Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 30

3200

1442 റമദാന്‍ 18

സംഘടിത സകാത്ത് സംരംഭങ്ങള്‍

ഡോ. എ.എ ഹലീം

നാഗരികതയുടെ സുപ്രധാനമായ ഈടുവെപ്പുകളില്‍ ഒന്നാണ് ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ. മാനവസമൂഹം ദര്‍ശിച്ച സംസ്‌കാരങ്ങളുടെ വര്‍ണരാജിയില്‍ ഇസ്‌ലാമിക സാമൂഹിക ക്രമത്തിന് സാര്‍വത്രിക സ്വീകാര്യത നേടിക്കൊടുത്ത ഘടകമാണത്. താത്ത്വികവും പ്രായോഗികവുമായ തലങ്ങളില്‍ പ്രസ്തുത സമ്പദ്ഘടനയുടെ നെടുംതൂണായി വര്‍ത്തിച്ചത് സകാത്ത് വ്യവസ്ഥയായിരുന്നു എന്ന് കാണാം.
മനുഷ്യസമൂഹത്തിന്റെ നിലനില്‍പിന് ആധാരമായി സ്രഷ്ടാവ് കനിഞ്ഞരുളിയ വിഭവങ്ങള്‍ മുമ്പെങ്ങുമില്ലാത്തവിധം സമ്പന്നരില്‍ കേന്ദ്രീകരിക്കപ്പെടുകയും, ലോകം അതിന്റെ കെടുതികള്‍ പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ഭക്ഷ്യദൗര്‍ലഭ്യത്തിന്റെയും രൂപത്തില്‍ അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സകാത്തിന്റെ സാധ്യതകള്‍ വര്‍ധിക്കുകയാണ്. ആയതിനാല്‍, സകാത്ത് എന്ന നിര്‍ബന്ധ ബാധ്യതയുടെ വിധികളും വ്യവസ്ഥകളും കാലാനുസൃതമായി അവതരിപ്പിക്കുന്നതിലും മാറുന്ന ലോകത്തിന്റെ ആവശ്യങ്ങളെ അവയുമായി സംയോജിപ്പിക്കുന്നതിലും പണ്ഡിതന്മാരും ഗവേഷകരും സാമ്പത്തിക വിദഗ്ധരും തങ്ങളുടേതായ പങ്ക് നിര്‍വഹിച്ചേ മതിയാവൂ.
സകാത്ത് ശേഖരിക്കേണ്ടതും വിതരണം ചെയ്യേണ്ടതും സമൂഹ നേതൃത്വമാണ്. ഇസ്‌ലാമിക സാമൂഹിക ക്രമം നിലനില്‍ക്കുന്നിടത്ത് ഒരു സകാത്ത് വകുപ്പുണ്ടായിരിക്കും. ആ വകുപ്പിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ചെലവ് സകാത്ത് ഫണ്ടില്‍നിന്നു തന്നെയാണ് എടുക്കേണ്ടത്. എന്നാല്‍, ഇതര വകുപ്പുകളിലേക്കൊന്നും സകാത്ത് ധനം മാറ്റാന്‍ പാടില്ല. നമസ്‌കാരം പോലെ വ്യക്തിഗതമായ ബാധ്യതയാണ് സകാത്തും. സാമൂഹിക തലത്തില്‍ സകാത്ത് ശേഖരണ- വിതരണ ഏജന്‍സി ഏര്‍പ്പെടുത്താത്ത സ്ഥലങ്ങളില്‍ സംഘടിതമായി സകാത്ത് ശേഖരിക്കാനും വിതരണം ചെയ്യാനും സ്വയം സംവിധാനമുണ്ടാക്കാന്‍ മുസ്‌ലിം സമുദായം ബാധ്യസ്ഥമാകുന്നു.

സകാത്തിന്റെ ഇന്നത്തെ രീതി

നമസ്‌കാരത്തോട് ഒപ്പമാണ് ഖുര്‍ആന്‍ മിക്കയിടങ്ങളിലും സകാത്തിനെ പരാമര്‍ശിച്ചിട്ടുള്ളത്. എങ്കിലും, മുസ്‌ലിം സമൂഹം പൊതുവെ ഇന്ന് സകാത്തിന് അര്‍ഹമായ പരിഗണന നല്‍കിക്കാണുന്നില്ല. ഇസ്‌ലാമിലെ സുപ്രധാനമായ ഈ രണ്ട് ആരാധനാ കര്‍മങ്ങള്‍ക്കുമിടയില്‍ മുസ്‌ലിംകള്‍ കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി ഗുരുതരമായ വിവേചനമാണ് പുലര്‍ത്തിപ്പോന്നിട്ടുള്ളത്. ഇസ്‌ലാമിക വ്യവസ്ഥയുടെ ശക്തിയും ചൈതന്യവും ചോര്‍ത്തിക്കളയുന്നതില്‍ ഈ ഉദാസീനതയും അലംഭാവവും കാര്യമായ പങ്കുവഹിച്ചിട്ടുണ്ടെന്നു കാണാം. ഇസ്‌ലാമിക സാമൂഹിക ക്രമം താറുമാറായ പ്രതികൂല സാഹചര്യത്തില്‍ സ്വീകരിക്കപ്പെട്ട ഒരിളവിന് നിയമത്തിന്റെ സ്ഥാനം കല്‍പിച്ചുകൊടുത്തുകൊണ്ടായിരുന്നു ഈ വ്യതിചലനത്തിന് തുടക്കം കുറിച്ചത്.
സകാത്തിന്റെ സംഭരണം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് മുസ്‌ലിം സമൂഹത്തില്‍ പൊതുവെ ഇന്ന് നിലനില്‍ക്കുന്ന രീതി തീര്‍ത്തും അശാസ്ത്രീയമാണ്. സകാത്തിന്റെ മുഖ്യ അവകാശികളായ ദരിദ്രര്‍ അതു മുഖേന മനഃക്ലേശമനുഭവിക്കാന്‍ ഇടയാകുന്നു. സമ്പന്നര്‍ എറിഞ്ഞുകൊടുക്കുന്ന ഏതാനും നാണയത്തുട്ടുകളില്‍ ഒതുങ്ങുന്നു, പലപ്പോഴും സകാത്തിന്റെ വൃത്തം. യഥാര്‍ഥത്തില്‍ ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ സുപ്രധാന പങ്കുവഹിക്കാന്‍ പര്യാപ്തമായ ഒരു സാമ്പത്തിക ഘടകം ഏറ്റവും അലങ്കോലപ്പെട്ട രീതിയിലാണ് ഇന്ന് കൈകാര്യം ചെയ്യപ്പെടുന്നത്. റമദാന്‍ മാസം സമാപിക്കുമ്പോള്‍ അതിന്റെ ഏറ്റവും ജുഗുപ്‌സാവഹമായ ചിത്രങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ കാണാനിടയാകുന്നത് അതിനാലാണ്.
ഇസ്‌ലാമിക സമൂഹത്തില്‍ സമ്പൂര്‍ണമായി നടപ്പാക്കപ്പെട്ടിരുന്ന ഒരു സംവിധാനമായിരുന്നു  സകാത്ത്. നുബുവ്വത്തിന്റെ പത്താം വര്‍ഷം അഞ്ച് നേരത്തെ നമസ്‌കാരം മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടതില്‍പിന്നെ ഇന്നുവരെയും അതിന് മുടക്കം വന്നിട്ടില്ല. ഹിജ്‌റ രണ്ടാം വര്‍ഷം നിയമമായ റമദാന്‍ നോമ്പിനും ഇതുവരെയും തടസ്സം നേരിട്ടിട്ടില്ല. മദീനാ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ ഇസ്‌ലാമിക സമൂഹത്തിന് നിശ്ചയിക്കപ്പെട്ട ഹജ്ജ് കര്‍മവും സ്ഥിരമായി നടന്നുവരുന്നു. അപ്രകാരം തന്നെ ഭരണകൂടത്തിന്റെ അഭാവത്തില്‍ പോലും ജുമുഅ, പെരുന്നാള്‍ എന്നിവ വ്യവസ്ഥാപിതമായി തന്നെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, സകാത്തിന്റെ കാര്യത്തില്‍ മാത്രം ഈ വ്യവസ്ഥാപിതത്വം അപ്രത്യക്ഷമായിരിക്കുന്നുവെന്നതാണ് വിചിത്രം. മേല്‍ സൂചിപ്പിച്ച കര്‍മങ്ങളുടെയൊക്കെ വ്യവസ്ഥാപിതമായ നിലനില്‍പിന് ഇസ്‌ലാമിക രാഷ്ട്രമാണ് മുന്‍കൈയെടുക്കേണ്ടത് എന്നത് ശരിതന്നെ. എന്നാല്‍, അതിന്റെ അഭാവത്തിലും സാധ്യമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ മുസ്‌ലിം സമൂഹം ശുഷ്‌കാന്തി കാണിക്കുന്നുണ്ട്. ഇതു പക്ഷേ, സകാത്തിന്റെ കാര്യത്തില്‍ കാണിക്കാതിരിക്കുന്നതിന് ഒരു ന്യായീകരണവുമില്ല.
ഖിലാഫത്ത് ദുര്‍ബലമായതിനെത്തുടര്‍ന്ന് ഭരണകൂടത്തിന്റെ ശക്തി ക്ഷയിക്കുകയും ഭരണപ്രദേശങ്ങളില്‍ ശരീഅത്ത് നിയമങ്ങള്‍ നടപ്പാക്കാന്‍ അത് അശക്തമാവുകയും ചെയ്തതോടെയാണ് സകാത്ത് സംവിധാനവും താറുമാറായത്. ഇസ്‌ലാമിക നിയമം നടപ്പില്‍ വരുത്തുന്ന ഭരണകൂടം നിലവിലില്ലാതിരുന്ന പ്രദേശങ്ങളില്‍ ജീവിച്ച ചെറു മുസ്‌ലിം സമൂഹങ്ങളില്‍ നേരത്തേതന്നെ സകാത്ത് വ്യക്തികളുടെ ബാധ്യതയായാണ് ഗണിക്കപ്പെട്ടിരുന്നത്. ഭാഗികമായെങ്കിലും ക്രമേണ ഈ സമ്പ്രദായം പരിചിതമായി. നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ അതുപോലും നാമമാത്രമായിത്തീരുകയും ഫലത്തില്‍ സംഘടിത സകാത്ത് വ്യവസ്ഥ തന്നെ ജനങ്ങള്‍ക്ക് അപരിചിതമായി മാറുകയും ചെയ്തു. താരതമ്യേന മതബോധമുള്ള വ്യക്തികളുടെ ദീനീ പ്രതിബദ്ധതയനുസരിച്ച് മാത്രം നല്‍കപ്പെടുന്ന ദാനധര്‍മങ്ങളില്‍നിന്ന് വളരെയൊന്നും വ്യത്യാസമില്ലാതായിത്തീര്‍ന്നു, ഇസ്‌ലാമിലെ ഈ നിര്‍ബന്ധ ബാധ്യതയുടെ സ്ഥിതിയും. ഇസ്‌ലാമിലെ സകാത്ത് വ്യവസ്ഥ സംഘടിതമായും കാര്യക്ഷമമായും നടപ്പാക്കിയ കാലങ്ങളില്‍ അതിന്റെ ലക്ഷ്യം പൂര്‍ണമായി സാക്ഷാല്‍കൃതമാവുകയും ദാരിദ്ര്യത്തിന്റെ ദുരിതം പേറുന്ന ഒരാളും നാട്ടിലില്ലാത്ത വിധം സാമൂഹികക്ഷേമം സാധിതമാവുകയും ചെയ്തിരുന്നു. നബിയുടെയും ഖുലഫാഉര്‍റാശിദുകളുടെയും കാലവും അതിനു ശേഷമുണ്ടായ ഭരണകൂടങ്ങളുടെ കാലവും ഉദാഹരണം. ശരിയായ വിധത്തില്‍ സകാത്ത് സമ്പ്രദായം പുനഃസ്ഥാപിക്കുന്ന പക്ഷം ഇന്നും അത് സാധ്യമാകാതിരിക്കാന്‍ കാരണമൊന്നുമില്ല.
മൗലാനാ അബുല്‍ കലാം ആസാദ് തര്‍ജുമാനുല്‍ ഖുര്‍ആനില്‍ എഴുതുന്നു: ''ഇന്ന് മുസ്‌ലിംകള്‍ വേറെ ഒന്നും ചെയ്യേണ്ടതില്ല. ഖുര്‍ആനിക അധ്യാപനങ്ങളുടെ അന്തസ്സത്ത പരിഗണിച്ച് അവരുടെ സകാത്ത് വ്യവസ്ഥാപിതമായി നടപ്പാക്കിയാല്‍ മാത്രം അവരുടെ എല്ലാ സാമൂഹിക പ്രശ്‌നങ്ങളും പ്രതിസന്ധികളും തരണം ചെയ്യാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഖുര്‍ആന്‍ കല്‍പിക്കുംപ്രകാരം സകാത്ത് പ്രയോഗവത്കരിക്കാന്‍ അവര്‍ക്കൊരിക്കലും കഴിയുന്നില്ല. അവര്‍ ഇപ്പോഴും അതിന് തയാറുമല്ല. തന്റെ കൈവശമുള്ള സമ്പത്തില്‍നിന്ന് ഒരു ചെറിയ വിഹിതമെടുത്ത് അയാള്‍ക്ക് ഇഷ്ടമുള്ളതു പോലെ ആര്‍ക്കെങ്കിലും കൊടുത്താല്‍ സകാത്ത് ബാധ്യത അവസാനിക്കുമെന്നാണ് പൊതുവെ ജനങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത്. ഇതൊരിക്കലും സകാത്ത് ആകുന്നില്ല. മുസ്‌ലിം സമൂഹം അവരുടെ സകാത്ത് വിഹിതം കൃത്യമായി കണക്കാക്കി സകാത്ത് ഫണ്ടില്‍ നല്‍കി അവര്‍ മുഖേന അര്‍ഹരിലേക്ക് എത്തിക്കുകയാണ് വേണ്ടത്. അപ്പോള്‍ ചിലര്‍ പറയും, ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണമില്ലല്ലോ എന്ന്. അതുകൊണ്ട് വ്യക്തിപരമായി നല്‍കാന്‍ നാം നിര്‍ബന്ധിതരായിരിക്കുന്നു എന്നും അവര്‍ വാദിക്കും. ഈ വാദം പരിഗണനീയമേയല്ല. അവര്‍ക്ക് ഇസ്‌ലാമിക രാഷ്ട്രം ഇല്ലാത്തതുകൊണ്ട് അവരുടെ ജുമുഅക്ക് ഒരു ഭംഗവും വരുന്നില്ല. ഇമാമും ഭരണാധികാരിയുമില്ലാതെ അത് നടപ്പിലാക്കാന്‍ കഴിയുന്നെങ്കില്‍ എന്തുകൊണ്ട് സകാത്തും അങ്ങനെ നടപ്പിലാക്കിക്കൂടാ? ഒരാവശ്യവുമില്ലാതെ ധാരാളം സംഘടനകള്‍ ഉണ്ടാക്കുന്നവര്‍ക്ക് എന്തുകൊണ്ട്  സകാത്ത് വ്യവസ്ഥാപിതമായി നടപ്പിലാക്കാന്‍ ഒരു സംവിധാനം ഒരുക്കിക്കൂടാ? ഒരു കേന്ദ്ര ബൈത്തുല്‍ മാലും അതിനൊരു നേതാവും എന്തുകൊണ്ട് അവര്‍ക്കായിക്കൂടാ?''  (തര്‍ജുമാനുല്‍ ഖുര്‍ആന്‍ 3/ 424-429).
സമ്പൂര്‍ണ ഇസ്‌ലാമിക  സാമൂഹിക ക്രമത്തിന്റെ അഭാവത്തിലും സകാത്ത് സമ്പ്രദായം ഫലപ്രദമായി നടപ്പാക്കാമെന്നതിന് ഉപോദ്ബലകമാണ് ശാഫിഈ മദ്ഹബിലെ  പണ്ഡിതന്മാര്‍ പോലും പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍. സാമ്പത്തിക ക്ലേശമനുഭവിക്കുന്നവര്‍ക്കുള്ള താല്‍ക്കാലിക സഹായമെന്നതിലുപരി ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെ മുഖ്യ ഉപാധിയായി സകാത്തിനെ ഉയര്‍ത്താന്‍ കഴിയുമെന്ന്  പ്രാമാണിക ഗ്രന്ഥങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്.
ചുരുക്കത്തില്‍, ആരാധനാ കര്‍മം, സാമ്പത്തിക ഘടകം, സാമൂഹിക പരിവര്‍ത്തന പ്രക്രിയകളുടെ ത്വരകം എന്നീ നിലകളില്‍ ഇസ്‌ലാമിലെ സകാത്ത് വ്യവസ്ഥക്ക് വളരെയേറെ പ്രാധാന്യമുണ്ട്. ഇസ്‌ലാമിക സമൂഹത്തിന്റെ സര്‍വതോമുഖമായ യശസ്സ് വീണ്ടെടുക്കുന്നതില്‍ സകാത്തിന് നിര്‍ണായകമായ പങ്കാണ് നിര്‍വഹിക്കാനുള്ളത്. മുസ്‌ലിം സമൂഹത്തിന്റെ സാമ്പത്തികാഭിവൃദ്ധിക്കും തൊഴിലില്ലായ്മയുടെ പരിഹാരത്തിനും സാമ്പത്തിക മേഖലയില്‍ ഇസ്‌ലാം നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി പുലര്‍ത്തിയാല്‍ മാത്രം മതിയാകുന്നതാണ്.

രജതരേഖകള്‍

ചരിത്രപരമായ കാരണങ്ങളാല്‍ മധ്യകാല നൂറ്റാണ്ടുകളില്‍ ചൈതന്യമറ്റുപോയ സകാത്ത് വ്യവസ്ഥ, ആധുനിക കാലത്ത് ദൃശ്യമായ ഇസ്‌ലാമിക നവജാഗരണ സംരംഭങ്ങളുടെ ഫലമായി പുതുജീവന്‍ നേടാന്‍ തുടങ്ങിയിട്ടുണ്ട്. സാമൂഹിക-രാഷ്ട്രീയ മേഖലകളിലെന്ന പോലെ സാമ്പത്തിക രംഗത്തും ഇസ്‌ലാമിക നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍  മുസ്‌ലിം സമൂഹങ്ങളില്‍ താല്‍പര്യം വളര്‍ന്നുവരുന്നുണ്ടെന്നത് ശുഭോദര്‍ക്കമാണ്. പലിശരഹിത സാമ്പത്തിക സ്ഥാപനങ്ങള്‍ നിലവില്‍ വന്നതുപോലെ കഴിഞ്ഞ ദശകങ്ങളില്‍ വിവിധ മുസ്‌ലിം നാടുകളില്‍ സകാത്തിന്റെ സംഘടിത ശേഖരണത്തിനും വിതരണത്തിനും സര്‍ക്കാര്‍ തലത്തിലും അല്ലാതെയും നിരവധി സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി.
കേരളത്തിലും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനഫലമായി സകാത്തുള്‍പ്പെടെയുള്ള ഇസ്‌ലാമിക സാമ്പത്തിക സംവിധാനങ്ങള്‍ പ്രയോഗക്ഷമമാകുന്നതിന് തുടക്കം കുറിച്ചതിന്റെ മികച്ച ഉദാഹരണമാണ് ബൈത്തുസ്സകാത്ത് കേരള. ദീര്‍ഘകാലമായി സാമൂഹിക ജീവിതത്തില്‍നിന്ന് അപ്രത്യക്ഷമാവുകയോ വിസ്മൃതമാവുകയോ ചെയ്തിരുന്ന ഘടകങ്ങളെ പുനരുജ്ജീവിപ്പിക്കുകയെന്ന നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് സകാത്ത് കമ്മിറ്റികളുടെയും ഫിത്വ്ര്‍ സകാത്ത് കമ്മിറ്റികളുടെയും രൂപവത്കരണം. സകാത്തിന്റെ സംഘടിതമായ ശേഖരണത്തിലും വിതരണത്തിലുമാണ് ഈ കമ്മിറ്റികള്‍ ശ്രദ്ധ ചെലുത്തിപ്പോരുന്നത്. സംഘടിത സകാത്തിന്റെ പ്രസക്തിയും പ്രാധാന്യവും സമൂഹത്തെ ബോധ്യപ്പെടുത്താനും സകാത്ത് ദായകരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിതമാകാനും ഈ സംരംഭങ്ങള്‍ കാരണമായിട്ടുണ്ട്. ഇന്ന് കേരളത്തിലെ അനേകം മഹല്ലുകളിലും വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും സാമാന്യം നന്നായി പ്രവര്‍ത്തിക്കുന്ന സകാത്ത് കമ്മിറ്റികള്‍ നിലവിലുണ്ട്.

Comments