'ഇസ്‌ലാമിക ഫെമിനിസം'പാശ്ചാത്യ അനുകരണമോ, മൗലിക സംസ്‌കാരമോ?
2008 ഒക്‌ടോബര്‍ എട്ടിന് ഒരു അമേരിക്കന്‍ യൂനിവേഴ്‌സിറ്റി പ്രഫസറായ ആമിന വദൂദ് ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡില്‍ വെച്ച് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഒരു സംഘത്തിന് ഇമാമായി നമസ്‌കരിച്ചു. ഒരു സ്ത്രീ പുരുഷന്മാര്‍ക്ക് ഇമാമായി നിന്നത് മുസ്‌ലിം ലോകത്ത് വലിയ വിവാദമായി. പല കോണുകളില്‍നിന്നും എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു. ഇതിനോട് ആമിന വദൂദ് പ്രതികരിച്ചത്, പുരുഷനെന്ന പോലെ സ്ത്രീക്കും ഇമാമത്തിന് അര്‍ഹതയുണ്ടെന്നാണ്. തന്റെ അന്വേഷണ പഠനത്തില്‍ അങ്ങനെയാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്നും അവര്‍ പറഞ്ഞു. ഇസ്‌ലാമിക പൈതൃകത്തില്‍ ഈ വിഷയകമായി നിലനില്‍ക്കുന്ന അഭിപ്രായങ്ങളില്‍നിന്നുള്ള വിഛേദവും വഴിമാറിനടത്തവുമായിരുന്നു ആമിന വദൂദിന്റേത്. ഫെമിനിസത്തെക്കുറിച്ച ഒരു നിര്‍വചനവുമായി ചേര്‍ന്നുവരുന്നുണ്ട് അത്. ആ നിര്‍വചനപ്രകാരം, ഫെമിനിസമെന്നാല്‍ എല്ലാതരം ചരിത്രപൈതൃകങ്ങളില്‍നിന്നുമുള്ള, അത് രാഷ്ട്രീയമോ മതപരമോ സാമൂഹികമോ സാംസ്‌കാരികമോ എന്താകട്ടെ, പൂര്‍ണമായ വേര്‍പ്പെട്ടുനില്‍ക്കലാണ്. പുരുഷാധിപത്യ ഘടനയില്‍ നിര്‍മിക്കപ്പെട്ട സകല ജ്ഞാനശാസ്ത്ര സങ്കല്‍പ്പനങ്ങളെയും നിരാകരിക്കലാണ്.
ഒരു പ്രത്യേക രാഷ്ട്രീയ, സാമൂഹിക സാഹചര്യത്തില്‍ രൂപം കൊണ്ട ഒരു സംജ്ഞ മറ്റൊരു സമൂഹത്തിലേക്കും സാഹചര്യത്തിലേക്കും - അവ തമ്മില്‍ എത്രയധികം സമാനതയും സാദൃശ്യവുമുണ്ടെങ്കിലും - ഇറക്കുമതി ചെയ്യുമ്പോഴുള്ള ചില പ്രശ്‌നങ്ങളുണ്ട്. ഫെമിനിസത്തെ 'ഇസ്‌ലാമികവല്‍ക്കരിക്കുന്നതി'നെക്കുറിച്ചാണ് പറയുന്നത്. സന്ദര്‍ഭങ്ങള്‍ തമ്മില്‍ ബാഹ്യമായി വളരെയധികം ചേര്‍ച്ച തോന്നാമെങ്കിലും ഓരോ ചുറ്റുപാടിലും ഉയര്‍ന്നുവരുന്ന മാതൃകയും അതിന്റെ മാനദണ്ഡങ്ങളും വെവ്വേറെ തന്നെയായിരിക്കും. ലബനീസ് സാമൂഹിക ശാസ്ത്രജ്ഞയായ ദലാല്‍ ബസ്‌രി പറയുന്നത്, ഇസ്‌ലാമിക് ഫെമിനിസമെന്നത് അപ്പടി പാശ്ചാത്യ ഫെമിനിസ്റ്റ് ചേരുവകള്‍ നിറഞ്ഞതാണെന്നും എന്നിട്ടത് ഇസ്‌ലാമിന്റെ പ്രഛന്ന വേഷമണിയുകയാണെന്നുമാണ്.
സ്ത്രീ പാശ്ചാത്യ ചിന്തയില്‍
ഫെമിനിസത്തെ കാംബ്രിഡ്ജ് നിഘണ്ടു ഇങ്ങനെയാണ് നിര്‍വചിക്കുന്നത്: 'സ്ത്രീകളെ ഒഴിവാക്കി മനുഷ്യാനുഭവങ്ങളെ പുരുഷനുമായി മാത്രം ബന്ധിപ്പിക്കുന്ന തത്ത്വശാസ്ത്രത്തെ നിരാകരിക്കല്‍.' ഈ നിര്‍വചനമനുസരിച്ച് ഫെമിനിസത്തില്‍ പ്രതിഫലിക്കുക പുരുഷാധിപത്യ പ്രവണതകളെ നിരാകരിച്ചുകൊണ്ട് ഓരോ വിഷയത്തിലും പ്രശ്‌നത്തിലുമുള്ള സ്ത്രീചിന്തകളും ആലോചനകളുമായിരിക്കും. പാശ്ചാത്യ സാംസ്‌കാരിക ചരിത്രത്തിനകത്ത് വിസ്മരിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്ത സ്ത്രീപങ്കാളിത്തത്തെ കണ്ടെടുക്കുകയും ചെയ്യുന്നു.
മതത്തിനെതിരെ ഫെമിനിസം വാളെടുക്കാനുള്ള ഒരു പ്രധാന പ്രകോപനം പാശ്ചാത്യ ക്രൈസ്തവതയിലെ സ്ത്രീസങ്കല്‍പ്പം തന്നെയാണ്. മറ്റൊരു വാക്കില്‍, മനുഷ്യസൃഷ്ടിപ്പിനെക്കുറിച്ചുള്ള പുരുഷാധിപത്യപരമായ മതകീയ ആഖ്യാനങ്ങളാണ്. ഈ വായനയനുസരിച്ച്, സ്ത്രീയുടെ പ്രലോഭനങ്ങളാണ് ആദമിനെ സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കുന്നത്. അതു കാരണം മനുഷ്യകുലം തന്നെ ആദിപാപവും പേറി ജീവിക്കേണ്ടിവരുന്നു. ഈ പാപത്തിന് ഉത്തരവാദി ആകയാല്‍ സ്ത്രീ പുരുഷാധിപത്യത്തിന് വഴിപ്പെട്ടും കീഴ്‌പ്പെട്ടും ജീവിച്ചുകൊള്ളണം. അവള്‍ അരികുകളിലെവിടെയോ നില്‍ക്കട്ടെ. സുപ്രധാന റോളുകളിലേക്കൊന്നും അവള്‍ക്ക് പ്രവേശനമില്ല. ഈ മതാഖ്യാനം പാശ്ചാത്യ ചിന്തയെയും പല നിലക്ക് സ്വാധീനിച്ചു. ഫ്രഞ്ച് തത്ത്വചിന്തകന്‍ റെനെ ദെക്കാര്‍ത്തി(1596-1650)ന്റെ പ്രശസ്തമായ മനസ്സ്/ ശരീരം, അല്ലെങ്കില്‍ ബുദ്ധി / പദാര്‍ഥം ദ്വന്ദ്വ കല്‍പ്പന(Dualism)യില്‍ സ്ത്രീ വരുന്നത് ശരീരം അല്ലെങ്കില്‍ പദാര്‍ഥം എന്ന ഇനത്തിലാണ്. ബുദ്ധിയും യുക്തിചിന്തയും പുരുഷനേ ഉള്ളൂ എന്നതിനാല്‍ അവന്‍ മാത്രമേ ആദ്യഗണത്തില്‍ വരുന്നുള്ളു. അതൊന്നുമില്ലാത്ത സസ്യമൃഗാദികളുടെ കൂട്ടത്തിലാണ് സ്ത്രീയുടെ സ്ഥാനം. ഴാന്‍ ജാക് റൂസോ (1712-1778) എന്ന മറ്റൊരു ഫ്രഞ്ച് ദാര്‍ശനികന്റെ അഭിപ്രായവും ഏറെയൊന്നും ഭിന്നമല്ല. പുരുഷപ്രകൃതിയെയും സ്ത്രീപ്രകൃതിയെയും അദ്ദേഹം വേര്‍തിരിക്കുന്നുണ്ട്. സ്ത്രീപ്രകൃതി രണ്ടിനങ്ങളില്‍ പരിമിതമാണ് - ലൈംഗികതയും ഗര്‍ഭധാരണവും. പുരുഷപ്രകൃതിയാകട്ടെ അതിരും അറ്റവുമില്ലാത്ത ധൈഷണിക ലോകത്ത് വിഹരിക്കുകയും!
ചര്‍ച്ചിനും യൂറോപ്യന്‍ നവോത്ഥാന കാലഘട്ടത്തിനും മുമ്പേ ഗ്രീക്ക് തത്ത്വചിന്തയില്‍ തന്നെ സ്ത്രീ ചിത്രീകരിക്കപ്പെട്ടിരുന്നത് ഇതുപോലെയൊക്കെ ആയിരുന്നുവെന്ന വാദമുണ്ട്. ഗ്രീക്ക് ഫിലോസഫിയിലെ അത്തരം സ്ത്രീവിരുദ്ധതകളാണ് യൂറോപ്യന്‍ തത്ത്വചിന്തയെയും സ്വാധീനിച്ചത്. അംഗഭംഗം വന്ന അപൂര്‍ണ പുരുഷനാണ് സ്ത്രീ (Female is an incomplete male...a deformity) എന്നായിരുന്നു അരിസ്റ്റോട്ടില്‍ എഴുതിയത്. ഈ വൈകൃതം മാറ്റാനാവാത്തതുകൊണ്ട് സ്ത്രീക്ക് പൂര്‍ണ മനുഷ്യനാകാനാവില്ല എന്നും അദ്ദേഹം കരുതി. ഇതൊക്കെ പാശ്ചാത്യ സംസ്‌കാരത്തെയും തത്ത്വചിന്തയെയും ആഴത്തില്‍ സ്വാധീനിക്കുകയുണ്ടായി. ഇക്കാര്യത്തില്‍ അരിസ്റ്റോട്ടിലിന്റെ അഭിപ്രായം തന്റെ ഗുരുവായ പ്ലാറ്റോയില്‍നിന്ന് ഏറെയൊന്നും ഭിന്നമല്ല. പ്ലാറ്റോയുടെ 'ടിമേയസ് സംവാദ' (ഠശാമലൗ െഉശമഹീഴൗല)ത്തില്‍ മനുഷ്യര്‍ രണ്ട് തരക്കാരാണ് എന്നു പറയുന്നുണ്ട്. ഒന്ന്, വിശിഷ്ട വര്‍ഗം. തങ്ങളുടെ കാമനകളെ കീഴൊതുക്കിയ വിശിഷ്ട വ്യക്തികള്‍. അവരില്‍നിന്ന് വരുന്നവരാണ് ഭൂമിയില്‍ ശ്രേഷ്ഠന്മാരായിത്തീരുന്നത്. രണ്ട്, ഭീരുക്കളും തിന്മകളില്‍ അഭിരമിക്കുന്നവരും. അവര്‍ ഭൂമിയില്‍ പരാജയപ്പെട്ടവരാണ്. സ്ത്രീകളായി പുനര്‍ജനിച്ച് അവര്‍ ശിക്ഷിക്കപ്പെടാനിരിക്കുന്നു!
ഇതിനെയും ഇതുപോലുള്ള മറ്റു അഭിപ്രായങ്ങളെയും യൂറോപ്പിലെ ചര്‍ച്ച് വിശുദ്ധമായി പ്രഖ്യാപിക്കുകയാണ് ചെയ്തത്. അതിനെതിരെ സംസാരിക്കുന്നത് ക്രൈസ്തവതക്കെതിരായ നീക്കമായി വ്യാഖ്യാനിക്കപ്പെട്ടു. അതുകൊണ്ടാണ് ആധുനികതയിലെ യൂറോപ്യന്‍ സ്ത്രീ ഈ ആധ്യാത്മിക ചട്ടക്കൂടിനെ പൊളിച്ചുനീക്കിക്കൊണ്ടല്ലാതെ സ്ത്രീവിമോചനം സാധ്യമല്ലെന്ന് പറഞ്ഞത്. വിമോചന പാതയിലെ ഏറ്റവും വലിയ തടസ്സം ഈ മതവിശ്വാസമാണെന്നും അവര്‍ വിലയിരുത്തി. പ്രശസ്ത ഫ്രഞ്ച് സ്ത്രീവാദി സിമോണ്‍ ദി ബുവ തന്റെ 'സെക്കന്റ് സെക്‌സ്' എന്ന പുസ്തകത്തില്‍ എഴുതി: 'വിശുദ്ധിയുടെ രൂപം കൈക്കൊള്ളുന്ന വിശ്വാസങ്ങളെയും പുരാണങ്ങളെയും ഐതിഹ്യങ്ങളെയും സ്ത്രീ കൈയൊഴിക്കേണ്ടിയിരിക്കുന്നു. ഇതാണ് വെള്ളക്കാരനായ മനുഷ്യന് സ്ത്രീയെ പീഡിപ്പിക്കാനും അവളുടെ മേല്‍ ഉടമസ്ഥത സ്ഥാപിക്കാനും വഴിയൊരുക്കുന്നത്. ഒരു സ്ത്രീക്ക് സ്ത്രീ എന്ന നിലക്കുള്ള അസ്തിത്വം വേണമെന്നുണ്ടെങ്കില്‍ അവള്‍ സ്‌ത്രൈണത വെടിഞ്ഞേ പറ്റൂ. സ്‌ത്രൈണത വിവാഹത്തിന്റെ അടിസ്ഥാനമാണ് എന്നതുപോലെ തന്നെ അത് സ്ത്രീയെ ദുര്‍ബലയാക്കുന്ന ഘടകം കൂടിയാണ്. സ്ത്രീക്ക് ഏറ്റവും വലിയ വിലങ്ങ് തീര്‍ക്കുന്നു അത്. ഒപ്പം മാതൃത്വത്തില്‍നിന്നും അവള്‍ ഒഴിഞ്ഞുനില്‍ക്കണം.'
ഇത്തരം ചിന്തകളുടെ ആവിര്‍ഭാവത്തോടെ എല്ലാം മാറി. സ്ത്രീ സ്വകാര്യതയില്‍നിന്ന് പൊതുമണ്ഡലത്തിലേക്ക് വന്നു. സ്ത്രീവാദ പ്രസ്ഥാനങ്ങള്‍, എല്ലാം കൈപ്പിടിയിലൊതുക്കിയ പുരുഷാധിപത്യത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. രണ്ട് ഫെമിനിസ്റ്റ് ധാരകളാണ് മുഖ്യമായും ഉണ്ടായിരുന്നത്. ഒന്ന് ലിബറല്‍ ധാര. തൊഴിലവസരങ്ങളിലും വ്യക്തി അവകാശങ്ങളിലും സ്ത്രീ-പുരുഷ സമത്വം ഉണ്ടായേ പറ്റൂ എന്ന് ആ ധാരയില്‍ അണിനിരന്നവര്‍ ശഠിച്ചു. രണ്ടാമത്തേത് റാഡിക്കല്‍ ധാരയാണ്. അവര്‍ക്ക് എല്ലാം പൊളിച്ചെഴുതിയേ മതിയാകൂ. അവരുടെ വീക്ഷണത്തില്‍ മുഴുവന്‍ സാമൂഹിക നിര്‍മിതികളും - ശാസ്ത്രം, ഭാഷ, ചരിത്രം തുടങ്ങി എല്ലാം - അങ്ങേയറ്റത്തെ പുരുഷ പക്ഷപാതിത്വം ഉള്‍ച്ചേര്‍ന്നതാണ്. സ്ത്രീ വീക്ഷണകോണിലൂടെ ഇതൊക്കെയും പുതുക്കിപ്പണിയേണ്ടിയിരിക്കുന്നു. ഭാഷയെയും ചരിത്രത്തെയുമൊക്കെ സ്‌ത്രൈണവല്‍ക്കരിക്കണമെന്ന് കടത്തി പറഞ്ഞവര്‍ വരെയുണ്ട്. അവര്‍ക്ക് അവന്റെ ചരിത്രം ('his'tory) വേണ്ട, അവളുടെ ചരിത്രം (her story) മതി!
എല്ലാം സ്വന്തത്തിലേക്ക് കേന്ദീകരിക്കപ്പെടുന്നു
തീര്‍ത്തും പാശ്ചാത്യമായ ചുറ്റുപാടില്‍ വികസിച്ചുവന്ന 'ഫെമിനിസം' എന്ന വാക്ക് മൊത്തം സ്ത്രീപക്ഷ നിലപാടുകളെ കുറിക്കാന്‍ ഉപയോഗിക്കുന്നതിനോട് ഈജിപ്ഷ്യന്‍ ചിന്തകനായ അബ്ദുല്‍ വഹാബ് മസീരിക്ക് തീരെ യോജിപ്പില്ല. സ്ത്രീവിമോചനം എന്ന അര്‍ഥമല്ല അതിനുള്ളത്. ഫെമിനിസം എന്നാല്‍ പുരുഷനുമായുള്ള സംഘര്‍ഷാവസ്ഥയുടെ പേരാണ്. സ്ത്രീയില്‍ കേന്ദ്രീകരിക്കുന്ന ഒന്ന്. പാശ്ചാത്യ മനുഷ്യന്‍ കടന്നുപോന്നിട്ടുള്ള അവസ്ഥകളുടെ ചരിത്രപരമായ ഉല്‍പന്നമാണത്. തന്റെ നിലപാട് വിശദീകരിക്കുന്നതിന് അദ്ദേഹം പാശ്ചാത്യ ആധുനികതയുടെയും സെക്യൂലറിസത്തിന്റെയും ഒരു അടിസ്ഥാന കാഴ്ചപ്പാടിനെ വിശകലനം ചെയ്യുന്നുണ്ട്. 'ഭൗതികമായ എന്തും ഒരൊറ്റ സത്തയില്‍ ഉള്ളടങ്ങിയിരിക്കുന്നു' എന്ന കാഴ്ചപ്പാടാണിത് ('അല്‍ ഹുലൂലിയ്യത്തുല്‍ കമൂനിയ്യത്തുല്‍ മാദ്ദിയ്യ' എന്നോ 'അല്‍ മര്‍ജഇയ്യത്തുല്‍ കമൂനിയ്യ അസ്സാത്തിയ്യ' എന്നോ ആണ് അദ്ദേഹം അറബിയില്‍ അതിനെ വിളിക്കുന്നത്). അതായത് പ്രപഞ്ചം എന്ന ഒറ്റ ഘടനയേ ഉള്ളു. അതിനപ്പുറമോ അതിന് മീതെയോ മറ്റൊരു അസ്തിത്വവുമില്ല. സര്‍വതും ഈയൊരു ഭൗതികസത്തയില്‍ 'അവതാരം' കൊണ്ടിരിക്കുന്നു. അതിനാല്‍ മനുഷ്യനും പ്രകൃതിയുമൊക്കെ അടങ്ങുന്ന ഈ പ്രപഞ്ചം തന്നെയാണ് അതിന്റെ തന്നെ ആധാരം. മറ്റൊരു അസ്തിത്വവും ആവശ്യമായി വരുന്നില്ല.
മതങ്ങള്‍ മുന്നോട്ടു വെക്കുന്ന ഭൗതികേതര സത്യങ്ങളില്‍നിന്ന് മനുഷ്യന്‍ അവനിലേക്കു തന്നെ കേന്ദ്രീകരിക്കുകയാണ്. ഒറ്റ മാനവികതയിലേക്കുള്ള കേന്ദ്രീകരണമാണ് ആധുനികതയില്‍ സംഭവിച്ചത്. മാനവികത എന്ന് പൊതുവായിട്ടാണ് പറയുന്നതെങ്കിലും അത് യഥാര്‍ഥത്തില്‍ ഒരു പ്രത്യേക വ്യക്തിയിലേക്കോ സംഘത്തിലേക്കോ ഉള്ള കേന്ദ്രീകരണമായിരുന്നു. അങ്ങനെ സത്യങ്ങള്‍ എന്ന് പറയുന്നത് വ്യക്തികേന്ദ്രീകൃതമോ സംഘകേന്ദ്രീകൃതമോ ആയിത്തീര്‍ന്നു. ഇത് സംഘര്‍ഷം വളര്‍ത്തുമെന്ന് ഉറപ്പാണ്. മനുഷ്യര്‍ ഇരു ചേരികളിലായിക്കൊണ്ടുള്ള സംഘര്‍ഷങ്ങള്‍ അതിന്റെ ഫലമാണ്. കശാപ്പുകാരന്‍ / ഇര, കൊലയാളി / കൊല ചെയ്യപ്പെടുന്നവന്‍, ശക്തര്‍ / ദുര്‍ബലര്‍, സ്വേഛാപൂജകര്‍ / വിശാലമനസ്‌കര്‍ എന്നിങ്ങനെ സംഘര്‍ഷത്തിന്റെ ദ്വന്ദ്വങ്ങള്‍ രൂപപ്പെടുന്നു.
ഇതുപോലുള്ള ഒരു ലോകത്ത് സ്ത്രീപ്രസ്ഥാനങ്ങളും വരുന്നത് അവളിലേക്ക് മാത്രം കേന്ദ്രീകരിച്ചായിരിക്കും. സകല സാമൂഹിക ചട്ടക്കൂടുകള്‍ക്കും പുറത്ത് അവള്‍ സ്വന്തത്തിന് മതിയായവളാണ്. പുരുഷന്‍ കൊണ്ടുനടക്കുന്ന സ്ത്രീവിരുദ്ധ ആശയങ്ങള്‍ കാരണമായി അവനുമായി അവള്‍ നിതാന്ത പോരിലാണ്. നേരത്തേ പറഞ്ഞ 'പ്രാപഞ്ചിക' സ്വഭാവമുണ്ടതിന്. സ്വാഭാവികമായും പാശ്ചാത്യ സൃഷ്ടിയായ ഫെമിനിസത്തില്‍ വിമോചനം കേന്ദ്രീകരിച്ചിരിക്കുന്നത് അവളുടെ തന്നെ സത്തയിലും അപരനോടുള്ള വിദ്വേഷത്തിലുമാണ്. ഇസ്‌ലാമിക് ഫെമിനിസം എന്ന പ്രയോഗം എന്തുകൊണ്ട് അസാധുവാണ് എന്നതിന് മസീരി മുന്നോട്ടു വെക്കുന്ന പ്രധാന ന്യായം ഇതാണ് (മസീരിയുടെ 'ഖദിയ്യത്തുല്‍ മര്‍അ ബൈനത്തഹ്‌രീര്‍ വത്തമര്‍കുസ് ഹൗലല്‍ ഉന്‍സാ' എന്ന കൃതി കാണുക). ഇസ്‌ലാമിക് കള്‍ച്ചറല്‍ സ്റ്റഡീസില്‍ അധ്യാപികയും സ്ത്രീവാദ പഠനങ്ങളില്‍ ഗവേഷകയുമായ മിലാക് അല്‍ ജുഹനി രണ്ടു തരം ഫെമിനിസ്റ്റ് പ്രവണതകളെപ്പറ്റി പറയുന്നുണ്ട്. ഒന്നാമത്തേത്, പിതൃ ആധിപത്യ ഘടനയില്‍ സ്ത്രീകളെ ഇകഴ്ത്തിക്കൊണ്ടുള്ള നിലപാടുകള്‍ക്കെതിരെ ആധുനികതയിലെ സ്ത്രീ നടത്തിയ ചെറുത്തു നില്‍പ്പാണ്. രണ്ടാമത്തേത്, ഉത്തരാധുനികതയില്‍ ലിംഗഭേദത്തെ (Gender) കുറിച്ച് ഉയര്‍ന്നുവന്നിട്ടുള്ള പുതിയ ആഖ്യാനമാണ്. ആണ്‍-പെണ്‍ ഭേദങ്ങളില്ല, ഒരൊറ്റ ജെന്‍ഡര്‍ (Unisex) മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്ന വാദമാണത്. മനുഷ്യന്‍ എന്ന ആശയം ശിഥിലമാവുകയും ആണും പെണ്ണും പരസ്പരം പോരിനിറങ്ങുകയും ചെയ്യുമ്പോള്‍ അനിവാര്യമായും സംഭവിക്കുന്ന ഒന്നായാണ് മസീരി ഇതിനെ കാണുന്നത്.
Gender എന്ന വാക്കിന്റെ ഉത്ഭവം തേടിപ്പോയാല്‍ അത് Genusഎന്ന ലാറ്റിന്‍ വാക്കില്‍നിന്ന് വന്നിട്ടുള്ളതാണെന്ന് കാണാം. ഇനം എന്നേ Gendre എന്ന വാക്കിന് അര്‍ഥമുള്ളൂ. ആ വാക്ക് ഫ്രഞ്ചിലെത്തി ഏലിറൃല എന്ന രൂപം സ്വീകരിച്ചപ്പോഴാണ് അത് സ്ത്രീലിംഗത്തെയോ പുല്ലിംഗത്തെയോ കുറിക്കുന്ന പ്രയോഗമായത്. ജെന്‍ഡറിന് പുതിയ അര്‍ഥകല്‍പ്പനകള്‍ നല്‍കിയത് തൊള്ളായിരത്തി അറുപതുകളില്‍ അമേരിക്കന്‍ മനശ്ശാസ്ത്രജ്ഞനായ റോബര്‍ട്ട് സ്റ്റോളര്‍ (Robert Stoller) ആണ്. അദ്ദേഹം പറയുന്നത് ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം ജൈവികമല്ല എന്നാണ്. അഥവാ ജീവശാസ്ത്രപരമായ പ്രത്യേകതകളല്ല ഒരാളെ ആണോ പെണ്ണോ ആക്കുന്നത്; മറിച്ച് നിലനില്‍ക്കുന്ന സാമൂഹിക-സാംസ്‌കാരിക ഘടനയാണ് ഒരാളുടെ ജെന്‍ഡര്‍ തീരുമാനിക്കുക. 'സ്ത്രീ സ്ത്രീയായി ജനിക്കുകയല്ല, അവള്‍ അങ്ങനെ ആയിത്തീരുകയാണ്' എന്ന് സിമണ്‍ ദി ബുവെ പറയുന്നത് ഈ അര്‍ഥത്തിലാണ്. സാമൂഹിക, സാംസ്‌കാരിക സന്ദര്‍ഭങ്ങളാണ് ലിംഗവ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നതെന്നും അതൊരു ജൈവിക പ്രക്രിയ അല്ലെന്നുമര്‍ഥം. സ്ത്രീപുരുഷ വ്യത്യാസങ്ങള്‍ ശാരീരികവും ജൈവികവുമാണ് എന്ന വ്യാപകമായി നിലനില്‍ക്കുന്ന വിശ്വാസങ്ങള്‍ക്ക് എതിരായിരുന്നു ഈ വാദം. സ്ത്രീ സ്വന്തത്തിലേക്കു തന്നെ തിരിച്ചുപോയി ലിംഗം എന്ന ജൈവിക കെട്ടുപാടില്‍നിന്ന് ജെന്‍ഡര്‍ എന്ന സാമൂഹിക കവാടം വഴി പുറത്തുകടക്കണമെന്നാണ് സിമണ്‍ ദി ബുവെയെപ്പോലുള്ളവര്‍ വാദിച്ചത്. 'ഒരാള്‍ മനുഷ്യനായി ജനിക്കുന്നു; പിന്നെ ആ വ്യക്തി ആണോ പെണ്ണോ രണ്ടുമല്ലാത്ത മറ്റു വല്ലതുമോ ആയിത്തീരുന്നു' എന്നാണവര്‍ പറയുക.
ഫലസ്ത്വീനി - ജോര്‍ദാനിയന്‍ എഴുത്തുകാരന്‍ ഫഹ്മി ജദ്ആന്‍ (1940- ) അറബ് മുസ്‌ലിം ലോകത്ത് രൂപം കൊണ്ട നിരവധി സ്ത്രീവാദ പ്രസ്ഥാനങ്ങളെക്കുറിച്ച് പഠിക്കുന്നുണ്ട്. അവ ഇസ്‌ലാമിക ആശയ പരിസരത്തുനിന്ന് യൂറോപ്യന്‍ - അമേരിക്കന്‍ ആഗോളീകരണ ലോകത്തേക്ക് നീങ്ങിപ്പോയതായും അദ്ദേഹം നിരീക്ഷിക്കുന്നു. ഫെമിനിസത്തെ ഇസ്‌ലാമിക ഉടുപ്പ് അണിയിക്കാനുള്ള 'പരിഷ്‌കരണ' (ഇസ്വ്‌ലാഹി) പ്രസ്ഥാനമാണ് ഇതിലൊന്ന്. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് ഫെമിനിസത്തിന്റെ യഥാര്‍ഥ വിവക്ഷ മനസ്സിലായിട്ടില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു. കാരണം ഈ ഇനത്തില്‍ പെടുന്ന പരിഷ്‌കരണവാദികള്‍ മതപാഠങ്ങളെ തള്ളുകയോ അവയെ മറികടക്കുകയോ ചെയ്യുന്നില്ല. ആധുനികതയുടെ പരിസരത്ത് നിലയുറപ്പിച്ച് ഇസ്‌ലാമിക വിധികളെ വായിക്കണം എന്നേ അവര്‍ക്കുള്ളൂ. ഇതിനെ 'ഫെമിനിസം' ആയി കാണാന്‍ കഴിയില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മസീരിയും അത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പാടേ നിരാകരിക്കുന്ന (റാഫിദ) മറ്റൊരു ധാരയും ഉണ്ട്. പാശ്ചാത്യ വ്യക്തിസ്വാതന്ത്രൃവാദങ്ങളെ പുല്‍കുന്നവര്‍. ഇസ്‌ലാമികാശയങ്ങളെ കൈയൊഴിച്ചവര്‍. ഈ സമ്പൂര്‍ണനിരാസത്തിന് ഉദാഹരണമായി നാല് സ്ത്രീകളെ ഫഹ്മി ജദ്ആന്‍ അവതരിപ്പിക്കുന്നുണ്ട്. ബംഗ്ലാദേശില്‍നിന്ന് സ്വീഡനിലെത്തിയ തസ്‌ലീമാ നസ്‌റീന്‍, ഹോളണ്ടിലെത്തിയ സോമാലി വംശജ അയാന്‍ ഹിര്‍സി, കനഡയില്‍ അഭയം തേടിയ ഉഗാണ്ടക്കാരി ഇര്‍ശാദ് മഞ്ചി, ജര്‍മന്‍കാരിയായ തുര്‍ക്കി വംശജ നജ്ല കെയ്‌ലിക്. മുസ്‌ലിം ലോകത്തെ രാഷ്ട്രവും മതവും സ്ത്രീയെ അവളുടെ ഭര്‍ത്താവിന്റെ ലൈംഗിക അടിമയാക്കിയിരിക്കുന്നു എന്നാണ് തസ്‌ലീമ പറഞ്ഞത്. ഇതുവരെ നല്‍കപ്പെട്ട മുഴുവന്‍ മതാഖ്യാനങ്ങളെയും തള്ളണമെന്നും ഖുര്‍ആനെ കേവലം ചരിത്ര രേഖയായി മാത്രമേ കാണാന്‍ കഴിയൂ എന്നും അയാന്‍ ഹിര്‍സി വാദിച്ചു. 'ഇസ്‌ലാമിക വ്യാഖ്യാനങ്ങളുടെ അടിസ്ഥാനം ഗോത്രീയ ചിന്തകളാണ്. അവ മാറ്റാതെ നിവൃത്തിയില്ല' എന്ന് ഇര്‍ശാദ് മഞ്ചി പറഞ്ഞു. ഹിജാബിനെതിരെ പടക്കിറങ്ങിയ നജ്ല കെയ്‌ലിക്, 'സ്ത്രീയെ കഷ്ടപ്പെടുത്തുന്നത് യൂറോപ്യന്‍ നിയമമല്ല, മതമാണ്' എന്ന് വിമര്‍ശിച്ചു.
മേല്‍പ്പറഞ്ഞ പരിഷ്‌കരണത്തിന്റെയും നിരാകരണത്തിന്റെയും സ്ത്രീവാദ ചിന്തകള്‍ക്കിടയില്‍ മൂന്നാമതൊരു ധാര കൂടി മുസ്‌ലിം ലോകത്തുണ്ടെന്ന് ഫഹ്മി ജദ്ആന്‍ പറയുന്നു. വ്യാഖ്യാനാത്മക സ്ത്രീവാദം (തഅ്‌വീലിയ്യ / Interpretative) എന്നാണ് അദ്ദേഹം അതിനെ വിളിക്കുന്നത്. സ്ത്രീ പ്രശ്‌നങ്ങള്‍ക്ക് പാശ്ചാത്യ ദര്‍ശനങ്ങള്‍ മുന്നോട്ടു വെക്കുന്ന പരിഹാരങ്ങളെ ഈ ധാര നിരാകരിക്കുന്നു. പരിഹാരം ഇസ്‌ലാമില്‍ തന്നെയാണ് ഉള്ളത് എന്ന കാര്യത്തില്‍ അവര്‍ക്ക് ഉറപ്പുണ്ട്. കാരണം സ്ത്രീ അവകാശങ്ങളും സമത്വവും ഉറപ്പു വരുത്തിയത് ഇസ്ലാം മാത്രമാണ്. പക്ഷേ പ്രമാണ പാഠങ്ങളെ / നസ്സ്വുകളെ പുരുഷ വ്യാഖ്യാതാക്കള്‍ വായിക്കുമ്പോള്‍ ഇതൊക്കെയും അദൃശ്യമാക്കപ്പെടുകയാണ്. അതിനാല്‍ ഇത്തരം വ്യാഖ്യാനങ്ങള്‍ ഒഴിവാക്കി പ്രമാണ പാഠങ്ങളിലേക്ക് നേരിട്ട് കയറിച്ചെല്ലണം. ഇതാണ് വ്യാഖ്യാനാത്മക സ്ത്രീവാദത്തിന്റെ ആശയം. ഈ വിഭാഗത്തെ ജെന്‍ഡറിനെക്കുറിച്ച പുതിയ വ്യാഖ്യാനങ്ങള്‍ നന്നായി സ്വാധീനിക്കുന്നുണ്ട്. അതിന് ഉദാഹരണമാണ് നാം ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച ആമിന വദൂദിന്റെ ആശയങ്ങള്‍. പ്രമാണങ്ങള്‍ക്ക് ഇതുവരെ നല്‍കപ്പെട്ട വ്യാഖ്യാനങ്ങളെ തള്ളുന്നതോടൊപ്പം അവര്‍ ഇങ്ങനെ പറയുന്നുമുണ്ട്: 'സ്‌ത്രൈണത എന്നതും പുരുഷത്വം എന്നതും സ്ത്രീയുടെയോ പുരുഷന്റെയോ മൗലിക പ്രകൃതത്തിലുള്ളതല്ല. ആ രീതിയില്‍ ഖുര്‍ആന്‍ അതിനെ കൈകാര്യം ചെയ്തിട്ടുമില്ല. ആ പ്രത്യേകതകളൊക്കെ സ്ത്രീയോ പുരുഷനോ ഏറ്റെടുക്കുന്ന സാംസ്‌കാരിക ദൗത്യങ്ങളുടെ ഭാഗമായി വന്നുചേരുന്നതാണ്.' ജെന്‍ഡര്‍ എന്നത് ജൈവികമല്ല, സാമൂഹിക-സാംസ്‌കാരിക പരിതോവസ്ഥകള്‍ രൂപപ്പെടുത്തുന്നതാണ് എന്ന നവീന ഫെമിനിസ്റ്റ് വാദം തന്നെയാണ് ഇവിടെയും ഉയര്‍ത്തപ്പെടുന്നത്. പ്രമാണങ്ങളെ മുറുകെ പിടിക്കും എന്നൊക്കെ ഈ വിഭാഗം വാദിക്കുമെങ്കിലും സ്ത്രീ സൃഷ്ടിപ്പിനെക്കുറിച്ച് ഹദീസില്‍ വന്ന പരാമര്‍ശങ്ങളും മറ്റും പൊതുവെ അവര്‍ സ്വീകരിക്കാറില്ല.
ഈ വാദമുഖങ്ങളുടെയെല്ലാം മറുകരയില്‍ നില്‍ക്കുന്നതാണ് ഡോ. ഹിബ റഊഫ് ഇസ്സത്തിന്റെ നിലപാട്. പ്രമാണ വായനയും ചിന്തയുമാണ് അതിന് ആധാരം. പുരുഷാധിപത്യപരമായ നിലപാടുകള്‍ പ്രമാണങ്ങളില്‍ ഇല്ല എന്നാണ് അവര്‍ പറയുന്നത്. ''ഇത്തരം പിതൃ അധികാര ഘാനകള്‍ക്ക് എതിരാണ് ഇസ്‌ലാം. മനുഷ്യന്‍ / ഇന്‍സാന്‍ ആണ് ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയായി നിയോഗിക്കപ്പെടുന്നത്. ആ പ്രയോഗത്തില്‍ സ്ത്രീയും പുരുഷനും ഉള്‍പ്പെടും. ഖുര്‍ആന്‍ 'ഇന്‍സാന്‍' എന്ന് പ്രയോഗിക്കുമ്പോള്‍ ആദം സന്തതികളിലെ ഒരാള്‍ എന്നാണ് അര്‍ഥമാക്കുന്നത്. പുല്ലിംഗമായും സ്ത്രീലിംഗമായും അത് പ്രയോഗിക്കും. 'ഹുവ ഇന്‍സാന്‍' എന്ന് പറയുന്ന പോലെ 'ഹിയ ഇന്‍സാന്‍' എന്നും പറയാം.'' സമത്വം, മനുഷ്യാവകാശങ്ങള്‍, സാമൂഹിക ഉത്തരവാദിത്തങ്ങള്‍, കര്‍മങ്ങള്‍ക്ക് നല്‍കപ്പെടുന്ന പ്രതിഫലം ഇത്തരം അടിസ്ഥാന കാര്യങ്ങളിലൊന്നും ഖുര്‍ആന്‍ സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ വ്യത്യാസം കല്‍പ്പിക്കുന്നില്ല. ഇവ പൊതുവും നിരുപാധികവുമാണ്. സൃഷ്ടിപ്പിലും കഴിവുകളിലുമുള്ള വ്യത്യാസമനുസരിച്ച് ചുമതലകള്‍ വ്യവസ്ഥപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. ആ വ്യവസ്ഥപ്പെടുത്തല്‍ ആപേക്ഷികമാണ്. സ്ത്രീയും പുരുഷനും ചേര്‍ന്ന് നിര്‍വഹിക്കേണ്ട ഭൂമിയിലെ ദൈവപ്രാതിനിധ്യം എന്ന ദൗത്യം ഇങ്ങനെ മാത്രമേ പൂര്‍ണതയില്‍ എത്തിക്കാനാവൂ. ഇബ്‌നു ഹസം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്; 'അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും സ്ത്രീപുരുഷന്മാരോടുളള അഭിസംബോധന ഒറ്റ അഭിസംബോധനയാണ്. അതില്‍ എതെങ്കിലുമൊന്ന് സ്ത്രീകള്‍ക്കോ പുരുഷന്മാര്‍ക്കോ പ്രത്യേകമാണെന്ന് പറയണമെങ്കില്‍ പ്രമാണങ്ങളില്‍നിന്ന് വ്യക്തമായ തെളിവുകള്‍ കൊണ്ടുവരണം. അല്ലെങ്കില്‍ അക്കാര്യത്തില്‍ മുസ്‌ലിം ഉമ്മത്തിന് അഭിപ്രായൈക്യം (ഇജ്മാഅ്) ഉണ്ടായിരിക്കണം. അതൊന്നുമില്ലാതെ ഒരു വിധിയെ പ്രത്യേകപ്പെടുത്തുന്നത് അനുവദനീയമല്ല.'
ഖുര്‍ആന്‍ പറഞ്ഞ മേല്‍നോട്ടത്തെ (ഖവാമ) കുറിച്ചും ഹിബ റഊഫ് സംസാരിക്കുന്നുണ്ട്. സ്ത്രീകളും പുരുഷന്മാരുമായ എല്ലാ വിശ്വാസികള്‍ക്കും പൊതുവായി ഉണ്ടാകേണ്ട ഒരു ഗുണമായിട്ടാണ് 'ഖവാമ'യെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളാവണം എന്ന നിര്‍ദേശവുമായി ബന്ധിപ്പിച്ചാണ് ഖുര്‍ആന്‍ അത് പറഞ്ഞിരിക്കുന്നത് (അല്‍ മാഇദ 8). ദൈവിക നിയമങ്ങള്‍ പാലിച്ച് എല്ലാവരും സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളണം എന്ന് നിര്‍ദേശിക്കുകയാണ്. പക്ഷേ സവിശേഷ സന്ദര്‍ഭങ്ങളില്‍ ആ ഖവാമ പുരുഷന് നല്‍കിയെന്നിരിക്കും. കുടുംബത്തില്‍ പുരുഷന്‍ ഖവ്വാം ആണ് എന്ന് പറയുമ്പോള്‍ അവന്റെ ഉത്തരവാദിത്തത്തെയാണ് അത് ഓര്‍മപ്പെടുത്തുന്നത്. അത് അധികാരപ്രയോഗത്തിനുള്ള അനുവാദമല്ല. പുരുഷന്റെ രണ്ട് ഉത്തരവാദിത്തങ്ങളെക്കുറിച്ചാണ് അവിടെ (അന്നിസാഅ് 34) പറയുന്നത്. സ്ത്രീയുടെ ഭൗതികാവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുക, സംരക്ഷണം ഉറപ്പുവരുത്തുകയും കുടുംബകാര്യങ്ങളില്‍ നീതിയോടെ മാത്രം ഇടപെടുകയും ചെയ്യുക. രണ്ടും നീതിനിര്‍വഹണവുമായി ബന്ധപ്പെട്ടത്.
സ്ത്രീവിമോചന ചര്‍ച്ചകളില്‍ അബ്ദുല്‍ വഹാബ് മസീരിയും മുന്നോട്ടു വെക്കുന്നത് സമാന നിലപാടാണ്. ഇസ്‌ലാമിന്റെ കുടുംബ സങ്കല്‍പ്പം മുന്‍നിര്‍ത്തിയാണ് ആ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകേണ്ടത്. ഇസ്‌ലാമില്‍ വ്യക്തിക്കോ പദാര്‍ഥത്തിനോ അല്ല പ്രാധാന്യം; സമൂഹത്തിനും കുടുംബത്തിനുമാണ്. അതിനാല്‍ പുരുഷന്‍ അതിരുകവിയുകയോ അവഗണിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ ആ വഴിതെറ്റലുകളെ തിരുത്താനുള്ള എറ്റവും മികച്ച മാര്‍ഗം അവനെ കുടുംബത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും അവന്റെ സാമൂഹിക ബാധ്യതകള്‍ ഓര്‍മിപ്പിക്കുകയുമാണ്. സ്ത്രീയെ അവളുടെ ജീവിത പശ്ചാത്തലങ്ങളില്‍നിന്ന് അടര്‍ത്തിമാറ്റി പുരുഷനെതിരെ പോരിന് നിര്‍ത്തുകയല്ല. ആ പോര് കുടുംബത്തെ ശിഥിലമാക്കുമെന്ന് മസീരിയെപ്പോലെ ഹിബയും മുന്നറിയിപ്പു നല്‍കുന്നു. ഇസ്‌ലാമിലെ സാമൂഹിക ക്രമത്തിന്റെ അച്ചുതണ്ടാണ് കുടുംബം. അത് തകരുന്നതോടെ ഇസ്‌ലാമിക സമൂഹത്തിന് അതിന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനാകാതെ വരും. ഹിബ, മസീരി പോലുള്ളവര്‍ മുന്നോട്ടു വെക്കുന്ന ഈ വിമോചന കാഴ്ചപ്പാടില്‍ വ്യക്തിക്കല്ല, കുടുംബത്തിനും സാമൂഹിക ക്രമത്തിനുമാണ് പ്രഥമ പരിഗണന. ഇസ്‌ലാമിലെ കുടുംബം പുരുഷാധികാരം അരക്കിട്ടുറപ്പിക്കാനുള്ള ഒരു സംവിധാനമല്ല. സ്ത്രീയും പുരുഷനും പരസ്പരം കൂടിയാലോചിച്ചാണ് (ശൂറാ) അവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ദമ്പതികളില്‍ ഒരാളും പരിധികള്‍ ലംഘിക്കാതിരിക്കാനുള്ള സുരക്ഷാ സംവിധാനങ്ങളും ഇസ്‌ലാമിക കുടുംബ ഘടനയില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.
(ഫലസ്ത്വീനി എഴുത്തുകാരനായ ലേഖകന്‍ അല്‍ജസീറ നെറ്റ് കോളമിസ്റ്റാണ്)
Comments