ഫലസ്ത്വീന് അതോറിറ്റി തെരഞ്ഞെടുപ്പുകള്‍ കൊണ്ട് എന്ത് പ്രയോജനം?
ഫലസ്ത്വീന് അതോറിറ്റിക്കു കീഴില്‍ കഴിയുന്ന ഫലസ്ത്വീനികള്‍ പാര്‍ലമെന്റ് - പ്രസിഡന്റ് തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കാന്‍ പോവുകയാണ്. കഴിഞ്ഞ ജനുവരി പതിനഞ്ചിന് ഫലസ്ത്വീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഇറക്കിയ ഉത്തരവനുസരിച്ച് പാര്‍ലമെന്റ് (ലജിസ്ലേറ്റീവ് കൗണ്‍സില്‍) തെരഞ്ഞെടുപ്പ് മെയ് 22-ന് നടക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക ജൂലൈ 31-ന് ആയിരിക്കും. ഫലസ്ത്വീന്‍ ദേശീയ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 31-ന്. ഈജിപ്തിന്റെ നേതൃത്വത്തില്‍ രണ്ട് പ്രബല ഫലസ്ത്വീനീ ഗ്രൂപ്പുകളായ ഫത്ഹും ഹമാസും ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വളരെയേറെ വൈകിപ്പോയ ഈ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. പക്ഷേ അടിസ്ഥാന ചോദ്യം ബാക്കിയാണ്. അപമാനകരമായ ഓസ്‌ലോ കരാറിനു ശേഷം ഫലസ്ത്വീനികള്‍ അനുഭവിച്ചുപോരുന്ന മഹാപ്രതിസന്ധി മറികടക്കാന്‍ ഈ തെരഞ്ഞെടുപ്പുകള്‍ കൊണ്ടാവുമോ?' പ്രതീക്ഷയുടെ ഏതെങ്കിലും വാതിലുകള്‍ തുറന്നുതരാന്‍ ഇവക്കാവുമോ, അല്ലെങ്കില്‍ മുമ്പത്തെപ്പോലെ പീഡനങ്ങളും യാതനകളും തന്നെയായിരിക്കുമോ ഇതിന്റെയും ഫലം?
ഫലസ്ത്വീന്‍ അതോറിറ്റി പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നിട്ട് പതിനഞ്ച് വര്‍ഷമായി. അന്ന് നടന്ന തെരഞ്ഞെടുപ്പ് ഫലസ്ത്വീനികളുടെ കാതലായ ഏതെങ്കിലും പ്രശ്‌നത്തിന് പരിഹാരമാര്‍ഗം തുറന്നുതന്നുവെന്ന് ആര്‍ക്കും അഭിപ്രായമില്ല. അതൊരു വലിയ അബദ്ധമായിരുന്നുവെന്നാണ് തോന്നിയത്. ഈ തെരഞ്ഞെടുപ്പ് അതിനേക്കാള്‍ വലിയ അബദ്ധമായിത്തീരുമോ എന്ന് ശങ്കിക്കണം. കാരണങ്ങള്‍ പലതാണ്.
ഒന്ന്: സാധാരണ ഗതിയില്‍ തെരഞ്ഞെടുപ്പ് നടക്കുക പരമാധികാരമുള്ള, രാഷ്ട്രീയ സ്ഥിരതയുള്ള നാടുകളിലാണ്. അപ്പോള്‍ മാത്രമേ ജനം തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുത്തയക്കുന്നതില്‍ അര്‍ഥമുള്ളൂ. ഫലസ്ത്വീന്‍ അധിനിവേശം ചെയ്യപ്പെട്ട, തട്ടിയെടുക്കപ്പെട്ട നാടാണ്. സ്വതന്ത്ര നാടുകളില്‍ ബാധകമായതൊന്നും ഇവിടെ ബാധകമല്ല. പതിനാല് ദശലക്ഷം ഫലസ്ത്വീനികളില്‍ പകുതി അധിനിവേശം ചെയ്യപ്പെട്ട ഫലസ്ത്വീന്‍ ഭൂമികളിലാണ് താമസിക്കുന്നത്. പകുതി പേര്‍ അഭയാര്‍ഥികളായി മറ്റു നാടുകളില്‍ കഴിഞ്ഞുകൂടുന്നു. അധിനിവിഷ്ട ഭൂമിയിലുള്ള ഫലസ്ത്വീനികള്‍ എല്ലാ അര്‍ഥത്തിലും ഇസ്രയേല്‍ അധിനിവേശത്തിന് കീഴൊതുങ്ങിക്കഴിയുന്നവരാണ്. ഇസ്രയേലിന് അവരെ കൊല്ലാം, ജയിലിലടക്കാം, അവരുടെ സകലതും നശിപ്പിക്കാം, ഭൂമി പിടിച്ചെടുക്കാം; ഇതൊന്നും പാടില്ലെന്ന ഓസ്‌ലോ കരാറിനെ നോക്കുകുത്തിയാക്കിക്കൊണ്ട്. ഇത്തരമൊരു സ്ഥിതിവിശേഷം ഇനിയും നിലനില്‍ക്കുമെന്നതിനാല്‍ ഈ തെരഞ്ഞെടുപ്പുകള്‍ പാഴ്‌വേലയല്ലേ? ഫലസ്ത്വീന്‍ പ്രശ്‌നത്തെ അത് കൂടുതല്‍ സങ്കീര്‍ണമാക്കുകയല്ലേ ചെയ്യുക?
രണ്ട്: ദേശീയ സമവായങ്ങളും രഞ്ജിപ്പുകളും വളരെ ദുര്‍ബലമാണ് ഫലസ്ത്വീനില്‍. എന്നല്ല, ചിന്താപരവും രാഷ്ട്രീയവുമായ ഭിന്നിപ്പുകള്‍ വളരെ രൂക്ഷവുമാണ്. സാമൂഹിക പിളര്‍പ്പിന്റെ ആഴം ഇത് കാണിച്ചുതരുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി അതിന്റെ രൂക്ഷത കൂടുകയല്ലാതെ, കുറഞ്ഞിട്ടില്ല. ഫലസ്ത്വീന്‍ പ്രദേശങ്ങളിലെ രണ്ട് പ്രബല ഗ്രൂപ്പുകള്‍ ഫത്ഹും ഹമാസും തന്നെയാണ്. ഫലസ്ത്വീന്‍ വിമോചനവുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ പ്രശ്‌നങ്ങളിലും ഇവര്‍ ഭിന്നചേരിയില്‍ നില്‍ക്കുന്നു. ഓരോ സംഘവും മുന്‍ഗണന നല്‍കുന്നത് പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്കാണ്; ദേശീയ താല്‍പ്പര്യങ്ങള്‍ക്കല്ല. ഫത്ഹിന് മേധാവിത്വമുള്ള വെസ്റ്റ് ബാങ്കിലെ ജയിലുകളില്‍ അവിടത്തെ ഭരണകൂടം ധാരാളം ഹമാസുകാരെ രാഷ്ട്രീയ കാരണങ്ങളാല്‍ ജയിലിലിട്ടിരിക്കുകയാണ്. ഗസ്സയിലെ ഹമാസ് ഭരണകൂടം ഫത്ഹുകാരെയും ജയിലില്‍ പിടിച്ചിടുന്നു. തടവുകാരെ പരസ്പരം കൈമാറാനുള്ള ഹൃദയവിശാലതയെങ്കിലും ഇവര്‍ കാണിക്കേണ്ടതല്ലേ? അബൂ മാസിന്‍ എന്ന് വിളിക്കപ്പെടുന്ന മഹ്മൂദ് അബ്ബാസ് കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി തെരഞ്ഞെടുപ്പൊന്നും ഇല്ലാതെ റാമല്ല നഗരം കേന്ദ്രമാക്കി ഭരണം നടത്തുന്നു. അദ്ദേഹത്തെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ധാരാളം പേര്‍ ഫലസ്ത്വീന് അകത്തും പുറത്തുമുണ്ട്. ഹമാസിന്റെ ഇസ്മാഈല്‍ ഹനിയ്യ ഗസ്സ ഭരിക്കുന്നതും തെരഞ്ഞെടുപ്പില്ലാതെയാണ്. അദ്ദേഹത്തെ പിന്തുണക്കുന്ന നിരവധി ശക്തികള്‍ മേഖലയിലും അന്താരാഷ്ട്ര തലത്തിലുമുണ്ട്. ഈ ചേരിതിരിയലിന് എന്ത് മാറ്റമാണ് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകള്‍ ഉണ്ടാക്കുക?
മൂന്ന്: വിവിധ സായുധ ഗ്രൂപ്പുകളുണ്ട് ഫലസ്ത്വീനികള്‍ക്കിടയില്‍. അവരുടെ ആയുധങ്ങള്‍ പലപ്പോഴും പ്രയോഗിക്കപ്പെടാറുള്ളത് പൊതുശത്രുവായ അധിനിവേശകര്‍ക്കെതിരെയല്ല, എതിര്‍ ഗ്രൂപ്പുകള്‍ക്കു നേരെയാണ്. തങ്ങളുടെ ഗ്രൂപ്പിന്റെ താല്‍പ്പര്യങ്ങള്‍ക്കെതിരെയാണ് മറ്റേ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം എന്ന് തോന്നിയാല്‍ മതി, അതിനെ ചെറുക്കുന്നത് സായുധമായിട്ടായിരിക്കും. ആഭ്യന്തര സംഘര്‍ഷങ്ങള്‍ മൂര്‍ഛിച്ച ലിബിയ, യമന്‍, സിറിയ എന്നീ നാടുകളില്‍നിന്ന് ഏറെയൊന്നും അകലത്തായിരിക്കില്ല ഈ ഫലസ്ത്വീന്‍ പ്രദേശങ്ങള്‍.
ഇതു പോലുള്ള നിരവധി കാരണങ്ങളാല്‍ ഞാന്‍ കരുതുന്നത്, ഈ തെരഞ്ഞെടുപ്പുകള്‍ ഗ്രൂപ്പ് രാഷ്ട്രീയത്തെ മാത്രമേ പ്രതിഫലിപ്പിക്കുകയുള്ളൂ എന്നാണ്. ഫലസ്ത്വീനികളുടെ മൗലിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കാന്‍ സാധ്യത കാണുന്നില്ല. അവകാശങ്ങളൊന്നുമില്ലാതെ നിരായുധരാക്കപ്പെട്ട ഫലസ്ത്വീന്‍ ജനതയെ ആര്‍ പ്രതിനിധീകരിച്ചാലെന്ത്, അത് നിലവിലുള്ള പരിതാപകരമായ അവസ്ഥക്ക് എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുമോ?
അതിനാല്‍ ആദ്യമായി, ഫത്ഹ് - ഹമാസ് ധ്രുവീകരണം ഇല്ലാതാക്കണം. ഇത് ഒരു ഓപ്ഷന്‍ ആയി കാണുന്നതിനു പകരം, അനിവാര്യമായും സ്വീകരിച്ചിരിക്കേണ്ട രാഷ്ട്രീയ നിലപാടായി മനസ്സിലാക്കണം. അല്ലെങ്കില്‍ ഫലസ്ത്വീന്‍ വിഷയത്തില്‍ ഒരു നില്‍ക്കക്കള്ളിയുമുണ്ടാകില്ല. ഇസ്രയേല്‍ അധിനിവേശമെന്ന അടിസ്ഥാന പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ ഫലസ്ത്വീനികള്‍ക്ക് ഒരു പൊതു സ്ട്രാറ്റജി ഉണ്ടായേ പറ്റൂ. രണ്ടാമതായി, ഫലസ്ത്വീന്‍ പ്രശ്‌നത്തിന് മുസ്‌ലിം - അറബ് ലോകത്ത് ഉണ്ടായ തിരിച്ചടി ഗൗരവത്തോടെ കാണുകയും അവരുടെ അജണ്ടയുടെ കേന്ദ്രസ്ഥാനത്ത് അതിനെ തിരിച്ചെത്തിക്കുകയും വേണം. അറബ് വസന്താനന്തരമാണ് ഇത് കൂടുതല്‍ ദൃശ്യമാവാന്‍ തുടങ്ങിയത്. അറബ് രാഷ്ട്രങ്ങള്‍ അവയുടെ സ്വന്തം അജണ്ടയിലേക്ക് ചുരുങ്ങുകയാണുണ്ടായത്. 'നൂറ്റാണ്ടിന്റെ കരാര്‍' ഇതിന് ആക്കം കൂട്ടുകയും ചെയ്തു. ഫലസ്ത്വീന്‍ വിമോചിപ്പിക്കപ്പെടുംവരെ മുസ്‌ലിം ലോകത്തിന് സ്വസ്ഥമായിരിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെടണം. ഈ മുന്‍ഗണനകളൊന്നും ഈ തെരഞ്ഞെടുപ്പുകളില്‍ കേന്ദ്രസ്ഥാനത്ത് വരുമെന്ന് ഞാന്‍ കരുതുന്നില്ല.
(സീനിയര്‍ അറബ് പത്രപ്രവര്‍ത്തകനും അല്‍ജസീറ നെറ്റ് കോളമിസ്റ്റുമാണ് ലേഖകന്‍)
Comments