Prabodhanm Weekly

Pages

Search

2020 ആഗസ്റ്റ് 28

3165

1442 മുഹര്‍റം 09

വിദ്യാഭ്യാസ നയത്തിന്റെ അകവും പുറവും

കഴിഞ്ഞ ജൂലൈ 29-ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയ പുതിയ വിദ്യാഭ്യാസ നയം വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ്. എല്ലാ വിഭാഗം ആളുകള്‍ക്കും തത്തുല്യമായ രീതിയില്‍ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയാണ് വിദ്യാഭ്യാസ നയം ലക്ഷ്യം വെക്കുന്നതെന്ന് കേന്ദ്ര ഗവണ്‍മെന്റ് അവകാശപ്പെടുന്നു. ഇന്ത്യന്‍ ജീവിത യാഥാര്‍ഥ്യങ്ങള്‍ ഒട്ടും പരിഗണിക്കാത്ത സ്വപ്‌ന പദ്ധതി മാത്രമാണിതെന്നാണ് ഉയരുന്ന ഏറ്റവും ശക്തമായ വിമര്‍ശം. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവരെ അവരുടെ പിന്നാക്കാവസ്ഥയില്‍ തന്നെ തളച്ചിടാനേ പുതിയ നയം ഉപകരിക്കൂ എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 480 പേജുള്ള നയത്തിന്റെ കരടും അറുപത് പേജുള്ള നയപ്രഖ്യാപനവും ഒറ്റ വായനയില്‍ പുരോഗമനപരവും കാലത്തിനൊത്തതുമാണെന്ന ധാരണ സൃഷ്ടിക്കും. പക്ഷേ, നടപ്പാക്കപ്പെടുമ്പോള്‍ സാമൂഹികമായും സാമ്പത്തികമായും മെച്ചപ്പെട്ട നിലയിലുള്ളവര്‍ക്കേ ഇതിന്റെ പ്രയോജനം ലഭിക്കൂ. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന അധഃസ്ഥിത - പിന്നാക്ക ജാതി വിഭാഗങ്ങളും മത ന്യൂനപക്ഷങ്ങളും മുമ്പത്തേക്കാളേറെ പുറന്തള്ളപ്പെടാനാണ് സാധ്യത. ഈ പുറന്തള്ളപ്പെടല്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹിക പ്രശ്‌നമാണ്. പിന്നാക്ക ജാതികള്‍ക്ക് സംവരണമനുവദിച്ചും മതന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിന് പാക്കേജുകള്‍ പ്രഖ്യാപിച്ചുമാണ് ഈ അനീതിക്കും അസന്തുലിതാവസ്ഥക്കും ഒരുപരിധിവരെയെങ്കിലും പരിഹാരം കാണാന്‍ മുന്‍കാല ഗവണ്‍മെന്റുകള്‍ ശ്രമിച്ചുവന്നിരുന്നത്. ഒരു മേഖലയിലും, പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയില്‍ അതൊന്നും അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് കാര്യമായ പ്രയോജനം ചെയ്തില്ലെന്ന ചരിത്ര യാഥാര്‍ഥ്യം നമ്മുടെ മുന്നിലുണ്ട്. കേന്ദ്രം ഭരിക്കുന്ന ഇപ്പോഴത്തെ തീവ്ര വലതുപക്ഷ ഗവണ്‍മെന്റിനാകട്ടെ സംവരണം, മത ന്യൂനപക്ഷാവകാശങ്ങള്‍ എന്നൊക്കെ കേള്‍ക്കുന്നതു തന്നെ ചതുര്‍ഥിയാണ്. ഇത്തരം അവകാശങ്ങളൊക്കെ ധ്വംസിക്കുന്ന നീക്കങ്ങളാണ് ഈ ഭരണകൂടത്തില്‍നിന്ന് ഉണ്ടായിട്ടുള്ളതും. അതിന്റെ ഭാഗമായിട്ടേ പുതിയ വിദ്യാഭ്യാസ നയത്തെയും മിക്ക രാഷ്ട്രീയ നിരീക്ഷകരും കാണുന്നുള്ളൂ. നയപ്രഖ്യാപനത്തില്‍ മധുരം കലര്‍ത്തി എന്താണോ പറഞ്ഞിട്ടുള്ളത്, അതിന് നേര്‍വിപരീതമായിരിക്കും അത് നടപ്പാക്കുമ്പോള്‍ സംഭവിക്കുക എന്നര്‍ഥം.
സൂക്ഷ്മമായി വായിച്ചാല്‍ വിദ്യാഭ്യാസ ചുമതലയില്‍നിന്ന് സര്‍ക്കാര്‍ തന്ത്രപരമായി പിന്മാറുന്നതിന്റെ ധാരാളം ഉദാഹരണങ്ങള്‍ കരടു നയത്തില്‍ കാണാനാകും. അതൊക്കെ കൂട്ടി വായിച്ചാല്‍ വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണവും കുത്തകവത്കരണവും മുമ്പത്തേക്കാള്‍ ശക്തമാവും എന്ന ഉത്തരമാണ് ലഭിക്കുക. തങ്ങള്‍ ഉദ്ദേശിച്ച വിധം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകാനുള്ള അനുവാദം സ്വകാര്യമേഖലക്ക് കൈവരും. പക്ഷേ, നയപ്രഖ്യാപനത്തില്‍ ഇങ്ങനെ പറയില്ല; പൊതു-സ്വകാര്യ പങ്കാളിത്തം എന്നേ പറയൂ. ഇതിലൊക്കെ മിക്കവാറും നാമമാത്ര പങ്കാളിത്തമേ സര്‍ക്കാറിന് ഉണ്ടാകാന്‍ സാധ്യതയുള്ളൂ. നയരേഖയുടെ മറ്റൊരിടത്ത് ജീവകാരുണ്യ സംഘടനകളും സര്‍ക്കാറുമായിരിക്കും വിദ്യാഭ്യാസ സ്ഥാപന നടത്തിപ്പിലെ പങ്കാളികള്‍ എന്നാണ് പറയുന്നത്. ഏതൊക്കെയായിരിക്കും ഈ 'ജീവകാരുണ്യ' സംഘടനകള്‍? ദരിദ്രരും അരികുവത്കരിക്കപ്പെട്ടവരുമായ ജനസമൂഹങ്ങളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകള്‍ക്കും ജീവകാരുണ്യ സംഘങ്ങള്‍ക്കും കൂച്ചുവിലങ്ങിടുന്ന നിലപാടുകളാണ് സംഘ് പരിവാര്‍ ഇന്നുവരെ സ്വീകരിച്ചുവന്നിട്ടുള്ളത്. മതന്യൂനപക്ഷ സ്ഥാപനങ്ങളോട് സംഘ് പരിവാറിനുള്ള ശത്രുതയും രഹസ്യമല്ല. എങ്കില്‍ പിന്നെ സംഘ് പരിവാറിന്റെ പോഷക സംഘങ്ങളെയായിരിക്കുമോ നയരേഖ 'ജീവകാരുണ്യ സംഘങ്ങള്‍' എന്നു വിളിക്കുന്നത്?
ചുരുക്കത്തില്‍, ഈ നയം നടപ്പില്‍ വരുത്തുമ്പോഴേ അതില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും ചതിക്കുഴികളും പുറത്തുവരൂ. പതിറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്ന വിദ്യാഭ്യാസ നയത്തില്‍ പരിഷ്‌കരണം സ്വാഗതാര്‍ഹമാണെങ്കിലും, അത് നടപ്പാക്കുന്നവരുടെ ലക്ഷ്യവും ഉദ്ദേശ്യശുദ്ധിയും വലിയൊരു ചോദ്യചിഹ്നം തന്നെയാണ്. ഇതു സംബന്ധമായി രണ്ട് പഠനങ്ങള്‍ ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഷയം കൂടുതല്‍ പഠിക്കുകയും അധഃസ്ഥിത-പിന്നാക്ക വിഭാഗങ്ങള്‍ ഒരു പൊതു സ്ട്രാറ്റജി രൂപപ്പെടുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (32-33)
ടി.കെ ഉബൈദ്‌