ഹൈദ്രോസ് സാഹിബ്
ഏലൂര്‍ വ്യവസായ മേഖലയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ നട്ടുവളര്‍ത്തിയതില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിയായിരുന്നു ഏലൂര്‍ പള്ളിക്കര വീട്ടില്‍ ഹൈദ്രോസ് സാഹിബ്. സാധാരണ കമ്പനി ജോലിക്കാരനായിരുന്ന അദ്ദേഹം കൂടെ ജോലി ചെയ്തിരുന്ന മലബാറുകാരായ ഇസ്‌ലാമിക പ്രവര്‍ത്തകരില്‍നിന്ന് പ്രസ്ഥാനത്തെ മനസ്സിലാക്കുകയും അവരോടൊപ്പം സ്വന്തം നാട്ടിലും പരിസര പ്രദേശങ്ങളിലും പ്രസ്ഥാനത്തെ വളര്‍ത്തുന്നതിന് മുന്‍പില്‍ നില്‍ക്കുകയും ചെയ്തു. കമ്യൂണിസ്റ്റുകാരനായിരുന്ന അദ്ദേഹം പൂര്‍ണമായും ദീനിലേക്ക് കടന്നുവന്നു. ജോലി കഴിഞ്ഞാല്‍ സഹപ്രവര്‍ത്തകരുമായി ഏലൂര്‍ കിഴക്കുംഭാഗത്ത് സ്‌ക്വാഡുകള്‍ നടത്തുകയും 1964, '65 കാലങ്ങളില്‍ ഏലൂര്‍ വടക്കുംഭാഗത്തേക്കു കൂടി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്തു. വൈകുന്നേരം മഗ്‌രിബ് നമസ്‌കാരം വരെ എല്ലാ ദിവസവും സ്‌ക്വാഡ് നടത്തും. ഏലൂര്‍ പ്രദേശത്ത് പ്രസ്ഥാനത്തെ പരിചയപ്പെടാത്ത ഒരു വീടും ഉണ്ടായിരുന്നില്ല. അക്കാലത്ത് ഹല്‍ഖാ യോഗങ്ങള്‍ നടന്നിരുന്നത് അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു. സമീപ പ്രദേശങ്ങളായ ഇടമുള, മഞ്ഞുമ്മല്‍, പള്ളിലാംകര, കരിങ്ങാംതുരുത്ത് എന്നീ പ്രദേശങ്ങളില്‍ പ്രസ്ഥാന സന്ദേശമെത്തിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്. ഔപചാരിക വിദ്യാഭ്യാസം കുറവായിരുന്നെങ്കിലും വായനാ തല്‍പരനായിരുന്നു. പ്രബോധനം വാരിക വരാന്‍ താമസിച്ചാല്‍ വലിയ വിഷമമായിരുന്നു. കാഴ്ചക്ക് പ്രശ്‌നം ഉണ്ടായിരുന്നപ്പോള്‍ മക്കളോട് വായിച്ചുകൊടുക്കാന്‍ പറയുമായിരുന്നു. ആദ്യ കാലഘട്ടങ്ങളില്‍ പ്രസ്ഥാനത്തിലേക്ക് കടന്നുവന്നതിന്റെ പേരില്‍ സ്വകുടുംബത്തില്‍നിന്ന് ഒറ്റപ്പെടുകയും മാനസിക പ്രയാസം അനുഭവിക്കുകയും ചെയ്തു. വിവിധ ആശയക്കാര്‍ക്ക് പ്രസ്ഥാനത്തെ പരിചയപ്പെടുത്താനുള്ള പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി, മലപ്പുറം, ദഅ്‌വത്ത് നഗര്‍ സമ്മേളനങ്ങളിലും ശാന്തപുരം കോളേജ് പരിപാടികളിലും ആളുകളെ സംഘടിപ്പിച്ചു കൊണ്ടുപോകുമായിരുന്നു. ഏലൂര്‍ ഹിറാ ചാരിറ്റബ്ള്‍ ട്രസ്റ്റ് അംഗമായിരുന്നു.
കെ.വി താജുദ്ദീന്‍
കൊല്ലം ജില്ലയിലെ കുന്നിക്കോട് കാര്‍കുന്‍ ഹല്‍ഖാ സെക്രട്ടറിയായിരുന്നു കിളിയംകോട് വീട്ടില്‍ താജുദ്ദീന്‍ (70). കോവിഡ് ബാധിതനായാണ് അദ്ദേഹം മരണപ്പെട്ടത്. പ്രസ്ഥാന പ്രവര്‍ത്തനത്തിന് സമര്‍പ്പിച്ചതായിരുന്നു ജീവിതം. ഹരിപ്പാട് പ്രൈവറ്റ് ഐ.ടി.സിയില്‍ ജോലി ചെയ്യുമ്പോള്‍ അവിടത്തെ പ്രവര്‍ത്തകര്‍ വഴി പ്രസ്ഥാനത്തിന്റെ സഹയാത്രികനായി. ഹല്‍ഖയുടെയും മറ്റും പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും കണക്കുകളും കൃത്യമായി എഴുതി സൂക്ഷിക്കും. ബൈത്തുല്‍മാല്‍, റമദാന്‍ റിലീഫ്, ഉദ്ഹിയ്യത്ത് എന്നിവയുടെ വരവു ചെലവ് കണക്കുകള്‍ സൂക്ഷ്മമായി എഴുതിത്തയാറാക്കാന്‍ പ്രത്യേക താല്‍പര്യമായിരുന്നു. പാര്‍ട്ടിയുടെ മണ്ഡലം ട്രഷററായി പ്രവര്‍ത്തിച്ചു. പ്രബോധനം വിതരണത്തിന് ശാരീരിക ബുദ്ധിമുട്ടുകളുള്ളപ്പോഴും മുടക്കം വരുത്തിയില്ല. കുടുംബത്തെ പ്രസ്ഥാന മാര്‍ഗത്തില്‍ നിലനിര്‍ത്താന്‍ പരിശ്രമിച്ചു. ഭാര്യ ബുശ്‌റാ ബീവി കുന്നിക്കോട് വനിതാ കാര്‍കുന്‍ ഹല്‍ഖാ നാസിമത്താണ്. രണ്ട് ആണ്‍മക്കളും ഒരു മകളും അദ്ദേഹത്തിനുണ്ട്.
ഫാര്‍മസിസ്റ്റായിരുന്ന ജ്യേഷ്ഠന്‍ കാര്‍കുനായിരിക്കെ 8 മാസം മുമ്പാണ് മരണപ്പെട്ടത്. മൂത്ത സഹോദരന്‍ ശംസുദ്ദീന്‍ കുഞ്ഞും ഹല്‍ഖാ നാസിമായിരിക്കെയാണ് മരണപ്പെട്ടത്. സൗമ്യമായ പ്രവര്‍ത്തനമായിരുന്നു അവര്‍ നടത്തിയത്. പ്രസ്ഥാന പ്രവര്‍ത്തനത്തിന് ഒരു ആസ്ഥാനം അവരുടെ സ്വപ്‌നമായിരുന്നു. അതിനു വേണ്ട സ്ഥലവും സമ്പത്തും നീക്കിവെച്ചിട്ടാണ് അവര്‍ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കിയത്.
വി. നിസാമുദ്ദീന്‍ കുന്നിക്കോട്
Comments