വി.പി മുഹമ്മദ്
കൊച്ചിയിലും പള്ളുരുത്തിയിലുമായി ഇസ്‌ലാമിക പ്രസ്ഥാന വ്യാപനത്തിന് അത്യധ്വാനം ചെയ്ത പ്രവര്‍ത്തകനായിരുന്നു ഈയിടെ അല്ലാഹുവിലേക്ക് യാത്രയായ വി.പി മുഹമ്മദ്. കൊച്ചിയിലെ ആദ്യകാല ജമാഅത്ത് അംഗങ്ങളിലൊരാളായിരുന്നു. പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധതയുടെയും, സമയനിഷ്ഠയുടെയും കാര്യത്തില്‍ പുതിയ തലമുറക്ക് മാതൃകയായിരുന്നു. സ്വന്തമായി വാഹനമുപയോഗിക്കാതിരിക്കുമ്പോഴും ശാരീരികമായ അസ്വസ്ഥതകളനുഭവിക്കുമ്പോഴും പ്രസ്ഥാനം വിളിക്കുന്ന സംരംഭങ്ങളില്‍ യുവാക്കളെ തോല്‍പ്പിച്ചു മുന്‍നിരയിലെത്തിച്ചേരുമായിരുന്നു. യാഥാസ്ഥിതിക കുടുംബാന്തരീക്ഷത്തില്‍ വളര്‍ന്ന, കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവമായിരുന്ന അദ്ദേഹം യാദൃഛികമായാണ് മൗലാനാ മൗദൂദിയുടെ ഖുതുബാത്ത് എന്ന പുസ്തകത്തിന്റെ വായന കേള്‍ക്കാനിടയായത്. തൊട്ടടുത്ത് നടന്നിരുന്ന ഹല്‍ഖാ യോഗത്തിലായിരുന്നു അത് വായിച്ചിരുന്നത്. പിന്നീടത് പ്രവര്‍ത്തകരില്‍ നിന്ന് തേടിപ്പിടിച്ച് വായിച്ചു. ആ യാത്ര പ്രസ്ഥാനത്തിലെത്തിച്ചു. അധികം വൈകാതെ അംഗമാവുകയും ചെയ്തു. സാമ്പത്തികമായി പിന്നാക്കമായ പ്രദേശത്ത് വാടകക്കാണെങ്കിലും അല്‍പ്പം സൗകര്യമുള്ള വീടുണ്ടായിരുന്നത് വി.പിക്കായിരുന്നു. അവിടെയായിരുന്നു പ്രസ്ഥാന നേതാക്കന്മാര്‍ ഈ പ്രദേശത്ത് വരുമ്പോള്‍ താമസിച്ചിരുന്നത്. അടിയന്തരാവസ്ഥക്കാലത്തും ചില നിര്‍ണായക യോഗങ്ങള്‍ അവിടെ വെച്ചു നടന്നിരുന്നു. മല്‍സ്യബന്ധന ബോട്ടുകളുടെ നിര്‍മാണ ഷെഡ്ഡും വസ്ത്രനിര്‍മാണ ശാലയും സ്വന്തമായുണ്ടായിരുന്നു. കച്ചവടത്തില്‍ വന്ന ചില ബാധ്യതകളുടെ പേരില്‍ അല്‍പ്പകാലം കൊച്ചിയില്‍നിന്നും പ്രസ്ഥാനത്തില്‍ നിന്നും മാറിനില്‍ക്കേണ്ട സാഹചര്യമുണ്ടായി. വണ്ടി കയറിയത് ദല്‍ഹിയിലേക്കായിരുന്നു. അവിടെയും അദ്ദേഹം അടങ്ങിയിരുന്നില്ല. ദല്‍ഹിയില്‍നിന്ന് ആദ്യമായി ഒരു മലയാള ആഴ്ച്ചപ്പതിപ്പ് ഇറക്കാനുള്ള ശ്രമം ആരംഭിച്ചു. രാജവിഥി എന്ന ആ വാര്‍ത്താ വാരികക്ക് തുടക്കം കുറിക്കുന്നതിന്റെ തലേദിവസം ഇന്ദിരാഗാന്ധി കൊല്ലപ്പെടുകയും കലാപങ്ങള്‍ കത്തിയാളിയ ദല്‍ഹിയില്‍ വാരികയുടെ പ്രവര്‍ത്തനം മുടങ്ങുകയും ചെയ്തു.
തിരിച്ച് കൊച്ചിയിലെത്തിച്ചേര്‍ന്ന അദ്ദേഹം ബാധ്യതകള്‍ തീര്‍ക്കുകയും പ്രസ്ഥാനമാര്‍ഗത്തില്‍ വീണ്ടും സജീവമാവുകയും ചെയ്തു. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ കൈമുതലായിരുന്നു. പള്ളുരുത്തിയിലെ പള്ളിയുടെ നിര്‍മാണത്തിനു നേതൃത്വം നല്‍കി. സ്വന്തം വീടുനിര്‍മാണത്തിന് വേണ്ടി കരുതിവെച്ചിരുന്ന വലിയൊരു സംഖ്യ അദ്ദേഹം അതിനായി മാറ്റിവെച്ചു. അവശര്‍ക്കും അശരണര്‍ക്കും അന്നം നല്‍കുന്നതിലും സഹായമെത്തിക്കുന്നതിലും മുന്നിലായിരുന്നു. ഇസ്‌ലാമികസന്ദേശങ്ങള്‍ കലയിലൂടെ അവതരിപ്പിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. അത് ഈയുള്ളവനുമായി പലപ്പോഴും പങ്കുവെക്കാറുായിരുന്നു. മരണപ്പെടുമ്പോള്‍ ഉമറുബ്‌നു അബ്ദില്‍ അസീസിനെക്കുറിച്ച് 72 ഭാഗങ്ങളുള്ള തിരക്കഥ തയാറാക്കാന്‍ വേണ്ടിയുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു അദ്ദേഹം. നേരത്തേ മരണപ്പെട്ടുപോയ അദ്ദേഹത്തിന്റെ പത്‌നിയും സജീവ പ്രവര്‍ത്തകയായിരുന്നു. സല്‍മ (കൊച്ചി സിറ്റി ജില്ലാ സമിതിയംഗം), സനീറ സലീം (കാഞ്ഞിരപ്പള്ളി ഹല്‍ഖ) എന്നിവര്‍ മക്കളാണ്. എം.എച്ച് അബ്ദുര്‍റഹീം, റഫീഖ് എന്നിവരാണ് ജാമാതാക്കള്‍.
നഫീസ മേലാറ്റൂര്‍
മേലാറ്റൂര്‍ ഹല്‍ഖയുടെ ആദ്യകാല നാസിമും മേലാറ്റൂര്‍ സെന്‍ട്രല്‍ മസ്ജിദ് വൈസ് പ്രസിഡന്റും സകാത്ത് കമ്മിറ്റിയുടെ പ്രസിഡന്റുമായ വിയ്യനാടന്‍ അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ ഭാര്യയും ചെമ്മണിയോട് കാട്ടുകണ്ടന്‍ അലിയുടെയും തയ്യില്‍ ആഇശയുടെയും മകളുമായ നഫീസ (65) അല്ലാഹുവിങ്കലേക്ക് യാത്രയായി. ജീവിതത്തില്‍ പകര്‍ത്താവുന്ന ഒട്ടേറെ മാതൃകകള്‍ കാഴ്ചവെച്ചുകൊണ്ടാണ് അവര്‍ യാത്രയായത്. നിറപുഞ്ചിരിയോടെ എല്ലാവരുമായും ഇടപഴകിയിരുന്ന അവര്‍ കുടുംബാംഗങ്ങള്‍ക്കും പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കും അത്താണിയായിരുന്നു. പ്രസ്ഥാന നേതൃനിരയിലുള്ള യുവാക്കള്‍ക്ക് അവര്‍ സ്വന്തം മാതാവിനെപ്പോലെ തന്നെയായിരുന്നു. പ്രസ്ഥാന പ്രവര്‍ത്തനത്തില്‍ തന്റെ മുന്നില്‍ വരുന്ന ഏതു കാര്യത്തിനും നല്‍കിയ അകമഴിഞ്ഞ പിന്തുണയും സഹകരണവും എന്നും ഓര്‍മിക്കപ്പെടുന്നതാണ്.
ലിയാഖത്ത്, സമീറ, അജ്മല്‍, ശാഹിദ എന്നിവര്‍ മക്കളാണ്. അബ് ദുല്ലത്വീഫ് പൂളമണ്ണ, അബ്ദുല്ലത്വീഫ് പത്തിരിപ്പാല, ശബീന വടക്കാങ്ങര, ഖദീജ കരുവമ്പൊയില്‍ എന്നിവര്‍ മരുമക്കള്‍.
പി.കെ അബ്ദുല്ലത്വീഫ്
Comments