റയ്യാന്‍ കവാടങ്ങള്‍ തുറക്കുന്നു; ഒരുങ്ങിയോ നമ്മള്‍?
റമദാനിലെ മുഴുവന്‍ നോമ്പും ആദ്യമായി എടുത്തത് ഇരുപത്തി നാലാം വയസ്സിലോ അതോ ഇരുപത്തഞ്ചിലോ? അതിനു മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ ചില നോമ്പുകള്‍ നോറ്റിട്ടുണ്ടായിരുന്നു. പട്ടിണിയുടെ വിരസതയില്‍നിന്ന് വ്രതത്തിന്റെ ആത്മീയതയിലേക്ക് ഉയരാന്‍ സഹായിക്കുന്ന റമദാനിന്റെ ഇരവുകളും പകലുകളും മറ്റൊരു അനുഭവമാണ് സമ്മാനിക്കുക. പണ്ടെപ്പോഴോ ഒരു ഫെബ്രുവരിയില്‍ ആണെന്ന് തോന്നുന്നു, ആദ്യത്തെ റമദാന്‍ നോമ്പ് പൂര്‍ത്തിയാക്കിയത്. 33 വര്‍ഷം നോമ്പ് അനുഷ്ഠിക്കുന്ന ഒരാള്‍ വര്‍ഷത്തിലെ എല്ലാ ദിവസവും, അതായത് എല്ലാ ഋതുക്കളിലൂടെയും കടന്നുപോയിട്ടുണ്ടാവും. സത്യം പറഞ്ഞാല്‍, ചാന്ദ്രമാസവും ഇത്തരത്തിലുള്ള കാലദേശ പരിഗണനയില്ലാതെ മനുഷ്യരെ എന്തൊക്കെയോ പരിശീലിപ്പിക്കുന്നതിന്റെ പൊരുളും ഒക്കെ ആയിരുന്നു ആദ്യവര്‍ഷങ്ങളിലെ കൗതുകങ്ങള്‍. ഞാന്‍ എന്തിനു ഇത് ചെയ്യുന്നു എന്ന് സ്വന്തത്തെയും ചിലപ്പോഴൊക്കെ ചുറ്റുമുള്ളവരെയും ബോധ്യപ്പെടുത്തേണ്ടുന്ന നോമ്പുകാരനായിട്ടാണല്ലോ എന്നെ പോലുള്ളവര്‍ തുടങ്ങുക.
33 വര്‍ഷത്തിന്റെ ചക്രത്തിനു ഇനിയും വേണ്ടതുണ്ട് അഞ്ചെട്ടു വര്‍ഷങ്ങള്‍. പക്ഷേ ഒന്നില്‍നിന്ന് തുടങ്ങി 25 വര്‍ഷത്തെ റമദാന്‍ വ്രതത്തിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ ഓരോന്നും വ്യത്യസ്തമായി തോന്നുന്നു. 'സ്വൗമ്' എന്ന അറബി പദത്തിന് ഒരു വസ്തുവിനെ വെടിഞ്ഞ് നില്‍ക്കുക, ഒരു നിശ്ചിത സമയത്ത് അതിനെ ഉപേക്ഷിക്കുക എന്നൊക്കെയാണ് അര്‍ഥമാക്കുന്നതെങ്കിലും ഇസ്‌ലാമിക മാനത്തില്‍ നോമ്പിനെ ഇനിയും ഒരുപാട് അറിയേണ്ടിയിരിക്കുന്നു, അനുഭവിക്കേണ്ടിയിരിക്കുന്നു, പുതുക്കി പണിയേണ്ടിയിരിക്കുന്നു.
'നോമ്പ് പരിചയാണ്. അതിനാല്‍ നോമ്പുകാരന്‍ തെറ്റായ പ്രവൃത്തികള്‍ ചെയ്യാതിരിക്കട്ടെ, വിഡ്ഢിത്തം കാണിക്കാതിരിക്കട്ടെ. വല്ലവനും അവനോട് ശണ്ഠ കൂടുകയോ അവനെ ശകാരിക്കുകയോ ചെയ്താല്‍ നോമ്പുകാരനാണ് എന്ന് രണ്ടു പ്രാവശ്യം അവന്‍ പറയട്ടെ. എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു സത്യം! നോമ്പുകാരന്റെ വായയുടെ മണം അല്ലാഹുവിന്റ അടുത്ത് കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാണ്. (അല്ലാഹു പറയുന്നു) അവന്‍ അവന്റെ ഭക്ഷണ പാനീയങ്ങളും ദേഹേഛയും എനിക്കു വേണ്ടിയാണ് ഉപേക്ഷിച്ചിരിക്കുന്നത്. നോമ്പ് എനിക്കുള്ളതാണ്. ഞാന്‍ തന്നെയാണ് അതിനു പ്രതിഫലം നല്‍കുക. ഓരോ നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം' (ബുഖാരി. 3. 31. 118).
ഇതൊന്നും കേള്‍ക്കാത്ത നോമ്പുകാലം ഉണ്ടായിട്ടില്ല. പക്ഷേ ആദ്യം കേള്‍ക്കുന്ന കൗതുകത്തിലിലല്ല ഇപ്പോള്‍ കേള്‍ക്കുന്നത്. പുതിയ വായനയിലേക്കും ചേര്‍ത്തുവെക്കലിലേക്കും നമ്മുടെ ധിഷണയെ പരിവര്‍ത്തിപ്പിക്കുന്നില്ലെങ്കില്‍ ഇമാം ഗസ്സാലി പറഞ്ഞ യാന്ത്രികമായി നോമ്പു നോല്‍ക്കുന്നവരുടെ കൂട്ടത്തിലായിപ്പോകുമോ എന്ന പേടിയുമുണ്ട്. 'എത്ര എത്ര നോമ്പുകാര്‍, അവര്‍ക്ക് വിശപ്പും ദാഹവുമല്ലാതെ മറ്റൊന്നും കിട്ടുന്നില്ല' എന്ന് പ്രവാചകനും ആശങ്കപ്പെട്ടുവല്ലോ.
കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷമായി 'ഉപ സമീപേ വസതി ഇതി ഉപവാസ' എന്നതാണ് ഉപവാസത്തിന്റെ മര്‍മം എന്ന അറിവില്‍ അല്ലാഹുവിന്റെ കൂടെയാണല്ലോ ഇരിക്കേണ്ടത് എന്ന തോന്നലാണ്. അങ്ങനെ പടച്ചവന്റെ കൂടെ ഇരിക്കുമ്പോള്‍ അതിനും വേണ്ടേ ചില യോഗ്യതകള്‍? അവന്റെ വര്‍ണം സ്വീകരിച്ചു തന്നെയാവേണ്ടതുണ്ട് അതൊക്കെ. റമദാന്‍ അതിനു വല്ലാതെ തണലൊരുക്കുന്നുണ്ട് എന്നതാണ് സ്വാനുഭവം. മറ്റൊരു കാലത്തും ഇല്ലാത്ത രീതിയില്‍ കാരുണ്യത്തിന്റെ, സഹനത്തിന്റെ, സഹാനുഭൂതിയുടെ കാറ്റുകള്‍ വീശിക്കൊണ്ടിരിക്കുന്ന മാസം. അതിനായി പിശാചുക്കളെ കെട്ടിയിട്ടു പടച്ചോന്‍ സഹായിക്കുന്നത് അനുഭവിക്കാത്ത നോമ്പുകാര്‍ ഉണ്ടായിരിക്കില്ല. ആസക്തിയുടെയും ദേഹേഛയുടെയും ആകുലതകളില്‍ മറ്റുള്ള മാസങ്ങളില്‍ ഇടറി വീഴുന്നവര്‍ പോലും നോമ്പെന്ന പരിചയുമായി അടര്‍ക്കളത്തില്‍ ധീര യോദ്ധാക്കളാവുന്നു. ബോധപൂര്‍വം നോമ്പെടുക്കുന്ന ഓരോ മനുഷ്യനും മണ്ണിലേക്ക് അമര്‍ത്തിവെക്കാറുള്ള ഭൗതികതയുടെ അടരുകള്‍ അടര്‍ത്തിമാറ്റി ആത്മീയതയുടെ വിഹായസ്സിലേക്കു ചിറകടിച്ചു പറക്കുന്ന നിമിഷങ്ങള്‍ റമദാനിന്റെ മാത്രം സവിശേഷതയാണ്.
ശരീരത്തിലും മനസ്സിലും അടിഞ്ഞുകൂടിയിട്ടുള്ള ദുര്‍മേദസ്സുകളും തിന്മകളുടെ പാടുകളും കഴുകിക്കളയാന്‍ നോമ്പനുഷ്ഠിക്കുന്നവര്‍ക്ക് ഇഷ്ട വിഭവമാകേണ്ടത് പടച്ചവന്റെ കിത്താബ് തന്നെ. കള്ളവും വ്യാജവും പരദൂഷണവും ഒക്കെ ഒഴിവാക്കി നിര്‍മലമായ മനസ്സോടെ വേദപാരായണം നടത്തുമ്പോള്‍ ഇറങ്ങിവരുന്ന സമാധാനം രുചിച്ചറിയേണ്ടതുണ്ട്. പാതിരാവുകളില്‍ ആത്മവിചാരണയുടെ നിമിഷങ്ങളില്‍ തഴുകിവരുന്ന കാറ്റുകളില്‍ ലൈലത്തുല്‍ ഖദ്‌റിന്റെ സുഗന്ധമുണ്ടോ എന്ന് ഒരുവേള നിനച്ചുപോവാറുണ്ട്. ഞങ്ങള്‍ വ്രതത്തെ വിശുദ്ധമാക്കുകയാണ് എന്നു മൊഴിഞ്ഞ് അല്ലാഹുവിന്റെ ഭവനങ്ങളില്‍ പോയി രാപ്പാര്‍ക്കാന്‍ തുനിയുന്നവരും കൊതിക്കുന്നത് അവന്റെ സാമീപ്യം മാത്രം. ഏറ്റവും നല്ല വ്രതം ഏറ്റവും നന്നായി അല്ലാഹുവിനെ ഓര്‍ക്കുന്ന വ്രതമാണെന്നു മൊഴിഞ്ഞ മുത്തുനബി റമദാനില്‍ സ്വയം വീശിയടിക്കുന്ന കാറ്റായി മാറി എന്നതും ചരിത്രം.
നുകങ്ങള്‍ അറുത്തുമാറ്റുക എന്നതാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട ഉപവാസം എന്ന് ഈസാ നബിയുടേതായി ഒരു വചനമുണ്ട്. 'ഫക്കു റകബ' എന്ന, വിശ്വാസികളുടെ ദൗത്യമായി ഖുര്‍ആന്‍ എടുത്തു പറഞ്ഞ അടിമവിമോചനമെന്ന മഹത്തായ കാര്യങ്ങളിലേക്ക് ഒരുവനെ പ്രചോദിപ്പിക്കുന്നതു കൂടിയാവണം ഉപവാസം. അസത്യങ്ങളുടെ, ദുരധികാരങ്ങളുടെ മുകളില്‍ സത്യത്തിന്റെ വിമോചനവുമായി ബദ്ര്‍ സംഭവിച്ച മാസം. ഒരുപാട് സഹോദരന്മാരും സഹോദരിമാരും അക്രമികളായ ഭരണാധികാരികള്‍ക്കു കീഴില്‍ കാര്യമെന്തെന്നറിയാതെ തുറുങ്കിലടക്കപ്പെടുമ്പോള്‍, കരിനിയമങ്ങളാല്‍ വരിഞ്ഞു മുറുക്കപ്പെടുമ്പോള്‍ ഉപവാസത്തിന്റെ തലങ്ങള്‍ ഇനിയും ഒരുപാടൊരുപാട് വിപുലപ്പെടുത്തേണ്ടിയിരിക്കുന്നു. അല്ലാഹുവിന്റെ ഖലീഫ എന്ന നിലയില്‍ ഈ ഭൂമിയില്‍ അനുവദിച്ചിട്ടുള്ള സമയം എങ്ങനെയെങ്കിലും ജീവിച്ചു തീര്‍ക്കുക എന്നതിലുപരിയായി ബോധപൂര്‍വം ജീവിക്കേണ്ടവനാണ് മനുഷ്യന്‍ എന്ന ബോധ്യത്തിന്റെ സാക്ഷ്യം കൂടിയാവണം റമദാന്‍.
കൊടും വറുതി നാളില്‍ അന്നദാനം നടത്തിയും, മണ്ണു പുരണ്ട അഗതികളെ കൈപ്പിടിച്ചുയര്‍ത്തിയും വിമോചനങ്ങളുടെ മലമ്പാതകള്‍ ചവിട്ടിക്കയറാന്‍ പ്രേരിപ്പിക്കുന്ന വേദം വീണ്ടും വീണ്ടും പാരായണം ചെയ്യാനും, ആസക്തിയുടെ നാമ്പുകള്‍ തച്ചുടച്ച് ആത്മവിമലീകരണത്തിന്റെ ഊര്‍ജം വീണ്ടെടുക്കാനും കടന്നുവരുന്ന റമദാന്‍ വസന്തത്തെ ബോധപൂര്‍വം സ്വീകരിക്കുക എന്നതു തന്നെ പരമപ്രധാനം. നിങ്ങളെ കൈനീട്ടി സ്വീകരിക്കാനും സ്ഫുടം ചെയ്യാനുമായി പ്രപഞ്ചനാഥന്‍ ഒരുങ്ങിയിരിക്കുന്നു എന്ന ബോധം ഒരുവനെ ആവേശം കൊള്ളിക്കേണ്ടതാണ്.
നാക്ക് പുറത്തേക്കിട്ട് കിതച്ചോടുന്ന നായ വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിക്കുന്ന ഒരു രൂപകമാണ്. ആര്‍ത്തിയുടെ ലോകത്തെ ഇതിനേക്കാള്‍ നന്നായി ചിത്രീകരിക്കുന്നതെങ്ങനെ? ഇമാം ഗസ്സാലി മനുഷ്യനിലെ മൃഗീയാവസ്ഥകളെപ്പറ്റി 'കിലാബുല്‍ ഖുലൂബ്' എന്ന് പ്രയോഗിച്ചിട്ടുണ്ട്. 'ഹൃദയത്തിലെ പട്ടികള്‍' എന്നര്‍ഥം. ലൗകിക ജീവിതത്തോടുള്ള അമിതപ്രേമം, കോപം, അസൂയ, പരദൂഷണം ഇത്യാദി അവസ്ഥകളുമായി മണ്ണോട് അമര്‍ന്നുപോവുന്ന മനുഷ്യരുടെ ജീവിതത്തിലേക്ക് മാലാഖമാര്‍ നിരന്തരം ഇടപെടുന്ന വ്രതകാലത്ത് ഭയത്തോടെയും പ്രതീക്ഷയോടെയും പടച്ചവന്റെ കാരുണ്യത്തിലേക്കും പാപമോചനത്തിലേക്കും അവന്റെ നിത്യസമാധാനത്തിലേക്കും പ്രവേശിക്കാന്‍ സാധ്യമാവുന്ന രീതിയില്‍ ഉപവാസം അനുഷ്ഠിക്കാന്‍ തയാറെടുക്കുക എന്നല്ലാതെ മറ്റെന്താണ് ഒരുവന് ചെയ്യാനുള്ളത്.
റയ്യാന്റെ കവാടങ്ങള്‍ തുറക്കുകയാണ്. ഒരുങ്ങിയോ നമ്മള്‍?
Comments