ഹലാല്‍ ഒന്നിനെയും വിഷലിപ്തമാക്കുന്നില്ല
കെ.എസ് രാധാകൃഷ്ണന്‍ കേസരി വാരികയിലെഴുതിയ 'ജനാധിപത്യത്തെ വിഷലിപ്തമാക്കുന്ന ഹലാല്‍' എന്ന ലേഖനം (2021 മാര്‍ച്ച് 12) അതിന്റെ തലക്കെട്ട് സൂചിപ്പിക്കുന്ന പോലെ വളരെ പ്രതിലോമപരമാണ്. എങ്ങനെ വിഷലിപ്തമാവുന്നു എന്ന് വ്യക്തമാക്കാന്‍ ലേഖകന് സാധിക്കുന്നുമില്ല. കാരണങ്ങളായി പറയുന്നതാകട്ടെ വസ്തുതകള്‍ക്ക് വിരുദ്ധമാണു് താനും. 'ലോകത്തിലെ എല്ലാ മതങ്ങളെയും സമഗ്രമായി ശുദ്ധീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രവാചകനായ മുഹമ്മദ് ഹലാല്‍ എന്ന ആശയം അവതരിപ്പിച്ചത്' എന്നാണ് ലേഖനത്തിലെ ഒന്നാമത്തെ വാക്യം.
ഹലാല്‍ ലോകമതങ്ങളെ ശുദ്ധീകരിക്കാനുള്ളതാണ് എന്ന വാദഗതി തികച്ചും അടിസ്ഥാനരഹിതമാണ്. മറ്റു മതസ്ഥര്‍ ജാഗരൂകരായി ഇരിക്കണമെന്ന് പറയാതെ പറയുകയാണ് ഇവിടെ. പ്രവാചകന്റെ 23 വര്‍ഷത്തെ ദൗത്യനിര്‍വഹണത്തിന്റെ ഭാഗമായി ധാരാളം ആളുകള്‍ ദൈവിക സന്മാര്‍ഗം സ്വീകരിച്ചിട്ടുണ്ട്. പ്രവാചകനു ശേഷവും അനേകം ആളുകള്‍ ദൈവിക സരണിയിലേക്ക് വന്നു. മതമില്ലാത്തവരും അവരിലുണ്ടാവും. അവര്‍ ഇസ്‌ലാമിലെ ഹറാം-ഹലാല്‍ പരിധികള്‍ പാലിക്കും. അതല്ലാതെ 'മതങ്ങളെ ശദ്ധീകരിക്കുന്ന' പ്രക്രിയ ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയില്ല. മതങ്ങളെല്ലാം സ്ഥാപനവത്കരിക്കപ്പെട്ടും ശ്രേണീബദ്ധമായും നിലനില്‍ക്കുന്നതായാണ് നമുക്ക് കാണാന്‍ കഴിയുക. ഇനി ഏതെങ്കിലും മതം പ്രവാചകന്മാരുടെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഫലമായി ശുദ്ധീകരിക്കപ്പെടുകയാണെങ്കില്‍ അതൊരു സ്വാഭാവിക സംഭവമായാണ് മനസ്സിലാക്കേണ്ടത്. വ്യക്തികളുടെ ദൈവോന്മുഖമായ വളര്‍ച്ചക്കാണ് ദൈവിക സന്മാര്‍ഗദര്‍ശനം പ്രാമുഖ്യം നല്‍കുന്നത്. അതുവഴി കുടുംബത്തിന്റെയും സമൂഹത്തിന്റെയും ലോകത്തിന്റെയും ദൈവോന്മുഖമായ വികാസവും അത് ലക്ഷ്യം വെക്കുന്നു. ഹലാലും അതിനാധാരമായ ദൈവിക സന്മാര്‍ഗദര്‍ശനവും പ്രവാചകന്‍ അവതരിപ്പിച്ചതല്ല. പ്രവാചകനോ അനുയായികളോ ഇന്നോളം അങ്ങനെ വാദിച്ചിട്ടില്ല. ദൈവിക സന്മാര്‍ഗദര്‍ശനം സമ്പൂര്‍ണവും ദൈവത്തില്‍നിന്നുള്ളതുമാകയാല്‍ പ്രവാചകന് അത് സ്വയം അവതരിപ്പിക്കാന്‍ കഴിയില്ല. പ്രവാചകനിലൂടെ അവതരിപ്പിക്കപ്പെടുകയാണ് ചെയ്തിട്ടുള്ളത്.
'പ്രാകൃതവും അശുദ്ധവുമായ ആചാരങ്ങളും ശീലങ്ങളും കൊണ്ട് അബ്രഹാമിക് മതങ്ങള്‍ക്കുണ്ടാകുന്ന അശുദ്ധിയില്‍ അദ്ദേഹം വളരെയധികം ഉത്കണ്ഠാകുലനാകുകയും അബ്രഹാമിക് പാരമ്പര്യങ്ങളെ ശുദ്ധീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു' എന്നാണ് ലേഖനത്തിലെ മറ്റൊരു വാക്യം. അബ്രഹാമിക് പാരമ്പര്യം ദൈവിക സന്മാര്‍ഗദര്‍ശനത്തില്‍നിന്ന് രൂപം കൊള്ളുന്നതാണ്. ഏകദൈവത്വവും തദനുസാരമായ ജീവിത ദര്‍ശനവുമാണ് അബ്രഹാം പ്രവാചകന്‍ ഉയര്‍ത്തിപ്പിടിച്ചത്. ഈ പാരമ്പര്യത്തില്‍നിന്ന് വ്യതിചലിച്ചവരുടെ ദൈവവിരുദ്ധ മാര്‍ഗങ്ങളെ അബ്രഹാമിക് മതങ്ങളെന്ന് വിശേഷിപ്പിക്കുന്നത് കടന്നകൈയാണ്. അബ്രഹാമിക് പാരമ്പര്യത്തില്‍നിന്ന് വ്യതിചലിച്ചവരെയോര്‍ത്ത് പ്രവാചകന് സ്വാഭാവിക ഉത്കണ്ഠ ഉണ്ടായിട്ടുണ്ട്. സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ക്കും തങ്ങള്‍ ജീവിക്കുന്ന കാലഘട്ടത്തെ സംബന്ധിച്ചും ജനതയെ സംബന്ധിച്ചും ഉത്കണ്ഠ ഉണ്ടാകാറില്ലേ?
'സ്വന്തം മതത്തെ ഉപേക്ഷിച്ച് ഇസ്‌ലാമിനെ സ്വീകരിക്കാന്‍ ജൂതന്മാരെയും ക്രിസ്ത്യാനികളെയും പ്രവാചകന്‍ നിര്‍ബന്ധിച്ചു'വെന്ന് ലേഖനത്തില്‍ കാണാം. മതത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധമോ ബലാല്‍ക്കാരമോ ഇല്ലെന്ന് ദൈവിക സന്മാര്‍ഗദര്‍ശനത്തിന്റെ മുഖ്യ ആദര്‍ശമാണ്. മനുഷ്യ ചിന്തയോടും യുക്തിയോടുമാണ് വേദഗ്രന്ഥവും പ്രവാചകനും സംവദിക്കുന്നത്. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെയും ഇഛാസ്വാതന്ത്ര്യത്തെയും അത് മാനിക്കുന്നു. ഈ ഖുര്‍ആനിക സംസ്‌കാരം പ്രബോധനം ചെയ്യുന്ന പ്രവാചകന്‍ ഇതര മതസ്ഥരെ സ്വന്തം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചു എന്ന് പറയുന്നതുതന്നെ യുക്തിസഹമല്ല. മദീനയില്‍ വെച്ച് ജൂത ഗോത്രങ്ങളുമായി ഉടമ്പടി ഉണ്ടാക്കിയത് ചരിത്രപ്രസിദ്ധമാണ്. പ്രവാചകനിലൂടെ നല്‍കപ്പെട്ട ഖുര്‍ആനിലും അതിന്റെ ജീവിത ദര്‍ശനത്തിലും പ്രവാചക ജീവിതത്തിലും ദൈവിക നിര്‍ദേശങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമായി ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. അപ്പോള്‍ പിന്നെ ദൈവിക നിര്‍ദേശങ്ങള്‍ ഒരവകാശമായി പുറപ്പെടുവിക്കേണ്ട ആവശ്യം തന്നെ പ്രവാചകന് ഉണ്ടായിരുന്നില്ല. ലേഖനത്തിലെ വിവരണങ്ങളെല്ലാം ചരിത്രസത്യങ്ങളുടെ വിപരീത ദിശയിലാണ്.
ജൂത-ക്രൈസ്തവ മതങ്ങളെ ഏതെങ്കിലും തരത്തില്‍ ലക്ഷ്യം വെച്ചുകൊണ്ടല്ല ഹലാല്‍ സംസ്‌കാരം ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത്. ഹലാല്‍ ലോകത്താസകലമുള്ള മനുഷ്യര്‍ക്ക്, ഇഷ്ടമുണ്ടെങ്കില്‍ സ്വീകരിക്കാം എന്ന നിലയില്‍ സൃഷ്ടികര്‍ത്താവ് അവതരിപ്പിച്ചതാണ്. ഇസ്‌ലാമിക ആദര്‍ശത്തെ പിന്‍പറ്റുന്നവര്‍ അത് നിര്‍ബന്ധമായും അനുവര്‍ത്തിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് മുസ്‌ലിംകള്‍ ഭക്ഷണ കാര്യത്തിലും മറ്റെല്ലാ കാര്യത്തിലും ഹലാല്‍ സൗകര്യം അന്വേഷിക്കുന്നത്. അതില്‍ ഏതെങ്കിലും തരത്തിലുള്ള വിവേചനത്തിന്റെയോ വിഭാഗീയതയുടെയോ പ്രശ്‌നം ഉദിക്കേുന്നേയില്ല. ജനനം മുതല്‍ മരണം വരെയുള്ള മനുഷ്യജീവിതത്തില്‍ എന്തെല്ലാം കാര്യങ്ങളുണ്ടോ അതിലലെല്ലാം ബോധപൂര്‍വം നടപ്പില്‍ വരുത്തേണ്ട ദൈവഹിതത്തെയാണ് ഹലാല്‍ സൂചിപ്പിക്കുന്നത്. അതല്ലാതെ മറ്റു മതസ്ഥരെ മതം മാറ്റാനോ അവരെ ശുദ്ധീകരിക്കാനോ ഉള്ള ഒരു ഉപകരണം എന്ന നിലക്കല്ല പ്രവാചകന്‍ അത് പരിചയപ്പെടുത്തിയിട്ടുള്ളത്. തങ്ങള്‍ക്ക് കൂടുതല്‍ ഹിതകരമായ ഒന്ന് തെരഞ്ഞെടുക്കാനുള്ള ഏതൊരാളുടെയും സ്വാതന്ത്ര്യ വാഞ്ഛയെ മുന്‍നിര്‍ത്തിയാണ് ഖുര്‍ആന്‍ ഇതെല്ലാം അവതരിപ്പിച്ചത് എന്നതാണ് സത്യം.
'മോസ്സസ്, ജീസ്സസ് എന്നിവരെപ്പോലുള്ള പ്രവാചകന്മാരെ തിരുത്താനുള്ള അധികാരം തനിക്കുണ്ടെന്ന് പ്രവാചകന്‍ വാദിച്ചതായി' ലേഖനം പറയുന്നു. യഥാര്‍ഥത്തില്‍ പൂര്‍വ പ്രവാചകന്മാരുടെ പ്രബോധന സത്യങ്ങള്‍ സ്ഥിരീകരിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. കാരണം പ്രവാചകന്മാരെല്ലാം ഒരേ തായ് വഴിയിലുള്ളവരാണ്. പ്രവാചകന് പൂര്‍വ പ്രവാചകന്മാരെ തിരുത്തേണ്ടിവരുന്നേയില്ല. ദൈവത്താല്‍ നിയുക്തരായ പ്രവാചകന്മാരല്ല വ്യതിലചിച്ചത്. അവരുടെ അനുയായികളെന്ന് പറയപ്പെടുന്നവരും അവരെ അംഗീകരിക്കാത്തവരുമാണ് വ്യതിചലിച്ചത്. ദൈവികമാര്‍ഗത്തില്‍നിന്നും വ്യതിചലിച്ച ജനങ്ങളെയാണ് പ്രവാചകന്‍ സംസ്‌കരിക്കുന്നത്. പ്രവാചകന്മാര്‍ എല്ലാ മതങ്ങള്‍ക്കും മതസ്ഥര്‍ക്കും എതിരാണെന്ന് വരുത്തിത്തീര്‍ക്കാനാണ് യാഥാര്‍ഥ്യങ്ങള്‍ക്കു നിരക്കാത്ത കാര്യങ്ങള്‍ ലേഖനത്തിലുടനീളം പറയുന്നത്. ജനിച്ചവരും ജനിക്കാനിരിക്കുന്നവരുമായ ലോകത്തിലെ മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടി ഒരേ ഭക്ഷണ സാധനങ്ങള്‍ പ്രവാചകന്‍ നിര്‍ദേശിച്ചിട്ടില്ല, ഭക്ഷണ ശീലങ്ങള്‍ പ്രവാചകന്‍ സ്വീകരിച്ചിട്ടില്ല. ഭക്ഷണ ശീലങ്ങളെന്ന പ്രയോഗം ഭക്ഷണത്തിലെ വൈവിധ്യത്തെയും അത് കഴിക്കുന്ന രീതികളെയുമാണ് സൂചിപ്പിക്കുന്നത്. പ്രവാചകന്‍ ഭക്ഷണ കാര്യങ്ങളിലെ ദൈവഹിതത്തെയാണ് പഠിപ്പിച്ചത്. വസ്ത്രധാരണത്തിലെയും വിദ്യാഭ്യാസ കാര്യങ്ങളിലെയും ദൈവഹിതമാണ് പഠിപ്പിച്ചത്. ഇസ്‌ലാം സാര്‍വലൗകികമായതുകൊണ്ടാണ് ഹലാല്‍ പ്രയോഗം സാര്‍വലൗകികമായി മാറുന്നത്. മുസ്‌ലിംകളും ഹലാല്‍ സംസ്‌കാരത്തിന്റെ നന്മകള്‍ ഇഷ്ടപ്പെടുന്നവരും ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ജീവിക്കുന്നു. സ്വാഭാവികമായും അതിനൊരു സാര്‍വലൗകിക ഭാവം കൈവരുന്നത് അധിനിവേശമായി കാണേണ്ടതില്ല. യാഥാസ്ഥിതികത്വത്തിന്റെ പുറന്തോടുകള്‍ പൊട്ടിച്ചെറിഞ്ഞുകൊണ്ടാണ് ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ചില വശങ്ങള്‍ നമ്മുടെ മുന്നിലെത്തുക. അതിനെ അന്താരാഷ്ട്രീയവും ദേശീയവുമായി വ്യാഖ്യാനിക്കുന്നതില്‍ ഒരര്‍ഥവുമില്ല. ഇന്ത്യന്‍ മുസ്‌ലിംകള്‍ ഒരു വിദേശ ശക്തികളുടെയും നിയന്ത്രണത്തിലല്ല ജീവിക്കുന്നത്. ഇവിടെ മത വിദ്യാഭ്യാസം നേടുന്ന കുട്ടികളെ ആരും അരുതാത്തത് ചൊല്ലി പഠിപ്പിക്കുന്നുമില്ല. ചില കാര്യങ്ങള്‍ നമ്മുടെ സങ്കല്‍പങ്ങള്‍ക്കപ്പുറം ലോകശ്രദ്ധ നേടും. ഹലാലിനെ ലോകം സ്വീകരിക്കുന്നത് അതിലെ നന്മകള്‍ മൂലമാണ്. മതപരമായ വിവേചനം കാണിക്കാന്‍ ഇസ്‌ലാം പഠിപ്പിക്കുന്നില്ല. അതിനാല്‍ 'ഇസ്‌ലാമിന്റെ കാര്യത്തില്‍ അയിത്താചരണത്തിന്റെ അടിസ്ഥാനം മതമാണ്' എന്ന ലേഖകന്റെ പരാമര്‍ശം കേവലം ഇവിടെയുള്ള ജാതിവ്യവസ്ഥക്ക് പ്രതിബിംബം കണ്ടെത്തലാണ്. പൗരത്വ പ്രക്ഷോഭങ്ങളില്‍ അണിചേരുന്നത് രാജ്യദ്രോഹമായി ചിത്രീകരിക്കുന്നവര്‍ ഹലാല്‍ രീതി ഭരണഘടനാവിരുദ്ധമാണെന്ന് വാദിക്കുന്നതില്‍ യാതൊരു അത്ഭുതവുമില്ല.
Comments