കേന്ദ്ര സര്‍വകലാശാലകളും മുസ്‌ലിം വിദ്യാര്‍ഥി രാഷ്ട്രീയവും
രണ്ടായിരത്തിയാറില്‍ രണ്ടാം മണ്ഡല്‍ കമീഷന്‍ നിയമം പാസാക്കപ്പെടുകയും, അതിന്റെ ഫലമായി പട്ടികജാതി, പട്ടികവര്‍ഗ സാമൂഹിക വിഭാഗങ്ങളോടൊപ്പം മറ്റു പിന്നാക്ക സമുദായങ്ങള്‍ക്കും (ഒ.ബി.സി) ഉന്നതകേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, പ്രത്യേകിച്ച് കേന്ദ്ര സര്‍വകലാശാലകളില്‍ ഇരുപത്തിയേഴ് ശതമാനം സംവരണം നടപ്പിലാക്കപ്പെടുകയും ചെയ്തതിനു ശേഷമാണ് കേരളത്തില്‍നിന്നടക്കം മുസ്‌ലിം സമുദായത്തില്‍നിന്നുള്ള നിരവധി വിദ്യാര്‍ഥികള്‍ കേന്ദ്ര സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്നത്. രണ്ടാം മണ്ഡലിനു മുമ്പും ശേഷവും കേരളത്തില്‍നിന്നുള്ള ധാരാളം വിദ്യാര്‍ഥികള്‍ അത്തരം അക്കാദമിക സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്. അതേസമയം, കേരളത്തില്‍നിന്നുള്ള മറ്റു മത, സാമൂഹിക വിഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുകയാണെങ്കില്‍ കേരളത്തില്‍നിന്നുള്ള മുസ്‌ലിം വിദ്യാര്‍ഥികള്‍ ഇന്നും വളരെ ചെറിയ ന്യൂനപക്ഷമാണെന്നു കാണാം.
അങ്ങനെയെങ്കില്‍ എളമരം കരീം എം.പിയുടെ 'റിക്രൂട്ട്മെന്റ്', 'നുഴഞ്ഞുകയറ്റ' ആകുലതയുടെ യുക്തിയെന്താണ്? എന്തുകൊണ്ടാണ് കേന്ദ്ര സര്‍വകലാശാലകളിലെ മുസ്‌ലിം വിദ്യാര്‍ഥികള്‍ 'ആപല്‍ക്കരമായ' സാന്നിധ്യമായി മാറുന്നത്?
ദല്‍ഹിയിലെ ജെ.എന്‍.യുവും ജാമിഅ മില്ലിയ്യയും, അലീഗഢ് മുസ്‌ലിം സര്‍വകലാശാലയും ഹൈദറാബാദ് കേന്ദ്രസര്‍വകലാശാലയും പോണ്ടിച്ചേരി സര്‍വകലാശാലയുമടക്കമുള്ള കേന്ദ്ര സര്‍വകലാശാലകളിലേക്കാണ് കേരളത്തില്‍നിന്നടക്കം മുസ്‌ലിം വിദ്യാര്‍ഥികള്‍ പഠിക്കാനെത്തുന്നത്. അത്രയും കാലം സവര്‍ണ പ്രത്യയശാസ്ത്രങ്ങളും ഇടതുപക്ഷ ആശയങ്ങളും ആധിപത്യം സ്ഥാപിച്ചിരുന്ന ഇത്തരം അക്കാദമിക അഗ്രഹാരങ്ങളിലേക്കാണ് മുസ്‌ലിം വിദ്യാര്‍ഥികള്‍ കടന്നുചെല്ലുന്നത്. ഇടതുപക്ഷ വിദ്യാര്‍ഥിത്വം നിര്‍മിച്ചെടുത്ത 'ചോദ്യങ്ങളുയര്‍ത്തുന്ന ക്ഷുഭിത യൗവനം' എന്ന കാല്‍പ്പനികത പതിറ്റാണ്ടുകളോളം എസ്.എഫ്.ഐ അടക്കമുള്ള ഇടതു വിദ്യാര്‍ഥി സംഘടനകള്‍ക്ക് കാമ്പസ് രാഷ്ട്രീയം അടക്കിവാഴാനുള്ള വഴിയൊരുക്കി. എന്നാല്‍, ഇത്തരം രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ മുന്നോട്ടുവെക്കുന്ന മതത്തെയും മതേതരത്വത്തെയും ദേശീയതയെയും കുറിച്ചുള്ള ആഖ്യാനങ്ങള്‍ക്ക്, ബാബരി ധ്വംസനത്തിനും ഗുജറാത്ത് വംശഹത്യക്കും ശേഷം മുസ്‌ലിം വിദ്യാര്‍ഥികളെ സംബന്ധിച്ചേടത്തോളം തങ്ങള്‍ കടന്നുപോരുന്ന സാമൂഹിക പരിസരത്തെ മനസ്സിലാക്കുന്നതില്‍ പരിമിതികളുണ്ടെന്നും അത്തരം ആഖ്യാനങ്ങള്‍ക്കകത്ത് തങ്ങളുടെ മതപരവും സാമുദായികവുമായ കര്‍തൃത്വത്തിനും ദൃശ്യതക്കും യാതൊരു സ്ഥാനവുമില്ലെന്നുമുള്ള തിരിച്ചറിവാണ് പുതിയ രാഷ്ട്രീയ ഭാവനകളെ കുറിച്ച ആലോചനകളിലേക്ക് അവരെ കൊണ്ടെത്തിച്ചത്.
എന്നാല്‍ കേന്ദ്ര സര്‍വകലാശാലകളില്‍ എത്തിപ്പെട്ടതിനു ശേഷം തങ്ങളുടെ കാമ്പസ് അനുഭവങ്ങളുടെ വെളിച്ചത്തില്‍ മാത്രം അവര്‍ക്ക് ലഭിച്ച തിരിച്ചറിവാണ് അത് എന്ന് കരുതാനാവില്ല. മറിച്ച് കേരളീയ മുസ്‌ലിം വൈജ്ഞാനിക മണ്ഡലത്തില്‍ അതിനു മുന്നേ തന്നെ മതേതരത്വ, ദേശീയ, ഭരണകൂട ഹിംസകളെ കുറിച്ച ചര്‍ച്ചകള്‍ സജീവമായിരുന്നു. വംശീയ ദേശീയതയുടെ മുസ്ലിം അപരവത്കരണത്തെ കുറിച്ചും ആഗോളതലത്തില്‍ മതേതര വ്യവഹാരങ്ങളില്‍ ഒളിച്ചുകടത്തപ്പെടുന്ന ഇസ്ലാംഭീതിയെ കുറിച്ചുമുള്ള ആഗോളപഠനങ്ങള്‍ കേരളത്തിലെ മുസ്ലിം മണ്ഡലങ്ങളിലും മുമ്പേ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ചര്‍ച്ചകളുടെയും പഠനങ്ങളുടെയും വെളിച്ചത്തിലാണ് മുസ്ലിം വിദ്യാര്‍ഥികള്‍ കേന്ദ്ര സര്‍വകലാശാലകളിലേക്ക് 'നുഴഞ്ഞുകയറുന്നതും' പുതിയ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് മുതിരുന്നതും.
അതോടൊപ്പം തന്നെ കേന്ദ്ര സര്‍വകലാശാലകളിലെത്തിച്ചേര്‍ന്ന ദലിത്, ആദിവാസി, മറ്റു പിന്നാക്ക സമുദായങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചകളും തുടര്‍ന്നുണ്ടാക്കിയ കൂട്ടായ്മകളും മുസ്‌ലിം വിദ്യാര്‍ഥിത്വത്തെ നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കുറഞ്ഞത് 1980-കള്‍ മുതല്‍ തന്നെ കീഴാള പഠനം എന്നത് വ്യവസ്ഥാപിത അക്കാദമിക പഠനശാഖയായി വികസിച്ചിട്ടുണ്ട്. എന്നാല്‍ അക്കാദമിക പ്രവര്‍ത്തനം എന്നതിലപ്പുറം കാമ്പസുകള്‍ക്കകത്തെ ദൈനംദിന ജീവിതത്തില്‍ തങ്ങളുടേതായ സാമൂഹിക സ്വത്വത്തിലൂന്നിക്കൊണ്ടുള്ള രാഷ്ട്രീയത്തെ മുന്നോട്ടുവെക്കാനുള്ള ഇടം നേരത്തേ പറഞ്ഞ അധീശത്വ ആഖ്യാനങ്ങള്‍കക്കകത്ത് അവര്‍ക്ക് സാധ്യമായിരുന്നില്ല. അതിനാല്‍തന്നെ ഇന്ത്യന്‍ ദേശീയതക്കകത്ത് രാഷ്ട്രീയമായി പുറന്തള്ളപ്പെട്ടവരും (മുസ്‌ലിം സമുദായം) ചരിത്രപരമായും സാംസ്‌കാരികമായും അടിച്ചമര്‍ത്തപ്പെട്ടവരും, ദേശീയതക്കകത്ത് നിര്‍മിച്ചെടുക്കപ്പെട്ട മതേതര, ജനാധിപത്യ നിര്‍വചനങ്ങളുടെ പുറത്തുകടന്ന് ശക്തമായ പുതിയ രാഷ്ട്രീയ ഐക്യങ്ങള്‍ കണ്ടെത്തുകയായിരുന്നു. അഥവാ, ഒരേ ദേശരാഷ്ട്ര വ്യവസ്ഥക്കകത്ത് രണ്ടു വ്യത്യസ്ത രീതികളില്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ സ്വാഭാവികമായ (Organic) കൂടിച്ചേരലായി വേണം ദലിത്-മുസ്ലിം ഐക്യത്തെ മനസ്സിലാക്കാന്‍.
ഇടത്-പുരോഗമന വൈജ്ഞാനിക ചട്ടക്കൂടുകള്‍ പുറന്തള്ളുന്ന മതധാര്‍മികതയെ അടിസ്ഥാനപ്പെടുത്തിയുള്ള ഐക്യപ്പെടല്‍ കൂടിയാണത്. മുസ്‌ലിം വിദ്യാര്‍ഥികളെ സംബന്ധിച്ചേടത്തോളം തങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ വികസിപ്പിക്കാനും തങ്ങളുയര്‍ത്തിപ്പിടിക്കുന്ന, സാമുദായികമായി വികസിക്കുന്ന ജനാധിപത്യത്തിന്റെ സാധ്യതകളെ അന്വേഷിക്കാനുമുള്ള കേവലം രാഷ്ട്രീയ പരീക്ഷണങ്ങളായിരുന്നില്ല അത്തരം ഐക്യപ്പെടലുകള്‍. മറിച്ച്, ചരിത്രത്തില്‍ വ്യവസ്ഥാപിതമായി ഹിംസിക്കപ്പെട്ടും അരികുവത്കരിക്കപ്പെട്ടും തങ്ങളുടെ അസ്തിത്വം നിരാകരിക്കപ്പെട്ടും ജീവിച്ചുപോന്ന സാമൂഹിക വിഭാഗങ്ങളോട് ഖുര്‍ആനിക-പ്രവാചക പാഠങ്ങളുടെ അടിസ്ഥാനത്തില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ നടത്തിയ ഐക്യദാര്‍ഢ്യമാണ് ദലിത് വിദ്യാര്‍ഥിത്വത്തോടുള്ള അവരുടെ സമീപനങ്ങളില്‍ പ്രകടമായത്. അത്തരം ഐക്യപ്പെടലുകളെ മുസ്‌ലിം മതാനുഭവം (Religiosity) ആയിത്തന്നെ മനസ്സിലാക്കാം. എന്നാല്‍ രാഷ്ട്രീയ ഐക്യത്തെ കുറിച്ച് നിലനില്‍ക്കുന്ന രാഷ്ട്രീയ സിദ്ധാന്തങ്ങളുടെ കേവല പ്രേരക യുക്തിക്ക് (Instrumental Rationality) മതാനുഭവങ്ങളെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ടുള്ള അത്തരം സംവേദനങ്ങളെ തിരിച്ചറിയാന്‍ കഴിയുകയില്ല.
കാമ്പസുകളിലെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നത് കാമ്പസുകള്‍ക്കു പുറത്തെ രാഷ്ട്രീയത്തില്‍നിന്നും രാഷ്ട്രീയ നിരീക്ഷണങ്ങളില്‍നിന്നും വലിയ അളവില്‍ വ്യത്യാസപ്പെട്ടിരിക്കുന്ന ഒന്നാണ്. ദേശം, ദേശീയത, വംശീയത തുടങ്ങിയ സങ്കല്‍പ്പനങ്ങളെ കുറിച്ച വൈജ്ഞാനിക വിമര്‍ശനങ്ങള്‍ ഇന്ത്യന്‍ അക്കാദമിക മണ്ഡലങ്ങളില്‍ കുറച്ചധികം കാലമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അത്തരം അധീശത്വ വ്യവഹാരങ്ങളോട് ദലിത്, മത ന്യൂനപക്ഷ സാമൂഹിക പരിസരത്തു നിന്നുകൊണ്ടുള്ള ചര്‍ച്ചകള്‍ പലപ്പോഴും ബിരുദാനന്തര, ഗവേഷണ വിദ്യാര്‍ഥികളുടെ സിലബസിന്റെ ഭാഗമാവുകയും അവര്‍ വ്യവസ്ഥാപിതമായി അത് പഠിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ കാമ്പസുകള്‍ക്ക് പുറത്തെ രാഷ്ട്രീയ മണ്ഡലത്തില്‍ മുസ്‌ലിം-ദലിത് സമുദായങ്ങള്‍ അനുഭവിക്കുന്ന 'ദേശീയതയുടെ' അധികബാധ്യതയില്‍നിന്നും കാമ്പസിനകത്തെ വിദ്യാര്‍ഥികള്‍ ഒരു പരിധിവരെയെങ്കിലും മുക്തരാണ് എന്നു തന്നെ വേണം മനസ്സിലാക്കാന്‍. ഈയൊരു സാധ്യതയെ വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ മുസ്‌ലിം-ദലിത് വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അഥവാ, ക്ലാസ്മുറികളിലും അക്കാദമിക ഇടങ്ങളിലും മാത്രം ചര്‍ച്ച ചെയ്യപ്പെട്ട സാമൂഹിക വിമര്‍ശനങ്ങളെ പൊതു ഇടങ്ങളിലേക്ക് വികസിപ്പിക്കാനും അതിനെ ശക്തമായ രാഷ്ട്രീയ മുന്നേറ്റമായി പരിവര്‍ത്തിപ്പിക്കാനും പാര്‍ശ്വവത്കൃത വിദ്യാര്‍ഥിത്വത്തിന് സാധിച്ചിട്ടുണ്ട്.
ഇത്തരം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും സാമൂഹിക മുന്നേറ്റങ്ങളെയും തിരിച്ച് അക്കാദമിക ചര്‍ച്ചകളുടെ കേന്ദ്രസ്ഥാനങ്ങളില്‍ എത്തിക്കാനും ദലിത്-മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും രോഹിത് വെമുലയുടെ മരണത്തിനും നജീബ് അഹ്മദിന്റെ തിരോധാനത്തിനും ശേഷം നടന്നിട്ടുള്ള ശക്തമായ കാമ്പസ് രാഷ്ട്രീയ മുന്നേറ്റങ്ങള്‍ പിന്നീട് പല അക്കാദമിക നിരീക്ഷണങ്ങളിലേക്കും ചെന്നെത്തിയിട്ടുണ്ട്. കാമ്പസിനകത്തും പുറത്തും സമരങ്ങളിലും പോരാട്ടങ്ങളിലും സജീവമായുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ തന്നെയാണ് തങ്ങളുടെ സാമൂഹിക പരിസരത്തുനിന്നും അത്തരം സൈദ്ധാന്തിക പഠനങ്ങള്‍ രൂപപ്പെടുത്തിയെടുത്തത്. പിന്നീട് സി.എ.എ, എന്‍.ആര്‍.സി വിരുദ്ധ സമരങ്ങള്‍ നടന്നുകൊണ്ടിരിക്കെ, ആ പ്രക്ഷോഭങ്ങളെ മനസ്സിലാക്കാനും വിശകലനം ചെയ്യാനുമുള്ള സൈദ്ധാന്തിക ചട്ടക്കൂടുകള്‍ വികസിപ്പിച്ചെടുക്കാന്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സാധിച്ചു എന്നത് ഒരു സമുദായത്തിന്റെ ആഴത്തിലുള്ള ധൈഷണിക വികാസത്തിന്റെ അടയാളമായി വേണം മനസ്സിലാക്കാന്‍. തങ്ങളുടെ അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവര്‍ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന രാഷ്ട്രീയ, സാമൂഹിക ചിന്തകളെയും സിദ്ധാന്തങ്ങളെയും തങ്ങളുടേതായ സാമൂഹിക-സാമുദായിക പരിസരത്തെ മനസ്സിലാക്കുന്നതിനും വിശകലനം ചെയ്യുന്നതിനും പ്രയോജനപ്പെടുത്തുകയും സിദ്ധാന്തവും അനുഭവവും പരസ്പരപൂരകമാക്കിക്കൊണ്ട് പുതിയ വൈജ്ഞാനിക നിരീക്ഷണങ്ങള്‍ സാധ്യമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
മണ്ഡലിനു ശേഷമുള്ള മുസ്‌ലിം വിദ്യാര്‍ഥിത്വം പതിനഞ്ചു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പുതിയ ധൈഷണിക, രാഷ്ട്രീയ ഘട്ടത്തിലേക്ക് അത് മാറിയതായാണ് മനസ്സിലാക്കാന്‍ കഴിയുക. പൗരത്വ ഭേദഗതി പ്രക്ഷോഭാനന്തരം മുസ്‌ലിം വിദ്യാര്‍ഥിത്വത്തില്‍ സംഭവിച്ചിട്ടുള്ള പുതിയ ഭാവുകത്വങ്ങള്‍ ഭരണഘടന എന്ന സങ്കല്‍പ്പനത്തോടുള്ള മുസ്‌ലിം സംവേദനത്തിന്റെ മാറ്റമായി കൂടി മനസ്സിലാക്കാം. അഥവാ, ഭരണഘടന മുന്നോട്ടുവെക്കുന്ന സംവരണം, സാമൂഹിക നീതി തുടങ്ങിയ ആശയങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് മണ്ഡലാനന്തരം മുസ്‌ലിം വിദ്യാര്‍ഥികള്‍ തങ്ങളുടെ സ്ഥാനം നിര്‍ണയിച്ചത്. എന്നാല്‍ ശക്തമായ പൗരത്വ-പ്രക്ഷോഭ കാലത്തും അതിനു ശേഷവും 'ഭരണഘടനാനുസൃതമായ' പുറന്തള്ളലിനോടുള്ള പ്രതികരണമെന്നോണം ഭരണഘടനയുടെ തന്നെ അടിസ്ഥാനാശയങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് ഭരണഘടനയെ സ്വയം പുനര്‍നിര്‍മിക്കാനുള്ള ശ്രമങ്ങളാണ് തെരുവുകളിലും അക്കാദമിക വ്യവഹാരങ്ങളിലും നടത്തപ്പെട്ടത്. ഭരണഘടന എന്ന സംവര്‍ഗത്തോടുള്ള സമീപനത്തിലെ ഇത്തരം മാറ്റങ്ങള്‍ക്ക് മുസ്‌ലിം വിദ്യാര്‍ഥിത്വത്തിന്റെ ദിശ നിര്‍ണയിക്കുന്നതില്‍ വലിയ തരത്തിലുള്ള സ്വാധീനമുണ്ടാവും.
കാമ്പസുകളിലെ ജനാധിപത്യ വ്യവസ്ഥയെ ഇത്തരം മുന്നേറ്റങ്ങള്‍ വലിയ അളവില്‍ പുനര്‍നിര്‍വചിക്കുന്നുണ്ട്. ജനാധിപത്യം എന്ന ആശയം സംഖ്യാപരമായി (Numerical) ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും നിശ്ചയിക്കാനുള്ള അളവുകോല്‍ എന്നതില്‍നിന്ന് മാറി, രണ്ടോ അതിലധികമോ വിഭാഗങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ ആദര്‍ശങ്ങളുടെ പരീക്ഷണശാലയായി കാമ്പസ് ഇലക്ഷനുകളെ മനസ്സിലാക്കാന്‍ തുടങ്ങി. സംഖ്യാപരം എന്നതിലപ്പുറം പ്രത്യയശാസ്ത്ര പോരാട്ടം (Ideological War) ആയാണ് ഇതിനെ മനസ്സിലാക്കേണ്ടത്. മുസ്ലിം വിദ്യാര്‍ഥികളെ സംബന്ധിച്ചേടത്തോളം വളരെ ചെറിയ ന്യൂനപക്ഷം മാത്രമായ അവര്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങളില്‍ വലിയ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയ ഘടനക്കകത്ത് കാലങ്ങളായി അരികുവത്കരിക്കപ്പെടുകയും മറച്ചുപിടിക്കപ്പെടുകയും ചെയ്ത മുസ്‌ലിം രാഷ്ട്രീയ കര്‍തൃത്വത്തെയും സൂചകങ്ങളെയും (Symbols) കാമ്പസ് രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയ ഭാഷയുടെയും കേന്ദ്രസ്ഥാനത്തേക്കെത്തിക്കാന്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കാമ്പസ് ഇലക്ഷനുകളില്‍ ഇസ്‌ലാമോഫോബിയ, കശ്മീര്‍, മുസ്‌ലിം പൗരത്വ പ്രതിസന്ധി തുടങ്ങിയവ കേന്ദ്രവിഷയങ്ങളായി മാറിയതില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ സവിശേഷമായ പങ്കുവഹിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി, ഭൂരിപക്ഷ പ്രത്യയശാസ്ത്രങ്ങളോട് നിരന്തരം കലഹിച്ചുകൊണ്ടിരിക്കുന്ന, അവയുടെ രാഷ്ട്രീയ ബോധ്യങ്ങളെയും കാഴ്ചപ്പാടുകളെയും നിരന്തരം വിശകലനവിധേയമാക്കിക്കൊണ്ടിരിക്കുന്ന ശക്തമായ ന്യൂനപക്ഷമായി (Potential Minority) ആയി വികസിക്കാന്‍ കാമ്പസ് ജനാധിപത്യത്തിനകത്ത് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല.
കേരളത്തിലെ മുസ്ലിം സാമുദായിക മണ്ഡലത്തെ സംബന്ധിച്ചേടത്തോളം ചെറുതല്ലാത്ത സ്വാധീനം ഇത്തരം വിദ്യാര്‍ഥി മുന്നേറ്റങ്ങള്‍ കൊണ്ടുവരുന്നതായി കാണാം. കേന്ദ്ര സര്‍വകലാശാലകളില്‍ പഠിക്കുന്ന മുസ്ലിം വിദ്യാര്‍ഥികളില്‍ പലരും വ്യത്യസ്ത മുസ്ലിം സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ടു തന്നെയാണ് കാമ്പസില്‍ നിലകൊള്ളുന്നത്. എന്നാല്‍, കാമ്പസുകള്‍ക്കകത്തെ വിദ്യാര്‍ഥി സംഘടനകള്‍ക്ക് തങ്ങളുടെ ദിശ നിര്‍ണയിക്കാനും രാഷ്ട്രീയം രൂപപ്പെടുത്താനും പൊതുവായ സംഘടനാ പ്രവര്‍ത്തന രീതികളില്‍നിന്ന് മാറി സഞ്ചരിക്കാനും പലപ്പോഴും കഴിയാറുണ്ട്. അതിന്റെ ഫലമായി, കേരളത്തിലെ മുസ്ലിം സംഘാടനങ്ങള്‍ക്ക് സാധ്യമാക്കാന്‍ കഴിയാത്ത പലതും കാമ്പസുകളിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ചുരുങ്ങിയ കാലം കൊണ്ട് സാധ്യമാക്കാനായി എന്നത് ചെറിയ കാര്യമല്ല. മുസ്‌ലിം മണ്ഡലങ്ങളില്‍നിന്നുള്ള വ്യത്യസ്ത മത-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പ്രത്യയശാസ്ത്രപരമായും ധൈഷണികമായും അടിത്തറകള്‍ പാകിയ, എന്നാല്‍ ഇടത്-പുരോഗമന പ്രസ്ഥാനങ്ങള്‍ കാലങ്ങളായി പൈശാചികവത്കരിച്ചുകൊണ്ടിരിക്കുന്ന, പൂര്‍വകാല ചിന്തകരെയും അവരുടെ ആശയങ്ങളെയും അക്കാദമിക തലത്തില്‍ പുനരാനയിക്കാനും അതിന് പുതിയ വൈജ്ഞാനിക ചട്ടക്കൂടുകള്‍ നല്‍കാനും മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സാധിച്ചിട്ടുണ്ട്. സ്വാഭാവികമായും കേരളത്തിലെ സംഘടനാ പ്രതലങ്ങളിലും അത്തരം മുന്നേറ്റങ്ങള്‍ പ്രതിഫലനങ്ങളുണ്ടാക്കുന്നുണ്ട്.
(ഹൈദറാബാദ് യൂനിവേഴ്‌സിറ്റിയില്‍ രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് ലേഖകന്‍).
Comments