Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 30

3200

1442 റമദാന്‍ 18

സകാത്തിന്റെ സാമൂഹിക ദൗത്യങ്ങള്‍

എം.വി മുഹമ്മദ് സലീം

ഭൂമിയില്‍ മനുഷ്യജീവിതത്തിന്റെ നിലനില്‍പിന് അനിവാര്യമാണ് സമ്പത്ത്. വിവിധയിനം വിഭവങ്ങള്‍, മൂല്യങ്ങള്‍ എന്നിങ്ങനെ സമ്പത്തിന് പല അവാന്തര വിഭാഗങ്ങളുണ്ട്. വിഭവങ്ങളുടെ ലഭ്യതയാണ് ജീവിത നൗകയുടെ സുഗമമായ പ്രയാണത്തിന് സഹായിക്കുന്നത്. ഉപഭോഗയോഗ്യമായ വിഭവങ്ങളുടെ ലഭ്യതയില്‍ ജനങ്ങള്‍ക്കിടയില്‍ ഏറ്റപ്പറ്റുണ്ടാവുന്നത് സാമൂഹിക ഘടനയില്‍ സ്വാഭാവികമാണ്. ഇതിന്റെ പരിഹാരങ്ങളില്‍ പ്രധാനമാണ് ക്രയവിക്രയത്തിന്  നല്‍കാവുന്ന മൂല്യങ്ങളുടെ ലഭ്യത. ഇവയെല്ലാം സാമ്പത്തിക ശാസ്ത്രജ്ഞരുടെ വിശദമായ പഠനത്തിന് വിധേയമായിട്ടുണ്ട്. എന്നാല്‍ അവരെത്തിയ നിഗമനം വസ്തുതകള്‍ക്ക് നിരക്കുന്നതായില്ല. 'ഭൂമിയില്‍ ഭൂനിവാസികളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടത്ര വിഭവങ്ങളില്ല. അതിനാല്‍ എല്ലാവര്‍ക്കും വിഭവ ലഭ്യത ഉറപ്പുവരുത്താനായി ജനസംഖ്യ നിയന്ത്രിക്കണം' എന്നാണ് അവര്‍ കണ്ടെത്തിയ പരിഹാരം. ഈ ചിന്ത രാഷ്ട്രങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ആഗോള വ്യാപ്തി നേടിക്കഴിഞ്ഞു.  മാനവരാശിയുടെ സുസ്ഥിതി ഉറപ്പുവരുത്താന്‍ മൂന്നാം ലോകത്തിലെ ജനസംഖ്യ ബലാല്‍ക്കാരമായി ക്രമീകരിക്കാനുള്ള അത്യാധുനിക ഉപാധികള്‍ കണ്ടുപിടിക്കുന്ന തിരക്കിലാണ് ഒരുപറ്റം പാശ്ചാത്യ നിരീക്ഷകര്‍. വ്യക്തികള്‍ അറിയാതെ അവരുടെ പ്രത്യുല്‍പാദന ശേഷി നശിപ്പിക്കുകയാണ് ഇതിനുള്ള പോംവഴിയായി അവര്‍ നിര്‍ദേശിക്കുന്നത്. ഇത് സനാതന മൂല്യങ്ങള്‍ക്ക് നിരക്കാത്ത ഇടപെടലാണെന്നതില്‍ രണ്ടു പക്ഷമില്ല.
യഥാര്‍ഥത്തില്‍ വിഭവങ്ങള്‍ അപര്യാപ്തമാണെന്ന വാദം പാശ്ചാത്യ ഗവേഷകര്‍ തന്നെ നിരാകരിച്ചിരിക്കുന്നു (വിശപ്പിന്റെ ഉല്‍പാദനം: ദൗര്‍ലഭ്യം എന്ന കെട്ടുകഥ / ഫ്രാന്‍സിസ് മൂര്‍, ജോസഫ് കോളിന്‍സ്). വിഭവങ്ങളുടെ വിതരണത്തിലെ അസന്തുലിതത്വവും അപര്യാപ്തതയുമാണ് യഥാര്‍ഥ പ്രശ്‌നം. ഈ അനീതി തുടരുമ്പോള്‍ എത്രതന്നെ വിഭവങ്ങള്‍ ഉണ്ടെങ്കിലും പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാവുകയേയുള്ളൂ. മൂന്നാം ലോകത്തിന്റെ വിഭവശേഷി ഒന്നാം ലോകം ഹനിച്ചതാണല്ലോ നിലവിലുള്ള പ്രശ്നം. രണ്ടു ലോകത്തിലെയും ആളോഹരി വരുമാനത്തിന്റെ കണക്ക് ഇക്കാര്യം സുതരാം വ്യക്തമാക്കുന്നു (ഉദാ: തെക്കന്‍ സുഡാന്‍: 884 ഡോളര്‍, അമേരിക്ക: 63051 ഡോളര്‍).
സമ്പത്തിനോടുള്ള സമീപനം തിരുത്തുകയാണ് പ്രശ്നപരിഹാരത്തിന് ഒന്നാമതായി ചെയ്യേണ്ടത്. ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ പ്രശ്നപരിഹാരത്തില്‍ വിജയം കാണാനുള്ള അടിസ്ഥാന കാരണവും ഇതുതന്നെയാണ്. തന്റെ കൈയിലുള്ള സമ്പത്ത് പ്രപഞ്ചനാഥന്‍ തന്നെ ഏല്‍പിച്ച അമാനത്താണെന്നും അതിന്റെ  നിശ്ചിത കാലത്തെ ക്രയവിക്രയാവകാശം മാത്രമാണ് തനിക്കുള്ളതെന്നും ഓരോ മനുഷ്യനും ഉറച്ച് വിശ്വസിക്കണം. ഈ അവകാശം ഉപയോഗപ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചുപോയാല്‍ സമ്പത്തിന്റെ യഥാര്‍ഥ ഉടമയുടെ മുന്നില്‍ കണക്ക് ബോധിപ്പിക്കേണ്ടിവരും. ഉടമാവകാശത്തെക്കുറിച്ച ഈ കാഴ്ചപ്പാടാണ് ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ ആണിക്കല്ല്.
സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണം സാധിക്കാന്‍ ഇസ്‌ലാം നിര്‍ബന്ധമാക്കിയ വ്യവസ്ഥയാണ് സകാത്ത്. ഇസ്‌ലാമിന്റെ മൂന്നാമത്തെ അടിസ്ഥാന സ്തംഭമാണത്. അത് നിഷ്ഠയോടെ പാലിക്കാതെ ഒരാള്‍ മുസ്‌ലിമാവുകയില്ല. സ്രഷ്ടാവുമായുള്ള ബന്ധം ഊഷ്മളമായി നിലനിര്‍ത്താന്‍ സഹായകമായ നമസ്‌കാരത്തിന്റെ കൂടെ നിര്‍ബന്ധ ദാനവും ചേര്‍ത്തുപറഞ്ഞതില്‍നിന്ന് ഇസ്‌ലാമില്‍ അതിന്റെ സ്ഥാനം എത്രയെന്ന് ഗ്രഹിക്കാം. സമസൃഷ്ടികളോടുള്ള ബന്ധം ഊഷ്മളമാക്കുമ്പോള്‍ മാത്രമേ സ്രഷ്ടാവിനോടുള്ള ബന്ധം അതിന്റെ പൂര്‍ണത പ്രാപിക്കുകയുള്ളൂ.

ദാരിദ്ര്യനിര്‍മാര്‍ജനം
ദാരിദ്ര്യം സനാതന മൂല്യങ്ങളുടെ അന്തകനാണ്. നബി തിരുമേനി (സ) ദാരിദ്ര്യത്തില്‍നിന്ന് അല്ലാഹുവില്‍ അഭയം തേടുക പതിവായിരുന്നു. ദാരിദ്ര്യം സത്യനിഷേധത്തിലേക്ക് നയിക്കും. ഇസ്‌ലാം ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ഏറ്റവും പ്രായോഗികമായ പരിഹാരം നിര്‍ദേശിച്ചു. അതില്‍ ഏറ്റവും പ്രധാനമാണ് സകാത്ത്. ഒരാളുടെ ദരിദ്രാവസ്ഥ ദൂരീകരിക്കാന്‍ പര്യാപ്തമാകുന്നത്ര സാമ്പത്തിക സഹായം സകാത്തില്‍നിന്ന് നല്‍കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ദരിദ്രരെ വിശുദ്ധ ഖുര്‍ആന്‍ രണ്ട് ഇനമായി വേര്‍തിരിച്ചു. ഫഖീര്‍ അഥവാ സാമ്പത്തിക ശേഷി ഒട്ടുമില്ലാത്തവന്‍, മിസ്‌കീന്‍ അഥവാ കൈയിലുള്ള സമ്പത്ത് ആവശ്യത്തിന് മതിയാകാത്തവന്‍. ഈ രണ്ടു വിഭാഗങ്ങളെയും സകാത്ത് സ്വീകരിക്കാന്‍ അര്‍ഹതയില്ലാത്ത വിധം ധനികരാക്കുകയാണ് സകാത്തിന്റെ ശരിയായ വിതരണ രീതി. തൊഴില്‍ ചെയ്യാന്‍ കഴിയുന്നവര്‍ക്ക് തൊഴിലുപകരണങ്ങള്‍ നല്‍കിയും ചെറിയ പരിശീലനത്തിലൂടെ തൊഴില്‍ ചെയ്യാന്‍ പ്രാപ്തരാക്കിയും ദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിച്ച് സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിക്കണം.
രണ്ടാം ഖലീഫ ഉമറി(റ)ന്റെ കാലത്ത് യമനില്‍ ഭരണച്ചുമതലയുണ്ടായിരുന്ന മുആദുബ്‌നു ജബല്‍ (റ) സകാത്തിന്റെ അവകാശികള്‍ ആരും യമനില്‍ ഇല്ലാതിരുന്നതിനാല്‍ സകാത്ത് മുഴുവനായും മദീനയിലെ ഇസ്‌ലാമിക ഭണ്ഡാരത്തില്‍ ഏല്‍പിച്ച ചരിത്രമുണ്ട്. അധികാരമേറ്റ് വെറും രണ്ടു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ വിശാലമായ ഉമവി ഭരണകൂടത്തിനു കീഴില്‍ സകാത്ത് സ്വീകരിക്കാന്‍ അര്‍ഹനായ ഒരു വ്യക്തിയും ഇല്ലാതാക്കാന്‍ നീതിമാനായ ഉമറുബ്‌നു അബ്ദില്‍ അസീസിന് (റ) സാധിച്ചത് സകാത്ത് വ്യവസ്ഥ ശരിയായി നടപ്പിലാക്കിയതിലൂടെയായിരുന്നു.
എന്നാല്‍ ശരിയായ ഇസ്‌ലാമിക വ്യവസ്ഥിതിയുടെ അഭാവത്തില്‍ മുസ്‌ലിംകളുടെ ജീവിതത്തില്‍ കയറിപ്പറ്റിയ അത്യാചാരങ്ങളുടെ ആഘാതത്തില്‍നിന്ന് സകാത്ത് വ്യവസ്ഥക്കും മോചനമുണ്ടായില്ല. നബി(സ)യും അനുചരന്മാരും നടപ്പിലാക്കിയ സകാത്ത് വ്യവസ്ഥ ഇന്ന് നാം കാണുന്നതില്‍നിന്ന് ഏറെ ഭിന്നമായിരുന്നു. അതിന്റെ ചില പ്രധാന വശങ്ങള്‍ പരാമര്‍ശിക്കാം.

സകാത്തിന്റെ സംഭരണം
ഓരോ വ്യക്തിയുടെയും സമ്പത്ത് കൃത്യമായി പരിശോധിച്ച് അതിനു നല്‍കേണ്ട സകാത്തിന്റെ വിഹിതം കണക്കാക്കി അത് ശേഖരിക്കുന്ന ഉദ്യോഗസ്ഥന്മാരാണ് സകാത്തിന്റെ പ്രവര്‍ത്തകര്‍ എന്ന പേരില്‍ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന സകാത്ത് വിഹിതം ലഭിക്കേണ്ട മൂന്നാമത്തെ വിഭാഗം. ഈ വിഭാഗത്തിന്റെ സേവനം പരമപ്രധാനമായതിനാല്‍ അവരുടെ വേതനം സകാത്തില്‍നിന്ന് നല്‍കാനും ഖുര്‍ആന്‍ നിര്‍ദേശിച്ചു. ഇവര്‍ സകാത്ത് കൃത്യമായി ശേഖരിക്കുന്നതിനോടൊപ്പം സകാത്ത് ലഭിക്കാന്‍ അര്‍ഹരായ ആളുകളുടെ ലിസ്റ്റും തയാറാക്കുന്നു.
ആകെ ശേഖരിച്ച സകാത്ത് മുന്‍ഗണനാക്രമമനുസരിച്ച് വിതരണം ചെയ്ത് പൗരന്മാരില്‍ സാമ്പത്തിക സുസ്ഥിതി ഉണ്ടാക്കാനുള്ള സുചിന്തിത രീതിയാണിത്. എന്നാല്‍ ഇന്ന് നമ്മുടെ നാട്ടില്‍ നാം കാണുന്നത് വളരെ വ്യത്യസ്തമായ രീതിയാണല്ലോ. വ്യക്തികള്‍ സമ്പത്ത് സ്വയം പരിശോധിച്ച് സകാത്ത് കണക്കാക്കി തങ്ങള്‍ക്കിഷ്ടപ്പെട്ടവര്‍ക്ക് ചില്ലറയായി നല്‍കുന്നു. ഒരു സാമ്പത്തിക പ്രശ്നവും പരിഹരിക്കാന്‍ മതിയാവാത്ത തുകയാവും ഓരോരുത്തര്‍ക്കും ലഭിക്കുക. അത് മുതലാളിയുടെ ഉമ്മറത്തു ചെന്ന് കൈനീട്ടി വാങ്ങണം. വന്നത് ഏറ്റവും അര്‍ഹതയുള്ള വ്യക്തിയാണോ എന്നത് ദാതാവിന് വിഷയമല്ല. അയാളോടുള്ള ഒരു ഭവ്യത മനസ്സില്‍ വെച്ചാണ് സ്വീകര്‍ത്താവ് സകാത്ത് വാങ്ങിപ്പോവുക.

അബദ്ധ സാധ്യതകള്‍
ഇങ്ങനെ സകാത്ത് നിര്‍ണയവും വിതരണവും വ്യക്തികള്‍ സ്വയം ഏറ്റെടുക്കുമ്പോള്‍ ധാരാളം അബദ്ധങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. ഒന്നാമതായി, ദാതാവിന് സകാത്ത് കണക്കാക്കുന്നതില്‍ തെറ്റു പറ്റാം. മതപണ്ഡിതന്മാര്‍ ചെയ്യേണ്ട കാര്യമായതിനാല്‍ സാധാരണക്കാര്‍ക്ക് സ്വതന്ത്രമായി അത് നിര്‍വഹിക്കാന്‍ അനുവാദമില്ല. മനുഷ്യമനസ്സിന്റെ ചാഞ്ചല്യമനുസരിച്ച് ഇതില്‍ സ്വാര്‍ഥവും താല്‍പര്യങ്ങളും സ്വാധീനം ചെലുത്താനുള്ള സാധ്യത വളരെ കൂടുതലാണ്. സകാത്ത് വിതരണം ചെയ്യുന്നേടത്തുമുണ്ട് പ്രശ്നങ്ങള്‍. ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്ന വ്യക്തികള്‍ക്കാണ് ആദ്യം സകാത്ത് നല്‍കേണ്ടത്. അതിന് ദാതാവിന്റെ അറിവില്‍ /കണ്ണില്‍ ഏറ്റവും അര്‍ഹന്‍ എന്ന ന്യായം മാത്രം മതിയാവില്ല. ആവശ്യത്തിന്റെ അളവ് കണക്കാക്കി അത് പരിഹരിക്കാന്‍ വേണ്ട സാമ്പത്തിക സഹായം നല്‍കാന്‍ പലപ്പോഴും ഒരാള്‍ക്ക് കഴിയില്ല. പലരുടെയും സകാത്ത് ശേഖരിച്ച് ഒരാളുടെ പ്രശ്നപരിഹാരത്തിന് മതിയാവുന്നത് നല്‍കിയാല്‍ ഒരു ദരിദ്രന്‍ ധനികനായി മാറി. ഇത് വ്യക്തികളുടെ പരിശ്രമം കൊണ്ട് പൂര്‍ത്തിയാവില്ല. ഒരു സംഘടിത സംരംഭത്തിലുടെ സാധിക്കേണ്ടതാണ്.  കൂടുതല്‍ അര്‍ഹരായവര്‍ അവഗണിക്കപ്പെടുക എന്നത് സകാത്തിന്റെ ചൈതന്യത്തിനു നിരക്കാത്തതാണ്. 
സകാത്ത് സംഭരണം യഥാര്‍ഥത്തില്‍ ഒരു സാമ്പത്തിക സര്‍വേയാണ്. പ്രദേശത്തെ സമ്പന്നരുടെ കണക്കെടുത്താല്‍ രാജ്യത്തിന്റെ സാമ്പത്തിക ശേഷിയും ചെയ്യാവുന്ന സേവനങ്ങളുടെ അളവും കൃത്യമായി മനസ്സിലാക്കാം. അതോടൊപ്പം അര്‍ഹരുടെ കണക്കുകൂടി കിട്ടുമ്പോള്‍ ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ഏറ്റവും പറ്റിയ ആസൂത്രണം എളുപ്പത്തില്‍ സാധ്യമാവുന്നു. രാഷ്ട്രത്തിന്റെ ബജറ്റ് തയാറാക്കുമ്പോള്‍ കുറ്റമറ്റതാവാന്‍ ഈ സര്‍വെ സഹായിക്കും.         
സമൂഹത്തില്‍ ക്രയവിക്രയശേഷിയുള്ള ധാരാളം പേര്‍ പുതുതായുണ്ടാകാന്‍ സകാത്തിന്റെ ശരിയായ വിതരണം കാരണമാകും. ഇവര്‍ മുഖേന വിപണി കൂടുതല്‍ സജീവമാകുന്നു, വ്യാപാരം വര്‍ധിക്കുന്നു. തദ്വാരാ സകാത്ത്ദാതാക്കളില്‍ ധാരാളം പേരുടെ കച്ചവടവും വ്യവസായശാലകളും വളരാനും അവരുടെ വരുമാനം വര്‍ധിക്കാനും സാമ്പത്തിക ശേഷി മെച്ചപ്പെടാനും സകാത്ത് വിതരണം സഹായിക്കുന്നു. പ്രത്യക്ഷത്തില്‍ അവര്‍ ചെലവഴിക്കുകയാണെങ്കിലും പ്രയോഗത്തില്‍ അവരുടെ സമ്പത്തിന്റെ വ്യവസ്ഥാപിതമായ വികാസവും വളര്‍ച്ചയുമാണ് സകാത്ത് നല്‍കുന്നതിലൂടെ സംഭവിക്കുന്നത്.

അഭിലഷണീയ സമീകരണം
സകാത്ത് നല്‍കാന്‍ നിര്‍ദേശിച്ച തോത് പരിശോധിച്ചാല്‍ മാനസികമായി ദാതാക്കള്‍ക്ക് പൊരുത്തപ്പെട്ടുപോകാന്‍ ഏറ്റവും കൂടുതല്‍ അനുയോജ്യമാണതെന്ന് മനസ്സിലാക്കാം. മനുഷ്യര്‍ നിശ്ചയിക്കുന്ന തോത് വ്യത്യാസങ്ങള്‍ നികുതികളില്‍ നമുക്ക് കാണാം. ഉദാഹരണമായി, ആദായനികുതിയില്‍ സമ്പന്നര്‍ മുപ്പത് ശതമാനവും അതിസമ്പന്നര്‍ നാല്‍പത്തിരണ്ട് ശതമാനവും സര്‍ക്കാറിന് നല്‍കേണ്ടിവരുന്നു. നികുതി നല്‍കാതെ രക്ഷപ്പെടാനുള്ള പോംവഴികള്‍ തേടാന്‍ ദാതാക്കളെ പ്രേരിപ്പിക്കുന്നു ഭീമമായ ഈ അനുപാതം. എന്നാല്‍ അപ്പോഴൊക്കെയും വെറും രണ്ടര ശതമാനം മാത്രമാണ് സകാത്തിന്റെ വിഹിതം. അത് നല്‍കാന്‍ ആത്മീയ പ്രേരണ കൂടി ഉണ്ടാകുമ്പോള്‍ മിക്കവാറും എല്ലാവരും സകാത്ത് പൂര്‍ണമായും നല്‍കാന്‍ മുന്നോട്ടു വരും. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം ശാസ്ത്രീയമായി കുറച്ചുകൊണ്ടുവരുന്ന ഈ രീതി സമൂഹത്തില്‍ ഈര്‍ഷ്യയും പകയും ഇല്ലാതാക്കി കെട്ടുറപ്പുള്ള ഒരു സാമൂഹിക ഘടന സാധിതമാക്കുന്നു.

സാഹോദര്യത്തിന്റെ തേട്ടം
വിശ്വാസികള്‍ നന്മ വളര്‍ത്തുകയും തിന്മ ഇല്ലാതാക്കുകയും ചെയ്യുന്ന സവിശേഷ സാര്‍ഥവാഹക സംഘമാണ്. വിശുദ്ധ ഖുര്‍ആന്‍ 'സഹോദരന്മാര്‍ മാത്രമാണ് സത്യവിശ്വാസികള്‍' (49:10) എന്ന് പഠിപ്പിച്ചതിന്റെ പൊരുള്‍ അവരുടെ പരസ്പരബന്ധം സുദൃഢവും സവിശേഷവും വ്യതിരിക്തവുമാണ് എന്നാണ്. അതിനാല്‍ ആ ബന്ധത്തിന് ഹാനി സംഭവിച്ചുപോകാതെ സൂക്ഷിക്കാന്‍ സമൂഹം ഒന്നിച്ചു പരിശ്രമിക്കണം. ''അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ രണ്ടു സഹോദരന്മാര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുക''(ഖുര്‍ആന്‍ 49:10). ഈ സാഹോദര്യത്തിന്റെ പ്രാഥമിക ബാധ്യതയാണ് സാമ്പത്തിക പ്രശ്നങ്ങളില്‍ തുണയാവുകയെന്നത്.
ജനസേവനമാണ് വിശ്വാസികളുടെ മുഖമുദ്ര.  മാനുഷിക പരിഗണന മാത്രം മുമ്പില്‍ വെച്ച് സമസൃഷ്ടികള്‍ക്കെല്ലാം സുഭിക്ഷതയുണ്ടാക്കാന്‍ പരിശ്രമിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. അവര്‍ അല്ലാഹുവുമായുള്ള ബന്ധം സുദൃഢമാക്കുകയും സമസൃഷ്ടികള്‍ക്ക് വിശപ്പടക്കാന്‍ സൗകര്യമുണ്ടാക്കുകയും ചെയ്യേണ്ടതുണ്ട്. അതില്‍ വീഴ്ച വരുത്തിയാല്‍ പരലോകത്ത് ശിക്ഷക്ക് വിധേയമാകുമെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു: ''നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചതെന്താണ്? അവര്‍ പറഞ്ഞു: ഞങ്ങള്‍ നമസ്‌കരിക്കുന്നവരായിരുന്നില്ല. അഗതികള്‍ക്ക് ആഹാരം കൊടുക്കുന്നവരുമായിരുന്നില്ല'' (74:43-45).
ഈ സാമ്പത്തിക സുസ്ഥിതി കൈവരിക്കാന്‍ സംഘടിത സകാത്ത് വ്യവസ്ഥ നടപ്പാക്കുന്നതാണ് ഏറ്റവും വിജയകരമായ വഴി. ചരിത്രം സാക്ഷ്യംവഹിക്കുന്ന യാഥാര്‍ഥ്യമാണത്. സമ്പത്തില്‍ സമസൃഷ്ടികള്‍ക്കുള്ള അവകാശം അംഗീകരിച്ചുകൊടുക്കുകയും അവര്‍ക്ക് അഭിമാനക്ഷതം വരുത്താതെ അവരുടെ വിഹിതം നല്‍കി സന്തോഷിപ്പിക്കുകയും ചെയ്യാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് സംഘടിത സകാത്ത് വ്യവസ്ഥ നടപ്പാക്കുകയെന്നത്.  സുകൃതങ്ങള്‍ നിഷ്ഫലമാക്കുന്ന ലോകമാന്യത്തിലേക്കും പ്രകടനത്തിലേക്കും മനസ്സു പോകാതിരിക്കാനും, ചെയ്ത നന്മകള്‍ എടുത്തു പറഞ്ഞ് പ്രതിഫലം പാഴാക്കിക്കളയാതിരിക്കാനും ഈ സമ്പ്രദായം ഏറെ സഹായകമാണ്.
ഓരോ മഹല്ലിലെയും ദരിദ്രകുടുംബങ്ങളെ കണ്ടെത്തി അവരുടെ പ്രശ്നം പരിഹരിക്കാന്‍ ആസൂത്രിതമായ പദ്ധതികളുമായി സകാത്ത് കമ്മിറ്റികള്‍ മുന്നോട്ടുവരണം. മഹല്ല് നിവാസികളുടെ കഴിവനുസരിച്ച് മൂന്നോ നാലോ കുടുംബങ്ങളെ ഓരോ വര്‍ഷവും തെരഞ്ഞെടുക്കാം. അവര്‍ അടുത്ത വര്‍ഷം സകാത്ത് വാങ്ങാന്‍ അര്‍ഹതയില്ലാത്ത ഐശ്വര്യവാന്മാരായി മാറണം. ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് മഹല്ല് ദരിദ്രമുക്തമാക്കാം. പണം കൊടുത്ത് സഹായിച്ചവരല്ല,  അവരുടെ മുമ്പിലെത്തുന്ന സംഘടനാ ഭാരവാഹികള്‍ മാത്രമേ അവരുടെ മനസ്സിലുണ്ടാകാവൂ.
തങ്ങള്‍ നല്‍കിയ സകാത്ത് ആര്‍ക്കാണ് ലഭിച്ചതെന്ന് ദാതാക്കള്‍ അറിയുന്നില്ല. ചെലവായ സംഖ്യയുടെ വിശദമായ കണക്കുകളാണ് അവര്‍ക്ക് ലഭിക്കുക. ഇങ്ങനെ ഇസ്‌ലാമിലെ അതിപ്രധാന നിര്‍ബന്ധ ദാനം സമൂഹത്തില്‍ ആഴത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ സഹായകമാണെന്ന് നമുക്ക് പ്രായോഗികമായി തെളിയിക്കാനാവും.

അയല്‍പക്ക ബന്ധം
അയല്‍ക്കാരന് അനുഗ്രഹമാവണം വിശ്വാസി. മാനുഷിക സാഹോദര്യം മാത്രമാണ് ഈ ബന്ധത്തില്‍ പരിഗണിക്കേണ്ടത്. പരിശുദ്ധ ഖുര്‍ആന്‍ അയല്‍വാസിയോട് നന്നായി വര്‍ത്തിക്കാന്‍ കല്‍പിക്കുന്നു (4:36). ഇവിടെ കുടുംബ ബന്ധമുള്ള അയല്‍ക്കാരെയും കുടുംബ ബന്ധമില്ലാത്ത അയല്‍ക്കാരെയും വേറെവേറെ എടുത്തു പറഞ്ഞത് എല്ലാ അയല്‍ക്കാരെയും ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്.
നബി തിരുമേനി അയല്‍വാസിയെക്കുറിച്ച് ധാരാളം നിര്‍ദേശങ്ങള്‍ നല്‍കി. അയല്‍വാസി ആഹാരം കഴിച്ചിട്ടുണ്ടോ എന്നറിയേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്. അയാള്‍ക്ക് വിശപ്പടക്കാന്‍ സൗകര്യമുണ്ടെന്ന് ഉറപ്പുവരുത്തി മാത്രമേ വിശ്വാസി ആഹാരം കഴിക്കാന്‍ പാടുള്ളൂ. ഇതൊന്നും ആദര്‍ശ ബന്ധം നോക്കിയല്ല;  മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ്.
നബി തിരുമേനി വിവേചനമില്ലാതെ ഇതര മതസ്ഥരുമായി ഇടപഴകിയിരുന്നു. നബിയുടെ സേവകനായ ഒരു ജൂത ബാലനുണ്ടായിരുന്നു (അഹ്മദ്, ബുഖാരി, അബൂദാവൂദ്). അവന്‍ രോഗബാധിതനായപ്പോള്‍ തിരുമേനി വീട്ടില്‍ പോയി സന്ദര്‍ശിച്ചു. തിരുമേനിയുടെ അയല്‍ക്കാരിലൊരാളായിരുന്നു അവന്‍. ആരാധനാ കര്‍മങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന ഒരു സ്ത്രീയെക്കുറിച്ച് അവള്‍ അയല്‍ക്കാരെ ഉപദ്രവിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ അവള്‍ നരകത്തിലാണ് എന്ന് തിരുമേനി അരുളി. അയല്‍വാസിയെക്കുറിച്ച് വന്ന കല്‍പ്പനാ നിര്‍ദേശങ്ങള്‍ ശിരസ്സാവഹിക്കുന്നതില്‍ നബി(സ)യുടെ അനുചരന്മാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അബ്ദുല്ലാഹിബ്നു ഉമര്‍ (റ) തന്റെ ജൂതനായ അയല്‍വാസിക്ക് മാംസം ദാനം ചെയ്യുന്നത് പതിവാക്കിയിരുന്നു.
നമ്മുടെ മഹല്ലുകളില്‍ ഇത്തരം സല്‍ഗുണങ്ങള്‍ വളര്‍ത്തിയെടുത്ത് സഹോദര സമുദായങ്ങള്‍ക്ക് ഇസ്‌ലാമിന്റെ മഹിതമായ ജീവിതമാതൃക കാണിച്ചുകൊടുക്കാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്.

Comments