Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 30

3200

1442 റമദാന്‍ 18

ബൈത്തുസ്സകാത്ത് പദ്ധതികളും പ്രവര്‍ത്തനവും

 ഉമര്‍ ആലത്തൂര്‍

2000 ഒക്‌ടോബര്‍ മുതല്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സംഘടിത സകാത്ത് സംരംഭമാണ് ബൈത്തുസ്സകാത്ത് കേരള. പബ്ലിക് റിലീജ്യസ് ട്രസ്റ്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണിത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ ഏറ്റവും വലിയ സംഘടിത സകാത്ത് സംരംഭമായി ബൈത്തുസ്സകാത്ത് കേരള വളര്‍ന്നിട്ടുണ്ട്. ഇതുവരെ ആയിരക്കണക്കിന് ദായകരില്‍നിന്ന് സകാത്ത് ശേഖരിച്ച് കേരളത്തിലെ മുഴുവന്‍ ജില്ലകളിലെയും പതിനായിരക്കണക്കിന് ഗുണഭോക്താക്കള്‍ക്ക് എത്തിക്കാന്‍ കഴിഞ്ഞു. ഗുണഭോക്താവിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുക  എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രാദേശിക സകാത്ത് സംരംഭങ്ങളുമായി സഹകരിച്ചുള്ള പദ്ധതികള്‍ ബൈത്തുസ്സകാത്തിന്റെ പ്രത്യേകതയാണ്. കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളായ സകാത്ത്ദായകരാണ് ബൈത്തുസ്സകാത്തിനെ പിന്തുണക്കുന്നത്. പ്രാദേശിക സകാത്ത്  സംരംഭങ്ങളില്ലാത്ത മലയോര, തീര പ്രദേശങ്ങളിലെ നൂറുകണക്കിന് പിന്നാക്ക പ്രദേശങ്ങളില്‍  ബൈത്തുസ്സകാത്ത് കേരള പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു. സകാത്ത് സംഭരണം, വിതരണം,  കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക സകാത്ത് സംരംഭങ്ങളുടെ  അവലോകനം, ഓഡിറ്റിംഗ്, പരിശീലന പരിപാടികള്‍, സകാത്ത് സെമിനാറുകള്‍, സകാത്ത്  പ്രചാരണ പരിപാടികള്‍, പ്രാദേശിക സകാത്ത് സംരംഭങ്ങളുടെ അഫിലിയേഷന്‍, സകാത്ത്  മേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ബൈത്തുസ്സകാത്ത് കേരളയുടെ  പ്രവര്‍ത്തനങ്ങള്‍. രണ്ടു വര്‍ഷം മുമ്പ് കൊച്ചിയില്‍ നടത്തിയ അന്താരാഷ്ട്ര സകാത്ത് സെമിനാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ടും ചര്‍ച്ചചെയ്ത വിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു. 
നമ്മുടെ സംസ്ഥാനത്തെ പൊതു സാമൂഹിക, സാമ്പത്തികാവസ്ഥകള്‍ പരിഗണിച്ചുകൊണ്ടാണ്  വിവിധ ഇനത്തിലുള്ള പദ്ധതി ചെലവുകള്‍ കണക്കാക്കുന്നത്. അതത് സന്ദര്‍ഭങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ ഇതില്‍ വരുത്തുകയും ചെയ്യുന്നു. ഭവനനിര്‍മാണം / അറ്റകുറ്റപ്പണികള്‍ - 33 ശതമാനം, ചികിത്സ - 10 ശതമാനം, സ്വയംതൊഴില്‍ - 33 ശതമാനം, കടബാധ്യത തീര്‍ക്കല്‍ - 5 ശതമാനം, ശുദ്ധജലം- 5 ശതമാനം, സ്‌കോളര്‍ഷിപ്പ് - 11 ശതമാനം എന്നിങ്ങനെയാണ് നിലവിലെ പദ്ധതിവിഹിതം കണക്കാക്കിയിരിക്കുന്നത്.

ബൈത്തുസ്സകാത്ത് പദ്ധതികള്‍

ഭവനനിര്‍മാണം 

പൂര്‍ണ ഭവനനിര്‍മാണം, ഭവനനിര്‍മാണ പൂര്‍ത്തീകരണം, ഭവന അറ്റകുറ്റപ്പണികള്‍ എന്നിങ്ങനെ മൂന്ന് രീതികളിലുള്ള പദ്ധതികളിലാണ് ബൈത്തുസ്സകാത്ത് ഫണ്ട് അനുവദിക്കുന്നത്. വിധവകള്‍/വിവാഹപ്രായം കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍/സ്ത്രീ കുടുംബനാഥയായ കുടുംബങ്ങള്‍, നിരാലംബരായ വികലാംഗര്‍, നിത്യരോഗികള്‍, വിവാഹപ്രായമെത്തിയ പെണ്‍കുട്ടികളുള്ള നിര്‍ധന കുടുംബം, മാനസിക രോഗികള്‍, 50 വയസ്സിനു മുകളിലുള്ള അപേക്ഷകര്‍, ബൈത്തുസ്സകാത്തില്‍ അഫിലിയേഷനുള്ള സകാത്ത് കമ്മിറ്റികളുടെ അപേക്ഷകള്‍, ബൈത്തുസ്സകാത്ത് സംവിധാനത്തോട് സഹകരിക്കുന്ന മഹല്ലുകളോ മറ്റു സംവിധാനങ്ങളോ സ്പോണ്‍സര്‍ ചെയ്യുന്ന അപേക്ഷകള്‍ ഇവക്കാണ് സാധാരണഗതിയില്‍ മുന്‍ഗണന നല്‍കാറുള്ളത്. വിവിധ ഗഡുക്കളായാണ് വീടു നിര്‍മാണത്തിനുള്ള ഫണ്ട് നല്‍കുക. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ 766 വീടുകള്‍ക്ക് പൂര്‍ണമായ നിര്‍മാണച്ചെലവ് ബൈത്തുസ്സകാത്തിന്റെ വിഹിതമായിരുന്നു. 2752 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ സഹായവും നല്‍കുകയുണ്ടായി. ഭൂമി ലഭ്യമായാല്‍ ഭവന സമുച്ചയങ്ങളും, അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ഹൗസിംഗ് കോളനികളും നിര്‍മിക്കുന്ന  രീതിയും സ്വീകരിക്കാറുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്യപ്പെട്ട മണ്ണാര്‍ക്കാട്ടുള്ള ഹൗസിംഗ് പ്രോജക്ട്.

സ്വയം തൊഴില്‍  

ബൈത്തുസ്സകാത്തിന്റെ പദ്ധതികളില്‍ പ്രധാനപ്പെട്ട ഇനമാണ് സ്വയംതൊഴില്‍. രണ്ടു തരം സ്വയംതൊഴില്‍ പദ്ധതികളാണ് ബൈത്തുസ്സകാത്ത് നടപ്പിലാക്കുന്നത്: നേരിട്ട് നടത്തുന്നതും വിവിധ ഏജന്‍സികളുമായി സഹകരിച്ച് നടപ്പിലാക്കുന്നതും. സ്വയംതൊഴില്‍ പദ്ധതിയുടെ വിജയ സാധ്യത, ആവശ്യക്കാരന്റെ അര്‍ഹതയും ശേഷിയും, ഗുണഭോക്തൃ വിഹിതം എന്നിവ ഉറപ്പുവരുത്തിയ ശേഷം ബൈത്തുസ്സകാത്തോ സഹകരിക്കുന്ന മറ്റു ഏജന്‍സികളോ നല്‍കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുപ്പിച്ച ശേഷമാണ് പദ്ധതിക്കാവശ്യമായ സഹായം അനുവദിക്കുക. ആകെ പദ്ധതി ചെലവിന്റെ 75 ശതമാനമാണ് പരമാവധി അനുവദിക്കുന്ന തുക. കേരളത്തില്‍ 1584 സ്വയംതൊഴില്‍ പദ്ധതികള്‍ ഇപ്പോള്‍ ബൈത്തുസ്സകാത്തിന്റെ പിന്തുണയോടെ ആരംഭിച്ച് പ്രവര്‍ത്തനം തുടരുന്നവയാണ്.

ചികിത്സാ സഹായം 

മാരക രോഗങ്ങള്‍ക്കും മാറാരോഗങ്ങള്‍ക്കുമാണ് ചികിത്സാ സഹായം അനുവദിക്കുക. സര്‍ക്കാര്‍ ആശുപത്രികളിലെ ചെലവുകള്‍ക്കാണ് സഹായം നല്‍കുന്നതെങ്കിലും അനിവാര്യ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളെയും പരിഗണിക്കും. വിദഗ്ധ ചികിത്സക്ക് ആവശ്യമായ ചെലവിന്റെ ഒരു  ഭാഗം ഒറ്റത്തവണയായി നല്‍കുക, തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക് പെന്‍ഷന്‍ രൂപത്തിലുള്ള സഹായം നല്‍കുക, ബൈത്തുസ്സകാത്തുമായി ധാരണയുള്ള ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്ക് ആശുപത്രി ബില്ലില്‍ കുറവ് വരുത്തുക എന്നീ മൂന്ന് രീതികളിലാണ് ഇപ്പോള്‍ ചികിത്സാ സഹായം നല്‍കിക്കൊണ്ടിരിക്കുന്നത്. ഇതുവരെ നിര്‍ധനരും നിരാലംബരുമായ 3459 രോഗികള്‍ക്ക് സഹായമെത്തിക്കാന്‍ ബൈത്തുസ്സകാത്തിനായിട്ടുണ്ട്.

കടബാധ്യത തീര്‍ക്കല്‍  

അടിസ്ഥാന ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് വാങ്ങുന്ന വായ്പകള്‍ തിരിച്ചടക്കാനുള്ള സഹായമാണ് ഈ പദ്ധതിപ്രകാരം വിതരണം ചെയ്യുന്നത്. ഭക്ഷണം, പാര്‍പ്പിടം, ചികിത്സ, വിദ്യാഭ്യാസം എന്നിവയാണ് അടിസ്ഥാന ആവശ്യമായി പരിഗണിക്കുക. വായ്പ നല്‍കിയ സ്ഥാപനവുമായി ഒറ്റത്തവണ തീര്‍പ്പാക്കലിന് ധാരണയായാല്‍ ആവശ്യമായ തുകയുടെ ഇരുപത് ശതമാനമാണ് ബൈത്തുസ്സകാത്ത് നല്‍കുക. 1632 പേരാണ് ഈ ഇനത്തില്‍ ബൈത്തുസ്സകാത്തിന്റെ ഗുണഭോക്താക്കളായത്.

റേഷന്‍/പെന്‍ഷന്‍ 

മറ്റു വരുമാനമാര്‍ഗങ്ങളൊന്നുമില്ലാത്ത, അധ്വാനശേഷിയുള്ള ആരും അംഗങ്ങളായിട്ടില്ലാത്ത കുടുംബങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ് ഈ പദ്ധതി. 1780 വ്യക്തികള്‍/ കുടുംബങ്ങള്‍ക്കാണ് ബൈത്തുസ്സകാത്ത് റേഷന്‍/ പെന്‍ഷന്‍ നല്‍കിയത്.

കുടിവെള്ള പദ്ധതി 

കുടിവെള്ളത്തിന് പ്രയാസപ്പെടുന്ന പ്രദേശങ്ങളെയും കുടുംബങ്ങളെയും കേന്ദ്രീകരിച്ചുള്ള  പദ്ധതിയാണിത്. പ്രാദേശികമായി ഏറ്റെടുക്കുന്ന പദ്ധതികളില്‍ പങ്കാളിത്തം വഹിക്കുക, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കിണര്‍ നിര്‍മിക്കാന്‍ സഹായം അനുവദിക്കുക, രൂക്ഷമായ വരള്‍ച്ച നേരിടുന്ന സന്ദര്‍ഭങ്ങളില്‍ കുടിവെള്ള വിതരണം നടത്തുക എന്നിവയാണ് ഈ പദ്ധതിപ്രകാരം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍. കേരളത്തില്‍ ഇത്തരത്തിലുള്ള 209 പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സ്‌കോളര്‍ഷിപ്പ് 

ശ്രദ്ധേയമായ കോഴ്സുകള്‍ക്ക് പ്രവേശനം ലഭിച്ചവരും എന്നാല്‍ കോഴ്സ് തുടര്‍ന്നുകൊണ്ടുപോകാന്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക് താങ്ങാവുക എന്ന നിലക്കാണ് സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. 2237 വിദ്യാര്‍ഥികളാണ് ഇതിന്റെ ഗുണഭോക്താക്കളായി ഉന്നത വിദ്യാഭ്യാസം നേടിയത്.
ബൈത്തുസ്സകാത്ത് കേരളത്തിലെ ഏറ്റവും കെട്ടുറപ്പും വ്യാപ്തിയുമുള്ള സകാത്ത് സംഭരണ- വിതരണ സംവിധാനമാകുമ്പോഴും സംസ്ഥാനത്തെ ആവശ്യം പരിഗണിക്കുമ്പോള്‍ മേല്‍പറഞ്ഞ ഗുണഭോക്താക്കളുടെ എണ്ണം വളരെ കുറവാണെന്ന കാര്യം വ്യക്തമാണല്ലോ. സകാത്തിന് അര്‍ഹരായവരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്ന വിധത്തില്‍ സകാത്ത് വിഹിതത്തിന്റെ വരവുണ്ടാകുന്നില്ല എന്നതാണിതിന് കാരണം. അതേസമയം, കേരളത്തില്‍നിന്ന് ലഭിക്കാവുന്ന സകാത്ത് വിഹിതത്തിലൂടെ സുഭിക്ഷമായ സമൂഹനിര്‍മിതി സാധ്യമാകുമെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

Comments