ക്രിയാത്മക സഹവര്‍ത്തിത്വത്തിന്റെ ആദര്‍ശാടിത്തറകള്‍
അറബ് - മുസ്‌ലിം ലോകത്ത് കനപ്പെട്ട നിരവധി പഠനങ്ങള്‍ ദിനേനയെന്നോണം പുറത്തിറങ്ങുന്നുണ്ട്. പക്ഷേ, ഈ പഠനങ്ങളുടെ പ്രധാന പരിമിതി, ഇവയിലധികവും അറബ്-ഇസ്‌ലാമിക ലോകത്തെ അഭിമുഖീകരിക്കുന്നവയാണ് എന്നതാണ്. മുസ്‌ലിംകള്‍ ഭൂരിപക്ഷമായ രാജ്യങ്ങളില്‍ അവര്‍ അഭിമുഖീകരിക്കുന്ന രാഷ്ട്രീയ, സാംസ്‌കാരിക, കര്‍മശാസ്ത്ര വിഷയങ്ങളിലാണ് ഇവയുടെ ഊന്നല്‍. എണ്ണം കണക്കാക്കിയാല്‍ മുസ്‌ലിം രാഷ്ട്രങ്ങളിലെ മുസ്‌ലിംകള്‍ക്കൊപ്പമോ അതിലധികമോ ആണ് യൂറോപ്പിലും ഏഷ്യയിലുമായി പരന്നു കിടക്കുന്ന മുസ്‌ലിം ന്യൂനപക്ഷങ്ങള്‍. അവരെക്കുറിച്ചും അവരുടെ ബഹുവിധ പ്രശ്‌നങ്ങളെക്കുറിച്ചും ആലോചിക്കുന്നവര്‍ ഇസ്‌ലാമിക ലോകത്ത് പൊതുവെ കുറവാണ്. തദ്ദേശീയ പ്രതിസന്ധികളെ മറികടക്കാന്‍ പെടാപ്പാടുപെടുമ്പോള്‍ മറ്റുള്ളവരെ കുറിച്ച് ആലോചിക്കാന്‍ അവര്‍ക്ക് സമയം കിട്ടുന്നില്ല എന്നതാണ് നേര്. ഇതിനൊരപവാദമാണ് അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതവേദിയുടെ ജനറല്‍ സെക്രട്ടറിയും ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രവിദഗ്ധനുമായ ഡോ. അലി മുഹ്‌യിദ്ദീന്‍ അല്‍ ഖറദാഗിയുടെ പുതിയ പുസ്തകം; 'യൂസുഫ് (അ) - ഇസ്‌ലാമേതര നാടുകളിലെ മുസ്‌ലിംകള്‍ക്കൊരു മാതൃക' (യൂസുഫ് അലൈഹിസ്സലാം - ഖുദ്‌വത്തുന്‍ ലില്‍ മുസ്‌ലിമീന ഫീ ഗൈരി ദിയാരിഹിം). ഗ്രന്ഥശീര്‍ഷകം സൂചിപ്പിക്കുന്നതു പോലെ മുസ്‌ലിം ന്യൂനപക്ഷങ്ങളെ കുറിച്ച വിചാരപ്പെടലുകളാണ് ഉള്ളടക്കം.
2018-ല്‍ 280 പേജുകളിലായി പുറത്തിറങ്ങിയ ഈ പുസ്തകം നാലു ഖണ്ഡങ്ങളായി വേര്‍തിരിച്ചിരിക്കുന്നു. സൂറഃ യൂസുഫില്‍നിന്ന് സിദ്ധമാവുന്ന ജീവിതപാഠങ്ങളും പൊതു തത്ത്വങ്ങളും ശര്‍ഈ വിധികളും വിശദമാക്കുകയാണ് ആദ്യഭാഗം. എങ്കിലും ഒരു മുസ്‌ലിം ന്യൂനപക്ഷത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ള വെളിച്ചം പകരലുകളാണ് ഈ പ്രഥമ ഭാഗത്തുമുള്ളത്. മുസ്‌ലിംകളും ഇതര സമൂഹങ്ങളുമായുള്ള സഹ ജീവിതത്തിന്റെ അടിത്തറകള്‍ വിശദമാക്കുകയാണ് രണ്ടാം ഭാഗത്ത്. അമുസ്‌ലിം ഭൂരിപക്ഷത്തോടുള്ള ന്യൂനപക്ഷ മുസ്‌ലിം സമൂഹത്തിന്റെ നിലപാടുകളെന്തായിരിക്കണമെന്ന സവിശേഷ പ്രതിപാദനവും ഈ അധ്യായങ്ങളിലുണ്ട്. യൂസുഫ് നബിയുടെ ഈജിപ്ഷ്യന്‍ ജീവിതത്തെ മുസ്‌ലിം ന്യൂനപക്ഷ ജീവിതവുമായി ചേര്‍ത്തുവെച്ചുകൊണ്ടുള്ള ആലോചനകളാണ് മൂന്നാം ഭാഗം. ഇവിടെ 'ക്രിയാത്മക സഹവര്‍ത്തിത്വം' എന്നൊരു പ്രയോഗം നടത്തുന്നുണ്ട് ഗ്രന്ഥകാരന്‍. വിശുദ്ധ ഖുര്‍ആന്‍ 'മികച്ച കഥാകഥനം' എന്ന് വിശേഷിപ്പിച്ച യൂസുഫ് ചരിതത്തിന്റെ ബഹുസ്വരതയെ അടയാളപ്പെടുത്തുകയാണ് ഈ ഭാഗം. ആധുനിക മുസ്‌ലിം ചിന്തകര്‍ വികസിപ്പിച്ചെടുത്ത 'ഫിഖ്ഹുല്‍ മുവാത്വന'(പൗരത്വത്തിന്റെ ഫിഖ്ഹ്)യുടെ കര്‍മശാസ്ത്ര വ്യവഹാരങ്ങളെക്കുറിച്ചാണ് അവസാന ഭാഗത്ത് പ്രതിപാദിക്കുന്നത്. പൗരധര്‍മങ്ങളും അവകാശങ്ങളും ഫിഖ്ഹിന്റെ തുലാസില്‍ അളക്കുന്നുണ്ട് ഈ അധ്യായങ്ങളില്‍. ഗ്രന്ഥത്തില്‍ 'ക്രിയാത്മക സഹവര്‍ത്തിത്വത്തിന്റെ അടിത്തറകള്‍' എന്ന ശീര്‍ഷകത്തില്‍ വന്നിട്ടുള്ള ആശയങ്ങളുടെ സംഗ്രഹമാണ് ഈ ലേഖനത്തില്‍ നല്‍കുന്നത്.
മുസ്‌ലിം ഉമ്മത്ത് സവിശേഷ സമൂഹമായിരിക്കെത്തന്നെ അവര്‍ 'ഖൈറു ഉമ്മത്താ'കുന്നത് ജനങ്ങള്‍ക്ക് വേണ്ടി എഴുന്നേറ്റുനില്‍ക്കുമ്പോഴാണ്. തങ്ങളുടെ ആദര്‍ശ-സാംസ്‌കാരിക സ്വത്വം അടിയറ വെക്കാതെയും ഇതര സംസ്‌കൃതികളില്‍ അലിഞ്ഞുചേരാതെയും ഭിന്നവീക്ഷാഗതിക്കാരായ സഹജീവികളുമായുള്ള ഇടപഴക്കം സാധ്യമാക്കേണ്ടതുണ്ട്. മനുഷ്യര്‍ക്ക് വെളിച്ചമേകാന്‍ നിയോഗിതരായവര്‍ ജനങ്ങളില്‍നിന്ന് അകലം പാലിക്കാന്‍ പാടില്ലല്ലോ.
മറ്റു മനുഷ്യരോടുള്ള വിശ്വാസിയുടെ സഹവാസം ഏറ്റവും മികച്ചതാവണമെന്നാണ് ദൈവശാസന. മറ്റെന്തിനേക്കാളുമുപരി മനുഷ്യത്വവും മാനവികതയും ഊട്ടിയുറപ്പിക്കുന്ന അടിത്തറകള്‍ വിശുദ്ധ പ്രമാണങ്ങള്‍ സമര്‍പ്പിക്കുന്നുണ്ട്. അവയില്‍ പ്രധാനമായവ ഇങ്ങനെ സംഗ്രഹിക്കാം:
ഒന്ന്) മനുഷ്യകുലം പങ്കിടുന്ന പ്രകൃതിപരമായ പൊതുമകള്‍.
1. മനുഷ്യോല്‍പത്തി മുഴുവന്‍ ആദിയില്‍ 'മണ്ണ്' എന്ന പൊതു അടിത്തറയില്‍നിന്നും, പിന്നെ രേതസ്‌കണത്തില്‍നിന്നുമാണ്. ''അല്ലയോ മനുഷ്യരേ! മരണാനന്തര ജീവിതത്തെക്കുറിച്ച് വല്ല സന്ദേഹവുമുണ്ടെങ്കില്‍, നിങ്ങള്‍ ഗ്രഹിച്ചിരിക്കുക: ആദിയില്‍ നിങ്ങളെ നാം സൃഷ്ടിച്ചത് മണ്ണില്‍നിന്നാകുന്നു. പിന്നെ രേതസ്‌കണത്തില്‍നിന്ന്, പിന്നെ രക്തപിണ്ഡത്തില്‍നിന്ന്, പിന്നെ രൂപം പൂണ്ടതും അല്ലാത്തതുമായ മാംസപിണ്ഡത്തില്‍നിന്ന്'' (അല്‍ ഹജ്ജ് 5).
2. മനുഷ്യരില്‍ മുഴുവന്‍ ഊതപ്പെട്ടത് ദൈവത്തില്‍നിന്നുള്ള ചൈതന്യം. മനുഷ്യവര്‍ഗത്തെ ആദരിക്കാനുള്ള പ്രഥമ പ്രേരണ ഈ ദിവ്യചേതനയുടെ സാന്നിധ്യമാണ്. അന്യായമായി ജീവന്‍ ഹനിക്കാതിരിക്കാനുള്ള ന്യായവും അതു തന്നെ. ''അവന്‍ മനുഷ്യസൃഷ്ടി കളിമണ്ണില്‍നിന്നു തുടങ്ങി. പിന്നെ അവന്റെ വംശാവലിയെ മ്ലേഛ ദ്രാവകം പോലുള്ള ഒരു സത്തില്‍നിന്നുളവാക്കി. എന്നിട്ട് അവനെ സന്തുലിതമാക്കി ശരിപ്പെടുത്തുകയും അതില്‍ അവങ്കല്‍നിന്നുള്ള ആത്മാവ് ഊതുകയും ചെയ്തു'' (അസ്സജദ 7-9).
3. മനുഷ്യകുലം ഒരേ മാതാപിതാക്കളില്‍നിന്ന് ഉയിര്‍കൊണ്ടവര്‍. ''അല്ലയോ മനുഷ്യരേ, ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമത്രെ നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്...'' (അല്‍ ഹുജുറാത്ത് 13).
4. ഒരേ സ്രഷ്ടാവിന്റെയും പരിപാലകന്റെയും പടപ്പുകള്‍. ''പറയുക: മനുഷ്യരുടെ വിധാതാവിനോട് ഞാന്‍ ശരണം തേടുന്നു; മനുഷ്യരുടെ രാജാവിനോട്, മനുഷ്യരുടെ യഥാര്‍ഥ ദൈവത്തോട്'' (അന്നാസ് 1-3).
5. സൃഷ്ടിപരമായി ഒരേ ശരീരഘടന പങ്കിടുന്നവര്‍. പൊതുവായ താല്‍പര്യങ്ങളില്‍, വികാരങ്ങളില്‍, ആവശ്യങ്ങളില്‍ ഏകതയുള്ളവര്‍. ഏത് വംശീയ ചിന്തകള്‍ക്കും കടന്നുവരാത്ത പ്രകൃതിപരമായ പൊതുമകളാണിവ.
നിരന്തരം പാരായണം ചെയ്യപ്പെടുന്ന വേദഗ്രന്ഥത്തിലെ നിരവധി സൂക്തങ്ങളില്‍ ഈ പൊതുമകള്‍ ഇടം പിടിച്ചതിന്റെ ന്യായമെന്താണ്? ഉത്തരം വളരെ സ്പഷ്ടം. ഇതൊരു മനശ്ശാസ്ത്ര സമീപനമാണ്, മനുഷ്യകുലത്തിന്റെ ഈ പങ്കുവെപ്പുകള്‍ ഓരോ മനുഷ്യഹൃദയത്തിലും ഊട്ടപ്പെടണം. മസ്തിഷ്‌കത്തിലും മനസ്സിലും സ്ഥിരപ്പെടണം. ഒരേ കോര്‍വയിലുള്ള വിശേഷണങ്ങള്‍ വര്‍ധിക്കുംതോറും മനുഷ്യരില്‍ അടുപ്പവും ആദരവും പാരസ്പര്യവും വര്‍ധിക്കും. മനുഷ്യകുലത്തിലെ എന്റെ സഹോദരന്‍/സഹോദരി എന്ന ബോധം വളരെ പ്രധാനമാണ്. പ്രവാചകരെ നിയോഗിക്കുമ്പോള്‍ 'അവരുടെ സഹോദരന്‍' എന്നാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. (അഅ്‌റാഫ്: 65,73,85). 'എന്റെ ജനമേ' എന്നായിരുന്നു പ്രവാചകന്മാരുടെ സംബോധനയും.
രണ്ട്) പ്രകൃതിപരമായ വൈവിധ്യങ്ങള്‍ ഒരേ കുലത്തിലെ അംഗങ്ങളായിരിക്കെത്തന്നെ മനുഷ്യരില്‍ വൈവിധ്യങ്ങള്‍ ഏറെയുണ്ട്:
1. വ്യക്തിത്വം, ഡി.എന്‍.എയുടെ ഘടന, ജീനുകളുടെ സവിശേഷതകള്‍ എന്നു തുടങ്ങി വിരല്‍തുമ്പു മുതല്‍ കണ്ണിലെ കൃഷ്ണമണി വരെ ഓരോ വ്യക്തിയും 'പ്രത്യേക'മാണ്.
2. ശരീരാകൃതി, വര്‍ണം, ഭാഷ, ഭൗതിക ശേഷികള്‍, ധൈഷണികവും ചിന്താപരവുമായ കഴിവുകള്‍, വൈകാരികതകള്‍... ഇവയിലൊക്കെയും മനുഷ്യന്‍ ഭിന്നത പുലര്‍ത്തുന്നു. ഈ 'അന്തരങ്ങളെ' കുറിച്ച ദൈവികപ്രമാണങ്ങളുടെ പരാമര്‍ശങ്ങള്‍ ഉദ്ദേശ്യപൂര്‍ണവും ശരീഅത്തിന്റെ ലക്ഷ്യങ്ങളെ കൃത്യപ്പെടുത്തുന്നതുമാണ്. ഈ വൈവിധ്യങ്ങള്‍ ഒരു കളമൊരുക്കലാണ്. വ്യത്യസ്തതകളെയും പലമകളെയും ഉള്‍ക്കൊള്ളാനും അതൊരു 'സാധാരണ സംഗതി'യായി അംഗീകരിക്കാനും വിശ്വാസിയെ പാകപ്പെടുത്തുന്ന പ്രക്രിയ. ഒപ്പം ഈ ഭിന്നതകള്‍ പൂര്‍ണതയുടെയും വൈവിധ്യങ്ങളുടെയും ചേരുവകളാണെന്നും ഓരോരുത്തരുടെയും 'റോളുകള്‍' പങ്കുവെച്ചതാണെന്നുമുള്ള തിരിച്ചറിവുണ്ടാവുകയും വേണം.
മൂന്ന്) ആദര്‍ശപരവും വീക്ഷണപരവുമായ വ്യതിരിക്തതകള്‍
ഭിന്ന മതങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലും വിശ്വസിക്കുന്നവരാണ് മനുഷ്യര്‍. വീക്ഷണപരമായ ഈ വൈവിധ്യം ദൈവികചര്യയുടെയും അവന്റെ ഇഛയുടെയും ഭാഗമാണെന്ന് ഖുര്‍ആന്‍ സിദ്ധാന്തിക്കുന്നു: ''നിസ്സംശയം, നിന്റെ റബ്ബ് ഇഛിച്ചിരുന്നുവെങ്കില്‍ മുഴുവന്‍ മനുഷ്യരെയും ഒരൊറ്റ സമുദായമാക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, അവര്‍ ഭിന്നമാര്‍ഗങ്ങളിലൂടെത്തെന്നെ സഞ്ചരിച്ചുകൊണ്ടിരുന്നു. നിന്റെ നാഥന്റെ കാരുണ്യം സിദ്ധിച്ചവര്‍ മാത്രമേ ദുര്‍മാര്‍ഗങ്ങളില്‍നിന്ന് രക്ഷപ്പെടൂ. ഇതിനു(ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനും പരീക്ഷിക്കപ്പെടാനും) വേണ്ടിത്തന്നെയാകുന്നു അവന്‍ അവരെ സൃഷ്ടിച്ചിട്ടുള്ളത്'' (ഹൂദ് 118,119).
ബഹുവിധമായ വിശ്വാസങ്ങളെക്കുറിച്ചും ചിന്താ വൈവിധ്യങ്ങളെക്കുറിച്ചും വേദഗ്രന്ഥം ഓര്‍മപ്പെടുത്താന്‍ മതിയായ കാരണങ്ങളുണ്ട്. അവ ഇങ്ങനെ സംഗ്രഹിക്കാം:
എ) വീക്ഷണ ഭിന്നതകളെ യാഥാര്‍ഥ്യമായി അംഗീകരിക്കുക. അവയോട് ഏറ്റവും മികച്ചതും ശരിയായതുമായ നിലപാട് രൂപപ്പെടുത്തുക.
ബി) വിശ്വാസ വൈവിധ്യങ്ങളിലെ ഏറ്റക്കുറച്ചിലുകളനുസരിച്ച് നിലപാടുകള്‍ ക്രമപ്പെടുത്തുക. നിരീശ്വരവാദിയെയും മതവിശ്വാസിയെയും ഒരേ താപ്പില്‍ അളക്കരുത്. യുദ്ധം ചെയ്യുന്ന നിഷേധിയെ പോലെ തങ്ങളുടെ ഒപ്പം നില്‍ക്കുന്ന അവിശ്വാസിയെ കാണരുത്.
സി) ഭിന്നതകളും ബഹുത്വ വീക്ഷണങ്ങളും ദൈവിക ചര്യയുടെ ഭാഗമാണെന്ന ബോധ്യമുണ്ടാവുക. അല്ലാഹു മനുഷ്യന് ബുദ്ധിയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നല്‍കിയിരിക്കെ ഈ ഭിന്നതകളെ സ്വാഭാവികമായി കാണുക.
നാല്) മനുഷ്യന്റെ ആദരണീയതയും അവന്റെ അവകാശങ്ങളും അംഗീകരിക്കുക
ചിന്തയും ആദര്‍ശവും എന്തുമാകട്ടെ, മനുഷ്യനെന്ന നിലക്കു തന്നെ അവനെ ആദരിക്കണമെന്നാണ് ഇസ്ലാമിന്റെ ശാസന. കാരണം മനുഷ്യനെന്ന നിലക്കാണ് അല്ലാഹു അവനെ ആദരിച്ചത്. ഖുര്‍ആന്‍ പറയുന്നു: ''തീര്‍ച്ചായും, ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു.'' (അല്‍ ഇസ്രാഅ്: 70). മനുഷ്യനെ, ഉദ്ദേശ്യാനുസാരം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കി ഭൂമിയിലെ അവന്റെ പ്രതിനിധി(ഖലീഫ)യുമാക്കിയിട്ടുണ്ട് ലോകനാഥന്‍ (അല്‍ ബഖറ: 30). മനുഷ്യ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യമാരാഞ്ഞ മാലാഖമാരോട് പ്രാതിനിധ്യത്തിലും നാഗരികതയുടെ നിര്‍മാണത്തിലും അവരേക്കാള്‍ ജ്ഞാനം മനുഷ്യര്‍ക്കാെണന്ന് തെര്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ആദര്‍ശസ്വാതന്ത്ര്യം നല്‍കി അല്ലാഹു അവനെ ആദരിക്കുകയും (അല്‍ ബഖറ 256) അല്ലാഹുവിനോടല്ലാത്ത എല്ലാ പാരതന്ത്ര്യങ്ങളില്‍നിന്നും വിമോചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അടിമമോചനത്തിന്റെ വാതായനങ്ങള്‍ തുറന്നുവെക്കുന്നതോടൊപ്പം മനുഷ്യനെ അംഗഛേദം ചെയ്യാനോ അകാരണമായി ശിക്ഷിക്കാനോ ഭയപ്പെടുത്താനോ അവന്റെ സ്വത്തുവഹകള്‍ കൈവശപ്പെടുത്താനോ പാടില്ലന്ന് കല്‍പിച്ചു. മനുഷ്യര്‍ ഏവരും സമന്മാരാന്നെന്നും ദൈവഭക്തി മാത്രമാണ് വേര്‍തിരിവിനുള്ള മാനദണ്ഡമെന്നും സിദ്ധാന്തിച്ചു: ''അല്ലയോ മനുഷ്യരേ, ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമത്രെ നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. പിന്നെ നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി; പരസ്പരം തിരിച്ചറിയേണ്ടതിന്. നിങ്ങളില്‍ ഏറ്റം ദൈവഭക്തിയുള്ളവരാകുന്നു, അല്ലാഹുവിങ്കല്‍ ഏറ്റം ഔന്നത്യമുള്ളവര്‍. നിശ്ചയം, അല്ലാഹു എല്ലാം അറിയുന്നവനും തികഞ്ഞ ബോധമുള്ളവനുമാകുന്നു'' (അല്‍ഹുജുറാത്ത്: 13). ഓരോ മനുഷ്യന്റെയും ഉത്തരവാദിത്വം അവനവനെത്തന്നെയാണ് അല്ലാഹു ഏല്‍പിച്ചിട്ടുള്ളത്: ''ഓരോ മനുഷ്യനും എന്തു നേടുന്നുവോ, അതിന്റെ ഉത്തരവാദി അയാള്‍ തന്നെയാകുന്നു. ഭാരം ചുമക്കുന്ന ഒരുവനും അപരന്റെ ഭാരം ചുമക്കുകയില്ല'' (അല്‍ അന്‍ആം: 164).
അഞ്ച്) വൈദിക മതങ്ങളുടെ അടിസ്ഥാനങ്ങളിലെ ഏകത
വൈദിക മതങ്ങള്‍ ഒരൊറ്റ അടിത്തറയില്‍നിന്ന് ഉരുവം കൊണ്ടതാണന്നും അവയുടെ നിയമസംഹിതകള്‍ ഒരേ ഉറവിടത്തില്‍നിന്ന് വെളിച്ചം സ്വാംശീകരിച്ചതാണെന്നും ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. മുന്‍കഴിഞ്ഞ പ്രവാചകന്മാരിലെല്ലാം വിശ്വസിക്കാന്‍ ദീന്‍ ഉണര്‍ത്തുന്നതിന്റെ കാരണമിതാണ്. ''ദൈവദൂതന്‍ അദ്ദേഹത്തിന്റെ നാഥനില്‍നിന്നു തനിക്ക് അവതരിച്ചുകിട്ടിയ മാര്‍ഗ ദര്‍ശനത്തില്‍ വിശ്വസിച്ചിരിക്കുന്നു. ഈ ദൂതനില്‍ വിശ്വസിക്കുന്നവരും ആ മാര്‍ഗദര്‍ശനത്തെ മനസ്സാ അംഗീകരിച്ചവരാകുന്നു. അവരെല്ലാവരും അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദങ്ങളിലും ദൂതന്മാരിലും വിശ്വസിക്കുന്നു. അവരുടെ നിലപാട് ഇതത്രെ: 'ഞങ്ങള്‍ ദൈവദൂതന്മാരില്‍ ആരോടും വിവേചനം കാണിക്കുന്നില്ല. ഞങ്ങള്‍ വിധി കേട്ടു. വിധേയത്വം സ്വീകരിച്ചു. നാഥാ! ഞങ്ങള്‍ നിന്നോട് പാപമോചനം തേടുന്നവരാകുന്നു. ഞങ്ങള്‍ നിന്നിലേക്കുതന്നെ മടങ്ങേണ്ടവരല്ലോ!'' (അല്‍ ബഖറ: 285).
ഈ മതങ്ങള്‍ക്ക് നല്‍കപ്പെട്ട മൗലിക ശാസനകളും ഒന്നായിരുന്നു (അശ്ശൂറാ: 13). 'ഇസ്‌ലാം', 'മുസ്‌ലിം' എന്നീ നാമങ്ങള്‍ കൂടി അവര്‍ക്ക് നല്‍കപ്പെട്ടിരുന്നതായും ഖുര്‍ആന്‍ ധ്വനിപ്പിക്കുന്നുണ്ട് (അല്‍ബഖറ: 131, 133, ആലുഇംറാന്‍: 19, അല്‍ ഹജ്ജ്: 78).
അതിനാല്‍ ഇതര മതസ്ഥരോടുള്ള ഇടപഴക്കങ്ങളില്‍ വിശാലത പുലര്‍ത്തണം, പ്രബോധന പ്രവര്‍ത്തനങ്ങളില്‍ കാര്‍ക്കശ്യവും അതിരുകവിച്ചിലുകളുമരുത്. ''ദീന്‍ കാര്യത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല'' (അല്‍ ബഖറ: 256), ''ശരി, (പ്രവാചകന്‍) ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുക. നീ പ്രബോധകന്‍ മാത്രമാകുന്നു. അവരെ നിര്‍ബന്ധിച്ച് വഴിപ്പെടുത്തുന്നവനല്ല'' (അല്‍ ഗാശിയ: 21-22), ''നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍. എനിക്ക് എന്റെ ദീന്‍'' (അല്‍കാഫിറൂന്‍: 6). സത്യദീനിന്റെ ഇത്തരം നിലപാടുകളുടെ തികവുറ്റ പ്രായോഗിക മാതൃകയായിരുന്നു 'മദീനാ കരാര്‍.' ഭിന്ന മതവിശ്വാസികളായ മുസ്‌ലിംകളും ജൂതരും ബഹുദൈവാരാധകരും ഭിന്ന വംശക്കാരായ ഖഹ്ത്വാനികളും അദ്‌നാനികളും ഈ കരാറില്‍ ഭാഗഭാക്കായിരുന്നു. പൊതു അവകാശങ്ങളിലും മികച്ച സഹവര്‍ത്തിത്വത്തിന് ആധാരമായ ചുമതലകളിലും പരസ്പരസഹായത്തിലും ഈ കരാര്‍ അവരെ തുല്യപൗരന്മാരാക്കി.
ആറ്) ജീവാവസ്ഥയിലും മൃതാവസ്ഥയിലും വിശ്വാസ ഭേദമന്യേ ഏതൊരു മനഷ്യനെയും ആദരിക്കാനുള്ള ശാസന
''സഹ്‌ലുബ്‌നു ഹനീഫും ഖയ്‌സുബ്‌നു സഅ്ദും ഖാദിസിയ്യയിലിരിക്കെ ഒരു മൃതദേഹം അവരുടെ മുന്നിലൂടെ കൊണ്ടുപോയി, ഉടന്‍ അവര്‍ രണ്ടു പേരും എഴുന്നേറ്റു നിന്നു. ആരോ പറഞ്ഞു: 'അതൊരു ദിമ്മിയുടെ മൃതദേഹമാണല്ലോ?' (എന്തിനാണ് എഴുന്നേറ്റത്?) അവര്‍ പറഞ്ഞു: തിരുമേനി(സ)യുടെ മുന്നിലൂടെ മൃതദേഹം കൊണ്ടുപോയപ്പോള്‍ അദ്ദേഹം എഴുന്നേറ്റു നിന്നിട്ടുണ്ട്. ആരോ അദ്ദേഹത്തോട് അതൊരു ജൂതന്റെ മൃതദേഹമാണല്ലോ എന്നുണര്‍ത്തിയപ്പോള്‍ അവിടുന്ന് പ്രതിവചിച്ചത്; അതൊരു മനുഷ്യാത്മാവല്ലേ എന്നാണ്'' (ഇമാം ബുഖാരിയും, ഇമാം മുസ്‌ലിമും ഉദ്ധരിച്ചത്).
'മുസ്‌ലിമിന്റെ സന്താനമായാല്‍ പോലും ഇസ്‌ലാം സ്വീകരിക്കാന്‍ പിതാവ് നിര്‍ബന്ധിക്കരുതെ'ന്ന നിര്‍ദേശം, 'ദീന്‍ കാര്യത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല' എന്ന ആയത്തിന്റെ അവതരണ പശ്ചാത്തലമായി ഇമാം ത്വബരിയും സുയൂത്വിയും ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് ഉദ്ധരിക്കുന്നത് കാണുക: ''അന്‍സ്വാരിയായ അബുല്‍ ഹുസ്വയ്‌ന്റെ (റ) രണ്ട് മക്കള്‍ ഹിജ്‌റക്കുമുമ്പ് ക്രിസ്തുമത വിശ്വാസികളാവുകയും ശാമിലേക്ക് പോവുകയും ചെയ്തിരുന്നു. പിന്നീട് അവര്‍ മദീനയില്‍ മടങ്ങിയെത്തുകയും പിതാവിനോട് ചേരുകയും ചെയ്തു. പിതാവാകട്ടെ, ഇസ്‌ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും അവര്‍ വിസമ്മതിക്കുകയാണുണ്ടായത്. 'എന്റെ ഭാഗമായ (മക്കള്‍)വര്‍ നരകത്തില്‍ പോകുന്നത് ഞാന്‍ കണ്ടു നില്‍ക്കേണ്ടിവരില്ലേ' എന്ന് സങ്കടപ്പെട്ട് പ്രവാചകനോട് അവരെ ദീനില്‍ ചേരാന്‍ നിര്‍ബന്ധിക്കാന്‍ ആവശ്യപ്പെട്ട സന്ദര്‍ഭത്തിലാണ് പ്രകൃത സൂക്തം (അല്‍ബഖറ 256) അവതരിക്കുന്നത്. തിരുമേനി (സ) അബുല്‍ ഹുസ്വയ്‌നോട് പറഞ്ഞു: അവരെ അവരുടെ പാട്ടിനു വിട്ടേക്കൂ!'' (തഫ്‌സീര്‍ ത്വബരി, അദ്ദുര്‍റുല്‍ മന്‍സൂര്‍).
ഏഴ്) സമാധാനമാണ് അടിസ്ഥാനം, യുദ്ധമല്ല
അനിവാര്യതകളില്‍ ഇസ്‌ലാം എത്തിച്ചേരുന്ന നിലപാടാണ് യുദ്ധം. ഒരടിസ്ഥാനമെന്ന നിലയില്‍ യുദ്ധം അഭിലഷണീയ കാര്യമല്ല. വിശ്വാസികളുടെ മനസ്സിലും അതൊരു വെറുക്കപ്പെട്ട കാര്യം തന്നെ. ''നിങ്ങളോട് യുദ്ധം കല്‍പിക്കപ്പെട്ടിരിക്കുന്നു. അതാകട്ടെ നിങ്ങള്‍ക്ക് അരോചകമാകുന്നു'' (അല്‍ബഖറ: 216). യുദ്ധത്തില്‍നിന്ന് മുഹമ്മദ് നബി(സ)യെയും അനുചരന്മാരെയും തടഞ്ഞുനിര്‍ത്തിയത് അല്ലാഹു തന്റെ ഔദാര്യമായി എടുത്തു പറയുന്നുണ്ട്: ''അവനാകുന്നു മക്കാ താഴ്വരയില്‍ അവരുടെ കരങ്ങളെ നിങ്ങളില്‍നിന്നും നിങ്ങളുടെ കരങ്ങളെ അവരില്‍നിന്നും തടഞ്ഞത് - അവന്‍ അവര്‍ക്കെതിരെ നിങ്ങള്‍ക്കു വിജയമരുളിക്കഴിഞ്ഞിരിക്കെ. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തും അല്ലാഹു വീക്ഷിക്കുന്നുണ്ടായിരുന്നു'' (അല്‍ ഫത്ഹ്: 24). ഇസ്‌ലാം സമാധാനത്തിന്റെ അദര്‍ശവും വ്യവസ്ഥയുമാണെന്ന് ഈ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു.
എട്ട്) യുദ്ധത്തേക്കാള്‍ സന്ധിക്കും അനുരഞ്ജനത്തിനും മുന്‍തൂക്കം നല്‍കുക; സന്ധി നഷ്ടങ്ങള്‍ വരുത്തിയാലും
സന്ധിയെ വലിയ നന്മയെന്നാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്: ''ഒത്തുതീര്‍പ്പാണ് ഏതു നിലക്കും നല്ലത്'' (അന്നിസാഅ്: 128). വിശ്വാസികള്‍ക്കിടയിലെ രഞ്ജിപ്പിനെ പറ്റി മാത്രമല്ല, ജനങ്ങള്‍ക്കിടയിലെ സമവായങ്ങളെക്കുറിച്ചും ഖുര്‍ആന്‍ സംസാരിക്കുന്നു: ''ജനങ്ങളുടെ രഹസ്യവര്‍ത്തമാനങ്ങളില്‍ ഏറിയകൂറും നന്മയേതുമില്ലാത്തതാകുന്നു. ഒരുവന്‍ ദാനധര്‍മങ്ങള്‍ക്കും സല്‍ക്കര്‍മങ്ങള്‍ക്കും സ്വകാര്യമായി പ്രേരിപ്പിക്കുകയോ ജനങ്ങള്‍ക്കിടയില്‍ അനുരഞ്ജനത്തിനായി വല്ലവരോടും വല്ലതും സംസാരിക്കുകയോ ചെയ്തുവെങ്കില്‍ അതു നല്ലതുതന്നെ. അല്ലാഹുവിന്റെ പ്രീതി കൊതിച്ച് അവ്വിധം ചെയ്യുന്നവര്‍ക്ക് നാം മഹത്തായ പ്രതിഫലം നല്‍കുന്നുണ്ട്'' (അന്നിസാഅ്: 114).
ഫസാദി(കുഴപ്പങ്ങള്‍)ന്റെയും സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ അഭാവത്തിന്റെയും അപകടങ്ങളെക്കുറിച്ച് ദീന്‍ ഉണര്‍ത്തുന്നുണ്ട്: ''അധികാരം സിദ്ധിച്ചാല്‍ ഭൂമിയില്‍ അവരുടെ പ്രയത്നമഖിലം, നാശം വിതക്കുന്നതിനും കൃഷിയിടങ്ങള്‍ കൊള്ളയടിക്കുന്നതിനും മനുഷ്യവംശത്തെ നശീകരിക്കുന്നതിനുമായിരിക്കും. എന്നാല്‍, (അവര്‍ സാക്ഷിയാക്കിക്കൊണ്ടിരിക്കുന്ന) അല്ലാഹുവോ, നശീകരണപ്രവര്‍ത്തനങ്ങളെ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല'' (അല്‍ ബഖറ: 205). ഇസ്വ്‌ലാഹ് (സംസ്‌കരണം / രഞ്ജിപ്പ്) പ്രവാചകന്മാരുടെ സന്ദേശമായിരുന്നു: ''കഴിയുന്നേടത്തോളം നിങ്ങളെ സംസ്‌കരിക്കാനത്രെ ഞാന്‍ ഉദ്ദേശിക്കുന്നത്. ഞാന്‍ എന്തെല്ലാം ചെയ്യാന്‍ ഉദ്ദേശിക്കുന്നുവോ, അതിന്റെയെല്ലാം അവലംബം അല്ലാഹുവിന്റെ ഉതവി മാത്രമാകുന്നു. ഞാന്‍ അവനില്‍ മാത്രം ഭരമേല്‍പിച്ചിരിക്കുന്നു. സകല കാര്യങ്ങളിലും അവങ്കലേക്കുതന്നെ മടങ്ങുകയും ചെയ്യുന്നു'' (ഹൂദ്: 88). അനുരഞ്ജനത്തിന് ശ്രമിക്കുന്നവന് ദൈവാനുഗ്രഹം സിദ്ധിക്കുമെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്: 'അനുരഞ്ജനം ആഗ്രഹിച്ചാല്‍, അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പിന്റെ മാര്‍ഗം തുറന്നുകൊടുക്കുന്നതാകുന്നു'' (അന്നിസാഅ്: 35). സ്വുല്‍ഹും ഇസ്വ്‌ലാഹും (രഞ്ജിപ്പും സംസ്‌കരണവും) കേവലം മുദ്രാവാക്യം മാത്രമായിരുന്നില്ല ഇസ്‌ലാമില്‍. ന്യായമുണ്ടായിരിക്കെ വലിയ വിട്ടുവീഴ്ചകള്‍ ചെയ്ത് അനുരഞ്ജന ശ്രമങ്ങള്‍ക്ക് ശക്തിപകര്‍ന്ന ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ എമ്പാടുമുണ്ട്.
ഒമ്പത്) എല്ലാവര്‍ക്കും നീതി
ഇസ്‌ലാമിക ശരീഅത്തിന്റെ അടിത്തറകളില്‍ പ്രധാനമാണ് നീതി. നീതിയെക്കുറിച്ച ശാസനകളാല്‍ സമ്പന്നമാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍. ശത്രുവിനോടു പോലും നീതി പുലര്‍ത്തണമെന്നാണ് ഖുര്‍ആന്‍ അനുശാസിക്കുന്നത്: ''വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നേരാംവിധം നിലകൊള്ളുന്നവരാവുക. നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും. ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക. അതാണ് ദൈവഭക്തിക്ക് ഏറ്റം പറ്റിയത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഉറപ്പായും അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്'' (അല്‍ മാഇദ: 8).
പത്ത്) പ്രശ്‌നങ്ങളുടെ പരിഹാരം സംവാദമാണ്, സംഘട്ടനമല്ല
യുക്തിദീക്ഷയോടും സദുപദേശത്തോടും പ്രബോധനം ചെയ്യണമെന്ന് ഖുര്‍ആന്‍ പലതവണ ആവര്‍ത്തിക്കുന്നു. ഏറ്റവും മികച്ച സംവാദരീതികള്‍ അവലംബിക്കാനും ബലപ്രയോഗം, അടിച്ചമര്‍ത്തല്‍, സ്വേഛാപ്രമത്തത, സംഘര്‍ഷം തുടങ്ങിയ നീചവഴികളെ നിരാകരിക്കാനും ദീന്‍ നിര്‍ദേശിക്കുന്നു: ''യുക്തികൊണ്ടും സദുപദേശം കൊണ്ടും നീ ജനത്തെ നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക. ഏറ്റം നല്ല നിലയില്‍ അവരുമായി സംവാദം നടത്തുക. നിശ്ചയമായും നിന്റെ നാഥന്‍ തന്റെ നേര്‍വഴി വിട്ട് പിഴച്ചുപോയവരെ സംബന്ധിച്ച് നന്നായറിയുന്നവനാണ്. നേര്‍വഴി പ്രാപിച്ചവരെപ്പറ്റിയും സൂക്ഷ്മമായി അറിയുന്നവനാണവന്‍'' (അന്നഹ്ല്‍: 125), ''ഏറ്റവും നല്ലരീതിയിലല്ലാതെ നിങ്ങള്‍ വേദക്കാരുമായി സംവാദത്തിലേര്‍പ്പെടരുത്'' (അല്‍ അന്‍കബൂത്ത്: 46).
പതിനൊന്ന്) ജനതതികളെ പരസ്പരം പ്രതിരോധിക്കുക (സുന്നത്തുത്തദാഫുഅ്) ദൈവികചര്യയാണ്. എന്നാല്‍ തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കുകയാണ് ഉമ്മത്തിന്റെ ബാധ്യത
വിശ്വാസികളുടെ ഇതരരോടുള്ള നിലപാട് പറയുമ്പോള്‍, പരസ്പര സംഘട്ടനം എന്ന ആശയമുള്ള സ്വിറാഅ് എന്ന പദം ഖുര്‍ആന്‍ പ്രയോഗിച്ചിട്ടില്ല, മറിച്ച്, 'ദാഫഅ', 'മുദാഫഅ' (പ്രതിരോധിക്കുക) എന്ന പ്രയോഗമാണ് ഖുര്‍ആനില്‍ കാണാനാവുക. ഈ പദങ്ങള്‍ അല്ലാഹുവിനോടും ചേര്‍ത്തു പറഞ്ഞിട്ടുണ്ട്. ''നിശ്ചയം, സത്യവിശ്വാസികള്‍ക്കു വേണ്ടി അല്ലാഹു പ്രതിരോധിക്കുന്നതാകുന്നു. തീര്‍ച്ചയായും നന്ദികെട്ട വഞ്ചകരായ ആരെയും അല്ലാഹു സ്നേഹിക്കുന്നില്ലതന്നെ'' (അല്‍ ഹജ്ജ്: 38). അല്‍ ബഖറ 251, അല്‍ ഹജ്ജ് 40 എന്നീ സൂക്തങ്ങളും കാണുക. പ്രതിരോധിക്കുകയെന്ന ആശയം വിശ്വാസികളോട് ചേര്‍ത്തു പറയുമ്പോള്‍ നന്മ കൊണ്ട് പ്രതിരോധിക്കുകയെന്നാണ് ഖുര്‍ആന്‍ പ്രത്യേകമായി പറയുന്നത്: ''നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മ കൊണ്ട് തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്മമിത്രത്തെപ്പോലെയായിത്തീരും'' (ഫുസ്സ്വിലത്ത്: 34,35).
പന്ത്രണ്ട്) വൈദിക മതങ്ങളെയും അവയുടെ പ്രവാചകന്മാരെയും ഗ്രന്ഥങ്ങളെയും ഇസ്‌ലാം നിര്‍ലോഭം പ്രശംസിക്കുന്നു
ഇബ്‌റാഹീം, മൂസാ, ഈസാ, മര്‍യം തുടങ്ങിയ വൈദിക മതങ്ങള്‍ ആദരിക്കുന്ന വ്യക്തികളെയും ഇംറാന്‍ കുടുംബത്തെയും, ഇസ്രായേല്‍ സന്തതികള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളെയും നസ്വാറാക്കളെയും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്: ''ഇസ്രായേല്‍ മക്കളേ, ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക; നിങ്ങളെ മറ്റാരേക്കാളും ശ്രേഷ്ഠരാക്കിയതും'' (അല്‍ബഖറ: 47). ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്നു പറഞ്ഞവരാണ് വിശ്വാസികളോട് കൂടുതല്‍ സ്‌നേഹമുള്ളവരെന്നും, അവരില്‍ പണ്ഡിതന്മാരും ലോകപരിത്യാഗികളായ പുരോഹിതന്മാരുമുണ്ടെന്നും അവര്‍ അഹന്ത നടിക്കുന്നില്ലെന്നതുമാണിതിനു കാരണമെന്നും ഖുര്‍ആന്‍ പറഞ്ഞുവെക്കുന്നു (അല്‍മാഇദ: 82). തൗറാത്തിനെയും ഇഞ്ചീലിനെയും വിശുദ്ധ ഖുര്‍ആന്‍ വിശദമായിതന്നെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഇതിനെല്ലാമുപരി ഒരു വ്യക്തിയുടെ ആദര്‍ശവും വിശ്വാസവും പൂര്‍ണമാവണമെങ്കില്‍ മുന്‍കഴിഞ്ഞ പ്രവാചകന്മാരില്‍ കൂടി വിശ്വസിക്കണമെന്ന് ദീന്‍ നിഷ്‌കര്‍ഷിക്കുന്നു.
പതിമൂന്ന്) എല്ലാവരെയും ഒരേ മാപിനിയില്‍ അളക്കാതിരിക്കുക
മുസ്‌ലിമേതരരെ വിലയിരുത്തുമ്പോള്‍ അവരെല്ലാവരെയും ഒരേ താപ്പില്‍ അളക്കാതിരിക്കാനുള്ള സൂക്ഷ്മത ഖുര്‍ആന്‍ പുലര്‍ത്തുന്നതു കാണാം. സംവാദത്തിനും സഹജീവിതത്തിനുമുള്ള ഇടങ്ങള്‍ ശേഷിപ്പിച്ചുകൊണ്ടേ ഖുര്‍ആന്‍ ആരെക്കുറിച്ചും സംസാരിക്കാറുള്ളൂ. വേദക്കാരെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് ഒരു മികച്ച ഉദാഹരണമാണ്: ''എന്നാല്‍, വേദവിശ്വാസികളെല്ലാവരും ഒരുപോലെയല്ല. സന്മാര്‍ഗത്തില്‍ നിലകൊള്ളുന്ന ഒരു വിഭാഗവും അവരിലുണ്ട്. അവര്‍ നിശാവേളകളില്‍ അല്ലാഹുവിന്റെ സൂക്തങ്ങള്‍ പാരായണം ചെയ്യുകയും അവന്റെ മുമ്പില്‍ പ്രണമിക്കുകയും ചെയ്യുന്നു. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നു. ധര്‍മം കല്‍പിക്കുന്നു, അധര്‍മം നിരോധിക്കുന്നു. സുകൃതങ്ങളില്‍ ഉത്സുകരാവുകയും ചെയ്യുന്നു. അവര്‍ സജ്ജനങ്ങളുമാകുന്നു. അവര്‍ ചെയ്യുന്ന ഒരു നന്മയും വിലമതിക്കപ്പെടാതിരിക്കുകയില്ല. അല്ലാഹു ഭക്തജനങ്ങളെ നന്നായറിയുന്നവനല്ലോ'' (ആലുഇംറാന്‍: 113, 114,115).
പതിനാല്) സഹവര്‍ത്തിത്വത്തിന്റെ വൃത്തം വിശാലമാക്കുക
വേദക്കാരെ മാത്രമല്ല ബഹുദൈവാരാധകര്‍, വിഗ്രഹപൂജകര്‍, സാക്ഷാല്‍ ഈശ്വരനിഷേധികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ മനുഷ്യരെയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള സഹജീവിതം സാധ്യമാക്കാനുള്ള ശ്രമമാണ് ഇസ്‌ലാമിന്റേത്. സത്യാന്വേഷണമെന്ന പൊതു ധര്‍മത്തിലും തത്ത്വത്തിലും മനുഷ്യരെല്ലാവരും ഒരുമിക്കണമെന്നാണ് ഇസ്‌ലാമിന്റെ ആവശ്യം. അല്ലാഹു പറയുന്നു: ''പറയുക: ഇപ്പോള്‍ അനിവാര്യമായും ഞങ്ങളോ, നിങ്ങളോ രണ്ടിലൊരു കൂട്ടര്‍ മാത്രം സന്മാര്‍ഗത്തിലോ അല്ലെങ്കില്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലോ ആകുന്നു. ഇവരോട് പറയുക: ഞങ്ങള്‍ ചെയ്ത തെറ്റുകളെക്കുറിച്ച് നിങ്ങളോട് യാതൊന്നും ചോദിക്കുന്നതല്ല. നിങ്ങള്‍ ചെയ്യുന്നതു സംബന്ധിച്ച് ഞങ്ങളോടും സമാധാനം ചോദിക്കുന്നതല്ല'' (സബഅ്: 24, 25). സംവാദതലത്തില്‍ ഇസ്‌ലാം മാത്രമാണ് ശരിയെന്നോ (വസ്തുത അതായിരിക്കെ) പ്രതിയോഗികള്‍ വഴികേടിലാണെന്നോ ഉള്ള തീര്‍പ്പുകളിലെത്തുന്നില്ല. ഈ സൂക്തം വിശാലവും ഉന്നതവുമായ ആശയധ്വനിയുള്ളതും സംവാദത്തിനുമപ്പുറം സഹജീവിതത്തിന്റെ് അടിത്തറകളിലൊന്നുമാണ്.
പതിനഞ്ച്) വിശ്വാസസ്വാതന്ത്ര്യവും ആരാധനാലയങ്ങളുടെ പരിരക്ഷയും
ജിഹാദുമായി ബന്ധപ്പെട്ട ആദ്യസൂക്തം അവതരിക്കുമ്പോള്‍തന്നെ വിശ്വാസസ്വാതന്ത്ര്യവും, തെരഞ്ഞെടുത്ത ആദര്‍ശമനുസരിച്ച് ആരാധനകള്‍ അനുഷ്ഠിക്കാനുള്ള അവകാശവും വകവെച്ചുകൊടുക്കണമെന്ന് ഇസ്ലാം അനുശാസിച്ചിട്ടുണ്ട്. ''അല്ലാഹു ജനങ്ങളില്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തെക്കൊണ്ട് തടഞ്ഞുകൊണ്ടിരിക്കുന്നില്ലായിരുന്നുവെങ്കില്‍ അല്ലാഹുവിന്റെ നാമം ധാരാളമായി സ്മരിക്കപ്പെടുന്ന മഠങ്ങളും ചര്‍ച്ചുകളും പ്രാര്‍ഥനാലയങ്ങളും പള്ളികളും തകര്‍ക്കപ്പെട്ടുപോകുമായിരുന്നു'' (അല്‍ ഹജ്ജ്: 40).
പതിനാറ്) ദൈവിക സരണിയിലെ ജിഹാദ് യുദ്ധം മാത്രമല്ല.
ഇസ്‌ലാമിന്റെ ഊന്നലുകളില്‍ യുദ്ധം ജിഹാദിന്റെ അവസാനത്തെ വഴിയാണ്, അതും നിബന്ധനകള്‍ക്കും ഉപാധികള്‍ക്കും വിധേയമായി. ക്രിയാത്മകമായ സംവാദങ്ങള്‍, യുക്തിദീക്ഷയോടും സദുപദേശത്തോടുമുള്ള പ്രബോധന പ്രവര്‍ത്തനങ്ങള്‍ - ഇവയുടെ വാതിലുകള്‍ /അവസരങ്ങള്‍ മതിയാവോളം തുറന്നിടുകയാണ് ഇസ്‌ലാമിന്റെ രീതി. ''പ്രവാചകാ, യുക്തിപൂര്‍ണമായും സുന്ദരമായ സദുപദേശത്തോടുകൂടിയും നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് പ്രബോധനം ചെയ്യുക. നല്ല രീതിയില്‍ ജനങ്ങളോട് സംവദിക്കുക. തന്റെ മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ചവരാരെന്നും സന്മാര്‍ഗഗ്രസ്തരാരെന്നും നന്നായറിയുന്നവന്‍ നിന്റെ നാഥന്‍ തന്നെയാകുന്നു'' (അന്നഹ്ല്‍ 125).
പതിനേഴ്) വൈവിധ്യങ്ങളുടെയും ഭിന്നതകളുടെയും ശര്‍ഈ ലക്ഷ്യം
പരസ്പരം അറിയലാണ് ഭിന്നതകളിലുടെയും വൈവിധ്യങ്ങളിലൂടെയും ശരീഅത്ത് ലക്ഷ്യമാക്കുന്നത്. പരസ്പരമുള്ള അറിവ് അന്യോന്യം ഇടപഴക്കത്തിലേക്കും ഇടപഴക്കങ്ങള്‍ പരസ്പര സഹകരണത്തിലേക്കും തദ്വാരാ മനുഷ്യസേവനത്തിനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളിലേക്കും നയിക്കണമെന്നാണ് ശരീഅത്തിന്റെ താല്‍പര്യം (അല്‍ഹുജുറാത്ത് 13). കൂടെനില്‍ക്കുന്നവന്‍ ആരുമാകട്ടെ, നന്മയിലും സൂക്ഷ്മതയിലും പരസ്പരം സഹകരിക്കുക ഏവരുടെയും ബാധ്യതയാണ് (അല്‍ മാഇദ: 2).
ധൈഷണികവും ആദര്‍ശപരവുമായ ഈ തത്ത്വങ്ങള്‍ ഒരു വിശ്വാസിയുടെ ആന്തരാത്മാവില്‍ സ്വാധീനം ചെലുത്തും. ഈ ബോധ്യം, സമാധാനത്തിനും പരസ്പരമുള്ള തിരിച്ചറിവിനും സഹവര്‍ത്തിത്വത്തിനും ഏവര്‍ക്കും ക്ഷേമം ഉറപ്പുവരുത്തുന്ന ക്രിയാത്മക സഹജീവിതത്തിനും വിശ്വാസിയെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും.
Comments