്നതായിരുന്നു. അതുകൊണ്ടാണ് ഫഹ്മീ ഹുവൈദി അതിനെ 'ഇസ്‌ലാമിക പെരിസ്‌ട്രോയിക്ക' എന്ന് വിശേഷിപ്പിച്ചത്.
ശ്രദ്ധേയമാണ് ഹദീസുകളോടുള്ള അദ്ദേഹത്തിന്റെ സമീപനം. ഹദീസ് വിജ്ഞാനീയ(ഉലൂമുല്‍ ഹദീസ്)ത്തിലെ സുസമ്മത പ്രമാണങ്ങള്‍ക്കനുസൃതമാണത്. ഈ പ്രമാണങ്ങള്‍ അവഗണിക്കുന്നതിനാലാണ് ചില ഹദീസുകളുടെ സ്വീകാര്യത സംശയത്തിന്റെ നിഴലിലാകുന്നത്. ഹദീസുകാരുടെ (അഹ്‌ലുല്‍ ഹദീസ്) ആലോചന മുഴുവന്‍ നിവേദക പരമ്പരയിലാണ് കേന്ദ്രീകൃതമാകുന്നത്. ഫിഖ്ഹുകാരു(അഹ്‌ലുല്‍ ഫിഖ്ഹ്)ടെ നിലപാട് അങ്ങനെയല്ല. ഏക നിവേദക പരമ്പര(ആഹാദ്)യിലൂടെയുള്ള ഒരു ഹദീസ് തിരസ്‌കരിച്ചാല്‍ ഇസ്‌ലാമിക സൗധം തകര്‍ന്നുപോകുമോ? ഇല്ലെന്നാണ് ഗസ്സാലിയുടെ പക്ഷം. കാരണം 'അഖീദ'(വിശ്വാസം)യെ സംബന്ധിച്ചേടത്തോളം പ്രമാണത്തിന് 'ആഹാദ്' പോരാ. ഒരു ഉദാഹരണം പറയാം: പാനീയത്തില്‍ ഈച്ച വീണാല്‍ അതിനെ മുക്കി എറിയട്ടെ എന്നൊരു ഹദീസുണ്ടല്ലോ. ഈച്ചയുടെ ഒരു ചിറകില്‍ രോഗാണുവാണെങ്കില്‍ മറുചിറകില്‍ പ്രത്യൗഷധമുണ്ടെന്നാണ് ഹദീസില്‍ തുടര്‍ന്നു പറയുന്നത്. നിവേദക പരമ്പര പരിഗണിച്ചാല്‍ ഹദീസ് സ്വഹീഹ് (പ്രബലം) ആണ്. ഒരാള്‍ ഈ ഹദീസ് തള്ളിക്കളഞ്ഞാല്‍ അയാള്‍ ഇസ്‌ലാമില്‍നിന്ന് പുറത്താകുമോ? ഇല്ലെന്നാണ് ഗസ്സാലി പറയുന്നത്. കാരണം അല്ലാഹുവിലുള്ള വിശ്വാസം, പരലോക വിശ്വാസം തുടങ്ങിയ ഇസ്‌ലാമിന്റെ സ്തംഭങ്ങളില്‍ ഈച്ച പാനീയത്തില്‍ വീണാല്‍ അതില്‍ മുക്കുക എന്നൊന്നില്ല എന്നാണ് അദ്ദേഹത്തിന്റെ ന്യായം. വ്യക്തിപരമായി പരാമൃഷ്ട ഹദീസില്‍ താനൊരു തീര്‍പ്പിലെത്തിയിട്ടില്ലെന്ന് കൂടി അദ്ദേഹം ഒപ്പം വ്യക്തമാക്കുന്നുണ്ട്. കാരണം രോഗബീജത്തോടൊപ്പം പ്രത്യൗഷധവും വഹിക്കുന്ന ജീവികളുണ്ടെന്ന് ചില പ്രാമാണിക ശാസ്ത്രജ്ഞന്മാര്‍ ചൂണ്ടിക്കാട്ടിയതായി പറയപ്പെടുന്നതും ശരിയാകാനിടയുണ്ട്. അങ്ങനെയൊരു ഹദീസുണ്ടെന്ന് വെച്ച് ആ പാനീയം തന്നെ കുടിക്കണമെന്ന് മതത്തില്‍ നിര്‍ബന്ധമൊന്നുമില്ലല്ലോ. അതൊഴിവാക്കി (ഹദീസും) വേറെ കുടിച്ചാലും ദാഹം മാറും. ഈ സാമാന്യ ബുദ്ധിയുടെ താല്‍പര്യത്തിനൊപ്പമാണ് ഗസ്സാലി നില്‍ക്കുന്നത്.
ഫുഖഹാക്കളില്‍ പലരും സ്വഹീഹായ ഹദീസുകള്‍ മാറ്റിവെച്ച് കൂടുതല്‍ പ്രബലമായ ന്യായത്തിന്റെ അടിസ്ഥാനത്തില്‍ ഇജ്തിഹാദ് നടത്തിയതിന്റെ പല ഉദാഹരണങ്ങളും ഗസ്സാലി എടുത്തോതുന്നുണ്ട്. കാഫിറിനു വേണ്ടി മുസ്‌ലിം വധിക്കപ്പെടുകയില്ല എന്നൊരു ഹദീസ് ബുഖാരിയിലുണ്ട്. എന്നാല്‍ 'ജീവനു പകരം ജീവന്‍' എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ ഹനഫികള്‍ അത് തള്ളിക്കളഞ്ഞിരിക്കുകയാണ്. മഗ്‌രിബ് നമസ്‌കാരത്തിനു മുമ്പുള്ള സുന്നത്ത് നമസ്‌കാരം അനഭികാമ്യമാണ്, ഇമാം മാലികിന്റെ ദൃഷ്ടിയില്‍. അത് മുസ്തഹബ്ബ് (അഭികാമ്യം) ആണെന്ന ബുഖാരിയിലെ ഹദീസിലേക്ക് അദ്ദേഹം തിരിഞ്ഞുനോക്കിയതേ ഇല്ല. കാരണം ബുഖാരിയിലെ 'ആഹാദ്' ഇനത്തില്‍പെട്ട ഹദീസിനേക്കാള്‍ അവര്‍ക്ക് അവലംബനീയം മദീനാനിവാസികളുടെ നടപ്പുരീതിയാണ്.
അദീബുദ്ദഅ്‌വ
അദ്ദേഹത്തിന്റെ ഇത്തരം നിലപാടുകള്‍ സലഫീപാളയത്തില്‍ നീരസമുണ്ടാക്കിയത് സ്വാഭാവികം. ഗസ്സാലിയുടെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിക്കുന്ന ഒന്നിലധികം പുസ്തകങ്ങളും പുറത്തിറങ്ങുകയുണ്ടായി. അബൂഇസ്ഹാഖ് ഹുവൈനിയുടെ 'സിമത്വു ലുആലി ഫിര്‍റദ്ദി അലശ്ശൈഖ് മുഹമ്മദുല്‍ ഗസ്സാലി,' അശ്‌റഫ് അബ്ദുല്‍ മഖ്‌സ്വൂദിന്റെ 'ജിനായത്തു ശൈഖ് മുഹമ്മദുല്‍ ഗസ്സാലി അലല്‍ ഹദീസി വ അഹ്‌ലിഹി,' സ്വാലിഹ് ആലു ശൈഖിന്റെ 'അല്‍ മിഅ്‌യാര്‍ ലി ഇല്‍മില്‍ ഗസ്സാലി ഫീ കിതാബിഹി അസ്സുന്നത്തുന്നബവിയ്യ', അബ്ദുല്‍കരീം അല്‍ ഹുമൈദിന്റെ 'ഇആനത്തുല്‍ മുതആലി ലിറദ്ദി കൈദില്‍ ഗസ്സാലി', റബീഅ് അല്‍ മദ്ഖലിയുടെ 'കശ്ഫു മൗഖിഫില്‍ ഗസ്സാലി മിനസ്സുന്ന വ അഹ്‌ലിഹാ വ നഖ്ദി ബഅ്ദ് ആറാഇഹി' എന്നിവ ഈ കൃതികളില്‍ പെടുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവും മാന്യമായ പ്രത്യാഖ്യാനമാണ് ഇപ്പോള്‍ തടവില്‍ കഴിയുന്ന സല്‍മാനുല്‍ ഔദ എന്ന സുഊദി പണ്ഡിതനെഴുതിയ 'മുനാഖശ ഹാദിഅ ലില്‍ ഗസ്സാലി' (ഗസ്സാലിയുമായി ശാന്തമായൊരു സംവാദം) എന്ന കൃതി. ഗസ്സാലിയുടെ 'ഫിഖ്ഹുസ്സീറ'യിലെ ഹദീസുകള്‍ സലഫി പണ്ഡിതനായ നാസിറുദ്ദീന്‍ അല്‍ബാനി നിരൂപണം ചെയ്യുകയുണ്ടായി. പുതിയ പതിപ്പിന്റെ ആമുഖത്തില്‍ അതിനദ്ദേഹം പ്രത്യാഖ്യാനമെഴുതിയത് അല്‍ബാനിയോട് എല്ലാ ആദരവും പ്രകടമാക്കിക്കൊണ്ടായിരുന്നു. സലഫീ പണ്ഡിതന്മാരോടൊക്കെയും അദ്ദേഹത്തിന്റെ പെരുമാറ്റം വളരെ കുലീനമായിരുന്നു. ഒരിക്കല്‍ ശൈഖ് ഇബ്‌നുബാസുമായി ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനെത്തിയ അദ്ദേഹത്തോട് പുറത്തു വന്ന വേളയില്‍ ഇബ്‌നുബാസിനെപ്പറ്റി എന്താണഭിപ്രായം എന്ന് ചോദിച്ചപ്പോള്‍ 'സ്വര്‍ഗത്തിലിരുന്ന് സംസാരിക്കുന്ന ഒരാളെയാണ് ഞാന്‍ കണ്ടത്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വശ്യമായ സാഹിത്യശൈലിയാണ് ഗസ്സാലിയുടെ എഴുത്തിന്റെ സവിശേഷത. ആ മേഖലയില്‍ ഖുത്വ്ബ് സഹോദരന്മാരോടും അലി ത്വന്‍ത്വാവിയോടും മറ്റും കിടപിടിക്കുന്ന എഴുത്തുകാരനായിരുന്നു അദ്ദേഹം. ഇഖ്‌വാന്‍ മുഖപത്രത്തില്‍ അദ്ദേഹം എഴുതിത്തുടങ്ങിയ കാലത്തേ ഹസനുല്‍ ബന്നായുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആദ്യ ലേഖനത്തെ അഭിനന്ദിച്ചുകൊണ്ട് ഹസനുല്‍ ബന്നാ കത്തെഴുതുകയുമുണ്ടായി. 'അദീബുദ്ദഅ്‌വ' (പ്രസ്ഥാന സാഹിത്യകാരന്‍) എന്നായിരുന്നു ഇമാം ബന്നാ അദ്ദേഹത്തിന് നല്‍കിയ വിശേഷണം.
Comments