Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 09

3197

1442 ശഅ്ബാന്‍ 26

'വെളിപാട് ലഭിക്കാത്ത പ്രവാചകന്മാര്‍'

ജി.കെ എടത്തനാട്ടുകര

(ജീവിതം - 17)

വിവാഹം വിവാദമായതോടെ പല സ്ഥലങ്ങളിലും വിശദീകരണ പൊതുയോഗങ്ങള്‍ നടന്നുകൊണ്ടിരുന്നു. വമ്പിച്ച ജനപങ്കാളിത്തത്തോടെയായിരുന്നു മിക്ക പരിപാടികളും നടന്നത്. ഒരു 'കൗതുക ജീവി'യെ കാണാനെന്ന പോലെയാണ് ജനങ്ങള്‍ കൂടിയിരുന്നത്.  പെരിന്തല്‍മണ്ണക്കടുത്തുള്ള വലമ്പൂരില്‍ ഒരു പൊതു പരിപാടിക്ക് ക്ഷണിച്ചിരുന്നു. നടത്താന്‍ സമ്മതിക്കില്ലെന്ന് ഒരു കൂട്ടര്‍ വാശി പിടിച്ചു. പരിപാടിക്കുവേണ്ടി വളാഞ്ചേരിയില്‍നിന്ന് പെരിന്തല്‍മണ്ണ എത്തിയപ്പോഴാണ് വിവരമറിഞ്ഞത്. വലമ്പൂരിലുള്ള സ്വാലിഹ് സാഹിബ് വണ്ടിയുമായി വന്നു. വണ്ടി വഴിയില്‍ തടയും എന്നറിഞ്ഞപ്പോള്‍ വേറെ ഏതോ വഴിയിലൂടെയാണ് പോയത്. സ്ഥലത്തെത്തി പരിപാടി തുടങ്ങിയതോടെ ദൂരെ നിന്ന് കൂക്കിവിളി ആരംഭിച്ചു. പരിപാടി നടന്നുകൊണ്ടിരിക്കെ, കുറച്ചു കഴിഞ്ഞപ്പോള്‍ കൂക്കിവിളികള്‍ മെല്ലെ മെല്ലെ കുറഞ്ഞുവന്നു. പിന്നെ ശാന്തമായി. അവര്‍ പരിപാടി മുഴുവന്‍ അകലെ നിന്ന് കേട്ടിരുന്നു. അവര്‍ അകലുകയല്ല, പിന്നീട് അടുക്കുകയാണ് ചെയ്തത് എന്നാണറിഞ്ഞത്. ഇതുപോലെ വേറെയും സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. തുടക്കത്തില്‍ എതിര്‍ത്തു നിന്നവര്‍ പലരും ഒടുക്കത്തില്‍ ചേര്‍ത്തുപിടിച്ചവരായി. കല്ലുകള്‍ സ്റ്റേജില്‍ 'കയറും' എന്ന് വരെ തോന്നിയ സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്.
അതിനിടയില്‍ മറ്റൊരു സംഭവമുണ്ടായി. ഐ.ആര്‍.എസ്സിലായിരിക്കെ, മൂന്നോ നാലോ മുസ്‌ലിം ചെറുപ്പക്കാര്‍ അന്വേഷിച്ചു വന്നു. തീവ്രനിലപാടുള്ളവരാണെന്ന് സംസാരത്തില്‍നിന്ന് മനസ്സിലായി. കൂട്ടത്തിലൊരാള്‍ ചോദിച്ചു:
'നിങ്ങള്‍ ആത്മാര്‍ഥമായി ഇസ്ലാം സ്വീകരിച്ചതാണോ?'
വിശ്വാസത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ശൈലി ഒട്ടും ഇഷ്ടപ്പെട്ടില്ല. അത് മനുഷ്യന്റെ ഒരു പൊതു സ്വഭാവമാണ്. അതുകൊണ്ടുകൂടിയാവാം ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ഇസ്‌ലാം അനുവദിക്കാത്തത്. യുദ്ധവേളയില്‍ ശത്രുപക്ഷത്തുള്ള ഒരാള്‍ രക്ഷപ്പെടാനായി ഇസ്ലാമിന്റെ ആദര്‍ശവാക്യം ഉച്ചരിച്ചാല്‍, അതു പോലും സംശയിക്കരുത് എന്നാണ് ഇസ്‌ലാമിന്റെ പാഠം.
വിശ്വാസത്തെ സംശയിച്ചുകൊണ്ടുള്ള ചോദ്യമായതിനാല്‍ ഒന്നും പ്രതികരിക്കാന്‍ തോന്നിയില്ല.
'ഇസ്‌ലാമിനെ പൊളിക്കാന്‍ പലരും നോക്കുന്നുണ്ട്' എന്ന് പറഞ്ഞുകൊണ്ട് വീണ്ടും സംസാരം തുടര്‍ന്നു. അതില്‍ ഇടപെട്ടുകൊണ്ട് ചോദിച്ചു:
'ഏത് ഇസ്‌ലാമിനെയാണ് നിങ്ങള്‍ ഉദ്ദേശിച്ചത്?'
'നിങ്ങളെന്താ പേര് മാറ്റാത്തത്?'
വൈകാരിക സ്വഭാവത്തിലായിരുന്നു പിന്നെ അവരുടെ ഇടപെടല്‍. ഇങ്ങനെയുള്ള വേറെയും ഇടപെടലുകളെ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. ദൈവത്തിന്റെ കല്‍പനയാണെങ്കില്‍ പേരല്ല, തലയും മാറ്റാന്‍ തയാറാണെന്ന് പറഞ്ഞുകൊണ്ടാണ് പലപ്പോഴും മറുപടി പറഞ്ഞിരുന്നത്.
'നിങ്ങള്‍ എന്തുകൊണ്ട് പേരു മാറ്റുന്നില്ല?'
'ഇസ്‌ലാം സ്വീകരിച്ചാല്‍ പേര് മാറ്റണം എന്ന നയം പ്രവാചകന്മാരാരെങ്കിലും സ്വീകരിച്ചിരുന്നോ?'
'ഇല്ലേ?'
'ഉണ്ടെങ്കില്‍ ഏതൊക്കെ പ്രവാചകന്മാരാണത്? അന്ത്യപ്രവാചകന്‍ എത്ര അനുയായികളുടെ പേര് മാറ്റിയിട്ടുണ്ട്?'
'അറിയില്ല.'
'അങ്ങനെ ഒരു നയം പ്രവാചകന്‍ സ്വീകരിച്ചതായി അറിവില്ല. വിരലില്‍ എണ്ണാവുന്ന ചില പേരുകള്‍ മാറ്റിയിട്ടുണ്ട്.'
'മാറ്റാന്‍ കാരണമെന്തായിരുന്നു?'
'വിശ്വാസത്തിന് നിരക്കാത്തതിനാല്‍.'
'അതിനൊരു ഉദാഹരണം?'
'അതിനൊരുദാഹരണമാണ് 'അബ്ദുല്‍ കഅ്ബ' എന്ന പേര്. അബൂബക്‌റിന്റെ ആദ്യത്തെ പേര് അതായിരുന്നു. അതിന്റെ അര്‍ഥം കഅ്ബയുടെ അടിമ എന്നാണ്. വിശ്വാസി ദൈവത്തിന്റെ മാത്രം അടിമയാണല്ലോ. അതുകൊണ്ടാണ് ആ പേര് പ്രവാചകന്‍ മാറ്റിയത്.'
'വിശ്വാസികള്‍ നല്ല പേരിടണം എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടില്ലേ?'
'ഒരു വിശ്വാസിക്ക് ഒരു കുഞ്ഞ് ജനിച്ചാല്‍ നല്ല അര്‍ഥമുള്ള പേരിടണം എന്ന് പഠിപ്പിച്ചിട്ടുണ്ട്. സത്യവിശ്വാസം സ്വീകരിച്ച ഒരാള്‍ തന്റെ മാതാപിതാക്കളിട്ട പേര് മാറ്റണം എന്ന നിലപാട് ഉണ്ടായിട്ടില്ല. നല്ല അര്‍ഥമില്ലാത്ത പേരുകള്‍ വരെ നിലനിര്‍ത്തിയിട്ടുണ്ട്.'
'ഉദാഹരണം?'
'അബ്ബാസ് എന്നാല്‍ മുഖം ചുളിക്കുന്നവന്‍ എന്നാണ്. ഉസ്മാന്‍ എന്നാല്‍ പാമ്പിന്‍കുട്ടി, കൊറ്റിക്കുട്ടി എന്നൊക്കെയാണത്രെ അര്‍ഥം. ഏറ്റവും കൂടുതല്‍ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രവാചക ശിഷ്യനാണല്ലോ 'അബൂ ഹുറയ്‌റ'. ആ പേരിന്റെ അര്‍ഥം 'കുട്ടിപ്പൂച്ചയുടെ തന്ത' എന്നാണത്രെ! ഇവരൊക്കെ പ്രവാചകന്റെ ഏറ്റവും അടുത്ത അനുയായികളായിരുന്നില്ലേ.'
'മുസ്‌ലിം പേര് എന്നൊന്ന് ഇല്ല എന്നാണോ?'
'അതൊരു തെറ്റിദ്ധാരണയാണ്. പ്രവാചകന്മാരുടെ കാലത്ത് ഇങ്ങനെ ഒരു രീതി ഉണ്ടായിരുന്നില്ല. പേരുകൊണ്ട് ഒരു പ്രവാചകന്റെ അനുയായികളെയും തിരിച്ചറിഞ്ഞിരുന്നില്ല; അന്ത്യപ്രവാചകന്റെ അനുയായികളെ പോലും. ഇന്നും അറബ് നാടുകളില്‍ അങ്ങനെയാണ്. സദ്ദാം ഹുസൈന്റെ വലംകൈയായിരുന്ന താരിഖ് അസീസ് ക്രിസ്ത്യാനിയായിരുന്നല്ലോ. ലബനാന്‍ പോലെയുള്ള രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്കും അറബി പേരുകളാണ്. അറബിപ്പേരുകളാണ് മുസ്ലിം പേരുകള്‍ എന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. ഇബ്‌റാഹീം, ഈസാ, നൂഹ് തുടങ്ങിയ പേരുകളൊന്നും അറബിയല്ല. കുഞ്ഞാലി, കുഞ്ഞാലിക്കുട്ടി, ഉണ്ണീന്‍, ഉണ്ണീന്‍കുട്ടി, വാപ്പു, വാപ്പുട്ടി, മാനു, മാനുപ്പ, നാണി, നാണിപ്പ, ഷാജി, ഷാജു ഇങ്ങനെ തുടങ്ങി എത്രയെത്ര അനറബി പേരുകളുണ്ട് മുസ്‌ലിംകള്‍ക്ക് നമ്മുടെ നാട്ടില്‍.....
'മൊത്തത്തില്‍ നോക്കിയാല്‍ മുസ്‌ലിംകളല്ലാത്തവര്‍ക്ക് അറബിപ്പേരുകളുണ്ട്; മുസ്‌ലിംകള്‍ക്ക് അനറബിപ്പേരുകളുമുണ്ട്. ഇതു മാത്രമല്ല, വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ഇരുപത്തി അഞ്ച് പ്രവാചകന്മാരില്‍ രണ്ടോ മൂന്നോ പ്രവാചകന്മാരുടെ പേര് മാത്രമാണ് അറബിയിലുള്ളത്. പ്രവാചകന്മാരുടെ പേരുള്ള അന്താരാഷ്ട്ര കൊള്ളക്കാര്‍ വരെ ഉണ്ടല്ലോ. എന്നിരിക്കെ പേരുകൊണ്ട് വിശ്വാസികളെ തിരിച്ചറിയുന്ന രീതി ഇസ്ലാമിന് ചീത്തപ്പേരുണ്ടാക്കുകയല്ലേ ചെയ്യുക?'
പേരുമായി ബന്ധപ്പെട്ട ചര്‍ച്ച ഇങ്ങനെയൊക്കെയാണ് നടന്നിരുന്നത്. ചിലര്‍ തലയാട്ടി സമ്മതിക്കും, ചിലര്‍ മൗനസമ്മതം നടത്തും. പൊതുവില്‍ അതായിരുന്നു അനുഭവം. പേരിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊണ്ട് ഉദ്ദേശിച്ചിരുന്നത് പേരിനെക്കുറിച്ചുള്ള ചര്‍ച്ചയല്ല; യഥാര്‍ഥത്തില്‍ എന്താണ് ഇസ്ലാം, ആരാണ് മുസ്ലിം തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കലായിരുന്നു. ഇങ്ങനെ വിവിധ വശങ്ങള്‍ വിശദീകരിച്ചു വന്നപ്പോള്‍ കാണാന്‍ വന്ന ആ ചെറുപ്പക്കാര്‍ ശാന്തരായി. പിന്നെ സൗഹൃദത്തോടെയാണ് പിരിഞ്ഞത്.
ഇസ്‌ലാമിന്റെ സംരക്ഷണം ഇതുപോലെ വൈകാരികമായി ഏറ്റെടുക്കുന്ന ധാരാളം പേര്‍ മുസ്ലിം സമുദായത്തിലുണ്ട്. അന്തിമ വിശകലനത്തില്‍ ആ വൈകാരികതയുടെ തായ്‌വേര് 'സാമുദായികത'യിലായിരിക്കും നിലകൊള്ളുന്നത്. പേര് മാറ്റണം എന്ന അഭിപ്രായമുള്ളവരെല്ലാം സാമുദായികവാദികളാണ് എന്ന് അതിനര്‍ഥമില്ല. ഇസ്‌ലാമിനെ സംബന്ധിച്ച അജ്ഞത സാമുദായികതക്ക് ഒരു കാരണമാണ് എന്ന് തോന്നിയിട്ടുണ്ട്.
സാമുദായികത, വര്‍ഗീയത, ദേശീയത തുടങ്ങി എല്ലാ പക്ഷപാതിത്വങ്ങള്‍ക്കും ഇസ്ലാം എതിരാണ്. ഇസ്‌ലാം പഠനം ആരംഭിച്ചപ്പോള്‍ തന്നെ ബോധ്യപ്പെട്ട കാര്യമാണത്.
സത്യവിശ്വാസികള്‍ യഥാര്‍ഥത്തില്‍ 'ജനങ്ങളുടെ സംരക്ഷകരാ'വേണ്ടവരാണ് എന്നാണല്ലോ ഖുര്‍ആന്‍ പറയുന്നത്. സാമുദായിക ബോധമാണ് ഒരു വിശ്വാസിയെ നയിക്കുന്നതെങ്കില്‍, 'സമുദായ സംരക്ഷകരാ'യി ചുരുങ്ങുകയാണ് ചെയ്യുക. വിശ്വാസി സമൂഹത്തിന്റെ നിലനില്‍പിന്റെ ന്യായത്തെത്തന്നെയാണ് അത് ഇല്ലാതാക്കുക. വിശുദ്ധ ഖുര്‍ആനില്‍ സവിശേഷമായി ആകര്‍ഷിച്ച സൂക്തങ്ങളില്‍ ഒന്നാണ് മൂന്നാം അധ്യായത്തിലെ നൂറ്റിപ്പത്താം സൂക്തം. അതില്‍ പറയുന്നത്, 'ജനങ്ങള്‍ക്കു വേണ്ടി നിയോഗിക്കപ്പെട്ട ഉത്തമ സമൂഹമാണ് നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പിക്കുന്നു. തിന്മ വിരോധിക്കുന്നു. ദൈവത്തില്‍ വിശ്വസിക്കുന്നു' എന്നാണ്. ഇവിടെ 'ദൈവത്തില്‍ വിശ്വസിക്കുന്നു' എന്നതിനോടൊപ്പം മൂന്ന് കാര്യങ്ങള്‍ പറയുന്നുണ്ട്.
അതിലൊന്ന്, 'നന്മ കല്‍പിക്കുന്നു' എന്നതാണ്. മറ്റൊന്ന്, 'തിന്മ വിലക്കുന്നു' എന്നതും. ആകെ മൊത്തം, 'ജനങ്ങള്‍ക്കു വേണ്ടി' എന്നും. പ്രവാചകന്മാരെ ദൈവം നിയോഗിച്ചത് പ്രവാചകന്മാര്‍ക്കു വേണ്ടിയല്ല; ജനങ്ങള്‍ക്കു വേണ്ടിയായിരുന്നു എന്നതു പോലെ, മുസ്‌ലിംകള്‍ മുസ്ലിംകള്‍ക്കു വേണ്ടിയല്ല; ജനങ്ങള്‍ക്കു വേണ്ടിയാണ് എന്നൊരു ഉണര്‍ത്തല്‍ ഇതിലുണ്ട്.
വിശുദ്ധ ഖുര്‍ആനിലെ ഈ സൂക്തത്തെ എടുത്തുകളഞ്ഞുകൊണ്ടല്ലാതെ ഒരു വിശ്വാസിക്ക് സാമുദായികവാദിയാവാന്‍ കഴിയുന്നതെങ്ങനെ? വാക്കാലല്ലെങ്കിലും പ്രയോഗത്തില്‍ ഖുര്‍ആനിലെ ഇതു പോലുള്ള പല സൂക്തങ്ങളെയും വിശ്വാസികള്‍ 'റദ്ദ്' ചെയ്യുന്നില്ലേ എന്ന് തോന്നാറുണ്ട്. പടച്ചവന്‍ വിശേഷിപ്പിച്ച 'ഉത്തമ സമൂഹം' എന്ന പദവി വീണ്ടെടുക്കാനുള്ള പല തടസ്സങ്ങളിലൊന്ന് ഇത്തരം നിലപാടുകളാണ്.
മുസ്ലിം സമൂഹം പൊതുവില്‍ ഇസ്‌ലാമിനെയും പ്രവാചകനെയും അതിരറ്റു സ്‌നേഹിക്കുന്നവരാണ്. അതിലൊരു തര്‍ക്കവുമില്ല. അതേസമയം 'പ്രവാചകത്വ'ത്തെ മറന്നുകൊണ്ടുള്ള പ്രവാചക സ്‌നേഹമാണ് പലപ്പോഴും ഉണ്ടാവുന്നത് എന്ന് തോന്നാറുണ്ട്. ദൈവത്തെ മറന്നുകൊണ്ടു പോലും സമുദായത്തെ സ്‌നേഹിക്കുന്നവരെ കണ്ടിട്ടുണ്ട്. പ്രവാചകത്വത്തെ പ്രതിനിധീകരിച്ചുകൊണ്ടാവണം പ്രവാചകനോടും ഇസ്‌ലാമിനോടുമുള്ള സ്‌നേഹം എന്നാണ് ഖുര്‍ആനും പ്രവാചകനും പഠിപ്പിച്ചിട്ടുള്ളത്. അങ്ങനെയാണ് മനസ്സിലാക്കിയിട്ടുള്ളത്.
എന്താണ് പ്രവാചകത്വം? ലളിതമായി പറഞ്ഞാല്‍ ജനങ്ങള്‍ക്ക് സന്മാര്‍ഗം കാണിക്കാനുള്ള മാര്‍ഗമാണല്ലോ പ്രവാചകത്വം. ലക്ഷക്കണക്കിന് പ്രവാചകന്മാരിലൂടെ അത് നടന്നിട്ടുണ്ട്. മുഹമ്മദ് നബി അന്ത്യപ്രവാചകനാണ്. ഇനി പ്രവാചകന്മാരെ ദൈവം നിയോഗിക്കുകയില്ല. അതിനാല്‍, ഇനി ജനങ്ങള്‍ക്ക് സന്മാര്‍ഗം കാണിച്ചുകൊടുക്കേണ്ടത് ആരാണ്? വിശുദ്ധ ഖുര്‍ആനും അന്ത്യപ്രവാചകനും അതിനുള്ള ഉത്തരം നല്‍കിയിട്ടുണ്ടതല്ലേ? വിശുദ്ധ ഖുര്‍ആനില്‍ രണ്ടാം അധ്യായം നൂറ്റിനാല്‍പ്പത്തിമൂന്നാം സൂക്തത്തില്‍ വിശ്വാസികളുടെ നിലനില്‍പിന്റെ ന്യായം എന്താണെന്ന് പറയുന്നത് കാണാം:  ''ഇവ്വിധം നിങ്ങളെ നാം ഒരു മിത സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങളുടെ മേല്‍ സാക്ഷികളാകാന്‍. ദൈവദൂതന്‍ നിങ്ങള്‍ക്കുമേല്‍ സാക്ഷിയാകാനും...''
ഈ പറയുന്നതനുസരിച്ച്, ദൈവദൂതന്‍ വിശ്വാസികള്‍ക്കു മേല്‍ സാക്ഷിയായ പോലെ വിശ്വാസികള്‍ ജനങ്ങള്‍ക്കു മേല്‍ സാക്ഷികളാവേല്ലേ? പ്രവാചകത്വത്തിന്റെ ആവശ്യമെന്താണോ അത് ഇനി സാധ്യമാകേണ്ടത് മുസ്‌ലിംകളിലൂടെയാണ്. ദിവ്യ വെളിപാട് ലഭിക്കില്ലെങ്കിലും പ്രവാചകന്മാര്‍ ചെയ്ത പണി ചെയ്യണമെന്നര്‍ഥം.
'വെളിപാട് ലഭിക്കാത്ത പ്രവാചകന്മാര്‍' എന്ന സ്ഥാനമല്ലേ വിശ്വാസികള്‍ക്കിവിടെ ഖുര്‍ആന്‍ കല്‍പ്പിക്കുന്നത്?
വിശുദ്ധ ഖുര്‍ആനിലെ രണ്ടാം അധ്യായം നൂറ്റി അമ്പത്തി ഒമ്പതാം സൂക്തം മനസ്സിന്റെ ഉള്ളില്‍ പ്രകമ്പനം സൃഷ്ടിച്ച സൂക്തങ്ങളില്‍ ഒന്നാണ്. അതില്‍ പടച്ചവന്‍ പറയുന്നു:
''നാം അവതരിപ്പിച്ച വ്യക്തമായ തെളിവുകളും മാര്‍ഗനിര്‍ദേശങ്ങളും മറച്ചുവക്കുന്നവര്‍ ആരോ-അതും മുഴുവന്‍ മനുഷ്യര്‍ക്കുമായി നാം വേദഗ്രന്ഥത്തില്‍ വിശദീകരിച്ച ശേഷം - ഉറപ്പായും ദൈവം അവരെ ശപിക്കുന്നു. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നു.'' എന്താണീ പറയുന്നത്?
ജനങ്ങളുടെ മുമ്പില്‍ ഈ സത്യം തുറന്നുവെക്കുന്നില്ല എങ്കില്‍ 'ഉത്തമ സമൂഹ'മാവേണ്ടവര്‍ ദൈവത്താല്‍ 'ശപിക്കപ്പെട്ട'വരാവും എന്നല്ലേ?
അന്ത്യപ്രവാചകന്റെ അന്ത്യപ്രഭാഷണത്തില്‍  പറയുന്ന ഒരു കാര്യം, 'ഇവിടെ ഹാജരുള്ളവര്‍ ഹാജരില്ലാത്തവര്‍ക്ക് ഇത് എത്തിച്ചുകൊടുക്കട്ടെ. ഒരു പക്ഷേ, ഹാജരുള്ളവരേക്കാള്‍ ഉത്തമരായവര്‍ ഹാജരില്ലാത്തവരിലുണ്ടായേക്കാം' എന്നാണല്ലോ.
എത്ര കൃത്യമായിട്ടാണ് ഖുര്‍ആനും പ്രവാചകനും കാര്യങ്ങള്‍ പറഞ്ഞുവെച്ചിട്ടുള്ളത്. ഇതു മാത്രമല്ല, വേറെയും ധാരാളം ഖുര്‍ആന്‍ സൂക്തങ്ങളും പ്രവാചക വചനങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആനും പ്രവാചകനും 'പച്ച മലയാള'ത്തില്‍ പറഞ്ഞ ഇക്കാര്യങ്ങളൊക്കെ പ്രയോഗത്തില്‍ 'റദ്ദ്' ചെയ്തുകൊണ്ടുള്ള നിലപാട് എത്ര അപകടകരമാണ്!
അഞ്ചു നേരം പള്ളിയില്‍നിന്ന് ബാങ്ക് വിളിച്ചാല്‍ തീരുന്നതാണോ ഈ ബാധ്യത? അങ്ങനെ വരെ വാദിച്ച്, സത്യം മറച്ചുവെക്കുന്നവരുണ്ട്. സത്യം മറച്ചുവക്കുന്നവരെ ഉറപ്പായും ദൈവം ശപിക്കും. എന്നു മാത്രമല്ല, ശപിക്കുന്നവരൊക്കെയും ശപിക്കും എന്നാണല്ലോ ഖുര്‍ആന്‍ പറഞ്ഞത്. ആ പറഞ്ഞതിന്റെ ഗൗരവം നാം മനസ്സിലാക്കിയിട്ടുണ്ടോ?
ഒരു സംഭവം ഓര്‍മയില്‍ വരുന്നു.  ബൈക്ക് ആക്‌സിഡന്റില്‍പെട്ട് റോഡില്‍ വീണു കിടന്ന ചെറുപ്പക്കാരനെ ആരും തിരിഞ്ഞുനോക്കിയില്ല. രക്തം വാര്‍ന്ന് ആ ചെറുപ്പക്കാരന്‍ മരണപ്പെട്ടു. വൈകാതെ വാര്‍ത്തകള്‍ വന്നു; തിരിഞ്ഞുനോക്കാതിരുന്ന ജനത്തെ ശപിച്ചുകൊണ്ട്. സോഷ്യല്‍ മീഡിയയിലൂടെയും ആ ജനത്തെ ശപിച്ചുകൊണ്ടിരുന്നു. ചില ബോധവല്‍ക്കരണ ക്ലാസ്സുകളിലും ആ ജനത്തെ ശപിച്ചു, പലരും. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വായിച്ചതും കേട്ടതും ഖുര്‍ആനിലെ പ്രസ്തുത ശാപവാക്കുകളെയാണ് ഓര്‍മിപ്പിച്ചത്. സത്യമറിയാതെ വീണു കിടക്കുന്ന സമൂഹത്തെ, സത്യമറിഞ്ഞവര്‍ തിരിഞ്ഞുനോക്കാതെ പോയാല്‍ ശപിക്കപ്പെടാതിരിക്കാന്‍ ഒരു ന്യായവുമില്ലെന്നുറപ്പല്ലേ?
എറണാകുളത്തുള്ള കെ.ബി അബ്ദുല്ല സാഹിബ് നടത്തിയ ഒരു ഖുര്‍ആന്‍ ക്ലാസ്സ് പച്ചയായിത്തന്നെ ഇപ്പോഴും മനസ്സില്‍ നില്‍ക്കുന്നുണ്ട്. ചില ക്ലാസ്സുകള്‍ അങ്ങനെയാണ്. ഉത്തരം തേടുന്ന പല ചോദ്യങ്ങള്‍ക്കും അതില്‍ ഉത്തരങ്ങളുണ്ടാവും. ഖുര്‍ആന്റെ സമകാലിക പ്രസക്തി ബോധ്യപ്പെടാനും അത് കാരണമാവും.
വിശുദ്ധ ഖുര്‍ആനിലെ പതിനേഴാം അധ്യായം അഞ്ചാം സൂക്തം ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ക്ലാസ്സെടുത്തത്. ബനൂ ഇസ്രാഈല്‍ സമൂഹം അന്നത്തെ പാരമ്പര്യ മുസ്‌ലിം സമുദായമായിരുന്നല്ലോ. അവര്‍ ദൗത്യം മറന്ന് അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ ദൈവം അവരോട് സ്വീകരിച്ച നിലപാട് ഖുര്‍ആന്‍ അറിയിക്കുന്നതിങ്ങനെയാണ്:
''നാം നിങ്ങള്‍ക്കെതിരെ നമ്മുടെ ദാസന്മാരിലെ അതിശക്തരായ ആക്രമണകാരികളെ അയച്ചു. അവര്‍ നിങ്ങളുടെ വീടുകള്‍ക്കിടയില്‍ പോലും നിങ്ങളെ പരതി നടന്നു...''
അന്നത്തെ മുസ്‌ലിം സമുദായത്തിനെതിരില്‍ അസീറിയക്കാരെയും ബാബിലോണിയക്കാരെയും നിയോഗിച്ച കാര്യമാണിവിടെ സൂചിപ്പിക്കുന്നത്. പിന്നീട് ദീര്‍ഘനാള്‍ കടുത്ത പീഡനങ്ങള്‍ക്ക് അവര്‍ വിധേയരായി. വിശ്വാസികളല്ലാത്ത ആ ആക്രമണകാരികളെപ്പറ്റി 'നമ്മുടെ ദാസന്മാര്‍' എന്നാണ് ദിവ്യവചനത്തിലെ പ്രയോഗം. അത് വളരെ ശ്രദ്ധേയമാണ്. പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഈ സംഭവം ബോധ്യപ്പെടുത്തിത്തരുന്നത്. അതിലൊന്ന്, സ്രഷ്ടാവായ ദൈവം ഒരു 'സാമുദായികവാദി'യല്ല. രണ്ടാമത്തേത്, ഇസ്‌ലാമിന്റെ പേരില്‍ ഒരു സമുദായത്തെ വെറുതെ നിലനിര്‍ത്തല്‍ പടച്ചവന്റെ ലക്ഷ്യമല്ല.   
എന്തുകൊണ്ട്?
ഒരു ഉദാഹരണം പറയാം. ഒരു സ്ഥാപനത്തില്‍ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ അല്ലെങ്കില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍  അധ്യാപകനെ നിയമിച്ചു എന്ന് സങ്കല്‍പിക്കുക. ഏല്‍പിച്ച വിഷയം ആ അധ്യാപകന്‍ കുട്ടികളെ പഠിപ്പിക്കുന്നില്ലെങ്കിലോ? ഖുര്‍ആന്‍ അധ്യാപകന്‍ എന്ന പേരില്‍ അല്ലെങ്കില്‍ ഇഗ്ലീഷ് അധ്യാപകന്‍ എന്ന പേരില്‍ അദ്ദേഹത്തെ സ്ഥാപനാധികൃതര്‍ നിലനിര്‍ത്തുമോ? നിലനിര്‍ത്തുന്നതിനു ന്യായമുണ്ടോ? ഇല്ലെന്നുറപ്പല്ലേ? പിരിച്ചുവിടാന്‍ ന്യായമില്ലേ? ഉണ്ടെന്നുറപ്പാണ്. ഏല്‍പിച്ച മുഖ്യ ദൗത്യം മറന്ന് ജീവിച്ചതിന്റെ പേരില്‍, പാരമ്പര്യ മുസ്‌ലിം സമുദായത്തെ പല തവണ ശത്രുക്കളെ ശക്തിപ്പെടുത്തിക്കൊണ്ട് പടച്ചവന്‍ 'പിരിച്ചുവിട്ടി'ട്ടുണ്ട്. അത്തരം ചരിത്രങ്ങളിലൊന്നാണ് കെ.ബി തന്റെ ഖുര്‍ആന്‍ ക്ലാസ്സില്‍ ഓര്‍മപ്പെടുത്തിയത്.
എന്നാല്‍, ഈ സംഭവം പറഞ്ഞ തൊട്ടുടനെ ഖുര്‍ആനിലൂടെ ദൈവം അറിയിച്ചത്, 'പിന്നീട് നിങ്ങള്‍ക്ക് നാം അവരുടെ മേല്‍ വീണ്ടും വിജയം നല്‍കി. സമ്പത്തും സന്താനങ്ങളും നല്‍കി സഹായിച്ചു. നിങ്ങളെ കൂടുതല്‍ അംഗബലമുള്ളവരാക്കുകയും ചെയ്തു' എന്നാണ്. ഈ സൂക്തങ്ങള്‍ക്ക് തഫ്ഹീമുല്‍ ഖുര്‍ആനില്‍ നല്‍കിയിട്ടുള്ള വിശദീകരണം വല്ലാത്തൊരു വെളിച്ചമാണ്. അതിങ്ങനെ: 'എങ്കിലും യഹൂദികളില്‍ (ഇസ്രാഈല്യര്‍) നന്മക്കു വേണ്ടി നിലകൊള്ളുകയും നന്മയിലേക്ക് പ്രബോധനം നടത്തുകയും ചെയ്യുന്ന ഒരു ചെറിയ വിഭാഗം അവശേഷിച്ചിട്ടുണ്ടായിരുന്നു. അവര്‍ യഹൂദായില്‍ അങ്ങിങ്ങായി നിവസിച്ചിരുന്ന മറ്റുള്ളവരിലും പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ബാബിലോണിയയിലേക്കും മറ്റു പ്രദേശങ്ങളിലേക്കും നാടുകടത്തപ്പെട്ടവരില്‍ പശ്ചാത്താപബോധം സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്തു. അവസാനം അല്ലാഹുവിന്റെ സഹായം അവരെ സഹായിക്കാനെത്തി. ബാബിലോണിയക്കാരുടെ ആധിപത്യം അവസാനിച്ചു.'
ദൈവസഹായം ലഭിക്കാനുള്ള വഴി എന്താണെന്ന് എത്ര കൃത്യമായിട്ടാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
ഒരു ട്രയിന്‍ യാത്രയില്‍, അല്‍പം 'സാമുദായികച്ചുവ'യുള്ള ഒരാളുമായി സംസാരിക്കാന്‍ അവസരമുണ്ടായി. മൂസാ നബിയുടെ കഥ പറഞ്ഞുകൊണ്ടാണ് അദ്ദേഹം സ്വന്തം നിലപാടിനെ ന്യായീകരിച്ചത്. കാരണം, ഇസ്രാഈല്‍ സമൂഹത്തിന്റെ വിമോചകനായിട്ടാണല്ലോ മൂസാ നബി വരുന്നത്. ഇസ്രാഈല്‍ സമൂഹം അന്നത്തെ പാരമ്പര്യ മുസ്‌ലിം സമുദായമാണല്ലോ. അതിനര്‍ഥം മൂസാ നബി ഒരു സമുദായത്തിന്റെ പക്ഷത്തായിരുന്നു എന്നാണ്. ഇങ്ങനെയുള്ള പല വാദങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ഇത്തരത്തില്‍ വാദിക്കുന്ന പലരുമായും സംസാരിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. മൂസാ നബിയുടെ പ്രബോധന ചരിത്രം പഠിക്കാന്‍ ഇതൊരു നിമിത്തമായി.
ഒരു പ്രവാചകന്‍ എന്ന നിലക്ക് മൂസാ നബിയുടെ ദൗത്യം ഇസ്രാഈല്‍ സമൂഹത്തെ മോചിപ്പിക്കല്‍ മാത്രമായിരുന്നില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. സത്യത്തിന്റെ പ്രബോധനമായിരുന്നു മുഖ്യ ദൗത്യം. അത് ആ ജനതയില്‍ പൂര്‍ത്തിയായ ശേഷമാണ് ഇസ്രാഈല്‍ സമൂഹത്തിന് വിമോചനമുണ്ടാവുന്നത്. അതു വരെയും അവര്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടേയിരുന്നു. മൂസാ നബി അവര്‍ക്കിടയില്‍ ഉണ്ടായിരിക്കെത്തന്നെ അവര്‍ പീഡിപ്പിക്കപ്പെടുന്നുണ്ടായിരുന്നു.
വിശുദ്ധ ഖുര്‍ആന്‍ ഏഴാം അധ്യായം നൂറ്റി ഇരുപത്തി ഒമ്പതാം സൂക്തത്തില്‍ മൂസാ നബിയോട് ഇസ്രാഈല്‍ സമൂഹം ആ കാര്യം ഒരു പരാതിയായി പറയുന്നുണ്ട്: 'നീ വരുന്നതിനു മുമ്പും ഞങ്ങള്‍ മര്‍ദിക്കപ്പെട്ടിരുന്നു. നീ വന്നതിനു ശേഷവും ഞങ്ങള്‍ക്ക് മര്‍ദനം തന്നെ.' പ്രബോധന പ്രവര്‍ത്തനങ്ങളുടെ പല ഘട്ടങ്ങള്‍ താണ്ടിയാണ് അവര്‍ക്ക് ദൈവസഹായമുണ്ടാവുന്നത്.
അതിലൊന്ന്, മൂസാ നബിയും ഹാറൂന്‍ നബിയും ഫറോവയുടെ കൊട്ടാരത്തില്‍ ചെന്ന് പ്രബോധനം നിര്‍വഹിച്ച ഘട്ടമാണ്.
അവിടെ നിര്‍വഹിച്ച ദൗത്യത്തെപ്പറ്റി ഇരുപതാം അധ്യായം അമ്പത്തി ആറാം സൂക്തത്തില്‍ പറയുന്നതു:
''അങ്ങനെ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ മുഴുവനും നാം ഫിര്‍ഔന് കാണിച്ചുകൊടുത്തു. എന്നിട്ടുമയാള്‍ നിഷേധിക്കുകയും പിന്തിരിയുകയുമാണുണ്ടായത്.''
രണ്ടാമത്തെ ഘട്ടത്തില്‍, ജനങ്ങളെ മുഴുവന്‍ ഒരു ഉത്സവപ്പറമ്പില്‍ ഒരുമിച്ചുകൂട്ടി. മൂസാ നബി ദൈവികദൃഷ്ടാന്തം അവതരിപ്പിച്ചു. അവരെ സത്യത്തിലേക്ക് ക്ഷണിച്ചു.
ഇരുപതാം അധ്യായം അറുപത്തി ഒന്നു മുതല്‍ അറുപത്തി ഒമ്പത് വരെയുള്ള സൂക്തങ്ങളില്‍ ഇത് കാണാം. ആ ദൗത്യനിര്‍വഹണത്തിന്റെ ഒടുവില്‍ എന്തു സംഭവിച്ചു എന്നാണ് തൊട്ടുനെ പറയുന്നത്:
''അവസാനം ജാലവിദ്യക്കാരെല്ലാം സാഷ്ടാംഗം പ്രണമിച്ചു. അവര്‍ പ്രഖ്യാപിച്ചു: ഞങ്ങള്‍ ഹാറൂന്റെയും മൂസായുടെയും നാഥനില്‍ വിശ്വസിച്ചിരിക്കുന്നു.''
ഇതിനിടയില്‍ ഫറോവയുടെ ഭാര്യയും കോപ്റ്റ് വംശജരില്‍ പെട്ട ചിലരും മൂസാ നബിയില്‍ വിശ്വസിക്കുന്നുണ്ട്. മൂസാ നബിയുടെ സ്വന്തം വംശത്തില്‍ പെട്ടവരും ബന്ധുക്കളുമായ ചിലര്‍ മൂസാ നബിയുടെ ശത്രുക്കളായി മാറുന്നുമുണ്ട്. അതില്‍ മുഖ്യനായിരുന്നല്ലോ ഖാറൂന്‍. മൂസാ നബിയുടെ ബന്ധുവായ ഈ 'ഖാറൂന്‍ മുതലാളി'യെ ഭൂകമ്പത്തില്‍പെടുത്തി ഭൂമിയിലാഴ്ത്തിയ സംഭവവും ഖുര്‍ആന്‍ പറയുന്നുണ്ട്.
ഇവിടെ മൂസാ നബിയും ഹാറൂന്‍ നബിയും സത്യത്തിന്റെ 'പ്ലാറ്റ്‌ഫോമി'ല്‍ നിന്നുകൊണ്ട് ആ നാട്ടിലെ മുഴുവന്‍ മനുഷ്യരെയും അഭിമുഖീകരിക്കുകയാണല്ലോ ചെയ്തത്. പീഡിതരായ ഇസ്രാഈല്‍ ജനതയെ മോചിപ്പിക്കല്‍ മാത്രമായിരുന്നില്ല ലക്ഷ്യം എന്ന് വ്യക്തമാണ്. ഈജിപ്തിലെ ഭരണാധികാരി അടക്കം നാട്ടിലെ മുഴുവന്‍ മനുഷ്യര്‍ക്കും ദൈവികദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുത്തു; സത്യപ്രബോധനം നിര്‍വഹിച്ചു. അതിന്റെ ഫലമായി ഫറോവയുടെ ഭാര്യയും മാന്ത്രികരും അടക്കം പലരും സത്യവിശ്വാസം സ്വീകരിച്ചു. മൂസാ നബിയുടെ ബന്ധുവായ ഖാറൂനടക്കം പലരും ഫറോവയുടെ പക്ഷത്ത് ചേര്‍ന്നു. സത്യവും അസത്യവും വേര്‍തിരിഞ്ഞു. അതോടെയാണ് പൂര്‍ണാര്‍ഥത്തില്‍, ദൈവസഹായമുണ്ടാവുന്നതും അവര്‍ മോചിതരാവുന്നതും.
ഈ ചരിത്രം വെച്ചുകൊണ്ട് മൂസാ നബിയെ 'സമുദായവാദി'യാക്കുന്നതെങ്ങനെ? വെറുമൊരു 'സമുദായ വിമോചകനാ'ക്കുന്നതെങ്ങനെ?
പീഡിതര്‍ക്കു വേണ്ടി ശബ്ദിക്കുക എന്നത് മനുഷ്യത്വത്തിന്റെ താല്‍പര്യമാണ്. ഇസ്രാഈല്‍ സമൂഹം പീഡിതരായതിനാല്‍ മൂസാ നബി സ്വാഭാവികമായും അവര്‍ക്കു വേണ്ടി ശബ്ദിക്കണമല്ലോ. നേരെ തിരിച്ച് ഇസ്രാഈല്‍ ജനത ഫറോവയുടെ ജനതയായ ഖിബ്ത്വികളെയാണ് പീഡിപ്പിച്ചിരുന്നതെങ്കിലോ? മൂസാ നബി ആര്‍ക്കു വേണ്ടിയാണ് ശബ്ദിക്കുക? പീഡിതരായ ഖിബ്ത്വികള്‍ക്കു വേണ്ടിയായിരിക്കും എന്നുറപ്പല്ലേ. അതിനു കഴിയുന്നില്ലെങ്കില്‍ അതായിരിക്കില്ലേ സാക്ഷാല്‍ 'വര്‍ഗീയത.' ഇസ്ലാം പക്ഷേ, അങ്ങനെ ഒരു സമുദായ പക്ഷപാതിത്വം അനുവദിക്കുമോ?
ഒരിക്കലുമില്ല. കാരണം, വിശുദ്ധ ഖുര്‍ആനിലെ നാലാം അധ്യയം നൂറ്റിമുപ്പത്തി അഞ്ചാം സൂക്തം നോക്കൂ:
''വിശ്വസിച്ചവരേ, നിങ്ങള്‍ നീതി നടത്തി ദൈവത്തിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരാവുക. അത് നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനോ ദരിദ്രനോ എന്നു നോക്കേണ്ടതില്ല. ഇരുകൂട്ടരോടും കൂടുതല്‍ അടുപ്പമുള്ളവന്‍ ദൈവമാണ്. അതിനാല്‍ നിങ്ങള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ നീതി നടത്താതിരിക്കരുത്. വസ്തുതകള്‍ വളച്ചൊടിക്കുകയോ സത്യത്തില്‍നിന്ന് തെന്നിമാറുകയോ ചെയ്യുകയാണെങ്കില്‍ അറിയുക, തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് ദൈവം.''
മനുഷ്യരില്‍നിന്നുണ്ടാവാന്‍ സാധ്യതയുള്ള എല്ലാവിധ പക്ഷപാതിത്വങ്ങളെയും വെട്ടിനിരത്തുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. ഒരു പ്രവാചക വചനവും ഓര്‍മയില്‍ വരുന്നു:
'മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് മോഷ്ടിച്ചതെങ്കില്‍ അവളുടെ കരം ഞാന്‍ ഛേദിക്കുക തന്നെ ചെയ്യും.'
സ്വന്തവും ബന്ധവും നോക്കാതെ, നീതിയുടെ പക്ഷം ചേര്‍ന്നുകൊണ്ടുള്ള ഈ പ്രവാചക സ്വരത്തിന് എന്തൊരു മൂര്‍ച്ചയാണ്!
ഇതുപോലെ ആകര്‍ഷണീയമായി തോന്നിയ മറ്റൊരു പ്രവാചക വചനമുണ്ട്. 'എന്താണ് വര്‍ഗീയത' എന്ന ചോദ്യത്തിന് പ്രവാചകന്‍ നല്‍കിയ മറുപടിയാണത്. 'തിന്മയില്‍ സഹോദരനെ സഹായിക്കലാണ് വര്‍ഗീയത.' എന്തൊരു തെളിമയാണീ വചനത്തിന്! വര്‍ഗീയതക്ക് ഇതിനേക്കാള്‍ നല്ല നിര്‍വചനം വേറെ ഉണ്ടോ എന്നറിയില്ല.
മര്‍ദിതരുടെ കൂടെ നില്‍ക്കുക എന്നത് മനുഷ്യത്വത്തിന്റെ പ്രാഥമിക താല്‍പര്യത്തില്‍പെട്ടതാണ്. അതുകൊണ്ടാണ് മൂസാ നബി പീഡിതരായ ഇസ്രാഈല്‍ സമൂഹത്തിനു വേണ്ടി ശബ്ദിച്ചത്. എന്നാല്‍, പ്രവാചകത്വത്തിന്റെ താല്‍പര്യം അതിനേക്കാള്‍ വിശാലമാണ്. അതിനാലാണ് മൂസാ നബി മര്‍ദകരായ ആ ജനതയില്‍ സത്യപ്രബോധനം നടത്തിയത്.
മര്‍ദകരെയും മര്‍ദിതരെയും രക്ഷിക്കലാണ് പ്രവാചകത്വത്തിന്റെ താല്‍പര്യം. സത്യം ബോധ്യപ്പെടുത്തലാണ് അതിനുള്ള വഴി. അതല്ലേ മൂസാ നബി യഥാര്‍ഥത്തില്‍ ചെയ്തത്?
ഇതുമായി ബന്ധപ്പെട്ട അത്യാകര്‍ഷകമായൊരു പ്രവാചക പാഠമുണ്ട്. പ്രവാചകന്‍ പറഞ്ഞു: 'നീ നിന്റെ സഹോദരനെ സഹായിക്കുക; അവന്‍ മര്‍ദകനായാലും മര്‍ദിതനായാലും.' അതുകേട്ടപ്പോള്‍ ഒരാള്‍ ചോദിച്ചു: അവന്‍ മര്‍ദിതനായിരിക്കുമ്പോള്‍ ഞാന്‍ അവനെ സഹായിക്കും. എന്നാല്‍, അവന്‍ മര്‍ദകനാകുമ്പോള്‍ എങ്ങനെയാണ് ഞാന്‍ അവനെ സഹായിക്കുക?' തിരുനബി പറഞ്ഞു: 'അക്രമം ചെയ്യുന്നതില്‍നിന്നും നീ അവനെ തടയുക. അതാണ് നീ അവന് ചെയ്യുന്ന സഹായം.'
'മര്‍ദകരെയും സഹായിക്കുക' എന്നത് മനുഷ്യന്റെ പൊതു പ്രകൃതത്തിനിണങ്ങുന്നതല്ല. പ്രവാചകന്മാര്‍ക്കും പ്രവാചകത്വമൂല്യങ്ങള്‍ പിന്‍പറ്റുന്നവര്‍ക്കും മാത്രം കഴിയുന്ന ഒന്നാണത്. ഈ കാലഘട്ടത്തില്‍  പ്രവാചകത്വത്തിന്റെ ദൗത്യം നടപ്പിലാവേണ്ടതുണ്ടല്ലോ. അതിന് കടപ്പെട്ടവരാണല്ലോ അന്ത്യപ്രവാചകന്റെ അനുയായികള്‍. അവരത് മറന്നാല്‍ പിന്നാരാണത് ചെയ്യുക? 

(തുടരും)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (137-148)
ടി.കെ ഉബൈദ്‌