Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 30

3200

1442 റമദാന്‍ 18

സകാത്ത് തിരുത്തപ്പെടേണ്ട ധാരണകള്‍

വി.കെ അലി (ചെയര്‍മാന്‍, ബൈത്തുസ്സകാത്ത് കേരള)

ഇസ്‌ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളില്‍ ഏറ്റവും പ്രധാനമായവ നമസ്‌കാരവും സകാത്തുമാണ്. നമസ്‌കാരം പ്രായപൂര്‍ത്തിയായ എല്ലാ മുസ്‌ലിംകള്‍ക്കും നിര്‍ബന്ധമാണെങ്കില്‍ സകാത്ത് സാമ്പത്തികമായി നിശ്ചിത വരുമാനമുള്ളവര്‍ക്കാണ് നിര്‍ബന്ധമാകുന്നത്. ഇവ രണ്ടും നിലനിര്‍ത്തുന്ന സമൂഹം മാത്രമേ മുസ്‌ലിംകള്‍ ആവുകയുള്ളൂ എന്ന് വിശുദ്ധ ഖുര്‍ആന്‍ പലവുരു വ്യക്തമാക്കിയിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക: ''അവര്‍ ഇസ്‌ലാമിലേക്ക് മടങ്ങുകയും നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും ചെയ്താല്‍ നിങ്ങളുടെ ദീനീ സഹോദരന്മാരായി'' (അത്തൗബ 11). ''വിശ്വാസികളും വിശ്വാസിനികളും പരസ്പരം ആത്മബന്ധുക്കളാണ്, അവര്‍ നന്മ കല്‍പിക്കുകയും തിന്മ വിലക്കുകയും നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയും പ്രവാചകനെയും അനുസരിക്കുകയും ചെയ്യുന്നു'' (അത്തൗബ 71). ''ഭൂമിയില്‍ നാമവര്‍ക്ക് സ്വാധീനം നല്‍കിയാല്‍ അവര്‍ നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യും'' (അല്‍ ഹജ്ജ് 41).
നമസ്‌കാരത്തില്‍ അല്ലാഹുവോടുള്ള ബാധ്യത (ഹഖുല്ലാഹ്) മികച്ചുനില്‍ക്കുമ്പോള്‍ സകാത്തില്‍ അടിയാറുകളോടുള്ള ബാധ്യത (ഹഖുല്‍ ഇബാദ്) മികച്ചുനില്‍ക്കുന്നുവെന്ന് പണ്ഡിതന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. ഇസ്‌ലാം അതിന്റെ ആരംഭം മുതല്‍തന്നെ ദരിദ്ര വിഭാഗത്തിന്റെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും പട്ടിണി നിര്‍മാര്‍ജനം മതത്തിന്റെ മൗലിക ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സൂറത്തുല്‍ മാഊന്‍ അതിന്റെ വ്യക്തമായ ദൃഷ്ടാന്തമാണ്. ''ദീനിനെ കളവാക്കുന്നവനെ നീ കണ്ടില്ലേ.. അനാഥയെ തള്ളിയകറ്റുന്നവനാണവന്‍, സാധുക്കളുടെ ഭക്ഷണത്തിന് പ്രേരണ നല്‍കാത്തവനും'' (സൂറത്തുല്‍ മാഊന്‍ 1-3). നരകാവകാശികള്‍ പരലോകത്തുവെച്ച് സ്വയം പഴിക്കുന്നത് ഖുര്‍ആന്‍ ചിത്രീകരിക്കുന്നു: ''എന്തുകൊണ്ടാണ് നരകത്തില്‍ പോകേണ്ടിവന്നതെന്ന് ചോദിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ നമസ്‌കരിക്കുന്നവര്‍ ആയിരുന്നില്ല, പാവങ്ങള്‍ക്ക് ആഹാരവും നല്‍കിയിരുന്നില്ല'' (അല്‍മുദ്ദസിര്‍ 42-44).
സകാത്ത് നിര്‍ബന്ധമായ വിഭാഗം പ്രസ്തുത ബാധ്യത നിറവേറ്റുന്നില്ലെങ്കില്‍ അനുഭവിക്കുന്ന നരകയാതന പ്രവാചകന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ബുഖാരി നിവേദനം ചെയ്യുന്നു:  ''ഒരാള്‍ക്ക് അല്ലാഹു ധനം നല്‍കുകയും എന്നിട്ടതിന്റെ സകാത്ത് വീട്ടാതിരിക്കുകയും ചെയ്താല്‍ പ്രസ്തുത മുതല്‍ ഭീതിജനകമായ ഒരു സര്‍പ്പത്തിന്റെ ആകൃതിയില്‍ പരലോകത്തു വെച്ച് അവനെ ആവരണം ചെയ്യും. എന്നിട്ടവന്റെ ചങ്ക് പിടിച്ചു പറയും; ഞാനാണ് നിന്റെ ധനം, ഞാനാണ് നിന്റെ നിക്ഷേപം. തുടര്‍ന്ന് വിശുദ്ധ ഖുര്‍ആന്റെ ഈ സൂക്തം പ്രവാചകന്‍ പാരായണം ചെയ്തു: അല്ലാഹു വിഭവങ്ങള്‍ നല്‍കിയ ആളുകള്‍ അത് ചെലവഴിക്കാതെ ലുബ്ധ് കാണിക്കുന്നത് അവര്‍ക്ക് ഗുണകരമാണെന്ന് തെറ്റിദ്ധരിക്കരുത്. അതവര്‍ക്ക് ദോഷമാണ്. അവര്‍ ലുബ്ധ് കാണിക്കുന്ന ധനം പരലോകത്ത് അവരെ ആവരണം ചെയ്യുന്നതാണ്'' (ആലു ഇംറാന്‍ 180).

മുസ്‌ലിം നേതൃത്വവും സകാത്തും

സകാത്ത് സംഭരണവും വിതരണവും മുസ്‌ലിം നേതൃത്വത്തിന്റെ ബാധ്യതയാണ്. പ്രവാചകന്റെ കാലത്ത് സകാത്ത് വാങ്ങി വിതരണം ചെയ്യാന്‍ നബിയോട് തന്നെയാണ് അല്ലാഹു കല്‍പിച്ചത്. ഖുര്‍ആന്‍ പറയുന്നു. ''അവരുടെ സമ്പത്തുകളില്‍നിന്ന് നീ സകാത്ത് വാങ്ങുക. അതവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും'' (അത്തൗബ 103). മദീനയിലെ ജനങ്ങള്‍ പ്രവാചകനെ സകാത്ത് നേരിട്ടേല്‍പിക്കുകയും മറ്റു പ്രദേശങ്ങളിലെ മുസ്‌ലിംകള്‍ പ്രവാചകന്റെ പ്രതിനിധികളെ (അവര്‍ സകാത്ത് ശേഖരണ-വിതരണ ഉദ്യോഗസ്ഥര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്) ഏല്‍പിക്കുകയുമാണ് ചെയ്തിരുന്നത്. അലി, മുആദുബ്‌നു ജബല്‍ തുടങ്ങിയ സ്വഹാബിവര്യര്‍ ഇങ്ങനെ സകാത്ത് സംഭരിച്ചിരുന്ന പ്രവാചക പ്രതിനിധികളായിരുന്നു. പ്രവാചകന്റെ കാലശേഷം ഖലീഫമാര്‍ ഈ ഉത്തരവാദിത്തം ഏറ്റെടുത്തു. തുടക്കത്തില്‍ ചിലര്‍ ഒന്നാം ഖലീഫ അബൂബക്‌റിന് സകാത്ത് നല്‍കാന്‍ മടിച്ചുനില്‍ക്കുകയും, പ്രവാചകന് നല്‍കിയിരുന്നത് അദ്ദേഹത്തിന്റെ പ്രത്യേക പദവിയും സ്ഥാനവും പരിഗണിച്ചായിരുന്നുവെന്നും അബൂബക്‌റിന് അതിനര്‍ഹതയില്ലെന്നും വാദിക്കുകയും ചെയ്തു. ചിലര്‍ സകാത്ത് സ്വന്തം സ്വന്തമായി കൊടുക്കാം, ഖലീഫയതില്‍ ഇടപെടേണ്ട എന്ന നിലപാടും എടുത്തു. എന്നാല്‍ ദീനിന്റെ ആധാരശിലയെ തകര്‍ക്കാനുള്ള ഈ നീക്കത്തെ അബൂബക്ര്‍ ശക്തമായി നേരിട്ടു. അദ്ദേഹം പ്രഖ്യാപിച്ചു : ''പ്രവാചകകാലത്ത് നല്‍കാറുള്ള സകാത്ത് വിഹിതത്തില്‍ ഒരു ഒട്ടകക്കയറിന്റെ കുറവാണ് വരുത്തുന്നതെങ്കില്‍ അതിന്റെ പേരില്‍ ഞാനവരോട് സമരം ചെയ്യും.'' അബൂബക്‌റിന്റെയും സ്വഹാബി പ്രമുഖരുടെയും ധീരമായ ഈ നിലപാട് പ്രസ്തുത കാട്ടുതീ അണച്ചുകളഞ്ഞു.

മുസ്‌ലിംകളും സാമൂഹിക ബാധ്യതകളും

ഈ സംഘടിത യത്‌നങ്ങള്‍ നിലനിര്‍ത്തേണ്ടതും മതാനുഷ്ഠാനങ്ങള്‍ പാലിക്കേണ്ടതും മുസ്‌ലിം ഉമ്മത്തിന്റെ കടമയാണ്. നബി(സ) ജീവിച്ചിരിപ്പില്ലാത്തതുകൊണ്ട് അവക്കൊന്നും ഇനി പ്രസക്തിയില്ലെന്ന് പറയുന്നതുപോലെ ബാലിശമാണ്, ഭരണമില്ലെങ്കില്‍ സകാത്തിന്റെ ശേഖരണവും വിതരണവും വേണ്ടതില്ല എന്ന് പറയുന്നതും. എന്നാല്‍ സമ്പത്ത് ചെലവഴിക്കേണ്ടിവരുമ്പോള്‍ മാത്രമാണ് ഇത്തരം കുരുട്ടു ന്യായങ്ങള്‍ ഉന്നയിക്കപ്പെടുന്നത്. അതേസമയം ദീനിന്റെ പല സാമൂഹികാവശ്യങ്ങള്‍ക്കും ഭരണത്തിന്റെ അഭാവത്തില്‍ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ഒരു പാകപ്പിഴയും ആരും കാണുന്നുമില്ല. നമസ്‌കരിക്കാന്‍ പള്ളി,  മുഅദ്ദിന്‍ -ഇമാം -ഖത്വീബ് തുടങ്ങിയ ജീവനക്കാര്‍, ജമാഅത്ത് നമസ്‌കാരങ്ങള്‍, ജുമുഅകള്‍, നോമ്പ്, പെരുന്നാള്‍ എന്നിവ പ്രഖ്യാപിക്കാന്‍ ഖാദിമാര്‍, വിവാഹം-വിവാഹ മോചനം എന്നിവയുടെ കാര്‍മികത്വം ഇവക്കെല്ലാം നാം ബദല്‍ സംവിധാനങ്ങള്‍ കാണുന്നു. ഭരണകൂടത്തിന്റെ അഭാവത്തില്‍ പ്രസ്തുത കാര്യങ്ങളൊന്നും വേണ്ടെന്ന് പറയുന്നില്ല. എന്നിരിക്കെ സകാത്തിന്റെ സംഭരണവും വിതരണവും എന്തുകൊണ്ട് ഈ രൂപത്തില്‍ സംവിധാനിച്ചുകൂടാ? ദീനിന്റെ സുപ്രധാനമായ ഒരു സ്തംഭം പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് 'ബൈത്തുസ്സകാത്തു'കളും സകാത്ത് കമ്മിറ്റികളും നിര്‍വഹിക്കുന്നത്. അവയുമായി സഹകരിക്കുന്നതിനു പകരം, ഹറാം ഫത്‌വകളിറക്കി നല്ലതിനെ തടയുന്നവരാകാന്‍ (മന്നാഉം ലില്‍ ഖൈര്‍) ആരും ശ്രമിക്കാതിരിക്കുക.

സമ്പന്നരെല്ലാം സകാത്ത് ദായകര്‍

ചില പ്രത്യേകയിനം സമ്പത്തുകള്‍ക്കേ സകാത്തുള്ളു എന്നും അവയല്ലാത്ത വരുമാന മാര്‍ഗങ്ങളിലൂടെ ഒരാള്‍ കോടീശ്വരനായാലും സകാത്ത് നല്‍കേണ്ടതില്ല എന്നും മറ്റും വാദഗതികളുണ്ട്. യഥാര്‍ഥത്തില്‍ ഇസ്‌ലാമിന്റെ ചൈതന്യത്തിനും വ്യക്തമായ കല്‍പനകള്‍ക്കും വിരുദ്ധമാണിത്. സമ്പന്നരില്‍നിന്നെല്ലാം സകാത്ത് വാങ്ങണം എന്നാണ് ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്നത്. 'സമ്പത്തുകള്‍' (അംവാല്‍) എന്ന ഇനത്തില്‍പെടുന്നവക്കെല്ലാം സകാത്ത് വാങ്ങണമെന്ന് സൂറഃ അത്തൗബ 103-ാം സൂക്തത്തില്‍ പറയുന്നു. 'അവരുടെ സമ്പത്തുകളിലെല്ലാം നിര്‍ണിതമായ അവകാശം സഹായാന്വേഷികള്‍ക്കും പാവപ്പെട്ടവര്‍ക്കും നല്‍കണം' (അദ്ദാരിയാത്ത്  19) എന്നും കല്‍പിച്ചിട്ടുണ്ട്. പ്രവാചകന്‍ ഓരോ പ്രദേശത്തേക്കും സകാത്ത് ശേഖരിക്കാന്‍ നിയോഗിക്കുന്നവരെ ഉപദേശിച്ചിരുന്നത് അവരുടെ സമ്പന്നരില്‍നിന്ന് സകാത്ത് വാങ്ങി ദരിദ്രര്‍ക്ക് വിതരണം ചെയ്യാനാണ്.  
അന്നത്തെ കാലത്ത് ജനങ്ങള്‍ സമ്പത്തായി ഗണിച്ചിരുന്ന വരുമാനങ്ങളില്‍നിന്നെല്ലാം നിശ്ചിത അളവ് (നിസ്വാബ്) എത്തിയാല്‍ നബിയും ഖലീഫമാരും സകാത്തുകള്‍ പിരിച്ചിരുന്നു. കാലി സമ്പത്ത്, കാര്‍ഷികോല്‍പന്നങ്ങള്‍, സ്വര്‍ണം, വെള്ളി, ഖനിജങ്ങള്‍, കച്ചവടം എന്നിവയെല്ലാം അവയില്‍പെട്ടിരുന്നു. ഇക്കാലത്ത് ഉടലെടുത്ത പുതിയ ഇനം വരുമാന മാര്‍ഗങ്ങള്‍ക്കും സകാത്ത് നല്‍കേണ്ടതുണ്ട്. വ്യവസായ ശാലകള്‍, വാടക കെട്ടിടങ്ങള്‍, ശമ്പളം, ഷെയറുകള്‍, ബോണ്ടുകള്‍, അവാര്‍ഡുകള്‍, പാരിതോഷികങ്ങള്‍ എല്ലാം ഈ നിലക്ക് സകാത്ത് നല്‍കാന്‍ ബാധ്യസ്ഥമായ ഇനങ്ങളാണ്. അഞ്ച് ഒട്ടകങ്ങളുണ്ടെങ്കില്‍ സകാത്ത് നല്‍കണമെന്ന് അനുശാസിക്കുന്ന ശരീഅത്ത് വാടകയിനത്തില്‍ മില്യനുകള്‍ നേടിയാലും സകാത്ത് കൊടുക്കേണ്ടതില്ല എന്ന് പറയുന്നത് എത്രമാത്രം നിരര്‍ഥകമാണ്! അതുപോലെ 1300 കി. നെല്ല് ഉല്‍പാദിപ്പിക്കുന്ന കര്‍ഷകന്‍ പത്ത് ശതമാനം സകാത്ത് നല്‍കണമെന്നും ഏലം, തേയില, കുരുമുളക്, റബര്‍, ഒലീവ്, തേങ്ങ ഇനങ്ങളില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്നവന് സകാത്തില്ല എന്നും പറയുന്നത് ബാലിശമാണ്. അല്ലാഹു പറയുന്നതിങ്ങനെ: ''പന്തലില്‍ പടര്‍ത്തുന്നതും പടര്‍ത്താത്തതുമായ തോപ്പുകള്‍, ഈത്തപ്പനകള്‍, പലതരം കായ്കനികളുള്ള കൃഷികള്‍, പരസ്പരം സാമ്യം പുലര്‍ത്തുന്നതും പുലര്‍ത്താത്തതുമായ ഒലീവും റുമ്മാനും എല്ലാം സൃഷ്ടിച്ചവന്‍ അവനാണ്. അവ കായ്ക്കുമ്പോള്‍ അവയുടെ പഴങ്ങള്‍ നിങ്ങള്‍ തിന്നുകൊള്ളുക. എന്നാല്‍ വിളവെടുപ്പു സമയത്തുതന്നെ അവയുടെ ബാധ്യത കൊടുത്തുവീട്ടണം'' (അല്‍ അന്‍ആം 141). പ്രവാചകന്‍ പഠിപ്പിച്ചു: ''ആകാശത്തു നിന്ന് മഴ വര്‍ഷിച്ചുണ്ടാക്കുന്നവയുടെ പത്തിലൊന്നും തേവി നനച്ചുണ്ടാക്കുന്നതിന്റെ ഇരുപതിലൊന്നുമാണ് നല്‍കേണ്ടത്'' (മുസ്‌ലിം). അനുവദനീയമായ എല്ലാ സമ്പാദ്യങ്ങളില്‍നിന്നും ചെലവഴിക്കാനാണ് വിശ്വാസികളോട് ആവശ്യപ്പെട്ടിരിക്കുന്നത് (അല്‍ ബഖറ 246).

ആഭരണങ്ങളുടെ സകാത്ത്

ആഭരണങ്ങളുടെ സകാത്തിനെ കുറിച്ച് ഹനഫി-ശാഫിഈ പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമുണ്ടെങ്കിലും എല്ലാവര്‍ക്കും യോജിക്കാവുന്ന ചില വസ്തുതകള്‍ ഇവ്വിഷയകമായി പ്രസക്തമാണ്. സാധാരണ ഉപയോഗത്തിനല്ലാതെ ധനാഢ്യത പ്രകടിപ്പിക്കുന്നതിനും പൊങ്ങച്ചത്തിനുമായി ആഭരണങ്ങളില്‍ ധാരാളിത്തം തികച്ചും നിഷിദ്ധമാണ്. അവയുടെ സകാത്ത്കൂടി കൊടുക്കാതിരുന്നാല്‍ വിശുദ്ധ ഖുര്‍ആനിന്റെ നിരോധത്തിന്റെ പിരിധിയില്‍ അത് വരും (അത്തൗബ 34,35). ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതെ സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കി വെക്കുന്നവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന് സന്തോഷവാര്‍ത്ത നല്‍കുക. അത് നരകത്തീയില്‍ വെച്ച് ചൂടാക്കുകയും എന്നിട്ടതുകൊണ്ട് അവരുടെ നെറ്റിത്തടം, പാര്‍ശ്വങ്ങള്‍, മുതുകുകള്‍ എന്നിവ ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിനത്തില്‍.''
പ്രവാചക കുടുംബത്തിലെ ചില സംഭവങ്ങളിതാ: വെള്ളിവളകണിഞ്ഞു നില്‍ക്കുന്ന ആഇശ(റ)യോട് തിരുമേനി ചോദിച്ചു; 'ഇവയുടെ സകാത്ത് നീ കൊടുക്കാറുണ്ടോ?' 'ഇല്ല' എന്നായിരുന്നു അവരുടെ മറുപടി. തിരുമേനി പറഞ്ഞു: 'നിനക്ക് നരകത്തിന് ഇതുതന്നെ മതി'  (അബൂദാവൂദ്, ബൈഹഖി).
സ്വര്‍ണവളകളണിഞ്ഞ ഉമ്മുസലമ (റ) തിരുമേനിയോട് ചോദിച്ചു: 'ഇത് കന്‍സ് ആയി പരിഗണിക്കുമോ?' നബിയുടെ മറുപടി: 'സകാത്ത് കൊടുക്കാനുള്ള തൂക്കമെത്തിയാല്‍ നീയതിന് സകാത്ത് കൊടുക്കുക. അപ്പോഴത് കന്‍സ് ആകില്ല' (കന്‍സ് എന്നാല്‍ സകാത്ത് നല്‍കാതെ സൂക്ഷിച്ചുവെക്കുന്ന സമ്പത്ത്). നബികുടുംബത്തിന്റെ മാതൃകയാണ് ഈ സംഭവങ്ങളില്‍ പ്രകടമാവുന്നത്. ധാരാളിത്തവും ആഡംബരവുമുണ്ടെങ്കില്‍ സ്വര്‍ണാഭരണങ്ങള്‍ സ്ത്രീകള്‍ക്ക് നിഷിദ്ധമാവുമെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. അതുകൊണ്ടാണ് ശാഫിഈ മദ്ഹബിലെ ആധികാരിക വക്താവായ ഇമാം നവവി പറഞ്ഞത്, സ്ത്രീകള്‍ക്ക് അനുവദനീയം എന്നു പറയുന്ന ആഭരണങ്ങള്‍ പ്രത്യക്ഷത്തില്‍ ആഡംബരം ഇല്ലാത്തതാണ് എന്ന്. ഇരുനൂറ് ദീനാറിന്റെ പാദസരം പോലുള്ളതാണെങ്കില്‍ അത് നിഷിദ്ധമാണെന്ന് തന്നെയാണ് നമ്മുടെ ഇറാഖി ഇമാമുകളുടെ അഭിപ്രായം (അല്‍ മജ്മൂഅ് 6:40).
ഇന്ന് ചില സമ്പന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ സ്വര്‍ണാഭരണങ്ങളില്‍ പൊതിഞ്ഞു നില്‍ക്കുന്ന കാഴ്ച കാണുമ്പോള്‍ നരകാഗ്നി കൊണ്ടുള്ള ഫലകങ്ങള്‍ നെറ്റിയിലും പുറത്തും പാര്‍ശ്വങ്ങളിലും ചൂടു വെക്കുന്ന കാഴ്ച പ്രവാചകന്‍ വിവരിച്ചത് ഓര്‍മവേണം.

കൊല്ലം 'മറിയല്‍'

ഇക്കാലത്തെ വരുമാനമാര്‍ഗങ്ങളധികവും കൃഷിയോ കച്ചവടമോ കാലിവളര്‍ത്തലോ അല്ല. ഉദ്യോഗവും മറ്റു ഓഫീസ് ജോലികളുമാണ്. ഭീമമായ തുക മാസാന്തം വരുമാനമുള്ള ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, കലാകാരന്മാര്‍, നിയമജ്ഞര്‍, എഴുത്തുകാര്‍, ഓഡിറ്റര്‍മാര്‍ തുടങ്ങിയവര്‍ ഉദാഹരണം. സാധാരണ ധരിച്ചുവെച്ചിട്ടുള്ളത് ഇവരൊന്നും സകാത്ത് കൊടുക്കേണ്ടതില്ലെന്നും ഒരു കൊല്ലം മുഴുവന്‍ സമ്പത്ത് കൈയിലിരുന്നാലേ സകാത്ത് ബാധകമാകൂ എന്നുമാണ്. ഒരു കൊല്ലം മറിയാതെ ഒരു ധനത്തിലും സകാത്തില്ല എന്ന ആശയത്തിലുള്ള ചില നിവേദനങ്ങള്‍ ഈ വാദത്തിന് തെളിവായി ഉദ്ധരിക്കപ്പെടുന്നുമുണ്ട്. എന്നാല്‍ ഇവ്വിഷയകമായി വന്ന ഹദീസുകളൊന്നും പ്രബലമല്ലെന്ന് ഹദീസ് നിരൂപകരെല്ലാം പറഞ്ഞിട്ടുണ്ട്. മാത്രമല്ല, ഈ വ്യവസ്ഥ പ്രാഥമികമായ നീതിക്ക് നിരക്കാത്തതുമാണ്. മാസത്തില്‍ ലക്ഷങ്ങള്‍ കൈയില്‍ വരുന്ന ഒരാള്‍ ഒരു കൊല്ലം മുഴുവന്‍ അത് സൂക്ഷിച്ചുവെച്ചാലേ സകാത്ത് നല്‍കേണ്ടതുള്ളൂ എങ്കില്‍ സകാത്ത്ദായകര്‍ ആരാണുണ്ടാവുക? അതുകൊണ്ടാണ് അത്തരം തുക കൈയില്‍ വരുന്നവര്‍ ഉടനെ സകാത്ത് കൊടുക്കണമെന്ന് പൂര്‍വികരില്‍ പലരും വിശദീകരിച്ചത്. ഇബ്‌നു അബ്ബാസ്, ഇബ്‌നു മസ്ഊദ്, മുആവിയ, ഉമറുബ്‌നു അബ്ദില്‍ അസീസ്, ഹസനുല്‍ ബസ്വരി, സുഹ്‌രി, ഔസാഈ എന്നിവര്‍ ഈ വീക്ഷണക്കാരാണ്. വാടക കെട്ടിടങ്ങളുടെ വാടക കിട്ടിയ ഉടനെ അവയുടെ സകാത്ത് നല്‍കണമെന്ന് ഇമാം അഹ്മദുബ്‌നു ഹമ്പലും വ്യക്തമാക്കിയിരിക്കുന്നു. 'വിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ച നല്ല സമ്പത്തില്‍നിന്ന് നിങ്ങള്‍ ചെലവഴിക്കുക. ഭൂമിയില്‍നിന്ന് നിങ്ങള്‍ക്ക് നാം ഉല്‍പാദിപ്പിച്ചുതന്നതില്‍നിന്നും...' എന്ന ആയത്തില്‍ (അല്‍ബഖറ 267), കാര്‍ഷികോല്‍പന്നങ്ങളില്‍നിന്ന് നല്‍കാന്‍ കല്‍പിച്ചപ്പോള്‍ അതില്‍ കൊല്ലം മറിയണമെന്ന് പറഞ്ഞിട്ടില്ലല്ലോ. അതുപോലെ നിങ്ങള്‍ സമ്പാദിച്ചതിലും അതേ രീതിയാണ് സ്വീകരിക്കേണ്ടതെന്ന് ആയത്ത് സൂചിപ്പിക്കുന്നു. അഞ്ച് ഒട്ടകങ്ങളും നാല്‍പത് ആടുകളും 13 ക്വിന്റല്‍ അരിയോ ഗോതമ്പോ ഉള്ളവരും സകാത്ത് കൊടുക്കണമെന്നും മറ്റു വരുമാനങ്ങളിലൂടെ ശതകോടീശ്വരന്മാരായവര്‍ സകാത്ത് കൊടുക്കേണ്ടതില്ലെന്നും ഇസ്‌ലാം ഒരിക്കലും കല്‍പിക്കുകയില്ല.

സകാത്ത് സ്ഥലം മാറ്റല്‍

ഒരു പ്രദേശത്തെ സകാത്ത് മറ്റു സ്ഥലങ്ങളില്‍ വിതരണം ചെയ്യാമോ എന്നതില്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ വ്യത്യസ്ത അഭിപ്രായക്കാരാണ്. സമ്പത്ത് എവിടെയാണോ ഉള്ളത് അവിടെത്തന്നെ അതിന്റെ സകാത്തും വിതരണം ചെയ്യണമെന്നാണ് ശാഫിഈ മദ്ഹബ്. ഒരു പ്രദേശത്ത് ദരിദ്രരില്ലായെങ്കില്‍ ദരിദ്രരുള്ള മറ്റു പ്രദേശങ്ങളിലേക്കവ കൊടുത്തയക്കാമെന്നതില്‍ ഏകാഭിപ്രായമാണുള്ളത്. മുആദുബ്‌നു ജബലിനെ തിരുമേനി (സ) യമനിലെ സകാത്ത് സംഭരിച്ച് വിതരണം ചെയ്യാന്‍ ഏല്‍പിച്ചിരുന്നു. നബി(സ)ക്കുശേഷം അബൂബക്ര്‍ (റ), ഉമര്‍ (റ) എന്നിവരുടെ ഭരണകാലത്തും അതേ പദവിയില്‍ അദ്ദേഹം തുടര്‍ന്നു. ഉമറിന്റെ കാലത്ത് സകാത്തിന്റെ മൂന്നിലൊന്ന് മദീനയിലേക്ക് കൊണ്ടുവന്നു. അത് സ്വീകരിക്കാന്‍ മടിച്ചുകൊണ്ട് ഉമര്‍ (റ) പറഞ്ഞു; 'നികുതി പിരിക്കാനല്ല ഞാന്‍ നിങ്ങളെ അയച്ചത്. അവരുടെ ധനികരില്‍നിന്ന് സകാത്ത് പിരിച്ച് അവരിലെ ദരിദ്രരില്‍ വിതരണം ചെയ്യാനാണ്.' അപ്പോള്‍ മുആദിന്റെ മറുപടി ഇങ്ങനെ: ''സകാത്ത് വാങ്ങാന്‍ അര്‍ഹരായ ആരും അവിടെ ഇല്ലാത്തതുകൊണ്ടാണ് ഞാനിത് താങ്കള്‍ക്ക് കൊടുത്തയക്കുന്നത്.''
എന്നാല്‍ പ്രവാചകന്റെ കാലത്തുള്ള ഗ്രാമീണ ജീവിതവും കൂട്ടായ്മകളുമല്ല ഇന്നുള്ളത്. ലോകം മുഴുവന്‍ ഒരു ഗ്രാമമായി മാറിയ സാഹചര്യമാണ്. മനുഷ്യസമൂഹം മുഴുവന്‍ ഒരു കുടുംബമായി മാറിയിരിക്കുന്നു. ഇന്നത്തെ സാഹചര്യത്തിലും സകാത്ത് മുതലുകളുള്ളേടത്താണ് വിതരണം സാധുവാകുക എന്ന പഴയ നിലപാട് പ്രായോഗികമോ യുക്തിസഹമോ അല്ല. അതുകൊണ്ടാണ് ശാഫിഈ മദ്ഹബില്‍തന്നെ മുസ്‌ലിം ഭരണാധികാരിക്ക് സകാത്ത്മുതല്‍ കൂടുതല്‍ ആവശ്യമുള്ള പ്രദേശങ്ങളിലേക്ക് കയറ്റി അയക്കാം എന്നു കാണുന്നത്. ഇമാം നവവി പറഞ്ഞു: 'മുഹദ്ദബിന്റെ കര്‍ത്താവിന്റെ  പദപ്രയോഗം സൂചിപ്പിക്കുന്നത് ഭരണാധികാരിക്കും സകാത്ത് ശേഖരിക്കുന്ന ഉദ്യോഗസ്ഥന്നും അവ മറ്റു പ്രദേശങ്ങളിലേക്ക് അയക്കാമെന്നാണ്. സകാത്ത് മറ്റു പ്രദേശങ്ങളിലേക്കയക്കാന്‍ പാടില്ല എന്നു പറയുന്നത് സമ്പത്തിന്റെ ഉടമ സ്വയം അത് വിതരണം ചെയ്യുമ്പോഴാണ്. ഇമാം റാഫിഈയും ഇതേ അഭിപ്രായത്തെ ബലപ്പെടുത്തുന്നു. അദ്ദേഹം പറഞ്ഞു: ഗ്രന്ഥകാരന്‍ മുന്‍ഗണന നല്‍കിയ അഭിപ്രായം തന്നെയാണ് പ്രവാചക വചനങ്ങളുടെ താല്‍പര്യവും' (അല്‍ മജ്മൂഅ് വാല്യം 6, പേജ് 173).
സകാത്തിന്റെ അവകാശികളെക്കുറിച്ചുള്ള ഖുര്‍ആന്റെ പ്രസ്താവന എട്ടു ഇനങ്ങളില്‍ സകാത്ത് വിതരണം ചെയ്യപ്പെടണം എന്ന് അനുശാസിക്കുന്നു: ''ഫഖീര്‍, മിസ്‌കീന്‍, സകാത്ത് വിതരണോദ്യോഗസ്ഥര്‍, സൗഹൃദം നിലനിര്‍ത്തേണ്ടവര്‍, അടിമത്തത്തില്‍ കഴിയുന്നവര്‍, കടബാധിതര്‍, ദൈവമാര്‍ഗത്തിലെ പ്രബോധനാവശ്യങ്ങള്‍, വഴിയാത്രക്കാര്‍ തുടങ്ങിയവരാണവര്‍'' (സൂറഃ അത്തൗബ  60). ഈ വകുപ്പുകളെയെല്ലാം ഉള്‍ക്കൊള്ളുന്ന രീതിയില്‍ സകാത്ത് വിതരണം ചെയ്യാന്‍ വ്യക്തിഗത സകാത്ത് ദായകര്‍ക്ക് കഴിയില്ല. മാത്രമല്ല, ഇസ്‌ലാം വിഭാവന ചെയ്യുന്ന വിശ്വമാനവികതക്കും എതിരാണത്. ഇമാം ഇബ്‌നുതൈമിയ്യയുടെ അഭിപ്രായം ഇവിടെ വളരെ പ്രസക്തമായി തോന്നുന്നു. അദ്ദേഹം പറഞ്ഞു: 'നമസ്‌കാരം ഖസ്വ്ര്‍ ആക്കാന്‍ അനുവാദമുള്ളത്ര ദൂരമുള്ള സ്ഥലത്തേക്ക് സകാത്ത് കൊണ്ടുപോകാന്‍ പാടില്ല എന്ന വാദത്തിന് ഒരു ശര്‍ഈ പ്രമാണവുമില്ല. മതപരമായി അംഗീകരിക്കാവുന്ന താല്‍പര്യങ്ങളുണ്ടെങ്കില്‍ സകാത്ത് സ്ഥലം മാറ്റാവുന്നതാണ്. നബി(സ) ദൂരപ്രദേശങ്ങളിലെ ഗ്രാമീണ അറബികളുടെ സകാത്ത് മദീനയിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും മുഹാജിറുകളും അന്‍സ്വാറുകളുമായ ദരിദ്രരില്‍ അത് വിതരണം ചെയ്യുകയും പതിവായിരുന്നു. സഹായങ്ങള്‍ തേടി തന്നെ സമീപിച്ച ഖബീസ്വ എന്ന സ്വഹാബിയോട് തിരുമേനി പറഞ്ഞു: സകാത്ത് മുതലുകള്‍ എത്തുന്നതുവരെ നീ കാത്തിരിക്കുക. അതില്‍നിന്ന് നിന്നെ സഹായിക്കാം. അദ്ദേഹം നജ്ദ്കാരനായിരുന്നു. സകാത്ത് മുതല്‍ ഹിജാസില്‍നിന്നുള്ളതും'  (അല്‍ അംവാല്‍, പേജ് 600).
ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ നിലപാടും ഇതിനുപോദ്ബലകമാണ്. മദീനയില്‍ കടുത്ത ക്ഷാമമുണ്ടായപ്പോള്‍ ഈജിപ്തിലെ ഗവര്‍ണര്‍ അംറുബ്‌നുല്‍ ആസ്വിന് അദ്ദേഹം എഴുതി: 'അറബ് സമൂഹത്തെ രക്ഷിക്കാന്‍ എത്രയും പെട്ടെന്ന് സഹായമെത്തിക്കുക. സാധന സാമഗ്രികളുമായി ഒരു വലിയ സാര്‍ഥവാഹകസംഘത്തെ അയക്കുക. അതിന്റെ ഒരു തല നിന്റെയടുത്താണെങ്കില്‍ മറുതല എന്റെ അടുത്താവട്ടെ....' (അല്‍മുദവ്വന: വാ:1, പേ: 246).
സമ്പന്നതയിലും സൗകര്യത്തിലും മുസ്‌ലിം രാഷ്ട്രങ്ങളും സമൂഹങ്ങളും ഇന്ന് വ്യത്യസ്ത തട്ടുകളിലാണ്. ചില രാഷ്ട്രങ്ങള്‍ അതിസമ്പന്നമാണെങ്കില്‍ മറ്റു ചിലത് പരമ ദരിദ്രമാണ്. ഒരേ രാജ്യത്തു തന്നെ വ്യത്യസ്ത തട്ടിലുള്ള വ്യക്തികളും കുടുംബങ്ങളുമുണ്ട്. കിടപ്പാടമില്ലാത്തവര്‍, തൊഴിലില്ലാത്തവര്‍, ചികിത്സിക്കാന്‍ കഴിയാത്തവര്‍, കടക്കെണിയില്‍ പെട്ടവര്‍, വിദ്യാഭ്യാസ സൗകര്യമില്ലാത്തവര്‍, കുടിവെള്ളം ലഭിക്കാത്തവര്‍, ഭക്ഷണം കിട്ടാത്തവര്‍ ഇങ്ങനെ നിരവധി ആളുകള്‍. സ്വന്തം മണ്ണില്‍നിന്ന് കുടിയിറക്കപ്പെട്ട അഭയാര്‍ഥികളായവരെ പോലും കാണാം. ഇവരെയെല്ലാം സംരക്ഷിക്കേണ്ടത് മുസ് ലിംകളുടെ സമൂഹ ബാധ്യതയാണ്. പ്രവാചകന്‍ പറഞ്ഞു: 'ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവനെ നാശത്തിന് വിട്ടുകൊടുക്കുകയോ അവനോട് അനീതി ചെയ്യുകയോ പാടില്ലാത്തതാണ്.' ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് ഇന്ന് ലോകവ്യാപകമായി ബൈത്തുസ്സകാത്തു(സകാത്ത് ഹൗസ്)കള്‍ രൂപവല്‍ക്കരിക്കപ്പെടുന്നതും സേവന നിരതമാകുന്നതും. ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതും അവയുടെ ദൗത്യത്തില്‍ പങ്കുചേരേണ്ടതും സമ്പന്നരായ മുസ്‌ലിംകളുടെ കടമയാണ്. കേരളത്തില്‍ ഈ ആവശ്യാര്‍ഥം രംഗത്തുവന്ന വേദിയാണ് ബൈത്തുസ്സകാത്ത് കേരള. സഹൃദയരുടെ സഹായത്തോടെ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് ഉത്തരോത്തരം പുരോഗതിയാര്‍ജിക്കാന്‍ ഈ വേദിക്ക് സാധിക്കുന്നുണ്ട്. നിങ്ങളുടെ സകാത്തിന്റെ മുഖ്യമായൊരു വിഹിതം നല്‍കി ഈ സംരംഭത്തെ തുണക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

Comments