വഴിത്തിരിവ് സൃഷ്ടിച്ച് കടന്നുപോയ കര്‍മയോഗിക്ക് ബിഗ് സല്യൂട്ട് (1920-1995)
യശശ്ശരീരനായ കെ.സി അബ്ദുല്ല മൗലവിയുടെ ഇരുപത്തഞ്ചാം ചരമ വാര്‍ഷികമായിരുന്നു ആഗസ്റ്റ് 12-ന്. 1920-ല്‍ ജനിച്ച കെ.സിയുടെ ജന്മശതാബ്ദി കൂടിയാണ് 2020. അത്തരം കാര്യങ്ങളൊന്നും യഥാസമയം ഓര്‍ക്കാന്‍ കഴിയാതെ പോവുന്നതാണ് ജീവിത സായാഹ്നത്തിന്റെ സ്വാഭാവികത. കെ.സിയുടെ മക്കളോ പേരമക്കളോ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ അനുസ്മരണം അവിചാരിതമായി കണ്ണില്‍ പെട്ടപ്പോഴാണ് കേരളത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് മേല്‍വിലാസമുണ്ടാക്കിക്കൊടുത്തവരിലെ രണ്ടാമനെക്കുറിച്ച് ചിലത് കുറിക്കണമെന്ന് ബോധോദയമുണ്ടായത്. പ്രസ്ഥാനങ്ങള്‍ക്ക് അസ്തിവാരമിട്ട മഹദ് വ്യക്തികളെ മാറിമാറി വരുന്ന തലമുറകള്‍ അറിയാതെ പോവുന്നുവെങ്കില്‍ അവരെയല്ല കുറ്റപ്പെടുത്തേണ്ടത്. അല്ലെങ്കിലും ജമാഅത്തെ ഇസ്‌ലാമിയുടെ കീഴ്‌വഴക്കം വ്യക്തികള്‍ ആരായിരുന്നാലും അവരുടെ പേരു പോലും രേഖപ്പെടുത്താതെയും ഓര്‍മിപ്പിക്കാതെയും അവര്‍ പറഞ്ഞതും എഴുതിയതും മാത്രം പ്രചരിപ്പിക്കുന്നതായിരുന്നല്ലോ. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ ആദ്യകാല പുസ്തകങ്ങളില്‍ ഗ്രന്ഥകര്‍ത്താവിന്റെ പേരു മാത്രമേ കാണൂ. അയാള്‍ ആരാണ്, എപ്പോള്‍, എവിടെ ജനിച്ചു, മരിച്ചു, സംഭാവനകള്‍ എന്തായിരുന്നു എന്നതിനെക്കുറിച്ച് തികഞ്ഞ മൗനമായിരുന്നു. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി, മൗലാനാ അബുല്ലൈസ് നദ്‌വി, മൗലാനാ സദ്‌റുദ്ദീന്‍ ഇസ്‌ലാഹി, സയ്യിദ് അഹ്മദ് ഉറൂജ് ഖാദിരി, മൗലാനാ മസ്ഊദ് ആലം നദ്‌വി തുടങ്ങിയ മഹാരഥന്മാരെക്കുറിച്ചൊന്നും അവരുടെ കൃതികളുടെ മലയാള വിവര്‍ത്തനങ്ങളില്‍ പരാമര്‍ശമേ കാണുകയില്ല. കെ.സി അബ്ദുല്ല മൗലവിയുടെ ഗ്രന്ഥങ്ങളുടെ ആദ്യ പതിപ്പുകളിലും കാണാം ഈ ശൂന്യത. സമീപകാലത്താണ് ഐ.പി.എച്ചിന്റെ ഈ പതിവിന് മാറ്റം വന്നത്. കൊടുങ്ങല്ലൂര്‍കാരനായ കെ.എം ആഫ്താബ് പല ആനുകാലികങ്ങളും ഇറക്കിയ കൂട്ടത്തില്‍ ഒന്നായിരുന്ന 'മുസ്‌ലിം' ടാബ്ലോയ്ഡില്‍ വന്ന ഒന്നാം പേജ് വാര്‍ത്തയാണ് ഈ സന്ദര്‍ഭത്തിലെ കൗതുകകരമായ ഓര്‍മ. 'വന്നു, പോയി, അറിഞ്ഞില്ല' എന്നായിരുന്നു തലക്കെട്ട്. അന്നത്തെ അഖിലേന്ത്യാ അമീര്‍ മൗലാനാ അബുല്ലൈസ് നദ്‌വി കേരളം സന്ദര്‍ശിച്ചു മടങ്ങിയതായിരുന്നു വാര്‍ത്തയിലെ ഉള്ളടക്കം. വര്‍ത്തമാന പത്രങ്ങളിലൊന്നും അമീറിന്റെ സന്ദര്‍ശനം വാര്‍ത്തയാവാത്തതിലെ പരിഭവമാണ് ആഫ്താബ് തലക്കെട്ടിലൂടെ പങ്കുവെച്ചത്.
പക്ഷേ ഈ വിടവ് നികത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് കെ.സി അബ്ദുല്ല മൗലവിയാണെന്നത് യാദൃഛികമാവാം. 1987 ജൂണില്‍ മാധ്യമം ദിനപത്രം പുറത്തിറങ്ങിയതോടെ തമസ്‌കരിക്കപ്പെട്ടതോ പരിഗണിക്കപ്പെടാതെ പോയതോ ആയ എല്ലാ വാര്‍ത്തകള്‍ക്കും അര്‍ഹമായ പരിഗണന ലഭിക്കുകയായിരുന്നു. അത്തരം വാര്‍ത്തകള്‍ മാധ്യമത്തില്‍ വെളിച്ചം കണ്ടതോടെ മലയാള മനോരമയും മാതൃഭൂമിയും ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ നിലപാട് മാറ്റി. അതിലുപരി മനുഷ്യാവകാശ ധ്വംസനം, പരിസ്ഥിതി, പ്രാന്തവത്കൃത ജനവിഭാഗങ്ങളുടെ പ്രാഥമിക ജീവിതാവശ്യങ്ങള്‍, ഭരണകൂട ഭീകരത, നീതിനിഷേധം മുതലായ ജീവല്‍ പ്രശ്‌നങ്ങളില്‍ നിര്‍ഭയം അഭിപ്രായ പ്രകടനം നടത്താനുള്ള പൊതുവേദി മലയാളത്തില്‍ സൃഷ്ടിക്കപ്പെട്ടതാണ് മാധ്യമത്തിന്റെ പിറവിയിലൂടെ പത്രലോകത്തുണ്ടായ മാറ്റം. ഇതേക്കുറിച്ചൊക്കെ സംസാരിക്കാന്‍ പോലും സാമ്പ്രദായിക മതപണ്ഡിതന്മാര്‍ വിമുഖത കാട്ടിയ കാലത്തും ലോകത്തുമാണ് അതേ ഗണത്തില്‍ എണ്ണപ്പെട്ടിരുന്ന കെ.സി അബ്ദുല്ല മൗലവി എന്ന പണ്ഡിതശ്രേഷ്ഠന്‍ മാധ്യമങ്ങളില്‍ വഴിത്തിരിവ് സൃഷ്ടിക്കാനുള്ള യത്‌നത്തിന്റെ ചുക്കാന്‍ പിടിച്ചത്. പ്രയാസങ്ങളും പ്രതിബന്ധങ്ങളും മുന്നില്‍ കണ്ട് ന്യായമായ കാരണങ്ങളാല്‍ തന്നെ അദ്ദേഹം 'നോ' പറഞ്ഞിരുന്നെങ്കില്‍ മലയാള മാധ്യമരംഗം ഇന്നെന്താവുമായിരുന്നു എന്നൊരു നിമിഷം ആലോചിക്കുന്നത് നല്ലതാണ്. അദ്ദേഹത്തെക്കൊണ്ട് 'യെസ്' പറയാന്‍ അനുകൂലമയ സാഹചര്യം സൃഷ്ടിച്ചതിന്റെ ക്രെഡിറ്റ് വലിയ അളവില്‍ പ്രഫസര്‍ കെ.എ സിദ്ദീഖ് ഹസനാണെന്നതും കൂട്ടത്തില്‍ സ്മരിക്കട്ടെ.
മാധ്യമം ഇറങ്ങിത്തുടങ്ങിയതില്‍ പിന്നെ പ്രശ്‌നങ്ങളുടെയും പരാതികളുടെയും പ്രളയമായിരുന്നു, ആദ്യ വര്‍ഷങ്ങളില്‍. സ്വാഭാവികമായും പ്രസ്ഥാനത്തിന്റെ സാരഥിയെന്ന നിലയില്‍ കെ.സി അബ്ദുല്ല മൗലവിയോടാണ് പല മേഖലകളിലുമുള്ളവര്‍ പരാതികള്‍ ബോധിപ്പിച്ചത്. എല്ലാവര്‍ക്കുമുള്ള മറുപടി മിക്കവാറും ഒന്നായിരുന്നു; 'അതൊക്കെ കുട്ടികളെ ഏല്‍പിച്ചിരിക്കുന്നു. നിങ്ങള്‍ അവരോട് ചോദിച്ചാല്‍ മതി.' സിദ്ദീഖ് ഹസന്‍, വി.കെ ഹംസ, ഒ. അബ്ദുല്ല, ഒ. അബ്ദുര്‍റഹ്മാന്‍ മുതലായവരായിരുന്നു കെ.സിയുടെ കുട്ടികള്‍! അവരെ കുറിച്ചാണ് പലപ്പോഴും പരാതികളെന്നത് വേറെ കാര്യം. അതേസമയം ഇടവേളകളില്‍ നടക്കുന്ന ട്രസ്റ്റ് മീറ്റിംഗുകളില്‍ അദ്ദേഹം വീഴ്ചകളും പാളിച്ചകളും ശ്രദ്ധയില്‍ പെടുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുമായിരുന്നു. നേരിട്ടിടപെട്ട ഒന്നു രണ്ട് സന്ദര്‍ഭങ്ങളും ഓര്‍ക്കുന്നു. ഐ.എസ്.എസ് രൂപീകരിച്ച് അബ്ദുന്നാസിര്‍ മഅ്ദനി ചെയ്തുകൊണ്ടിരുന്ന ഉയര്‍ന്ന ഊഷ്മാവിലുള്ള പ്രസംഗങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നതിനെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ ഒരിടപെടല്‍. മറ്റൊന്ന്, മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റ് ഇബ്‌റാഹീം സുലൈമാന്‍ സേട്ടിന് ഒരു തുറന്ന കത്ത് എന്ന തലക്കെട്ടില്‍ ഒരു പ്രതികരണം പ്രസിദ്ധീകരിച്ചതിനെക്കുറിച്ചും. 'തുറന്ന കത്തൊന്നും പത്രത്തില്‍ വേണ്ട, പ്രതികരണങ്ങള്‍ മാന്യമാണെങ്കില്‍ അങ്ങനെത്തന്നെ കൊടുത്താല്‍ മതി' എന്ന് നിര്‍ദേശിച്ച കെ.സി സാമാന്യമായി ദൈനംദിന രാഷ്ട്രീയത്തില്‍ സജീവ തല്‍പരനായിരുന്നില്ല. ഇമാറത്തിന്റെ ഉത്തരവാദിത്തങ്ങള്‍ അദ്ദേഹത്തിന്റെ മുഴുവന്‍ സമയം കവര്‍ന്ന കാലത്തും വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ വായിക്കുന്നതിലും സ്വയം എഴുതുന്നതിലുമായിരുന്നു ഏറെ ശ്രദ്ധ. ഇബാദത്ത് ഒരു സമഗ്ര പഠനം, അല്ലാഹു ഖുര്‍ആനില്‍, പരലോകം ഖുര്‍ആനില്‍, പ്രവാചകന്മാരുടെ പ്രബോധനം മുതലായ ഗ്രന്ഥങ്ങള്‍ അങ്ങനെ പിറന്നവയാണ്. ദുര്‍ഗ്രാഹ്യതകളില്ലാത്ത, എന്നാല്‍ പ്രാമാണികമായ തെളിവുകള്‍ വേണ്ടത്ര നിരത്തിക്കൊണ്ടുള്ള ശൈലിയാണ് കെ.സിയുടെ കൃതികളെ വായനാക്ഷമമാക്കിയത്. പ്രസക്ത ഖുര്‍ആന്‍ സൂക്തങ്ങളുടെ ആശയം ടെക്സ്റ്റ് കൂടാതെ സ്വന്തം ശൈലിയിലൂടെ അവതരിപ്പിക്കുകയാണ് പതിവ്. ജമാഅത്ത് നേതൃത്വമൊഴിഞ്ഞ് രചനകളിലേക്ക് തിരിഞ്ഞ കാലത്ത് മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിച്ചത് ഇസ്‌ലാമിക പ്രബോധന വിഷയത്തിലായിരുന്നു. വേള്‍ഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്ത് (വമി) ലോകത്തിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളെ അധികരിച്ച് സംഘടിപ്പിച്ച ഒരു അന്താരാഷ്ട്ര സംഗമത്തിലേക്ക് കെ.സി അയച്ചുകൊടുത്ത പ്രബന്ധത്തില്‍ ലോകത്തെവിടെയാണെങ്കിലും മുസ്‌ലിംകള്‍ ഒരു ന്യൂനപക്ഷമായിപ്പോയി എന്നതിന്റെ പേരില്‍ സങ്കടപ്പെടേണ്ട കാര്യമില്ലെന്നാണ് സമര്‍ഥിക്കാന്‍ ശ്രമിച്ചത്. മക്കയില്‍ മുഹമ്മദ് നബി(സ) സത്യപ്രബോധനം ആരംഭിച്ച നാളുകളില്‍ താന്‍ ഒറ്റക്കാണെന്നതോ കൂടെ വിരലിലെണ്ണാവുന്ന ശിഷ്യന്മാരേ ഉണ്ടായിരുന്നുള്ളൂ എന്നതോ അദ്ദേഹത്തിന് ഒരു പ്രശ്‌നമേ ആയിരുന്നില്ല. ആദര്‍ശ സമൂഹത്തിന് അംഗസംഖ്യ ഒരിക്കലും പ്രശ്‌നമായിക്കൂടാ. ലക്ഷ്യബോധത്തോടെ നേരായ വഴിയില്‍ പ്രബോധനവുമായി മുന്നോട്ടു പോയാല്‍ ഭൂരിപക്ഷം അനിവാര്യമായും ഉണ്ടായിത്തീരും എന്ന ദൃഢബോധ്യമാണ് ആദര്‍ശ സമുദായത്തിനുണ്ടാവേണ്ടത്. ഈ കാഴ്ചപ്പാടാണ് അദ്ദേഹം അവതരിപ്പിച്ചത്. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പോളിസിയില്‍ പ്രബോധനത്തിന് പ്രഥമ പരിഗണന ലഭിച്ചതില്‍ കെ.സിയുടെ സ്വാധീനം നിര്‍ണായകമായിരുന്നു. ഫാഷിസ്റ്റ് ശക്തികള്‍ രാജ്യത്തിന്റെ ഭാഗധേയം പൂര്‍ണമായി കൈയടക്കി മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം പ്രശ്‌നമാവുന്നതിനു മുമ്പ് അദ്ദേഹം വിടവാങ്ങുകയും ചെയ്തുവല്ലോ.
സത്യപ്രബോധനം പോലെത്തന്നെ കെ.സിയുടെ അജണ്ടയിലെ മുഖ്യ ഇനമായിരുന്നു വിദ്യാഭ്യാസവും. ഇസ്‌ലാമിക വിദ്യാഭ്യാസത്തില്‍ കാലോചിതമായി എന്ത് മാറ്റം കൊണ്ടുവന്നാലും അത് ഖുര്‍ആനികാധ്യാപനങ്ങളില്‍ അധിഷ്ഠിതമായിരിക്കണമെന്ന് അദ്ദേഹം ശഠിച്ചു. ബാല്യത്തിലേ ആശയം മനസ്സിലാക്കിക്കൊണ്ടുള്ള ഖുര്‍ആന്‍ പഠനം എന്ന തന്റെ സാങ്കല്‍പിക പാഠ്യപദ്ധതി പ്രയോഗത്തില്‍ വരുത്താനാണ് 1952-ല്‍ അദ്ദേഹം ചേന്ദമംഗല്ലൂരില്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ സ്ഥാപിച്ചത്. മുഴുസമയ മദ്‌റസയുടെ പാഠ്യപദ്ധതിയില്‍ നാലു വര്‍ഷം കൊണ്ട് ഖുര്‍ആന്‍ അര്‍ഥസഹിതം പഠിപ്പിക്കുന്ന പരീക്ഷണം ആദ്യ ബാച്ചില്‍ അദ്ദേഹം വിജയിപ്പിക്കുകയും ചെയ്തു. ടി. ഇസ്ഹാഖലി മൗലവി, കെ. മൊയ്തു മൗലവി പോലുള്ള പ്രഗത്ഭരുടെ പിന്തുണയും പ്രാഥമിക മദ്‌റസാ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ ലഭ്യതയുമാണ് തന്റെ സ്വപ്‌നസാക്ഷാത്കാരത്തിന് കെ.സിയെ തുണച്ചത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി 1971 മുതല്‍ പ്രീഡിഗ്രിയും ഡിഗ്രിയും സ്വകാര്യമായി പരീക്ഷ എഴുതാന്‍ അനുവദിച്ചപ്പോഴായിരുന്നു കെ.സിയുടെ രണ്ടാമത്തെ പരീക്ഷണം. ഇസ്‌ലാഹിയാ കോളേജില്‍ ആറു വര്‍ഷത്തെ ആര്‍ട്‌സ് ആന്റ് ഇസ്‌ലാമിക് കോഴ്‌സ് (എ.ഐ.സി) ഏര്‍പ്പെടുത്തിയത് അതിന്റെ ഭാഗമാണ്. ഖുര്‍ആനികാധ്യാപനങ്ങളില്‍ അധിഷ്ഠിതമായ ശാസ്ത്ര പഠനം എന്നതായിരുന്നു അദ്ദേഹത്തിന്റെ അജണ്ടയെങ്കിലും സയന്‍സ് ഡിഗ്രി പരീക്ഷക്ക് സ്വകാര്യമായെഴുതാന്‍ യൂനിവേഴ്‌സിറ്റി അനുവദിക്കാത്തതിനാല്‍ അത് സഫലമായില്ല. എന്നാല്‍ മാനവിക വിഷയങ്ങളോടൊപ്പം സാധ്യമായ അളവില്‍ ഖുര്‍ആനും അനുബന്ധ വിജ്ഞാനീയങ്ങളും ഉള്‍ച്ചേര്‍ത്ത പാഠ്യപദ്ധതി വിജയകരമായി ഇസ്‌ലാഹിയയില്‍ നടപ്പാക്കി. മറ്റു പല ഇസ്‌ലാമിക കലാലയങ്ങളും ആ മാതൃക പിന്തുടരുകയും ചെയ്തു. 1980-കളുടെ തുടക്കത്തില്‍ ഒരു ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി കേരളത്തില്‍ സ്ഥാപിച്ചേ മതിയാവൂ എന്ന വാശിയുമായി കെ.സി നടപടികളാരംഭിച്ചു. ഖത്തര്‍ ഗവണ്‍മെന്റിന്റെ മതകാര്യ വകുപ്പില്‍ ഞാന്‍ ജോലി ചെയ്യവെ 1979-ല്‍ കേരളത്തില്‍ ഒരു ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ പ്രസക്തിയും ആവശ്യകതയും വ്യക്തമാക്കുന്ന അറബി ലഘുലേഖ തയാറാക്കാന്‍ അദ്ദേഹം എനിക്കെഴുതി. അതിന്റെ പ്രായോഗികതയെക്കുറിച്ച് എനിക്ക് അഭിപ്രായമോ പ്രതീക്ഷയോ ഇല്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിന് ഞാന്‍ വഴങ്ങി. കൂടിയാലോചിക്കാന്‍ പോലും ആരും ലഭ്യമല്ലാതിരിക്കെ ഒരുവിധം ലഘുലേഖ തയാറാക്കി കെ.സിക്ക് അയച്ചുകൊടുത്തു. പിന്നീടാണ് എന്നെ ഡെപ്യൂട്ടേഷനില്‍ ഇസ്‌ലാഹിയക്ക് വിട്ടുകിട്ടാന്‍ അദ്ദേഹം വകുപ്പ് ഡയറക്ടര്‍ ശൈഖ് അബ്ദുല്ല അല്‍ അന്‍സാരിക്കും ഖത്തര്‍ അമീര്‍ ശൈഖ് ഖലീഫ ബിന്‍ ഹമദ് ആലുസാനിക്കും അപേക്ഷകളയച്ചത്. അങ്ങനെയാണ് 1980 അവസാനത്തില്‍ ഞാന്‍ ഇസ്‌ലാഹിയയില്‍ എത്തുന്നത്. ഏറെ വൈകാതെ ശൈഖ് അന്‍സാരി കേരളത്തിലെത്തിയ അവസരം നോക്കി അദ്ദേഹം ഇസ്‌ലാഹിയാ കോളേജ് കാമ്പസില്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിക്ക് തറക്കല്ലിടുകയും ചെയ്തു. അതിനാവശ്യമായ ഭൂമി നേരത്തേതന്നെ അദ്ദേഹം ഉറപ്പാക്കിയിരുന്നു. പക്ഷേ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം കെ.സിയെ അനുവദിച്ചില്ല. മതിയായ ആസൂത്രണത്തോടും മുന്നൊരുക്കത്തോടും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തിയും വേണം ഒരു ഇസ്‌ലാമിക സര്‍വകലാശാല സ്ഥാപിക്കാനെന്നും ചേന്ദമംഗല്ലൂരല്ല അതിനനുയോജ്യമായ സ്ഥലമെന്നും ജമാഅത്ത് അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എതിര്‍ ന്യായങ്ങള്‍ അദ്ദേഹത്തിന് ബോധ്യപ്പെട്ടോ എന്നറിയില്ല. ഏതായാലും സംഘടനയുടെ തീരുമാനത്തിന് അദ്ദേഹം വഴങ്ങി. ശാന്തപുരം അല്‍ ജാമിഅ യാഥാര്‍ഥ്യമാവുമ്പോഴേക്ക് കെ.സി തന്റെ നാഥനിലേക്ക് യാത്രയായിക്കഴിഞ്ഞിരുന്നു. എല്ലാ സൗകര്യങ്ങളും പൂര്‍ണ അര്‍ഥത്തില്‍ ഒത്തുവന്നിട്ടു വേണം ഏതു സംരംഭവും ആരംഭിക്കാന്‍ എന്ന സുചിന്തിതമായ അഭിപ്രായത്തോട് യോജിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അനുപേക്ഷ്യ പദ്ധതികളാണെങ്കില്‍ ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി അല്ലാഹുവില്‍ തവക്കുല്‍ ചെയ്ത് തുടങ്ങുക, ബാക്കിയൊക്കെ അവന്‍ പൂര്‍ത്തിയാക്കിത്തരും എന്ന ശുഭാപ്തി വിശ്വാസമാണ് കെ.സി അബ്ദുല്ല മൗലവിയെ എന്നും ചലിപ്പിച്ചത്. പരാജയപ്പെടും എന്ന് ബോധ്യപ്പെടുന്ന പദ്ധതികള്‍ ഉപേക്ഷിക്കാനും അദ്ദേഹം മടിച്ചിരുന്നില്ല. അങ്ങനെയാണ് ഇസ്‌ലാഹിയാ കോളേജില്‍ ആരംഭിച്ച ഉസ്വൂലുദ്ദീന്‍ കോഴ്‌സ് നിര്‍ത്തലാക്കിയത്; വനിതാ കോളേജിലെ അഫ്ദലുല്‍ ഉലമാ കോഴ്‌സ് ഉപേക്ഷിച്ചതും അങ്ങനെത്തന്നെ. മാധ്യമം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത കെ.സി തന്നെ കനത്ത നഷ്ടം താങ്ങാനാവാതെ വന്നപ്പോള്‍ അത് നിര്‍ത്തലാക്കുന്നതിനെക്കുറിച്ചും ഗൗരവമായി ആലോചിച്ചിരുന്നു. പ്രതിസന്ധി തരണം ചെയ്യാന്‍ അല്ലാഹു വഴിതുറന്നപ്പോള്‍ തുടര്‍ന്നു നടത്താനും പച്ചക്കൊടി കാട്ടി. നിരന്തരവും നിഷ്‌കാമവുമായ കര്‍മവും പരീക്ഷണങ്ങള്‍ നടത്താനുള്ള സാഹസികതയുമാണ് അദ്ദേഹം വിട്ടേച്ചുപോയ മാതൃക.
Comments