Prabodhanm Weekly

Pages

Search

021 മാര്‍ച്ച് 12

3193

1442 റജബ് 28

ത്വാരിഖുല്‍ ബിശ്‌രി ഇസ്‌ലാം പക്ഷേത്തക്ക് മാറിയ സെക്യുലര്‍ ഇടതുനിയമജ്ഞന്‍

വി.എ കബീര്‍

കഴിഞ്ഞ ഫെബ്രുവരി 26-ന് ചരിത്രമായി മാറിയ ഈജിപ്ഷ്യന്‍ ഭരണഘടനാ വിദഗ്ധന്‍ ത്വാരിഖുല്‍ ബിശ്‌രി ചരിത്രത്തില്‍ ബിരുദമെടുക്കാതെ ഈജിപ്ഷ്യന്‍ ചരിത്രത്തിന് സംഭാവന നല്‍കിയ മൂന്ന് പ്രഗത്ഭ എഴുത്തുകാരിലൊരാളായിരുന്നു. സ്വലാഹ് ഈസാ (1939-2017)യും രിഫ്അത്ത് സഈദു(1932-2017)മാണ് മറ്റു രണ്ട് എഴുത്തുകാര്‍. രണ്ടു പേരും മാര്‍ക്‌സിസ്റ്റ് ലൈനില്‍ പ്രവര്‍ത്തിക്കുന്ന 'ഹിസ്ബുത്തജമ്മുഇ'ന്റെ വക്താക്കളായിരുന്നു. സ്വലാഹ് ഈസാ ഒടുവില്‍ ഹുസ്‌നി മുബാറക്കിന്റെ കാലമായപ്പോഴേക്ക് വലതുപാളയത്തിലെത്തി. ഇഖ്‌വാന്റെ വിമര്‍ശകനാണെങ്കിലും എല്ലാ വിമര്‍ശകരും ഇഖ്‌വാനെതിരെ എടുത്തു വീശാറുള്ള, ബന്നായുടെ കാലത്ത് രൂപവത്കരിക്കപ്പെടുകയും ബന്നാക്ക് തന്നെ തലവേദനയായി മാറുകയും ചെയ്ത രഹസ്യ സായുധ ഗ്രൂപ്പിനെ (അല്‍ ജിഹാസുല്‍ ഖാസ്വ്) സ്വലാഹ് ഈസാ ന്യായീകരിക്കുകയാണ് ചെയ്തത്. അധിനിവേശ ശക്തികളെ ചെറുക്കാന്‍ സംഘടിപ്പിക്കപ്പെടുന്ന അത്തരം സംവിധാനങ്ങള്‍ക്ക് എന്നും പ്രസക്തിയുണ്ടെന്നാണ് ഈസായുടെ വാദം. ഇതു സംബന്ധമായി അദ്ദേഹം എഴുതിയ ലേഖനം ഡോ. യൂസുഫുല്‍ ഖറദാവി തന്റെ ആത്മകഥയില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്. ഈജിപ്തിലെ മക്തബത്ത് മദ്ബൂലി പ്രസിദ്ധീകരിച്ച ഇഖ്‌വാനെക്കുറിച്ച മിച്ചലിന്റെ ഗ്രന്ഥത്തിന് അവതാരിക എഴുതിയതും സ്വലാഹ് ഈസായാണ്. ഗ്രന്ഥത്തെ മികച്ചു നില്‍ക്കുന്ന അവതാരിക എന്നാണ് അതിന് കിട്ടിയിട്ടുള്ള പ്രശംസ. ത്വാരിഖുല്‍ ബിശ്‌രിയുടെ വ്യക്തിപ്രഭാവത്തെ അനാവരണം ചെയ്യുന്ന ഒരു ലേഖനവും 'മുശാഗബാത്ത്' എന്ന തന്റെ കോളത്തില്‍ അദ്ദേഹം എഴുതുകയുണ്ടായി. എന്നാല്‍ മുഹമ്മദ് മുര്‍സിക്കെതിരെ പ്രക്ഷോഭമുണ്ടായപ്പോള്‍ സമവായത്തിനിറങ്ങിയ ബിശ്‌രിയെ വിമര്‍ശിക്കാന്‍ അദ്ദേഹത്തിനത് തടസ്സമായില്ല.
2013 ജൂലൈയില്‍ മുര്‍സിക്കെതിരെ നടന്ന പട്ടാള അട്ടിമറിയെത്തുടര്‍ന്ന് ഇഖ്‌വാന്‍ നേതാക്കളെ (500-ലേറെ വരും അവരുടെ എണ്ണം) ദിനേനയെന്നോണം തൂക്കാന്‍ വിധിച്ച ഈജിപ്ഷ്യന്‍ ജുഡീഷ്യല്‍ പ്രഹസനത്തിലെ ആരാച്ചാര്‍ ന്യായാധിപന്മാരെക്കുറിച്ച് നാം വായിച്ചിട്ടുണ്ട്. എന്നാല്‍ ആ ജനുസ്സില്‍നിന്ന് വ്യത്യസ്തനായിരുന്നു ത്വാരിഖുല്‍ ബിശ്‌രി. ഈജിപ്തിലെ എല്ലാ വിഭാഗക്കാരുടെയും ആദരവ് പിടിച്ചുപറ്റിയ ന്യായാധിപനായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് ഹുസ്‌നി മുബാറക്കിനെ താഴെയിറക്കിയ ഈജിപ്ഷ്യന്‍ വിപ്ലവം നടന്നപ്പോള്‍ ഭരണഘടനാ ഭേദഗതിക്കായി സൈനിക കൗണ്‍സില്‍ ഒരു സമിതിയെ നിയമിച്ചപ്പോള്‍ അദ്ദേഹത്തെ അതിന്റെ അധ്യക്ഷനാക്കിയത്. അത് വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടത് സ്വാഭാവികം. അപ്പോഴും ചില വിഭാഗങ്ങള്‍ അദ്ദേഹത്തെ സൈന്യത്തിന്റെ ആളായി ചിത്രീകരിക്കാതിരുന്നില്ല. ബോധ്യങ്ങള്‍ വെട്ടിത്തുറന്നു പറയാന്‍ പട്ടാള ബൂട്ടുകളെയും അദ്ദേഹം ഭയന്നിരുന്നില്ല. തന്നെ നിയമിച്ച മുര്‍സിയെ സീസി അട്ടിമറിച്ചപ്പോള്‍ അതിനെ സൈനിക അട്ടിമറി എന്നുതന്നെ അദ്ദേഹം വിശേഷിപ്പിച്ചു. മൂക്കിന് മുന്നിലുള്ളതിനപ്പുറം കാണാത്ത സെക്യുലര്‍-ലിബറലുകളും മുമ്പ് അദ്ദേഹത്തെ സേനയുടെ ഏജന്റ് എന്ന് വിശേഷിപ്പിച്ചവരും അപ്പോള്‍ അദ്ദേഹത്തെ 'ഇഖ്‌വാന്‍ജി' എന്ന് ആക്ഷേപിച്ചു. 2012 ആഗസ്റ്റ്- നവംബറില്‍ പ്രസിഡന്റ് മുര്‍സി നടത്തിയ ഭരണഘടനാപരമായ വിളംബരങ്ങള്‍ അസാധുവാക്കിയതും ഇതേ ബിശ്‌രി തന്നെയായിരുന്നു. കാരണം പ്രസിഡന്റിന്റെ അധികാരപരിധികളുടെ ലംഘനമായിരുന്നു അത്. സ്വന്തം ബോധ്യങ്ങളെ ആരുടെ മുന്നിലും അദ്ദേഹം അടിയറ വെച്ചില്ല. 
'ഈജിപ്തിന്റെ രാഷ്ട്രീയ ചരിത്രം', 'ജനാധിപത്യം, അറബ് ദേശീയത, ഇസ്‌ലാം,' 'ദേശീയ സംഘടന', 'കോപ്റ്റുകള്‍' തുടങ്ങിയ പല കൃതികളിലും ഊന്നിപ്പറഞ്ഞ നിലപാടുകളില്‍ ഏത് പ്രതികൂല സാഹചര്യത്തിലും ഉറച്ചു നില്‍ക്കാന്‍ ധൈര്യം കാണിച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. റാബിഅ ചത്വരത്തില്‍ 2013 ജൂലൈ മൂന്നിന് ശേഷം പട്ടാളം നടത്തിയ കൂട്ടക്കൊലകളെ പരസ്യമായി അപലപിക്കാനും അദ്ദേഹം മുന്നോട്ടുവന്നു. ഇഖ്‌വാന് അബദ്ധങ്ങള്‍ പിണഞ്ഞുവെന്നും തങ്ങള്‍ക്കെതിരെ അവസരം പാര്‍ത്തിരിക്കുന്നവരുടെ ഗൂഢനീക്കങ്ങള്‍ മുന്‍കൂട്ടി കാണുന്നതിലും സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിലും അവര്‍ക്ക് പിഴച്ചുവെന്നും പറഞ്ഞ ത്വാരിഖുല്‍ ബിശ്‌രി പട്ടാള അട്ടിമറി നടന്നപ്പോള്‍ സംഘട്ടനം ഇഖ്‌വാനും പ്രതിപക്ഷവും തമ്മിലല്ലെന്നും പട്ടാള ഏകാധിപത്യവും ജനാധിപത്യവും തമ്മിലാണെന്നും തുറന്നു പ്രഖ്യാപിച്ചു. 'ബുദ്ധിജീവി'കളില്‍ പലരും സീസി ഭരണകൂടത്തിന്റെ തണല്‍ പറ്റാന്‍ മത്സരിക്കുന്വോഴായിരുന്നു ഇത്. 2013 ജൂലൈ 22-ന് 'അശ്ശൂറൂഖ്' പത്രത്തിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം അതിങ്ങനെ സംഗ്രഹിച്ചു:
''രാജ്യത്തെയും രാഷ്ട്ര സംവിധാനങ്ങളെയും സംരക്ഷിക്കാനാണ് സൈന്യം നീങ്ങിയത്. പിന്നെ അവര്‍ രാഷ്ട്രത്തെയും സംവിധാനങ്ങളെയും തകര്‍ക്കാന്‍ ആ നീക്കത്തെ ദുരുപയോഗപ്പെടുത്തി. സായുധ സേനയുടെ നീക്കം സംരക്ഷണത്തിന് പകരം വിധ്വംസനമായി മാറി. തങ്ങളുടെ തലപ്പത്തുള്ളവരുടെ ദുഷ്ടലാക്ക് പത്ത് ദിവസം മുമ്പ് ഈ നീക്കം നടത്തിയ സേനക്ക് അറിയാതെയല്ല. ഇതുതന്നെയാണ് പട്ടാള അട്ടിമറിയുടെ കൃത്യമായ രീതികള്‍. തങ്ങളുടെ തലപ്പത്തുള്ളവരുടെ രാഷ്ട്രീയ ലക്ഷ്യം നേടിക്കൊടുക്കുകയായിരുന്നു അവര്‍.''
ഈജിപ്തില്‍ ഇദംപ്രഥമമായി ജനാധിപത്യ രീതിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഇഖ്‌വാന്റെ ഭാഗത്തുനിന്ന് അദ്ദേഹത്തിന് സ്ഥാനാര്‍ഥിത്വത്തിന്റെ ഓഫറുണ്ടായിരുന്നു.  പക്ഷേ അധികാരം അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ല; ജനാധിപത്യത്തിന്റെ ദൃഢീകരണം മാത്രമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. സഹജമായ ചിന്താ മണ്ഡലത്തിലൊതുങ്ങിനിന്ന് രാജ്യത്തെ സേവിക്കാനായിരുന്നു അദ്ദേഹത്തിന്റെ താല്‍പര്യം. ഇഖ്‌വാന്റെ ജാഗ്രതക്കുറവിനെക്കുറിച്ച് എഴുതിയപ്പോഴും  ജനാധിപത്യത്തിന്റെ ഭാവി തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഉത്കണ്ഠ. അതിനെക്കുറിച്ച് അദ്ദേഹം എഴുതി: ''സെക്യുലര്‍ ധാരകളില്‍പെട്ട ചിലര്‍ അവരെ (ഇഖ്‌വാന്‍ ഭരണകൂടത്തെ) താഴെയിറക്കാന്‍ അവസരം പാര്‍ത്തു കഴിയുന്നത് നാം കാണുന്നുണ്ടായിരുന്നു. ഇഖ്‌വാനെ അപ്പാടെ തള്ളിക്കളഞ്ഞവരാണവര്‍. ഏകാധിപത്യ ശക്തികള്‍ ഈ ഘടകങ്ങളെയൊക്കെ ചൂഷണം ചെയ്തു. വിപ്ലവത്തിന്റെ ഹ്രസ്വമായ ജനാധിപത്യ പരീക്ഷണത്തിന് അറുതി വരുത്തുകയായിരുന്നു അവരുടെ ലക്ഷ്യം; ഏകാധിപത്യത്തെ പൂര്‍വോപരി ശക്തിയോടെ തിരിച്ചുകൊണ്ടുവരാന്‍. രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതില്‍ ഇഖ്‌വാന് അബദ്ധം പിണഞ്ഞു; വിശിഷ്യാ അവരെ പരാജയപ്പെടുത്താന്‍ നോമ്പ് നോറ്റിരിക്കുന്നവരെ തിരിച്ചറിയുന്നതില്‍. ഇഖ്‌വാനെ താഴെയിറക്കാന്‍ സിവില്‍ രാഷ്ട്രീയ ശക്തികള്‍ ഏകാധിപത്യത്തോട് സഖ്യം ചെയ്തു.''

അറബ് വസന്തത്തിന്റെ ത്വരക ശക്തി

2011 ജനുവരിയില്‍ ഈജിപ്തില്‍ അരങ്ങേറിയ അറബ് വസന്തത്തിന്റെ ത്വരക ശക്തികളിലൊരാളായിരുന്നു ത്വാരിഖുല്‍ ബിശ്‌രി. അടിസ്ഥാനപരമായി നിയമവിശാരദനെങ്കിലും രാഷ്ട്രീയ മാറ്റങ്ങളുടെ ദിശാനിര്‍ണയത്തില്‍ മുന്‍പന്തിയില്‍ തന്നെ അദ്ദേഹം നിലയുറപ്പിച്ചു. '67 ജൂണില്‍ നടന്ന അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ നാസിറിന്റെ അറബ് ദേശീയത മുഖം കുത്തിവീണതില്‍ പിന്നെയാണ് ബിശ്‌രി ഇടത് ലൈനിലേക്ക് ചുവടു മാറുന്നത്. അപ്പോഴും സംഘടനാപരമായ കെട്ടുപാടുകളില്‍നിന്ന് മാറിനിന്ന് സ്വതന്ത്ര നിലപാട് സ്വീകരിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. അറബ് വസന്തത്തിന് മുന്നോടിയായി നടന്ന 'കിഫായ' പ്രക്ഷോഭത്തിനൊക്കെ ഊര്‍ജം പകരാന്‍ ബിശ്‌രിയുമുണ്ടായിരുന്നു. അകത്തു നിന്നും പുറത്തു നിന്നുമുള്ള സമ്മര്‍ദഫലമായി ഹുസ്‌നി മുബാറക് മുന്നോട്ടുവെച്ച ഭരണഘടനാ നിര്‍ദേശങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടന്നപ്പോള്‍ നാസിറിസ്റ്റ് പത്രമായ  'അല്‍ അറബി'യില്‍ അദ്ദേഹത്തിന്റെ ദീര്‍ഘമായൊരു പഠനം വെളിച്ചം കണ്ടു. രണ്ടാം മില്ലിനിയത്തിന്റെ പ്രഥമ അര്‍ധ ദശകത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ശീര്‍ഷകം തന്നെ 'സിവില്‍ നിയമ ലംഘനത്തിന് ആഹ്വാനം' എന്നായിരുന്നു. വ്യവസ്ഥയെ മൗലികമായി നിലനിര്‍ത്തിക്കൊണ്ട് ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള ഒരു തന്ത്രമായേ മുബാറക്കിന്റെ ഭേദഗതികളെ അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞുള്ളൂ. ഒരു ജനകീയ പ്രക്ഷോഭത്തിനല്ലാതെ സ്ഥിതിഗതികളെ ശരിയായ ദിശയിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് അദ്ദേഹം തുറന്നെഴുതി. പ്രക്ഷോഭം എത്ര സമാധാനപരമായാലും ഭരണകൂടം അതടിച്ചമര്‍ത്താന്‍ ഹിംസ ഉപയോഗിക്കുമെന്നും എന്നാല്‍ ഒരിക്കലും ആത്മസംയമനം വെടിഞ്ഞ് പ്രതിഹിംസയുടെ മാര്‍ഗം സ്വീകരിക്കരുതെന്നും മുന്നറിയിപ്പ് നല്‍കാന്‍ അദ്ദേഹം മറന്നില്ല. 2006-ല്‍ 'ഈജിപ്ത് ശൈഥില്യത്തിനും സിവില്‍ ലംഘനത്തിനും മധ്യേ' (മസ്ര്‍ ബൈനല്‍ ഇസ്വ്‌യാനി വത്തഫക്കുക്) എന്നൊരു ഗ്രന്ഥവും അദ്ദേഹം എഴുതി. കിഫായ പ്രക്ഷോഭത്തിന്റെയും, വ്യാപകമായ ഭരണവിരുദ്ധ പ്രക്ഷോഭ പരമ്പരകളുടെയും മുന്‍ ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി അസീസ് സ്വിദ്ഖിയുടെ നേതൃത്വത്തിലുള്ള 'ദേശീയ പരിവര്‍ത്തന സംഘ'(അല്‍ ജംഇയ്യത്തുല്‍ വത്വനിയ്യ ലിത്തഗ്‌യീര്‍)ത്തിന്റെയും നിമിത്തമായി വര്‍ത്തിച്ച രചനയായിരുന്നു അത്.
ജനുവരി വിപ്ലവത്തിനു ശേഷം ജനാധിപത്യം ശക്തിപ്പെടുത്താനായിരുന്നു അദ്ദേഹത്തിന്റെ ശ്രമമത്രയും. ഇഖ്‌വാനും ഇതര പ്രസ്ഥാനങ്ങളുമായി നിരന്തരം അദ്ദേഹം ഉപദേശങ്ങളും കാഴ്ചപ്പാടുകളും പങ്കിടുകയുണ്ടായി. 2014 -ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 'ജനുവരി വിപ്ലവവും അധികാര സംഘട്ടനവും' (സൗറത്തു യനായര്‍ വസ്സുറാഉ ഹൗലസ്സുല്‍ത്വ) എന്ന പുസ്തകത്തിലെ പ്രമേയം അതാണ്. സീസിയുടെ അട്ടിമറിക്കു ശേഷം 2013 ജൂലൈ 30-ന് ഈജിപ്ഷ്യന്‍ പത്രമായ 'അശ്ശുറൂഖി'ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അദ്ദേഹം എഴുതി: ''നമ്മളിപ്പോള്‍ അഭിമുഖീകരിക്കുന്നത് അധികാരത്തിലുള്ള ഇഖ്‌വാനും പ്രതിപക്ഷവും തമ്മിലുള്ള ഒരു സംഘട്ടനത്തെയല്ല. അങ്ങനെയൊരു സംഘട്ടനമായിരുന്നെങ്കില്‍ 2012-ലെ ഭരണഘടന പ്രകാരം ജനപ്രതിനിധാ സഭ തെരഞ്ഞെടുപ്പ് നടത്തി ശരിയായ ജനപിന്തുണ ആര്‍ക്കാണെന്ന് നമുക്ക് തീര്‍പ്പിലെത്താന്‍ കഴിയുമായിരുന്നു. തെരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്ഥാനത്തില്‍ പ്രസിഡന്റിന്റെ അധികാരങ്ങള്‍ ഭരണഘടനാപരമായി നിയന്ത്രിക്കാനും സാധിക്കും. എന്നാല്‍ നമ്മള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് ജനാധിപത്യവും ഭരണഘടനയുമായി ബന്ധപ്പെട്ട ഒരു സംഘട്ടനത്തെയാണ്. അതാണ് സായുധ സേനാ നേതൃത്വത്തിന്റെ അട്ടിമറിയിലൂടെ സംഭവിച്ചിരിക്കുന്നത്. ഇഖ്‌വാനെതിരെയുള്ള പ്രക്ഷോഭത്തെ ജനുവരി വിപ്ലവത്തിന്റെ ചൈതന്യം കെടുത്തി വീണ്ടും ഏകാധിപത്യത്തിലേക്ക് നമ്മെ തിരിച്ചുകൊണ്ടുപോകാന്‍ സൈനിക നേതൃത്വം ദുരുപയോഗപ്പെടുത്തുന്നതിനാണ് നാം ഇപ്പോള്‍ സാക്ഷിയാകുന്നത്.''

സമവായ വക്താവ്

സാമൂഹികമാറ്റമാകട്ടെ, രാഷ്ട്രീയമാറ്റമാകട്ടെ സമവായത്തിന്റെ വക്താവായിരുന്നു ത്വാരിഖുല്‍ ബിശ്‌രി എന്നും. ഇസ്‌ലാമിസ്റ്റ്-സെക്യുലറിസ്റ്റ് സംവാദത്തെ കുറിച്ച് ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട് അദ്ദേഹം. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ച് സ്വയം വിമര്‍ശനം നടത്തുന്ന ഒരു സമാഹാരം കുവൈത്തിലെ ഡോ. അബ്ദുല്ല നഫീസി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിശ്‌രിയുടെ ദീര്‍ഘമായ ലേഖനവും അതില്‍ കാണാം. മുഹമ്മദുബ്‌നു അബ്ദുല്‍ വഹാബ് മുതല്‍ ജമാലുദ്ദീന്‍ അഫ്ഗാനിയും സയ്യിദ് ഖുത്വ്ബും മൗലാനാ മൗദൂദിയും വരെ അതില്‍ പരാമൃഷ്ടമാവുന്നുണ്ട്. കൗതുകകരവും പഠനാര്‍ഹവുമായ അതിലെ നിരീക്ഷണങ്ങള്‍ ഇവിടെ ചുരുക്കി വിവരിക്കാന്‍ പ്രയാസമാണ്. ശീഈ-സുന്നി വിഭജനരേഖ മായ്ച്ചുകളഞ്ഞ് പാന്‍ ഇസ്‌ലാമിസത്തിന്റെ ചക്രവാളം സൃഷ്ടിച്ച അഫ്ഗാനിയെ അദ്ദേഹം അതില്‍ എടുത്തുകാണിക്കുന്നു. ഹസനുല്‍ ഹുദൈബിയുടെയും ഖറദാവിയുടെയും ഉപരിപ്ലവ ദൃഷ്ടി തള്ളിക്കളഞ്ഞ പോലെ സയ്യിദ് ഖുത്വ്ബിനെ അദ്ദേഹം തള്ളിക്കളയുന്നില്ല എന്നത് ശ്രദ്ധേയമാണ്. സയ്യിദ് ഖുത്വ്ബിന്റെ ചിന്തകള്‍ ബന്നായുടേതില്‍നിന്ന് വ്യത്യസ്തമാണെങ്കിലും സാഹചര്യങ്ങള്‍ കൂടി പരിഗണിക്കാതെ അതിനെ കുറിച്ച് വിധി നടത്തുന്നത് അനീതിയാണെന്നാണ് അദ്ദേഹം പറയുന്നത്. ബന്നാ നിലമൊരുക്കി കൃഷി ചെയ്തപ്പോള്‍ സയ്യിദ് ഖുത്വ്ബ് ഭദ്രമായ കോട്ട പണിയാനാണ് ശ്രമിച്ചതെന്ന് ബിശ്‌രി ചൂണ്ടിക്കാട്ടുന്നു.
1933-ലാണ് ബിശ്‌രിയുടെ ജനനം; കെയ്‌റോയിലെ സാഹിത്യകാരന്മാരുടെയും ന്യായാധിപന്മാരുടെയും കുലീന കുടുംബത്തില്‍. പിതാവ് അപ്പീല്‍ കോര്‍ട്ടിലെ ചീഫ് ജസ്റ്റിസായിരുന്നു. പിതാമഹന്‍ നാട്ടിലെ മാലികീ മദ്ഹബ് ശൈഖായിരുന്നു. 1953-ലാണ് ത്വാരിഖുല്‍ ബിശ്‌രി നിയമബിരുദമെടുത്തത്. 1998-ല്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ സ്റ്റേറ്റ് കൗണ്‍സിലിലെ ഫസ്റ്റ് ഡെപ്യൂട്ടിയും ജനറല്‍ അസംബ്ലി ഫോര്‍ ലെജിസ്ലേഷന്‍ ആന്റ് കണ്‍സള്‍ട്ടേഷന്റെ ചെയര്‍മാനുമായിരുന്നു. കോവിഡ് ബാധയെത്തുടര്‍ന്ന് 88-ാം വയസ്സിലാണ് അദ്ദേഹത്തിന്റെ നിര്യാണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (94-96)
ടി.കെ ഉബൈദ്‌