പണ്ടു പണ്ടൊരു ആട്ടിടയന്‍
അജഗളത്തെ
ആട്ടിത്തെളിച്ച
യാത്രികന്‍
വടിയും കുത്തി മലഞ്ചെരുവേറിയത്
അവക്ക്
അന്നമിട്ട്‌കൊടുക്കാനായിരുന്നില്ലെന്ന്
മരുപ്പറമ്പിന്റെ അനാട്ടമി.
അനന്ത വന്ധ്യതയില്‍ മരക്കൊമ്പ്
കുത്തിപ്പിടിക്കാന്‍ മാത്രമല്ലെന്നും
യാത്രാന്തരങ്ങളിലെ വാക്കിംഗ് സ്റ്റിക്കും
പ്രതിരോധവും
ആയുധപ്പുരയും കൂടിയാണെന്നും
ഓരോ സഞ്ചാരവും
ഇപ്പോള്‍ വായിച്ചുകൊണ്ടേയിരിക്കുന്നു.
പാമ്പാട്ടിയല്ലാത്ത കന്നാലി ബാല്യക്കാരന്‍
സര്‍പ്പങ്ങളെ മെരുക്കിയെടുത്തതും,
ഉരഗങ്ങള്‍
പഴയ ഗോപുരവാതിലുകള്‍
ചുഴറ്റിയെറിഞ്ഞതും,
പിന്നെ
ഗിരിശൃംഖത്തില്‍നിന്ന്
കടമെടുത്ത
ഒരു നാഴി വെളിച്ചംകൊണ്ട്
കൊട്ടാരവളപ്പുകളില്‍
കൊടുങ്കാറ്റ് വിതച്ചതും
പുതിയ പാട്ടിന്റെ
ഈരടി കൊരുക്കുന്ന പാഠാവലി.
അന്ന്
അയാള്‍ തെളിച്ചുകൊണ്ടുപോയ
നാല്‍ക്കാലി ശതങ്ങള്‍
സഞ്ചാരപഥങ്ങളുടെ
കനലറുതികള്‍ ചുമന്ന്
ഇപ്പോഴും
താഴ്‌വാരങ്ങളില്‍ തമ്പടിക്കുന്നുണ്ട്
അജപാലന്
അകമ്പടി പോകാന്‍...
*****. ****** ******
ദീനമായ വഴിപ്പടര്‍ച്ചയില്‍
മുഖം കുത്തി വീണ
വടി കേഴുന്നു;
ആരെന്നെയൊന്ന്
മലമ്പാതകളിലേക്ക് വഴിനടത്തും?
ആരെന്നെ
രാജാങ്കണങ്ങളിലെ
ഹുങ്കാര പ്രളയ ജലങ്ങളില്‍ കത്തിച്ചുനിര്‍ത്തും!
Comments