Prabodhanm Weekly

Pages

Search

2020 ആഗസ്റ്റ് 28

3165

1442 മുഹര്‍റം 09

പുതിയ വിദ്യാഭ്യാസ നയം ഉള്ളടക്കം, മുന്നോട്ടുള്ള വഴി

ഡോ. ബദീഉസ്സമാന്‍

മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്കു ശേഷം കേന്ദ്രഗവണ്‍മെന്റ് ദേശീയ വിദ്യാഭ്യാസനയം പ്രഖ്യാപിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന കാലത്ത് ഏത് ദിശയിലായിരിക്കും രാജ്യത്തിന്റെ വിദ്യാഭ്യാസം നീങ്ങുക എന്നത് സംബന്ധിച്ച കൃത്യമായ ചിത്രം കിട്ടാന്‍ ഈ വിദ്യാഭ്യാസ നയം എന്താണ് നമ്മോട് പറയുന്നത് എന്ന സാമാന്യ ധാരണ നമുക്ക് അത്യാവശ്യമാണ്. 65 പേജുകളിലായി കേന്ദ്ര മാനവവിഭവ ശേഷി വകുപ്പിന്റെ വെബ്സൈറ്റില്‍ ഈ ഡോക്യുമെന്റ് നമുക്ക് കിട്ടും. നാല് ഭാഗങ്ങളായാണ് പുതിയ വിദ്യാഭ്യാസനയം അതില്‍ വിശദീകരിച്ചിരിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച ഒന്നാം ഭാഗം, ഉന്നത വിദ്യാഭ്യാസത്തെ സംബന്ധിച്ച രണ്ടാം ഭാഗം, അഡല്‍ട്ട് എജുക്കേഷനെ കുറിച്ചും പ്രഫഷണല്‍ എജുക്കേഷനെ കുറിച്ചും പറയുന്ന മൂന്നാം ഭാഗം, പ്രയോഗവല്‍ക്കരണത്തെ കുറിച്ച് പറയുന്ന നാലാം ഭാഗം.

നയവും സ്‌കൂള്‍ വിദ്യാഭ്യാസവും

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ കാര്യമായ മാറ്റങ്ങള്‍ പുതിയ നയം മുന്നോട്ടു വെക്കുന്നു. ഇതുവരെ സ്വീകരിച്ചു വന്നിരുന്ന 10+2 രീതിക്കു പകരം നാല് ഘട്ടങ്ങളായി തിരിച്ച 5+3+3+4 എന്ന രീതിയാണ് പുതുതായി വരാന്‍ പോകുന്നത്. ഒന്നാം ക്ലാസില്‍ ആരംഭിച്ച സ്‌കൂളിനു പകരം പ്രീ പൈമറി വിദ്യാഭ്യാസ മേഖലക്ക് കാര്യമായ ഊന്നല്‍ കൊടുത്തുകൊണ്ട് മൂന്ന് വര്‍ഷത്തെ Early Childhood Care and Education (ECCE)  ആണ് ഇനിയുണ്ടാവുക. ഇതോടൊപ്പം ഒന്ന്, രണ്ട് എന്നീ ക്ലാസുകള്‍ കൂടി ചേര്‍ത്ത് ആദ്യത്തെ അഞ്ച് വര്‍ഷത്തെ ഫൗണ്ടേഷനല്‍ ഘട്ടമാണ് ആദ്യത്തേത്. തുടര്‍ന്ന് മൂന്ന്, നാല്, അഞ്ച് ക്ലാസുകള്‍ ചേരുന്ന പ്രിപ്പറേറ്ററി ഘട്ടം. ആറ്, ഏഴ്, എട്ട് എന്നീ ക്ലാസുകളെ ഉള്‍പ്പെടുത്തിയ മൂന്ന് വര്‍ഷത്തെ മിഡില്‍ ഘട്ടം. ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളെ ഉള്‍പ്പെടുത്തിയ നാല് വര്‍ഷത്തെ സെക്കന്ററി ഘട്ടം. ഇതാണ് സ്‌കൂള്‍ ഘടനയില്‍ വരാന്‍ പോകുന്ന മാറ്റം. കോംപീറ്റന്‍സി പരിശോധിക്കുന്ന രീതിയിലുള്ള പഠന-പരിശോധനാ രീതികളായിരിക്കണം ഇനിമുതല്‍ ആവിഷ്‌കരിക്കേണ്ടത്. കരിക്കുലര്‍, കോ-കരിക്കുലര്‍, എക്സ്ട്രാ കരിക്കുലര്‍ എന്നൊക്കെ സാധാരണ നടത്തുന്ന വിഭജനങ്ങള്‍ക്കപ്പുറത്ത് സ്പോര്‍ട്സിനെയും ആര്‍ട്സിനെയും ഒക്കെ വിദ്യാഭ്യാസ വ്യവസ്ഥയുടെ മുഖ്യധാരയില്‍ തന്നെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ രീതിയായിരിക്കും ഇനിമുതല്‍ ഉണ്ടാവുക.
ഭാഷാ പഠനമാണ് അടുത്ത പ്രധാനപ്പെട്ട കാര്യം. സാധ്യമാവുന്നേടത്തോളം, അഞ്ചാം ക്ലാസ് വരെ മാതൃഭാഷയിലായിരിക്കണം വിദ്യാഭ്യാസം എന്നാണ് പറയുന്നത്. പറ്റുമെങ്കില്‍ എട്ടാം ക്ലാസ് വരെ അത് തുടരണമെന്നുമുണ്ട്. ത്രിഭാഷാ പദ്ധതി തുടരും. പക്ഷേ, അതില്‍ രണ്ട് ഭാഷകള്‍ നിര്‍ബന്ധമായും ഇന്ത്യന്‍ ഭാഷകളായിരിക്കണം എന്ന നിബന്ധനയുണ്ട്. സെക്കന്ററി ഘട്ടത്തില്‍ കുട്ടികളുടെ ഗ്ലോബല്‍ മൊബിലിറ്റിക്ക് സഹായകമാവുന്ന രീതിയില്‍, ഉദാഹരണമായി നിരവധി വിദേശഭാഷകള്‍ ചേര്‍ത്തുകൊണ്ട്, ആ ഭാഷകള്‍ കൂടി സ്വായത്തമാക്കാനുള്ള സാഹചര്യം വിദ്യാര്‍ഥികള്‍ക്കുണ്ടാകുമെന്നാണ് പുതിയ നയം പറയുന്നത്. ഇതിനൊക്കെ വേണ്ടി പുതിയ നാഷ്‌നല്‍ കരിക്കുലം ഫ്രെയിംവര്‍ക്ക്, 2020-'21 കാലയളവില്‍ വളരെ പെട്ടെന്നു തന്നെ വിദഗ്ധരായ ആളുകളെ സംഘടിപ്പിച്ചുകൊണ്ട് ഗവണ്‍മെന്റ് രൂപപ്പെടുത്തുന്നതാണ്.
കുട്ടികളുടെ ഓര്‍മശക്തി മാത്രം പരിശോധിക്കുന്ന പരീക്ഷാരീതികള്‍ എല്ലാകാലത്തും വിദ്യാഭ്യാസ വിചക്ഷണരുടെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുള്ളതാണ്. സമ്മേറ്റീവ് അെസസ്മെന്റിന്റെ പ്രാധാന്യം കുറച്ചു കൊണ്ട് സ്‌കൂളുകളില്‍ ഫോര്‍മേറ്റീവ് അസെസ്മെന്റിന് കൂടിയ പ്രാധാന്യം നല്‍കണമെന്ന് പുതിയ നയം പറയുന്നു. കുട്ടികളുടെ നിരന്തര മൂല്യനിര്‍ണയമാണ് നടക്കേണ്ടത്. അതില്‍തന്നെ ക്രിട്ടിക്കല്‍ തിങ്കിംഗ് പോലുള്ള ഉന്നതതല നൈപുണികള്‍ക്ക് പ്രാധാന്യം നല്‍കപ്പെടണം. കുട്ടികളുടെ പുരോഗതി 10,12 ക്ലാസ്സുകളിലെ ബോര്‍ഡ് പരീക്ഷകളെ മാത്രം അവലംബിച്ച് വിലയിരുത്തുന്നതിനു പകരം 3,5,8 ക്ലാസ്സുകളില്‍ കൂടി അംഗീകൃത ഏജന്‍സികളുടെ നേതൃത്വത്തില്‍ പരീക്ഷ നടത്തും.
ബി.എഡിലെ പരിഷ്‌കരണമാണ് മറ്റൊരു പ്രധാന മാറ്റം. 2030-ഓടുകൂടി ടീച്ചേഴ്സ് ട്രെയ്‌നിംഗ് കേന്ദ്രങ്ങള്‍ മാത്രമായുള്ള സ്ഥാപനങ്ങള്‍ ഉണ്ടാവില്ല. മള്‍ട്ടി ഡിസ്ലിപിനറി കോളേജുകളുടെ ഭാഗമായ എജുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റുകളായിരിക്കും ഇനിമുതല്‍ ബി.എഡ് നല്‍കുക.  മൂന്ന് രീതികളാണ് അതിലുണ്ടാവുക: 1) നാലു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബി.എഡ് പ്രോഗ്രാം. 2) മൂന്ന് വര്‍ഷ ഡിഗ്രി കഴിഞ്ഞവര്‍ക്ക് വേണ്ടി രണ്ട് വര്‍ഷത്തെ ബി.എഡ് പ്രോഗ്രാം. 3) നാലു വര്‍ഷ  ബാച്ച്‌ലര്‍ പ്രോഗ്രാം,  മറ്റേതെങ്കിലും വിഷയത്തില്‍ കഴിഞ്ഞവര്‍ക്കും മാസ്റ്റേഴ്‌സ് ബിരുദം നേടിയവര്‍ക്കും വേണ്ടി ഒരു വര്‍ഷത്തെ ബി.എഡ് പ്രോഗ്രാം.
സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ കാരണങ്ങളാല്‍ പിന്നാക്കം നില്‍ക്കുന്ന എല്ലാ സാമൂഹിക വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതാവണം വിദ്യാഭ്യാസം എന്ന് പുതിയ നയം സങ്കല്‍പിക്കുന്നു. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് പ്രത്യേകമായ പരിഗണനകള്‍ നല്‍കുന്നത് തുടരുകതന്നെ ചെയ്യും. ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട വളരെ പിന്നാക്കം നില്‍ക്കുന്നവരുടെ വിദ്യാഭ്യാസാവസ്ഥ മെച്ചപ്പെടുത്തുന്നതിനായി സവിശേഷമായ പദ്ധതികള്‍ ആവിഷ്‌കരിക്കും. പ്രാദേശികവും ഭൂമിശാസ്ത്രപരവും ലിംഗപരവുമായ പ്രശ്നങ്ങളാല്‍  പിന്നാക്കാവസ്ഥ അനുഭവിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസം എളുപ്പമാകുന്ന രീതിയില്‍ പ്രവേശനം സുഗമമാക്കാന്‍  ശ്രമം ഉണ്ടാവും.  അതിനായി സോഷ്യോ-എക്കണോമിക്കലി ഡിസ്അഡ്വാന്റേജ്ഡ് ഗ്രൂപ്പ് (SEDG) എന്ന് പുതിയ നയം പറയുന്ന മുഴുവന്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടും. തൊട്ടടുത്ത സ്‌കൂളുകള്‍ക്കിടയില്‍ മനുഷ്യ-ഭൗതിക വിഭവങ്ങളുടെ പങ്കുവെപ്പ് സാധ്യമാകുന്ന രീതിയില്‍ സ്‌കൂള്‍ ക്ലസ്റ്ററുകള്‍ക്ക് രൂപം കൊടുക്കും. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വളരെ പ്രധാനമാണ്. അതിനായി മുഴുവന്‍ സ്‌കൂളുകളും അക്രഡിറ്റേഷന് വിധേയമാകുമെന്നാണ് പുതിയ നയം പറയുന്നത്. പ്രൈവറ്റ് എന്നോ പബ്ലിക് എന്നോ വ്യത്യാസമില്ലാതെ മുഴുവന്‍ സ്‌കൂളുകളും ഒരേ മാനദണ്ഡം ഉപയോഗിച്ച് വിലയിരുത്തപ്പെടുകയും അതിനനുസരിച്ച് അക്രഡിറ്റേഷന്‍ നല്‍കപ്പെടുകയും ചെയ്യുന്ന സംവിധാനമാണ് പുതിയ നയം മുന്നോട്ടു വെക്കുന്നത്.

ഉന്നത വിദ്യാഭ്യാസം
ഉന്നത വിദ്യാഭ്യാസത്തിന് രണ്ട് പ്രധാന ലക്ഷ്യങ്ങളുണ്ടെന്നാണ് പുതിയ നയം പറയുന്നത്: ഒന്ന്, ഭരണഘടന മുന്നോട്ടു വെക്കുന്ന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി തുടങ്ങിയ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുക. രണ്ടാമത്, സാമ്പത്തിക പുരോഗതിയും വരുമാന മാര്‍ഗവും ഉറപ്പു വരുത്തുന്ന ഒരു പ്രകിയയാവുക.
ചെറിയ ചെറിയ കോളേജുകള്‍ക്കു പകരം ധാരാളം കുട്ടികള്‍ പഠിക്കുന്ന കോളേജുകളും യൂനിവേഴ്സിറ്റികളുമാണ് ഉണ്ടാവേണ്ടത് എന്ന് നയം പറയുന്നു. മുവായിരം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ കുട്ടികളുള്ള യൂനിവേഴ്സിറ്റികളായിരിക്കണം. നളന്ദ, തക്ഷശില പോലുള്ള യൂനിവേഴ്സിറ്റികളുടെ  പ്രധാന സവിശേഷത, അവയില്‍ ധാരാളം കുട്ടികള്‍ ഒത്തുചേര്‍ന്ന് പഠിച്ചിരുന്നു എന്നതാണ്. അതിനാല്‍ നമ്മുടെ കോളേജുകളുടെയും യൂനിവേഴ്സിറ്റികളുടെയും ഇപ്പോഴുള്ള സ്വഭാവം മാറും. മള്‍ട്ടി ഡിസിപ്ലിനറി, അഥവാ വിവിധ പഠനശാഖകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സ്ഥാപനങ്ങളായിരിക്കണം ഉന്നതവിദ്യാഭ്യാസരംഗത്ത് ഉണ്ടാവേണ്ടത് എന്നാണ് പുതിയനയം പറയുന്നത്. മുവായിരമോ അതിലധികമോ കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങളായിരിക്കണം. ഇപ്പോഴുള്ള അഫിലിയേറ്റഡ് കോളേജ് സംവിധാനം 2030-ഓടുകൂടി പൂര്‍ണമായും ഇല്ലാതാവും. ഒന്നുകില്‍ അവ ഓട്ടോണമസ് കോളേജുകളാവണം, അല്ലെങ്കില്‍ യൂനിവേഴ്സിറ്റികളുടെ പൂര്‍ണമായ നിയന്ത്രണത്തില്‍ വരുന്ന കോണ്‍സ്റ്റിറ്റുവന്റ് കോളേജുകളാവണം. യൂനിവേഴ്സിറ്റികളാവട്ടെ, ഒന്നുകില്‍ ഗവേഷണപ്രധാനമോ അല്ലെങ്കില്‍ ടീച്ചിംഗ് പ്രധാനമോ ആവണം. റിസര്‍ച്ച് ഇന്റന്‍സീവ് യൂനിവേഴ്സിറ്റികളില്‍ ടീച്ചിംഗിനും റിസര്‍ച്ചിനും തുല്യപ്രാധാന്യമാണ് ഉണ്ടാവുക. ടീച്ചിംഗ് ഇന്റന്‍സീവ് യൂനിവേഴ്സിറ്റികളില്‍ ടീച്ചിംഗിനായിരിക്കും പ്രാമുഖ്യം ഉണ്ടാവുക. എന്തായാലും മുവായിരമോ അതില്‍ കൂടുതലോ കുട്ടികളുള്ള സംവിധാനമായിരിക്കണം കോളേജുകളിലും യൂനിവേഴ്സിറ്റികളിലും ഉണ്ടാകേണ്ടത്. അപ്പോഴാണ് വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ ലക്ഷ്യം നേടാന്‍ കഴിയുക. നയം ഊന്നിപ്പറയുന്ന ഒരു വശമാണിത്. ഓരോ കോളേജും ക്രമപ്രവൃദ്ധമായി ഓട്ടോണമസ് കോളേജ്, യൂനിവേഴ്‌സിറ്റി തലങ്ങളിലേക്ക് പുരോഗമിക്കുന്നത് അക്രഡിറ്റിംഗ് ഏജന്‍സിയുടെ വിലയിരുത്തല്‍ അനുസരിച്ചാവും.
ക്ലാസ് റൂമുകളില്‍ നടത്തപ്പെടുന്ന അതേ ഗുണമേന്മയോടുകൂടിയ ഓപ്പണ്‍ & ഡിസ്റ്റന്‍സ് ലേണിംഗ് സംവിധാനങ്ങളുണ്ടാവും. അതിനും പ്രത്യേകമായ അക്രഡിറ്റേഷന്‍ സിസ്റ്റം ഏര്‍പ്പെടുത്തുന്നതാണ്.  ആര്‍ട്സ്, എഞ്ചിനീയറിംഗ്, മെഡിക്കല്‍, ലീഗല്‍, അഗ്രികള്‍ച്ചര്‍ തുടങ്ങിയ മുഴുവന്‍ വിദ്യാഭ്യാസ മേഖലകളും മള്‍ട്ടി ഡിസ്ലിപിനറി ആയിരിക്കണം. നാലുവര്‍ഷ ഡിഗ്രി പ്രോഗാമുകളില്‍ മള്‍ട്ടിപ്പ്ള്‍ എന്‍ട്രി എക്സിറ്റ് ഓപ്ഷനുകള്‍ ഉണ്ടാവുമെന്നതാണ് മറ്റൊരു പ്രത്യേകത. ഉദാഹരണമായി, ഡിഗ്രിക്ക് ഒന്നാം വര്‍ഷത്തിന് ശേഷം സര്‍ട്ടിഫിക്കറ്റ്, രണ്ടാം വര്‍ഷത്തിനു ശേഷം ഡിപ്ലോമ, മൂന്നാം വര്‍ഷത്തിനു ശേഷം ബാച്ച്ലര്‍ ഡിഗ്രി,  നാലു വര്‍ഷവും പൂര്‍ത്തീകരിക്കുന്ന ആള്‍ മള്‍ട്ടി ഡിസിപ്ലിനറി ബാച്ച്ലര്‍ ഡിഗ്രി എന്നിങ്ങനെ. 4 വര്‍ഷ ഡിഗ്രിയില്‍ തന്റെ പഠന മേഖലയില്‍ ഒരു റിസര്‍ച്ച് പ്രൊജക്ട് കൂടി ചെയ്ത ആള്‍ക്ക് ഡിഗ്രി വിത്ത് റിസര്‍ച്ച് നല്‍കപ്പെടും.
മാസ്റ്റേഴ്‌സിന് വ്യത്യസ്ത രീതികളുണ്ടാവും. മൂന്ന് വര്‍ഷത്തെ ഡിഗ്രി ചെയ്തവര്‍ക്ക്  രണ്ട് വര്‍ഷത്തെ മാസ്റ്റേഴ്‌സ്, 4 വര്‍ഷ ഡിഗ്രി വിത്ത് റിസര്‍ച്ച് ചെയ്തയാള്‍ക്ക് ഒരു വര്‍ഷത്തെ മാസ്റ്റേഴ്‌സ്, അഞ്ചു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് എന്നിവയാണവ. മാസ്റ്റേഴ്സ് പൂര്‍ത്തിയാക്കിയവരോ അല്ലെങ്കില്‍ നാലുവര്‍ഷ ഡിഗ്രി വിത്ത് റിസര്‍ച്ച് നേടുന്നവരോ മാത്രമായിരിക്കും പി.എച്ച്.ഡിക്ക് അഡ്മിഷന്‍ നേടുക. എം.ഫില്‍ പൂര്‍ണമായും നിര്‍ത്തലാക്കിയിരിക്കുന്നു. അധ്യാപകരെ മികച്ച ആളുകളാക്കി വാര്‍ത്തെടുത്താല്‍ മാത്രമേ ടീച്ചിംഗ് ലേണിംഗ് പ്രോസസ് ശരിയായ രീതിയില്‍ നടക്കൂ എന്ന് നയം പറയുന്നുണ്ട്. അതിനാല്‍ മികച്ച അധ്യാപകരെ വാര്‍ത്തെടുക്കുന്നതിനായി പി.എച്ച്.ഡിക്ക് ഓരോരോ വിഷയങ്ങളില്‍ ചേരുന്ന ആളുകള്‍ക്ക് അതുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രത്യേകമായ പരിശീലനം നല്‍കും. പി.എച്ച്.ഡി കോഴ്സ് വര്‍ക്കുകളുടെ കാലം ഇവക്ക് കൂടി വേണ്ടി ഉപയോഗപ്പെടുത്തപ്പെടും.
ലോകത്തിലെ ആദ്യത്തെ മികച്ച നൂറ് യൂനിവേഴ്സിറ്റികളില്‍നിന്ന്  ഇന്ത്യയില്‍ സെന്ററുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരെ ഇവിടേക്ക് സ്വാഗതം ചെയ്യും. ഇന്ത്യയിലെ അക്രഡിറ്റേഷന്‍ മാനദണ്ഡങ്ങളനുസരിച്ച് ഉന്നത നിലവാരം നേടിയ സ്ഥാപനങ്ങള്‍ക്ക് വിദേശത്ത് തങ്ങളുടെ ബ്രാഞ്ചുകള്‍ തുടങ്ങാനുള്ള അനുമതിയും നല്‍കും.  വൊക്കേഷന്‍ എജുക്കേഷനു വേണ്ടി ഗവണ്‍മെന്റ് ഒരുപാട് പദ്ധതികള്‍ മുന്നോട്ടു വെച്ചിരുന്നെങ്കിലും അതൊന്നും ഫലപ്രാപ്തിയിലെത്തിയില്ല എന്നാണ് പുതിയ നയം പറയുന്നത്. അതിന്റെ കാരണം, മുഖ്യധാരയില്‍ നടത്തപ്പെടുന്ന സാധാരണ ഡിഗ്രി കോഴ്സുകളെ അപേക്ഷിച്ച് എപ്പോഴും  താഴ്ന്ന നിലവാരത്തിലാണ്  വൊക്കേഷനല്‍ കോഴ്സുകള്‍ ഗണിക്കപ്പെട്ടിരുന്നത് എന്നതാണ്. അതിന്റെ ഫലമായി കോളേജുകളില്‍നിന്ന് പുറത്തിറങ്ങുന്ന കുട്ടികള്‍ പ്രത്യേകിച്ച് ഒരു തൊഴില്‍ നൈപുണ്യവുമില്ലാതെയാണ് പുറത്തിറങ്ങുക. ഇത് പരിഹരിക്കാന്‍ സാധാരണ കോഴ്സുകള്‍ ചെയ്യുന്ന കുട്ടികള്‍ തന്നെ അവരുടെ കോഴ്സിന്റെ കൂടെ ഒരു വൊക്കേഷ്‌നല്‍ കോഴ്സ് കൂടി നിര്‍ബന്ധമായും പഠിച്ചിരിക്കണം. ഗവേഷണത്തിന് വര്‍ധിത പ്രാധാന്യം നല്‍കാനായി പുതുതായി നാഷ്‌നല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (എന്‍.ആര്‍.എഫ്) സ്ഥാപിക്കാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നു.

റെഗുലേറ്ററി ഏജന്‍സികള്‍

നിരവധി റെഗുലേറ്ററി ഏജന്‍സികളുടെ അരങ്ങാണ് ഉന്നത വിദ്യാഭ്യാസരംഗം. ഇത് അവസാനിക്കേണ്ടതുണ്ട് എന്നാണ് നയം പറയുന്നത്. ഹയര്‍ എജുക്കേഷന്‍ കമീഷന്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ ഒരു മേല്‍ ഘടനയായിരിക്കും  ഇനി ഉന്നതവിദ്യാഭ്യാസരംഗത്തെ മൊത്തത്തില്‍ നിയന്ത്രിക്കുക. അതിനു കീഴില്‍ നാല് ബോഡികള്‍ പ്രവര്‍ത്തിക്കും: 1) വിദ്യാഭ്യാസ മേഖലയിലെ റെഗുലേഷനുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും നിയന്ത്രിക്കുന്ന നാഷ്നല്‍  ഹയര്‍ എജുക്കേഷന്‍ റെഗുലേറ്ററി കൗണ്‍സില്‍, (2) ഫിനാന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഹയര്‍ എജുക്കേഷന്‍ ഗ്രാന്റ് കൗണ്‍സില്‍ (3) അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട നാഷ്നല്‍ അക്രഡിറ്റേഷന്‍ കൗണ്‍സില്‍  (4)  അക്കാദമിക നിലവാരം ഉറപ്പു വരുത്തുന്ന ജനറല്‍ എജുക്കേഷന്‍ കൗണ്‍സില്‍. കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍, കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് പോലുള്ള സ്ഥാപനങ്ങള്‍ പ്രഫഷനല്‍ സ്റ്റാന്റേര്‍ഡ് സെറ്റിംഗ് ബോഡി എന്ന നിലയില്‍ മേല്‍പറഞ്ഞ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതായിരിക്കും.

സ്വകാര്യ ഏജന്‍സികളുടെ സ്ഥാനം

ഇന്ത്യ പോലെ വിശാലമായ ഒരു രാജ്യത്തിന്റെ വിദ്യാഭ്യാസാവശ്യങ്ങള്‍ ഗവണ്‍മെന്റ് ഏജന്‍സികളെക്കൊണ്ടു മാത്രം നിര്‍വഹിക്കാന്‍ കഴിയില്ല എന്ന് പുതിയ നയം ആവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ സ്വകാര്യ സംവിധാനങ്ങള്‍ക്കും അവരുടെ റോള്‍ ഉണ്ടായിരിക്കും. പക്ഷേ, ലാഭേഛയില്ലാതെ മനുഷ്യസ്‌നേഹപരമായ ലക്ഷ്യത്തില്‍ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നവരായിരിക്കണം അവര്‍. സ്വകാര്യ സ്ഥാപനങ്ങളുടെ ചൂഷണം തടയാനുണ്ടാക്കുന്ന നിയന്ത്രണങ്ങള്‍ പലപ്പോഴും ലാഭേഛയില്ലാതെ സാമൂഹികസേവനം മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളെ നിരുത്സാഹപ്പെടുത്തുന്നതായി മാറാറുണ്ട്. ഇതൊഴിവാക്കിക്കൊണ്ടും അതേസമയം ചൂഷണം തടയാന്‍ പാകത്തിലും സ്വകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനായി ഒരു പൊതു ദേശീയ മാര്‍ഗരേഖ കേന്ദ്ര ഗവണ്‍മെന്റ് പുറത്തിറക്കും.

ഇന്ത്യന്‍ സംസ്‌കാരത്തിനും ഭാഷക്കും പ്രോത്സാഹനം

സാംസ്‌കാരികാവബോധവും ആവിഷ്‌കാരവും വിദ്യാഭ്യാസം വഴി വളര്‍ത്തിയെടുക്കപ്പെടേണ്ടതാണെന്ന് പറയുന്ന നയം, സംസ്‌കൃതത്തെ മുഖ്യധാരയില്‍ കൊണ്ടുവരും എന്ന് വളരെ കൃത്യമായി  പറയുന്നുണ്ട്. ത്രിഭാഷാ പദ്ധതിയില്‍ ഒരു ഭാഷയായി പരിഗണിക്കുമാറ് സംസ്‌കൃതത്തിന്റെ സ്ഥാനം സ്‌കൂള്‍ മുതലുള്ള വിദ്യാഭ്യാസരംഗത്ത് ഉണ്ടാവേണ്ടതുണ്ട്. 'വിശ്വഗുരു' എന്ന സ്ഥാനത്തേക്ക് വീണ്ടും ഇന്ത്യക്ക് വരാന്‍ കഴിയണമെങ്കില്‍ ഈ രാജ്യത്തിന്റെ പാരമ്പര്യത്തെക്കുറിച്ചും ഈ രാജ്യം വൈജ്ഞാനിക രംഗത്ത് നേടിയ അറിവുകളെ കുറിച്ചും ബോധമുണ്ടാവേണ്ടത് അത്യാവശ്യമാണ് എന്ന് നയം പറയുന്നു. 'ഏക് ഭാരത്, ശ്രേഷ്ഠ് ഭാരത്' എന്ന അടിസ്ഥാനത്തില്‍നിന്നുകൊണ്ടായിരിക്കണം നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനങ്ങള്‍ വികസിക്കേണ്ടത്. അതിനാല്‍ വിദ്യാഭ്യാസത്തിന്റെ മുഴുവന്‍ മേഖലകളിലും ഭാരതീയമായ ജ്ഞാനമണ്ഡലങ്ങള്‍ക്ക് അതിന്റേതായ സവിശേഷമായ പ്രാധാന്യം നല്‍കപ്പെടും.

പ്രയോഗവല്‍ക്കരണത്തെ പറ്റി

ഈ നയത്തിന്റെ പ്രയോഗവത്കരണത്തെ കുറിക്കുന്നതാണ് അവസാന ഭാഗം. അതിനായി സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് ഓഫ് എജുക്കേഷന്‍ (സി.എ.ബി.ഇ) ശക്തിപ്പെടുത്തുമെന്ന് നയരേഖ പറയുന്നു. 1986-ലെ വിദ്യാഭ്യാസ നയത്തെ തുടര്‍ന്ന് മാനവ വിഭവശേഷി മന്ത്രാലയം എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട വകുപ്പിനെ വീണ്ടും വിദ്യാഭ്യാസ വകുപ്പ് എന്ന് നാമകരണം ചെയ്യും എന്നതാണ് മറ്റൊരു പരിഷ്‌കാരം. വകുപ്പിന്റെ ഊന്നല്‍ വിദ്യാഭ്യാസത്തില്‍ തന്നെ വരണം എന്നുണ്ടെങ്കില്‍ പേരില്‍ തന്നെ അത് വേണമെന്നാണ് നയരേഖ പറയുന്നത്. ജി.ഡി.പിയുടെ 6 ശതമാനം വിദ്യാഭ്യാസത്തിനായി ചെലവഴിക്കുമെന്നാണ് മറ്റൊരു പ്രധാന നയമായി പ്രഖ്യാപിച്ചിരിക്കുന്നത്.
എന്തായാലും വര്‍ഷങ്ങള്‍ നീണ്ട പ്രക്രിയകളിലൂടെ ഒരു വിദ്യാഭ്യാസനയം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ  വികസിതവും ശക്തിമത്തുമായ ഇന്ത്യയെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങള്‍ ഈ വിദ്യാഭ്യാസനയം പങ്കുവെക്കുന്നുണ്ട്. വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗങ്ങളുമായി നിരവധി വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ രേഖ പുറത്തുവന്നിരിക്കുന്നത് എന്നാണ് ഗവണ്‍മെന്റ് പറയുന്നത്.

ആശങ്കകളും വിമര്‍ശനങ്ങളും

പക്ഷേ അക്ഷരങ്ങളിലെ ക്രിയാത്മക സമീപനങ്ങള്‍ക്കപ്പുറം വരികള്‍ക്കിടയിലൂടെ കടത്തിവിടുന്ന പ്രത്യേക അജണ്ടകള്‍ പുതിയ നയത്തിനുണ്ടെന്ന് ഇപ്പോഴേ പരാതിയുയര്‍ന്നുകഴിഞ്ഞു. രാജ്യത്തിന്റെ സവിശേഷ ബഹുസ്വര സംസ്‌കാരത്തിന് പരിക്കേല്‍പിക്കുന്നതും ഫെഡറലിസത്തിന് ഭീഷണിയുയര്‍ത്തുന്നതും കേന്ദ്ര സര്‍ക്കാറിന്റെ സവിശേഷമായ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനുദ്ദേശിച്ചുമുള്ളതാണ് പുതിയ നയം എന്നാണ് ആരോപണം.
നീതിയുക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വിദ്യാഭ്യാസമാണ് ലക്ഷ്യം എന്ന് പോളിസി പറയുന്നു. ഇത് നേടണമെങ്കില്‍ എല്ലാ സാമൂഹിക വിഭാഗങ്ങളുടെയും, പ്രത്യേകിച്ച് പ്രാതിനിധ്യം വളരെ കുറഞ്ഞ ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക സവിശേഷതകളെ പരിഗണിക്കുന്നതാവണം നയം. എന്നാല്‍ ന്യൂനപക്ഷ സമൂഹങ്ങളുടെ സംസ്‌കാരം, ചരിത്രം, ഭാഷ എന്നിവക്ക് വേണ്ട പരിഗണന ഈ നയപ്രഖ്യാപനത്തില്‍ കാണുന്നില്ല. ഉദാഹരണമായി ഇന്ത്യന്‍ പാരമ്പര്യങ്ങളെ കുറിച്ചും സംസ്‌കാരത്തെ കുറിച്ചും ഊന്നിപ്പറയുന്ന പോളിസി ഭാഗങ്ങള്‍ പൗരാണിക ഇന്ത്യയെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. കഴിഞ്ഞ ആയിരം വര്‍ഷങ്ങളിലെ വിദ്യാഭ്യാസ-സാംസ്‌കാരിക സംഭാവനകളെ കുറിച്ച് നയം പുലര്‍ത്തുന്നത് അര്‍ഥഗര്‍ഭമായ മൗനമാണ്. നാമിന്ന് കാണുന്ന ഇന്ത്യ രൂപം കൊള്ളുന്നത് പൗരാണിക കാലത്ത് തുടങ്ങി മധ്യകാലം കടന്ന് ഒരുപാട് ആദാനപ്രദാനങ്ങളിലൂടെയാണ്. പാരമ്പര്യം എന്നത് തുടര്‍ച്ചയും ഇന്ത്യന്‍ സംസ്‌കാരമെന്നത് സാംസ്‌കാരിക ബഹുത്വങ്ങളുടെ സംഘാതവുമാണെന്നിരിക്കെ, ഇന്നുവരെ കഴിഞ്ഞ മുഴുവന്‍ കാലത്തിന്റെയും സംഭാവനകളെയും പരിഗണിച്ചുകൊണ്ടായിരിക്കണമല്ലോ സംസ്‌കാര പാരമ്പര്യങ്ങളെ കുറിച്ച ബോധം പകരേണ്ടത്.  കൊളോണിയല്‍ കാലത്തെ മുന്‍വിധികള്‍ നിറഞ്ഞ വിദ്യാഭ്യാസ ക്രമത്തില്‍ നാടിന്റെ പ്രശ്‌നങ്ങളുടെ കാരണം കണ്ടെത്തുന്ന ഒരു ഭരണകൂടം സമീപ ഭൂതകാലത്തെ ഒരു നീണ്ട കാലത്തെ അദൃശ്യമാക്കി, പൗരാണിക ഇന്ത്യയില്‍നിന്ന് നേരെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് ചാടിക്കടക്കുന്നത് വരും തലമുറയോട് ചെയ്യുന്ന വഞ്ചനയാവുമെന്നാണ് വിമര്‍ശം. മാത്രമല്ല, വ്യത്യസ്ത മതങ്ങളെയും സംസ്‌കാരങ്ങളെയും ഭാഷകളെയും സംബന്ധിച്ച വിശദമായ ജ്ഞാനം കുട്ടികള്‍ക്ക് പകരുന്നതാവും സ്‌കൂള്‍ കരിക്കുലം എന്ന് നയത്തിന്റെ ഖണ്ഡിക 6.20-ല്‍ പറയുന്നത് നടപ്പിലാവണമെങ്കില്‍ സംസ്‌കാര പാരമ്പര്യങ്ങളുടെ ബഹുത്വത്തില്‍ കരിക്കുലം ഊന്നിയേ പറ്റൂ.
ത്രിഭാഷാ പദ്ധതി നടപ്പിലാക്കുമെന്ന് പറയുന്ന ഖണ്ഡിക 4.13-ല്‍ മൂന്ന് ഭാഷകളില്‍ രണ്ടെണ്ണം ഇന്ത്യന്‍ ഭാഷകളായിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇത് ഹിന്ദി അടിച്ചേല്‍പിക്കുന്നതിനുള്ള വളഞ്ഞ വഴിയാണ് എന്നും ദ്വിഭാഷാ പദ്ധതിയേ തങ്ങള്‍ക്ക് സ്വീകാര്യമാവൂ എന്നും തമിഴ്‌നാട് പറഞ്ഞുകഴിഞ്ഞു. രണ്ടെണ്ണം ഇന്ത്യന്‍ ഭാഷകളായിരിക്കണം എന്ന ഉപാധി കേരളത്തില്‍ നടക്കുന്ന അറബി ഭാഷാ പഠനത്തെ പ്രതികൂലമായി ബാധിക്കും. ഇപ്രകാരം ഓരോ സംസ്ഥാനങ്ങളും തങ്ങളുടെ പ്രാദേശിക സാമൂഹിക വൈവിധ്യങ്ങള്‍ പരിഗണിച്ച് പിന്തുടര്‍ന്നു വരുന്ന വിദ്യാഭ്യാസ രീതികളെ കേന്ദ്രീകൃത സ്വഭാവത്തില്‍ നിയന്ത്രിക്കുന്ന രീതി, നാം പിന്തുടര്‍ന്നു വരുന്ന ഫെഡറലിസത്തിന് വിരുദ്ധമാണ്. മൗലിക തത്ത്വങ്ങളില്‍  പതിമൂന്നാമത്തെ ഇനമായി വൈവിധ്യങ്ങളോടും പ്രാദേശിക താല്‍പര്യങ്ങളോടുമുള്ള ആദരവ് കണ്‍കറന്റ് ലിസ്റ്റില്‍പെട്ട വിദ്യാഭ്യാസ വിഷയത്തില്‍ പരിഗണിക്കുമെന്ന് പറയുന്ന നയം  അതിന് വിരുദ്ധമായി ചെയ്തുകൂടാത്തതാണ്. അതിനാല്‍ വൈവിധ്യങ്ങളെ നിരാകരിക്കുന്ന അത്തരം  നിബന്ധനകള്‍ ഒഴിവാക്കണം.
ഖണ്ഡിക 4.20-ല്‍, സെക്കന്ററി തലത്തില്‍ ഫ്രഞ്ച്, ജര്‍മന്‍, തായ്, കൊറിയന്‍ തുടങ്ങിയ ഭാഷകളെ, പഠിപ്പിക്കപ്പെടുന്ന വിദേശ ഭാഷകളുടെ കൂട്ടത്തില്‍ എണ്ണിയിട്ടുണ്ട്. ലോകസംസ്‌കാരങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിനും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വിദ്യാര്‍ഥികളുടെ ആഗോള അറിവും ചലനാത്മകത (mobility)യും മെച്ചപ്പെടുത്തുന്നതിനുമാണ് ഇത് എന്ന് പറയുന്നു. അതേസമയം ഇന്ത്യയുമായി സഹസ്രാബ്ദങ്ങളുടെ സാംസ്‌കാരിക ബന്ധം പുലര്‍ത്തുന്ന, ഇപ്പോഴും ഇന്ത്യയിലേക്കെത്തുന്ന വിദേശ പണമയപ്പിന്റെ സിംഹഭാഗമെത്തുന്ന ഗള്‍ഫ് രാജ്യങ്ങളുടെ ഭാഷയായ അറബി ആ കൂട്ടത്തില്‍ കാണുന്നില്ല. അറബിയാകട്ടെ, കാലങ്ങളായി സെക്കന്ററി തലത്തില്‍ പഠിപ്പിച്ചുവരുന്നതാണ്. അത് തുടര്‍ന്നേ പറ്റൂ.
66 പേജ് വരുന്ന നയരേഖയില്‍ ഒറ്റയിടത്താണെങ്കിലും, ഖണ്ഡിക 6. 2.4-ല്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിലെ പങ്കാളിത്തക്കമ്മിയെ കുറിച്ചും അത് പരിഹരിക്കാന്‍ ഇടപെടലുകള്‍ ഉണ്ടാവേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും പറയുന്നുണ്ട്. അതേസമയം ന്യൂനപക്ഷങ്ങള്‍ എന്നത് സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന ഒരു ഭരണഘടനാ യാഥാര്‍ഥ്യമാണെന്ന കാര്യം നയം വേണ്ടതു പോലെ പരിഗണിക്കുന്നില്ല എന്നാണ് പരാതി. സ്വന്തമായി സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നിയന്ത്രിക്കാനുമുള്ള സവിശേഷാധികാരങ്ങള്‍ മത-ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്നുണ്ട്. പുതിയ നയം മുന്നോട്ടു വെക്കുന്ന കേന്ദ്രീകൃത റഗുലേറ്ററി സമ്പ്രദായത്തില്‍ ഈ ഭരണഘടനാദത്ത അവകാശങ്ങള്‍ ഹനിക്കപ്പെടുമോ എന്ന ആശങ്ക ന്യൂനപക്ഷ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കുണ്ട്.
മുസ്‌ലിം ന്യൂനപക്ഷത്തിന്റെ കാര്യത്തില്‍ ഈ പ്രശ്‌നം കൂടുതല്‍ ഗുരുതരമാണ്. കാരണം 2030-ഓടുകൂടി സ്‌കൂളില്‍ 100 ശതമാനം എന്നും ഉന്നത വിദ്യാഭ്യാസത്തില്‍ 50 ശതമാനം എന്നുമാണ് പോളിസി ലക്ഷ്യം വെക്കുന്ന Gross Enrollment Ratio (GER). അതേസമയം സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ 10 വര്‍ഷങ്ങള്‍ക്കു ശേഷവും 13.8 ശതമാനം ആയിരുന്നു മുസ്‌ലിം ജി.ഇ.ആര്‍; അന്നത്തെ ദേശീയ ശരാശരിയായ 23.6 ശതമാനത്തിനും ഏറെ താഴെ. അതിനാല്‍ ഇവരെക്കൂടി 50 ശതമാനത്തില്‍ എത്തിച്ചാല്‍ മാത്രം സാധ്യമാകുന്നതാണ് പോളിസി ലക്ഷ്യം വെക്കുന്ന സമഭാവനയോടെയുള്ള വിദ്യാഭ്യാസം. അതിനായി പോളിസിയുടെ നടപ്പാക്കല്‍ ഘട്ടത്തില്‍ സവിശേഷ ശ്രദ്ധ തന്നെ ഉണ്ടാവണം. സമാന്തര വിദ്യാരീതികളെ(മഹലേൃിമശേ്‌ല രെവീീഹശിഴ)കളെക്കുറിച്ച്  ഖണ്ഡിക 1.8-ലും  ഖണ്ഡിക 6.15-ലും പറയുന്നുണ്ട്. ആദ്യത്തേതില്‍ ആശ്രമശാലകളെ കുറിച്ച് കൃത്യമായി സംസാരിക്കുന്നുണ്ടെങ്കിലും, അള്‍ട്ടര്‍നേറ്റീവ് സ്‌കൂളിംഗിന്റെ വലിയൊരു ശൃംഖലയായ മദ്‌റസകളെ കാര്യമായൊന്നും പറയുന്നില്ല. അവക്ക് കൂടി ഈ സൗകര്യം ലഭ്യമാക്കുമെന്ന് ഉറപ്പിക്കണം.
പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ബോര്‍ഡിംഗ് സൗകര്യമേര്‍പ്പെടുത്തുമെന്ന് ഖണ്ഡിക 6.9 പറയുന്നു. മുസ്‌ലിംകള്‍ നടത്തുന്ന അനാഥ-അഗതി മന്ദിരങ്ങള്‍ പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്കായി സൗജന്യ താമസ-വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കുന്നവയാണ്. അവയുടെ പ്രവര്‍ത്തനം ദുസ്സാധ്യമാക്കുന്ന തരത്തില്‍ നിരവധി നിയമനിര്‍മാണങ്ങള്‍ സമീപകാലത്തായി ഉണ്ടായിട്ടുണ്ട്. അവ റദ്ദാക്കി ഈ ബോര്‍ഡിംഗ് ഹൗസുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നത് രേഖ വിഭാവനം ചെയ്യുന്ന സമഗ്രവും  സമത്വപൂര്‍ണവുമായ വിദ്യാഭ്യാസം എല്ലാവര്‍ക്കും എന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പാവും.

സമുദായം ചെയ്യേണ്ടത്
നയം സംബന്ധിച്ച ആവശ്യങ്ങളും ആശങ്കകളും ശക്തമായും ഒന്നിച്ചു നിന്നും ഉന്നയിക്കാന്‍ ശ്രദ്ധിക്കുന്നതോടൊപ്പം തന്നെ, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയെ നിര്‍മിക്കുന്നതില്‍ തങ്ങളുടേതായ പങ്ക് നിര്‍വഹിക്കാനുള്ള തയാറെടുപ്പുകള്‍ മുസ്‌ലിം സമൂഹം നടത്തേണ്ടതുണ്ട്. കഴിഞ്ഞ കാലത്ത് ഇന്ത്യയെ നിര്‍ണയിക്കുന്നതിലും മനുഷ്യസമത്വത്തിലധിഷ്ഠിതമായ സാമൂഹിക ബോധം രൂപപ്പെടുത്തുന്നതിലും മുഖ്യപങ്കുവഹിച്ച സാമൂഹിക വിഭാഗം എന്ന നിലയില്‍ ആ നിര്‍വഹണം തുടര്‍ന്നേ പറ്റൂ. അതിനായി ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ താഴെ കൊടുത്ത കാര്യങ്ങള്‍ ശ്രദ്ധിക്കണം:
1. Public Spirited Private Schools, Private Philanthropic Efforts  എന്നിവ പ്രോത്സാഹിപ്പിക്കപ്പെടുമെന്നും അവയെ അടിച്ചമര്‍ത്തില്ലെന്നും ആവര്‍ത്തിച്ചു പറയുന്നുണ്ട് നയം. കഴിഞ്ഞ കാലങ്ങളില്‍ മുസ്‌ലിം സംഘടനകളാലും പൊതു ട്രസ്റ്റുകളാലും സ്ഥാപിക്കപ്പെട്ടവ മിക്കതും ഈ ഗണത്തില്‍ പെടുന്നവയാണ്. അതിനാല്‍ ലാഭത്തിനു വേണ്ടി നടത്തുന്ന സ്വകാര്യ കച്ചവട സ്ഥാപനങ്ങളില്‍നിന്ന് ഭിന്നമാണ് വഖ്ഫുകളാലും സംഭാവനകളാലും ഉയര്‍ന്നുവന്ന നമ്മുടെ  സ്ഥാപനങ്ങള്‍ എന്ന് മനസ്സിലാക്കുകയും ആ ബോധത്തില്‍ അടിയുറച്ചുനിന്നുകൊണ്ടുള്ള ആവശ്യങ്ങള്‍ ആത്മവിശ്വാസത്തോടെ ഉന്നയിക്കുകയും ചെയ്യുക.
2. കഷ്ടപ്പെട്ടു സ്ഥാപിച്ചെടുത്തവയില്‍ ഗുണമേന്മ ഉറപ്പുവരുത്തുക എന്നത് മുഖ്യമാണ്. നിര്‍ദിഷ്ട ഗുണമേന്മയില്ലെന്നു പറഞ്ഞ് സ്ഥാപനങ്ങള്‍ അടക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായിക്കൂടാ. അതിനാല്‍ പ്രീ സ്‌കൂളുകള്‍ മുതലുള്ളവ അക്രഡിറ്റേഷന്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വളര്‍ത്താനുള്ള ആസൂത്രണം ഇപ്പോഴേ വേണം. സാമ്പത്തിക  സുതാര്യത, ശക്തവും ചടുലവുമായ ഭരണസംവിധാനം എന്നീ കാര്യങ്ങളില്‍ ശ്രദ്ധിക്കണം.
3. ഭൗതിക സന്നാഹങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്ന ഇപ്പോഴത്തെ regulatory സംവിധാനത്തിനു പകരം process-ന് പ്രാധാന്യം നല്‍കുന്ന രീതിയായിരിക്കും സ്വീകരിക്കുക എന്നാണ് നയം പറയുന്നത്. ഈ രംഗത്ത് സമുദായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരല്‍പം ദുര്‍ബലമാണ്. Based Learning, Competency Based Learning എന്നീ നിലകളിലേക്ക് സ്ഥാപനങ്ങളിലെ പഠനപ്രക്രിയകളെ മാറ്റാനുള്ള ഊര്‍ജിത ശ്രമം വേണം.
4. ചെറിയ കോളേജുകള്‍ക്കു പകരം 3000 കുട്ടികളെങ്കിലും പഠിക്കുന്ന ഓട്ടോണമസ് ഡിഗ്രി അവാര്‍ഡിംഗ് കോളേജുകളാണ് നയം മുന്നോട്ടുവെക്കുന്നത്. 2040-ഓടുകൂടി ഒന്നുകില്‍ ഓട്ടോണമസ്, അല്ലെങ്കില്‍ യൂനിവേഴ്‌സിറ്റിയുടെ കോണ്‍സ്റ്റിറ്റുവന്റ് കോളേജ് എന്ന നിലയിലായിരിക്കും മുഴുവന്‍ കോളേജുകളും. അതിനാല്‍ ഓട്ടോണമസ് കോളേജുകളാവാന്‍ വേണ്ട ശ്രമങ്ങള്‍ നടത്തുക എന്നതാണ്  ആര്‍ട്‌സ് & സയന്‍സ് കോളജുകളുടെ മുന്നിലെ വഴി. അവക്ക് മുന്നോടിയായ അക്രഡിറ്റേഷന്‍ നേരത്തേ നേടിയെടുക്കണം.  ഓട്ടോണമസ് കോളേജുകള്‍ക്ക് Open and Distance Learning (ODL)  കോഴ്‌സുകള്‍ നടത്താമെന്നത് GER വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളെ സഹായിക്കും.
5. ശരിയായത് ചെയ്യുക എന്നതിന്റെ പ്രാധാന്യം ചെറുപ്പത്തില്‍ തന്നെ വിദ്യാര്‍ഥികളെ പഠിപ്പിക്കും എന്ന് ഖണ്ഡിക 4.28-ല്‍ പറയുന്ന നയം  ത്യാഗം, സഹിഷ്ണുത, ബഹുസ്വരത, ബഹുമാനം, മര്യാദ, ക്ഷമ, അനുകമ്പ, നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, ഉത്തരവാദിത്തബോധം തുടങ്ങിയ ഒരുപാട് മൂല്യങ്ങള്‍ എടുത്തുപറയുന്നുണ്ട്. ഈ മൂല്യങ്ങളാണ് നമ്മുടെ സ്ഥാപനങ്ങളിലെ മത/ധാര്‍മിക പഠന മൊഡ്യൂളുകളിലൂടെ  വിനിമയം ചെയ്യേണ്ടത്. അതുവഴി  സാംസ്‌കാരിക പാരമ്പര്യവും വ്യതിരിക്തതയും നിലനിര്‍ത്തി ഉത്തമ മനുഷ്യരെ വാര്‍ത്തെടുക്കുകയാണ് ചെയ്യുന്നതെന്ന ആത്മവിശ്വാസം നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാകണം. അനുഷ്ഠാനങ്ങളിലും പാരായണങ്ങളിലും മാത്രം ഒതുങ്ങിപ്പോവാതെ സംസ്‌കാര-ധാര്‍മിക പഠനം ഒരു മൂല്യവ്യവസ്ഥ എന്ന രീതിയില്‍ പ്രസാരണം ചെയ്യപ്പെടണം.
ഇപ്പോള്‍ വിദ്യാഭ്യാസ നയമാണ് നമ്മുടെ മുന്നിലുള്ളത്. ഇതേ തുടര്‍ന്ന് കരിക്കുലം ചട്ടക്കൂടുകള്‍ വരും. ക്രമപ്രവൃദ്ധമായ മാറ്റങ്ങള്‍ 10 മുതല്‍ 20 വര്‍ഷം വരെയെടുത്ത് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശ്യമെന്ന് നയം പറയുന്നു.
സമഗ്രം, സമ്പൂര്‍ണം, സംയോജിതം,  വിദ്യാര്‍ഥികേന്ദ്രീകൃതം, സര്‍ഗാത്മകം, യുക്തിപരം തുടങ്ങിയ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക പദാവലികളും പുതിയ നയം ഉപയോഗിക്കുന്നുണ്ട്. പക്ഷേ ചോദ്യങ്ങള്‍ ഭയലേശമന്യേ ചോദിക്കാവുന്ന അന്തരീക്ഷവും വിയോജിപ്പിനുള്ള അവകാശവുമുള്ളിടത്തേ മേല്‍പറഞ്ഞ വിദ്യാഭ്യാസം സാധ്യമാകൂ എന്നത് മറന്നുകൂടാ. അതിന് പറ്റുന്ന ഒരു അന്തരീക്ഷം എത്രത്തോളം ക്ലാസ് റൂമുകളിലും കാമ്പസുകളിലും രാജ്യത്തു തന്നെയും ഉണ്ടാക്കാന്‍ കഴിയും എന്നത്  നടപ്പാക്കല്‍ ഘട്ടവുമായി ബന്ധപ്പെട്ട ഒരു പ്രധാന ചോദ്യമാണ്.
നയത്തെ പറ്റി ഉയര്‍ന്ന യഥാര്‍ഥ വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട് വൈരുധ്യങ്ങള്‍ തിരുത്താനും മുഴുവന്‍ സാമൂഹിക വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ജനാധിപത്യ പ്രക്രിയയിലൂടെ നയം നടപ്പിലാക്കാനും ശ്രമിക്കുമ്പോഴാണ് അക്ഷരങ്ങളിലെ സ്വപ്‌നങ്ങളില്‍നിന്ന് യാഥാര്‍ഥ്യത്തിന്റെ മണ്ണിലേക്ക് മഹിതമായ ആശയങ്ങള്‍ ഇറങ്ങിവരിക. അപ്പോഴാണ് നയരേഖയില്‍ പറയുന്ന പോലെ സാമൂഹിക നീതിയും തുല്യതയും നേടിത്തരുന്ന ഏറ്റവും വലിയ ഉപകരണമായി വിദ്യാഭ്യാസം മാറുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (32-33)
ടി.കെ ഉബൈദ്‌