ദൈവത്തെത്തേടി
ദൈവത്തെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഞാന്‍ എന്നെക്കുറിച്ച് ചിന്തിക്കും. എന്റെ ശരീത്തെക്കുറിച്ച്; മനസ്സിനെക്കുറിച്ച്. മനുഷ്യശരീരം വിശദീകരിക്കാനാവാത്തവിധം അത്ഭുതകരമാണ്. ഓരോ അവയവത്തിനുമുണ്ട് വിസ്മയങ്ങളുടെ തീരാത്ത കഥപറയാന്‍. ഇനി മനസ്സിന്റെ കാര്യമെടുത്താലോ? അത്ഭുതങ്ങളുടെ അനന്തമായ മറ്റൊരു ലോകമാണത്. നിശ്ചിതമായ ഒരു കൂട്ടില്‍ അടക്കാവുന്നതല്ല മനസ്സ്. മനസ്സിന് സഞ്ചരിക്കാനാവാത്ത ഇടമില്ല. പ്രപഞ്ചത്തിന്റെ അങ്ങേയറ്റത്തേക്ക് ഒരു നിമിഷം കൊണ്ട് മനസ്സ് ചുറ്റിവരും.
എന്റെ ഈ അത്ഭുതരൂപം തനിയെ ഉണ്ടായതാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ആ വ്യക്തിയുടെ ചിന്താശക്തി മരവിച്ചുപോയിരിക്കുന്നുവെന്നേ പറയാനാകൂ. മനുഷ്യസൃഷ്ടിയെക്കുറിച്ച് ഖുര്‍ആന്‍ ചിന്താര്‍ഹമായ വാക്കുകളില്‍ കഥപറയുന്നു: ''എങ്ങനെ നിങ്ങള്‍ അല്ലാഹുവിനെ നിഷേധിക്കും? നിങ്ങള്‍ക്ക് ജീവനില്ലായിരുന്നു, അവന്‍ ജീവനേകി. അവന്‍ തന്നെ നിങ്ങളെ മരിപ്പിക്കും. വീണ്ടും ജീവിപ്പിക്കും. അവസാനം അവന്റെയടുത്തേക്കു തന്നെ എല്ലാവരും തിരിച്ചുചെല്ലും'' (2:28).
ഈ പ്രഖ്യാപനത്തെ നിഷേധിക്കാന്‍ മനുഷ്യന് കഴിയില്ല. അവന്‍ വെറുംകൈയോടെ വന്നു. പലതും കണ്ടു. അത്രമാത്രം. മനുഷ്യന്‍ ഒരു ജീവിയെയും സൃഷ്ടിച്ചിട്ടില്ല. പ്രപഞ്ചത്തില്‍ മനുഷ്യന് വേണ്ട എല്ലാം ആരോ ഒരുക്കിവെച്ചിരിക്കുന്നു. ''അവന്‍ നിങ്ങള്‍ക്കായി ഭൂമിയെ വിശാലമാക്കി. ആകാശത്തെ മേലാപ്പാക്കി. മാനത്തുനിന്ന് മഴവീഴ്ത്തി. കഴിക്കാനുള്ള കായ്കനികള്‍ അതുവഴി കിളിര്‍പ്പിച്ചുതന്നു'' (2:22).
ഒരു സൃഷ്ടിയെ പുതുക്കിപ്പണിയുകയായിരുന്നില്ല ദൈവം. ''ഇല്ലായ്മയില്‍നിന്ന് ആകാശഭൂമികളെ സൃഷ്ടിച്ചു'' (2:117).
മണ്ണിന്റെ മക്കളാണ് മനുഷ്യര്‍. ''ഇതേ മണ്ണില്‍നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. അതിലേക്കുതന്നെ നിങ്ങളെ തിരിച്ചുകൊണ്ടുപോകും. അതില്‍നിന്ന് നിങ്ങളെ മറ്റൊരിക്കല്‍ പുറത്തുകൊണ്ടുവരും'' (20:55).
ആദ്യം മണ്ണില്‍നിന്ന് രൂപംകൊടുത്ത മനുഷ്യന് പിന്നെ ഗര്‍ഭാശയത്തില്‍നിന്ന് രൂപം നല്‍കി. ''അവനാണ് നിങ്ങളെ മണ്ണില്‍നിന്ന് സൃഷ്ടിച്ചത്. പിന്നെ ബീജത്തില്‍നിന്ന്'' (40:67). ''അവനാണ് നിങ്ങളെ ഗര്‍ഭാശയത്തില്‍ രൂപപ്പെടുത്തുന്നത്'' (3:6). സൃഷ്ടിപ്പില്‍ മനുഷ്യന് ഒരു പങ്കുമില്ല. ദൈവം നല്‍കിയ ചോദനകള്‍ക്കനുസരിച്ച് അവന്‍ ജീവിക്കുന്നു.
നിത്യാനുഭവങ്ങളില്‍നിന്ന് പാഠം പഠിക്കാന്‍ ഖുര്‍ആന്‍ പറയുന്നു: ''രാപ്പകലുകള്‍ മാറിമാറി വരുന്നു. ചരക്കുകപ്പല്‍ സമുദ്രത്തില്‍ സഞ്ചരിക്കുന്നു. മാനത്തുനിന്ന് മഴ വീഴ്ത്തുന്നു. ജീവനില്ലാത്ത ഭൂമിക്ക് വെള്ളം ജീവനേകുന്നു'' (2:164).
ജീവിതം മനുഷ്യര്‍ക്ക് പ്രിയങ്കരമാണ്. മരണമില്ലാതെ, വാര്‍ധക്യമില്ലാതെ എല്ലാ കാലത്തും ജീവിതം ആസ്വദിക്കണമെന്ന് മനുഷ്യന്‍ മോഹിക്കുന്നു. എന്നാല്‍ മരണത്തെ തടയാന്‍ അവന് കഴിയുന്നില്ല. ''എല്ലാ മനുഷ്യരും മരണം രുചിക്കും'' (3:185).
ജനിക്കുകയും മരിക്കുകയും ചെയ്യുന്നത് മനുഷ്യന്റെ പദ്ധതിയില്‍പെട്ടതല്ല. അവന്‍ അറിയാതെ ജനിക്കുന്നു. അവനോടു ചോദിക്കാതെ മരിപ്പിക്കുന്നു.
മനുഷ്യന്‍ എത്ര ദുര്‍ബലനാണെങ്കിലും ദൈവത്തെ വെല്ലുവിളിക്കുന്നതില്‍ അവന് ഒരു കുറവുമില്ല.
''മനുഷ്യനെ നാമൊരു വെള്ളത്തുള്ളിയില്‍നിന്നാണ് സൃഷ്ടിച്ചതെന്ന് അവന്‍ മനസ്സിലാക്കിയിട്ടില്ലേ? എന്നിട്ടിപ്പോള്‍ അവനിതാ ഒരു ശത്രുവായി മാറിയിരിക്കുന്നു'' (36:77). കണക്കൂകൂട്ടാനാകാത്തത്ര അനുഗ്രഹങ്ങളുമായാണ് മനുഷ്യന്‍ ജനിക്കുന്നത്.
''നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചയും ഹൃദയങ്ങളും ഉണ്ടാക്കിത്തന്നത് അല്ലാഹുവാണ്. പക്ഷേ, നന്നെക്കുറച്ചുമാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ'' (23:78).
ജീവിച്ചുപോകുന്നതിനിടക്ക് എന്തെല്ലാം കാര്യങ്ങള്‍ ചിന്തിക്കാനുണ്ട്?
''നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നിങ്ങളാണോ അത് സൃഷ്ടിക്കുന്നത്? അതോ നാമോ? നിങ്ങള്‍ വിളയിറക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുവോ? നിങ്ങളാണോ അത് മുളപ്പിക്കുന്നത്? അതോ നാമോ? കുടിക്കുന്ന വെള്ളത്തെക്കുറിച്ച് ചിന്തിച്ചുവോ? കാര്‍മുകിലില്‍നിന്ന് വെള്ളം വീഴ്ത്തുന്നത് നിങ്ങളാണോ? അതോ നാമോ? തീയെക്കുറിച്ച് ചിന്തിച്ചുവോ? അത് കത്തിക്കുന്ന വിറകുണ്ടാക്കിയത് നിങ്ങളാണോ? അതോ നാമോ?'' (56: 58-72).
വലിയ അനുഗ്രഹവും അത്ഭുതവുമാണ് മഴ. അതിനുള്ള സംവിധാനങ്ങള്‍ ചെയ്യുന്നത് ആരാണ്?
''കാറ്റുകളെ അയക്കുന്നത് അല്ലാഹുവാണ്. അത് മേഘത്തെ തള്ളിനീക്കുന്നു. നിര്‍ജീവാവസ്ഥക്കു ശേഷം ഭൂമിയെ ജീവനുള്ളതാക്കുന്നു'' (35:9).
ദൈവത്തിന്റെ വിഭവങ്ങള്‍ ആസ്വദിച്ച് മനുഷ്യന്‍ ജീവിക്കുന്നു. ദൈവം തടഞ്ഞുനിര്‍ത്തിയാല്‍ അവ കൊണ്ടുവരാന്‍ മനുഷ്യന് മാര്‍ഗമില്ല.
''ദയാപരനായ ദൈവമല്ലാതെ നിങ്ങളെ സഹായിക്കാന്‍ ആരുണ്ട്? അല്ലാഹു വിഭവം വിലക്കിയാല്‍ അന്നം നല്‍കാന്‍ ആരുണ്ട്?'' (67:21). ''നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ വെള്ളം തരാന്‍ ആരുണ്ട്?'' (67:30).
പ്രപഞ്ചസൃഷ്ടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മനുഷ്യസൃഷ്ടി നിസ്സാരമാണ്. ''നിങ്ങളെ സൃഷ്ടിക്കുന്നതാണോ, ആകാശത്തെ സൃഷ്ടിക്കുന്നതാണോ പ്രയാസകരം? അവന്‍ അതുണ്ടാക്കി'' (79:27).
രണ്ടാമതും ജീവിപ്പിക്കുമെന്ന ദൈവപ്രഖ്യാപനം വിശ്വസിക്കാന്‍ ഒരു വിഭാഗത്തിന് കഴിയുന്നില്ല.
''ജനങ്ങളുടെ ഈ വാക്കാണ് ഏറെ അത്ഭുതകരമായിട്ടുള്ളത്: നാം മരിച്ചുകഴിഞ്ഞാല്‍, മണ്ണായിത്തീര്‍ന്നാല്‍ വീണ്ടും സൃഷ്ടിക്കപ്പെടുമെന്നോ?'' (13:5).
ദൈവികാത്ഭുതങ്ങളുടെ കടലില്‍ മുങ്ങിജീവിക്കുമ്പോഴാണ് മനുഷ്യന്‍ ഈ ചോദ്യം ചോദിക്കുന്നത് എന്നോര്‍ക്കണം. ''മനുഷ്യന്‍ ചോദിക്കുന്നു: ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ വീണ്ടും എന്നെ ജീവനോടെ പുറത്തുകൊണ്ടുവരുമെന്നോ?'' (19:66).
മറുപടിയായി ഖുര്‍ആന്‍ ചോദിക്കുന്നു: ''മനുഷ്യന്‍ ഒന്നുമല്ലാതിരുന്ന അവസ്ഥയില്‍നിന്ന് അവനെ സൃഷ്ടിച്ചുണ്ടാക്കിയ കാര്യം അവന് ഓര്‍മയില്ലേ?'' (19:67).
കണ്‍മുന്നില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഖുര്‍ആന്‍ ചോദിക്കുന്നു: ''ഭൂമി വരണ്ട് ചത്തുകിടക്കുന്നത് നിനക്ക് കാണാം. നാമതില്‍ മഴ വര്‍ഷിച്ചാല്‍ അത് തുടിക്കുന്നു; വികസിക്കുന്നു. കൗതുകമുണര്‍ത്തുന്ന സകലയിനം ചെടികളെയും മുളപ്പിക്കുന്നു. ഇതെല്ലാം തെളിയിക്കുന്നത് അല്ലാഹു മരിച്ചവരെ ജീവിപ്പിക്കുമെന്നാണ്'' (22: 5,6).
''ഭൂമിയെ വരണ്ടതായി നീ കാണുന്നു. നാമതില്‍ വെള്ളം വീഴ്ത്തുന്നു. അത് ചലനമുള്ളതായിത്തീരുന്നു. വികസിച്ചു വലുതാകുന്നു. മരിച്ചുകിടക്കുന്ന ഭൂമിയെ ജീവനുള്ളതാക്കുന്നവന്‍ തീര്‍ച്ചയായും മരിച്ചവരെ ജീവിപ്പിക്കും'' (41:39).
മനുഷ്യന്‍ മരിച്ച്, മാംസം മണ്ണോടുചേര്‍ന്ന്, ബാക്കി ദ്രവിച്ച എല്ലുകളായിത്തീരുന്നു. ദ്രവിച്ച ഈ എല്ലിന്‍കഷ്ണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മനുഷ്യന്റെ ചോദ്യങ്ങള്‍.
''നമുക്കവന്‍ ഉദാഹരണം ചമയ്ക്കുന്നു. സ്വന്തം സൃഷ്ടിയെ മറന്നുകൊണ്ട് അവന്‍ ചോദിക്കുന്നു: നുരുമ്പിപ്പൊടിഞ്ഞ ഈ എല്ലുകളെ ആരു ജീവിപ്പിക്കും?''
ഖുര്‍ആന്റെ മറുപടി: ''പറയുക: ഒന്നാമത്തെ തവണ അവയെ സൃഷ്ടിച്ചവന്‍ തന്നെ അവയെ വീണ്ടും ജീവിപ്പിക്കും'' (36:79).
അനന്തവിസ്തൃതമായ പ്രപഞ്ചത്തിലെ ഒരു മണല്‍ത്തരി മാത്രമാണ് മനുഷ്യന്‍. ഏതോ നിമിഷത്തില്‍ അവന്‍ ജനിച്ചുവീഴുന്നു; ഏതോ മാതാവില്‍, ഏതോ നാട്ടില്‍, ഏതോ കാലത്ത്. പിന്നെയവന്‍ വളരുന്നു, ബുദ്ധി വികസിക്കുന്നു. അത് അവന്‍ ചിന്തിച്ചുണ്ടാക്കിയതല്ല. ദാനം കിട്ടിയതാണ്. ആ ബുദ്ധികൊണ്ട് അവന്‍ കഥകള്‍ മെനയുന്നു. ചിലര്‍ സത്യമായ ജീവിതമാര്‍ഗം കണ്ടെത്തുന്നു. ചിലര്‍ ചിന്തയുടെ ഏതോ വിചിത്രമായ കാടുകളില്‍പെട്ട് ഉഴലുന്നു. ചിലര്‍ ധിക്കാരികളായി വിളയാടുന്നു. മരണം വന്ന് വിളിക്കുമ്പോള്‍ പടിയിറങ്ങുന്നു. അതാണ് മനുഷ്യന്റെ കഥ. ഒരു ജലത്തുള്ളിയുടെ കഥ. അവനാണ് കോലാഹലമുണ്ടാക്കി, വീമ്പിളക്കി, ധിക്കാരിയായി മരണത്തിന്റെ കവാടത്തിലൂടെ നിസ്സാരനായി, നിസ്സഹായനായി കടന്നുപോകുന്നത്.
'ആകാശമോ ഭൂമിയോ അവനുവേണ്ടി കരഞ്ഞില്ല' (44:29) എന്ന് ഖുര്‍ആന്‍ അവന് ചരമക്കുറിപ്പെഴുതുന്നു.
എല്ലാം നേടിയെന്ന് അഹങ്കരിക്കുന്ന മനുഷ്യന്‍ ദൈവത്തിനെതിരെ വിളമ്പുന്ന അഹങ്കാരത്തിന്റെ വാക്കുകള്‍ക്ക് കണക്കില്ല. എന്നാല്‍ മനുഷ്യന്റെ അല്‍പജ്ഞാനം കൊണ്ട് ദൈവത്തെ തോല്‍പിക്കാനാവില്ല. ''അല്ലാഹുവിനെ തോല്‍പിക്കാന്‍ മാത്രം മനുഷ്യന്‍ വളര്‍ന്നിട്ടില്ല'' (11:20).
ഈലോകജീവിതം യാഥാര്‍ഥ്യമാണ്. പരലോകജീവിതവും സംഭവിക്കും. ചിന്തിക്കുന്നവര്‍ക്ക് പ്രപഞ്ചസൃഷ്ടികളിലൂടെ ജീവിതത്തിന്റെ പൊരുള്‍ കണ്ടെത്താന്‍ പ്രയാസമില്ല.
Comments