Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 16

3198

1442 റമദാന്‍ 04

യൂസുഫ് (അ) ചരിതത്തിലെ ജീവിതപാഠങ്ങള്‍

കെ.എം അശ്‌റഫ്

(ഡോ. അലി മുഹ്‌യിദ്ദീന്‍ അല്‍ ഖറദാഗിയുടെ 'യൂസുഫ് (അ)- ഇസ്‌ലാമികേതര നാടുകളിലെ മുസ്‌ലിംകള്‍ക്കൊരു മാതൃക' എന്ന പുസ്തകത്തെ അവലംബിച്ച് തയാറാക്കിയത്)

യൂറോപ്യന്‍ നാടുകളിലേക്ക് അഭയാര്‍ഥികളും കുടിയേറ്റക്കാരുമായി കടന്നുവന്ന മുസ്‌ലിംകളുടെ ജീവിതവും യൂസുഫ് നബി(അ)യുടെ ജീവിതവും ശ്രദ്ധാര്‍ഹമായ സമാനതകള്‍ പങ്കിടുന്നുണ്ട്. മുസ്‌ലിംകള്‍ പൊതുവിലും  മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ സവിശേഷമായും ഓര്‍ത്തിരിക്കേണ്ട ആ ജീവിതപാഠങ്ങളെ കുറിച്ച നിരീക്ഷണങ്ങളാണ് ചുവടെ.
സ്വേഛാധിപത്യ ഭരണകൂടങ്ങളുടെ പീഡനങ്ങളും സാമൂഹികവും സാമ്പത്തികവുമായ അനീതികളുമായിരുന്നു യൂറോപ്പിലേക്കുള്ള മുസ്‌ലിം കുടിയേറ്റത്തിന്റെ  മുഖ്യഹേതു. സഹോദരങ്ങളുടെ വധശ്രമത്തോളമെത്തുന്ന ചെയ്തികളാണ് യൂസുഫിനെ ഈജിപ്തിലെ അടിമച്ചന്തയിലെത്തിക്കുന്നത്. താരതമ്യത്തില്‍, സ്വാതന്ത്ര്യത്തിലും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിലും ഈ മുസ്‌ലിം സമൂഹങ്ങളുടെ അവസ്ഥ യൂസുഫ് നബിയേക്കാള്‍ വളരെയേറെ മെച്ചപ്പെട്ടതാണ്. യൂസുഫ് നബിയാകട്ടെ അടിമയായിട്ടാണ് ഈജിപ്തിലെത്തുന്നത്. 
ഒരുപാട് പരീക്ഷണങ്ങള്‍ക്ക് വിധേയമായതാണ് യൂസുഫ് നബിയുടെ ജീവിതം. കൊട്ടാരത്തിലെ പ്രഭ്വിയുടെ പ്രലോഭനങ്ങളാണ് ഇതില്‍ മുഖ്യം. വൈകാരികവും അധാര്‍മികവുമായ വഷളത്തരങ്ങള്‍ക്ക് അദ്ദേഹം വിധേയപ്പെട്ടിരുന്നുവെങ്കില്‍ ഈജിപ്തിന്റെ അധികാരം കൈയേല്‍ക്കുക അടക്കം പിന്നീട് വരുന്ന  ചരിത്രദൗത്യങ്ങള്‍ ഒരിക്കലും സാധ്യമാകുമായിരുന്നില്ല. സമാനമായ സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ വൈകാരികതകള്‍ക്കും പ്രലോഭനങ്ങള്‍ക്കും നടുവിലാണ് യൂറോപ്പിലെയും മറ്റും മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ജീവിക്കുന്നത്. ഇത്തരമൊരന്തരീക്ഷത്തില്‍ ഒരു മുസ്‌ലിം അവന്റെ ദീനീ വ്യക്തിത്വത്തെ എങ്ങനെ സംരക്ഷിക്കണമെന്നതിന്റെ മികച്ച ഉദാഹരണമാണ് യൂസുഫ് നബി(അ).

യൂസുഫ് നബി(അ)യുടെ ജീവിതം പകര്‍ന്നുതരുന്ന പാഠങ്ങള്‍:

ഒന്ന്
തന്റെ ആദര്‍ശവും സ്വഭാവമഹിമയും കാത്തുസൂക്ഷിച്ചുകൊണ്ടാണ് യൂസുഫ് ഈജിപ്തില്‍ ജീവിച്ചത്. വര്‍ഷങ്ങളോളം തടവറയില്‍ കഴിയേണ്ടിവരുവോളം ത്യാഗപൂര്‍ണമായിരുന്നു ഈ ദൗത്യം. തങ്ങളുടെ ദീനും ആദര്‍ശവും ഉയര്‍ന്ന സ്വഭാവങ്ങളും പരിരക്ഷിക്കുകയെന്നതാവണം ന്യൂനപക്ഷങ്ങളുടെ മുഖ്യ ശ്രദ്ധ. ഈ ലക്ഷ്യസാക്ഷാത്കാരത്തിന് ആവശ്യമായ ഭൗതികവും ആശയപരവുമായ എല്ലാ മാര്‍ഗങ്ങളും അവര്‍ സ്വീകരിക്കുകയും വേണം. ആദര്‍ശവും ധാര്‍മികതയും ബലികഴിച്ചുകൊണ്ടുള്ള ഏതൊരു ഭൗതികലക്ഷ്യവും - അതെത്ര മഹത്തരമാണെന്ന് തോന്നിയാലും - മൂല്യമില്ലാത്തതാണ്.
'എന്റെ നാഥാ, ഇവരെന്നെ ക്ഷണിക്കുന്നത് ഏതൊന്നിലേക്കാണോ അതിനേക്കാള്‍ എനിക്കിഷ്ടം തടവറയാണ്' (യൂസുഫ് : 33) എന്ന യൂസുഫ്  നബിയുടെ പ്രതികരണത്തിന്റെ ഉള്ളടക്കമിതാണ്. ദൈവകോപം ക്ഷണിച്ചുവരുത്തുന്ന പാപകൃത്യത്തേക്കാള്‍ തനിക്ക് സ്വീകാര്യം, ഒരുവേള ജീവിതാന്ത്യം വരെ നീണ്ടേക്കാവുന്ന തടവറവാസമാണെന്നാണ് ഇതിന്റെ പൊരുള്‍. ഒരു പാപകൃത്യം (മഅ്‌സ്വിയത്ത്) തന്നെ ഇവ്വിധം ഗുരുതരമാണെന്നിരിക്കെ, ദീനീസ്വത്വം  തന്നെ നഷ്ടപ്പെടുത്തി അന്യ വിശ്വാസ സംഹിതകളിലും സംസ്‌കാരങ്ങളിലും അലിഞ്ഞുചേരുന്നതിന്റെ ഗൗരവം എന്തായിരിക്കുമെന്ന് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ആലോചിക്കേണ്ടതുണ്ട്.

രണ്ട്
സത്യനിഷേധിയാണെങ്കിലും തങ്ങളോട് നന്മയില്‍ വര്‍ത്തിക്കുന്നവരോട് പ്രതിബദ്ധത (വഫാഅ്) പുലര്‍ത്തണം. യൂസുഫിനെ വിലയ്ക്കു വാങ്ങുമ്പോള്‍ ഈജിപ്തിലെ പ്രഭു (രാജാവ്) പറയുന്നതിങ്ങനെ: ''ഈജിപ്തില്‍നിന്ന് അവനെ വാങ്ങിയവന്‍ തന്റെ പത്‌നിയോടു പറഞ്ഞു: ഇവനെ നല്ല നിലയില്‍ പോറ്റി വളര്‍ത്തുക. ഇവന്‍ നമുക്കുപകരിച്ചേക്കാം. അല്ലെങ്കില്‍ നമുക്കിവനെ നമ്മുടെ മകനായി കണക്കാക്കാം'' (യൂസുഫ് : 21). പ്രഭുവിന്റെ വാക്കുകളിലെ നന്മ യൂസുഫ് തിരിച്ചറിയുന്നുണ്ട്. പ്രഭ്വി വേഴ്ചക്ക് പ്രേരിപ്പിക്കുമ്പോള്‍ അല്ലാഹുവിനോടുള്ള ഭയത്തിനു പുറമെ തന്നോടു നന്മ കാണിച്ച പ്രഭുവിനെ താന്‍ വഞ്ചിക്കുകയില്ല എന്നൊരു ധ്വനി യൂസുഫിന്റെ വാക്കുകളിലുണ്ട്.
''യൂസുഫ് പാര്‍ക്കുന്ന പുരയിലെ പെണ്ണ് അയാളെ വശീകരിക്കാന്‍ ശ്രമിച്ചു. വാതിലുകളടച്ച് അവള്‍ പറഞ്ഞു; 'വരൂ.' അവന്‍ പറഞ്ഞു: അല്ലാഹു ശരണം; അവനാണെന്റെ നാഥന്‍. അവനെനിക്കു നല്ല സ്ഥാനം നല്‍കിയിരിക്കുന്നു. അതിക്രമികള്‍ ഒരിക്കലും വിജയിക്കുകയില്ല'' (യൂസുഫ്: 23). ഈ സൂക്തത്തിലെ 'ഇന്നഹു റബ്ബീ' (അവനാണെന്റെ നാഥന്‍) എന്ന വാചകത്തിലെ 'അവന്‍' എന്ന സര്‍വനാമം (ളമീര്‍) പ്രഭുവിലേക്കാണ് മടങ്ങുന്നതെന്ന് ചില മുഫസ്സിറുകള്‍ പറഞ്ഞിട്ടുണ്ട്. ഇതത്ര സ്വീകാര്യമായ  വിശദീകരണമൊന്നുമല്ല. രണ്ടു വിശദീകരണവും (അല്ലാഹു/പ്രഭു) സംഗതമാണന്നാണ് എന്റെ പക്ഷം. ശേഷമുള്ള 'നന്ദികെട്ടവര്‍ / അക്രമികള്‍ വിജയിക്കുകയില്ല' എന്ന വചനവും ഇതിന് ഉപോദ്ബലകമാണ്. ന്യൂനപക്ഷങ്ങള്‍ തങ്ങളോട് നന്മയില്‍ വര്‍ത്തിക്കുന്നവരോട് ഏറ്റവും മികച്ച പെരുമാറ്റത്തിന് പ്രതിജ്ഞാബദ്ധമാണന്ന് യൂസുഫ് നബിയുടെ ഈ സംഭവം ഓര്‍മപ്പെടുത്തുന്നു. നന്മയുടെ പ്രതിഫലം നന്മയല്ലാതെന്ത് എന്ന് ഖുര്‍ആന്‍ മറ്റൊരിടത്ത് പറയുന്നുണ്ടല്ലോ (അര്‍റഹ്മാന്‍ : 60).

മൂന്ന്
ഭരണാധികാരികളോ തദ്ദേശീയരോ ആയ ചിലരില്‍നിന്ന് അനീതിയും അക്രമവും ഉണ്ടായാല്‍ പോലും തദ്ദേശീയരെ തിരിച്ച് ആക്രമിക്കാന്‍ ന്യൂനപക്ഷമോ/ കുടിയേറിയവരോ മുതിരരുതെന്ന് യൂസുഫി(അ)ന്റെ നിലപാടുകള്‍ പഠിപ്പിക്കുന്നു. അക്രമത്തെ അക്രമം കൊണ്ട് നേരിടാവതല്ല. വ്യക്തികളില്‍ ചിലരുടെ അല്ലെങ്കില്‍ ഭരണകൂടത്തിന്റെ തന്നെ അന്യായങ്ങള്‍ക്ക് പകരമായി ആ ജനതയോ അതിലെ നിരപരാധികളോ അതിക്രമങ്ങള്‍ക്ക് വിധേയരാവാന്‍ പാടില്ല. രാജ്ഞിയുടെ കുത്സിത ശ്രമങ്ങള്‍ക്കു ശേഷവും യൂസുഫ് നബി (അ) പറയുന്നത് 'അന്യായക്കാര്‍' വിജയിക്കുകയില്ലെന്നാണ്. ആ നാട്ടുകാരെ മുഴുവന്‍ ആക്ഷേപിക്കുകയല്ല അദ്ദേഹം ചെയ്തത്. അധിനിവേശകരുടെ പണമാണെന്ന ന്യായേന യൂറോപ്യന്‍ - അമേരിക്കന്‍ നാടുകളിലെ പണം അന്യായമായി കവരുന്ന ചില മുസ്‌ലിം കുടിയേറ്റക്കാര്‍ക്കുള്ള മറുപടി കൂടിയാണ് യൂസുഫ് നബിയുടെ ഈ വാക്കുകള്‍. ശരീഅത്തിനെ വികലമായി മനസ്സിലാക്കുന്ന രോഗാതുരമായ മനസ്സിന്റെ ന്യായീകരണം മാത്രമാണിത്. ഈ ചെയ്തികള്‍ ളുല്‍മ് ആണെന്ന് പറയാന്‍ തെളിവുകള്‍ എമ്പാടുമുണ്ട്. അല്ലാഹു പറയുന്നു:
''അതെന്തെന്നാല്‍ പാപഭാരം ചുമക്കുന്ന ആരും അപരന്റെ പാപച്ചുമട് പേറുകയില്ല'' (ഫാത്വിര്‍:18, സുമര്‍: 7). ഇന്നുള്ള യൂറോപ്യന്‍ രാജ്യങ്ങളിലധികവും അധിനിവേശകരായിരുന്നില്ല എന്ന വസ്തുതയും ഓര്‍മിക്കണം. ഈ കൂടിയേറ്റക്കാരാകട്ടെ അധിനിവേശത്തിന്റെ കഷ്ടനഷ്ടങ്ങള്‍ പേറിയ ഇരകളെ പ്രതിനിധീകരിക്കുന്നവരുമല്ല. ഈ മനോഭാവം കാരണം രണ്ടു തരം അന്യായങ്ങള്‍ സംഭവിക്കുന്നു: ഒന്ന്, തെറ്റു ചെയ്യാത്തവരോട് അതിക്രമം കാണിക്കുന്നു. രണ്ട്,  മുസ്‌ലിം സമാജത്തിന്റെ മൊത്തം പ്രതിനിധികളാണെന്ന് ഭാവിച്ച് നിഷിദ്ധ ധനം സ്വന്തമാക്കുന്നു.

നാല്
പൗരത്വവും ജീവിച്ചുവളര്‍ന്ന നാടിനോടുള്ള സ്‌നേഹവും വളരെ പ്രധാനമാണ്. പെണ്‍ശല്യത്താല്‍ ജീവിതം കൂടുതല്‍ ദുസ്സഹമാകുമ്പോഴും 'നാടുവിടുക' എന്ന തീര്‍പ്പിലേക്ക് യൂസുഫ് നബി എത്തുന്നില്ല.
'എന്റെ നാഥാ, ഇവരെന്നെ ക്ഷണിക്കുന്നത് ഏതൊന്നിലേക്കാണോ അതിനേക്കാള്‍ എനിക്കിഷ്ടം തടവറയാണ്' എന്ന് പ്രാര്‍ഥിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. അദ്ദേഹം ഈജിപ്തിനെ സ്വന്തം നാടായി കാണുകയും അതിനെ ഇഷ്ടപ്പെടുകയും 'പലായന'ത്തേക്കാള്‍ ആ നാട്ടിലെ തടവറക്ക് പ്രാമുഖ്യം കല്‍പിക്കുകയും ചെയ്യുന്നു. അതിലുപരി, ഈജിപ്ഷ്യന്‍ ജനതയെ സേവിക്കാനുള്ള അവസരമെന്ന നിലക്ക് രാജ്യത്തിന്റെ ഖജനാവ് തന്നെ ഏല്‍പിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. പിന്നിട് തന്റെ മാതാപിതാക്കളെയും മുഴുവന്‍ സഹോദരങ്ങളെയും ഈജിപ്തിലേക്ക് കൊണ്ടുവന്ന് പാര്‍പ്പിക്കുന്നുമുണ്ട്. ആ രാജ്യത്തുള്ളവരാകട്ടെ ഇബ്‌റാഹീമീ മതത്തില്‍ വിശ്വസിക്കുന്നവരുമായിരുന്നില്ല. ദീനിന് വിധേയപ്പെടാത്ത ഒരു രാജ്യത്തിന്റെ പൗരത്വം (ബാധ്യതകളും അവകാശങ്ങളും നിര്‍ണയിക്കുന്ന) സ്വീകാര്യമാണന്ന ഒരടിത്തറ യൂസുഫ് നബിയുടെ ചരിത്രം ബോധ്യപ്പെടുത്തുന്നുണ്ട്.

അഞ്ച്
ദുരിതപൂര്‍ണമായ ജീവിതത്തിനിടയിലും പ്രബോധനമെന്ന മുഖ്യദൗത്യം നിര്‍വഹിക്കുന്നതില്‍ ഒരു വീഴ്ചയും വരുത്തിയില്ല യൂസുഫ് നബി (അ). അന്യായമായി അടിമയാക്കപ്പെട്ടതും, കൊട്ടാരത്തിലെ ഗൂഢാലോചനയുടെ ഇരയായതും ജയിലിലടക്കപ്പെട്ടതും മുഖ്യ ദൗത്യനിര്‍വഹണത്തില്‍നിന്ന് തെല്ലും അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. സഹതടവുകാരോടുള്ള അദ്ദേഹത്തിന്റെ ഹ്രസ്വവും സാരവത്തും അടിസ്ഥാനങ്ങളിലൂന്നിയതുമായ പ്രബോധനം ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് ഗുണപാഠമാകേണ്ടതാണ് യൂസുഫ് നബിയുടെ പ്രബോധനം. കാരുണ്യത്തിന്റെയും നീതിയുടെയും മധ്യമ നിലപാടി(വസത്വിയ്യത്തി)ന്റെയും ഉയര്‍ന്ന ധാര്‍മികതയുടേതുമായ ഈ ദീന്‍ പരിചയപ്പെടുത്തേണ്ട ബാധ്യത മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കുണ്ട്.

ആറ്
അവിശ്വാസികള്‍ ഒരുപോലെയല്ല, അവരില്‍ നീതിമാന്മാരും മികച്ച പെരുമാറ്റമുള്ളവരുമുണ്ട്. തങ്ങളുടെ പ്രദേശത്തിന്റെ അധികാരികളായി മുസ്‌ലിംകളെ സ്വീകരിച്ചവരും അവരിലുണ്ട്. അതിനാല്‍ അമുസ്‌ലിംകളെന്ന ഒറ്റ താപ്പില്‍ അവരെ അളക്കാന്‍ പാടുള്ളതല്ല. ഈജിപ്തിലെ പ്രഭുവിനെ തികഞ്ഞ മാന്യനായാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. നീതിബോധവും ഉത്കൃഷ്ടമായ പെരുമാറ്റവും അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ ഭാര്യയോട് യൂസുഫിനോട് മാന്യമായി പെരുമാറാന്‍ ആവശ്യപ്പെടുന്നതും, യൂസുഫിനോട് ഭാര്യയുടെ കുതന്ത്രം അവഗണിക്കാന്‍ പറയുന്നതും, ഭാര്യയോട് പാപമോചനമര്‍ഥിക്കാനാവശ്യപ്പെടുന്നതുമെല്ലാം ഈയൊരു ഉത്കൃഷ്ടതയുടെ നിദര്‍ശനങ്ങളാണ്. വിജ്ഞാനത്തോടും പണ്ഡിതരോടുമുള്ള രാജാവിന്റെ ആദരവും ബഹുമാനവുമാണ്, സ്വപ്‌നദര്‍ശനം ഉണ്ടാകുന്ന വേളയില്‍ വിജ്ഞരോട് ചോദിച്ചറിയാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. തന്റെ  നിരപരാധിത്വം വെളിപ്പെടുന്നതുവരെ കൊട്ടാരത്തിലേക്കില്ല എന്ന് യൂസുഫ് നബി പറയുമ്പോള്‍ ഒരു തലക്കനവുമില്ലാതെ ആവശ്യപ്പെട്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കുകയാണ് രാജാവ്. യൂസുഫിന്റെ പ്രതിഭയും സത്യസന്ധതയും തിരിച്ചറിയുന്ന രാജാവ്, ഖജനാവിന്റെ ഉത്തരവാദിത്വം തന്നെ ഏല്‍പിക്കണമെന്ന് യൂസുഫ് ആവശ്യപ്പെടുമ്പോള്‍ യഥാര്‍ഥത്തില്‍ നാലു വകുപ്പുകളാണ് (സാമ്പത്തികം, കൃഷി, കച്ചവടം, സാമൂഹികക്ഷേമം) ഏല്‍പിച്ചുകൊടുക്കുന്നത്. ഭരണഘടനാപരമായി രാജാവ് നിലനില്‍ക്കെത്തന്നെ,  യൂസുഫിനെ എല്ലാ അധികാരങ്ങളുമുള്ള ഈജിപ്തിന്റെ അധിപനുമാക്കുന്നു ഈ നടപടി. നേരും നന്മയുള്ള അമുസ്‌ലിമായ ഭരണാധികാരിക്ക് സത്യ സ്വപ്‌നങ്ങള്‍ അല്ലാഹു നല്‍കുമെന്നും ഈ ചരിത്രം ഉണര്‍ത്തുന്നു.

ഏഴ്
അറിവ്, സേവന പ്രവര്‍ത്തനങ്ങള്‍, ഉയര്‍ന്ന പെരുമാറ്റം എന്നിവയിലൂടെ ഭൂരിപക്ഷ സമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കാനാവുമെന്ന് യൂസുഫ് നബിയുടെ ചരിത്രം ഓര്‍മപ്പെടുത്തുന്നു. ഇന്നും ചിലയിടങ്ങളിലെങ്കിലും ന്യൂനപക്ഷങ്ങള്‍ മികച്ചുനില്‍ക്കുന്നത് അറിവ്, സമ്പത്ത്, മാധ്യമ പ്രവര്‍ത്തനങ്ങള്‍, ഐക്യം, പ്ലാനിംഗ് എന്നിവയിലൂടെ തന്നെയാണ്.

എട്ട്
ന്യൂനപക്ഷങ്ങള്‍ക്ക് ഉയര്‍ന്ന തസ്തികകളില്‍, മന്ത്രിസഭകളില്‍ (വകുപ്പുകളില്‍) ചുമതലകള്‍ വഹിക്കാമെന്നതിനും ഈ ചരിത്രം സാക്ഷിയാണ്. യൂസുഫ് (അ) നേടിയെടുത്തതുപോലെ ഇത്തരം ഉയര്‍ന്ന സ്ഥാനങ്ങള്‍ക്കായി, അതൊരു നിര്‍ബന്ധ കാര്യമല്ലെങ്കില്‍ പോലും, ശ്രമിക്കാവുന്നതാണ്. ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും അവര്‍ക്ക് ഹാനികരമാവുന്ന കാര്യങ്ങളെ ചെറുക്കാനും രാഷ്ട്രീയ പാര്‍ട്ടികളില്‍ പങ്കാളിത്തം വഹിക്കാനും, സാധിക്കുമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപികരിക്കാനും ന്യൂനപക്ഷങ്ങള്‍ക്കാവണം.

ഒമ്പത്
മുസ്ലിംകള്‍ എവിടെയായിരുന്നാലും വളരെ ക്രിയാത്മകമായ സാമൂഹിക ജീവിതം കെട്ടിപ്പടുക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. മുസ്‌ലിംകളല്ലാത്ത ഒരു ജനതയുടെ ജീവിതമാണ് 

യൂസുഫ് (അ) കെട്ടിപ്പടുക്കുന്നത്. ഏറക്കുറെ ഉറപ്പായ വറുതിയില്‍നിന്നാണ് അദ്ദേഹം ആ ജനതയെ കരകയറ്റുന്നത്. തന്റെ മഹിതമായ ചിന്തകള്‍ മാത്രമല്ല, ദിവ്യബോധനവും പ്രവാചകത്വം പോലും അദ്ദേഹം ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്.
ന്യൂനപക്ഷങ്ങള്‍ തങ്ങളുടെ നാടിന്റെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി എല്ലാവിധത്തിലുമുള്ള സേവനങ്ങള്‍, നവീന ആശയങ്ങള്‍, കണ്ടുപിടിത്തങ്ങള്‍, അറിവുകള്‍ സമര്‍പ്പിക്കാന്‍ കടപ്പെട്ടവരാണ്. ഒരു മുസ്‌ലിമിന്റെ അറിവും ആശയങ്ങളും ആസൂത്രണവും ഒരു നാടിനെ പുരോഗതിയിലേക്ക് നയിക്കുന്നതിന്റെ നേര്‍ചിത്രമാണ് യൂസുഫ് ചരിതം.

പത്ത്
ജന്മനാടിനെ മറക്കാതിരിക്കുക, അതിനോടുള്ള സ്‌നേഹവും വികാരവായ്പും കാത്തു സൂക്ഷിക്കുക, സാധ്യമാവുന്ന സേവനങ്ങള്‍ സമര്‍പ്പിക്കുക. യൂസുഫ് തന്റെ ജന്മനാടിനോട് കരുതിവെച്ച ഈ നന്മകളെ (സഹോദരങ്ങളോടുള്ള പെരുമാറ്റത്തിലൂടെ) ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്.

പതിനൊന്ന്
ക്രിയാത്മക സമീപനം സ്വീകരിക്കുക, നിഷേധാത്മക നിലപാടുകള്‍ കൈയൊഴിയുക. താന്‍ നേരിട്ട  ദുരിതങ്ങളെ കുറിച്ച് രാജാവിനോടോ ഈജിപ്ഷ്യന്‍ ജനതയോടോ യൂസുഫ് (അ) പരാതി പറയുന്നതിനു പകരം,  അല്ലാഹുവിലേക്ക് ക്ഷണിക്കുക എന്ന ദൗത്യം മുന്‍നിര്‍ത്തി തന്റെ പ്രപിതാക്കളുടെ ആദര്‍ശ വിശുദ്ധിയെക്കുറിച്ചും സ്വഭാവ മഹിമയെക്കുറിച്ചും അവരുടെ കൃതജ്ഞതാബോധത്തെക്കുറിച്ചുമാണ് അദ്ദേഹം വാചാലനാവുന്നത്. അന്യനാടുകളില്‍ താമസിക്കേണ്ടി വരുന്നവര്‍ തങ്ങളുടെ നാടിന്റെയും ജനതയുടെയും ക്രിയാത്മക വശങ്ങളാണ് കൂടെ കൊണ്ടുനടക്കേണ്ടത്. കിഴക്കിന്റെ പ്രശ്‌നങ്ങള്‍ പടിഞ്ഞാറോട്ട് കൊണ്ടുവരികയല്ല വേണ്ടത്. മുസ്‌ലിം എപ്പോഴും സക്രിയനും ശുഭാപ്തി വിശ്വാസിയുമാകണം, നിരാശയുള്ളവനോ നെഗറ്റീവായി ചിന്തിക്കുന്നവനോ ആകരുത്.

പന്ത്രണ്ട്
പ്രതികാരത്തിന്റെയും കെട്ട ഇന്നലകളുടെയും പിടിത്തത്തില്‍നിന്ന് വിമോചിതരായി പുതിയ സാഹചര്യത്തില്‍ പുതിയ ജീവിതം കെട്ടിപ്പടുക്കുക. പ്രതികാരത്തിനുള്ള സാഹചര്യം ഒത്തുവന്നപ്പോഴും അവര്‍ അറിവില്ലാത്തവരാണല്ലോ, പൈശാചിക പ്രലോഭനങ്ങളില്‍ വീണുപോയവരാണല്ലോ എന്ന തരത്തില്‍ ഉയര്‍ന്നു ചിന്തിച്ച് തന്റെ സഹോദരങ്ങള്‍ക്ക് മാപ്പു നല്‍കിയ ചരിത്രമാണ് യൂസുഫ് നബിയുടേത്.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക: ''അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ അവിവേകികളായിരുന്നപ്പോള്‍ യൂസുഫിനോടും അവന്റെ സഹോദരനോടും ചെയ്തതെന്താണെന്ന് അറിയാമോ?' അവര്‍ ചോദിച്ചു: 'താങ്കള്‍ തന്നെയാണോ യൂസുഫ്?' അദ്ദേഹം പറഞ്ഞു: 'ഞാന്‍ തന്നെയാണ് യൂസുഫ്. ഇതെന്റെ സഹോദരനും. അല്ലാഹു ഞങ്ങളോട് ഔദാര്യം കാണിച്ചിരിക്കുന്നു. ആര്‍ സൂക്ഷ്മത പുലര്‍ത്തുകയും ക്ഷമ പാലിക്കുകയും ചെയ്യുന്നുവോ അത്തരം സദ്‌വൃത്തരുടെ പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തുകയില്ല; തീര്‍ച്ച.' അവര്‍ പറഞ്ഞു: 'അല്ലാഹുവാണ് സത്യം! അല്ലാഹു താങ്കള്‍ക്ക് ഞങ്ങളേക്കാള്‍ ശ്രേഷ്ഠത കല്‍പിച്ചിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ തെറ്റുകാരായിരുന്നു.' അദ്ദേഹം പറഞ്ഞു: ഇന്നു നിങ്ങള്‍ക്കെതിരെ പ്രതികാരമൊന്നുമില്ല. അല്ലാഹു നിങ്ങള്‍ക്ക് മാപ്പു നല്‍കട്ടെ. അവന്‍ കാരുണികരില്‍ പരമകാരുണികനല്ലോ'' (യൂസുഫ്: 89-92)
മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ പ്രവാചകന്‍ യൂസുഫി(അ)ന്റെ ചരിത്രത്തെ നെഞ്ചോടു ചേര്‍ക്കുകയും ജീവിതത്തില്‍ അദ്ദേഹത്തിന്റെ നിലപാടുകളെ മാതൃകയാക്കുകയും ചെയ്യണം. എങ്കില്‍ ലോകത്തിന്റെ ചിത്രം മാറ്റിവരക്കാന്‍ അവര്‍ക്കാവും. അവിടെ ഭൂരിപക്ഷ-ന്യൂനപക്ഷ പരിഗണനകളില്ല. കിഴക്കനേഷ്യന്‍ സമൂഹങ്ങളിലേക്ക് ഇസ്‌ലാം കടന്നുവന്നത് കച്ചവടക്കാരായ മുസ്ലിംകളുടെ ഉയര്‍ന്ന സ്വഭാവങ്ങളിലൂടെയും പ്രബോധനങ്ങളിലൂടെയുമാണെന്നത് ഇതിന്റെ മികച്ച ഉദാഹരണമാണ്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (149-160)
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവിനുള്ള നോമ്പ്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്