Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 16

3198

1442 റമദാന്‍ 04

നോമ്പിന്റെ കര്‍മശാസ്ത്ര വിധികള്‍

 ഇല്‍യാസ് മൗലവി

റമദാന്‍ നോമ്പിന്റെ ഇസ്ലാമിക കര്‍മശാസ്ത്ര വിധികള്‍ ലഘുവായി  വിവരിക്കുകയാണ്. നോമ്പ് ആചരിക്കുന്നവര്‍ക്കും നോമ്പിന്റെ സാമാന്യ വിധികള്‍ അറിയണമെന്നാഗ്രഹിക്കുന്നവര്‍ക്കും ഇത് പ്രയോജനപ്പെടും.
പ്രായപൂര്‍ത്തിയെത്തുക, ബുദ്ധിസ്ഥിരതയുണ്ടാവുക, നോമ്പനുഷ്ഠിക്കാന്‍ കഴിവുണ്ടാവുക എന്നീ ഉപാധികള്‍ വന്ന എല്ലാ മുസ്ലിമിനും റമദാനില്‍ നോമ്പനുഷ്ഠിക്കല്‍ വ്യക്തിപരമായ നിര്‍ബന്ധ ബാധ്യതയാണ്. കുട്ടികള്‍, ചിത്തഭ്രമമുള്ളവര്‍, മാറാരോഗികള്‍ തുടങ്ങിയവര്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല.
കുട്ടികള്‍ക്ക് നോമ്പ് നിര്‍ബന്ധമില്ലെങ്കിലും അവരെ പരിശീലിപ്പിക്കാന്‍ നോമ്പെടുപ്പിക്കേണ്ടതാണ്. സ്വഹാബികള്‍ കുട്ടികളെ നോമ്പ് അനുഷ്ഠിപ്പിച്ചിരുന്നതായും അവര്‍ വിശന്ന് കരയുമ്പോള്‍ കളിക്കോപ്പുകള്‍ കൊടുത്ത് സമാശ്വസിപ്പിച്ചു നിര്‍ത്തിയിരുന്നതായും ഹദീസുകളിലുണ്ട് (ബുഖാരി/1960 , മുസ്ലിം/1136).

നോമ്പിന്റെ റുക്‌നുകള്‍ (നിര്‍ബന്ധ ഘടകങ്ങള്‍)
ഒന്ന്: നിയ്യത്ത്. നിയ്യത്തില്ലാതെ നോമ്പിന് സാധുതയില്ല. 'ഈ റമദാനിലെ നാളത്തെ ഫര്‍ദ് നോമ്പ് അല്ലാഹുവിനുവേണ്ടി അനുഷ്ഠിക്കാന്‍ ഞാന്‍ കരുതി' എന്നാണ് നിയ്യത്ത് ചെയ്യേണ്ടത്. നബി(സ) പറഞ്ഞു: 'ഉദയത്തിനു മുമ്പ് നിയ്യത്ത് വെക്കാത്തവന് നോമ്പ് ഇല്ല' (അബൂദാവൂദ് /2454, തിര്‍മിദി /730, നസാഈ/2333).
നിയ്യത്ത് മനസ്സില്‍ വേണ്ടതാണ്. എന്നാല്‍ ഉച്ചരിക്കല്‍ സുന്നത്തുണ്ട്. നിയ്യത്ത് രാത്രിയിലാവല്‍ നിബന്ധനയാണ്. സുന്നത്ത് നോമ്പില്‍ ഇതില്‍ വിട്ടുവീഴ്ചയുണ്ട്; നിയ്യത്ത് ഉച്ചക്കു മുമ്പ് മതി. 
റമദാനിന്റെ ഓരോ ദിവസത്തിനും പ്രത്യേകമായി നിയ്യത്ത് വെക്കേണ്ടതുണ്ട്. കാരണം ഓരോ നോമ്പും പ്രത്യേകം ഇബാദത്തുകളാണ്. അതിനാല്‍ രാത്രിയില്‍ നിയ്യത്ത് മറന്നാല്‍ നോമ്പിന് സാധുതയില്ല. നിയ്യത്തോടു കൂടി ഫജ്‌റ് മുതല്‍ അസ്തമയം വരെ ഗുഹ്യത്തിന്റെയും വയറിന്റെയും ആവശ്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കലാണല്ലോ നോമ്പ്. റമദാനിലെ നോമ്പ് എന്നും നാളത്തേത് എന്നും കരുതല്‍ നിയ്യത്തിന്റെ പ്രധാന ഘടകമാണ്.
പ്രഭാതം മുതല്‍ അസ്തമയം വരെ നോമ്പ് മുറിക്കുന്ന കാര്യങ്ങള്‍ വര്‍ജിക്കലാണ് രണ്ടാമത്തേത്. സൂറത്തുല്‍ ബഖറയിലെ 187-ാം വചനം അത് വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. നോമ്പിന്റെ തുടക്കസമയത്തെക്കുറിച്ച് നബി (സ) ഇപ്രകാരം പഠിപ്പിച്ചു: 'ഇബ്‌നു ഉമ്മിമക്തൂം ബാങ്ക് കൊടുക്കുന്നതുവരെ നിങ്ങള്‍ തിന്നുക, കുടിക്കുക. പ്രഭാതം വിടരുമ്പോഴാണ് അദ്ദേഹം ബാങ്ക് വിളിച്ചിരുന്നത്' (ബുഖാരി/1918, മുസ്ലിം/1096). സൂര്യാസ്തമയമാണ് നോമ്പിന്റെ അവസാന സമയം. അല്‍ ബഖറയുടെ 187-ല്‍ അത് സൂചിപ്പിക്കുന്നുണ്ട്.
നബി (സ) പറഞ്ഞു: 'സൂര്യന്‍ അസ്തമിച്ചാല്‍ നോമ്പുകാരന്‍ നോമ്പുമുറിക്കണം' (ബുഖാരി/1954, മുസ്ലിം/1100).
വായിലൂടെ മാത്രമല്ല ചെവി, മൂക്ക്, ജനനേന്ദ്രിയം, മലദ്വാരം എന്നിവയിലൂടെ സ്ഥൂല വസ്തുക്കള്‍ കടന്നാല്‍ നോമ്പ് മുറിയും എന്നാണ് ശാഫിഈ മദ്ഹബ്. വായിലൂടെയും മൂക്കിലൂടെയും സ്ഥൂല വസ്തുക്കള്‍ ഉള്ളിലേക്ക് കടന്നാല്‍ മാത്രമേ നോമ്പ് മുറിയുകയുള്ളൂ എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.  കണ്ണില്‍ മരുന്നൊഴിക്കുന്നതുകൊണ്ട് നോമ്പ് മുറിയില്ല എന്ന വീക്ഷണമാണ് പ്രബലം. സ്ഥൂല വസ്തു പ്രവേശിച്ചാലേ നോമ്പ് മുറിയൂ; ഗന്ധം പ്രശ്‌നമല്ല. വസ്തു കലര്‍ന്ന ഉമിനീരും ഇറങ്ങാന്‍ പാടില്ല.
ഇഞ്ചക്ഷന്‍ കൊണ്ട് നോമ്പു മുറിയുകയില്ല. പക്ഷേ, ക്ഷീണമകറ്റാന്‍ ഗ്ലൂക്കോസോ മറ്റോ കയറ്റി നോമ്പിനായി ശക്തി സംഭരിക്കാന്‍ പാടില്ല. ക്ഷീണമകറ്റാന്‍ തലയിലും ദേഹത്തും വെള്ളമൊഴിക്കുന്നത് തെറ്റല്ല. നോമ്പുകാരനായിരിക്കെ നബി (സ) തലയില്‍ വെള്ളമൊഴിച്ചിരുന്നുവെന്ന് ഹദീസിലുണ്ട്. ഇബ്‌നു ഉമര്‍ (റ) വസ്ത്രം നനച്ച് ദേഹത്തിടുകയും ചെയ്തിരുന്നു.
തലയില്‍ എണ്ണയിടുന്നതുപോലെ കണ്ണില്‍ സുറുമയിടുന്നതും നോമ്പിനെ ബാധിക്കില്ല (മുഗ്‌നി/1, ഇബ്‌നു ഖുദാമ 3/106, മുഗ്‌നില്‍ മുഹ്താജ്). അനസു ബ്‌നു മാലിക് നോമ്പുകാരനായിരിക്കെ സുറുമയിട്ടിരുന്നു (അബൂദാവൂദ്/2387). നബിയോട് ഒരാള്‍ ചോദിച്ചു: 'കണ്ണിനു സുഖമില്ല. ഞാന്‍ നോമ്പുകാരനുമാണ്. സുറുമയിടട്ടെ?' അവിടുന്ന് പറഞ്ഞു: 'ആവാം' (തിര്‍മിദി/726).
അകത്തേക്കിറക്കുന്നതുകൊണ്ട് മാത്രമല്ല, പുറത്തേക്കിറക്കുന്ന ചിലത് കൊണ്ടും നോമ്പ് നഷ്ടമാവും. ഉദാഹരണം കരുതിക്കൂട്ടി ഛര്‍ദിക്കല്‍. എന്നാല്‍ ഛര്‍ദി അനിയന്ത്രിതമായവര്‍ക്ക് ഖളാഅ് വേണ്ടതില്ല. മനഃപൂര്‍വം ചെയ്യുന്നവന്‍ ഖളാഅ് വീട്ടട്ടെ എന്ന് നബി (സ) പറഞ്ഞിട്ടുണ്ട് (അബൂദാവൂദ്/2380, തിര്‍മിദി/720, അല്‍ മജ്മൂഅ് 6/16).
മൂക്കില്‍നിന്നോ തൊണ്ടയില്‍നിന്നോ രക്തം പുറപ്പെടുകയോ മുറിവേറ്റ് രക്തം വരികയോ ചെയ്താല്‍ നോമ്പിന് കുഴപ്പമില്ല. മോണയില്‍നിന്ന് വന്ന ഉമിനീരില്‍ കലര്‍ന്ന രക്തം ഉള്ളിലേക്കിറക്കാതെ തുപ്പിക്കളയേണ്ടതാണ്. എന്നുവെച്ച് സദാ സമയവും തുപ്പിക്കൊണ്ട് നടക്കേണ്ട കാര്യവുമില്ല.
സ്ഖലനമുണ്ടായില്ലെങ്കിലും ലൈംഗിക ബന്ധം കൊണ്ട് നോമ്പു മുറിയും. കഠിന പ്രായശ്ചിത്തവും അതിന് നിര്‍ബന്ധമാണ്. ഒരു അടിമയെ മോചിപ്പിക്കുക, അതിന് കഴിവില്ലെങ്കില്‍ തുടര്‍ച്ചയായി അറുപത് ദിവസം നോമ്പെടുക്കല്‍, അതിനും കഴിവില്ലെങ്കില്‍ അറുപത് സാധുക്കള്‍ക്ക് ഭക്ഷണം കൊടുക്കല്‍ എന്നിങ്ങനെയാണ് പ്രായശ്ചിത്തം.
ഇന്ദ്രിയ സ്ഖലനമുണ്ടാക്കിയാല്‍ നോമ്പു മുറിയും. എന്നാല്‍ സ്വപ്‌ന സ്ഖലനം കൊണ്ട് മുറിയില്ല. മറയോടെയാണെങ്കിലും അല്ലെങ്കിലും ഭാര്യയെ ചുംബിക്കല്‍ തഹ്‌രീമിന്റെ (ഹറാമിന്റെ വിധിയുള്ള) കറാഹത്താണ്. വികാരത്തോടെയാണെങ്കില്‍ ഹറാമുമാണ്. ഇമാം ബുഖാരി 2051-ാം ഹദീസില്‍ ഇത് പഠിപ്പിക്കുന്നുണ്ട്.
നോമ്പ് മുറിയുന്ന കാര്യങ്ങള്‍ അബദ്ധത്തിലോ മറന്നോ സംഭവിച്ചാല്‍ നോമ്പിന് കുഴപ്പമില്ല. പക്ഷേ ഓര്‍മ വന്നയുടന്‍ അതില്‍നിന്ന് പിന്മാറണം. നബി (സ) പറഞ്ഞു: 'നോമ്പുകാരന്‍ മറന്നു തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ അവന്‍ നോമ്പ് പൂര്‍ത്തിയാക്കട്ടെ. അല്ലാഹുവാണ് അവനെ തീറ്റിയതും കുടിപ്പിച്ചതും' (ബുഖാരി/1933, മുസ്‌ലിം/1155).
നോമ്പ് മുറിയുന്ന കാര്യങ്ങള്‍ മനഃപൂര്‍വം ചെയ്താലാണ് നോമ്പ് നഷ്ടപ്പെടുക. ആര്‍ത്തവം, പ്രസവ രക്തസ്രാവം എന്നിവ സ്വപ്രവൃത്തിയാലല്ലെങ്കിലും നോമ്പ് മുറിയാതിരിക്കില്ല. ശുദ്ധി നഷ്ടമാവുന്നതുകൊണ്ടാണ് ഇവരുടെ നോമ്പ് മുറിയുന്നത്. ആര്‍ത്തവം സ്വുബ്ഹിനു മുമ്പ് നിലച്ചാല്‍ അവര്‍ നോമ്പ് നോല്‍ക്കണം. കുളിച്ചിരിക്കണമെന്നില്ല. വലിയ അശുദ്ധിയുള്ളവര്‍ കുളിക്കാതെ നോമ്പില്‍ പ്രവേശിക്കുന്നതിനും പ്രശ്‌നമില്ല. നമസ്‌കാരത്തിനും മറ്റും വേണ്ടി ഇവരെല്ലാം കുളിക്കുകയും വേണം.

നോമ്പിന്റെ സുന്നത്തുകള്‍

അത്താഴം വ്രതാനുഷ്ഠാനത്തിന്റെ പ്രധാന സുന്നത്തുകളിലൊന്നാണ്. നോമ്പുകാരന് ഉന്മേഷവും സന്തോഷവും ലഭിക്കാന്‍ അത്താഴം കഴിക്കല്‍ സുന്നത്താണ്. ഫജ്‌റിനു മുമ്പ് അമ്പത് ആയത്ത് ഓതുന്ന സമയമുള്ളപ്പോള്‍ അത്താഴം കഴിക്കലായിരുന്നു നബിയുടെ ചര്യ. 'അത്താഴം നിങ്ങള്‍ പിന്തിക്കുക. സമയമായ ശേഷം നോമ്പ് തുറക്കുന്നത് വേഗത്തിലാക്കുക' എന്ന് നബി (സ) പറഞ്ഞിട്ടുണ്ട് (മുസ്‌നദ് അഹ്മദ് 5/147).
സമയമായാല്‍ തുറക്കുന്നത് വേഗത്തിലാക്കണം. അല്ലാഹു പറഞ്ഞു: 'എന്റെ അടിമകളില്‍ എനിക്കേറ്റവും ഇഷ്ടം നോമ്പുതുറ വേഗത്തിലാക്കുന്നവരെയാണ്' (തിര്‍മിദി, മുസ്‌നദ് അഹ്മദ് 2/238).
നോമ്പ് തുറക്കുന്നത് കാരക്ക (ഈത്തപ്പഴം) കൊണ്ടാവുക. പ്രവാചകന്‍ (സ) പറഞ്ഞു: 'നിങ്ങള്‍ നോമ്പ് മുറിക്കുന്നത് കാരക്ക കൊണ്ടാവട്ടെ. അത് ലഭിച്ചിട്ടില്ലെങ്കില്‍ വെള്ളമാവട്ടെ' (അബൂദാവൂദ്/2355, തിര്‍മിദി/694).

തുറക്കുമ്പോഴുള്ള പ്രാര്‍ഥന

നബി(സ) നോമ്പ് തുറക്കുന്ന സമയത്ത് ഇങ്ങനെ  പ്രാര്‍ഥിച്ചിരുന്നു എന്ന് ദുര്‍ബലമായ ഒരു നിവേദനത്തില്‍ കാണാം:
عَنْ مُعَاذِ بْنِ زُهْرَةَ أَنَّهُ بَلَغَهُ أَنَّ النَّبِىَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ إِذَا أَفْطَرَ قَالَ « اللَّهُمَّ لَكَ صُمْتُ وَعَلَى رِزْقِكَ أَفْطَرْتُ ».- رَوَاهُ أَبُو دَاوُد: 2360، وَضَعَّفَهُ الأَلْبَانِيُّ.

നബി(സ) വെള്ളം കൊണ്ട് നോമ്പ് തുറന്നാല്‍ ഇങ്ങനെ പറഞ്ഞിരുന്നു:
عَنِ ابْنِ عُمَرَ، قَالَ: كَانَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا أَفْطَرَ، قَالَ: « ذَهَبَ الظَّمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الأَجْرُ إِنْ شَاءَ اللَّهُ ».- رَوَاهُ أَبُو دَاوُد: 2359، وَحَسَّنَهُ الأَلْبَانِيُّ.

   ദിക്ര്‍, ദുആ അധികരിപ്പിക്കുക, സല്‍ക്കാര്യങ്ങള്‍ വര്‍ധിപ്പിക്കുക, ധര്‍മം ചെയ്യുന്നതില്‍ പ്രത്യേക ശ്രദ്ധ കാണിക്കുക, ഖുര്‍ആന്‍ ഓതുക, സുന്നത്ത് നമസ്‌കാരങ്ങള്‍ അധികരിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിലെല്ലാം നോമ്പുകാരന്‍ പ്രത്യേക ശ്രദ്ധ കൊടുക്കണം.
നോമ്പിന്റെ പൂര്‍ണത ലഭിക്കാന്‍  മനക്കരുത്തോടെ സ്വന്തത്തെ നിയന്ത്രിക്കാന്‍ നോമ്പുകാരന് കഴിയണം. നിഷിദ്ധങ്ങളില്‍നിന്ന് വിട്ടു നില്‍ക്കാന്‍ നല്ല ശുഷ്‌കാന്തി കാണിക്കണം. പൊതുവില്‍ തന്നെ നിഷിദ്ധമായ  കാര്യങ്ങള്‍ നോമ്പുകാരന് അതീവ വിലക്കുള്ളതായിരിക്കുമല്ലോ. കളവ് പറയല്‍, ഏഷണി, പരദൂഷണം, ഹറാമിലേക്കുള്ള നോട്ടം, കേള്‍വി തുടങ്ങിയവ നോമ്പിന്റെ ഫലം നഷ്ടപ്പെടുത്തുന്നതോടൊപ്പം ഗൗരവമുള്ള കുറ്റങ്ങളുമാണ്. റസൂല്‍ (സ) പറഞ്ഞു: 'എത്ര നോമ്പുകാരാണ്, നോമ്പ് കൊണ്ട് വിശപ്പ് മാത്രമേ അവര്‍ക്ക് ലഭിക്കുന്നുള്ളൂ!' (ഇബ്‌നു മാജ 1/539).

നോമ്പുസമയത്ത് അനുവദനീയമായ കാര്യങ്ങള്‍

1. ദാഹം ശമിക്കാനും ചൂടകറ്റാനും വേണ്ടി കുളിക്കുക, വെള്ളത്തില്‍ മുങ്ങുക തുടങ്ങിയ കാര്യങ്ങള്‍ അനുവദനീയമാണ്. ഒരു സ്വഹാബി ഉദ്ധരിക്കുന്നു: 'നോമ്പുകാരനായിരിക്കെ ദാഹം കാരണമായോ ചൂട് കാരണമായോ നബി (സ) തലയിലൂടെ വെള്ളമൊഴിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.'
2. രാത്രി ഉണ്ടായ ജനാബത്ത് പ്രഭാതത്തില്‍ നോമ്പ് തുടങ്ങാന്‍ തടസ്സമാവുന്നില്ല. പ്രഭാതമായശേഷം കുളിച്ചാലും നോമ്പ് സാധുവാകും. ആഇശ (റ) പറയുന്നു: 'നബി (സ) നോമ്പുകാരനായിരിക്കെ ജനാബത്തുകാരനായി നേരം പുലരാറുണ്ട്. പിന്നെ അദ്ദേഹം കുളിക്കും.'
3. മനഃപൂര്‍വമല്ലാതെ ഭക്ഷണപാനീയങ്ങള്‍ വല്ലതും ഉള്ളില്‍ ചെന്നാലും നോമ്പ് മുറിയുകയില്ല. നബി(സ)യില്‍നിന്ന് അബൂഹുറയ്‌റ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: 'നോമ്പുകാരനായിരിക്കെ മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ അവന്‍ നോമ്പ് പൂര്‍ത്തിയാക്കിക്കൊള്ളട്ടെ. അല്ലാഹുവാണവനെ തീറ്റിയതും കുടിപ്പിച്ചതും' (ബുഖാരി : 6669).
4. ഭാര്യയെ ചുംബിച്ചാലും നോമ്പിന് ഭംഗം വരുന്നില്ല. ഉമര്‍ (റ) പറയുന്നു: ഒരുനാള്‍ നോമ്പുണ്ടായിരിക്കെ എനിക്ക് ലൈംഗികാസക്തിയനുഭവപ്പെട്ടു. ഞാന്‍ ഭാര്യയെ ചുംബിച്ചു. ഞാന്‍ നബി(സ)യെ സമീപിച്ചു പറഞ്ഞു: 'ഞാന്‍ വലിയൊരപരാധം ചെയ്തിരിക്കുന്നു. ഞാന്‍ നോമ്പുകാരനായിരിക്കെ ഭാര്യയെ ചുംബിച്ചുപോയി.' നബി(സ) ചോദിച്ചു: 'നോമ്പ് എടുത്തിരിക്കെ താങ്കള്‍ വായില്‍ വെള്ളം കൊപ്പിളിക്കാറില്ലേ? അതേപ്പറ്റി എന്താണ് താങ്കളുടെ അഭിപ്രായം?' ഞാന്‍: 'അതുകൊണ്ട് കുഴപ്പമില്ല'(അഹ്മദ്: 372).
ചുംബനം കൊണ്ടും നോമ്പിന് ഭംഗം വരികയില്ലെന്ന് നബി (സ) വ്യക്തമാക്കി. നോമ്പിന് ഭംഗം വരില്ലെങ്കില്‍ പോലും വര്‍ധിച്ച ലൈംഗികാസക്തിയുള്ളവര്‍ ചുംബനം ഒഴിവാക്കുന്നതാണ് നല്ലത്. അത് നോമ്പുസമയത്ത് നിഷിദ്ധമായ ലൈംഗിക ബന്ധത്തിലേക്ക് നയിക്കാന്‍ കാരണമായേക്കും.
5. ഇഞ്ചക്ഷന്‍: വായ, മൂക്ക് തുടങ്ങിയ ശരീരത്തിലെ സാധാരണ ദ്വാരങ്ങള്‍ വഴി വല്ലതും ഉള്ളില്‍ പ്രവേശിക്കുന്നതിനാല്‍ മാത്രമേ നോമ്പ് മുറിയുകയുള്ളൂ. അതിനാല്‍ മരുന്നുകള്‍ ഇഞ്ചക്ഷന്‍ ചെയ്യുന്നതുമൂലം നോമ്പ് മുറിയുകയില്ല. എന്നാല്‍ ശരീരപോഷണാര്‍ഥം ഗ്ലൂക്കോസ് കുത്തിവെക്കുന്നത് നോമ്പിന് ഭംഗം വരുത്തുമെന്ന് അഭിപ്രായമുണ്ട്.
6. ശരീരത്തില്‍നിന്ന് രക്തം കുത്തിയെടുക്കുന്നത് നോമ്പുമുറിയാന്‍ കാരണമല്ല. നബി (സ) നോമ്പുകാരനായിരിക്കെ കൊമ്പുവെച്ചിരുന്നതായി ഇമാം ബുഖാരി ഉദ്ധരിച്ചിരിക്കുന്നു. തലയില്‍നിന്ന് രക്തമെടുക്കുന്നതിനാണ് കൊമ്പുവെപ്പ് എന്ന് പറയുന്നത്.
7. നോമ്പുകാരന്‍ വെള്ളം വായിലാക്കി കുലുക്കിത്തുപ്പുന്നതും മൂക്കില്‍ വെള്ളം കയറ്റി ചീറ്റുന്നതും അനുവദനീയമാണ്. എന്നാല്‍ വായിലും മൂക്കിലും വെള്ളം കയറ്റുമ്പോള്‍ കൂടുതല്‍ ഉള്ളിലേക്ക് കയറ്റാതെ ശ്രദ്ധിക്കണമെന്നു മാത്രം. നബി(സ) പറയുന്നു:
'നീ മൂക്കില്‍ വെള്ളം കയറ്റുമ്പോള്‍ പരമാവധി കയറ്റുക, നോമ്പുകാരനെങ്കിലൊഴികെ.' മൂക്കില്‍ മരുന്ന് ഉറ്റിക്കുന്നത് നോമ്പുമുറിയാന്‍ കാരണമാകും. അത് അകത്തേക്കിറങ്ങുമല്ലോ. സുഗന്ധദ്രവ്യം ഉപയോഗിക്കുന്നതുകൊണ്ടും നോമ്പ് മുറിയുകയില്ല.
8. ഋതുമതികള്‍ക്കും പ്രസവം കഴിഞ്ഞ സ്ത്രീകള്‍ക്കും പ്രഭാതത്തിനു മുമ്പ് രക്തം നിലച്ചാല്‍ നോമ്പനുഷ്ഠിക്കാം. പ്രഭാതമായ ശേഷം കുളിച്ചാല്‍ മതി.

നോമ്പ് മുറിയുന്ന കാര്യങ്ങള്‍
താഴെ വിവരിക്കുന്ന ഏതെങ്കിലുമൊരു കാര്യം സംഭവിച്ചാല്‍ അത് നോമ്പ് മുറിയാന്‍ ഇടയാക്കും. അതിനാല്‍ അതു സംഭവിക്കാതെ സൂക്ഷിക്കേണ്ടത് നോമ്പുകാരന്റെ ബാധ്യതയാണ്. അതില്‍തന്നെ ചില സംഗതികള്‍ ചെയ്ത് നോമ്പ് മുറിഞ്ഞാല്‍ ആ നോമ്പ് നോറ്റുവീട്ടല്‍ നിര്‍ബന്ധമാണ്. മറ്റു ചില സംഗതികള്‍ ചെയ്ത് നോമ്പ് മുറിഞ്ഞാല്‍ നോറ്റുവീട്ടുന്നതോടൊപ്പം പ്രായശ്ചിത്തം ചെയ്യുകകൂടി വേണം.
നോമ്പ് മുറിയുകയും നോറ്റുവീട്ടല്‍ നിര്‍ബന്ധമാവുകയും ചെയ്യുന്ന കാര്യങ്ങള്‍:
1. ബോധപൂര്‍വം തിന്നുകയോ കുടിക്കുകയോ ചെയ്യുക.
നോമ്പുസമയത്ത് തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ നോമ്പ് മുറിയുന്നതാണ്. നോമ്പുകാരനാണെന്ന കാര്യം മറന്നുകൊണ്ടോ, അബദ്ധവശാലോ, നിര്‍ബന്ധിതനായോ ആണ് തിന്നുകയോ കുടിക്കുകയോ ചെയ്തതെങ്കില്‍ അതുകൊണ്ട് നോമ്പ് മുറിയുന്നില്ല.
2. മനഃപൂര്‍വം ഛര്‍ദിക്കുക.
വായില്‍ വിരലിട്ടോ മറ്റോ ബോധപൂര്‍വം ഛര്‍ദിക്കുന്നതും നോമ്പ് മുറിയാന്‍ കാരണമാവും. എന്നാല്‍ സ്വാഭാവിക ഛര്‍ദികൊണ്ട് നോമ്പ് മുറിയുകയില്ല.
3. നോമ്പിന്റെ അവസാന നിമിഷങ്ങളിലായാല്‍പോലും ആര്‍ത്തവരക്തമോ പ്രസവരക്തമോ പുറപ്പെട്ടുതുടങ്ങിയാല്‍ നോമ്പ് മുറിയും. അത് പിന്നീട് നോറ്റുവീട്ടുകയും വേണം.
4. ലൈംഗികബന്ധം കാരണമായോ ഭാര്യയെ ചുംബിച്ചത് കാരണമായോ ആലിംഗനം ചെയ്തതിനാലോ മുഷ്ടിമൈഥുനം നിമിത്തമോ ഇന്ദ്രിയം സ്ഖലിച്ചാലും നോമ്പ് മുറിയും. എന്നാല്‍ ഭാര്യയെ നോക്കുക മാത്രം ചെയ്തതിനാലാണ് ഇന്ദ്രിയം സ്ഖലിച്ചതെങ്കില്‍ നോമ്പ് മുറിയുകയില്ല. മദ്‌യ് പുറപ്പെട്ടതുകൊണ്ടും നോമ്പ് മുറിയുകയില്ല.
5. മറ്റു വസ്തുക്കള്‍ അകത്തു ചെന്നാല്‍.
വായ, മൂക്ക് തുടങ്ങിയ സാധാരണ മാര്‍ഗങ്ങളിലൂടെ ഭക്ഷണപാനീയങ്ങളല്ലാത്ത മറ്റു വല്ലതും ഉള്ളില്‍ ചെന്നാലും നോമ്പു മുറിയും.
6. നോമ്പ് മുറിക്കാന്‍ തീരുമാനിച്ചാല്‍ ഒന്നും ഉള്ളില്‍ ചെന്നില്ലെങ്കിലും നോമ്പ് മുറിക്കുകയാണെന്ന് തീരുമാനിച്ചാല്‍ നോമ്പ് മുറിയും.
7. പ്രഭാതമായിട്ടില്ലെന്നോ സൂര്യന്‍ അസ്തമിച്ചെന്നോ ധരിച്ച് ഭക്ഷണം കഴിക്കുകയും പിന്നീട് ധാരണ തെറ്റിയതായി തെളിയുകയും ചെയ്താലും നോമ്പ് മുറിയുമെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. തെറ്റു പറ്റുന്നതും മറവി സംഭവിക്കുന്നതുമായ കാര്യങ്ങളില്‍ അല്ലാഹു ഇളവു നല്‍കിയിട്ടുണ്ടെന്ന ഹദീസിന്റെ അടിസ്ഥാനത്തില്‍ അവ മൂലം നോമ്പ് മുറിയുകയില്ലെന്ന് പ്രമുഖ പണ്ഡിതന്മാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നോമ്പ് നോറ്റുവീട്ടുന്നതോടൊപ്പം പ്രായശ്ചിത്തം കൂടി നിര്‍ബന്ധമാവുന്ന കാര്യം ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടലാണ്. ഭാര്യ അവളുടെ നോമ്പ് നോറ്റുവീട്ടുകയേ ചെയ്യേണ്ടതുള്ളൂ. എന്നാല്‍ പുരുഷന്‍ നോമ്പുനോറ്റു വീട്ടുന്നതോടൊപ്പം പ്രായശ്ചിത്തമായി ഒരു അടിമയെ മോചിപ്പിക്കുകയോ, അത് സാധ്യമല്ലാത്ത സാഹചര്യത്തില്‍ രണ്ടു മാസം തുടരെ നോമ്പനുഷ്ഠിക്കുകയോ, അതും സാധ്യമല്ലെങ്കില്‍ തന്റെ കുടുംബത്തിന് നല്‍കുന്ന രീതിയില്‍ അറുപത് അഗതികള്‍ക്ക് മാന്യമായ ഭക്ഷണം നല്‍കുകയോ ചെയ്യണം.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (149-160)
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവിനുള്ള നോമ്പ്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്