Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 09

3197

1442 ശഅ്ബാന്‍ 26

നവനാസ്തികരുടെ ആത്മീയ ഷണ്ഡത്വം 

ഫൈസി

ഇസ്‌ലാമിക ചരിത്രത്തില്‍ അഭൂതപൂര്‍വമായ ഒരു സാഹചര്യത്തെയാണ് മുസ്‌ലിംകള്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. എല്ലാ വേട്ടക്കാരും ഒരുമിച്ചു ഒരു ഇരക്കു പിന്നാലെ; എല്ലാ ജിഹ്വകളും ഒരുമിച്ചു ഒരു ലക്ഷ്യത്തിനു നേരെ! പക്ഷേ ഇത് അപ്രതീക്ഷിതമല്ല.  അല്ലാഹുവിന്റെ നടപടിക്രമമാണ്.  അല്ലാഹു അറിയിച്ചിരിക്കുന്നു: ''ഇവ്വിധം വഞ്ചനാത്മകമായ മോഹനവാക്യങ്ങള്‍ പരസ്പരം ബോധിപ്പിച്ചുകൊണ്ടിരിക്കുന്ന പൈശാചിക നരന്മാരെയും പൈശാചിക ജിന്നുകളെയും നാം എല്ലാ പ്രവാചകന്മാരുടെയും ശത്രുക്കളാക്കിയിട്ടുണ്ട്. അവരങ്ങനെ ചെയ്യരുതെന്ന് നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍ ഒരിക്കലും അവരതു ചെയ്യുമായിരുന്നില്ല. ശരി, തങ്ങളുടെ കള്ളം ചമയ്ക്കലില്‍തന്നെ അവരെ വിട്ടേക്കുക'' (അല്‍ അന്‍ആം 112). പ്രവാചകനിയോഗം അവസാനിച്ചിരിക്കയാല്‍, അവരുടെ ദൗത്യം ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന അവസാനത്തെ ഉമ്മത്തായ മുസ്‌ലിംകളും അതുതന്നെ പ്രതീക്ഷിക്കേണ്ടതാണ്. അതറിയിച്ചുകൊണ്ടുള്ള ഖുര്‍ആന്‍ വചനങ്ങളുമുണ്ട്: ''ജനങ്ങള്‍ ധരിച്ചുവെച്ചിരിക്കുകയാണോ; 'ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു' എന്നുപറഞ്ഞതുകൊണ്ടു മാത്രം അവര്‍ വിട്ടയക്കപ്പെടുമെന്നും പരീക്ഷണവിധേയരാവുകയില്ലെന്നും? എന്നാല്‍, അവര്‍ക്കു മുമ്പ് കഴിഞ്ഞുപോയ സകല ജനങ്ങളെയും നാം പരീക്ഷിച്ചിട്ടുണ്ട്. സത്യവാന്മാരാരെന്നും വ്യാജന്മാരാരെന്നും അല്ലാഹുവിന് തീര്‍ച്ചയായും കണ്ടറിയേണ്ടതുണ്ട്'' (29: 2 3). ''അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള സമരത്തില്‍ ജീവാര്‍പ്പണം ചെയ്യുന്നവരാരെന്നും അവനു വേണ്ടി ക്ഷമിക്കുന്നവരാരെന്നും അല്ലാഹു ഇനിയും കണ്ടുകഴിഞ്ഞിട്ടില്ലെന്നിരിക്കെ, എളുപ്പത്തില്‍ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പോയിക്കളയാമെന്ന് വിചാരിക്കുകയാണോ?'' (3:142).  ''അല്ല, നിങ്ങള്‍ സ്വര്‍ഗത്തിലങ്ങ് പ്രവേശിച്ചുകളയാമെന്നു വിചാരിക്കുകയാണോ; നിങ്ങളുടെ മുന്‍ഗാമികളായ സത്യവാഹകരെ ബാധിച്ചതൊന്നും നിങ്ങളെ ബാധിച്ചിട്ടില്ലാതിരിക്കെ? പീഡകളും വിപത്തുകളും അവരെ ബാധിച്ചു. അതതു കാലത്തെ ദൈവദൂതനും കൂടെയുള്ള വിശ്വാസികളും 'ദൈവസഹായം എപ്പോഴാണ് വന്നെത്തുക?!' എന്ന് വിലപിക്കുവോളം അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട് (തല്‍സമയം അവര്‍ക്ക് സാന്ത്വനമരുളപ്പെട്ടു). അറിയുക, അല്ലാഹുവിന്റെ സഹായം ആസന്നമായിരിക്കുന്നു'' (2:214).
ഈ ആയത്തുകളിലെല്ലാം 'അല്ലാഹു അറിയുന്നതിനു വേണ്ടി' എന്നു പറഞ്ഞത്, അല്ലാഹു അത് മുന്‍കൂട്ടി അറിയാത്തതുകൊണ്ടല്ല. മേലെഴുതിയ അന്‍കബൂത്തിലെ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്നു കസീര്‍ എഴുതിയിരിക്കുന്നു: ''എന്താണ് മുമ്പ് സംഭവിച്ചതെന്നും ഭാവിയില്‍ എന്ത് സംഭവിക്കുമെന്നും അല്ലാഹുവിന് സ്പഷ്ടമായി അറിയാം... അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്റെ എല്ലാ ഇമാമുമാരും അതില്‍ ഏകോപിച്ചിരിക്കുന്നു. ഇബ്നു അബ്ബാസിന്റെയും അദ്ദേഹത്തെ പോലുള്ളവരുടെയും അഭിപ്രായത്തില്‍ 'നാം അറിയുന്നതിനു വേണ്ടി' എന്നതിന്റെ അര്‍ഥം, 'നാം കാണുന്നതിനു വേണ്ടി' എന്നാണ്...''  കാണുക എന്നതും അല്ലാഹുവിന്റെ ഒരാവശ്യമല്ല.  അറിവ് യാഥാര്‍ഥ്യത്തലേക്ക് കൊണ്ടുവരിക എന്നായിരിക്കാം വിവക്ഷ. ഏതായാലും വിശ്വാസത്തിന്റെ മാറ്റുരക്കലാണ് പരീക്ഷണത്തിന്റെ തേട്ടം. അതിലൂടെ ആത്മീയോല്‍ക്കര്‍ഷമുണ്ടാകുന്നു.
ഒരു ഹദീസിന്റെ ആശയപ്രകാരം, ഏറ്റവും കഠിനമായി പരീക്ഷിക്കപ്പെടുന്നത് നബിമാരാണ്, പിന്നെ സ്വാലിഹീങ്ങള്‍, പിന്നെ അതിനടുത്തവര്‍... ഇതില്‍നിന്ന് വെറും പരീക്ഷണങ്ങള്‍ക്കപ്പുറമാണ് അത്തരം പ്രയാസങ്ങള്‍ എന്ന് മനസ്സിലാവുന്നു. പരീക്ഷണങ്ങളിലൂടെ അല്ലാഹുവിനെ കുറിച്ച അറിവും ബോധ്യവും കൂടുതല്‍ കൂടുതലായി തെളിഞ്ഞുവരുന്നു. മൈലാഞ്ചി കൊണ്ട് പൂ വരച്ചാല്‍, കുറച്ചു ദിവസങ്ങള്‍ കൊണ്ട് അത് മാഞ്ഞുപോകും. മായാതിരിക്കണമെങ്കില്‍ പച്ച കുത്തണം. അതു പക്ഷേ, വേദനയനുഭവിക്കാതെ സാധിക്കില്ല.
ആത്മാര്‍ഥ വിശ്വാസികള്‍ മേല്‍വിവരിച്ച പരീക്ഷണങ്ങളെല്ലാം വിജയകരമായി നേരിട്ടിട്ടുണ്ട്.  പക്ഷേ, അവര്‍ ഇന്ന് മറ്റൊരു തരം പരീക്ഷണത്തെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.  അതാണ് ഏറ്റവും കടുപ്പവും. ശാരീരികമായ പരീക്ഷണങ്ങളെയെല്ലാം വിജയകരമായി നേരിടുന്നത് ഈമാനിന്റെ ബലത്തിലാണ്. അത് ദുര്‍ബലമാവുമ്പോള്‍ പരീക്ഷണത്തെ നേരിടാനുള്ള ശക്തിയും ചോര്‍ന്നുപോവും. സൂറഃ അല്‍ അന്‍ആമിലെ മേല്‍ വിവരിച്ച ആയത്തില്‍, വഞ്ചനാത്മകമായ മോഹനവാക്യങ്ങള്‍ പരസ്പരം ബോധിപ്പിച്ചുകൊണ്ടിരിക്കുന്ന പൈശാചിക നരന്മാരെയും പൈശാചിക ജിന്നുകളെയും അല്ലാഹു നിയോഗിച്ചു എന്നറിയിച്ചുവല്ലോ. അത്തരം പൈശാചിക നരന്മാരാണ് ഇന്ന് മുസ്‌ലിംകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
അതില്‍നിന്ന് രക്ഷപ്പെടാന്‍ രണ്ടു വഴികളാണുള്ളത്: ഒന്ന്, അത്തരം പൈശാചിക നരന്മാരില്‍നിന്ന് ഒഴിഞ്ഞുമാറുക.  ഒരു ഹദീസിന്റെ ആശയം ഇങ്ങനെയാണ്:  'പിശാച് എല്ലാവരിലും വരും. എന്നിട്ട് ഇതാര് സൃഷ്ടിച്ചു, ഇതാര് സൃഷ്ടിച്ചു എന്നിങ്ങനെ ചോദിച്ചു കൊണ്ടിരിക്കും; നിന്റെ നാഥനെ ആര് സൃഷ്ടിച്ചു എന്ന് ചോദിക്കുന്നതു വരെ. അങ്ങനെ തോന്നുമ്പോള്‍ അവന്‍ അല്ലാഹുവില്‍ അഭയം തേടുകയും (അത്തരം ചിന്തകളില്‍നിന്ന്) പിന്തിരിയുകയും ചെയ്തുകൊള്ളട്ടെ.'  മറ്റു റിപ്പോര്‍ട്ടുകളില്‍  പിശാചിനു പകരം ജനങ്ങള്‍ എന്നുമുണ്ട്.  ഖുര്‍ആനില്‍ ചില സ്ഥലങ്ങളില്‍ കപട വിശ്വാസികള്‍ ദൈവികസൂക്തങ്ങള്‍ നിഷേധിക്കുന്നതും പരിഹസിക്കുന്നതും കേട്ടാല്‍ അവര്‍ മറ്റു വര്‍ത്തമാനങ്ങളിലേര്‍പ്പെടുന്നതുവരെ അവരോടൊപ്പം ഇരിക്കരുതെന്ന് നബി(സ)യോടും സത്യവിശ്വാസികളോടും ഉണര്‍ത്തുന്ന ആയത്തുകളുണ്ട് (4:140, 6:68 മുതലായവ).  കാരണം ഇക്കൂട്ടര്‍ സത്യമറിയാനുള്ള ആഗ്രഹത്തില്‍ വരുന്നവരല്ല, മറിച്ച് കുഴപ്പമുണ്ടാക്കാന്‍ വരുന്നവരാണ്. അതേസമയം ആത്മാര്‍ഥതയോടെ വരുന്നവരോട് മാന്യമായ നിലയില്‍ സംവദിക്കാനും ഖുര്‍ആന്‍ ഉദ്ഘോഷിക്കുന്നുണ്ട്. 
സൂറഃ അല്‍അന്‍കബൂത്തില്‍ അല്ലാഹു മുസ്‌ലിംകളോട് നിര്‍ദേശിക്കുന്നു: ''നിങ്ങള്‍ വേദക്കാരോട് സംവാദത്തിലേര്‍പ്പെടരുത്, ഏറ്റവും ശ്രേഷ്ഠമായ രീതിയിലല്ലാതെ- അവരില്‍ ധിക്കാരികളായവരോടൊഴിച്ച്. അവരോട് പറയുവിന്‍: ഞങ്ങളിലേക്ക് ഇറക്കപ്പെട്ടതിലും നിങ്ങളിലേക്കിറക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു.  ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നുതന്നെ. ഞങ്ങള്‍ അവന്റെ മാത്രം മുസ്‌ലിംകള്‍ (ആജ്ഞാനുവര്‍ത്തികള്‍) ആകുന്നു'' (46).
എന്നാല്‍ വാര്‍ത്താ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും തീര്‍ത്ത പത്മവ്യൂഹത്തില്‍ കുടുങ്ങിയാല്‍ ഇന്ന് അങ്ങനെ ഒഴിഞ്ഞുമാറുക ദുഷ്‌കരമാണ്. 
സത്യം വളരെ ലളിതമാണ്. മനുഷ്യരടങ്ങുന്ന ജീവികളും അവ ജീവിക്കുന്ന ഈ പ്രപഞ്ചവും ഒരു സ്രഷ്ടാവിനെ കൂടാതെ നിലവില്‍ വരികയില്ല. മനുഷ്യന്‍ ഏറ്റവും ചുരുങ്ങിയത് ഈ ഗോളത്തിലെങ്കിലും അദ്വിതീയമായ കഴിവുകള്‍ നല്‍കപ്പെട്ട്, എണ്ണമറ്റ മറ്റു ജീവികളെയെല്ലാം അടക്കി ഭരിക്കാനും തന്റെ ഇഷ്ടമനുസരിച്ച് കൊന്നോ സേവനം ചെയ്യിച്ചോ ഉപയോഗിക്കാനും പ്രാപ്തി നേടിയിരിക്കുന്നു. ഇതില്‍നിന്ന്, അവനില്‍ എന്തൊക്കെയോ ഉത്തരവാദിത്വങ്ങള്‍ നിക്ഷിപ്തമായിരിക്കുന്നുവെന്ന് വ്യക്തമാണ്.  പക്ഷേ, അവ എന്താണെന്ന് മനസ്സിലാക്കാന്‍ സ്വന്തം നിലയില്‍ അവന് കഴിയുകയില്ല. അതിനാല്‍ സ്രഷ്ടാവ് മനുഷ്യരെ അവ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്നതിനു വേണ്ടി ദൈവദൂതന്മാരെ നിയോഗിച്ചിരിക്കുന്നു. അത്തരം അവകാശവാദങ്ങളുമായി മുന്നോട്ടുവന്ന പലരും ചരിത്രത്തില്‍ കടന്നുപോയിട്ടുണ്ട്.  അവരില്‍ ആരാണ് സത്യവാന്‍, ആരെ പിന്‍പറ്റണം എന്നത് മനുഷ്യനുള്ള പരീക്ഷണമാണ്.
മേലെഴുതിയ ലളിത സത്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാകുന്നതാണ്. അത് വേഗം മനസ്സിലാകുന്നതും ലളിതമനസ്‌കര്‍ക്കാണ്. വിദ്യാഭ്യാസമില്ലാത്ത, അടിമയായ ബിലാലി(റ)ന് അത് വേഗം മനസ്സിലായി. അതേസമയം വക്രബുദ്ധികള്‍ക്ക് അത് മനസ്സിലായില്ല. അബുല്‍ഹകം (യുക്തിയുടെ പിതാവ്) എന്നറിയപ്പെട്ടിരുന്ന അംറുബ്‌നു ഹിശാമിന് അത് മനസ്സിലാവാതെ അബൂജഹ്‌ലായി (അജ്ഞതയുടെ പിതാവ്) മാറി. ലളിത സത്യങ്ങളാണെങ്കില്‍ പിന്നെ എന്താണ് തീരാത്ത തര്‍ക്കമായി അത് നിലനില്‍ക്കുന്നത് എന്ന് ചോദിച്ചേക്കാം. ഇവയെ എതിര്‍ക്കുന്നവര്‍ യുക്തിവാദികളെന്നൊക്കെ സ്വയം അവകാശപ്പെടുമെങ്കിലും, സത്യം അംഗീകരിക്കാന്‍ അനുവദിക്കാത്ത ചില വൈകാരിക ഘടകങ്ങള്‍ അവരുടെ മനസ്സിന്റെ അടിത്തട്ടില്‍ ഉണ്ടെന്നതാണ് വാസ്തവം. ബര്‍ട്രാന്റ് റസലിന് കാന്‍സറാകാമെന്ന് ദന്തഡോക്ടര്‍ സൂചിപ്പിച്ചപ്പോള്‍, അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം ദൈവത്തിന് അഭിനന്ദനം എന്നായിരുന്നത്രെ!  തന്റെ ഏതോ അധോതലഭാഗത്ത് പീഡനനൈപുണ്യത്തില്‍ ആനന്ദം കൊള്ളുന്ന ഒരു ദൈവത്തില്‍ വിശ്വസിക്കുന്നതായി അദ്ദേഹം തന്റെ ആത്മകഥയില്‍ എഴുതിയിരിക്കുന്നു.
അല്ലാഹുവിന്റെ എണ്ണമറ്റ അനുഗ്രഹങ്ങള്‍ ആസ്വദിച്ചുകൊണ്ടിരിക്കുമ്പോഴും സൃഷ്ടിയില്‍ അവരുടെ കാഴ്ചപ്പാടിലുള്ള ഏതെങ്കിലും 'കുറവി'ലാണ് ഇക്കൂട്ടരുടെ കണ്ണ്. യുക്തിവാദികളുമായി ഉണ്ടായ സംവാദങ്ങളില്‍നിന്ന് അത് വ്യക്തമാവും. ദൈവമെന്തിന് കുറേ പേരെ ദുരിതത്തിലും കുറേ പേരെ അതിസമ്പന്നരുമാക്കി സൃഷ്ടിച്ചു? മനുഷ്യരെ സൃഷ്ടിക്കുന്നതു വരെ ദൈവം എന്ത് ചെയ്യുകയായിരുന്നു? ഇത്തരം ചോദ്യങ്ങള്‍ കൊണ്ട് ദൈവമുണ്ടോ ഇല്ലേ എന്ന് സ്ഥാപിക്കാന്‍ കഴിയില്ല.  പോള്‍ ഡിറാക്ക് ക്വാണ്ടം ഫിസിക്സിന്റെ ഏറ്റവും പ്രധാനപ്പെട്ട പിതാക്കളില്‍ ഒരാളായിരുന്നു.  അദ്ദേഹം യുവാവായിരുന്നപ്പോള്‍ (25 വയസ്സ്) മറ്റു ശാസ്ത്രജ്ഞരുമായുള്ള ഒരു ഒത്തുകൂടലില്‍ ദൈവത്തെ പറ്റി ചര്‍ച്ച വന്നു.  അദ്ദേഹം പറഞ്ഞു: 'എനിക്ക് മനസ്സിലാവുന്നതെന്താണെന്നാല്‍, ഈ നിഗമനം ദൈവം എന്തിന് ഇത്രയധികം വിഷമതകളും അനീതികളും പാവപ്പെട്ടവരോടുള്ള ചൂഷണവും മറ്റു ഭയാനതകളും അനുവദിക്കുന്നു എന്നതു പോലുള്ള അപ്രയോജനകരങ്ങളായ വാദങ്ങള്‍ക്ക് കാരണമാകുന്നു എന്നാണ്.' എന്നാല്‍ അദ്ദേഹം കുറേ പ്രായമായപ്പോള്‍ (69 വയസ്സ്) പറഞ്ഞു: 'ജീവന്റെ ആവിര്‍ഭാവം അത്യന്തം അസംഭവ്യമായ ഒരു സാഹചര്യത്തിലേ ദൈവാസ്തിക്യം ന്യായീകരിക്കാനാവൂ... ജീവന്റെ ആവിര്‍ഭാവത്തിന് അനുകൂലമായ സാഹചര്യമുണ്ടായാല്‍, ആദ്യജീവന്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യത 10^260 (ഒന്നിനു ശേഷം 100 പൂജ്യമിട്ടാല്‍ കിട്ടുന്ന സംഖ്യയില്‍ ഒന്ന്) ആണെന്ന് അനുമാനിക്കുക. ഈ സംഖ്യ മുന്നോട്ടു വെച്ചതില്‍ പ്രത്യേക ന്യായമൊന്നും എനിക്കില്ല. ഒരു സാധ്യത എന്ന നിലയില്‍ മാത്രം ഞാനിത് മുന്നോട്ടു വെക്കുകയാണ്.  അത്തരമൊരു സാഹചര്യത്തില്‍ ജീവന്റെ ആവിര്‍ഭാവം മിക്കവാറും അസാധ്യമാണ്.  അതിനാല്‍, അത്തരമൊരു സാഹചര്യത്തില്‍ ദൈവമുണ്ടെന്ന് കരുതല്‍ ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു... അതേസമയം, ജീവന്റെ ആവിര്‍ഭാവം വളരെ എളുപ്പത്തില്‍ സാധിക്കുമായിരുന്നെങ്കില്‍, ഞാന്‍ പറയും ദൈവത്തിന്റെ ആവശ്യമില്ലായിരുന്നു എന്ന്.'   ഇതാണ് ശരിയായ രീതി.  ഡിറാക്ക് 10^260 ആണ് പറഞ്ഞത്.  എന്നാല്‍ അമിനോ ആസിഡുകളുടെ ആകസ്മിക അന്യോന്യക്രിയകളില്‍നിന്ന് ഒരു പ്രോട്ടീന്‍, മൊത്തം ജീവനല്ല, ഉണ്ടാകാനുള്ള സാധ്യത നിരീശ്വരവാദത്തിനോട് ചായ്‌വുള്ള അജ്ഞേയവാദിയായിരുന്ന ഫ്രാന്‍സിസ് ക്രിക്ക് എഴുതിയത് 10^260 എന്നാണ് (ഒന്നിനു ശേഷം 260 പൂജ്യമിട്ടാല്‍ കിട്ടുന്ന സംഖ്യയില്‍ ഒന്ന്).
   'ദൈവം എന്തിന് ഇത്രയധികം വിഷമതകളും അനീതികളും പാവപ്പെട്ടവരോടുള്ള ചൂഷണവും മറ്റു ഭയാനതകളും അനുവദിക്കുന്നു' എന്നൊക്കെ എതിര്‍വാദമുന്നയിക്കുന്നത്, ദൈവത്തിന്റെ പരീക്ഷണം എന്ന വസ്തുതയെ പരിഗണിക്കാതെ അവന്റെ ദയ എന്ന ഗുണത്തിന് അമിതപ്രാധാന്യം നല്‍കിയ ക്രൈസ്തവ വീക്ഷണത്തിന്റെ സ്വാധീനത്താലാണ്.  ദൈവം തീര്‍ച്ചയായും ദയാപരന്‍ തന്നെയാണ്.  അതേസമയം അവന്‍ നീതിമാനുമാണ്. മനുഷ്യന്റെ ദൈവധിക്കാരത്തിന് അവനെ ശിക്ഷിക്കാതിരിക്കുന്നത്, അവന് നല്‍കിയ അളവറ്റ ഔദാര്യം നല്‍കപ്പെടാത്ത ട്രില്യന്‍ കണക്കിന് മറ്റു ജീവികളോട് ചെയ്യുന്ന അനീതിയാണ്.  പരീക്ഷണത്തെ മനുഷ്യന്‍ സ്വയം ഏറ്റെടുത്തതാണെന്നാണ് പരിശുദ്ധ ഖുര്‍ആന്‍ പറയുന്നത് (33:72). അതേസമയം മറ്റു സൃഷ്ടികള്‍ ഭയം കാരണം അതേറ്റെടുക്കാന്‍ തയാറായില്ല.
ജീവോത്ഭവത്തിന്റെ കാര്യം മാത്രമേ സാധാരണ പറയാറുള്ളൂ.  എന്നാല്‍, ഫിസിക്സിന്റെ ജ്ഞാനം ആവശ്യമായ അവയവങ്ങളുടെയെല്ലാം (കണ്ണ്, ചെവി, മസ്തിഷ്‌കം, സംസാര ശേഷി, ഹൃദയം, കിഡ്നി,  പ്രത്യുല്‍പാദനം, ചിറക്, എക്കോലൊക്കേഷന്‍...) ഡാര്‍വിനിസ്റ്റ് വിശദീകരണങ്ങളുടെ സ്ഥിതി ഇതുതന്നെയാണ്. ഡാര്‍വിന്റെ വിശദീകരണമനുസരിച്ച്, യാതൊരു മുന്നറിവുമില്ലാതെ, തികച്ചും യാദൃഛികമായി ശരീരത്തില്‍ ഉണ്ടാകുന്ന ചെറിയ ചെറിയ മാറ്റങ്ങളില്‍ ജീവിക്ക് ഉപകാരപ്പെടുന്നവ മില്യന്‍ കണക്കിന് കാലം തുടര്‍ന്നുപോകുന്ന ഒരു പ്രക്രിയയിലൂടെ സ്വരൂപിച്ചാണ് കണ്ണ് പോലെയൊക്കെയുള്ള സാര്‍ഥകമായ ഒരു അവയവം ഉണ്ടാകുന്നത്.  ഇവിടെ ശരീര ഭാഗത്തില്‍ വളരെ നിസ്സാരമായി ഉണ്ടാവുന്ന ചെറിയ പരിവര്‍ത്തനങ്ങള്‍ (ഉദാഹരണത്തിന്, യാദൃഛികമായി ഉണ്ടായ പ്രകാശസംശ്ലേഷണകോശങ്ങള്‍ കൊണ്ട് പൊതിഞ്ഞ അര്‍ധസുതാര്യമായ -Translucent-  ഒരു കോശം) അന്തിമമായി മനുഷ്യന്റെയോ പരുന്തിന്റെയോ കണ്ണായി എന്നു പറയുമ്പോള്‍, അന്തിമ ഉല്‍പന്നത്തിന്റെ യാതൊരു ഉദ്ദേശ്യവുമില്ലാതെ, ഓരോ ചെറു പരിവര്‍ത്തനവും തെരഞ്ഞെടുക്കത്തക്കവണ്ണം അവ കൊണ്ട് അതത് കാലത്ത് എന്തു പ്രയോജനമാണ് ആ ജീവിക്ക് നല്‍കിയത് എന്ന് വിശദീകരിക്കണം. ഫിസിക്സില്‍ ഒരു പ്രക്രിയയെ ഒരു സമവാക്യത്തില്‍ (ഉദാ:E=‑mc2) സമര്‍ഥിക്കാന്‍ ഒരു ശാസ്ത്രജ്ഞന്‍ നല്‍കുന്ന ഗണിതശാസ്ത്ര വിവരണത്തിന് സമാനമാണ് മേല്‍വിവരിച്ച ജൈവശാസ്ത്ര വിവരണം. ഉദാഹരണത്തിന് 'കമ്പ്യൂട്ടര്‍ സിമുലേഷന്‍ എന്ന കെട്ടുകഥ' എന്ന ശീര്‍ഷകത്തില്‍ ഈ ലേഖകന്റേതായി പ്രബോധനത്തില്‍ (09-10-2016, 16-10-2016 ലക്കങ്ങള്‍) വന്ന ലേഖനത്തില്‍ വിവരിച്ച നെല്‍സണിന്റെയും പെല്‍ജറിന്റെയും വിശദീകരണമെടുക്കാം. മേലെഴുതിയതുപോലെ യാദൃഛികമായി ഉണ്ടായ പ്രകാശസംശ്ലേഷണകോശങ്ങള്‍ കൊണ്ട് പൊതിഞ്ഞ അര്‍ധസുതാര്യമായ (Translucent)  ഒരു കോശം ചെറിയ പരിവര്‍ത്തനങ്ങളിലൂടെ നാലു ലക്ഷം കൊല്ലം കൊണ്ട് ഒരു മത്സ്യക്കണ്ണായി മാറുന്നതിനെക്കുറിച്ച് അതില്‍ പറയുന്നുണ്ട്. ഇതിന്റെ പാളിച്ചകള്‍ എന്റെ ലേഖനത്തില്‍ ഞാന്‍ വിശദീകരിച്ചിരുന്നു.  എങ്കിലും വാദത്തിനു നമുക്കത് അംഗീകരിക്കാം.  ഇവിടെ തെരഞ്ഞെടുക്കുന്നവനായി മേലെഴുതിയ ലേഖകന്മാര്‍ നിയമിച്ചിരിക്കുന്നത് ദൃഷ്ടികൂര്‍മത(Visual Acuity)യെയാണ്. പ്രകാശസംശ്ലേഷണ ചര്‍മപാളിയെ അതിന്റെ ഉള്ള് വളക്കുന്ന ഓരോ ചെറു പരിവര്‍ത്തനവും ദൃഷ്ടികൂര്‍മത കൂട്ടുമെങ്കില്‍, അത് ആ ജീവിക്ക് അങ്ങനെ പരിവര്‍ത്തനം ഉണ്ടായിട്ടില്ലാത്ത ജീവിയേക്കാള്‍ ജീവിതസമരത്തില്‍ മേല്‍ക്കോയ്മ നല്‍കുകയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്യും.  ഇങ്ങനെ നാലു ലക്ഷം കൊല്ലം കൊണ്ട് ഒരു മത്സ്യക്കണ്ണിന്റെ ആകാരം ഉണ്ടായി എന്നായിരുന്നു അവകാശവാദം. കണ്ണ് അകശേരുകികളിലാണ് വികസിച്ചതെന്ന് പറയുന്നുണ്ട്. അവ കശേരുകികളായപ്പോള്‍ അകശേരുകികളുടെ ശരീരത്തിനുമേല്‍ അസ്ഥികൂടവും ചര്‍മാവരണവും സൃഷ്ടിക്കപ്പെട്ടു. ഇപ്പോള്‍, 4 ലക്ഷം കൊല്ലം കൊണ്ട് നിര്‍മിച്ചെടുത്ത കണ്ണ് അസ്ഥിയുടെയും തൊലിയുടെയും അടിയില്‍ പെട്ട് വെളിച്ചം കടത്താനാവാതെ കുഴങ്ങിയിരിക്കുകയാണ്. അസ്ഥിയെ ഏത് നിര്‍ധാരകന്‍ തുളക്കും?  അതിന്മേലുള്ള തൊലിയെ ആര് കീറും? നെല്‍സണും പെല്‍ജറും ദൃശ്യസംവേദന തൊലിയെ കുഴിപ്പിക്കാന്‍ നിയമിച്ച ദൃഷ്ടികൂര്‍മതയുടെ കൈയില്‍ അസ്ഥി തുരക്കാനുള്ള ഉളിയില്ല, തൊലി കീറാനുള്ള കത്തിയില്ല. നെല്‍സണും പെല്‍ജറും അവരുടെ പേപ്പറില്‍ ഇക്കാര്യങ്ങളെ പറ്റിയൊന്നും പറയുന്നില്ലെങ്കിലും ഡാര്‍വിനിസ്റ്റുകള്‍ അതിനു വേണ്ടി ഇനിയും കൂട്ടുപിടിക്കുക അവരുടെ സര്‍വജ്ഞ ദൈവമായ യാദൃഛികതയെ തന്നെയായിരിക്കും. യാദൃഛികമായി ഒരു തുളയുണ്ടായി, അതിന്റെ വ്യാസം കാലക്രമേണ കൂടിക്കൂടി വന്നു എന്നൊക്കെ. എന്തുകൊണ്ടാണ് ഇങ്ങനെ ആവശ്യമുള്ള സ്ഥലങ്ങളില്‍ മാത്രം ദ്വാരങ്ങളുണ്ടാവുന്നു, ആവശ്യമില്ലാത്ത സ്ഥലങ്ങളില്‍ ഏറ്റവും വലിയ നീലത്തിമിംഗലത്തെ പരിശോധിച്ചാല്‍ പോലും ദ്വാരങ്ങള്‍ കാണാത്തത് എന്തുകൊണ്ട് എന്നൊക്കെ ചോദിച്ചാല്‍ 'അരിയെത്ര' എന്നു ചോദിക്കുമ്പോള്‍ 'പയറഞ്ഞാഴി' എന്നത് പോലുള്ള ഉത്തരമാണ് കിട്ടുക. മാളങ്ങള്‍ പാമ്പുകള്‍ക്കു വേണ്ടിയാണ് ഉണ്ടാക്കിവെച്ചതെന്ന് പറയാന്‍ കഴിയില്ല. കാരണം, എണ്ണമറ്റ മാളങ്ങളില്‍ ചിലതില്‍ മാത്രമേ പാമ്പുകളെ കാണാന്‍ കഴിയുകയുള്ളൂ.  അതുപോലെ, ശരീരത്തില്‍ പല ദ്വാരങ്ങളും അതില്‍ ചിലതില്‍ കണ്ണുപോലുള്ള അവയവങ്ങളുമായിരുന്നെങ്കില്‍, നമുക്ക് പറയാമായിരുന്നു, അത് യാദൃഛികമായി സംഭവിച്ചതാണെന്ന്.
ഇതു പോലുള്ള എണ്ണമറ്റ ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ കിടക്കുമ്പോള്‍, നാസ്തികരും നവനാസ്തികരും ഡാര്‍വിനിസത്തില്‍ തന്നെ അള്ളിപ്പിടിച്ചിരിക്കുന്നത്, മേലെഴുതിയതു പോലെ അവരുടെ മനസ്സിന്റെ അടിത്തട്ടില്‍  സ്രഷ്ടാവിനെതിരെ ഉയരുന്ന ദുഷിച്ച ചിന്തകള്‍ കാരണമാണ്. എന്നാല്‍, മനസ്സില്‍ വക്രതയില്ലാത്തവര്‍ അല്ലാഹുവിന്റെ ഓരോ ദൃഷ്ടാന്തങ്ങളും കാണുമ്പോഴും ഹര്‍ഷപുളകിതരാകും.  ആ ഹര്‍ഷോന്മാദം പറഞ്ഞറിയിക്കാന്‍ കഴിയില്ല:  അല്ലാഹു പറയുന്നു: ''കരുണാമയനായ ദൈവത്തിന്റെ സൃഷ്ടികര്‍മത്തില്‍ ഒരു ഏറ്റക്കുറച്ചിലും നീ കാണുന്നതല്ല. വീണ്ടും നോക്കുക. എവിടെയെങ്കിലും വല്ല കോട്ടവും കാണുന്നുണ്ടോ? ഇനിയും ആവര്‍ത്തിച്ചാവര്‍ത്തിച്ച് കണ്ണോടിക്കുക. നിന്റെ നേത്രം ക്ഷീണിച്ച് പരാജിതമായി തിരിച്ചുവരുന്നതാണ്.'' സ്റ്റീഫന്‍ ഹോക്കിംഗ് എഴുതിയിരിക്കുന്നു: 'എന്നെന്നും വികസിക്കുന്ന പ്രപഞ്ചമോഡലുകളില്‍നിന്നും പുനഃസങ്കോച (Recollapse‑) മോഡലുകളെ വേര്‍തിരിക്കുന്ന വിധത്തില്‍ കണിശമായ വികാസനിരക്കില്‍ പ്രപഞ്ചവികാസം ആരംഭിച്ചതെങ്ങനെയാണ്? പത്ത് ബില്യന്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴുമത് അതേ കണിശ നിരക്കില്‍ തന്നെ വികസിച്ചുകൊണ്ടിരിക്കുന്നു. മഹാവിസ്ഫോടനത്തിന്റെ ഒരു സെക്കന്റിനുള്ളില്‍ മേല്‍പറഞ്ഞ നിരക്കിന്റെ 100,000,000,000 (100 ബില്യന്‍) ഒരംശം കുറവായിരുന്നുവെങ്കില്‍ ഇന്നത്തെ വലുപ്പം കൈവരിക്കുന്നതിനു മുമ്പേ പ്രപഞ്ചം പുനഃസ്സങ്കോചിച്ചു പോയിട്ടുണ്ടാകുമായിരുന്നു.' ഇതിനെ ഖുര്‍ആനിലെ അദ്ദാരിയാത്ത് സൂറത്തിലെ ആയത്ത് 47-നെ വ്യാഖ്യാനിച്ചു പറയാറുണ്ട്. യുക്തിവാദികള്‍ അതെല്ലാം 'അല്‍ഖാഇദ ഭീകരന്‍' സിന്ദാനിയുടെ പ്രോജക്ടിന്റെ ഭാഗമായി ഉണ്ടായ വ്യാഖ്യാനക്കസര്‍ത്തുകളാണെന്ന് പറഞ്ഞു തള്ളിക്കളയാറുമുണ്ട്.  അതെന്തായാലും ശാസ്ത്രം വെളിച്ചത്തു കൊണ്ടുവന്ന സൃഷ്ടിയിലെ കണിശതയെ പറ്റി എന്തു പറയും? പോള്‍ ഡിറാക്ക് കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഗണിതജ്ഞരില്‍ ഒരാളും കൂടിയാണ്. ഐന്‍സ്റ്റൈനേക്കാളും വലിയ ഗണിതജ്ഞന്‍ എന്ന് ചിലര്‍ വിലയിരുത്തുന്നു.  ഐന്‍സ്റ്റൈന്റെ മഹത്വം ഗണിതവും ഭൗതികശാസ്ത്രവും അമൂര്‍ത്താശയങ്ങളെ രൂപപ്പെടുത്താനുള്ള കഴിവും എല്ലാം കൂടി ചേര്‍ന്നതാണ്.  അക്കാര്യത്തില്‍ ഐന്‍സ്റ്റൈന്‍ അദ്വിതീയനാണ്.  എന്നാല്‍, അദ്ദേഹത്തിന്റെ ആശയങ്ങളെ ഗണിതവല്‍ക്കരിക്കുന്നതിനു വേണ്ടി ഗ്രിഗാറിയോ റിച്ചി കുബോസ്ത്രോ(Gregorio RicciCurbtsaro)യും അദ്ദേഹത്തിന്റെ വിദ്യാര്‍ഥി ടൂലിയോ ലേവി ചിവീത(Tullio LeviCÈta)യും കൂടി വികസിപ്പിച്ച ടെന്‍സര്‍ കാല്‍കുലസിനെ ആശ്രയിക്കേണ്ടിവന്നിരുന്നു.  പോള്‍ ഡിറാക്ക് 1963 മെയ് ലക്കം സയന്റിഫിക് അമേരിക്കനില്‍ The Evolution of the Physicist's Picture of Nature  എന്ന ശീര്‍ഷകത്തില്‍ (ഇത് 2010 ജൂണ്‍ 25-ന് പുനഃപ്രസിദ്ധീകരിച്ചതും നെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്) എഴുതി: '...അടിസ്ഥാന ഭൗതികനിയമങ്ങളെല്ലാം അതിമനോഹരവും തേജസ്സാര്‍ന്നതുമായ ഗണിതരൂപത്തില്‍ വിശദീകരിക്കപ്പെടാമെന്നത് പ്രകൃതിയുടെ ഒരു അടിസ്ഥാന വിശേഷഗുണമായി കാണുന്നു. അത് മനസ്സിലാകാന്‍ ഏറ്റവും ഉയര്‍ന്ന ഗണിതജ്ഞാനം ആവശ്യവുമാണ്. നിങ്ങള്‍ ആശ്ചര്യപ്പെട്ടേക്കാം, എന്തുകൊണ്ടാണ് പ്രകൃതി ആ നിലയില്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത് എന്ന്... ഒരാള്‍ക്ക് വേണമെങ്കില്‍ പറയാം, ദൈവം ഏറ്റവും ഉന്നതനായ ഒരു ഗണിതജ്ഞനാണെന്നും അവന്‍ പ്രപഞ്ചം സൃഷ്ടിക്കുന്നതില്‍ വളരെ ഉയര്‍ന്ന ഗണിതം ഉപയോഗിച്ചെന്നും. നമ്മുടെ ദുര്‍ബലമായ ഗണിതജ്ഞാനം പ്രപഞ്ചത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമേ മനസ്സിലാക്കാന്‍ സഹായിക്കുകയുള്ളൂ. ഗണിതശാസ്ത്രത്തില്‍ കൂടുതല്‍ കൂടുതല്‍ പുരോഗമിക്കുംതോറും പ്രപഞ്ചത്തെ കുറച്ചുകൂടി നന്നായി നമുക്ക് മനസ്സിലാക്കാനാവും എന്ന് നമുക്ക് പ്രതീക്ഷിക്കാം.'
നിലാവു പെയ്യുന്ന രാവില്‍ യമുനാതീരത്തെ താജ്മഹലിന്റെ പൂന്തോട്ടത്തില്‍ സമയം നീങ്ങുന്നതറിയാതെ തന്നെത്താന്‍ മറന്ന് ഏതോ കാല്‍പനിക ചിന്തയില്‍ ആണ്ടിരിക്കുന്ന കവിയെ പോലെ ഡിറാക്കിനെ പോലുള്ള ശാസ്ത്രജ്ഞര്‍ പടച്ചവന്‍ നിര്‍മിച്ച ഗണിതമാതൃകകളുടെ സൗന്ദര്യത്തില്‍ ആമഗ്നരായി ഇരുന്നു. 'ഏറ്റവും മനോഹരവും ഏറ്റവും അഗാധവുമായ അനുഭവം മിസ്റ്റിക്കിന്റേതാണ്. എല്ലാ സത്യശാസ്ത്രത്തിന്റെയും പരിപാവനമായ ഗുണമാണത്.  ഈ വികാരമില്ലാത്തവന്‍, വിസ്മയപ്പെടാനും ഭക്തിപൂര്‍വം ഹര്‍ഷവിസ്മൃതിയില്‍ നില്‍ക്കാനും കഴിയാത്തവന്‍ മരിച്ചവനെ പോലെയാണ്.  നമുക്ക് ഗ്രഹിക്കാന്‍ കഴിയാത്ത, നമ്മുടെ നിസ്സാര കഴിവുകള്‍കൊണ്ട് ഏറ്റവും പ്രാഥമിക നിലയില്‍ മാത്രം മനസ്സിലാവുന്ന, ഏറ്റവും ഉന്നതമായ അറിവും ദീപ്തമായ മനോഹാരിതയും പ്രകടിപ്പിക്കുന്ന ഒന്നുണ്ടെന്ന് അറിയുക. ഈ അറിവ്, ഈ അനുഭവം അതാണ് എല്ലാ സത്യമതാനുഭവത്തിന്റെയും കേന്ദ്രം' - ഐന്‍സ്റ്റൈന്റെ വാക്കുകള്‍.
അത്തരമൊരനുഭൂതിയോടെ തന്നെയും താന്‍ ജീവിക്കുന്ന, നിരീക്ഷിക്കാന്‍ കഴിഞ്ഞതു മാത്രമായ, 93 ബില്യന്‍ പ്രകാശവര്‍ഷത്തിന്റെ വ്യാസമുള്ള പ്രപഞ്ചത്തെയും സൃഷ്ടിച്ച ആ അനന്തമജ്ഞാതമവര്‍ണനീയ ശക്തിക്കു മുമ്പില്‍ പ്രണാമമര്‍പ്പിക്കുമ്പോള്‍ ഈ കീടത്തിന്റെ അന്തരാളത്തില്‍ അലതല്ലുന്ന വികാരമെന്തായിരിക്കും? അത്തരമൊരു നിമിഷത്തിന്റെ ഹര്‍ഷവിസ്മൃതിയിലായിരിക്കാം മഹാകവി രബീന്ദ്രനാഥ ടാഗോര്‍ ഇങ്ങനെ ചൊല്ലിയത്: ''പ്രഭോ! ഒരുപ്രണാമം കൊണ്ടുതന്നെ എന്റെ ഈ ശരീരം അങ്ങയുടെ പ്രപഞ്ചത്തിനു മുമ്പില്‍ സാഷ്ടാംഗം സമര്‍പ്പിക്കട്ടെ, ജലഭാരം കൊണ്ട് കുനിഞ്ഞ വര്‍ഷമേഘം പോലെ എന്റെ മനസ്സു മുഴുവന്‍ ഒരു പ്രണാമം കൊണ്ടുതന്നെ അങ്ങയുടെ പടിവാതില്‍ക്കല്‍ പതിക്കട്ടെ.'
'എന്റെ എല്ലാ ഗാനങ്ങളും സ്വന്തം സ്വരധാര ഉപേക്ഷിച്ച് വിവിധ വ്യാകുലസ്വരങ്ങളുമായി യോജിച്ച് ഒരു പ്രണാമം കൊണ്ടുതന്നെ, നാഥാ! നിശ്ശബ്ദമായ ആ പാരാവാരത്തില്‍ നിപതിക്കുമാറാകട്ടെ!'
'രാവും പകലും നിരന്തരം മാനസസരസ്സിലേക്കു പറക്കുന്ന രാജഹംസത്തെപ്പോലെ എന്റെ പ്രാണന്‍ മുഴുവനും,  പ്രഭോ! ഒരു പ്രണാമം കൊണ്ടുതന്നെ മഹാമരണത്തിന്റെ മറുകരയില്‍ എത്തിച്ചേരട്ടെ!''
നവനാസ്തികര്‍ക്ക് എന്തറിയാം, അതിന്റെ അനുഭൂതി!  അവര്‍ ഐന്‍സ്റ്റൈന്‍ പറഞ്ഞതു പോലെ, '...തങ്ങള്‍ ഒരിക്കല്‍ പൊട്ടിച്ചെറിഞ്ഞ, തങ്ങളെ വരിഞ്ഞുമുറുക്കിയിരുന്ന ചങ്ങലയുടെ ഭാരം ഇപ്പോഴും അനുഭവിക്കുന്ന അടിമകളെപ്പോലെയാണ്.......'
മിസ്റ്റിക്കിന്റെ അനുഭൂതിയെ കുറിച്ച് നമ്മുടെ കഥാകൃത്ത് രാമനുണ്ണി ഒരായിരം രതിനിര്‍വൃതി ഒന്നിച്ചുണ്ടാകുന്നതുപോലെ എന്നെഴുതിയത് ഓര്‍ക്കുന്നു. ആയിരമല്ല, കോടിക്കണക്കിനു രതിനിര്‍വൃതികള്‍ ഒന്നിച്ചുണ്ടാവുന്നതിന്റെ അനുഭൂതിയായാലും അതൊരു ഷണ്ഡനോടു പറഞ്ഞാല്‍, അയാള്‍ക്കു വല്ലതും മനസ്സിലാവുമോ? ഷണ്ഡന്മാരെ അവഹേളിക്കാനല്ല ഇതെഴുതിയത്. അവര്‍ സഹതാപമര്‍ഹിക്കുന്നവരാണ്. മുസ്‌ലിംകളാണെങ്കില്‍, അവര്‍ക്കതൊരു പരീക്ഷണമാണ്. അതിലവര്‍ ക്ഷമ കൈക്കൊള്ളുകയാണെങ്കില്‍, ഇഹലോകത്ത് നഷ്ടപ്പെട്ട സുഖത്തേക്കാള്‍ എത്രയോ ഇരട്ടി സുഖം അതിനു പകരമായി അവര്‍ക്ക് ലഭിക്കുകയും ചെയ്യും. എന്നാല്‍, ആത്മീയ ഷണ്ഡത്വം ഇഹത്തിലെ സുഖം നഷ്ടപ്പെടുന്നതില്‍ പരിമിതമല്ല. അതിനപ്പുറം കാലാകാലത്തെ അവര്‍ണനീയ ദുഃഖത്തിലും കഷ്ടത്തിലും കലാശിക്കുന്നതാണ്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (137-148)
ടി.കെ ഉബൈദ്‌