പൗരസ്വാതന്ത്ര്യങ്ങള്‍ക്ക് കുരുക്ക് മുറുകുമ്പോള്‍
ബ്രിട്ടനിലെ ബ്രിസ്റ്റള്‍ യൂനിവേഴ്‌സിറ്റിയില്‍ സാമൂഹിക ശാസ്ത്രം അധ്യാപകനായ ഡേവിഡ് മില്ലറിനെതിരെ അക്കാദമിക മേഖലയില്‍ വളരെ ആസൂത്രിതമായ രീതിയില്‍ കരിവാരിത്തേക്കല്‍ കാമ്പയിന്‍ നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ ലേബര്‍ പാര്‍ട്ടി നേതൃത്വവും ഇസ്രയേല്‍ ലോബികളും തമ്മിലുള്ള എല്ലാവര്‍ക്കുമറിയാവുന്ന ചില ബന്ധങ്ങള്‍ തുറന്നു പറഞ്ഞതിനാണ് 'സെമിറ്റിക് വിരുദ്ധത'യുടെ കൊടുവാള്‍ വീശി സയണിസ്റ്റ് ലോബി രംഗത്തു വന്നിരിക്കുന്നത്. ഭരണകൂടം നിശ്ശബ്ദത പാലിക്കുകയാണ്. അക്കാദമിക മേഖലയില്‍ നിന്നും ഒറ്റപ്പെട്ട എതിര്‍ശബ്ദങ്ങളേ ഉയരുന്നുള്ളൂ. ജന്മനാട്ടില്‍നിന്ന് കുടിയിറക്കപ്പെട്ട ഫലസ്ത്വീനികളുടെ അവകാശങ്ങള്‍ക്കു വേണ്ടി സംസാരിച്ചിരുന്ന മില്ലര്‍ പോലും ഭയം കാരണം തന്റെ പക്ഷം ന്യായീകരിക്കാന്‍ കഴിയാതെ നിശ്ശബ്ദനാണ്. ആന്റി സെമിറ്റിസം കുറ്റം ചാര്‍ത്തി അദ്ദേഹത്തെ ജോലിയില്‍നിന്ന് പിരിച്ചുവിടുകയാണെങ്കില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെ അത് ഉയര്‍ത്തുന്ന അപായ സൂചനകള്‍ വളരെ മാരകമായിരിക്കും. വാര്‍വിക് യൂനിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രഫസര്‍ ഗോള്‍ഡി ഒസൂറി എന്ന വനിതയെയും ഇസ്രയേലിനെ വിമര്‍ശിച്ചതിന്റെ പേരില്‍ സയണിസ്റ്റ് ലോബി വേട്ടയാടുകയാണ്. സെമിറ്റിക് വിരുദ്ധത എന്താണെന്ന് കൃത്യമായി നിര്‍വചിക്കപ്പെടാത്തതിനാല്‍, ഇസ്രയേല്‍ സകല അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍ പറത്തി നടത്തുന്ന അതിക്രമങ്ങളെ വിമര്‍ശിക്കുന്നതു പോലും തടയാന്‍ ഈ ലേബല്‍ മതി എന്നു വന്നിരിക്കുന്നു. ഭരണകൂടത്തിന്റെ മൗനസമ്മതം കൂടിയാവുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാണ്.
അഭിപ്രായ സ്വാതന്ത്ര്യത്തെ കുരുക്കിട്ട് മുറുക്കുന്ന പലതരം നീക്കങ്ങള്‍ യൂറോപ്പിലുടനീളം ഇപ്പോള്‍ ദൃശ്യമാണ്. അവിടങ്ങളിലെ കുടിയേറ്റവിരുദ്ധ തീവ്ര വലതുകക്ഷികള്‍ ജനപിന്തുണ ആര്‍ജിക്കുന്നതാണ് ഇതിനൊരു കാരണം. അതിനാല്‍ മിക്ക നീക്കങ്ങളും തീവ്ര വലതുപക്ഷ പിന്തുണ കൂടി ലക്ഷ്യം വെച്ച് തികഞ്ഞ ഇസ്‌ലാമോഫോബിക് ആയി മാറുന്നു. ഫ്രാന്‍സില്‍ 'ഇസ്‌ലാമോ- ലെഫ്റ്റിസം' എന്ന വ്യാജ സംജ്ഞയുടെ മറവില്‍ പലയിനം ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ വിപണനം ചെയ്തുകൊണ്ടിരിക്കുകയാണ്. പേരിനൊപ്പം ലെഫ്റ്റിസം ഒക്കെ ഉണ്ടെങ്കിലും മുസ്‌ലിംകളെ പിശാചുവല്‍ക്കരിക്കുകയാണ് ഇതിന്റെ മുഖ്യ ഉന്നം. ഫ്രഞ്ച് പ്രസിഡന്റിന്റെ തന്നെ കാര്‍മികത്വത്തിലാണ് അത് നടന്നു വരുന്നതും. ഇതേ പാതയില്‍ തന്നെയാണ് സ്‌പെയിനിന്റെ സഞ്ചാരവും. കഴിഞ്ഞ ഫെബ്രുവരി മധ്യത്തില്‍ കറ്റാലന്‍ വംശജനായ റാപ്പ് സംഗീതജ്ഞന്‍ പാബ്ലോ ഹാസലിനെ ജയിലിലടച്ചതിന്റെ പേരില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു ചില സ്പാനിഷ് നഗരങ്ങളില്‍. സ്വതന്ത്ര രാജ്യം വേണമെന്ന് ആവശ്യപ്പെടുന്ന കറ്റാലന്‍ മേഖലയുമായി ബന്ധപ്പെട്ട എന്തും സ്പാനിഷ് ഭരണകൂടത്തിന് ഇപ്പോള്‍ വിഘടനവാദത്തിന്റെയും ഭീകരവാദത്തിന്റെയും പര്യായമാണ്. 'ഭീകരതയെ മഹത്വവല്‍ക്കരിച്ചു' എന്നാണ് ഇദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ട കുറ്റം. ഭീകരത എന്താണെന്ന് നിര്‍വചിച്ചിട്ടില്ലാത്തതിനാല്‍ ആരെ വേണമെങ്കിലും ഈ പേര് പറഞ്ഞ് ജയിലില്‍ പിടിച്ചിടാം. ഇപ്പോള്‍ ലോകത്തുടനീളം നടന്നുകൊണ്ടിരിക്കുന്നതും അതാണല്ലോ. കഴിഞ്ഞ പത്തു വര്‍ഷമായി സ്പാനിഷ് ഭരണകൂടം പല രീതിയില്‍ വിയോജിക്കാനും വിമര്‍ശിക്കാനുമുള്ള പൗരാവകാശങ്ങള്‍ റദ്ദു ചെയ്തുകൊണ്ടിരിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു. സ്പാനിഷ് രാജവംശത്തെയും പോലീസിനെയും കത്തോലിക്കാ ചര്‍ച്ചിനെയും വിമര്‍ശിച്ചതിന്റെ പേരില്‍ 140 വെബ് സൈറ്റുകളാണ് അടുത്ത കാലത്ത് അടച്ചുപൂട്ടിയത്.
മുന്‍കാലങ്ങളില്‍ പൗരാവകാശങ്ങള്‍ റദ്ദ് ചെയ്യുന്ന ഇത്തരം നിയമങ്ങള്‍ക്കെതിരെ മറ്റു രാഷ്ട്രങ്ങള്‍ നയതന്ത്ര ഭാഷയിലാണെങ്കിലും പ്രതികരിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. ഒരു രാഷ്ട്രം പൗരാവകാശ ധ്വംസനം കൊണ്ടുവന്നാല്‍ അത് ചില്ലറ മാറ്റങ്ങളോടെ കടമെടുത്ത് മറ്റു രാഷ്ട്രങ്ങളും നടപ്പാക്കുകയാണ്. നമ്മുടെ രാജ്യത്ത് സ്ഥിതി കുറേക്കൂടി രൂക്ഷമാണ്. പറയാത്ത തമാശയുടെ പേരില്‍ സ്റ്റാന്റ് - അപ് കൊമേഡിയന്മാര്‍ക്കും കര്‍ഷക സമരത്തിന് അനുകൂലമായ ടൂള്‍കിറ്റ് ഷെയര്‍ ചെയ്തതിന് കോളേജ് വിദ്യാര്‍ഥിനിക്കും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ പോകേണ്ട സ്ഥിതിയാണ്. കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‌ദേക്കറും നിയമ- ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദും ചേര്‍ന്ന് ഈയിടെ പുറത്തിറക്കിയ ഡിജിറ്റല്‍ മാധ്യമ സദാചാര സംഹിത ചട്ടം - 2021 മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച ഗൗരവതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇതു പോലുള്ളത് ഇനിയും അണിയറയില്‍ തയാറാക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. മൊത്തം ഭരണകൂട മെഷിനറിയും മുഖ്യധാരാ മാധ്യമങ്ങളുമൊക്കെ ഇതിന് അനുകൂലമായിരിക്കുമെന്നതിനാല്‍ ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരിക മാത്രമേ പോംവഴിയുള്ളൂ.
Comments