Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 09

3197

1442 ശഅ്ബാന്‍ 26

വി.കെ അബ്ദുര്‍റശീദ്

വി.കെ ജലീല്‍

കേരള ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ വി.കെ.എം ഇസ്സുദ്ദീന്‍ മൗലവി(മ.1979)യുടെ ദ്വിതീയ പുത്രനും പറപ്പൂര്‍, ആട്ടീരി, എടരിക്കോട് ഭാഗങ്ങളിലെ പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങളില്‍  ദീര്‍ഘകാലം മുന്‍നിരയില്‍ നില്‍ക്കുകയും ചെയ്ത വി.കെ അബ്ദുര്‍റശീദ് മൗലവി (82) ഓര്‍മയായി.
1963-ല്‍ ശാന്തപുരം ഇസ്‌ലാമിയ കോളേജിലെ പഠനം പൂര്‍ത്തിയാക്കി, കര്‍മരംഗത്തിറങ്ങിയ ആറു പേരടങ്ങുന്ന പ്രഥമ സംഘത്തില്‍നിന്ന് ഏറ്റവും ഒടുവില്‍ ഐഹിക ജീവിതത്തോട് വിടചൊ ല്ലുന്ന ആളാണ് പരേതന്‍. അവസാന ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കെ തന്നെ, ആറു പേരും മാതൃ സ്ഥാപനത്തില്‍ അധ്യാപകരായി സേവനം ചെയ്തിരുന്നു. 'അധ്യാപക വിദ്യാര്‍ഥികള്‍' എന്ന കൗതുകപ്പേരിലാണ് അന്നിവര്‍ അറിയപ്പെട്ടിരുന്നത്. പിന്നീട് അങ്ങനെ ഒരു ഉദ്യോഗം ഉണ്ടായിട്ടില്ല. പഠനാനന്തരവും അല്‍പകാലം ഇസ്‌ലാമിയ കോളേജില്‍ അധ്യാപകനായി തുടര്‍ന്നു.
1955-ല്‍ പ്രദേശം, 'ശാന്തപുരം' എന്ന് നാമകരണം ചെയ്യപ്പെടാനിടയാക്കിയ ചരിത്ര സംഭവങ്ങള്‍ നടക്കുന്നതിന് അഞ്ച് വര്‍ഷം മുമ്പേ അബ്ദുര്‍റശീദ്, അമാനത്ത് കോയണ്ണി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ അവിടെ നടന്നുവന്നിരുന്ന ദര്‍സില്‍, ജ്യേഷ്ഠ സഹോദരന്‍ അബ്ദുസ്സലാമിനോടൊപ്പം പഠനം തുടങ്ങിയിരുന്നു. ഇസ്സുദ്ദീന്‍ മൗലവിയുടെ ജന്മദേശമായ മങ്കട പള്ളിപ്പുറം ജുമാമസ്ജിദില്‍ 1948 മുതല്‍ രണ്ടുവര്‍ഷമായി നടന്നുവന്നിരുന്ന 'അല്‍ മദ്‌റസത്തുല്‍ ആലിയ'യില്‍നിന്നാണ് ഇരുവരും മുള്ള്യാകുര്‍ശ്ശി- പള്ളിക്കുത്ത് ദര്‍സില്‍ എത്തുന്നത്. കാസര്‍കോട്ടെ ചെമ്മനാട്ടില്‍, നവീന പാഠ്യപദ്ധതിയോടുകൂടിയ കേരളത്തിലെ പ്രഥമ ഉന്നത ഇസ്ലാമിക കലാലയമായ 'ആലിയ അറബി കോളേജ്' സ്ഥാപിച്ച ശേഷം, സ്വദേശത്തും അത്തരമൊരു സ്ഥാപനത്തിന് തുടക്കമിട്ടതായിരുന്നു മൗലവി. പൂര്‍ണമായും പാരമ്പര്യ സമുദായത്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന മഹല്ല് പള്ളിയില്‍, സ്വയം പ്രധാന അധ്യാപക ചുമതലയേറ്റ് സ്ഥാപനം ആരംഭിക്കുന്നതില്‍ മൗലവി വിജയിച്ചു. അറബി, ഉര്‍ദു ഭാഷകളും പഠിപ്പിക്കപ്പെട്ടു. രണ്ടുവര്‍ഷം 'അല്‍ ആലിയ അല്‍ ഫള്ഫരിയ്യ' സ്തുത്യര്‍ഹമാംവിധം മുന്നോട്ടുപോയി. നാടിന്റെ മൊത്തം മനസ്സ് മൗലവി 'കട്ടെടുക്കുക'യണെന്ന് വിലയിരുത്തിയ യാഥാസ്ഥിതികര്‍ സ്ഥാപനത്തിനെതിരെ കുതന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങി. കിത്താബുകള്‍ ദര്‍സ് നടത്തേണ്ട അല്ലാഹുവിന്റെ പള്ളിയില്‍ ഉര്‍ദു പഠിപ്പിക്കുകയാണ് എന്നും, പള്ളിയിലേക്ക് 'ചന്ദ്രിക' ദിനപത്രം കൊണ്ടുവരികയാണ് എന്നും പ്രചണ്ഡമായ വിഷപ്രചാരണം അഴിച്ചുവിട്ടു. സാമാന്യ ജനങ്ങളില്‍ ആശയക്കുഴപ്പമുായി. യാഥാസ്ഥിതിക വിഭാഗത്തിന്റെ സംസ്ഥാന നേതൃത്വം വിഷയം ഏറ്റെടുത്തതോടെ സ്ഥാപനത്തിന് താഴിടേി വന്നു. ഹൃദയനൊമ്പരങ്ങളോടെ മൗലവി, പഠനോത്സുകരായ വിദ്യാര്‍ഥികളെ പല ദിക്കുകളിലേക്കായി യാത്രയാക്കി. സ്വന്തം മക്കള്‍ അടക്കം നാലു പേരെ കോയണ്ണി മുസ്‌ലിയാരുടെ ദര്‍സില്‍ കൊണ്ടുപോയി ചേര്‍ത്തു. താമസിയാതെ അവിടെയുളവായ മതജാഗരണ സംഭവവികാസങ്ങളില്‍ ആ ദേശം മൗലവിയെ സാദരം സ്വീകരിച്ചു. തങ്ങളുടെ ധാര്‍മിക നേതൃത്വം മൗലവിയെ ഏല്‍പ്പിക്കുകയും ചെയ്തു. ഈ ഘട്ടത്തിലൊക്കെ 'ഹാജിസാഹിബ്' മൗലവിയുടെ ഉറ്റ സഹായിയായി ഉായിരുന്നു. അദ്ദേഹം എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവി സ്ഥലത്തെത്തി. മൂവരും തോളോടു തോള്‍ ചേര്‍ന്ന് നെയ്‌തെടുത്ത ദേശത്തിന്റെ ചാരു മുദ്രകളാണ് ശാന്തപുരം എന്ന പേരും, ഇന്നത്തെ 'അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ'യില്‍ എത്തിനില്‍ക്കുന്ന ഇസ്‌ലാമിക നന്മകളും.
വിദ്യാര്‍ഥിജീവിത കാലത്തും അതിനു ശേഷവും കായികാധ്വാനം ഏറെ ആവശ്യമുള്ള പ്രാസ്ഥാനിക സേവന പ്രവര്‍ത്തനങ്ങളില്‍ അതീവ തല്‍പരനായിരുന്നു അബ്ദുര്‍റശീദ്. പ്രസ്ഥാനത്തിന്റെ സമ്മേളന നഗരികള്‍ ഒരുക്കുന്നതില്‍ അതിശയകരമായ സേവനങ്ങളാണ് ഒരുകാലത്ത് അദ്ദേഹം അര്‍പ്പിച്ചിരുന്നത്. പില്‍ക്കാലത്ത് സമ്മേളനങ്ങളെ ശ്രദ്ധേയമായ രീതിയില്‍ സാമ്പത്തിക സംഭാവനകള്‍ നല്‍കി പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തു.
ശാന്തപുരത്ത് അധ്യാപകനായിരിക്കെ, അന്തമാന്‍-നിക്കോബാര്‍ ദ്വീപുകളിലേക്ക് ഇസ്‌ലാമിക പ്രവര്‍ത്തനത്തിനായി നിയോഗിക്കപ്പെട്ടു. സതീര്‍ഥ്യനും സഹോദരി ഭര്‍ത്താവുമായിരുന്ന പി.കെ ഇബ്‌റാഹീം മൗലവി (മേലാറ്റൂര്‍) അന്ന് അവിടെയെത്തി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. തലസ്ഥാനമായ പോര്‍ട്ട്ബ്ലയറിനടുത്തുള്ള ഫൊണിക്‌സ്‌ബെ മഹല്ല് പള്ളി, മദ്‌റസ എന്നിവയുടെ ചുമതല വഹിക്കവെ അന്തമാന്‍ ദ്വീപുകളില്‍ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. സ്റ്റുവര്‍ട്ട്ഗഞ്ചിലെ മര്‍കസുത്തഅ്‌ലീമില്‍ ഇസ്‌ലാമിയുടെ പ്രിന്‍സിപ്പലായും സേവനം ചെയ്തിട്ടുണ്ട്.
ശേഷം ഖത്തറിലേക്ക് പോയി. ദോഹയിലെ സുഊദി എംബസിയിലും ഖത്തര്‍ ഗവണ്‍മെന്റിന്റെ ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലും ജോലി ചെയ്തു. ഇപ്പോഴും സജീവമായ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്റെ രൂപീകരണഘട്ടം മുതല്‍ അതിന്റെ പ്രവര്‍ത്തകനായിരുന്നു. സ്വദേശമായ പടിഞ്ഞാറ്റുമുറിയിലും മഞ്ചേരിയിലും കോട്ടക്കലിലും വ്യാപാരത്തില്‍ ഏര്‍പ്പെടുകയുമുണ്ടായി. വ്യാപാരങ്ങളില്‍നിന്ന് വിരമിച്ചശേഷം പൂര്‍ണ ശ്രദ്ധ പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ വീട് തന്നെയായിരുന്നു പ്രസ്ഥാനത്തിന്റെ പ്രാദേശിക കേന്ദ്രം. 
മാതാവ് കാസര്‍കോട് മൊഗ്രാല്‍ സ്വദേശിനി പരേതയായ റുഖിയ്യ, പത്‌നി പരേതയായ തൂമ്പത്ത് കുഞ്ഞിപ്പാത്തുമ്മ. സന്താനങ്ങള്‍: മുബാറഖ്, ഹസീന, മുഹമ്മദ് സലീം, മുഹമ്മദ് സലാഹ്, മുഹമ്മദ് ആത്വിഫ്. ഏക ജാമാതാവ്: ശരീഫ് കൊടിഞ്ഞി (യു.എ.ഇ). വി.കെ ജലീല്‍, അബ്ദുല്‍ വാഹിദ്, മൊയ്തീന്‍കുട്ടി. മഹ്ബൂബ, ഫാഖിറ എന്നീ സഹോദരീസഹോദരങ്ങളേ ജീവിച്ചിരിപ്പുള്ളു. രണ്ട് സഹോദരികള്‍ അടക്കം ഏഴു കൂടപ്പിറപ്പുകള്‍ നേരത്തേ മരണപ്പെട്ടുപോയിരുന്നു. 

 

എ.എം അബ്ദുല്‍ മജീദ് മനക്കൊടി

കഴിഞ്ഞ ഫെബ്രുവരി 21-ന് തൃശൂര്‍ അയ്യന്തോള്‍ ഹല്‍ഖയിലെ പ്രവര്‍ത്തകരിലൊരാളായ അബ്ദുല്‍ മജീദ് സാഹിബ് അല്ലാഹുവിലേക്ക് യാത്രയായി.
ഇരുപത്തഞ്ച് വര്‍ഷം മുമ്പ് ഗള്‍ഫില്‍നിന്ന് തിരിച്ചെത്തിയ ഞാന്‍ ഒരു പരസ്യം നല്‍കാനായി കൊക്കാലയിലെ മാധ്യമം ഓഫീസില്‍ എത്തിയപ്പോള്‍ പരിചയപ്പെട്ടതായിരുന്നു മജീദ് സാഹിബിനെ. ആ ബന്ധം പിന്നീട് മനക്കൊടി എന്ന പ്രദേശത്ത് ഒരുമിച്ച് സ്ഥലമെടുക്കാനും ഒരുമിച്ച് വീടുവെക്കാനും അയ്യന്തോള്‍ ഹല്‍ഖയുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് പങ്കാളികളാകാനും വഴിയൊരുക്കി.
അദ്ദേഹം തൃശൂരില്‍ അറിയപ്പെട്ടിരുന്നത് 'മാധ്യമം മജീദ്' എന്നായിരുന്നു. ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്കിടയില്‍ മാത്രമല്ല പുറത്തും. തൃശൂരിന്റെ മണ്ണില്‍ മാധ്യമം ദിനപത്രത്തെ നട്ടുവളര്‍ത്തി അതിന് വെള്ളവും വളവും നല്‍കി പടര്‍ന്നു പന്തലിക്കാന്‍ കഠിനാധ്വാനം ചെയ്ത വ്യക്തികളില്‍ പി.കെ റഹീം സാഹിബും മജീദ് സാഹിബും പേരെടുത്ത് പറയേണ്ട വ്യക്തിത്വങ്ങളാണ്. വഴിയോരങ്ങളിലും ബസ് സ്റ്റാന്റുകളിലും കവലകളിലും വീടുവീടാന്തരം കയറിയിറങ്ങിയും മാധ്യമത്തിന്റെ പ്രചാരണാര്‍ഥം അദ്ദേഹം നിര്‍വഹിച്ച സേവനങ്ങള്‍ അവിസ്മരണീയം.
തൃശൂരില്‍ ഒരു പരിചയവുമില്ലാതിരുന്ന എന്നെ അയ്യന്തോള്‍ ഹല്‍ഖയുമായി ബന്ധപ്പെടുത്തിയതിലും പ്രാദേശിക നേതൃനിരയിലേക്കുയര്‍ത്തിക്കൊണ്ടുവന്നതിലും അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. അദ്ദേഹം പണ്ഡിതനോ വാഗ്മിയോ ആയിരുന്നില്ല. പക്ഷേ, ഇസ്‌ലാമിക പ്രസ്ഥാനത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്നവരുടെ മുന്‍നിരയില്‍ എപ്പോഴും അദ്ദേഹമുണ്ടാവും. പ്രബോധനം, മാധ്യമം, മീഡിയാവണ്‍ എന്നിവയുടെ പ്രചാരണ സ്‌ക്വാഡുകള്‍ക്ക് നേതൃത്വം വഹിക്കാന്‍ ഞങ്ങള്‍ മജീദ് സാഹിബിനെയാണ് തെരഞ്ഞെടുക്കാറ്. അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് ആളുകളെ പറഞ്ഞു ബോധ്യപ്പെടുത്താനുള്ള കഴിവ് മറ്റാരേക്കാളും അദ്ദേഹത്തിനുണ്ടായിരുന്നു.
അയല്‍വാസികളായിരുന്ന ഞങ്ങള്‍ തമ്മില്‍ ഇണക്കവും പിണക്കവും ചിലപ്പോള്‍ രൂക്ഷമായ വിമര്‍ശനങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്. ഏതു പിണക്കങ്ങള്‍ക്കുമൊടുവില്‍ അത് പറഞ്ഞുതീര്‍ക്കാന്‍ അദ്ദേഹം തന്നെയായിരിക്കും മുന്‍കൈയെടുക്കുന്നത്. പൊതുവേദികളിലും അദ്ദേഹം നിറസാന്നിധ്യമായിരുന്നു. മരിക്കുമ്പോള്‍ മനക്കൊടിയിലെ 'വെളിച്ചം മദ്യവിമോചന സമിതി'യുടെ പ്രസിഡന്റായിരുന്നു.
ഭാര്യ: നഫീസ. മക്കള്‍: ഫൈസല്‍, ഫാരിസ്, ഫസീല

കെ.കെ ഹമീദ് മനക്കൊടി

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (137-148)
ടി.കെ ഉബൈദ്‌