ജമാഅത്തെ ഇസ്‌ലാമിക്ക് ചരിത്രത്തിന്റെ ഭാരങ്ങളില്ല
സി.പി.എമ്മിന് ഓര്‍മകള്‍ ഉണ്ടായിരിക്കണം - 2
സ്വന്തം ചരിത്രത്തിന്റെയും വര്‍ത്തമാനത്തിന്റെയും ഭാരം താങ്ങാനാവാത്തതുകൊണ്ടാവണം സി.പി.എം ജമാഅത്തെ ഇസ്‌ലാമിയുടെ മേല്‍ നിരന്തരം ജനാധിപത്യവിരുദ്ധത ആരോപിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ഇത്തരം ചരിത്രഭാരങ്ങളില്ല. അതിന്റെ ഭൂതകാലം പോലെ വര്‍ത്തമാനവും തെളിമയുള്ളതാണ്. ജമാഅത്തെ ഇസ്‌ലാമി സി.പി.എമ്മിനെപ്പോലെ അധികാരം ലക്ഷ്യം വെക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല. അതിന്റെ പ്രവര്‍ത്തനമേഖല വ്യത്യസ്തമാണ്. ഇസ്‌ലാമിനെ ശരിയായ രീതിയില്‍ അവതരിപ്പിക്കാനും പ്രതിനിധാനം ചെയ്യാനും ശ്രമിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. അതുകൊണ്ടാണ് ഇസ്‌ലാമിക പ്രസ്ഥാനം എന്ന് അത് സ്വയം വിശേഷിപ്പിക്കുന്നത്. പക്ഷേ, കുറച്ച് അള്‍ട്രാ സെക്യുലറിസ്റ്റുകളെയും കമ്യൂണിസ്റ്റുകളെയും തൃപ്തിപ്പെടുത്താന്‍ വേണ്ടി രാഷ്ട്രീയത്തെ ഇസ്‌ലാമില്‍നിന്ന് വെട്ടിമാറ്റാന്‍ ജമാഅത്ത് സന്നദ്ധമല്ല. പ്രവാചകന്‍ മദീനയില്‍ സ്ഥാപിച്ച ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അടിത്തറയായ മദീനാ ചാര്‍ട്ടറിന്റെ ബഹുസ്വരതയെ പുകഴ്ത്തുന്ന ചില സി.പി.എം ധൈഷണികര്‍ തന്നെ മൗദൂദി മതത്തെയും രാഷ്ട്രത്തെയും കൂട്ടിക്കലര്‍ത്തുന്നു എന്ന് വിമര്‍ശിക്കുന്നതു കാണാം. രാഷ്ട്രവും രാഷ്ട്രീയവും ഇസ്‌ലാമിന്റെ ഭാഗം തന്നെയാണ്. ഇസ്‌ലാമിനെ അതിന്റെ ആദിമ വിശുദ്ധിയിലും സമഗ്രതയിലും അവതരിപ്പിക്കുകയാണ് ജമാഅത്ത് ചെയ്യുന്നത്. സെക്യുലര്‍ മോഡേണിറ്റി മതത്തെ സാമൂഹിക, രാഷ്ട്രീയ ജീവിതത്തില്‍നിന്ന് ബഹിഷ്‌കരിച്ചപ്പോഴാണ് മൗദൂദി പടിഞ്ഞാറന്‍ സെക്യുലറിസത്തോടും വംശീയ ദേശീയതയോടും സെക്യുലര്‍ ഡെമോക്രസിയോടും കലഹിച്ചുകൊണ്ട് ഇസ്‌ലാമിന്റെ ബദല്‍ രാഷ്ട്രീയ വ്യവസ്ഥ ലോകത്തിന് മുമ്പില്‍ സമര്‍പ്പിച്ചത്. മൗദൂദി അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളില്‍ വംശീയ ദേശീയതയില്‍നിന്ന് ദേശസ്‌നേഹത്തെയും മതവിരുദ്ധ ജനാധിപത്യത്തില്‍നിന്ന് ജനങ്ങളുടെ തെരഞ്ഞെടുപ്പധികാരത്തെയും കൃത്യമായി വേര്‍തിരിക്കുന്നുണ്ട്; ഏകാധിപത്യത്തെയും സര്‍വാധിപത്യത്തെയും നിശിതമായി എതിര്‍ക്കുന്നുണ്ട്.
മൗദൂദിയുടെ ഇസ്‌ലാമിക രാഷ്ട്രസങ്കല്‍പത്തോട് ഒരാള്‍ക്ക് വിയോജിക്കാം. പക്ഷേ, സി.പി.എമ്മിന്റെ ആസ്ഥാന ബുദ്ധിജീവികളുടെ പണി വംശീയ ദേശീയതക്കും മതവിരുദ്ധ സെക്യുലര്‍ ഡെമോക്രസിക്കുമെതിരെ മൗദൂദി ഉന്നയിച്ച വിമര്‍ശനങ്ങള്‍ മുറിച്ചെടുത്ത് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലേക്ക് ഫിറ്റ് ചെയ്യലാണ്. സ്വാതന്ത്യാനന്തരം ഇന്ത്യയില്‍ നിലവില്‍ വരാന്‍ പോകുന്ന ഭരണഘടനയെയും അത് മുന്നോട്ടു വെക്കുന്ന മതനിരപേക്ഷ, ജനാധിപത്യ സങ്കല്‍പത്തെയും മുന്‍കൂട്ടി കണ്ടുകൊണ്ടാണ് മൗദൂദിയുടെ വിമര്‍ശനങ്ങള്‍ എന്ന് പറയുന്നതില്‍ തന്നെ പ്രകടമായ യുക്തിരാഹിത്യമില്ലേ? സെക്യുലറിസത്തെക്കുറിച്ച് പറയുന്നേടത്തൊക്കെ മതനിരപേക്ഷത എന്നര്‍ഥം കൊടുത്തുകൊണ്ട് പടിഞ്ഞാറന്‍ സെക്യുലറിസത്തെയും ഇന്ത്യന്‍ സെക്യുലറിസത്തെയും കൂട്ടിക്കുഴക്കുക എന്നത് ജമാഅത്ത് വിമര്‍ശനത്തില്‍ സി.പി.എം വക്താക്കള്‍ സ്വീകരിക്കുന്ന പതിവു രീതിയാണ്. ദേശീയതയും സെക്യുലറിസവും ഡെമോക്രസിയുമൊക്കെ വിമര്‍ശനം പോലും പാടില്ലാത്ത വിശുദ്ധ പശുക്കളാണ് എന്നാണോ ഇവര്‍ കരുതുന്നത്? കമ്യൂണിസ്റ്റ് സാര്‍വദേശീയതയുടെ വക്താക്കളായി, റഷ്യയുടെയും ചൈനയുടെയും ചൊല്‍പടിയില്‍ നിന്ന ഇന്ത്യന്‍ കമ്യുണിസ്റ്റുകള്‍ എന്നു മുതലാണ് ഇന്ത്യന്‍ ദേശീയതയുടെ വക്താക്കളായി മാറിയത്? എന്നു മുതലാണ് സി.പി.എം ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യത്തെ അംഗീകരിച്ചുതുടങ്ങിയത്? സെക്യുലര്‍ ഡെമോക്രസിക്കെതിരെ അക്കാദമിക, ബൗദ്ധിക തലങ്ങളില്‍ നടക്കുന്ന പോസ്റ്റ് സെക്യുലര്‍ വിമര്‍ശനങ്ങളെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്തവരാണോ സി.പി.എമ്മിന്റെ ആസ്ഥാന ബുദ്ധിജീവികള്‍? ദേശീയതക്കെതിരെ മൗദൂദിയുടെ വിമര്‍ശനങ്ങള്‍ മാത്രമാണോ അവര്‍ക്ക് പ്രശ്‌നമാവുന്നത്? ടാഗോറും ഗാന്ധിജിയും മറ്റു പല മഹാന്മാരും ഉന്നയിച്ച വിമര്‍ശനങ്ങളെക്കുറിച്ച് ഇവര്‍ക്ക് ഒന്നും പറയാനില്ലേ?
മൗദൂദിയും
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയും
വിഭജനത്തിന് തൊട്ടുമുമ്പ് മദ്രാസില്‍ ജമാഅത്ത് പ്രവര്‍ത്തകരെ അഭിമുഖീകരിച്ചുകൊണ്ട് ചെയ്ത പ്രസംഗത്തില്‍ വിഭജനാനന്തരം ഇന്ത്യയില്‍ ജമാഅത്ത് സ്വീകരിക്കേണ്ട പ്രവര്‍ത്തന ശൈലി എന്തായിരിക്കണം എന്നതിനെക്കുറിച്ച പൊതുവായ ചില നിര്‍ദേശങ്ങള്‍ മൗദൂദി മുന്നോട്ടു വെക്കുന്നുണ്ട്. സമാധാനപരമായ ആശയപ്രചാരണത്തില്‍ ജമാഅത്ത് ശ്രദ്ധയൂന്നണം എന്നാണ് ആ പ്രസംഗത്തില്‍ പറയുന്നത്. ഇതല്ലാതെ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ രൂപീകരണത്തിലോ നയപരിപാടികളിലോ, വിഭജനത്തിനു ശേഷം പാകിസ്താനിലേക്ക് പോയ മൗദൂദി ഒരു ഇടപെടലും നടത്തിയതായി അറിവില്ല. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാടുകള്‍ മൗദൂദിയുടെ നിലപാടുകളായിരുന്നു എന്ന് പറയാന്‍ കഴിയാത്ത വിധം സ്വതന്ത്രവും പരിവര്‍ത്തനവിധേയവുമായിരുന്നു. ഉദാഹരണത്തിന്, ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി വര്‍ഷങ്ങളോളം തെരഞ്ഞെടുപ്പുകളില്‍ നേരിട്ട് പങ്കെടുക്കുന്നതില്‍നിന്ന് ഒഴിഞ്ഞുനിന്നു. ഇത് മൗദൂദി ചിന്തകളുടെ സ്വാധീനഫലമായിട്ടായിരുന്നു എന്നാണ് മനസ്സിലാക്കപ്പെട്ടത്. എന്നാല്‍, ഈ വിഷയത്തെക്കുറിച്ച് ഹജ്ജ് വേളയില്‍ മക്കയില്‍ വെച്ചുള്ള ഒരു കൂടിക്കാഴ്ചയില്‍ ഒരു ജമാഅത്ത് നേതാവ് മൗദൂദിയോട് വ്യക്തിപരമായി അഭിപ്രായം ആരാഞ്ഞപ്പോള്‍ ഇന്ത്യയിലെ ജനാധിപത്യ പ്രകിയയില്‍ പങ്കെടുക്കുന്നതിനെ അനുകൂലിച്ചുകൊണ്ടായിരുന്നു മൗദൂദിയുടെ മറുപടി.
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഥമ അമീറായ മൗലാനാ അബുല്ലൈന്ന് ഇസ്‌ലാഹി, മൗദൂദിയോടുള്ള ഇന്ത്യന്‍ ജമാഅത്തിന്റെ നിലപാട് സംശയത്തിനിടമില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്:
''ഇന്നാണെങ്കില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കാര്യത്തില്‍ മൗലാനാ മൗദൂദിയുടെ പേര്‍ ഉന്നയിക്കുന്നതു പോലും അന്യായമാണ്. കാരണം, ഇന്ത്യയുടെ വിഭജനത്തിനു ശേഷം ഇവിടത്തെ ജമാഅത്തുമായി അദ്ദേഹത്തിന് യാതൊരു ബന്ധവും അവശേഷിക്കുന്നില്ല. ഇനി, മൗലാനാ മൗദൂദിയുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ജമാഅത്തിലെ വ്യക്തികളുടെ മേല്‍ തീര്‍ച്ചയായും സ്വാധീനം ചെലുത്തുമെന്ന വാദമാണെങ്കില്‍, എന്റെ അഭിപ്രായത്തില്‍ അത്തരം ആശങ്കകളില്‍ അകപ്പെട്ടിട്ടുള്ളവര്‍ക്ക് പരിചയിക്കാന്‍ കഴിഞ്ഞിട്ടുള്ളത് ചില പ്രത്യേക തരത്തിലുള്ള 'ശൈഖ് - മുരീദ്' സമ്പ്രദായങ്ങള്‍ മാത്രമായിരിക്കും. ശൈഖ് പറഞ്ഞതെന്തും അയാള്‍ പറഞ്ഞതാണെന്ന ഏക തെളിവിന്റെ അടിസ്ഥാനത്തില്‍ സത്യമെന്നംഗീകരിക്കുന്ന നിലപാടാണ് അവിടെയുള്ളത്. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ അതിന് തീരെ പഴുതില്ല. നിരുപാധികമായും നിര്‍ബന്ധമായും അനുസരിക്കേണ്ടത് അല്ലാഹുവെയും റസൂലിനെയും മാത്രമാണെന്നും മറ്റുള്ളവരെ അനുസരിക്കുന്നത് അല്ലാഹുവിനോടും റസൂലിനോടുമുള്ള അനുസരണത്തിനു കീഴിലും അത് നല്‍കുന്ന അനുവാദത്തിനുള്ളിലുമായിരിക്കണമെന്നുള്ള പാഠമാണ് ജമാഅത്ത് പഠിപ്പിക്കുന്നത്. മൗലാനാ മൗദൂദി തന്നെ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ മറ്റുള്ളവരെക്കുറിച്ച് ധാരാളം വിമര്‍ശന നിരൂപണങ്ങള്‍ നടത്തുന്നുണ്ട്..... അദ്ദേഹത്തില്‍ ആകൃഷ്ടരായവര്‍ മറ്റെല്ലാ വിഷയത്തിലും അദ്ദേഹത്തെ അനുകരിക്കുകയും എന്നാല്‍ അദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ പ്രകടമായിക്കാണുന്ന വിമര്‍ശനം എന്ന ഈ ഒരു വിഷയത്തില്‍ മാത്രം അദ്ദേഹത്തെ അനുകരിക്കാതിരിക്കുകയും ചെയ്യാന്‍ യാതൊരു കാരണവുമില്ല!'' (ജമാഅത്തെ ഇസ്‌ലാമി ലക്ഷ്യം മാര്‍ഗം പേജ് 47-48).
ജമാഅത്തെ ഇസ്‌ലാമിയും ഇന്ത്യന്‍ മതേതരത്വവും
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ രൂപം കൊണ്ട ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഇന്ത്യന്‍ ഭരണഘടനയെയും അതുയര്‍ത്തിപ്പിടിക്കുന്ന മതനിഷേധപരമല്ലാത്ത മതേതര ജനാധിപത്യത്തെയും തുടക്കം മുതലേ അംഗീകരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനിയും നെഹ്‌റു മന്ത്രിസഭയില്‍ അംഗവുമായിരുന്ന സയ്യിദ് മഹ്മൂദ് 1964 ജൂലൈയില്‍ ഈ വിഷയകമായി എഴുതിയ കത്തിന് ജമാഅത്തെ ഇസ്‌ലാമി അമീര്‍ മൗലാനാ അബുല്ലൈസ് ഇസ്‌ലാഹി നല്‍കിയ മറുപടിയില്‍ ഇത് വ്യക്തമായി പറയുന്നുണ്ട്: 'ഞാനും ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയും ഇന്ത്യയുടെ ഭരണഘടന അംഗീകരിക്കുന്നു. അതിനുള്ളതായി താങ്കളുടെ കത്തില്‍ ചൂണ്ടിക്കാട്ടിയ മേന്മകളെ ഞങ്ങള്‍ ആദരിക്കുന്നു..... ഞങ്ങള്‍ ഭരണഘടനയോടും രാഷ്ട്രത്തോടും കൂറില്ലാത്തവരാണെന്നതിന് തെളിവായി ഞങ്ങളുടെ സാഹിത്യങ്ങളില്‍നിന്ന് ഒരു വരിയോ, ഞങ്ങളുടെ പൂര്‍വകാല ചരിത്രത്തില്‍നിന്ന് ഒരുദാഹരണമോ ഉദ്ധരിക്കുക സാധ്യമല്ലെന്ന് ഞാന്‍ ദൃഢമായി അവകാശപ്പെടുന്നു. സെക്യുലറിസത്തിന് താങ്കള്‍ നല്‍കിയിരിക്കുന്ന നിര്‍വചനത്തെ സംബന്ധിച്ചേടത്തോളം ഞങ്ങള്‍ ഒരിക്കലും അതിനെതിരല്ല. എന്നാല്‍ സെക്യുലറിസത്തിന്റെ നിര്‍വചനം മതനിഷേധം എന്നാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അതിനെതിരാണ്' (പ്രബോധനം പാക്ഷികം 1964 ആഗ്സ്റ്റ്. കത്തിന്റെയും മറുപടിയുടെയും പൂര്‍ണരൂപം ഒ. അബ്ദുര്‍റഹ്മാന്‍ എഴുതിയ 'മതരാഷ്ട്രവാദവും ഇസ്‌ലാമിക പ്രസ്ഥാനവും' എന്ന പുസ്തകത്തില്‍ വായിക്കാം. പേജ്: 55-57).
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചനാ സമിതി (മജ്‌ലിസ് ശൂറാ) 1970 ആഗസ്റ്റില്‍ അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു: 'ഇക്കാരണത്താല്‍ ഇന്നത്തെ പരിതഃസ്ഥിതിയില്‍ ഇന്ത്യയില്‍ സമഗ്രാധിപത്യപരവും ഫാഷിസ്റ്റ് രീതിയിലുള്ളതുമായ ഭരണക്രമത്തെ അപേക്ഷിച്ച് ആദ്യം പറഞ്ഞ സവിശേഷതകളോടുകൂടിയ മതനിരപേക്ഷ ജനാധിപത്യ ഭരണക്രമം നിലനില്‍ക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നു.... ഇന്ത്യന്‍ ഭരണഘടന വിവിധ മതങ്ങള്‍ക്കും മതാനുയായികള്‍ക്കുമിടയില്‍ നിഷ്പക്ഷമാണ്. അഥവാ മതത്തിന്റെ അടിസ്ഥാനത്തില്‍ അത് പൗരന്മാര്‍ക്കിടയില്‍ യാതൊരു വിവേചനവും അനുവര്‍ത്തിക്കുകയില്ല എന്ന അര്‍ഥത്തില്‍ ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്.' (അതേ പുസ്തകം, പേജ് 57). ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ന്യൂനപക്ഷ അവകാശങ്ങള്‍ക്കു വേണ്ടിയും എല്ലാ ജനാധിപത്യവിശ്വാസികളുമായും ചേര്‍ന്നു നിന്ന് പോരാടിയ ചരിത്രമാണ് ജമാഅത്തെ ഇസ്ലാമിയുടേത്. പൗരത്വ പ്രക്ഷോഭത്തിന്റെ നാള്‍വഴികളില്‍ വരെ അത് തെളിഞ്ഞു കിടക്കുന്നു.
മൗദൂദിയും ഇന്ത്യാ വിഭജനവും
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ക്വിറ്റിന്ത്യാ സമരത്തെ തള്ളിപ്പറഞ്ഞതുപോലെ ജമാഅത്തോ മൗദൂദിയോ ഒരിക്കല്‍ പോലും സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറയുകയോ ബ്രിട്ടീഷ് ഭരണത്തെ അനുകൂലിക്കുകയോ ചെയ്തിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങള്‍ക്ക് വസ്തുതാപരമായ അടിസ്ഥാനമില്ല. ബ്രിട്ടീഷ് ആധിപത്യത്തെ എതിര്‍ക്കുകയെന്നത് മൗദൂദിയുടെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന മൗദൂദിക്ക് എങ്ങനെയാണ് ബ്രിട്ടനെ അംഗീകരിക്കാന്‍ കഴിയുക? അദ്ദേഹത്തിന്റെ ബ്രിട്ടീഷ്‌വിരുദ്ധ നിലപാടുകളാണ് സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസിന്റെ കൂടെ നിന്ന ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദുമായി യുവാവായ മൗദൂദിയെ അടുപ്പിച്ചത്. കോണ്‍ഗ്രസില്‍ ഹിന്ദു ദേശീയത പിടിമുറുക്കുന്നു എന്ന് തോന്നിയപ്പോഴാണ് അദ്ദേഹം കോണ്‍ഗ്രസില്‍നിന്ന് അകന്നതും ജംഇയ്യത്തില്‍നിന്ന് മാറി മൗലികമായ നിലപാടുകള്‍ വികസിപ്പിച്ചെടുത്തതും. തഹ്രീകെ ആസാദി ഹിന്ദ് ഔര്‍ മുസല്‍മാന്‍ (ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും മുസ്ലിംകളും) എന്ന കൃതിയില്‍ മൗദൂദി എഴുതുന്നു: 'പൊതു ദേശീയ പ്രശ്നങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും വേണ്ടി മതസമുദായഭേദത്തിന്റെ ലാഞ്ഛന പോലുമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി സ്വാതന്ത്ര്യത്തിനായി പൊരുതണം. എന്നാല്‍ വ്യതിരിക്തമായ സാമുദായിക പ്രശ്നങ്ങളില്‍ ഒരു സമുദായവും മറ്റൊരു സമുദായത്തെ എതിര്‍ക്കരുത്. ഓരോ സമുദായത്തിനും സ്വന്തം പ്രശ്നങ്ങള്‍ സ്വയം പരിഹരിക്കാന്‍ ശേഷിയും അധികാരവും ലഭിക്കത്തക്ക വിധമുളള പങ്ക് ഗവണ്‍മെന്റില്‍ ലഭിക്കുകയും വേണം.'
ഇന്ത്യാ വിഭജനത്തെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തതിന്റെ പേരില്‍ പാകിസ്താനില്‍ ഇപ്പോഴും വിമര്‍ശനം നേരിടുന്ന വ്യക്തിത്വമാണ് മൗദൂദി. അതിന്റെ കാരണം മുസ്ലിം ലീഗ് ഉന്നയിച്ച 'മുസ്ലിം ദേശീയത'യോടുള്ള എതിര്‍പ്പ് മാത്രമായിരുന്നില്ല. വിഭജനത്തിനു ശേഷം ഇന്ത്യയില്‍ കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയുള്ള ഹിന്ദു ദേശീയതയില്‍നിന്നും ഇന്ത്യന്‍ മുസ്ലിംകള്‍ നേരിടാന്‍ പോകുന്ന ഭീഷണിയെക്കുറിച്ച തിരിച്ചറിവ് കൂടിയായിരുന്നു. വിഭജനത്തിനു തൊട്ടുമുമ്പ് 1947 ഏപ്രില്‍ 26-ന് മദ്രാസില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്ലാമിയുടെ ദക്ഷിണേന്ത്യന്‍ സമ്മേളനത്തില്‍ മൗദൂദി ചെയ്ത പ്രസംഗം ഇതിന്റെ ഏറ്റവും നല്ല തെളിവാണ്. ആ പ്രസംഗത്തിലൊരിടത്ത് മൗദൂദി പറഞ്ഞു: 'നീണ്ട കാലം ഇന്ത്യയുടെ രാഷ്ട്രീയ പുരോഗതിയുടെ നിദാനമായി ഗണിച്ചുപോന്നതാണ് ജനാധിപത്യ തത്ത്വങ്ങള്‍. മുസ്ലിംകള്‍ സമുദായമെന്ന നിലക്ക് അതിനെ അംഗീകരിക്കുകയും സ്വന്തം അവകാശങ്ങള്‍ ഉന്നയിക്കാനുള്ള മാനദണ്ഡമായി അതിനെ ഉള്‍ക്കൊള്ളുകയും ചെയ്തതാണ്. എന്നാല്‍ പയ്യെപ്പയ്യെ ജനാധിപത്യമൂല്യങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ട ഭരണകൂടത്തില്‍നിന്ന് എല്ലാം ലഭ്യമാകുന്നത് ഭൂരിപക്ഷത്തിനു മാത്രമാണെന്ന് അവര്‍ തിരിച്ചറിയുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് വല്ലതും വകവെച്ചുകിട്ടുന്നുണ്ടെങ്കില്‍ തന്നെ അത് ഔദാര്യമെന്ന നിലക്കായിരിക്കും. ഇത് സംഭവിക്കാനിരിക്കുന്ന ഒരു യാഥാര്‍ഥ്യമായിരുന്നു.'
ദേശരാഷ്ട്രത്തിനകത്ത് രൂപപ്പെടുന്ന ഡെമോക്രസി ഫലത്തില്‍ ഭൂരിപക്ഷത്തിന്റെ വംശീയ രാഷ്ട്രമായി പരിണമിക്കും എന്ന ന്യായമായ ആശങ്കയില്‍നിന്ന് കൂടിയാണ് പടിഞ്ഞാറന്‍ ഡെമോക്രസിക്കെതിരായ മൗദൂദിയുടെ വിമര്‍ശനങ്ങള്‍ ഉത്ഭവിച്ചത്.
വിഭജനം ഒഴിവാക്കാന്‍ മൂന്ന് നിര്‍ദേശങ്ങള്‍ 1938-ല്‍ 'തര്‍ജുമാനുല്‍ ഖുര്‍ആനി'ല്‍ എഴുതിയ ലേഖനത്തില്‍ മൗദൂദി മുന്നോട്ടുവെച്ചിരുന്നു. ഒരു ഫെഡറേഷന്റെയോ കോണ്‍ഫെഡറേഷന്റെയോ കീഴില്‍ ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങള്‍ സ്വയംഭരണാവകാശത്തോടുകൂടി, അവരുടെ സാംസ്‌കാരിക വ്യക്തിത്വം കാത്തുസൂക്ഷിച്ചുകൊണ്ട് സഹവര്‍ത്തിത്വത്തോടെ ജീവിക്കുക എന്നതായിരുന്നു ആ നിര്‍ദേശങ്ങളുടെ കാതല്‍. ഹുകൂമത്തെ ഇലാഹിയ്യ(ദൈവിക ഭരണം)യെക്കുറിച്ച് സംസാരിച്ച മൗദൂദി തന്നെയാണ് വിഭജനം ഒഴിവാക്കാന്‍ വേണ്ടി ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും കോണ്‍ഫെഡറേഷന്‍ എന്ന ആശയം മുന്നോട്ടുവെച്ചത്. ഇസ്‌ലാമിക രാഷ്ട്രത്തെക്കുറിച്ച മൗദൂദിയുടെ കാഴ്ചപ്പാടുകളെ അദ്ദേഹത്തിന്റെ പ്രായോഗിക നിലപാടുകളില്‍നിന്ന് വേറിട്ടു കാണണം എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഉസ്മാനിയാ ഖിലാഫത്തിന്റെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഹുകൂമത്തെ ഇലാഹിയ്യ എന്ന ആശയം മുന്നോട്ടു വെച്ചവരുടെ കൂട്ടത്തില്‍ മൗദൂദി മാത്രമല്ല, മൗലാനാ ആസാദ്, സയ്യിദ് സുലൈമാന്‍ നദ്‌വി തുടങ്ങിയ പണ്ഡിതന്മാരുമുണ്ടായിരുന്നു. മൗദൂദിയുടെ ചിന്തകളെയും കാഴ്ചപ്പാടുകളെയും അവയുടെ ചരിത്രപശ്ചാത്തലത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാടുകളിലേക്ക് ചേര്‍ത്തു പറയുന്നത് ബുദ്ധിപരമായ സത്യസന്ധതയില്ലായ്മയാണ്.
മതരാഷ്ട്രവാദം, ജമാഅത്തെ ഇസ്‌ലാമി
മതരാഷ്ട്രവാദം ഉന്നയിക്കുന്നു എന്നതാണ് ജമാഅത്തിനെയും ആര്‍.എസ്.എസിനെയും സമീകരിക്കാന്‍ വേണ്ടി വിമര്‍ശകര്‍ ഉന്നയിക്കുന്ന ഏറ്റവും വലിയ ആക്ഷേപം. സി.പി.എമ്മിന്റെ കാഴ്ചപ്പാടില്‍ മതത്തില്‍ രാഷട്രീയമുണ്ട് എന്ന് വാദിക്കുന്നതു തന്നെ മതരാഷ്ട്രവാദമാണ്. ഈയര്‍ഥത്തില്‍ ഗാന്ധിജി പോലും മതരാഷ്ട്രവാദിയായിരുന്നു എന്ന് പറയേണ്ടി വരും. ജിന്നയുടെ മുസ്‌ലിം ദേശീയവാദത്തെയും, മൗദൂദിയുടെ ഇസ്‌ലാമിക രാഷ്ട്ര സങ്കല്‍പത്തെയും ഗോള്‍വാള്‍ക്കറുടെ വംശീയ രാഷ്ട്രത്തെയും വ്യവഹരിക്കാന്‍ മാര്‍ക്‌സിസ്റ്റുകളുടെ കൈയില്‍ ഒരൊറ്റ വാക്കേയുള്ളൂ- മതരാഷ്ട്രവാദം. മതവും രാഷ്ട്രവും കൂടിച്ചേരുന്ന ഏതു സിദ്ധാന്തവും അവര്‍ക്ക് മതരാഷ്ട്രവാദമാണ്. കാരണം, സെക്യുലര്‍ മോഡേണിറ്റി മതത്തെക്കുറിച്ച് സൃഷ്ടിച്ചുവെച്ച ധാരണയും അതിന്റെ തന്നെ ഉല്‍പന്നമായ മാര്‍ക്‌സിസ്റ്റ് ഭൗതികവാദവുമാണ് അവരുടെ മതരാഷ്ട്രവിമര്‍ശനത്തിന്റെ അടിസ്ഥാനം. വര്‍ഗസമരത്തെക്കുറിച്ചും തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തെക്കുറിച്ചുമുള്ള മാര്‍ക്‌സിന്റെ സിദ്ധാന്തങ്ങള്‍ രാഷ്ട്രത്തിന്റെ രൂപം പൂണ്ടപ്പോള്‍ സോവിയറ്റ് റഷ്യയിലും കമ്യൂണിസ്റ്റ് ചൈനയിലും സംഭവിച്ചതെന്താണെന്ന് ലോകത്തിന് പറഞ്ഞുകൊടുക്കേണ്ടതില്ല. തൊഴിലാളിവര്‍ഗ സര്‍വാധിപത്യം എന്ന പാര്‍ട്ടി സര്‍വാധിപത്യം ഇപ്പോഴും സ്വപ്‌നം കാണുകയും അധികാരം ലഭിച്ചേടത്തൊക്കെ അത് നടപ്പില്‍ വരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് മൗദൂദിയുടെ ഇസ്‌ലാമികരാഷ്ട്രസങ്കല്‍പത്തെ അതെന്താണെന്നു പോലും മനസ്സിലാക്കാതെ പൈശാചികവല്‍ക്കരിക്കുന്നത്!
മുസ്‌ലിം രാഷ്ട്രീയ പ്രതിനിധാനങ്ങളെയും സംഘ് പരിവാറിന്റെ ഹിന്ദുത്വ ഐഡിയോളജിയെയും സമീകരിക്കാന്‍ സി.പി.എം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഗോള്‍വാള്‍ക്കറുടെ മറുവശത്ത് മൗദൂദിയെ പ്രതിഷ്ഠിക്കാനുള്ള ശ്രമം. ഗോള്‍വാള്‍ക്കറുടെ വംശീയ രാഷ്ട്രസങ്കല്‍പത്തില്‍നിന്ന് മൗദൂദിയുടെ കാഴ്ചപ്പാടുകള്‍ എന്തുമാത്രം വ്യത്യസ്തമാണെന്നറിയാന്‍ ഹിറ്റ്‌ലറുടെ ജര്‍മന്‍ വംശീയതയെക്കുറിച്ച മൗദൂദിയുടെയും ഗോള്‍വാള്‍ക്കറുടെയും അഭിപ്രായങ്ങള്‍ പരിശോധിച്ചാല്‍ മതി.
ആര്‍. എസ്.എസിന്റെ മാനിഫെസ്റ്റോ എന്ന് പറയാവുന്ന ‑'We or Our Nationhood Defined' എന്ന പുസ്തകത്തില്‍ നാസി ജര്‍മനിയെക്കുറിച്ച് ഗോള്‍വാള്‍ക്കര്‍ പറയുന്നത് കാണുക:
'യൂറോപ്പിനെ മുഴുവന്‍ അതിജയിക്കാന്‍ ജര്‍മനിയെ പ്രേരിപ്പിച്ച പ്രാചീനമായ വംശീയ വികാരം ആധുനിക ജര്‍മനിയില്‍ വീണ്ടും ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു.'
'വംശീയവും സാംസ്‌കാരികവുമായ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ വേണ്ടി സെമിറ്റിക് വംശങ്ങളെ തുടച്ചുനീക്കിക്കൊണ്ട് ജര്‍മനി ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. വംശീയാഭിമാനം അതിന്റെ പാരമ്യത്തില്‍ പ്രകടമായിരിക്കുകയാണിവിടെ.'
ഗോള്‍വാള്‍ക്കറുടെ നിലപാടിന് നേര്‍വിപരീതമായി ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും യൂറോപ്പില്‍ ശക്തിപ്രാപിച്ച വംശീയ ദേശീയതയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട്, 1941 ആദ്യത്തില്‍ രചിച്ച 'മസ്അലെ ഖൗമിയത്ത്' (ദേശീയതയുടെ പ്രശ്‌നം) എന്ന ഗ്രന്ഥത്തില്‍ മൗദൂദി എഴുതി:
'ലോകത്തെ ഇതര ജനവിഭാഗങ്ങളുടെ മേല്‍ ആധിപത്യവും ഔന്നത്യവും സ്ഥാപിക്കാനും, അന്യരുടെ ചെലവില്‍ സ്വന്തം സുസ്ഥിതി വര്‍ധിപ്പിക്കാനും, പിന്നാക്ക വിഭാഗങ്ങളില്‍ സംസ്‌കാരം പ്രചരിപ്പിക്കേണ്ട ചുമതല തങ്ങള്‍ക്കാണെന്ന് സ്വയം കരുതാനും, മറ്റു രാജ്യങ്ങളുടെ പ്രകൃതിസമ്പത്ത് ചൂഷണം ചെയ്യാനുള്ള ജന്മാവകാശം തങ്ങള്‍ക്കുണ്ടെന്ന് തീരുമാനിക്കാനും വികസിത ശാക്തിക സമുദായങ്ങളെ പ്രേരിപ്പിക്കുന്നത് ദേശീയമായ അഹന്തയും ഔന്നത്യബോധവുമാണ്. യൂറോപ്പിലെ ഈ ദേശീയതയാണ് ചിലരെ ലഹരി പിടിപ്പിച്ച് 'ജര്‍മനി എല്ലാറ്റിനും മീതെ', 'അമേരിക്ക ദൈവത്തിന്റെ സ്വന്തം രാജ്യം', 'ഇറ്റലി തന്നെയാണ് മതം' പോലെയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ പ്രേരിപ്പിക്കുന്നത്...... ഈ വംശീയ അഹന്തയുടെ ഫലമായിട്ടാണ് ജര്‍മനിയില്‍ ആര്യന്മാരല്ലാത്തവരുടെ ജീവിതം ദുസ്സഹമായിത്തീര്‍ന്നിരിക്കുന്നത്. ഈ അടിസ്ഥാനത്തിലാണ് ജര്‍മന്‍ സ്വേഛാധിപതിയുടെ സിദ്ധാന്തം കെട്ടിപ്പടുത്തിരിക്കുന്നതും.'
ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയം
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കാന്‍ മൗദൂദിയുടെ കുറച്ച് ഉദ്ധരണികളേ വിമര്‍ശകരുടെ കൈയിലുള്ളൂ. അതു തന്നെ വളച്ചൊടിച്ചതും സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്തതും. നൂറു തവണ വിശദീകരിക്കപ്പെട്ടാലും നൂറ്റൊന്നാം തവണ ഒരേ നുണകള്‍ തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും എന്നത് വിമര്‍ശകരുടെ നിസ്സഹായത മാത്രമാണ് വെളിപ്പെടുത്തുന്നത്. ഇന്ത്യയില്‍ മുക്കാല്‍ നൂറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയെ വിലയിരുത്തേണ്ടത് അതിന്റെ ഭരണഘടനയും പരിപാടികളും പ്രവര്‍ത്തന ചരിത്രവും മുന്നില്‍ വെച്ചു കൊണ്ടാണ്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പോലെ സായുധ പരിപാടിയും അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനവും സിദ്ധാന്തത്തിലോ പ്രയോഗത്തിലോ ജമാഅത്ത് അതിന്റെ ചരിത്രത്തില്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ജമാഅത്തെ ഇസ്‌ലാമിക്ക് രാഷ്ട്രീയമുണ്ട്. അത് ഇസ്‌ലാമില്‍നിന്ന് കണ്ടെടുത്ത രാഷ്ട്രീയവുമാണ്. ഇസ്‌ലാമിന്റെ മൂല്യങ്ങളാലും ആദര്‍ശങ്ങളാലും പ്രചോദിതമായ രാഷ്ട്രീയ നിലപാടുകള്‍ എന്നാണ് അതിന്റെ അര്‍ഥം. ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്താട് എങ്ങനെ ക്രിയാത്മകമായി ഇടപെടണം എന്നത് ജമാഅത്തിന്റെ രാഷ്ട്രീയ നിലപാടുകളുടെ ഭാഗമാണ്. ജമാഅത്ത് ഇസ്‌ലാമിക രാഷ്ട്രത്തെക്കുറിച്ച് പറയുന്നുണ്ടെങ്കില്‍ അത് ഇസ്‌ലാമിക ജീവിതവ്യവസ്ഥയുടെ വിവിധ വശങ്ങള്‍ ഇന്ത്യന്‍ ജനതക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടു മാത്രമാണ്.
ജമാഅത്ത് അതിന്റെ ലക്ഷ്യമായി ഭരണഘടനയില്‍ എഴുതിവെച്ച 'ഇഖാമത്തുദ്ദീന്‍' (ദീനിന്റെ സംസ്ഥാപനം) എന്ന ആശയത്തെ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സംസ്ഥാപനം എന്ന് വിമര്‍ശകര്‍ ദുര്‍വ്യാഖ്യാനം നടത്താറുണ്ട്. ഇഖാമത്തുദ്ദീന്‍ എന്നത് ഖുര്‍ആനില്‍നിന്നെടുത്ത പ്രയോഗമാണ്. ഇസ്‌ലാമിനെ അവരുടെ ദീന്‍ (ജീവിത വ്യവസ്ഥ) ആയി അംഗീകരിച്ചവരുടെ അഥവാ മുസ്‌ലിംകളുടെ വ്യക്തി ജീവിതത്തിലും സാമൂഹിക, രാഷ്ട്രീയ ജീവിതത്തിലും ഇസ്‌ലാമിന്റെ മൂല്യങ്ങളും അധ്യാപനങ്ങളും സാധ്യമാവുന്ന വിധത്തില്‍ നിലനിര്‍ത്താനും നടപ്പില്‍ വരുത്താനും പരിശ്രമിക്കും എന്നാണ് ജമാഅത്ത് അതുകൊണ്ട് അര്‍ഥമാക്കുന്നത്. ശക്തിയിലൂടെയും അധികാരത്തിലൂടെയുമല്ല, വ്യക്തിസംസ്‌കരണത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും ബോധവല്‍ക്കരണത്തിലൂടെയും സാമൂഹിക സേവന, സംസ്‌കരണ പരിപാടികളിലൂടെയുമാണ് ജമാഅത്ത് അത് ചെയ്തുകൊണ്ടിരിക്കുന്നത്. ജമാഅത്തിന്റെ ചതുര്‍വര്‍ഷ നയപരിപാടികള്‍ പരിശോധിച്ചാല്‍ ഇത് മനസ്സിലാക്കാന്‍ കഴിയും. നീതിയുടെ സംസ്ഥാപനത്തിനു വേണ്ടിയും സമൂഹത്തില്‍നിന്ന് വര്‍ഗീയ, വിഭാഗീയ ചിന്തകളും പ്രവണതകളും ഇല്ലാതാക്കുന്നതിനു വേണ്ടിയും പരിശ്രമിക്കും എന്ന് നയപരിപാടി ഊന്നിപ്പറയുന്നുണ്ട്.
ഇതിന്റെയൊക്കെ പിന്നില്‍ മതരാഷ്ട്രവാദം എന്ന രഹസ്യ അജണ്ട ഒളിപ്പിച്ചുവെച്ചിരിക്കുന്നു എന്ന് വാദിക്കുന്നവര്‍ക്ക് അങ്ങനെ വാദിച്ചുകൊണ്ടിരിക്കാം എന്നേയുള്ളൂ. മുസ്‌ലിംകള്‍ അസ്തിത്വ ഭീഷണി നേരിടുന്ന ഒരു രാജ്യത്ത് ഏതെങ്കിലും സംഘടന ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ വേണ്ടി പണിയെടുക്കുന്നു എന്ന് പറയുന്നതുതന്നെ വലിയൊരു ഫലിതമാണ്; ഇന്ത്യയില്‍ യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രം എന്ന വലിയ ഭീഷണിയെ തമസ്‌കരിക്കാനും ലഘൂകരിക്കാനും മാത്രം സഹായിക്കുന്ന അപകടകരമായ ഫലിതം.
മതരാഷ്ട്രവാദം മാത്രമല്ല, ഭീകരവാദം, തീവ്രവാദം തുടങ്ങി നിരവധി മുദ്രകള്‍ വിമര്‍ശകരുടെ മനോവിലാസം പോലെ ജമാഅത്തെ ഇസ്‌ലാമിയുടെ മേല്‍ ചാര്‍ത്തപ്പെടുന്നുണ്ട്. മാര്‍ക്‌സിസ്റ്റുകളുടെ കാഴ്ചപ്പാടില്‍ ഇസ്‌ലാമിക രാഷ്ട്രീയം തന്നെ തീവ്രവാദമാണ്. അവരുടെ യഥാര്‍ഥ പ്രശ്‌നം ജമാഅത്തെ ഇസ്‌ലാമിയല്ല, ഇസ്‌ലാം തന്നെയാണ്. ഇന്ത്യയിലെ മുസ്‌ലിംകളൊക്കെ സി.പി.എമ്മിന്റെ രാഷ്ട്രീയ കര്‍തൃത്വം സ്വീകരിച്ച് സി.പി.എമ്മിന് വോട്ട് ചെയ്ത് അനുസരണയുള്ള പൗരന്മാരായി ജീവിച്ചെങ്കിലേ ഈ പ്രശ്‌നത്തിന് പരിഹാരമുള്ളൂ!
ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയം ഇസ്‌ലാം മുന്നോട്ടു വെക്കുന്ന നന്മയുടെ രാഷ്ട്രീയമാണ്. തിന്മക്കെതിരായ ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയമാണ്. ഒരു ഇസ്‌ലാമിക പ്രസ്ഥാനം എന്ന നിലയില്‍ ഇന്ത്യയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ദൗത്യം ഇസ്‌ലാമിന്റെ ശരിയായ പ്രതിനിധാനത്തിലൂടെ ഇസ്‌ലാമിന്റെ നന്മകള്‍ സമൂഹത്തെ അനുഭവിപ്പിക്കുക എന്നതാണ്. ജമാഅത്തിന്റെ ഓരോ പ്രവര്‍ത്തനത്തിലും ഈ ലക്ഷ്യം നിഴലിച്ചുകാണാം. ഇസ്‌ലാമിന്റെ വിമോചന രാഷ്ട്രീയം എന്താണെന്ന് സി.പി.എമ്മിന് മനസ്സിലായിട്ടില്ലെങ്കില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനായ എം.എന്‍ റോയിയുടെ 'ഇസ്‌ലാമിന്റെ ചരിത്രപരമായ പങ്ക്' (Historical Role of Islam) എന്ന പുസ്തകം ഒരാവൃത്തി വായിച്ചുനോക്കുന്നത് നന്നായിരിക്കും.
തീവ്രവാദം, ഭീകരവാദം തുടങ്ങിയ ആക്ഷേപവാക്കുകള്‍ ഇസ്‌ലാമോഫോബിയയുടെ ഭാഗമായി മാറിയ ഒരു സാമൂഹിക, രാഷ്ട്രീയ പരിസരത്താണ് നാം ജീവിക്കുന്നത്. ഓരോ മുസ്‌ലിമും താന്‍ തീവ്രവാദിയല്ല എന്ന് തെളിയിക്കേണ്ടിവരുന്ന സാഹചര്യത്തില്‍, ജമാഅത്തെ ഇസ്‌ലാമിയുടെ മേല്‍ തീവ്രവാദം ആരോപിക്കപ്പെടുന്നതില്‍ അതിശയമില്ല. ഇന്ത്യന്‍ മതേതരത്വത്തില്‍നിന്ന് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പുറത്തു നിര്‍ത്തുന്ന ഒരു നെരേറ്റീവിനെയും അംഗീകരിക്കാന്‍ മുസ്‌ലിംകള്‍ക്ക് സാധ്യമല്ല. ഇസ്‌ലാം ഇന്ത്യയുടെ ചരിത്രത്തിന്റെയും സാംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ്. അതിനെ പ്രതിനിധാനം ചെയ്യാന്‍ മുസ്‌ലിംകള്‍ക്ക് ആരുടെയും മതേതര സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.
(അവസാനിച്ചു)
Comments