Prabodhanm Weekly

Pages

Search

021 മാര്‍ച്ച് 12

3193

1442 റജബ് 28

നേവാത്ഥാന സമിതിക്കു മേല്‍ റീത്ത് !

എ.ആര്‍

നവോത്ഥാനത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ പിന്നോട്ട് പോയി എന്ന് കുറ്റപ്പെടുത്തിയിരിക്കുന്നത് ശബരിമലയില്‍ യുവതിപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള പിണറായി സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ സംഘ് പരിവാറും ഹൈന്ദവ സംഘടനകളും തെരുവിലിറങ്ങിയ പശ്ചാത്തലത്തില്‍ സര്‍ക്കാരും സി.പി.എമ്മും കൂട്ടായി രൂപം നല്‍കിയ കേരള നവോത്ഥാന സമിതിയുടെ ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട കേരള പുലയര്‍ മഹാസഭ ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. പാര്‍ലമെന്ററി രാഷ്ട്രീയത്തിലുള്ളവര്‍ അധികാരം നിലനിര്‍ത്താന്‍ വ്യവസ്ഥിതിയോട് സമരസപ്പെട്ടാലും കേരള പുലയര്‍ മഹാ സഭക്ക് സാമൂഹിക വിപ്ലവത്തെ കൈയൊഴിയാനാകില്ലെന്ന് കൂടി പുന്നല ശ്രീകുമാര്‍ പ്രസ്താവിച്ചത് ഫെബ്രുവരി 27-ന് കൊല്ലത്ത് കെ.പി.എം.എസിന്റെ 49-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ (2021 ഫെബ്രുവരി 28-ലെ മാധ്യമം). നവോത്ഥാന സമിതി രൂപീകരണത്തിനു ശേഷം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ചുചേര്‍ത്ത വിവിധ മത-സാമുദായിക സംഘടനാ നേതാക്കളുടെ യോഗത്തില്‍ സംഘാടകരുടെ ക്ഷണപ്രകാരം ഞാനും പങ്കെടുത്തിരുന്നു. സമിതി പ്രസിഡന്റ് വെള്ളാപ്പള്ളി നടേശനായിരുന്നു അധ്യക്ഷന്‍. യോഗം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍, നവോത്ഥാന നായകര്‍ ബഹുദൂരം മുന്നോട്ടു നയിച്ച കേരളത്തെ വീണ്ടും പിറകോട്ട് വലിക്കാന്‍ ബദ്ധപ്പെടുന്ന പ്രതിലോമ ശക്തികളെ ചെറുത്തു തോല്‍പിച്ച് നവോത്ഥാന പാതയില്‍ സംസ്ഥാനത്തെ ഉറപ്പിച്ചു നിര്‍ത്താന്‍ കൂട്ടായി ശ്രമിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു. നവോത്ഥാന സമിതി ഒരു സര്‍ക്കാര്‍ സംഘടനയായിരിക്കില്ലെന്നും സഹകരിക്കാവുന്നവരെ മുഴുവന്‍ കൂട്ടുപിടിച്ച് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും പ്രവര്‍ത്തിക്കാനും സമിതിക്ക് പൂര്‍ണാവസരമുണ്ടായിരിക്കുമെന്നും വ്യക്തമാക്കിക്കൊണ്ടാണ് മുഖ്യമന്ത്രി വേദി വിട്ടത്. ഹൈന്ദവ-മുസ്‌ലിം-ക്രൈസ്തവ സംഘടനകളുടെ വക്താക്കള്‍ സംബന്ധിച്ച യോഗം കൂടുതല്‍ പേരെ സമിതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാണ് പിരിഞ്ഞത്. പക്ഷേ, പിന്നീട് സംഭവിച്ചതെന്ത് എന്നതിനെക്കുറിച്ച സൂചനകള്‍ പുന്നല ശ്രീകുമാറിന്റെ ഉപര്യുക്ത പ്രസംഗത്തിലുണ്ട്. ജനങ്ങളെയാകെ ഗ്രസിച്ചുകഴിഞ്ഞ മൂഢവിശ്വാസാചാരങ്ങള്‍ക്കെതിരെ ഒരു തരത്തിലുമുള്ള ബോധവല്‍ക്കരണത്തിനും നവോത്ഥാന സമിതി രംഗത്തിറങ്ങിയില്ലെന്നു മാത്രമല്ല നവോത്ഥാനത്തില്‍ പിറകോട്ടു പോവുകയും ചെയ്തു. ജാതീയ സംഘടനകളെയും സംഘ് പരിവാറിനെയും ഭയന്ന ഇടതു സര്‍ക്കാര്‍ അവരെ അലോസരപ്പെടുത്തുന്നതൊന്നും ചെയ്യാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. ശബരിമലയിലെ യുവതിപ്രവേശന കാര്യത്തില്‍ പൂര്‍ണമായും മുട്ടുമടക്കി. തുടക്കത്തില്‍ നടത്തിയ ചില നീക്കങ്ങള്‍ അപ്പാടെ തിരുത്തി. ഇപ്പോള്‍ തദ്വിഷയകമായി തന്ത്രിമാര്‍ക്കും യാഥാസ്ഥിതിക ഹൈന്ദവ സംഘടനകള്‍ക്കുമൊപ്പം നില്‍ക്കുമെന്ന് യു.ഡി.എഫ് ഉറക്കെ പ്രഖ്യാപിക്കുമ്പോള്‍ ഇടതു സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നു. അവരുടെ പ്രശ്‌നത്തില്‍ പ്രകോപനപരമായി പ്രക്ഷോഭം നടത്തിയ ആയിരങ്ങളുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാനും പോവുന്നു. ഇതേപ്പറ്റി കമ എന്ന് ശബ്ദിക്കാതിരിക്കാന്‍ നവോത്ഥാന സമിതിയും (അങ്ങനെയൊന്ന് നിലവിലുണ്ടെങ്കില്‍) ശ്രദ്ധിക്കുന്നു. ചുരുക്കത്തില്‍, ഒരു സര്‍ക്കാര്‍-സി.പി.എം നിഴല്‍സംഘമായി നവോത്ഥാന സമിതി മാറി.
മുസ്‌ലിം സമൂഹത്തില്‍ പ്രവാചകന്റേത് എന്നവകാശപ്പെട്ട മുടിയുമായി ഒരു വിഭാഗം രംഗത്തു വരികയും അത് വന്‍ വിവാദമായി മാറുകയും ചെയ്തപ്പോള്‍ 'തിരുകേശ'ത്തെ ബോഡി വെയ്സ്റ്റ് എന്ന് വിളിച്ചയാളാണ് പിണറായി വിജയന്‍. ഇന്നാ വിഭാഗമാണ് സി.പി.എമ്മിന്റെ ഫേവറേറ്റ്. നവോത്ഥാന സമിതിയിലും അവരുടെ പ്രതിനിധികള്‍ക്ക് പ്രാതിനിധ്യമുണ്ട്. ദേശീയതലത്തില്‍ മോദി സര്‍ക്കാറിന് പ്രിയപ്പെട്ട മുസ്‌ലിം വിഭാഗവും അവര്‍ തന്നെ. സംഗതി വ്യക്തമാണ്. ഏത് നവോത്ഥാന മൂല്യത്തേക്കാളും മൂല്യം വോട്ടിനാണ് ജനാധിപത്യത്തില്‍. ഭരണം നിലനിര്‍ത്താന്‍ ഏത് അന്ധവിശ്വാസത്തെയും അനാചാരത്തെയും സംരക്ഷിച്ചേ തീരൂ. അവ്വിധമാണ് കേരളത്തിലെ പ്രഥമ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ മറിച്ചിടാന്‍ നടന്ന വിമോചനസമര നായകരില്‍ ഒന്നാമനായ എന്‍.എസ്.എസ് സ്ഥാപകന്‍ മന്നത്ത് പത്മനാഭന്‍ ഇപ്പോള്‍ പാര്‍ട്ടി പത്രത്തിന്റെ കണ്ണില്‍ നവോത്ഥാന നായകനാവുന്നത്. ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരെ യോജിച്ചു പൊരുതാന്‍ ആര്‍. ശങ്കറിനോടൊപ്പം ഹിന്ദു മഹാ മണ്ഡലം സ്ഥാപിച്ച ദേഹം കൂടിയാണ് മന്നം. പക്ഷേ എന്‍.എസ്.എസിനെ തൃപ്തിപ്പെടുത്താന്‍ അതുകൊണ്ടൊന്നും സാധിക്കുന്ന ലക്ഷണമില്ല. 'ആവശ്യമുള്ളപ്പോള്‍ മന്നത്ത് പത്മനാഭനെ നവോത്ഥാന നായകനായി ഉയര്‍ത്തിക്കാട്ടുകയും ആരാധകരെ കൈയിലെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഭരണകര്‍ത്താക്കള്‍ അവസരം കിട്ടുമ്പോഴെല്ലാം അവഗണിക്കുകയാണ്' എന്ന് പ്രതികരിച്ചിരിക്കുകയാണ് ജി. സുകുമാരന്‍ നായര്‍. തീര്‍ത്തും ഭരണഘടനാവിരുദ്ധമെന്ന് പറയാവുന്ന മുന്നാക്ക സമുദായങ്ങളുടെ സാമ്പത്തിക സംവരണം നിശ്ചിത അനുപാതത്തിലധികം നല്‍കി, ശബരിമല പ്രശ്‌നത്തില്‍ എന്‍.എസ്.എസിന്റെ നിലപാടിനോടൊപ്പം നിന്നു, എന്‍.എസ്.എസ് ഉന്നതാധികാര സമിതി അംഗം ആര്‍. ബാലകൃഷ്ണ പിള്ളയെ കാബിനറ്റ് പദവിയോടെ മുന്നാക്ക വികസന കോര്‍പറേഷന്റെ ചെയര്‍മാനാക്കി. ഇത്രയൊക്കെ ചെയ്തിട്ടും എന്‍.എസ്.എസിനെ തൃപ്തിപ്പെടുത്താന്‍ പിണറായി സര്‍ക്കാറിന് കഴിയുന്നില്ലെങ്കില്‍ ഇനിയുള്ള ഡിമാന്റുകളും അംഗീകരിക്കേണ്ടിവരും. അന്നേരം നവോത്ഥാന സമിതി എന്താവുമെന്ന ചോദ്യം അപ്രസക്തം.
ആള്‍ദൈവങ്ങളെയും സിദ്ധന്മാരെയും പുരോഹിത പ്രമുഖരെയുമൊക്കെ പ്രീണിപ്പിച്ചും പ്രലോഭിപ്പിച്ചും അവരുടെ അവിഹിതാവശ്യങ്ങള്‍ക്കു പോലും വഴങ്ങിയുമാണ് നവോത്ഥാനവും പുരോഗമനവും കുത്തകാവകാശമാക്കിയ പാര്‍ട്ടികള്‍ പോലും പ്രവര്‍ത്തിക്കുന്നതും തെരഞ്ഞെടുപ്പുകളെ നേരിടുന്നതുമെന്ന് വ്യക്തമാണ്. അതിനാല്‍തന്നെ യഥാര്‍ഥ നവോത്ഥാനം നടക്കണമെങ്കില്‍ രാഷ്ട്രീയാതീതമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും മാത്രമേ സാധിക്കൂ എന്നാണിതില്‍നിന്ന് മനസ്സിലാക്കേണ്ടിവരുന്നത്. അവ്വിധം പ്രവര്‍ത്തിക്കുന്ന സംഘടനകളെ പ്രതിലോമകാരികള്‍ക്ക് വഴങ്ങി നശിപ്പിക്കാതിരിക്കാനുള്ള സന്മനസ്സെങ്കിലും പുരോഗമനം അവകാശപ്പെടുന്ന പാര്‍ട്ടികളും സര്‍ക്കാറുകളും കാണിക്കേണ്ടിയിരിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (94-96)
ടി.കെ ഉബൈദ്‌