കരുണയുടെ ചിറകു വിരിച്ച് നവജീവന്‍ അഭയകേന്ദ്രം
'ഇവരൊക്കെയാണ് മോനേ, ഇപ്പോള്‍ എന്റെ മക്കള്‍' -കൊല്ലം നെടുമ്പന നവജീവന്‍ അഭയകേന്ദ്രം സന്ദര്‍ശിച്ച കൊല്ലം ജില്ലാ കലക്ടര്‍ ബി. അബ്ദുന്നാസിര്‍ ഐ.എ.എസ്സിന്റെ കൈ പിടിച്ച് കമലമ്മ ജീവിതം പറഞ്ഞു തുടങ്ങി. കൃഷിയും കല്‍പണിയുമൊക്കെയായി അത്യാവശ്യം സൗകര്യങ്ങളോടെ അല്ലലും അലട്ടലുമില്ലാതെ ഭര്‍ത്താവുമൊത്തുള്ള ജീവിതം. ആ ദാമ്പത്യവല്ലരിയില്‍ മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും. ദാമ്പത്യത്തിന്റെ നിറവര്‍ണങ്ങള്‍ക്കു മേല്‍ പെട്ടെന്നാണ് ഇരുട്ട് പടര്‍ന്നത്. ഭര്‍ത്താവിന്റെ മരണം കുടുംബത്തെ തളര്‍ത്തി. കഷ്ടപ്പാടിന്റെ നീര്‍ച്ചുഴിയില്‍ ജീവിതനൗക മുങ്ങിത്താഴ്ന്നുകൊണ്ടിരുന്നു. രണ്ട് മക്കള്‍ക്ക് ദാരുണാന്ത്യം. മറ്റൊരാള്‍ക്ക് രോഗവും. ഒരു മകളും അകാലത്തില്‍ പൊലിഞ്ഞു. പ്രായാധിക്യത്തിന്റെ അവശതയില്‍ ആരുടെയൊക്കെയോ കരുണയില്‍ സ്വകാര്യ ആശുപത്രിയിലെത്തി. ബില്ലടക്കാന്‍ പണമില്ലാതെയും ഏറ്റെടുക്കാന്‍ ആരുമില്ലാതെയും ആ അമ്മ കണ്ണീരണിഞ്ഞ് കൈകള്‍ കൂപ്പി ആകാശത്തേക്ക് നോക്കി ദൈവത്തെ വിളിച്ചു. ദൈവം വിളി കേട്ടു. ആശുപത്രിയുടെ കോമ്പൗണ്ടില്‍ വന്നു നിന്ന പോലീസ് ജീപ്പില്‍ കമലമ്മ നെടുമ്പന നവജീവന്‍ അഭയകേന്ദ്രത്തിലേക്ക്. നവജീവന്റെ ചാരത്തെ വിശാലമായ വയല്‍ പച്ചപ്പിലേക്ക് പ്രതീക്ഷകളോടെ കണ്ണുനട്ടു നില്‍ക്കുന്ന കമലമ്മയോട് എന്തൊക്കെയാണമ്മച്ചീ വിശേഷമെന്ന് ചോദിച്ചാല്‍ സന്തോഷം മക്കളേ, ദൈവത്തിന് സ്തുതി എന്ന് കൃതജ്ഞതയോടെ പറയും.
ആയുസ്സ് മുഴുവനും ആര്‍ക്കൊക്കെയോ വേണ്ടി ഉരുകിത്തീര്‍ന്ന്, സംരക്ഷിക്കാനാരുമില്ലാതായ ഒരുപിടി ജീവിതങ്ങളുടെ പ്രതിനിധിയാണ് കമലമ്മ. വര്‍ണപ്പക്ഷികള്‍ക്ക് ജീവന്‍ നല്‍കി വിധിയുടെ ഇരു പാര്‍ശ്വങ്ങളിലേക്ക് പിളര്‍ന്നുവീണ മുട്ടത്തോടുകളോട് മാതാപിതാക്കളെ ഉപമിച്ചത് മഹത്തുക്കള്‍. കാലത്തിന്റെ കൈവഴികളില്‍ അലസമായി കിടക്കുന്ന ആ മുട്ടത്തോടുകള്‍ക്കുമുണ്ടാകും പറയാന്‍ ഒരുപാട് കഥകള്‍. മനസ്സ് എത്തുന്ന സ്ഥലങ്ങളിലൊക്കെയും ശരീരം എത്തിയിരുന്ന കാലത്ത് തങ്ങള്‍ വളര്‍ത്തി വലുതാക്കിയ മക്കളും ബന്ധുക്കളും ഇടവഴിയില്‍ വെച്ച് നഷ്ടപ്പെട്ടുപോയതിന്റെ കണ്ണീര്‍തുള്ളികള്‍ ഉടുതുണിയുടെ അറ്റം കൊണ്ട് കവിള്‍ത്തടങ്ങളില്‍നിന്ന് ഒപ്പിയെടുക്കുന്ന ഒരുപാട് ജീവിതങ്ങള്‍.
നവജീവന്‍ അഭയകേന്ദ്രത്തിന്റെ മൂന്നാം നിലയിലെ റൂമിലേക്ക് കയറിച്ചെന്നാല്‍ ഇരുമ്പുകട്ടിലില്‍ കിടന്ന് ശരീരം മൊത്തവും വിറച്ചുകൊണ്ടിരിക്കുന്ന അദബിയ്യയെ കാണാം. അദബിയ്യയുടെ ഓര്‍മച്ചെപ്പുകളിലുമുണ്ട് പറയാന്‍ ഒരുപാട് കഥകള്‍. പ്രണയം മൊട്ടിട്ട പ്രേമപ്പൂന്തോപ്പില്‍ തീമഴ പെയ്ത ദുരന്ത ജീവിതത്തിന്റെ ബാക്കിപത്രമാണാ ജീവിതം. ഹൃദയം കൊതിച്ച പുതുമണവാളന്‍, ഗള്‍ഫുകാരന്‍. മധുരസ്വപ്‌നങ്ങള്‍ മനസ്സില്‍ മുല്ലപ്പൂുമാല കോര്‍ത്ത് പ്രതിശ്രുത വരന്റെ എയര്‍പോര്‍ട്ടിലേക്കുള്ള യാത്ര. പക്ഷേ കാലങ്ങളായി കാത്തിരുന്ന സ്വപ്‌നങ്ങളഖിലവും അറേബ്യന്‍ രാജവീഥിയില്‍ സംഭവിച്ച ദാരുണമായ വാഹനാപടകത്തില്‍ പൊലിഞ്ഞുപോയി. അറേബ്യന്‍ മരുഭൂമിയിലെ രാജവീഥിയില്‍ അദബിയ്യക്ക് നഷ്ടമായത് സ്വപ്‌നത്തിലെ രാജകുമാരന്‍ മാത്രമായിരുന്നില്ല, ഒപ്പം ജീവിതത്തിന്റെ ഓര്‍മകളും താളവുമായിരുന്നു.
നീല കൈലിമുണ്ടും നീളന്‍ കുപ്പായവുമണിഞ്ഞ് തൂവെള്ള തട്ടവുമിട്ട് വലതു കൈയിലെ പെരുവിരലിനും ചൂണ്ടുവിരലിനുമിടയില്‍ മന്ത്രമാലകളുടെ മുത്തുകള്‍ ഓരോന്നായി മറിച്ച് അധരങ്ങളില്‍ പ്രാര്‍ഥനാമന്ത്രങ്ങളുമായി രാപ്പകലുകളെ ഭക്തിസാന്ദ്രമാക്കി കഴിയുന്ന ഒരു വല്യുമ്മയുണ്ട് നവജീവനില്‍. പേര് സൈനബ. മാതാപിതാക്കള്‍ പണ്ടെപ്പോഴോ മരണപ്പെട്ടു. കേള്‍വിശക്തി ഇല്ലാതിരുന്ന സൈനബക്ക് വിവാഹസൗഭാഗ്യം ലഭിച്ചതുമില്ല. ആരോഗ്യമുള്ള കാലത്ത് വീടുകള്‍ മാറിമാറി ജോലിചെയ്തു. കവിളൊട്ടി കണ്ണുകള്‍ കുഴിഞ്ഞ് ശരീരം ദുര്‍ബലമായപ്പോള്‍ ജോലിയെടുത്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റാതായി. സുമനസ്സുകളുടെ കാരുണ്യത്താല്‍ സൈനബയും നവജീവനിലെ അംഗമായി. നവജീവനിലെ അമ്പതോളം വരുന്ന അന്തേവാസികള്‍ക്ക്, അല്ല കരുണ തേടിയെത്തിയ അതിഥികള്‍ക്ക് നമ്മളോട് പറയാനുള്ളത് കണ്ണീരിന്റെ ഉപ്പുരസമുള്ള ജീവിതകഥകള്‍.
കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി ചെയര്‍മാന്‍ എ. അബ്ദുസ്സലാം ഹാജിയുടെ ആത്മസമര്‍പ്പണവും, കൊല്ലം മുസ്‌ലിം അസോസിയേഷന്റെ അകമഴിഞ്ഞ പിന്തുണയും കെ.കെ മമ്മുണ്ണി മൗലവിയുടെ ഇഛാശക്തിയുമാണ് കൊല്ലം നെടുമ്പന നവജീവന്‍ അഭയകേന്ദ്രത്തിനു തുടക്കം കുറിച്ചത്. വാടാനപ്പള്ളി ഓര്‍ഫനേജ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലും കൊല്ലം ജില്ലയിലെ പ്രസ്ഥാന പ്രവര്‍ത്തകരുടെ സമര്‍പ്പണ സന്നദ്ധതയിലും നവജീവന്‍ മുന്നോട്ടുപോകുന്നു. സുമനസ്സുകളുടെ സാന്ത്വന കരങ്ങളാണ് നവജീവന്റെ ജീവനും ഊര്‍ജവും. നവജീവനിലേക്കുള്ള നിങ്ങളുടെ യാത്രയും സഹായവും കുറേ ജീവിതപാഠങ്ങള്‍ പകര്‍ന്നുതരും; ഒപ്പം പരമകാരുണികന്റെ കരുണാ കടാക്ഷവും.
Comments