വ്രതം അനുഷ്ഠാന രൂപങ്ങള്‍ പലവിധം
സഹസ്രാബ്ദങ്ങളായി മതാചാരമായും അല്ലാതെയും അനുഷ്ഠിച്ചുവരുന്ന ഒന്നാണ് വ്രതം. പല മതങ്ങളിലും പല രൂപങ്ങളിലും വ്രതാനുഷ്ഠാനം നിലനില്‍ക്കുന്നുണ്ട്. വ്രതാനുഷ്ഠാനമില്ലാത്ത മതങ്ങളുമുണ്ട്. സിക്ക് മതം ഉദാഹരണം. വ്രതാനുഷ്ഠാനം നിരോധിച്ചിട്ടു് സൗരാഷ്ട്രമതം.
ലോകത്തിന്റെ പല ഭാഗങ്ങളിലും വ്രതാനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും എല്ലാ വ്രതാനുഷ്ഠാനങ്ങളും ഒരുപോലെയുള്ളതല്ല. ചില വിഭാഗങ്ങള്‍ക്ക് ചിലയിനം ഭക്ഷ്യപദാര്‍ഥങ്ങളാവാം. ചിലര്‍ക്ക് ജലപാനം അനുവദനീയമാണ്. ഉച്ചഭക്ഷണം കഴിഞ്ഞ് സൂര്യാസ്തമയം വരെ നോമ്പെടുക്കുന്നവരുണ്ട്. ഇസ്‌ലാമില്‍ പ്രഭാതം മുതല്‍ സൂര്യന്‍ അസ്തമിക്കുന്നതു വരെയാണ് നോമ്പിന്റെ സമയം.
പുരാതന ഗ്രീസില്‍ ക്രിസ്തുവിനു മുമ്പ് അഞ്ചാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനുമിടക്ക് ജീവിച്ച പൈത്തഗോറസ് ഏറെ പുകഴ്ത്തിയ ഒന്നാണ് വ്രതാനുഷ്ഠാനം. മതപരമായി മാത്രമല്ല വ്രതം അനുഷ്ഠിച്ചുവരുന്നത്. ചികിത്സാര്‍ഥം വ്രതം അനുഷ്ഠിക്കേണ്ടിവരാറുണ്ട്. വൈദ്യശാസ്ത്രപരമായി ഗുണപ്രദമായതിനാല്‍ ഹിപ്പോക്രാറ്റസും ഗാലനും മുതല്‍ നവോത്ഥാനകാലത്ത് ജീവിച്ച പരാസെല്‍ഷസ് വരെ അതിനെ ശരീരത്തിനുള്ളിലെ വൈദ്യന്‍ എന്ന് വിശേഷിപ്പിക്കുകയുണ്ടായി. ആഹാരപാനീയങ്ങള്‍ വര്‍ജിക്കുന്നത് രോഗശമനത്തിന് സഹായകമാണെന്നു കണ്ടാല്‍ ഇപ്പോഴും ചികിത്സയുടെ ഭാഗമായി ഡോക്ടര്‍മാര്‍ വ്രതം നിര്‍ദേശിക്കാറുണ്ട്.
പ്രതിഷേധത്തിന്റെ ഭാഗമായി നിരാഹാരവ്രതം അനുഷ്ഠിക്കാറുണ്ട്. മഹാത്മാ ഗാന്ധിയുടെ ഉപവാസം ഉദാഹരണം. അദ്ദേഹം പതിനേഴു തവണ നിരാഹാരം അനുഷ്ഠിച്ചിരുന്നൂ. ഏറ്റവും ദീര്‍ഘമായ നിരാഹാരവ്രതം ഇരുപത്തൊന്ന് ദിവസങ്ങള്‍ നീണ്ടു.
പഴയ ഇംഗ്ലീഷിലെ ഫാസ്റ്റന്‍ എന്ന പദത്തില്‍നിന്നാണ് ഇംഗ്ലീഷിലെ ഫാസ്റ്റ് എന്ന പദം ഉണ്ടായതെന്ന് പറയപ്പെടുന്നൂ. സ്വമേധയായി ആഹാരപാനീയങ്ങള്‍ വര്‍ജിക്കുക എന്നാണര്‍ഥം. വിഷമഘട്ടങ്ങളില്‍ മുണ്ട് മുറുക്കിയുടുക്കാന്‍ പറയാറുണ്ട്. ഭക്ഷണം കൂറക്കുക എന്നാണ് ഉദ്ദേശ്യം.
പുരാതന സംസ്‌കാരങ്ങളില്‍ യുദ്ധത്തിനു പോകുന്നതിനു മുമ്പായി വ്രതം അനുഷ്ഠിക്കേണ്ടതുണ്ടായിരുന്നൂ. ഭടന്മാരെ മാനസികമായി പാകപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ചിലേടങ്ങളില്‍, ദൈവകോപം ശമിപ്പിക്കാനായി വ്രതം അനുഷ്ഠിക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. പട്ടിണി, വരള്‍ച്ച പോലുള്ളവ ഒഴിവായിക്കിട്ടാന്‍ വടക്കേ അമേരിക്കക്കാര്‍ ഒരാചാരമെന്നോണം വ്രതമനുഷ്ഠിച്ച കാലമുണ്ടായിരുന്നു.
പുരാതന മതസങ്കല്‍പങ്ങളനുസരിച്ച് ദൈവങ്ങളെ സമീപിക്കാന്‍ തയാറെടുപ്പുകള്‍ വേണമായിരുന്നൂ. അങ്ങനെയുള്ള തയാറെടുപ്പിന്റെ ഭാഗമായി ജനങ്ങള്‍ വ്രതമനുഷ്ഠിച്ചുവന്നൂ. പുരാതന ഗ്രീക്ക് മതസങ്കല്‍പങ്ങളിലെ ചികിത്സാദേവനായ ഈസ്‌കുലാപിയസിന്റെ പ്രീതി സമ്പാദിക്കാന്‍ അവര്‍ നോമ്പനുഷ്ഠിക്കുമായിരുന്നു. പാമ്പുകള്‍ പാവനമായിരുന്നു യവനര്‍ക്ക്. ഈസ്‌കുലാപിയസ് ദേവനെ പ്രീതിപ്പെടുത്താന്‍ അവര്‍ക്ക് പാമ്പുകളുമായി ബന്ധപ്പെട്ട ആചാരങ്ങളുമുണ്ടായിരുന്നു. അതിനാല്‍ ഈസ്‌കുലാപിയസിന്റെ ചിഹ്നം ഒരു വടിയുടെ മേല്‍ പാമ്പ് ചുറ്റിക്കൊണ്ടുള്ളതാണ്. ആശുപത്രികളിലും ഡോക്ടര്‍മാരുടെ വാഹനങ്ങളിലും ഈ ചിഹ്നം പതിച്ചുവരുന്നുണ്ട്. അവര്‍ക്ക് അന്ധവിശ്വാസമൊന്നും ഇല്ലെങ്കിലും ഇത് വൈദ്യശാസ്ത്രത്തിന്റെ ചിഹ്നമായി അവര്‍ അംഗീകരിക്കുന്നു.
കുറ്റസമ്മതം നടത്തുന്ന വ്യക്തി നോമ്പനുഷ്ഠിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു മുമ്പ് പെറുവില്‍. ഇവങ്കുകള്‍ എന്നറിയപ്പെടുന്ന വടക്കന്‍ സൈബീരിയയിലെ നായാട്ടുകാരായ ഒരു ഗോത്രവിഭാഗം ആത്മാക്കളെ പ്രീതിപ്പെടുത്താനായി വ്രതമനുഷ്ഠിക്കാറുണ്ട്. ലോകവിരക്തി നേടാനാണ് ജൈനമതക്കാര്‍ വ്രതമനുഷ്ഠിക്കുന്നത്. അതവരെ ആത്മീയമായ ഉന്നതിയിലെത്തിക്കുമെന്നാണ് വിശ്വാസം. തേരവാദ ബുദ്ധമത സന്യാസികള്‍ അവരുടെ ധ്യാനത്തിന്റെ ഭാഗമായി വ്രതമനുഷ്ഠിക്കാറുണ്ട്. ഹിന്ദുമത സന്യാസികള്‍ പല കാരണങ്ങള്‍ക്കും വ്യക്തിപരമായി വ്രതമനുഷ്ഠിക്കുന്നവരാണ്. ഏകാദശി, പൂര്‍ണിമ പോലുള്ള ദിവസങ്ങളിലും ശിവരാത്രി, നവരാത്രി പോലുള്ള വിശേഷാവസരങ്ങളിലും ഹിന്ദുമത വിശ്വാസികള്‍ വ്രതമനുഷ്ഠിക്കുന്നു.
ഇംഗ്ലീഷുകാര്‍ക്കിടയില്‍ അടുത്ത കാലത്ത് പ്രചാരം നേടിയ ഒന്നാണ് ഫാസ്റ്റ് ഡയറ്റ് എന്നും 5:2 (ഫൈവ്-റ്റു) ഡയറ്റ് എന്നും അറിയപ്പെടുന്ന ഒരു ഭക്ഷണക്രമം. ഇടവിട്ടുള്ള ഒരുതരം വ്രതാനുഷ്ഠാനമാണത്. ആഴ്ചയില്‍ അഞ്ച് ദിവസം സാധാരണ പോലെ ഭക്ഷണം കഴിക്കുക, ഒന്നോ രണ്ടോ ഇടവിട്ട ദിവസങ്ങളിലായി ആഴ്ചയില്‍ ബാക്കി രണ്ട് ദിവസങ്ങളില്‍ ഭക്ഷണം കഴിക്കുന്നത് ഏതാണ്ട് പകുതിയായി കുറക്കുക. ആ ദിവസങ്ങളില്‍ പരമാവധി 500, 600 കലോറി ആഹാരം മാത്രമേ കഴിക്കാവൂ. ഇത് അടുത്ത കാലത്തായി പലയിടങ്ങളിലും വളരെ പ്രചാരം നേടിയ ഒരു ശീലമാണ്.
ശരീരത്തിന്റെ വണ്ണം കുറക്കാന്‍ വ്രതാനുഷ്ഠാനം ഒരു ചികിത്സാരീതിയാണ്. ശരീരത്തിന്റെ അമിതവണ്ണം കുറക്കാന്‍ ഇന്‍ഷൂറന്‍സ് കമ്പനികളാണ് അവ സ്‌പോണ്‍സര്‍ ചെയ്യുന്നത്. യൂറോപ്പിലുടനീളം ഇത്തരം കേന്ദ്രങ്ങള്‍ വര്‍ധിച്ചുവരുന്നു്. ശരീരത്തിലെ വിഷാംശങ്ങള്‍ പുറത്തുകളയാന്‍ ഇതവസരമൊരുക്കും. 1996 സെപ്റ്റംബര്‍ ലക്കം ലൈഫ് മാഗസിന്‍ വ്രതത്തെ രോഗശാന്തി വിപ്ലവം എന്ന് വിശേഷിപ്പിക്കുകയുണ്ടായി. വ്രതാനുഷ്ഠാനത്തിന്റെ ഗുണഗണങ്ങളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ നൂറുകണക്കിന് മെഡിക്കല്‍ ജേണല്‍ ലേഖനങ്ങളുണ്ട്. ഇരുപത്തൊന്നാം ശതകത്തിന്റെ ഔഷധം എന്ന് വ്രതത്തെ ഭിഷഗ്വരന്മാര്‍ വിശേഷിപ്പിക്കുന്ന സ്ഥിതിയുണ്ടിപ്പോള്‍. ജര്‍മനിയിലെ ഡോ. ഓട്ടോ ബുഷ്ണര്‍ അക്കുട്ടത്തില്‍ ഒരാളാണ്. ശരീരത്തിനകത്തെ മാലിന്യങ്ങള്‍ കളയാന്‍ വ്രതം അവസരം നല്‍കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. കോശങ്ങള്‍ക്ക് ശുചീകരണത്തിന് അവസരം നല്‍കുന്നുവെന്ന് മറ്റു ചിലര്‍.
മതപരമായി വളരെ പ്രാധാന്യമുള്ളതാണ് വ്രതാനുഷ്ഠാനം. ജൂതന്മാര്‍ക്കിടയില്‍ യോംകിപ്പര്‍, പാപനിവൃത്തി വ്രതങ്ങള്‍ എന്നിങ്ങനെ വര്‍ഷത്തില്‍ പല ദിവസങ്ങളിലായി വ്രതം അനുഷ്ഠിക്കുന്ന പതിവുണ്ട്. യേശു മരുഭൂമിയില്‍ നാല്‍പതു ദിവസം വ്രതമനുഷ്ഠിച്ചതിന്റെ സ്മരണക്കായി പല ക്രിസ്ത്യന്‍ വിഭാഗങ്ങളും നാല്‍പത് നൊയമ്പ് അനുഷ്ഠിച്ചുവരുന്നു. പത്തൊമ്പത് ദിവസങ്ങള്‍ വീതമുള്ള പത്തൊമ്പത് മാസങ്ങളാണ് ബഹായികള്‍ക്ക് ഒരു വര്‍ഷം. അതില്‍ ഓരോ മാസാദ്യത്തിലും ഒരു വ്രതം അനുഷ്ഠിക്കണമെന്നാണ് നിയമം. വര്‍ഷത്തില്‍ ആകെ പത്തൊമ്പത് വ്രതങ്ങള്‍.
ഇസ്‌ലാമില്‍ വളരെ പ്രാധാന്യമുള്ളതാണ് വ്രതാനുഷ്ഠാനം. മതത്തിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്ന്. ഹിജ്‌റ വര്‍ഷത്തിലെ ഒമ്പതാം മാസമായ റമദാനില്‍ നിര്‍ബന്ധമായും വ്രതമനുഷ്ഠിക്കണമെന്ന് ഖുര്‍ആന്‍ കല്‍പിക്കുന്നു. അധികപേരും റമദാന്‍ കഴിഞ്ഞാല്‍ ചിട്ടകള്‍ പഴയപടിയിലേക്ക് മാറ്റുന്നവരാണ്. മതം നിരോധിച്ച കാര്യങ്ങള്‍ വര്‍ജിച്ചു ജീവിച്ചവര്‍ റമദാന്‍ കഴിഞ്ഞാല്‍ അതിനെക്കുറിച്ച് വിസ്മൃതരാവും. പാവങ്ങളുടെ പട്ടിണിയകറ്റാന്‍ പണം വാരിക്കൊടുക്കുന്നവര്‍, നോമ്പു കാലം കഴിഞ്ഞാലും പട്ടിണിയില്‍ കഴിയുന്നവര്‍ ഇവിടെയുണ്ട് എന്ന് പലപ്പോഴും ഓര്‍ക്കാറില്ല. റമദാനില്‍ എല്ലാ പുണ്യകര്‍മങ്ങള്‍ക്കും വര്‍ധിച്ച തോതില്‍ പ്രതിഫലം ലഭിക്കും എന്ന വിശ്വാസമാവാം ഇതിനു കാരണം.
Comments