ഒരു പോരാട്ടത്തിന്റെ തുടര്‍ച്ച
വാരിയംകുന്നത്തിന്റെ പുനര്‍ജനി; അവസാനരംഗത്ത് അദൃശ്യമായൊരു ഉച്ചഭാഷിണി കൈയിലെടുത്തു കൊണ്ട് ഒരു വിടവാങ്ങല്‍ പ്രഭാഷണം നടത്തുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. കണ്ണുകള്‍ തുറന്നുപിടിച്ചുകൊണ്ട്, തന്റെ നെഞ്ചിലേക്കു തന്നെ വെടിവെക്കാന്‍ ബ്രിട്ടീഷ് പട്ടാളത്തോട് കല്‍പിച്ച, പൂര്‍വജന്മത്തില്‍ പറഞ്ഞു പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ വാക്കുകള്‍ പോലെ തോന്നിച്ചു ആ പ്രഭാഷണം. ഒപ്പം ഏറെപ്പുതിയ കാലത്തോടുള്ള ശരിയായ ഒരുദ്ബോധനവും.
എന്തിനു വേണ്ടിയാണ് തങ്ങള്‍ 1921-ല്‍ പടവെട്ടിയതെന്ന് വാരിയംകുന്നത്ത് അനുസ്മരിച്ചു. അത് ബ്രിട്ടീഷുകാരോടുള്ള സമരമായിരുന്നു. നാട്ടുകാരെ ഒരുമിപ്പിക്കാനും നാടിനെ നല്ല വഴിക്കു നയിക്കാനും വേണ്ടി. നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നല്ലൊരു ജീവിതം സാധ്യമാകാനും. അതിനു വേണ്ടിത്തന്നെയാണ് തന്റെയീ പുനരാഗമനവും.
അന്നേരം, ബദ്ര്‍ യുദ്ധരംഗത്തെ നബിയെ ഓര്‍ത്ത് ഹാജിയുടെ ഉദരഭാഗത്ത് മുത്തം ചാര്‍ത്താന്‍ മുസ്‌ലിംകള്‍ തിരക്കിട്ടു. ഹിന്ദുക്കളാകട്ടെ, കൈകള്‍ പിണച്ച് ഭവ്യരായി നിന്നു; അതുവരെ അദ്ദേഹത്തെ വര്‍ഗീയവാദിയെന്നും മറ്റും ഭര്‍ത്സിച്ചിരുന്നവര്‍ പോലും. ഏറ്റവുമവസാനം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും പാണ്ട്യാട്ട് നാരായണന്‍ നമ്പീശനും പരലോകത്തേക്കു തന്നെ നിഷ്‌ക്രമിച്ചു. സ്വന്തം കുഞ്ഞുകുട്ടികളെ ഓര്‍ത്ത് വിവേകപ്പെട്ട ഹിന്ദുക്കളും മുസ്‌ലിംകളും അപ്പോള്‍ അനിഛാപൂര്‍ണമായ നീക്കത്താല്‍ പരസ്പരം ആലിംഗനബദ്ധരായി. അതുകണ്ട് വെണ്‍നീചന്മാരുടെ പുതിയ പ്രഛന്നബാധകള്‍ ഞെട്ടിത്തരിക്കുകയും ചെയ്തു.
സഹവര്‍ത്തിത്വത്തിന്റെ ആഖ്യാനങ്ങള്‍
ചരിത്രത്തില്‍നിന്ന് സഹവര്‍ത്തിത്വത്തിന്റെയും ആദാനപ്രദാനങ്ങളുടെയും വേരുകളും ശാഖകളും കണ്ടെത്താന്‍ ശ്രമിക്കുകയും ആ പ്രയത്നത്തില്‍ പൂര്‍ണമായും സമര്‍പ്പിതനാവുകയും ആ ദൗത്യത്തെത്തന്നെ തന്റെ പ്രത്യയശാസ്ത്രമാക്കി മാറ്റുകയും ചെയ്ത എഴുത്തുകാരന്‍ എന്ന് കെ.പി രാമനുണ്ണിയെ വിശേഷിപ്പിക്കാം. സംഘര്‍ഷങ്ങളുടെ ആഖ്യാനമായി ചരിത്രത്തെ അപനിര്‍മിച്ച, ഒരു നിഷേധാത്മകചരിത്രത്തെ വ്യാജമായി സൃഷ്ടിച്ച വി.ഡി സവര്‍ക്കറുടെ കൗടില്യങ്ങള്‍ക്കെതിരായ പ്രതിരോധമായി രാമനുണ്ണിയുടെ ഈ സമീപനത്തെ മനസ്സിലാക്കാമെന്ന് തോന്നുന്നു. പക്ഷേ, രാമനുണ്ണി ഒരു ചരിത്രകാരനല്ല. സര്‍ഗാത്മക സാഹിത്യമാണ് അദ്ദേഹത്തിന്റെ മേഖല. എന്നാല്‍ അദ്ദേഹത്തിന്റെ കൃതികള്‍ പലപ്പോഴും ഭൂതകാലത്തിന്റെ വേരുകളെ മാന്തിയെടുക്കുന്നു. പാരസ്പര്യത്തിന്റെയും സ്നേഹത്തിന്റെയും വിത്തുകള്‍ വിതക്കാനും കൊയ്യാനുമാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും പരിശ്രമിക്കുന്നത്.
ഹിന്ദു എന്ന് സ്വയം അടയാളപ്പെടുത്തിക്കൊണ്ടു തന്നെ ഹിന്ദുത്വ എന്ന മാരക, അക്രാമക ഫാഷിസ്റ്റ് തത്ത്വശാസ്ത്രത്തെ നിര്‍ഭയം എതിര്‍ക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നതും അതുകൊണ്ടാണ്. ഒരു സനാതന ഹിന്ദുവായി സ്വയം വിശേഷിപ്പിച്ച ഗാന്ധി ആയിരുന്നല്ലോ ഹിന്ദുത്വ സിദ്ധാന്തത്തിന്റെ പ്രഥമ പ്രഖ്യാപിത ശത്രു. ഗാന്ധിയെ വധിച്ചുകൊണ്ടാണല്ലോ ഹിന്ദുത്വ തങ്ങളുടെ വിദ്വേഷഭീകരതയുടെ തേരോട്ടത്തിന് തുടക്കം കുറിച്ചതും.
2020 ഡിസംബര്‍ ആദ്യവാരത്തിലെ ദേശാഭിമാനി വാരികയില്‍ കെ.പി രാമനുണ്ണി എഴുതിയ, 'വാരിയംകുന്നത്ത് വീണ്ടും' എന്ന കഥയും ഒരു കഥ എന്നതിനപ്പുറം സ്നേഹത്തിന്റെ ആഖ്യാനമായിത്തീരുന്നു. ഒപ്പം വംശീയ വെറികളുടെയും മനോവിഭജനങ്ങളുടെയും ആശയങ്ങള്‍ക്കെതിരായ ശക്തമായ പ്രതിരോധവും. ഒരര്‍ഥത്തില്‍, നബിയും കൃഷ്ണനുമുള്‍പ്പെടെയുള്ളവര്‍ക്ക് 'മോസ്റ്റ് മോഡേണ്‍' ലോകത്തിലേക്ക് പുനര്‍ജനി നല്‍കിയ, 'ദൈവത്തിന്റെ പുസ്തകം' എന്ന നോവലുമായി ഇക്കഥക്ക് സാമ്യമുണ്ട്. ധര്‍മപ്രവാചകന്മാരെ പുതുലോകത്തിലേക്കാനയിക്കുമ്പോള്‍ത്തന്നെ ചരിത്രത്തിലെ നീചകഥാപാത്രങ്ങള്‍ക്കും രാമനുണ്ണി തന്റെ നോവലില്‍ ഇടം നല്‍കിയിരുന്നു. ചരിത്രപുരുഷന്മാരെ കഥാപാത്രങ്ങളായി പുനഃസൃഷ്ടി നടത്തിയപ്പോള്‍ മുജ്ജന്മ ദുഷ്‌കൃതങ്ങളുടെ പേരില്‍ അവരില്‍ ചിലരെ പുഴുവോ പഴുതാരയോ ആക്കുന്നതിന് പകരം പശ്ചാത്തപിക്കാനും തിരുത്താനുമുള്ള അവസരം നല്‍കുന്നതിനാണ് 'ദൈവത്തിന്റെ പുസ്തക'ത്തിന്റെ സ്രഷ്ടാവ് തുനിയുന്നത്.
ഇപ്പോള്‍ കെ.പി രാമനുണ്ണി എന്ന കഥാകാരന്‍ പുനര്‍ജനി നല്‍കിയത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും ഉറ്റ ചങ്ങാതി പാണ്ട്യാട്ട് നാരായണന്‍ നമ്പീശനുമാണ്. കോട്ടക്കുന്നില്‍ വെച്ചാണ് അവരിരുവരും പുതുജന്മത്തില്‍ കണ്ടുമുട്ടുന്നത്. പതിനാലാം രാവിന്റെ നിറനിലാവിലേക്ക് കണ്‍തുറന്ന കുഞ്ഞഹമ്മദ് ഹാജി (ചതുര്‍ഥിച്ചന്ദ്രനാല്‍ നിരീക്ഷിക്കപ്പെട്ട ഹാജി എന്ന് കഥാകൃത്ത്) താന്‍ വെള്ളക്കാരുടെ വെടിയേറ്റ് മരിച്ചിരുന്നതോര്‍ത്തു. അങ്ങനെയെങ്കില്‍ മണ്ണിലേക്കുള്ള തന്റെ മടക്കം മുത്തുനബിയുടെ മിഅ്റാജിന് സമാനമായിരിക്കുമോ എന്നും ഹാജി അമ്പരന്നു. വാരിയംകുന്നത്തിന്റെ ഹൃത്തടത്തിലെ നബിസ്മരണകളായും നമ്പീശന്റെ ഉള്ളിലെ കൃഷ്ണ'ഗാഥ'യായും ദൈവത്തിന്റെ പുസ്തകം തന്നെ പുനഃസൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുണ്ട് രാമനുണ്ണിയുടെ കഥയില്‍.
വെണ്‍നീചന്മാര്‍ എന്ന പദമാണ് വെള്ളപ്പട്ടാളത്തെക്കുറിച്ചുള്ള ഓര്‍മയില്‍ ഹാജിയുടെ നാവിലും മനസ്സിലും വരുന്നത്. അയ്യാ വൈകുണ്ഠര്‍ എന്ന നാരായണ വൈകുണ്ഠ സ്വാമിയാണ് ബ്രിട്ടീഷ് കമ്പനി ഭരണാധികാരികളെ വെണ്‍നീചന്മാര്‍ എന്നും വെള്ളച്ചെകുത്താന്മാര്‍ എന്നും വിളിച്ചത്. അനന്തപുരിയിലെ ചെകുത്താന്‍ എന്ന് തിരുവിതാംകൂര്‍ രാജാവിനെയും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. ഇത്തരം രൂക്ഷവിമര്‍ശങ്ങളുടെ പേരില്‍ തിരുവിതാംകൂര്‍ ഭരണകൂടം അദ്ദേഹത്തെ ജയിലിലടക്കുകയും ചെയ്തു. അയ്യാ വൈകുണ്ഠരുടെ പ്രയോഗത്തെ വാരിയംകുന്നത്ത് ഹാജിയുടെയും പാണ്ട്യാട്ട് നമ്പീശന്റെയും നാവിലേക്ക് കയറ്റുകയാണ് കഥാകൃത്ത്.
അതായത്, കലാപബോധത്തില്‍പ്പോലും കെ.പി രാമനുണ്ണി സഹവര്‍ത്തിത്വവും പാരസ്പര്യവും കണ്ടെത്തുന്നു. അതേ ബോധത്തില്‍തന്നെയാണ് ഇരുപത്തൊന്നിലെ മഹാവിപ്ലവത്തിന്റെ കഥയും അദ്ദേഹം യഥാതഥമായിത്തന്നെ കഥനം ചെയ്യുന്നത്. മിഅ്റാജിനെക്കുറിച്ചോര്‍ത്തപ്പോള്‍ അഭിമാനപുളകിതനാകുന്നതോടൊപ്പം കുഞ്ഞഹമ്മദ് ഹാജിയില്‍ തന്റെ പുതുദൗത്യം എന്താവും എന്നതിനെക്കുറിച്ച ആശങ്കയും നിറയുന്നുണ്ട്. കര്‍ത്തവ്യഭാരം എന്നാണ് ഈ ആശങ്കയെ കഥാകൃത്ത് വിശേഷിപ്പിക്കുന്നത്.
പിതൃതര്‍പ്പണത്തിന്റെ മുഹൂര്‍ത്തത്തില്‍ ബലിപിണ്ഡ നാക്കിലയില്‍ വന്നിറങ്ങി തിരിച്ചുപോകാതെ ചുറ്റിത്തിരിഞ്ഞതാണ് നാരായണന്‍ നമ്പീശന്‍. തിരുന്നാവായക്കടവില്‍നിന്ന് പുത്തനത്താണി, കോട്ടക്കല്‍, മലപ്പുറം, മഞ്ചേരി വഴി നെല്ലിക്കുത്തിലേക്ക്. ആ വഴിയിലാണ് വാരിയംകുന്നത്ത് ഹാജിയെക്കുറിച്ച രണ്ട് കൊട്ടകപ്പടങ്ങളുടെയും (സിനിമകള്‍) രണ്ട് നാടകങ്ങളുടെയും കൂറ്റന്‍ പോസ്റ്ററുകളും പിന്നെ, രണ്ട് തരത്തില്‍ വേഷം കെട്ടിയാടുന്ന ആളുകളെയും കണ്ടതും വേവലാതി പൂണ്ടോടിയതും, കോട്ടക്കുന്നില്‍ വെച്ച് ഹാജിയെത്തന്നെ കണ്ടുമുട്ടിയതും. കുഞ്ഞഹമ്മദേ, പണ്ട് വെള്ളക്കാര്‍ നിന്നെ വര്‍ഗീയവാദിയാക്കി നിന്ദിച്ചിരുന്ന അതേ പരിപാടിയുമായാണ് ആ രണ്ടാമത്തെ കൊട്ടകക്കളിക്കാര്‍ ഇറങ്ങിയിരിക്കുന്നത് എന്ന് നമ്പീശന്‍ കിതക്കുകയും ചെയ്തു.
ഒരു ഭാഗത്ത് മഹാത്മാവായ കുഞ്ഞഹമ്മദ് ഹാജി; മറുഭാഗത്ത് വര്‍ഗീയവാദിയായ കുഞ്ഞഹമ്മദ് ഹാജിയും. തീര്‍ച്ചയായും എന്തോ ദൗത്യനിര്‍വഹണത്തിനു വേണ്ടിത്തന്നെയാണ് റബ്ബ് വീണ്ടുമീ ദുന്‍യാവിലേക്ക് തന്നെ അയച്ചിരിക്കുന്നതെന്ന് അന്നേരം ഹാജി ഉറപ്പിക്കുന്നുണ്ട്. രണ്ടാമത്തെ സിനിമക്കാരുടെ ജല്‍പനങ്ങളോര്‍ത്ത് ക്ഷോഭിച്ചു വിങ്ങിയ നമ്പീശനെ അദ്ദേഹം സമാധാനിപ്പിക്കുകയും ചെയ്തു. ആരെന്ത് പറഞ്ഞാലെന്ത്? നമ്മളെന്താണെന്നൊക്കെ വിലയിരുത്തേണ്ടവന്‍ വിലയിരുത്തി അതിന് കൂലിയും തന്ന് കഴിഞ്ഞതല്ലേ. തുടര്‍ന്ന് കോട്ടക്കുന്നിറങ്ങി നെല്ലിക്കുത്തിലേക്കുള്ള നടത്തം അവരൊരുമിച്ചായി.
തന്റെ ദൗത്യം ശരിയായിത്തന്നെ പൂര്‍ത്തീകരിച്ച് റബ്ബിലേക്ക് മടങ്ങിയ കുഞ്ഞഹമ്മദ് ഹാജിയെ നാം കഥയില്‍ അനുഭവിക്കുന്നുണ്ട്. ഒപ്പം ഇനിയൊരവതാരത്തിനു കൂടി അവസരമായിരിക്കുന്നു എന്ന ബോധവും.
അന്‍പ് കൊണ്ടെഴുതിയ ചരിത്രം
നമ്പീശന്റെ വീടിനോടും അവിടത്തെ വിഭവങ്ങളോടും കുഞ്ഞഹമ്മദിനും അനിയനുമുള്ള അഭിനിവേശം, സ്വന്തത്തില്‍നിന്നുള്ള വ്യതിയാനമായിരിക്കാം എന്ന് കഥാകൃത്ത് നിരീക്ഷിക്കുന്നു. അതാകട്ടെ, ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളോടും പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളോടും മുഹബ്ബത്ത് മുളക്കുന്നത് പോലെയുമാണ്. ഞാനും മക്കക്ക് പോരട്ടെ എന്ന നമ്പീശന്റെ ചോദ്യത്തിലേക്കും അന്നേരം വാരിയംകുന്നത്തില്‍നിന്നും ഉണ്ടാകുന്ന, റസൂലുണ്ടായിരുന്നെങ്കില്‍ രണ്ട് കൈയും നീട്ടി എന്ന അര്‍ധോക്തിയിലുള്ള ആത്മഗതത്തിലേക്കും വികസിക്കുകയും ചെയ്യുന്നുണ്ട് ആ സ്നേഹം.
പാണ്ടിക്കാട് യുദ്ധത്തിന്റെ പേരില്‍ നടന്ന അതിക്രമങ്ങളുടെ വേദനകള്‍ പങ്കുവെക്കുന്നുണ്ട് ഹാജിയും നമ്പീശനും. പിന്നീട് വടക്കോട്ടും തെക്കോട്ടും പിരിയുമ്പോള്‍ ഒരാള്‍ ചോദിച്ചു; നമ്മള്‍ രണ്ടു വഴിക്കാണോ? അന്നേരം മറ്റേയാളുടെ സാന്ത്വനം, ഒരിക്കലുമല്ല. ഒരേ സ്ഥലത്തു തന്നെ എത്തിച്ചേരും. ഭൂമി ഉരുണ്ടതാണല്ലോ. ഇവിടെ ഉരുണ്ട ഭൂമി തന്നെയും സ്നേഹ, പാരസ്പര്യങ്ങളുടെ അടയാളമായി മാറുന്നു. ഭൂതത്തില്‍നിന്ന് വര്‍ത്തമാനത്തിലേക്കും തിരിച്ചും പെട്ടെന്ന് പെട്ടെന്ന് തെന്നിമാറുന്ന ഒരു ഘടനയാണ് കഥയുടേത്. അതാകട്ടെ, ആഖ്യാനത്തിന് കുറേക്കൂടി മിഴിവ് പകരുന്നുമുണ്ട്.
ഇരുപതുകളിലെ മലബാറിനെ അവതരിപ്പിക്കുമ്പോള്‍, അന്നത്തെ എല്ലാ സമുദായങ്ങളിലെയും ബോധമുള്ള സകലരും സമരസജ്ജരായിത്തീര്‍ന്ന അവസ്ഥയെ രാമനുണ്ണി വരച്ചിടുന്നുണ്ട്. ബ്രിട്ടീഷാധിപത്യത്തോടൊപ്പം അതില്‍ ജന്മിത്തവും കടന്നുവരുന്നു. ഇന്ത്യയില്‍ പല ഭാഗങ്ങളിലുമെന്ന പോലെ സാമ്രാജ്യത്തിന് വിടുവേല ചെയ്യാനും സ്വാതന്ത്ര്യപ്പോരാട്ടങ്ങളെ ഒറ്റുകൊടുക്കാനും ധൃഷ്ടരായിരുന്നു മലബാറിലെയും ജന്മിമാര്‍. ഒപ്പം അവരുടെ ചൂഷണങ്ങളില്‍ കുടിയാന്മാരും കീഴ്ക്കുടിയാന്മാരും ദുരിതങ്ങള്‍ തിന്നുകൊണ്ടിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗം എന്നതോടൊപ്പം തന്നെ അധികാരത്തിനും സാമൂഹികാനീതികള്‍ക്കും ജന്മിത്തചൂഷണങ്ങള്‍ക്കും സാമ്രാജ്യത്വത്തിനുമെതിരായ കടുംപോരാട്ടമായി മലബാര്‍ കലാപം വികസിച്ചു. വ്യത്യസ്ത സമുദായങ്ങളെല്ലാം സമരസജ്ജരായിരിക്കെത്തന്നെ വെള്ളക്കാരും അവരുടെ പട്ടാളവും മുസ്‌ലിംകളെ മാത്രം കേന്ദ്രീകരിച്ചാണ് പ്രതികാരനടപടികള്‍ കൈക്കൊണ്ടത്. അതിനായി അവര്‍ മാപ്പിള ഔട്ട്റേജസ് ആക്ട് കൊണ്ടുവന്നു. അത് കര്‍ക്കശമായി നടപ്പിലാക്കുകയും ചെയ്തു.
ഇതിനും പുറമെ ജന്മിത്തത്തിനെതിരായ കലാപത്തെ ഹിന്ദുവിരുദ്ധലഹളയായി വ്യാഖ്യാനിച്ചും പോരാട്ടത്തിനിടയില്‍ നടന്ന ദൗര്‍ഭാഗ്യകരമായ ചില അക്രമങ്ങളെ അടയാളങ്ങളാക്കിയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മലബാര്‍ പോരാട്ടങ്ങള്‍ക്ക് വര്‍ഗീയമുദ്ര ചുമത്തുകയും ചെയ്തു. ഇത്തരം നടപടികള്‍ക്കു പിന്നില്‍ പല ഉദ്ദേശ്യങ്ങളുമുണ്ടാവാം. തദ്ദേശീയരില്‍ വിഭജനത്തിന്റെ വിത്തുകള്‍ വിതയ്ക്കുക എന്നതു തന്നെയായിരുന്നു അതില്‍ മുഖ്യം. ചരിത്രവായനയില്‍ ഇതേ വഴി പിന്തുടര്‍ന്ന് ഇന്നും സാമുദായികമായ സ്പര്‍ധയും മാനസികമായ വിഭജനവും ആഗ്രഹിക്കുന്നവരെയാണ് കഥാകൃത്ത് വെണ്‍നീചന്മാരുടെ പ്രഛന്നബാധകളായി അടയാളപ്പെടുത്തുന്നത്.
ആലി മുസ്‌ലിയാരുടെ തിരൂരങ്ങാടി പള്ളി ബ്രിട്ടീഷ് പോലീസുകാരാല്‍ ആക്രമിക്കപ്പെട്ടപ്പോള്‍ തുടര്‍ന്നുള്ള സമരത്തിന്റെ കാര്യങ്ങള്‍ ആലോചിക്കാന്‍ കൂടിയ യോഗം കഥയിലെ ഒരു മുഖ്യരംഗമാണ്. പാണ്ട്യാട്ട് നമ്പീശന്മാരുടെ തെക്കേക്കളം വീട്ടുപറമ്പിലായിരുന്നു ആ യോഗം. പൂന്താനം നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആ യോഗത്തില്‍ അധ്യക്ഷത വഹിച്ചത് പാണ്ട്യാട്ട് നാരായണന്‍ നമ്പീശനായിരുന്നുവെന്ന് കഥാകൃത്ത് പറയുന്നു. ഇവര്‍ക്കു പുറമെ മഞ്ചി അയമുട്ടി, പാണ്ട്യാട്ട് ഉണ്ണികൃഷ്ണന്‍ നമ്പീശന്‍, പൂക്കുന്നുമ്മല്‍ ആലി ഹാജി, പന്തല്ലൂര്‍ താമി, മുക്രി അഹമ്മദ്, പറമ്പോട്ട് അച്യുതന്‍ കുട്ടി മേനോന്‍, തടിയന്‍ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, കാപ്പാട്ട് കൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കുകയും ചെയ്തു. പരസ്പരം ശത്രുത പുലര്‍ത്തുന്നതിനെതിരായി രാമന്‍ നമ്പൂതിരി ഹിന്ദുക്കളെയും, കുഞ്ഞഹമ്മദ് ഹാജി മുസ്‌ലിംകളെയും താക്കീത് ചെയ്യുന്നതായും കഥയില്‍ കാണാം.
വര്‍ത്തമാനകാലത്തിലേക്ക് വെട്ടിയ ഭൂതകാലത്തിന്റെ വഴികളിലൂടെ ഹാജിയും നമ്പീശനും പുതുതലമുറയിലേക്ക് പരകായപ്രവേശം നടത്തുന്നതാണ് കഥയിലെ ശ്രദ്ധേയമായ ഒരു സന്ദര്‍ഭം. ആദ്യം ചെന്നത് വാരിയംകുന്നത്ത്, പിന്നെ പാണ്ട്യാട്ട്. ഒടുക്കം പൂന്താനം നമ്പൂതിരിയുടെ പിന്‍തലമുറയിലേക്കും. പരസ്പരമുള്ള അജ്ഞതയുടെയും അവിശ്വാസത്തിന്റെയും വളര്‍ച്ച അവരെ സ്തബ്ധരാക്കുകയും ചെയ്തു. പുതുതലമുറക്കാരുടെ ഹൃദയജ്ഞാനം കൈവരിച്ചതോടെ വാരിയംകുന്നത്ത് പരവശനും നമ്പീശന്‍ ക്ഷുഭിതനുമായി. ഈയവസ്ഥയില്‍ നാട്ടുകാരെങ്ങനെ ഒരുമിക്കും? നാട്ടുകാര്‍ ഒരുമിക്കാതെ നാടെങ്ങനെ മുന്നോട്ടു പോവും?
ഈയവസ്ഥക്കുള്ള പരിഹാരവും ചര്‍ച്ച ചെയ്യുന്നു കഥാകൃത്ത്, തന്റെ കഥാപാത്രങ്ങളിലൂടെ. വസ്തുതകള്‍ അറിയാത്തതുകൊണ്ടാവില്ലേ ഇവര്‍ ഇങ്ങനെയായത്? അപ്പോള്‍ ചരിത്രം പറഞ്ഞു പഠിപ്പിക്കുകയാവും പരിഹാരം. എന്നാല്‍ ചരിത്രസത്യം പഠിപ്പിച്ചിട്ട് ആര്‍ക്കെങ്കിലും ആരെയെങ്കിലും മാറ്റാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് അന്നേരം ഹാജിയുടെ സന്ദേഹം. തര്‍ക്കങ്ങളും കുതര്‍ക്കങ്ങളും സൃഷ്ടിക്കാനല്ലേ അതുതകിയിട്ടുള്ളൂ.
വംശീയതയുടെയും സംഘര്‍ഷങ്ങളുടെയും സിദ്ധാന്തങ്ങള്‍ ചരിത്രമായി മാറിക്കൊണ്ടിരിക്കുകയും അവ അക്കാദമികമായി പഠിപ്പിക്കപ്പെടുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ ഈ സന്ദേഹത്തിനും പ്രസക്തിയുണ്ട്. തമസ്‌കരണത്തിന്റെയും വിഭജനത്തിന്റെയും തത്ത്വശാസ്ത്രമാണല്ലോ അക്രാമക ഹിന്ദുത്വയുടെ എഴുത്തില്‍ ചരിത്രമായി മാറുന്നത്. അപ്പോളിനിയെന്തു ചെയ്യും എന്നാശങ്കിച്ച നമ്പീശനോട് മനുഷ്യനന്മയുടെ മൂലഗ്രന്ഥികളെ ഒന്ന് സ്പര്‍ശിച്ചുനോക്കാം എന്ന് വാരിയംകുന്നത്ത്. ഒരുപക്ഷേ, കഥാകൃത്തിന്റെ അന്വേഷണം ചെന്നെത്തുന്ന പ്രധാന പോയിന്റ് ഇതാണ്.
ചരിത്രത്തെത്തന്നെ കെ.പി രാമനുണ്ണി സമീപിക്കുമ്പോള്‍ അതിന്റെ ആകത്തുക ഇതാണ്: പാണ്ട്യാട്ട് നാരായണന്‍ നമ്പീശനെക്കൂടാതെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് ഒരു ചരിത്രമില്ല. ഹാജിയെക്കൂടാതെ നമ്പീശനുമില്ല അസ്തിത്വം. ഇപ്രകാരം ലോകചരിത്രത്തിന് മുന്നില്‍ ഉന്നതസ്തൂപങ്ങളായി ഇരുവരും ഉയര്‍ന്നു നില്‍ക്കുന്നു; പരസ്പരം ആശ്ലേഷബദ്ധരായിക്കൊണ്ട്.
Comments