Prabodhanm Weekly

Pages

Search

2020 ആഗസ്റ്റ് 28

3165

1442 മുഹര്‍റം 09

ശഹീദ് വാരിയന്‍കുന്നത്ത് മലയാളരാജ്യത്തെ നീതിമാനായ സുല്‍ത്താന്‍ 

പി.ടി കുഞ്ഞാലി

ഏത് അഭിശപ്ത കാലസന്ധിയിലാണോ യൂറോപ്യന്‍ കങ്കാണിസംഘം നമ്മുടെ ദേശം കൈയേറിയത് അന്നു തന്നെ അതിനെതിരെയുള്ള ധീരമായ വിമോചന പോരാട്ടങ്ങള്‍ ദേശസ്നേഹികളായ മുസ്ലിംകള്‍ സന്നാഹപ്പെടുത്തിയിട്ടുണ്ട്. മഖ്ദൂം കുടുംബം മുതല്‍ മരയ്ക്കാര്‍ പരമ്പര വരെയുള്ളവര്‍ ഇങ്ങനെ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ സ്വയം സമര്‍പ്പിച്ചവരാണ്. 1498 മുതല്‍ നാം സമാരംഭിച്ച ഈ സമരത്തുടര്‍ച്ചയാണ് 1947-ലെ മഹാ സ്വാതന്ത്ര്യ സാധ്യതയായി വിരിഞ്ഞിറങ്ങിയത്. നാലര നൂറ്റാണ്ടിലേക്ക് നീള്‍ച്ചയായ ഈ സഹനപര്‍വത്തിലേക്ക് പ്രിയപ്പെട്ട ജീവിതം തന്നെ സമര്‍പ്പിച്ചവര്‍ പരകോടികളാണ്. ഇവരുടെ രക്തവും മാംസവുമാണ് നമ്മുടെ ജനായത്ത ആഘോഷങ്ങളും തിമിര്‍പ്പുകളും. പ്രാദേശികവും ദേശീയവുമായ എത്രയെത്ര സംഘാടനങ്ങള്‍, ധീരോദാത്തമായ  സമര്‍പ്പണങ്ങള്‍. തൂക്കുകയറും തുപ്പാക്കിയും ഇവരെ ഭയപ്പെടുത്തിയില്ല. ഒറ്റുകാരെയും ഫ്യൂഡല്‍ മാടമ്പിമാരെയും ഇവര്‍ പരിഗണിച്ചതേയില്ല. കാരണം അവര്‍ക്കൊരു മഹിതലക്ഷ്യമുണ്ടായിരുന്നു. അത് കുലീനവും അഭിജാതവുമായിരുന്നു. ഈ നിര്‍വഹണമേറ്റെടുത്തവരില്‍ ടിപ്പുവും ഔധിലെ ബീഗവുമുള്‍പ്പെട്ട രാജാക്കന്മാരുണ്ട്. മൗലവി അഹ്മദിനെയും ആലി മുസ്ലിയാരെയും പോലുള്ള പണ്ഡിതന്മാരുണ്ട്. പേരറിയാത്ത നിരവധി സാധാരണ മനുഷ്യരുണ്ട്. തീര്‍ച്ചയായും പടിഞ്ഞാറന്‍ സാമ്രാജ്യത്വത്തിനെതിരെ  സ്വന്തം കുടുംബത്തെയും സ്ഥാവര ജംഗമങ്ങളെയും മാത്രമല്ല അവനവനെത്തന്നെ ബലിയാക്കി പോരാടി മരിച്ച ധീരന്മാരില്‍  സമാനതകളില്ലാത്ത സാന്നിധ്യമാണ്  വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. മലയാള രാജ്യത്തെ നീതിമാനായ സുല്‍ത്താന്‍. 49 വര്‍ഷം മാത്രം ഭൂമിയില്‍ ജീവിച്ച് തന്റെ ദേശം കൈയടക്കിയ കൊള്ള ഭരണസ്വരൂപത്തോടും ഒപ്പം അവര്‍ക്കുവേണ്ടി മാത്രം ഒറ്റുപണി ചെയ്ത ഫ്യൂഡല്‍ മാടമ്പിമാരോടും  ഒരുപോലെ പൊരുതി അവസാനം  പടഭൂമിയില്‍ ധീരനായി രക്തസാക്ഷിത്വം  നേടിയ ഹാജി. 
കോളനി ഭരണവും പ്രാദേശിക കങ്കാണിമാരുമെഴുതിയ ചരിത്രത്തിന്റെ പഴമുറം കൊണ്ട് മറക്കാന്‍ പറ്റാതെ ആത്മതേജസ്സോടെ ചരിത്രത്തിന്റെ നിറവെട്ടത്ത് നില്‍ക്കുന്നു ഹാജി. ബ്രിട്ടീഷ് കൊളോണിയല്‍ തീര്‍പ്പുകള്‍ ഹാജിക്കെതിരാവും. അദ്ദേഹം അവര്‍ക്കെതിരായിരുന്നു. അവര്‍ക്ക് ഹാജി കൊള്ളക്കാരനും കലാപകാരിയുമാവും. വില്യം ലോഗന്‍ പോലും 'മലബാര്‍ മാന്വലി'ല്‍ കുഞ്ഞാലി മരക്കാന്മാരെ അവതരിപ്പിക്കുന്നത് കടല്‍ക്കൊള്ളക്കാരായാണ്. അധിനിവേശക്കൊള്ളയെ എതിര്‍ക്കുന്നവരൊക്കെയും അവര്‍ക്ക് ശത്രുക്കളാവും. സ്വാഭാവികമായും കുഞ്ഞഹമ്മദ് ഹാജിയും. പിന്നെ ചെയ്യാനുള്ളത് അപനിര്‍മിക്കുക തന്നെയാണ്. ഈ അപനിര്‍മാണത്തിന് ഏറ്റവും കൂടുതല്‍ വിധേയനായ ഒരു സ്വാതന്ത്ര്യപോരാളി കൂടിയാണ് ഹാജി.  ക്രൂരന്‍, കൊള്ളക്കാരന്‍, തെമ്മാടി,  വിവരദോഷിയായ മുട്ടാളന്‍ എന്തെല്ലാം കള്ളപ്പേരുകളാണ് പാണന്മാര്‍ പാടി നടക്കുന്നത്. ശാന്തമായി ജീവിതം തുഴയുന്ന ഒരു മംഗളദേശത്ത് അതിക്രമിച്ചെത്തി സര്‍വതും കട്ടുമുടിച്ചും കപ്പല്‍ കടത്തിയും ദേശം പൊളിച്ച കങ്കാണിസംഘം മാന്യന്മാരായ ഭരണകൂടവും അത് തടയാന്‍ ധീരത കാട്ടിയവര്‍ ദേശദ്രോഹികളുമാകുന്ന വിചിത്ര പ്രതിഭാസം ഇവിടെ മാത്രമേ  സാധ്യമാവുകയുള്ളു. ഈയൊരു ചരിത്ര സന്ദിഗ്ധതയില്‍ ഏറെ പ്രസക്തമാവുന്ന ഒരു ഗവേഷണ പഠനമാണ് കെ. കെ മുഹമ്മദ്  അബ്ദുല്‍ കരീമിന്റെ 'ശഹീദ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി' എന്ന പുസ്തകം. ഒരു സമൂഹം മാത്രമല്ല അവരുടെ സാംസ്‌കാരിക പ്രതലത്തില്‍ നിന്നുള്ള ചലച്ചിത്ര പരിശ്രമം പോലും ദേശദ്രോഹത്തിന്റെ ചാപ്പ തേടുന്നത്ര ഭീകരമാണ് അധിനിവേശം ഇവിടെ എഴുതിക്കൊടുത്തുപോയ കള്ളപ്രമാണങ്ങളും ഓലക്കെട്ടുകളും.  അതുകൊണ്ടുതന്നെ എന്താണ് നേര്‍ചരിതമെന്നും അധിനിവേശത്തിന്റെ അപനിര്‍മിതിയും സവര്‍ണതയുടെ കൊളോണിയല്‍ ഭക്തിയും എത്രമാത്രം കുടിലസാന്ദ്രമാണെന്നുമറിയാന്‍ ഈ പുസ്തകം അനിവാര്യമാകുന്നു.
പുസ്തകത്തിലെ ഒന്നാമധ്യായം തന്നെ 'ഒരു വിപ്ലവകാരി ജനിക്കുന്നു' എന്നാണ്. 1792 - ഓടെ മലബാര്‍ കൊളോണിയല്‍ ശക്തിയുടെ നേര്‍ ദുര്‍ഭണത്തിലായിരുന്നു. അതോടെ കമ്പനിയും പ്രാദേശിക  ഫ്യൂഡല്‍ മാടമ്പികളും ക്രൂരമായ ജനപീഡനം സംയുക്ത നിയോഗമാക്കി. മാപ്പിള കര്‍ഷകരുടെ ഭൂമി ഫ്യൂഡല്‍ ജന്മിമാര്‍ സ്വന്തമാക്കി. ഭൂമി ഒഴിപ്പിക്കലും മേല്‍ച്ചാര്‍ത്തും മാത്രമായിരുന്നില്ല, വിചിത്രമായ മറ്റൊരു നിയമവും അവര്‍ ഏര്‍പ്പെടുത്തി. മരണപ്പെടുന്ന മുസ്ലിംകളുടെ സ്വത്തില്‍നിന്നും ഏറ്റവും കുറഞ്ഞത് അഞ്ചില്‍ ഒന്നുവരെ നിര്‍ബന്ധമായും ഈടാക്കുന്ന ദ്രോഹമാണിത്. ഇത് പുരുഷാന്തരം എന്ന് വിളിക്കപ്പെട്ടു. പില്‍ക്കാല പ്രാബല്യത്തോടുകൂടിയാണ് ഈ നിയമം മലബാറില്‍ നടപ്പാക്കിയത്. മുസ്ലിം ശക്തിക്ഷയം തന്നെയായിരുന്നു ഇതിലെ നിര്‍ലജ്ജ ലക്ഷ്യം. ഒപ്പം ജന്മിമാര്‍ക്കുള്ള കരുതലും. സഹികെട്ട ജനം ഇതിനെതിരെ നിരവധി സമരങ്ങള്‍ സന്നാഹപ്പെടുത്തി. ഏറനാട്ടിലെ വിവിധ അംശങ്ങളില്‍ ഇങ്ങനെയൊക്കെ പിരിച്ച നികുതിപ്പണവുമായി മഞ്ചേരിയിലേക്ക് പോവുകയായിരുന്ന  അംശം ജീവനക്കാരെ തല്ലിയോടിച്ച് ആ നികുതിപ്പണമത്രയും നെല്ലിക്കുത്തിലെ ജനങ്ങള്‍ക്കിടയില്‍ ജാതിമതം നോക്കാതെ മാപ്പിളമാര്‍ വിതരണം ചെയ്തത് എഴുത്തുകാരന്‍ പുസ്തകത്തില്‍ പറയുന്നുണ്ട്. കോളനി ദുശ്ശക്തിക്കെതിരെ  മലബാറില്‍ അരങ്ങേറിയ ധര്‍മപ്രക്ഷോഭം പൊടുന്നനെ സംഭവിച്ചതല്ല. അതിന് അധിനിവേശത്തോളം പഴക്കമുണ്ട്.
ഇത്തരത്തില്‍ കമ്പനിയും  അവരുടെ പ്രാദേശിക കൂട്ടിക്കൊടുപ്പുകാരും  ഏറനാട്ടിലും വള്ളുവനാട്ടിലും ചെയ്ത ദ്രോഹങ്ങള്‍ അനുഭവിച്ചവരും അതിനെതിരെ ഉയര്‍ന്നുവന്ന  വിമോചന സപര്യയില്‍ ധീരമായി പങ്കെടുത്തവരുമാണ് കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവ് മൊയ്തീന്‍ കുട്ടി ഹാജിയും ബന്ധുക്കളും. മൊയ്തീന്‍ കുട്ടി ഹാജിയെ കമ്പനി ദുര്‍ഭരണം നാടുകടത്തിയത് അന്തമാനിലെ നിഗൂഢ വനപര്‍വങ്ങളിലേക്കാണ്. അദ്ദേഹം ധീരമരണം നേടിയതും ഈ ചെറുദ്വീപിന്റെ വിജനതയില്‍ വെച്ചുതന്നെ. 1896 - ല്‍ മഞ്ചേരിയില്‍  94 മാപ്പിളമാര്‍  രക്തസാക്ഷികളായ നെല്‍വയല്‍ സമരത്തില്‍ പങ്കെടുത്തവരില്‍ കുഞ്ഞഹമ്മദ് ഹാജിയുമുണ്ട്. അന്നു മുതലേ അദ്ദേഹത്തിനു മേല്‍ ഇംഗ്ലീഷ് മാടമ്പികള്‍ കണ്ണുവെച്ചിരുന്നു. ഹാജിയാകട്ടെ, അഹിതത്തോട് കൊണ്ടേല്‍ക്കാന്‍ വിശ്വാസം കൊണ്ടും ജീവിതം കൊണ്ടും സമര്‍പ്പിതന്‍. ഭരണകൂടത്തിന്റെ കോയ്മയോട് രാജിയായി ഖാന്‍ ബഹദൂറും സാര്‍ ബഹദൂറുമൊക്കെയായി ഇദ്ദേഹത്തിന് ജീവിതം ആര്‍ഭാടത്തില്‍ മുഴുകാമായിരുന്നു. പിതൃസ്വത്തും സമൃദ്ധ വ്യാപാരവും സംരക്ഷിച്ചു മാളികപ്പടിയില്‍ സുല്‍ത്താനായി വിരാജിക്കാമായിരുന്നു. പക്ഷേ ധീരനായ ഒരു സത്യവിശ്വാസി ന്യായമായും തെരഞ്ഞെടുക്കുക മറുഭാഗത്തെ സഹനപര്‍വമായിരിക്കും. ആ മഹാ സഹനത്തിന്റെ വീരഗാഥയാണ് ഈ പുസ്തകത്തില്‍ തിളക്കുന്നത്. 
സമ്പന്നതയുടെയും ആത്മാഭിമാനത്തിന്റെയും ഒത്ത മധ്യത്തില്‍ ജനിച്ച കുഞ്ഞഹമ്മദ് അക്കാലത്തെ വിദ്യാഭ്യാസങ്ങളൊക്കെയും നേടിയെടുത്തു. മലയാളവും സാമാന്യഗണിതവും അറബിയും ഹിന്ദുസ്ഥാനിയും ഇംഗ്ലീഷും ഈ യുവാവ് സ്വായത്തമാക്കി. ഇതിനിടയില്‍ വിശുദ്ധ ഹജ്ജിന് മക്കയിലേക്ക്. നീണ്ട അഞ്ചു വര്‍ഷം മക്കയിലും മദീനയിലും കഴിഞ്ഞ കുഞ്ഞഹമ്മദിന് ഭാഷാനൈപുണി മാത്രമല്ല, തുറന്ന ലോകബോധവും സ്വായത്തമായി. തിരിച്ചെത്തിയ ഹാജി വ്യാപാര മണ്ഡലത്തില്‍ സജീവമായി. ഒപ്പം ദേശീയ പ്രസ്ഥാനത്തിലും. 1920-ല്‍ മഞ്ചേരിയില്‍ ചേര്‍ന്ന ദേശീയ പ്രസ്ഥാനത്തിന്റെ സമ്മേളനത്തില്‍ ഹാജി ഉത്സാഹപൂര്‍വം പങ്കെടുത്തു. അന്നേ അദ്ദേഹം അചഞ്ചലനായ സ്വരാജ്യവാദിയായിരുന്നു. അദ്ദേഹത്തിന്റെ സ്ഥാനം നേതൃനിരയില്‍ തന്നെയായിരുന്നെന്ന് അബ്ദുല്‍ കരീം നിരീക്ഷിക്കുന്നു. ഇതിനദ്ദേഹം എ.കെ പിള്ളയെയാണ് ഉദ്ധരിക്കുന്നത്. യു. ഗോപാല മേനോന്‍, മാധവന്‍ നായര്‍ എന്നീ ഉപജീവനമാര്‍ഗമില്ലാത്ത വക്കീലന്മാരും പിന്നെ ഒരുപാട് ലഹളകളില്‍ പങ്കുള്ള കുഞ്ഞഹമ്മദ് ഹാജിയും ഏറനാട് താലൂക്കിലെ ഒരു യോഗത്തിലും പ്രസംഗിക്കരുതെന്ന് കലക്ടര്‍ ഉത്തരവിറക്കിയതായും പിള്ള നിരീക്ഷിക്കുന്നു.
ഇതിനിടയിലാണ് തിരൂരങ്ങാടിയില്‍ ഇംഗ്ലീഷുകാര്‍ വെടിവെപ്പു നടത്തിയത്. പാതിരാത്രിയില്‍ പാളയമിറങ്ങിയ അധിനിവേശപ്പട പള്ളിയും വിശുദ്ധ വസ്തുക്കളും ധിക്കാരത്തോടെ ഉഴുതുമറിച്ചു നിരവധി പേരെ ബന്ധനസ്ഥരാക്കി. ഇവരെ വിട്ടുകിട്ടാന്‍ സമാധാനപരമായി സ്റ്റേഷനിലേക്കു ചെന്ന ആലി മുസ്‌ലിയാരെയും അനുയായികളെയും അവിടെത്തന്നെ അനുനയിപ്പിച്ചു നിര്‍ത്തി അവര്‍ക്കുനേരെ നിര്‍ദയം തുപ്പാക്കി പ്രയോഗിച്ചു, ഇവിടെ ഒരധികാരത്തിനും അവകാശമില്ലാതിരുന്ന ഇംഗ്ലീഷുകാര്‍. 1921- ലെ മലബാര്‍ വിപ്ലവം ശക്തിപ്പെടാന്‍ ഇതായിരുന്നു ആസന്ന നിമിത്തം. ഇക്കാലത്ത് ഗാന്ധിജി മലബാറിലേക്ക് നടത്തിയ യാത്രയും പ്രഭാഷണങ്ങളും ദേശീയവാദത്തെയും സ്വരാജ് ദാഹത്തെയും ഉജ്ജ്വലിപ്പിച്ചതായി ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു. തിരൂരങ്ങാടിയിലെ ഏകപക്ഷീയമായ അക്രമമാണ് സത്യത്തില്‍ മലബാറില്‍ ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനത്തെ പെട്ടെന്ന് ത്വരിതപ്പെടുത്തിയത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നേതൃനിരയിലേക്ക് തുറന്നു നിന്നത് അതോടെയാണെന്ന് പുസ്തകം പറയുന്നു. 'നമ്മള്‍ കഷ്ടപ്പാടിലകപ്പെട്ടിരിക്കുന്നു. നമ്മള്‍ അന്യരുടെ ചൊല്‍പ്പടിക്ക് നില്‍ക്കേണ്ടവരായി മാറിയിരിക്കുന്നു. ഇതിന് കാരണക്കാര്‍ ബ്രിട്ടീഷ് ഗവണ്‍മെന്റാണ്. അത് നമുക്ക് അവസാനിപ്പിക്കണം.' താന്‍ ആരംഭിച്ച ദേശവിമോചന പ്രസ്ഥാനത്തിന്റെ ലക്ഷ്യവും കാരണവും വളരെ സംക്ഷിപ്തമായി ഹാജി അവതരിപ്പിച്ചത് എഴുത്തുകാരന്‍ നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്. കുഞ്ഞഹമ്മദ് ഹാജിയുടെ മുന്‍ഗണനയും ഉദ്ദേശ്യവും കൃത്യമായും ഇതിലുണ്ട്. അത് തീര്‍ത്തും കോളനിവിരുദ്ധമായിരുന്നു. അദ്ദേഹം സ്വാതന്ത്ര്യസമരത്തിന്റെ നായകത്വത്തില്‍ വന്നതോടെ പ്രസ്ഥാനത്തിന്റെ സമീപനം വിപുലപ്പെട്ടു. അതോടെ ഏറനാടില്‍ നിന്ന് കോളനി കോയ്മകള്‍  കുതികുത്തിപ്പായുകയായിരുന്നു. തുടര്‍ന്ന് മാസങ്ങളോളം ഏറനാട് ഹാജിയുടെ 'മലയാള രാജ്യ'മായി. ജാതിയും മതവും സ്ഥാനവലിപ്പവുമില്ലാതെ നീതി പുലര്‍ന്ന വസന്തകാലം. അക്കാലം എഴുത്തുകാരന്‍ വിസ്താരത്തില്‍ വിവരിക്കുന്നുണ്ട്. 
പ്രക്ഷോഭത്തില്‍ തന്റെ നിലപാട് ഈ പ്രഭാഷണത്തില്‍ കൃത്യമാണ്; 'ഹിന്ദുക്കളെ കൊല്ലരുത്, അവരെ ഭയപ്പെടുത്തരുത്. അവര്‍ സ്വയം തീരുമാനിച്ചാലല്ലാതെ മതംമാറ്റത്തിന് പ്രേരിപ്പിക്കരുത്. അവരുടെ സ്വത്തുക്കള്‍ നശിപ്പിക്കരുത്. നമുക്കവരോട് പകയില്ല. അവര്‍ നമ്മുടെ നാട്ടുകാരാണ്. അനാവശ്യമായി ആരെങ്കിലും അവരുടെ സ്വത്ത് കവരുകയോ ദ്രോഹിക്കുകയോ ചെയ്താല്‍ നാം അവരെ ശിക്ഷിക്കും. ഇത് മുസല്‍മാന്മാരുടെ ദേശമല്ല. ഒരാളും പട്ടിണിയാകരുത്. ദേശത്ത് കൃഷി നടത്തണം. പരസ്പരം സഹായിക്കണം. വേണ്ടിവന്നാല്‍ നാടിനുവേണ്ടി മരിക്കാന്‍ നാം തയാറാണ്.' പ്രക്ഷോഭ കാലത്തുടനീളം ഈ നിലപാട് ഹാജി സൂക്ഷ്മമായി ദീക്ഷിച്ചതായാണ് ഗ്രന്ഥകാരന്‍ കണ്ടെത്തുന്നത്. ഈ സമരത്തിനിടയില്‍ ഏറനാടിന്റെ ആസ്ഥാനമായ മഞ്ചേരിയില്‍ ഹാജി നടത്തിയ നയപ്രഖ്യാപനമാണിത്. 
പക്ഷേ ചരിത്രം ജയിച്ചവരുടേതാണ്. തോറ്റവര്‍ ദേശവിരുദ്ധരും ദേശദ്രോഹികളുമാകും; പ്രത്യേകിച്ച് യൂറോ കേന്ദ്രീകൃത ചരിത്രനിര്‍മിതിയില്‍. അതുകൊണ്ടാണ് ചൂഷകരായ വിദേശികളും അവരുടെ വേതാളസംഘങ്ങളും ദേശഭക്തരും, വിമോചനപ്പോരാളികള്‍ രാജ്യശത്രുക്കളുമായത്. മഹത്തായ നിര്‍വഹണത്തിലൂടെ സ്വന്തം ജന്മനാടിനെ സേവിക്കാനിറങ്ങിയ ഹാജി എങ്ങനെയെല്ലാമാണ് അപനിര്‍മിക്കപ്പെട്ടതെന്നത് പുസ്തകം വിസ്താരത്തില്‍ ചര്‍ച്ചക്കെടുക്കുന്നുണ്ട്. അതിലൊന്നാണ് മഞ്ചേരി സര്‍ക്കാര്‍ ട്രഷറി പൊളിച്ച കഥ. ഇത് 1921 ആഗസ്റ്റിലാണ്.  സമരക്കാര്‍ ബ്രിട്ടീഷ് കോളനിക്കാരുടെ ഖജാന പൊളിച്ചു. തങ്ങള്‍ ശത്രുക്കളായിക്കണ്ട ഒരു മര്‍ദക ഭരണത്തിന്റെ പണം സ്വന്തമാക്കുന്നത് യുദ്ധനിയമത്തില്‍ ഒരബദ്ധമല്ല. പക്ഷേ അതില്‍ നിന്ന് ഒറ്റ ചില്ലിപോലും ഹാജി സ്വന്തമാക്കിയില്ല എന്നത് നേര്. ഇതുപോലെയാണ് കോവിലകം കൈയേറ്റവും ഹാജിയുടെ തലയില്‍ വെച്ചുകൊടുത്തത്. ഇത്തരം കള്ളക്കഥകള്‍ വിതരണം ചെയ്തതില്‍ പ്രധാനികള്‍ ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളായ മാധവന്‍ നായരും കേശവ മേനോനും അടങ്ങിയവരായിരുന്നുവെന്ന ഞെട്ടിക്കുന്ന വസ്തുത പുസ്തകം  നിശിതമായി  അന്വേഷിക്കുന്നുണ്ട്.
ഇതില്‍ ഉള്‍പ്പെട്ട ഒരു കെട്ടുകഥയാണ് ചേക്കുട്ടി വധം. ചേക്കുട്ടി വധിക്കപ്പെട്ടു എന്നത് സത്യമാണ്. അയാള്‍ കോളനിക്കൊള്ളക്ക് കൂട്ടിക്കൊടുക്കുന്ന  ദേശവിരുദ്ധനായിരുന്നു. പക്ഷേ അയാളുടെ തല അറുത്ത് കുന്തത്തില്‍ കുത്തി ഹാജി നടന്നു എന്നത് കള്ളക്കഥയാണെന്നും അത് സമരകാലത്ത് കോളനി സര്‍ക്കാരിന്റെ പോലീസുകാരനായിരുന്ന ചന്ത്രോത്ത് കുഞ്ഞിരാമന്‍ നായര്‍ 1946-ല്‍ എഴുതിയ ലേഖനത്തില്‍ നാട്ടിയ കള്ളമായിരുന്നെന്നും ലേഖകന്‍ വാദിക്കുന്നത് ദൃക്സാക്ഷികളുടെ സാക്ഷിമൊഴികള്‍ കൊണ്ടാണ്. 
ഹാജിയും കൂട്ടരും നിരവധിയാളുകളെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്ന് ആരോപണമുണ്ട്. ഇത് പുസ്തകത്തിന്റെ  വിശദമായ അന്വേഷണ മണ്ഡലമാണ്. മലബാറിലെ ദേശീയ പ്രസ്ഥാനത്തെ പരമാവധി തമസ്‌കരിക്കാന്‍ ചരിത്രമെഴുതിയ മാധവന്‍ നായരുടെ തന്നെ വിശദീകരണത്തോടെ മതംമാറ്റത്തിന്റെ പെരുംകള്ളങ്ങള്‍ എഴുത്തുകാരന്‍ പൊളിച്ചടുക്കുന്നു. 'അക്കാലത്ത് കുഞ്ഞഹമ്മദ് ഹാജി അദ്വിതീയനായിരുന്നു. നീതിയില്‍ അയാള്‍ക്ക് ഹിന്ദുവും മുസ്ലിമും തമ്മില്‍ വേര്‍തിരിവില്ലായിരുന്നു. സ്വയം സമ്മതമില്ലാതെ ഒരാളെയും മതത്തില്‍ ചേര്‍ക്കരുതെന്ന് അയാള്‍ നിഷ്‌കര്‍ഷിക്കുകയും ചെയ്തു.' ഇത് മാധവന്‍ നായരുടെ പുസ്തകത്തിലെ സാക്ഷ്യമാണ്. 'ഹിന്ദു' പത്രത്തിലേക്ക് ഹാജി എഴുതിയ കത്തും ഇതിന്റെ സാക്ഷ്യം തന്നെ. തന്റെ ഹ്രസ്വമായ അധികാരകാലത്ത് ഹാജി നടപ്പാക്കിയത് തുറന്ന നീതിയായിരുന്നു. കൊളോണിയല്‍ ശക്തികള്‍ക്ക് വേണ്ടാത്ത  നീതി. അപ്പോള്‍ ഹാജി അവര്‍ക്ക് ശത്രുവാകും. അതുകൊണ്ടാണ് സമരക്കാര്‍ പൊളിച്ച നമ്പൂതിരി ബാങ്കിലെ സ്വര്‍ണ ഉരുപ്പടികള്‍ ഹാജി ഉടമകള്‍ക്ക് നല്‍കിയതും അഹിതം കാട്ടിയ സ്വന്തം അനുയായികള്‍ ശിക്ഷിക്കപ്പെട്ടതും പറയാതെ പോകുന്നത്. ഹാജിയുടെ ശത്രുപാളയത്തില്‍ കൊളോണിയല്‍ ദുഷ്ടത മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടാണ് നിര്‍ലജ്ജം അവര്‍ക്ക് സേവ ചെയ്ത ചേക്കുട്ടിയും ഹൈദ്രോസും മൊയ്തീനും ശിക്ഷിക്കപ്പെട്ടത്. അതേസമയം ന്യായത്തില്‍ ഒപ്പംനിന്ന  കാപ്പാട്ട്  കൃഷ്ണന്‍ നായരും പാണ്ടിയാട് നാരായണന്‍ നമ്പീശനും പൂന്താനം രാമന്‍ നമ്പൂതിരിയും അച്യുത മേനോനും ഹാജിയുടെ സുഹൃത്തുക്കളായതും. മലബാര്‍ വിമോചന പ്രസ്ഥാനത്തെ മതവൈര സമരമാക്കി ചിത്രീകരിക്കുന്ന ലഘുലേഖകള്‍ അക്കാലത്തുതന്നെ ബ്രിട്ടീഷുകാര്‍ വ്യാപകമായി തെക്കന്‍ ദേശങ്ങളിലും ഇന്ത്യ ഒട്ടുക്കും പ്രചരിപ്പിച്ചിരുന്നു. ഇക്കഥകളാണ് ആശാനെപ്പോലും വഴിതെറ്റിച്ചതത്രെ. 
എത്ര ധീരമായിരുന്നു ഹാജിയുടെ ജീവിതമെന്ന് നാമറിയുന്നത് ഈ പുസ്തകത്തിലൂടെയാണ്. അവസാനം ആ വിമോചന യോദ്ധാവിനെ ശത്രുക്കള്‍ പിടികൂടുന്ന രംഗം അറിയുമ്പോള്‍ നാം വായനക്കാര്‍ സ്തബ്ധരാകും. ഉണ്ണ്യാലി മുസ്‌ലിയാര്‍ എന്ന തന്റെ സുഹൃത്തിനെ അധിനിവേശക്കാര്‍ വിലക്കെടുക്കുന്നു. ഹാജിയോട് സൗഹൃദം ഭാവിച്ച് ഉണ്ണ്യാലി മുസ്‌ലിയാര്‍ വാരിയന്‍കുന്നത്തിന്റെ ആസ്ഥാനത്തെത്തുന്നു. പോരാട്ടം അവസാനിപ്പിച്ചാല്‍ മക്കാ യാത്ര വരെയുള്ള വാഗ്ദാനങ്ങള്‍ നല്‍കുന്നു. ഇതിനിടയില്‍ അസ്വ്ര്‍ നമസ്‌കാരത്തിന് സമയമാകുന്നു. തന്റെ റിവോള്‍വര്‍ തടുക്കില്‍ വെച്ച് ഹാജി നമസ്‌കരിക്കാന്‍ നില്‍ക്കുന്നു. നിരായുധനായ ഹാജി നമസ്‌കരിക്കാന്‍ നില്‍ക്കുമ്പോള്‍ ഉണ്ണ്യാലി മുസ്‌ലിയാര്‍ ചര്‍ച്ചക്ക് കൂടെകൂട്ടിയ ഇന്‍സ്‌പെക്ടര്‍ രാമനാഥ അയ്യര്‍ ഹാജിയെ കടന്നു പിടിക്കുന്നു. ഉടന്‍ അപ്പുറത്ത് ഒളിച്ചിരിക്കുന്ന കൊളോണിയല്‍ പടക്കൂട്ടം ചാടിവീഴുന്നു. അക്ഷോഭ്യനായിരുന്നുപോല്‍ അപ്പോള്‍ ഹാജി. 1498 മുതല്‍ മലബാറില്‍ തുടരുന്ന ദേശീയ വിമോചന പോരാട്ടത്തിന്റെ കൂടി അന്ത്യമായിരുന്നു ആ നിമിഷാര്‍ധം. ഇരുകൈകളിലും വിലങ്ങുമായി അധിനിവേശപ്പടയുടെ തടവില്‍ ഹാജി നടന്നുപോകുന്ന രംഗം ചരിത്രത്തിലുണ്ട്. അഭിജാതമായിരുന്നു ആ മട്ടും ഭാവവും. ഒരു സത്യവിശ്വാസി ജീവിതത്തില്‍ ഏറ്റെടുക്കേണ്ട നിയോഗം തന്റെ ഉത്തമബോധ്യത്തില്‍ ആശ്ലേഷിച്ച ഒരാള്‍ എന്തിന് പരിഭ്രാന്തനാകണം? കങ്കാണി കോടതി ഹാജിയെയും കൂട്ടുകാരെയും വിചാരണാ പ്രഹസനം നടത്തുന്ന രംഗം നേരില്‍ കണ്ട തിരൂരങ്ങാടി സ്വദേശി പി. അലി മാസ്റ്റര്‍ എഴുത്തുകാരനോട് ആ ചരിത്ര സന്ദര്‍ഭം വിസ്തരിച്ചത് അപ്പടി പുസ്തകത്തിലുണ്ട്. 
കുറ്റപത്രം വായിച്ചു കൊടുത്തശേഷം ഹാജി ഹിച്ച്കോക്കിനെ നോക്കി പറയുന്ന വര്‍ത്തമാനങ്ങളുണ്ടതില്‍. 'മക്കയിലയക്കാമെന്ന് നിങ്ങള്‍ എന്നോടു പറയുന്നു, ഞാന്‍ മാപ്പ് പറഞ്ഞാല്‍.  എന്നെ രക്ഷിക്കുവാനായി നിങ്ങള്‍ ആ പുണ്യദേശത്തിന്റെ പേര് പറയുകയോ? നാല് തവണ മക്കയില്‍ പോയ ഒരാളാണ് ഞാന്‍. മക്ക എനിക്ക് പ്രിയപ്പെട്ടതു തന്നെയാണ്. പക്ഷേ ഞാന്‍ പിറന്നത് മക്കയിലല്ല, ഏറനാട്ടിലാണ്. എനിക്ക് ലയിച്ചുചേരേണ്ടത് ഈ മണ്ണിലാണ്. നിങ്ങളുടെ അടിമത്തത്തില്‍ നിന്ന് ചില മാസങ്ങളെങ്കിലും ഞങ്ങള്‍ മോചിപ്പിച്ച ഈ മണ്ണില്‍.' 1922 ജനുവരി  22 രാവിലെ 10 മണിക്ക് ഹാജിയെ മഞ്ചേരി കോട്ടക്കുന്നിലെത്തിച്ചു. ഹാജിക്കറിയാം, എന്താണ് സംഭവിക്കുക എന്ന്. അചഞ്ചലമായിരുന്നു ആ ആത്മബോധം. തന്നെ കൊല്ലാനെത്തിയ പരദേശി സംഘത്തിലെ കേണല്‍ ഹംഫ്രിയോട് ഹാജി പറഞ്ഞു; 'നിങ്ങള്‍ ആളുകളെ കണ്ണുകെട്ടിയാണ് വെടിവെച്ചു കൊല്ലുക. എന്നെ വെടിവെക്കുമ്പോള്‍ കണ്ണുകള്‍ തുറന്നിരിക്കണം. എന്റെ ഇടനെഞ്ചിലേക്ക് തന്നെ നിങ്ങള്‍ തുപ്പാക്കി തുറക്കണം. എനിക്ക് മരിക്കേണ്ടത് നിവര്‍ന്നു നിന്നാണ്.' ഇതു കേട്ട് കങ്കാണി സൈന്യം തന്നെ അമ്പരന്നുപോയത്രെ. ആ ദേഹമവര്‍ സഖാക്കളോടൊപ്പം  കത്തിച്ചുകളഞ്ഞു. ആ ധീരജീവിതത്തിന്റെ ശേഷിപ്പിനോടു പോലും നീതി ചെയ്യാന്‍ അവര്‍ക്കായില്ല. ഹാജിയുടെ മാളികവീട് ഇവര്‍ സ്ഫോടനത്തില്‍ തകര്‍ത്തു. സര്‍വരേഖകളും തീകൊളുത്തി. അവര്‍ക്കു വേണ്ടത് അവരെഴുതിയ ചരിത്രമായിരുന്നു. ഹാജിക്കെതിരെ നിരത്തിയ പ്രധാന കുറ്റം ഇദ്ദേഹം സര്‍ക്കാരിനെതിരെ കലാപം നടത്തി എന്നതാണ്. ഏതു സര്‍ക്കാര്‍? ഇവരെ ആരാണിവിടത്തെ സര്‍ക്കാരാക്കിയത്? കടന്നുവന്നവര്‍ അകത്തും വീട്ടുകാര്‍ ദ്രോഹികളുമാകുന്ന വിചിത്ര സംഭവമായിരുന്നു അത്. നാടാസകലം കൊള്ള ചെയ്ത് അതത്രയും ഇംഗ്ലണ്ടിലേക്ക് കട്ടുകടത്തിയ കുടിലതക്കെതിരെ പ്രതിരോധം തീര്‍ത്തതാണ്  ഹാജിയും സംഘവും ചെയ്ത 'അപരാധം'; ടിപ്പുവിനെപ്പോലെ, സിറാജുദ്ദൗലയെപ്പോലെ. പക്ഷേ എന്തു ചെയ്യും! മീര്‍ ജാഫര്‍മാരും ഉണ്ണ്യാലിമാരും പതിയിരുന്നൊറ്റിയാല്‍ വിമോചന പോരാളികള്‍ക്ക് വീരസ്വര്‍ഗമല്ലാതെ മറ്റെന്തുണ്ട്! ഉദ്വേഗം മുറ്റിയ ഒരു വായനാനുഭവമായിരിക്കും തീര്‍ച്ചയായും ഈ പുസ്തകം നമുക്ക് നല്‍കുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (32-33)
ടി.കെ ഉബൈദ്‌