Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 30

3200

1442 റമദാന്‍ 18

'പ്രതിക്കൂട്ടില്‍' കയറിയിറങ്ങിയ വിശുദ്ധ ഖുര്‍ആന്‍

എ.ആര്‍

വിശ്വാസികളല്ലാത്തവര്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്നതായി ആരോപിച്ച് 26 സൂക്തങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജി സുപ്രീം കോടതി 2021 ഏപ്രില്‍ 12-ന് തള്ളിയതായി വാര്‍ത്ത വന്നു. ഉത്തര്‍പ്രദേശ് ശീഈ വഖ്ഫ് ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ വസീം റിസ്‌വിയാണ് ഇത്തരമൊരു ആവശ്യവുമായി പരമോന്നത കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് റിസ്‌വിയുടെ ഹരജി ഫയലില്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുക മാത്രമല്ല, അരലക്ഷം രൂപ ഹരജിക്കാരന് പിഴയിടുകയും ചെയ്തു. ബാലിശമായ ഇത്തരം ഹരജികള്‍ക്കു പിന്നില്‍ പ്രശസ്തിതാല്‍പര്യം മാത്രമാണുള്ളതെന്നാണ് ന്യായാധിപന്മാര്‍ ചൂണ്ടിക്കാട്ടിയത്. വിധിന്യായങ്ങളില്‍ സാമാന്യമായി മതേതര മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കാറുള്ള ജസ്റ്റിസ് നരിമാന്റെ ബെഞ്ചായതു കൊണ്ടാണ് കുത്സിതമായ ഈ ഹരജി ഫയലില്‍ സ്വീകരിക്കാതെ തള്ളിക്കളഞ്ഞതെന്ന് കരുതാന്‍ ന്യായമുണ്ട്. സുപ്രീം കോടതിയില്‍നിന്ന് ബാബരി മസ്ജിദ് ഉടമാവകാശ തര്‍ക്കത്തിലും, സമാന കേസുകളിലും പുറത്തുവന്ന വിധികള്‍ പരിശോധിക്കുമ്പോള്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹരജി ഫയലില്‍ സ്വീകരിക്കാനുള്ള സാധ്യതയും പാടേ നിരാകരിക്കാനാകുമായിരുന്നില്ല. 1947 ആഗസ്റ്റ് 15-ന് ഇന്ത്യയിലെ ആരാധനാലയങ്ങള്‍ക്കുണ്ടായിരുന്ന സ്റ്റാറ്റസ് അതേപടി നിലനിര്‍ത്തണമെന്നനുശാസിക്കുന്ന പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട കേസ് ഫയലില്‍ സ്വീകരിച്ച് ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നതും സുപ്രീം കോടതിയാണല്ലോ. വാരാണസിയിലെ ജ്ഞാന്‍വ്യാപി മസ്ജിദ്  പൊളിച്ചുനീക്കണമെന്ന ആവശ്യം ഹിന്ദുത്വവാദികളില്‍നിന്ന് ശക്തമായ പശ്ചാത്തലത്തിലാണ് പ്രസ്തുത ഹരജി. ബാബരി മസ്ജിദ് തര്‍ക്കം പരിഹരിക്കപ്പെടാന്‍ വേണ്ടിയും ഇത്തരം നീക്കങ്ങള്‍ പിന്നീടുയരാനുള്ള സാധ്യത മുന്നില്‍കണ്ടുകൊണ്ടുമായിരുന്നു നരസിംഹറാവു പ്രധാനമന്ത്രിപദത്തിലരിക്കെ ഉപര്യുക്ത നിയമനിര്‍മാണം. യു.പിയില്‍ ശ്രീകൃഷ്ണന്റെ ജന്മസ്ഥാനമെന്ന് വിശ്വസിക്കപ്പെടുന്ന മഥുരയില്‍ സ്ഥിതിചെയ്യുന്ന ഈദ്ഗാഹിനെതിരെയും ഹിന്ദു മഹാസഭാ-വി.എച്ച്പി പ്രഭൃതികളുടെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഹിന്ദുക്കളില്‍ ഒരു വിഭാഗത്തിന്റെ വിശ്വാസം മാത്രം പരിഗണിച്ച് നാലര നൂറ്റാണ്ട് പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ഭൂമി ഹൈന്ദവ സംഘടനകള്‍ക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള വിധി ജുഡീഷ്യറിയുടെ പരമോന്നത സ്ഥാനത്തുനിന്ന് പുറപ്പെടുവിക്കപ്പെട്ടതോടെയാണ് സമാനമായ  അവകാശവാദങ്ങള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഇതിനു മുമ്പ് 1997 നവംബര്‍ 24-നാണ് കൊല്‍ക്കത്ത ഹൈക്കോടതി ഇതിനേക്കാള്‍ പ്രമാദമായ കേസ്സില്‍ വിധി പറഞ്ഞത്. ചന്ദ്രാള്‍ ചൊപ്രയും സേത് ലാല്‍ സിംഗും ചേര്‍ന്ന് ഖുര്‍ആന്‍ കണ്ടുകെട്ടണമെന്ന് പശ്ചിമ ബംഗാള്‍ ഗവണ്‍മെന്റിനോട് ഉത്തരവിടാന്‍ ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹരജി തള്ളപ്പെട്ടതിനെതിരെ നല്‍കിയ അപ്പീല്‍ ഹരജിയില്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ദീപക് കുമാര്‍ സെന്‍, എസ്.കെ സെന്‍ ജസ്റ്റിസ് എന്നിവരടങ്ങിയ ബെഞ്ച് തള്ളിക്കളയുകയാണ് ചെയ്തത്. ഹരജിക്കാര്‍ ഉദ്ധരിച്ച ഖുര്‍ആന്‍ വാക്യങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്തതാണെന്നും അമുസ്‌ലിം വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒന്നും അതിലില്ലെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. മതേതര രാജ്യമായ ഇന്ത്യയില്‍ ഓരോ മതസ്ഥര്‍ക്കും അവരുടെ വിശ്വാസാചാരങ്ങള്‍ അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ടെന്നും ബൈബിള്‍, ഗീത, രാമായണം, മഹാഭാരതം എന്നിവയെപ്പോലെ ഖുര്‍ആനും അതിന്റെ അനുയായികള്‍ക്ക് കൊണ്ടുനടക്കാന്‍ അധികാരമുണ്ടെന്നും വിധിയില്‍ വ്യക്തമാക്കി. ഖുര്‍ആനെതിരെ പുറപ്പെടുവിക്കുന്ന ഏത് ഉത്തരവും ഇന്ത്യയുടെ മതേതര സ്വഭാവത്തെ ഇല്ലാതാക്കുമെന്നും വിധിയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. നീണ്ടകാലമായി നിലനില്‍ക്കുകയും വ്യാഖ്യാനിക്കപ്പെടുകയും യുഗങ്ങളോളമായി മൊഴിമാറ്റപ്പെടുകയും ചെയ്തുവരുന്ന ഖുര്‍ആന്‍ ഇതേവരെ വെല്ലുവിളിക്കപ്പെട്ടിട്ടില്ലെന്ന വസ്തുതയിലേക്കും വിധി വിരല്‍ചൂണ്ടി. ഖുര്‍ആന്‍ നിലനില്‍ക്കുന്നതുകൊണ്ട് ഉണ്ടാകുമെന്ന് റിട്ട് ഹരജിക്കാര്‍ വാദിക്കുന്ന മതസ്പര്‍ധയും വൈരവും വെറുപ്പും യഥാര്‍ഥത്തില്‍ ഹരജിക്കാരുടെ ഇത്തരം നടപടികൡൂടെയാണുണ്ടാവുക എന്ന് നിരീക്ഷിച്ച കോടതി ഇന്ത്യന്‍ ശിക്ഷാ നിയമം 295 എ വകുപ്പിനെയാണ് അതാകര്‍ഷിക്കുക എന്നും ചൂണ്ടിക്കാട്ടുകയുണ്ടായി.
ഇസ്‌ലാമിന്റെ ശത്രുക്കള്‍ സമാധാന സന്ധികള്‍ ലംഘിച്ചതു മൂലം അനിവാര്യമായിത്തീര്‍ന്ന യുദ്ധങ്ങളെയാണ് വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നതെന്നും ഗത്യന്തരമില്ലാതെ വരുമ്പോഴാണ് ഇസ്‌ലാം സായുധ പ്രതിരോധം അനുവദിച്ചതെന്നും വിശുദ്ധ ഖുര്‍ആന്‍ സശ്രദ്ധം വായിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. യുദ്ധം അനിവാര്യമായി വന്നപ്പോഴും അതവസാനിപ്പിച്ച് സമാധാനക്കരാറിലെത്താന്‍ ശത്രുക്കള്‍ തയാറായാല്‍ അതിനോട് അനുകൂലമായി പ്രതികരിക്കണമെന്ന് നിര്‍ദേശിക്കുന്ന സൂക്തങ്ങളും ഖുര്‍ആനില്‍ കാണാം. ഇതെല്ലാം കണ്ടില്ലെന്നു നടിച്ച് ഖുര്‍ആന്‍ സൂക്തങ്ങളെ യഥാര്‍ഥ പശ്ചാത്തലത്തില്‍നിന്ന് അടര്‍ത്തിയെടുത്ത്, കാലാകാലങ്ങളില്‍ പ്രതിയോഗികള്‍ നടത്തിവരുന്ന വ്യാജ പ്രചാരണങ്ങളാണ് ഇന്ത്യയിലും പകയും വിരോധവുമായി കഴിയുന്ന ഒരു വിഭാഗം കൊണ്ടു നടക്കുന്നതെന്ന് വിശേഷിച്ചു തെളിയിക്കേണ്ടതായിട്ടില്ല. സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ പോലെ വില കുറഞ്ഞ പ്രശസ്തിക്കു വേണ്ടിയാവാം മുസ്‌ലിം നാമധാരികള്‍ പോലും ഖുര്‍ആനെ കോടതി കയറ്റാന്‍ ഇറങ്ങിത്തിരിച്ചത്. എന്നാല്‍ ബാബരി മസ്ജിദ് ശീഈകളുടേതായിരുന്നുവെന്നു വാദിച്ച് അത് തങ്ങള്‍ ഹിന്ദുക്കള്‍ക്ക് ക്ഷേത്രം പണിയാന്‍ വിട്ടുകൊടുക്കുകയാണെന്ന് പൊയ്‌വെടി പൊട്ടിച്ച് യു.പിയിലെ ശീഈ വഖ്ഫ് ബോര്‍ഡ് മേധാവി കേവലം പ്രശസ്തിക്ക് വേണ്ടിയാവില്ല അത് ചെയ്തത്. അയാളുടെ പേരില്‍ നിലവിലിരുന്ന കോടിക്കണക്കിന് രൂപയുടെ കുംഭകോണ കേസ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പിന്‍വലിക്കാന്‍ വേണ്ടിയാണിത് ചെയ്തതെന്ന് യഥാസമയം ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ വിശുദ്ധ വേദഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ക്ക് വിലക്ക് കല്‍പിക്കണമെന്ന അപ്രായോഗികാവശ്യത്തിന്റെ പിന്നിലുമുണ്ടാവും ഇത്തരം ഗൂഢോദ്ദേശ്യങ്ങള്‍.
അതേസമയം നൂറ്റാണ്ടുകളോളം ഇന്ത്യ ഭരിക്കുകയും ഈ രാജ്യത്ത് നിവസിക്കുകയും ചെയ്ത മുസ്‌ലിംകള്‍ ലോകത്തിന് അനുഗ്രഹമായി ജഗന്നിയന്താവ് അവതരിപ്പിച്ച വിശുദ്ധ ഖുര്‍ആനെ ഈ രാജ്യത്തെ മഹാഭൂരിപക്ഷത്തിന് പരിചയപ്പെടുത്തിക്കൊടുക്കാനും അതേപ്പറ്റി പ്രചരിക്കുന്ന തെറ്റിദ്ധാരണകള്‍ അകറ്റാനും, സര്‍വോപരി ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്ന സത്യം, നീതി, സ്‌നേഹം, സഹിഷ്ണുത, ഔദാര്യം, കാരുണ്യം തുടങ്ങിയ അതിമഹത്തായ മാനവിക മൂല്യങ്ങളെ മറ്റു മതസ്ഥരുമായി പങ്കുവെക്കാനും എന്തു ചെയ്തു എന്ന ചോദ്യം പ്രസക്തമാണ്. അര്‍ഥമറിയാതെ ഈണത്തില്‍ ഓതാനും മന്ത്രിച്ചൂതാനും ഉറുക്കാക്കി കെട്ടാനും മത്സരങ്ങള്‍ തന്നെ സംഘടിപ്പിക്കുമ്പോള്‍ ഖുര്‍ആനെ അജ്ഞത മൂലം തെറ്റിദ്ധരിച്ചവരിലെ ധാരണകള്‍ തിരുത്താനുള്ള ശ്രമങ്ങള്‍ വേണ്ടവിധം ശാസ്ത്രീയമോ വ്യവസ്ഥാപിതമോ സംഘടിതമോ അല്ല. ഖുര്‍ആന്റെ സാമ്പ്രദായികാനുയായികളല്ലാത്ത സമാദരണീയരായ ന്യായാധിപന്മാര്‍ക്ക് ബോധ്യപ്പെട്ട സത്യങ്ങള്‍ പോലും മുസ്‌ലിം ബുദ്ധിജീവികള്‍ക്കും നേതാക്കള്‍ക്കും അജ്ഞാതമായി അവശേഷിക്കുന്നതിന് ആരാണുത്തരവാദി എന്നാലോചിക്കണം. ഹിന്ദിയിലും ഇന്ത്യയിലെ മിക്ക പ്രാദേശിക ഭാഷകളിലും വിശുദ്ധ ഖുര്‍ആന്‍ പരിഭാഷകള്‍ പുറത്തിറക്കിയ ജമാഅത്തെ ഇസ്‌ലാമിയുടെ  മഹല്‍ സേവനം അവഗണിച്ചുകൊണ്ടല്ല ഇക്കാര്യം ഓര്‍മിപ്പിച്ചത്.

Comments