വ്രതത്തിന്റെ ആത്മീയ സുകൃതങ്ങള്‍
വ്രതത്തിന്റെ അന്തസ്സത്തയെക്കുറിച്ച ചോദ്യങ്ങള്‍ക്ക് നേര്‍ക്കുനേര്‍ ഉത്തരങ്ങള്‍ സാധ്യമാണോ? ഇസ്‌ലാമിലെ മിക്ക ആരാധനാ കര്‍മങ്ങള്‍ക്കും പ്രത്യക്ഷത്തിലുള്ള പദാര്‍ഥപരമായ രൂപങ്ങളുണ്ട്. നമസ്‌കാരം പുറത്തുനിന്ന് വീക്ഷിക്കുന്ന ഒരാള്‍ക്ക് ശരീരത്തിന്റെ വ്യത്യസ്ത ചലനഭാവങ്ങള്‍ കോര്‍ത്തിണക്കിയ ചാരുതയാര്‍ന്ന മനോഹര ശില്‍പമാണ്. ഒറ്റക്ക് നില്‍ക്കുമ്പോഴുള്ള ഏകതാനമായ ചലനങ്ങളും അണിയായ് (സ്വഫ്) ഒരുമിച്ചുനില്‍ക്കുമ്പോഴുള്ള ശരീരചലനങ്ങളിലെ ഐകരൂപത്തിന്റെ ബാഹ്യ സൗന്ദര്യവും അനുപമമാണ്.
ഹജ്ജിന്റെ പ്രത്യക്ഷ കര്‍മങ്ങളെല്ലാം രൂപപ്പെടുത്തുന്നത് ശരീരചലനങ്ങളാണ്. ഇടുങ്ങിയ ഒരിടത്ത് ഇരുട്ടിലെ ധ്യാനത്തിലല്ല ഹജ്ജ് സംഭവിക്കുന്നത്. സ്വഫാ-മര്‍വയില്‍ തലങ്ങും വിലങ്ങും ഓടിയും കഅ്ബ ചുറ്റിയും ജംറയില്‍ കല്ലെറിഞ്ഞും മുസ്ദലിഫയില്‍ രാപ്പാര്‍ത്തും അറഫയില്‍ നിന്നും മിനയില്‍ ഇരുന്നും ശരീരത്തിന്റെ ബഹുമുഖ ചലനങ്ങളാണ് ഹജ്ജിനെ രൂപപ്പെടുത്തുന്നത്.
പദാര്‍ഥപരമായ, ഭൗതികമായ വീക്ഷണകോണില്‍ നോക്കുമ്പോള്‍ നമസ്‌കാരവും ഹജ്ജും മാത്രമല്ല വ്രതവും വ്യര്‍ഥമായ ശാരീരികധ്വാനത്തിന്റെ വിനിയോഗമാണ്. ശരീരത്തിന്റെയും യന്ത്രത്തിന്റെയും പ്രവര്‍ത്തനവും ഉല്‍പാദനക്ഷമതയും മുതലാളിത്ത വീക്ഷണകോണില്‍ ലാഭാധിഷ്ഠിതമായിരിക്കണമല്ലോ.
അറബ് വസന്തം സംഭവിക്കുന്നതിന് കുറേ മുമ്പ് തുനീഷ്യയില്‍ സര്‍ക്കാരുദ്യോഗസ്ഥരായ മുസ്‌ലിംകള്‍ക്ക് റമദാനില്‍ നോമ്പെടുക്കുന്നതിന് വിലക്കുണ്ടായിരുന്നു. വ്രതം ഉദ്യോഗസ്ഥരുടെ കര്‍മനൈരന്തര്യത്തെ ബാധിക്കുമെന്നാണ് പറയപ്പെട്ട ന്യായം.
കേവലം പദാര്‍ഥപരമായ കാഴ്ചപ്പാടില്‍ ഇസ്‌ലാമിലെ ആരാധനാകര്‍മങ്ങളെ നോക്കിക്കാണുമ്പോഴാണ് വിശ്വാസവും യുക്തിയും തമ്മിലുള്ള സംഘര്‍ഷം ഉടലെടുക്കുന്നത്. ഇവിടെയാണ് ആത്മാവിന്റെ ഭാഷ ചില കാര്യങ്ങള്‍ നിര്‍വചിക്കുന്നത്. ശരീരപരമായ കാര്യങ്ങളില്‍ എപ്പോഴും തീരുമാനങ്ങളെടുക്കുന്നത് തലച്ചോറാണ്. എന്നാല്‍ ആത്മാവിന് സ്വന്തമായി ഒരു ഭാഷയുണ്ട്. എത്ര വലിയ ദൈവനിഷേധിയും അസ്തിത്വത്തെക്കുറിച്ച വ്യാകുലത നിറഞ്ഞ അന്തഃ സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ആത്മാവിന്റെ ഭാഷയില്‍ സംവദിക്കാന്‍ ശ്രമിച്ചിട്ടുണ്ടാകും. അലിജാ അലി ഇസ്സത്ത് ബെഗോവിച്ച് ഇതിനെ വിശ്വാസത്തിന്റെ ഭാഷ (ലുഗത്തുല്‍ ഈമാന്‍) എന്നാണ് നിര്‍വചിക്കുന്നത്. ഇസ്‌ലാമിന്റെ ആരാധനാ കര്‍മങ്ങളിലെ ബാഹ്യരൂപങ്ങളെല്ലാം മാര്‍ഗങ്ങളാണ്. ആന്തരികമായി വിശ്വാസത്തിന്റെ ഒരൊറ്റ ഭാഷയാണ് അവയെല്ലാം സംസാരിക്കുന്നത്.
രുചികരമായ ഭക്ഷണം കഴിക്കുക, പാനീയങ്ങള്‍ കുടിക്കുക, ലൈംഗികതയിലേര്‍പ്പെടുക തുടങ്ങിയവ ശരീരം നിരന്തരം തീവ്രമായി നിര്‍ബന്ധിക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ വ്രതം അവയെ നിരാകരിക്കുന്നു. ഇവിടെ ഈമാന്‍ കൊണ്ട് സ്ഫുടം ചെയ്‌തെടുത്ത ആത്മാവിന്റെ ഭാഷയിലാണ് ശരീരവും അതിന്റെ ആഗ്രഹങ്ങളും സംസാരിക്കുന്നത്. എല്ലാ പദാര്‍ഥ യുക്തിബോധങ്ങള്‍ക്കുമപ്പുറമുള്ള പ്രപഞ്ചനാഥനിലുള്ള അചഞ്ചലമായ വിശ്വാസമാണ് നോമ്പുകാരന്റെ ശരീരത്തിന്റെ നിയന്ത്രണാധികാരങ്ങള്‍ ഏറ്റെടുക്കുന്നത്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ എന്റെ ശരീരത്തിനു മേലുള്ള നിയന്ത്രണവും അധികാരവും എന്നില്‍ നിക്ഷിപ്തമാണ് എന്ന ലിബറല്‍ യുക്തിയോട് വിശ്വാസി വ്രതത്തിലൂടെ തുറന്ന യുദ്ധം പ്രഖ്യാപിക്കുകയാണ്. സ്വന്തം താല്‍പര്യങ്ങള്‍ക്കനുസൃതമായി ജീവിതത്തെ കൊണ്ടുനടക്കുന്ന ഒരു അര്‍ധവിശ്വാസിക്കും അവിശ്വാസിക്കും അചിന്ത്യമായ കാര്യമാണ് ഒരു പകല്‍ മുഴുവന്‍ അന്നപാനീയങ്ങളും ഇഷ്ടവര്‍ത്തമാനങ്ങളും സുഖഭോഗങ്ങളും പരിത്യജിക്കുക എന്നത്. എന്നാല്‍ ഒരു യഥാര്‍ഥ വിശ്വാസിക്ക് ഇത്തരമൊരു ത്യാഗം സാധ്യമാകുന്നത് ബെഗോവിച്ച് സൂചിപ്പിച്ചതുപോലെ അല്ലാഹുവിന്റെ വര്‍ണമണിഞ്ഞ ഈമാനില്‍ നെയ്‌തെടുത്ത ആത്മാവിന്റെ ഭാഷ സ്വായത്തമാക്കിയതിനാലാണ്. വിശപ്പ്, ദാഹം, ലൈംഗികതൃഷ്ണകളുടെ തിരസ്‌കാരം, ശരീരത്തിന്റെ അംഗചലനങ്ങള്‍ തുടങ്ങിയവയെല്ലാം ആ ഈമാനിന്റെ കരുത്ത് വര്‍ധിപ്പിക്കുന്ന വഴികളത്രെ.
വ്രതം ഇബാദത്തിന്റെ ഏറ്റവും ഉദാത്തവും സമഗ്രവുമായ രൂപമത്രെ. നിയന്ത്രണങ്ങള്‍ നഷ്ടപ്പെട്ട ശരീരത്തെയും തൃഷ്ണകളെയും നാം സമ്പൂര്‍ണമായി പിടിച്ചുകെട്ടുമ്പോള്‍ അല്ലാഹുവിനുള്ള വിധേയത്വത്തിന്റെ ഏറ്റവും ഉദാത്തമായ നിമിഷമായത് മാറുന്നു.
''മനുഷ്യവര്‍ഗത്തെയും ജിന്ന്‌വര്‍ഗത്തെയും നാം സൃഷ്ടിച്ചത് എനിക്ക് ഇബാദത്ത് ചെയ്യാന്‍ വേണ്ടി മാത്രമാണ്'' (51:56).
മനുഷ്യസൃഷ്ടിപ്പിന്റെ ലക്ഷ്യമായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് ഇബാദത്താണ്. അല്ലാഹുവിന്റെ വ്യവസ്ഥക്കും നിയമങ്ങള്‍ക്കും സമ്പൂര്‍ണമായി വിധേയപ്പെടലും കീഴ്പ്പെടലുമാണത്. ബെഗോവിച്ച് മറ്റൊരിടത്ത് മനുഷ്യജീവിതത്തിന് പദാര്‍ഥലോകത്തുള്ള രണ്ടേ രണ്ട് സാധ്യതകളെക്കുറിച്ച് പറയുന്നുണ്ട്. ഈ രണ്ട് ഓപ്ഷനുകളല്ലാതെ തെരഞ്ഞെടുക്കാന്‍ അവന്റെ മുന്നില്‍ മറ്റൊന്നില്ല. ഒന്നുകില്‍ അല്ലാഹുവിന്റെ ഈ പ്രാപഞ്ചിക വ്യവസ്ഥയെയും സംവിധാനത്തെയും വെല്ലുവിളിച്ച് നിഷേധിയായും ധിക്കാരിയായും ജീവിക്കുക. അല്ലെങ്കില്‍ മനുഷ്യന്‍ അല്ലാഹുവാകുന്ന പരാശക്തിക്കും അവന്റെ കഴിവിനും മുന്നില്‍ തന്റെ നിസ്സഹായാവസ്ഥ പ്രഖ്യാപിച്ച് കീഴൊതുങ്ങുക. അങ്ങനെ കീഴൊതുങ്ങുന്നതിലെ പ്രത്യക്ഷ പ്രഖ്യാപനങ്ങള്‍ വിശ്വാസിയുടെ ജീവിതത്തില്‍ എമ്പാടും കാണാം. അല്ലാഹു നിശ്ചയിച്ച സമയത്ത് നിശ്ചിത സ്ഥലത്ത് അവന്‍ നിര്‍ദേശിച്ച രൂപത്തില്‍ കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് അത് ഇബാദത്താകുന്നത്. എല്ലാ ആരാധനാകര്‍മങ്ങളുടെയും സമയക്രമീകരണം ഇതില്‍ പ്രധാനമാണ്.
നമസ്‌കാരത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് കാണുക: ''തീര്‍ച്ചയായും നമസ്‌കാരം വിശ്വാസികള്‍ക്കുമേല്‍ നിര്‍ണിത സമയത്ത് നിര്‍വഹിക്കാന്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നു'' (4:103). വിശ്വാസികളുടെ ഒരു ദിവസം ചിട്ടപ്പെടുത്തുന്നത് അഞ്ച് വ്യത്യസ്ത നേരങ്ങളിലെ നമസ്‌കാരങ്ങളാണ്. വിശ്വാസിയുടെ ഒരു ദിവസത്തെ ജീവിതത്തെ കൃത്യമായ ഇടവേളകളുള്ള സമയങ്ങള്‍ക്കനുസരിച്ചാണ് നമസ്‌കാരം ക്രമീകരിക്കുന്നത്. ഈ ടൈംടേബ്ള്‍ പാലിക്കാന്‍ ഒരു വിശ്വാസി ബാധ്യസ്ഥനാണ്. അല്ലാഹു നിശ്ചയിച്ച സമയം ബോധപൂര്‍വം യാതൊരുവിധ ന്യായവുമില്ലാതെ തെറ്റിക്കുന്നവന്‍ ഇബാദത്തിന്റെ അന്തസ്സത്ത കൂടിയാണ് ചോര്‍ത്തിക്കളയുന്നത്.
വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരം അല്ലാഹു നിശ്ചയിച്ച സമയക്രമത്തിലാണ് നടക്കുന്നത്. ഹജ്ജിന് കൃത്യമായ മാസവും അതിലെ കര്‍മങ്ങള്‍ക്ക് വ്യക്തമായ സമയങ്ങളുമുണ്ട്.
സകാത്തിനെക്കുറിച്ച് പറയുമ്പോള്‍ ഖുര്‍ആന്‍ 'വിളവെടുപ്പ് ദിവസം' എന്നാണ് പറഞ്ഞത്. അതായത് സമ്പത്ത് സകാത്ത് നിര്‍വഹണത്തിന് യോഗ്യമായ സമയമെത്തുമ്പോള്‍ നിര്‍വഹിക്കണമെന്നര്‍ഥം. നിര്‍ബന്ധ വ്രതത്തിലും ഐഛിക വ്രതത്തിലും ഈ സമയക്രമീകരണം കാണാം. പന്ത്രണ്ട് മാസങ്ങളിലൊരു മാസം നിര്‍ബന്ധ വ്രതമാണ്. അത് മറ്റു മാസങ്ങളില്‍ പാടില്ല; ന്യായമായ കാരണങ്ങളാല്‍ നോറ്റുവീട്ടേണ്ടവര്‍ക്കൊഴിച്ച്. പ്രവാചകന്‍ പതിവാക്കിയിരുന്ന ഐഛിക നോമ്പുകള്‍ക്കിടയില്‍ പോലും കൃത്യമായ സമയക്രമീകരണങ്ങളും ഇടവേളകളും കാണാം. തിങ്കളാഴ്ചത്തെയും വ്യാഴാഴ്ചത്തെയും നോമ്പുകള്‍ ഉദാഹരണം. അയ്യാമുല്‍ ബീളും മറ്റൊരു തരം ക്രമീകരണമാണ്.
പ്രാപഞ്ചിക വ്യവസ്ഥയുടെ സമയതാളക്രമങ്ങള്‍ അല്ലാഹു നിശ്ചയിച്ച എല്ലാ ആരാധനാകര്‍മങ്ങളിലും കാണാം. ആ സമയം കൃത്യമായി പാലിക്കുന്നതിന്റെ പേര് കൂടിയാണ് ഇബാദത്ത്. അപ്പോള്‍ അല്ലാഹു നിര്‍ബന്ധ വ്രതത്തിന് നിശ്ചയിച്ച സമയത്തെക്കുറിച്ച് ബോധവാനാകുന്നതും അതിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതും ആ ദിവസങ്ങളെ ആദരിക്കുന്നതും ആ സമയക്രമം പാലിക്കുന്നതും മഹത്തായ ഒരനുഷ്ഠാനമായി മാറുന്നു.
വ്രതം വല്ലാത്തൊരു പ്രതീക്ഷയാണ്. ആത്മാവിനെ സ്ഫുടം ചെയ്തെടുക്കാന്‍ അല്ലാഹു നമുക്കായി ഒരുക്കിയ ഒരു സുവര്‍ണാവസരം. അതിനാലാണ് ആ മാസത്തില്‍ ജീവിക്കാനായുള്ള ഉതവിക്കായി നാം അല്ലാഹുവിനോട് ശഅ്ബാനില്‍ തന്നെ ഹൃദയം തുറന്ന് പ്രാര്‍ഥിക്കുന്നത്. അല്ലാഹുവിലും പരലോക രക്ഷാശിക്ഷകളിലും അടിയുറച്ച വിശ്വാസമുള്ള ഒരാളും റമദാന്റെ മഹത്വത്തെ വിലകുറച്ചുകാണില്ല.
ഇഹലോകം ഒരു ലഹരിയായി മാറിയവര്‍ക്ക് റമദാന്‍ പ്രത്യേകിച്ച് ഒരു മാറ്റവും വാഗ്ദാനം ചെയ്യുന്നില്ല. ആത്മീയ ജീവിതത്തിന്റെ ശരിയായ വീണ്ടെടുപ്പിന് നമുക്ക് മുന്നില്‍ തുറക്കാന്‍ പോകുന്ന ഒരു സര്‍വകലാശാലയാകുന്നു അത്. അതിലെ പരിശീലനങ്ങള്‍ നമ്മില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ അത്ഭുതകരമാണ്. പക്ഷേ ആന്തരിക ചൈതന്യത്തേക്കാള്‍ ബാഹ്യമായ പ്രകടനങ്ങളാണ് വ്രതത്തിന്റെ ആത്മാവിനെ പലപ്പോഴും നശിപ്പിക്കുന്നത്. കോവിഡിന് മുമ്പ് വരെ ഹൈടെക് നോമ്പുതുറകളുടെ പുതിയ പരീക്ഷണങ്ങള്‍ക്ക് നാം സാക്ഷിയായിരുന്നു. വന്‍കിട ഹോട്ടലുകളിലും മാളുകളിലും തെരുവുകളിലുമെല്ലാം ഉത്സവത്തിന്റെയും കച്ചവടത്തിന്റെയും മഹാമേളയുടെ പേരായി റമദാന്‍ മാറുന്ന അവസ്ഥ വരെ രൂപപ്പെട്ടു.
മുതലാളിത്തത്തിന്റെ ലാഭേഛയും ദുരയും വ്രതശുദ്ധിയുടെ പകലിരവുകളെ നാം പോലുമറിയാതെ വിലയ്‌ക്കെടുത്ത കാലമാണിത്. ആയതിനാല്‍ പുതിയ മുതലാളിത്ത ഉപഭോഗ സംസ്‌കൃതിയുടെ കാലത്തെ നോമ്പ് നമ്മില്‍നിന്ന് കൂടുതല്‍ ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. മുതലാളിത്തം ശരീരത്തെ ശ്രദ്ധിക്കാനും ആഗ്രഹങ്ങളെ കയറൂരിവിടാനും മൂല്യങ്ങളെ ചോദ്യം ചെയ്യാനുമാണ് പഠിപ്പിക്കുന്നത്. നോമ്പ് ആത്മാവിനെ സ്ഫുടം ചെയ്യാനും ആഗ്രഹങ്ങളെ നിയന്ത്രിക്കാനും മൂല്യങ്ങള്‍ക്ക് അടിമപ്പെടാനുമാണ് പഠിപ്പിക്കുന്നത്. ദുരമൂത്ത പുതിയ കാലത്തെ ഏറ്റവും ശക്തമായ സമരമുറ നോമ്പ് തന്നെയാണ്. പകല്‍ വുദൂ ചെയ്യുമ്പോള്‍ തൊണ്ട ഒരല്‍പം നനഞ്ഞുപോയാല്‍, കുളിക്കുമ്പോള്‍ ശരീരദ്വാരങ്ങളില്‍ വെള്ളം കയറിയാല്‍ നോമ്പ് മുറിഞ്ഞോ എന്ന് ആധി കൊളുന്നവരാണ് നാം. പക്ഷേ ആത്മാവിന്റെ ദ്വാരങ്ങളില്‍ കയറിയ പാപത്തിന്റെ മലിന ജലത്തെ കുറിച്ചോ അന്യന്റെ സ്വത്ത് അന്യായമായി തൊണ്ടയുടെ അകം നനച്ചതിനെ കുറിച്ചോ വേണ്ടത്ര ജാഗ്രത ഇല്ലാത്തവരായിപ്പോയി നാം. വെന്റിലേറ്ററില്‍ കിടക്കുന്ന ഈ നോമ്പിനെയാണ് ഒാക്സിജന്‍ നല്‍കി നാം ജീവന്‍ വെപ്പിക്കേണ്ടത്. അതാവണം റമദാനിലെ നമ്മുടെ ആദ്യ പ്രതിജ്ഞ.
Comments