Prabodhanm Weekly

Pages

Search

2020 ആഗസ്റ്റ് 28

3165

1442 മുഹര്‍റം 09

ദേശീയ വിദ്യാഭ്യാസ നയരേഖ  പുതിയ മാറ്റങ്ങളും ആശങ്കകളും

യാസര്‍ ഖുത്ബ്

ഇന്ത്യന്‍ വിദ്യാഭ്യാസ വ്യവസ്ഥയില്‍ കാതലായ മാറ്റം മുന്നോട്ടു വെക്കുകയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം (National Educational Policy- NEP 2020). ഇതിന്റെ രൂപകര്‍ത്താക്കള്‍ ഇതൊരു മാതൃകാ മാറ്റം(Paradigm Shift)  ആണെന്ന് അവകാശപ്പെടുന്നുണ്ട്. വിദ്യാഭ്യാസ രീതിശാസ്ത്രത്തിലും നടത്തിപ്പിലും മൗലികമായി ഇത്രയധികം മാറ്റങ്ങള്‍ മുന്നോട്ടുവെച്ച കമീഷനുകള്‍ മുമ്പ് ഉണ്ടായിട്ടില്ല. ലോകം ദ്രുതഗതിയില്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ അതിനനുസരിച്ച് വിദ്യാഭ്യാസ മേഖലക്കും മാനുഷിക വിഭവത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കാണുള്ളത്. അതിനാല്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയരേഖയുടെ നിര്‍ദേശങ്ങള്‍  വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
സകല മണ്ഡലങ്ങളിലും തീര്‍ത്തും കേന്ദ്രീകൃതവും ഏകശിലാത്മകവുമായ ഒരു ഘടനക്കു വേണ്ടി ഫാഷിസ്റ്റ് ശക്തികള്‍   ശ്രമം നടത്തുന്ന സാഹചര്യത്തില്‍, പുതിയ നയം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ കുറിച്ച് സൂക്ഷ്മ തലങ്ങളിലുള്ള ചര്‍ച്ച ആവശ്യമാണ്; പ്രത്യേകിച്ചും ഈ മേഖലയുടെ നിയന്ത്രണം ആര്‍ക്കായിരിക്കും, പ്രായോഗിക നിര്‍വഹണം എങ്ങനെയൊക്കെയായിരിക്കും തുടങ്ങിയ വിഷയങ്ങളില്‍. അടിസ്ഥാനപരമായി മൂന്ന് പ്രശ്‌നങ്ങളാണ് പുതിയ വിദ്യാഭ്യാസ നയത്തിനുഉള്ളത്: 1. മിത്തുകള്‍ക്കും  ഹൈന്ദവ  സങ്കല്‍പങ്ങള്‍ക്കും പരോക്ഷ നിയമസാധുത നല്‍കുന്ന പാഠ്യപദ്ധതി. സംസ്‌കൃതത്തിനുള്ള കൂടിയ പരിഗണന.  അങ്ങനെ വിദ്യാഭ്യാസ ഉള്ളടക്കം തന്നെ കാവിവല്‍ക്കരിക്കുക 2. വിദ്യാഭ്യാസ നിര്‍വഹണം കൂടുതല്‍ കേന്ദ്രഭരണത്തിന്റെ നിയന്ത്രണത്തിലാകുന്നതു വഴി ഹിന്ദുത്വ സമഗ്രാധിപത്യത്തിലേക്കുളള പ്രയാണത്തിന്  ഗതിവേഗം കൂട്ടുക 3. പാവപ്പെട്ടവര്‍ക്കും അരികുവല്‍കൃത സമൂഹങ്ങള്‍ക്കും സാമ്പത്തികമായി വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമായിത്തീരുക.
ഓരോ സന്ദര്‍ഭങ്ങളിലും ആ കാലഘട്ടത്തിനനുയോജ്യമായ വിദ്യാഭ്യാസ ക്രമങ്ങളായിരുന്നു ഇന്ത്യയില്‍ അതത് കാലത്തെ കമ്മിറ്റികള്‍ സമര്‍പ്പിച്ചത്. 1964-'66 -ലെ കോത്താരി കമീഷനാണ് ഇന്ത്യന്‍ വിദ്യാഭ്യാസ വ്യവസ്ഥക്ക് അസ്തിവാരമിട്ടത്.  വിദ്യാഭ്യാസ  സമ്പ്രദായത്തിന് നിയന്ത്രണങ്ങളും വ്യവസ്ഥകളും കമീഷന്‍ കൊണ്ടുവന്നു. പ്രാഥമിക തലം  മുതല്‍ ഉന്നത വിദ്യാഭ്യാസം  വരെയുള്ള തലങ്ങളിലേക്ക് ഗൈഡ്‌ലൈനുകളും തത്ത്വങ്ങളും ഉണ്ടാക്കുകയായിരുന്നു അന്ന് കമ്മിറ്റിയുടെ ചുമതല. തുടര്‍ന്നാണ് ഇന്ത്യയിലെല്ലായിടത്തും നിശ്ചിത പാറ്റേണില്‍ ആയിരിക്കണം വിദ്യാഭ്യാസം എന്ന് തീരുമാനിച്ചത് (Standardized National Pattern of Education in India).   അന്നത്തെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ്  എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി എന്ന വിഭജനവും നമ്മുടെ യൂനിവേഴ്‌സിറ്റികളിലെ ഡിപ്പാര്‍ട്ട്‌മെന്റുകളും നിലവില്‍ വന്നത്. പ്രഗത്ഭരായ പതിനേഴ് പേര്‍ കോത്താരി കമീഷനില്‍ അംഗങ്ങളായിരുന്നു. കൂടാതെ ഇരുപത് കണ്‍സള്‍ട്ടന്റുമാരും ഉണ്ടായിരുന്നു. പത്തൊമ്പത് മുഖ്യ മേഖലകളിലും 21 ഉപ വിഷയങ്ങളിലും ഊന്നിയാണ് അത് റിപ്പോര്‍ട്ടുകള്‍ തയാറാക്കിയത്.
പിന്നീട് വന്ന യശ്പാല്‍ കമ്മിറ്റി ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ ഊന്നല്‍, വിദ്യാഭ്യാസം സാര്‍വത്രികമാക്കല്‍, ശിശുസൗഹൃദം തുടങ്ങി പല നിര്‍ദേശങ്ങളും സമര്‍പ്പിച്ചു. യശ്പാല്‍  കമ്മിറ്റിയിലുണ്ടായിരുന്നത് വിദ്യാഭ്യാസ വിദഗ്ധരായ ബ്യൂറോക്രാറ്റുകള്‍  ആയിരുന്നെങ്കിലും പല വിമര്‍ശനങ്ങളും കമ്മിറ്റിക്ക് നേരിടേണ്ടിവന്നു. കമ്മിറ്റി അംഗങ്ങള്‍ക്ക് അധ്യാപന പരിചയമില്ലെന്നും ലോകത്തിന്റെ മാറിവരുന്ന ആവശ്യങ്ങളെ റിപ്പോര്‍ട്ട് ഉള്‍ക്കൊള്ളുന്നില്ലെന്നും പരാതി ഉയര്‍ന്നു.
1986-ലെ വിദ്യാഭ്യാസ നയത്തില്‍നിന്ന് വലിയ മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നതാണ് പുതിയ വിദ്യാഭ്യാസ നയം. അതായത് 34 വര്‍ഷത്തോളമായി മാറ്റമില്ലാതെ തുടരുന്ന ഒന്നാണ്  നമ്മുടെ ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായം. അതിനെ അടിമുടി മാറ്റുന്ന പല നിര്‍ദേശങ്ങളും ഉള്‍ക്കൊള്ളുന്നതു കൂടിയാണ് കസ്തൂരിരംഗന്‍ (ഐ.എസ്.ആര്‍.ഒ മുന്‍  തലവന്‍)  അധ്യക്ഷനായ പുതിയ കമ്മിറ്റി പുറത്തിറക്കിയിട്ടുള്ളത്. എ. വസുധ കമ്മത്ത് (മുന്‍ വി.സി, എസ്.എന്‍.ഡി.ടി. വിമന്‍സ് യൂനിവേഴ്‌സിറ്റി, മുംബൈ), ബി. മഞ്ജുള്‍ ഭാര്‍ഗവ (ഗണിത വിഭാഗം, പ്രിന്‍സ്റ്റണ്‍ യൂനിവേഴ്‌സിറ്റി, യു.എസ്.എ), സി. രാംശങ്കര്‍ കുരീല്‍, (മുന്‍ സ്ഥാപക വി.സി, ബാബാ സാഹെബ് അംബേദ്കര്‍ യൂനിവേഴ്‌സിറ്റി ഓഫ് സോഷ്യല്‍ സയന്‍സസ്, മധ്യപ്രദേശ്), ടി.വി. കട്ടിമണി (വി.സി, ഇന്ദിരാഗാന്ധി നാഷ്‌നല്‍ ട്രൈബല്‍ യൂനിവേഴ്‌സിറ്റി, മധ്യപ്രദേശ്), കൃഷ്ണ മോഹന്‍ ത്രിപാഠി (ഡയറക്ടര്‍ ഓഫ് സെക്കന്ററി എജുക്കേഷന്‍, ഉത്തര്‍പ്രദേശ്), മസ്ഹര്‍ ആസിഫ് (പ്രഫസര്‍, സെന്റര്‍ ഫോര്‍ പേര്‍ഷ്യന്‍ & സെന്‍ട്രല്‍ ഏഷ്യന്‍ സ്റ്റഡീസ്, ജെ.എന്‍.യു), എം.കെ ശ്രീധര്‍ (മുന്‍ മെമ്പര്‍ സെക്രട്ടറി, കര്‍ണാടക നോളജ് കമീഷന്‍) എന്നിവരായിരുന്നു കരട് തയാറാക്കിയ കമ്മിറ്റിയിലെ അംഗങ്ങള്‍. കരട് റിപ്പോര്‍ട്ടിന്മേല്‍ രണ്ടു ലക്ഷത്തിലധികം നിര്‍ദേശങ്ങള്‍ വന്നിരുന്നു.
ഇത് ഉയര്‍ന്ന തലത്തിലുള്ള റിപ്പോര്‍ട്ട് ആണെന്നതിനാല്‍ തന്നെ വിശദാംശങ്ങളില്‍  ഇനിയും കൃത്യത വരേണ്ടതുണ്ട്.  പല നിര്‍ദേശങ്ങളും കൂടുതല്‍ വികസിപ്പിച്ച് പ്രാദേശികമായ കൂട്ടിച്ചേര്‍ക്കലുകള്‍ക്കു കൂടി സാധ്യത ഉള്ളതുമാണ്. 'സാര്‍വത്രിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതും ചലനാത്മക വിജ്ഞാന സമൂഹമായി വിദ്യാര്‍ഥികളെ പരിപോഷിപ്പിക്കുന്നതുമായ ഭാരതകേന്ദ്രീകൃത സമ്പ്രദായമാണ് ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്നത്'  എന്ന് കരടു രേഖയുടെ ആമുഖത്തില്‍ പറയുന്നുണ്ട്.

ആശങ്കകള്‍
1. ജനാധിപത്യവിരുദ്ധം, രാജ്യത്തിന്റെ ഫെഡറല്‍ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു
ജനപ്രതിനിധികള്‍ അടങ്ങുന്ന പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ, മന്ത്രിസഭാ തീരുമാനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.  നിയമനിര്‍മാണ സഭകളെ നിശ്ശബ്ദമാക്കിക്കൊണ്ടാണ് മോദി സര്‍ക്കാര്‍ പലപ്പോഴും പ്രധാനപ്പെട്ട പല തീരുമാനങ്ങളും എടുക്കുന്നത്. സാമൂഹികാവസ്ഥകളുടെ യഥാര്‍ഥ പ്രതിഫലനവും സംവാദങ്ങളും ഇതുമൂലം  തടസ്സപ്പെടുന്നു. ഒരു രാഷ്ട്രം, ഒരു വിദ്യാഭ്യാസ വ്യവസ്ഥ, ഒരു കരിക്കുലം എന്ന ഏകീകൃത ഘടനയിലൂടെ വിദ്യാഭ്യാസത്തിന്റെ ഫെഡറല്‍ മൂല്യങ്ങളെ ഇല്ലായ്മ ചെയ്യുന്നു. ഇത് സമഗ്രാധിപത്യ സമീപനമാണ്. ടി.എസ്.ആര്‍ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ തയാറാക്കിയ ആദ്യ റിപ്പോര്‍ട്ടിനെ കുറിച്ച് ഒന്നും പറയാതെയാണ് കസ്തൂരിരംഗനെ ചെയര്‍മാനാക്കി പുതിയ കമ്മിറ്റി രൂപീകരിക്കുന്നത്. അതിലെ നിര്‍ദേശങ്ങള്‍ പുതിയ സമീപനരേഖയില്‍ സ്വീകരിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് കസ്തൂരിരംഗന്‍ കമ്മിറ്റി മൗനമവലംബിക്കുന്നു. പ്രധാനമന്ത്രി അധ്യക്ഷനായ രാഷ്ട്രീയ ശിക്ഷാ ആയോഗ് (RSA), മറ്റു ദേശീയ ഏജന്‍സികളായ  നാഷ്‌നല്‍ അസെസ്മെന്റ് സെന്റര്‍ ഫോര്‍ സ്‌കൂള്‍ എജുക്കേഷന്‍ (NACSE), യൂനിവേഴ്സിറ്റി എന്‍ട്രന്‍സ് പരീക്ഷകള്‍ക്കുള്ള നാഷ്‌നല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA), നാഷ്‌നല്‍ എജുക്കേഷനല്‍ അലൈന്‍സ് ഫോര്‍ ടെക്നോളജി (NEAT), ഗവേഷണാംഗീകാരവുമായി ബന്ധപ്പെട്ട നാഷ്‌നല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (NRF) എന്നിവ വഴി വിദ്യാഭ്യാസത്തെ കൂടുതലായി കേന്ദ്രീകരിച്ച് നിര്‍ത്തുന്നു. രാഷ്ട്രീയ ശിക്ഷാ ആയോഗ് (National Education Commission) ആയിരിക്കും ഇന്ത്യയിലെ വിദ്യാഭ്യാസസംബന്ധിയായ  ദര്‍ശനം രൂപപ്പെടുത്തുക എന്ന് നയരേഖ പറയുന്നു.

2. പുരാണ മിത്തുകളെ യാഥാര്‍ഥ്യവത്കരിക്കുന്നു
ഇന്ത്യയുടെ പാരമ്പര്യം, പൈതൃകം, പൗരാണിക സംസ്‌കാരം തുടങ്ങിയവക്ക് അമിത പ്രാധാന്യം നല്‍കുന്നതിലൂടെ ബ്രാഹ്മണിക്കല്‍ വിദ്യാഭ്യാസത്തിന്റെ പുനരുജ്ജീവനം ആണ് ലക്ഷ്യം വെക്കുന്നത്. നളന്ദ, തക്ഷശില, വിക്രമശില, വളഭി തുടങ്ങിയ സര്‍വകലാശാലകളെയും ചരകന്‍, സുശ്രുതന്‍, ആര്യഭട്ടന്‍, ഭാസ്‌കരന്‍, ചാണക്യന്‍, പതഞ്ജലി, പാണിനി തുടങ്ങിയവരെയും ഊന്നി പറയുന്നത് ഇതിന്റെ ഭാഗമായാണ്.  ബുദ്ധ-ജൈന  വിദ്യാഭ്യാസ സംഭാവനകള്‍,  ആധുനിക ഇന്ത്യയുടെ നിര്‍മാണത്തില്‍ മുഖ്യ പങ്കുവഹിച്ച  വിദ്യാഭ്യാസ നവോത്ഥാനം എന്നിവയെ കുറിച്ച് മൗനമവലംബിക്കുന്നു. മതേതരത്വം, ബഹുസ്വരത, ജനാധിപത്യം തുടങ്ങിയവ വളരെ കുറച്ചേ  നയരേഖയില്‍ പരാമര്‍ശിക്കപ്പെടുന്നുള്ളൂ. ഇത് സംഘ് പരിവാര്‍ വിദ്യാഭ്യാസ ചിന്തകളുടെ പൊളിറ്റിക്കല്‍ അജണ്ടയായേ കാണാന്‍ കഴിയൂ. ആര്‍.എസ്.എസ്സും ഹിന്ദുത്വ ബുദ്ധിജീവികളും പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ച് നല്ലത് പറഞ്ഞതില്‍നിന്നുതന്നെ ഒളിയജണ്ടകളെ  കുറിച്ചു സൂചനകള്‍ ലഭിക്കുന്നുണ്ട്. മിത്തുകളെ ചരിത്ര സത്യങ്ങളായി അവതരിപ്പിക്കാനുള്ള ശ്രമം ഇതിന്റെ ഭാഗമായി അരങ്ങേറുമെന്ന ആശങ്ക ഒട്ടും അസ്ഥാനത്തല്ല.

3. സംസ്‌കൃത ഭാഷക്കുള്ള അമിത പ്രാധാന്യം
പ്രാചീന അറിവുകള്‍ പുനരുജ്ജീവിപ്പിച്ച് അതില്‍ ഗവേഷണം നടത്തണമെന്നും ഗുരുകുല മാതൃകയിലുള്ള പഠനരീതി പ്രോത്സാഹിപ്പിക്കണമെന്നും ദേശീയനയം വ്യക്തമാക്കുന്നു. ഇതുവഴി സാംസ്‌കാരിക ദേശീയതയുടെ പേരില്‍ ഹിന്ദുത്വ അജണ്ടക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെടും. നമ്മുടെ കാലത്ത് സംസ്‌കൃതത്തിനുള്ള പ്രസക്തി വിവരിക്കുന്ന നയരേഖ ആ ഭാഷക്ക് നല്‍കുന്ന അമിതപ്രാധാന്യം മറച്ചുവെക്കുന്നതിനു വേണ്ടി മറ്റു ഭാഷകളെ കൂടി പരാമര്‍ശിക്കുന്നുണ്ട്. ത്രിഭാഷാ തത്ത്വം  അതിന്റെ ആത്മാവു ചോരാതെ  രാജ്യം  മുഴുവന്‍ നടപ്പാക്കുമെന്നും നയരേഖ പറയുന്നു. ഇരുപത്തി മൂന്നു സ്ഥലങ്ങളില്‍ സംസ്‌കൃതത്തെ പരാമര്‍ശിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ സംസ്‌കൃതത്തിന്റെ പ്രാധാന്യം വിവരിക്കുന്നതിനാല്‍ തന്നെ,  സ്‌കൂളുകളിലെ എല്ലാ ക്ലാസ്സുകളിലും സംസ്‌കൃതം പഠിക്കാനുള്ള സൗകര്യം ഉണ്ടാകുമെന്ന് പോളിസി വ്യക്തമാക്കുന്നു. ഒരു ജനവിഭാഗത്തിന്റെയും സംസാര ഭാഷയല്ലാത്ത സംസ്‌കൃതത്തിന് അമിത പരിഗണന നല്‍കുന്നു എന്ന പ്രതീതി ജനിപ്പിക്കുന്നുണ്ട് ഇത്.

4.  ആഗോളവല്‍ക്കരണ അജണ്ട
കമ്പോള കേന്ദ്രീകൃത വിദ്യാഭ്യാസം, സ്വകാര്യ കുത്തക ഭീമന്മാരുടെ ഓട്ടോണമസ് കോളേജുകള്‍, വിദേശ  സര്‍വകലാശാലകളുടെ കടന്നുവരവ് തുടങ്ങിയവ സാധാരണക്കാരെ പ്രതികൂലമായി ബാധിക്കും. പുതിയ വിദ്യാഭ്യാസ കരട് രേഖ വിജയത്തിന്റെ ഉദാഹരണമായി പറയുന്നത് അമേരിക്കയിലെ Ivy Leage മോഡല്‍ ഘടനകളാണ്. ഉന്നത നിലവാരം പുലര്‍ത്തുന്നവയാണ് ഈ പഠനകേന്ദ്രങ്ങള്‍. പക്ഷേ  അമേരിക്കയിലെ മുന്നാക്ക മധ്യവര്‍ഗങ്ങള്‍ മാത്രമാണ് Ivy Leage-ല്‍ പഠിക്കുന്നത്. മുതലാളിത്തത്തിനും ഡീപ്പ് സ്റ്റേറ്റിനും ആക്കം കൂട്ടിയവരായിരുന്നു ഇവിടെനിന്നും പഠിച്ചിറങ്ങിയ മുന്‍ യു.എസ് പ്രസിഡന്റുമാര്‍. സഹായമനസ്‌കരുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും പങ്കാളിത്തം (Philanthropic Private Partnership)  എന്നത് ഉദാരീകരണ നയത്തിനുള്ള പ്രോത്സാഹനമാണ് എന്നും ആരോപണം ഉയരുന്നുണ്ട്.

5.  സംവരണ അഭാവവും   അരികുവല്‍ക്കരിക്കപ്പെട്ടവരോടുള്ള അവഗണനയും
സംവരണം ഇല്ലാതാക്കുന്നതോടുകൂടി, ദലിതുകളും ആദിവാസികളും ഉള്‍പ്പെടുന്ന അരികുവത്കരിക്കപ്പെട്ട ജനങ്ങള്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍നിന്നും കൂടുതല്‍ അകറ്റപ്പെടും. വലിയ ഫീസ് ഈടാക്കുന്ന സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സാധാരണക്കാര്‍ക്കും   അപ്രാപ്യമാകും. ഇന്ത്യയില്‍ സാമൂഹികമായി വിവേചനം അനുഭവിക്കുന്ന വിഭാഗങ്ങളെ കുറിച്ച് നയരേഖ കാര്യമായി ഒന്നും പറയുന്നില്ല. കല്‍പിത 'സ്‌പെഷ്യല്‍ എജുക്കേഷന്‍ സോണുകള്‍' ആദിവാസി - ദലിത്- ന്യൂനപക്ഷ വിഭാഗങ്ങളെ പൊതുധാരയില്‍നിന്ന് മാറ്റിനിര്‍ത്തുന്ന എക്‌സ്‌ക്ലൂസീവ് സോണുകളായി മാറിയേക്കും.

6. പദ്ധതിനിര്‍വഹണത്തിനുള്ള വിഭവകമ്മി
ആകര്‍ഷകമായ പോപ്പുലിസ്റ്റ് രീതിയും ഭാഷയുമാണ് റിപ്പോര്‍ട്ടില്‍ കാണാനാവുക. എന്നാല്‍ പരിഷ്‌കാരങ്ങള്‍ക്കും അവയുടെ നടത്തിപ്പിനും ആവശ്യമായ സാമ്പത്തികവും അല്ലാത്തതുമായ വിഭവങ്ങളെക്കുറിച്ച് നയരേഖ വിശദീകരിക്കുന്നില്ല. കമ്പോളാധിഷ്ഠിത സ്വയംഭരണ സ്ഥാപനങ്ങളുടെ ആധിക്യമായിരിക്കും ഇതിന്റെ സ്വാഭാവിക ഫലം. പല പരിഷ്‌കാരങ്ങള്‍ക്കും 10 മുതല്‍ 25 വരെ വര്‍ഷങ്ങള്‍ ആവശ്യമായി വരുമെന്ന് കമ്മിറ്റി അംഗങ്ങള്‍ തന്നെ പറയുന്നുണ്ട്. സൂക്ഷ്മ തലത്തിലും പ്രായോഗിക തലത്തിലും പല നിര്‍ദേശങ്ങളിലും അവ്യക്തതകള്‍ നിലനില്‍ക്കുന്നു എന്നതാണ് റിപ്പോര്‍ട്ടിന്റെ ഒരു പ്രധാന പോരായ്മ. ജി.ഡി.പിയുടെ 6 ശതമാനം വിദ്യാഭ്യാസ ആവശ്യത്തിന് വകയിരുത്തും എന്ന് പറയുന്നുണ്ട്. യഥാര്‍ഥത്തില്‍ ഇത് കോത്താരി കമീഷന്‍ മുതല്‍ പറയാന്‍ തുടങ്ങിയതാണ്.  നരേന്ദ്ര മോദി കഴിഞ്ഞ വര്‍ഷങ്ങളില്‍ നാമമാത്ര തുകയാണ്  വിദ്യാഭ്യാസ  ഇനത്തില്‍ ചെലവഴിച്ചത്.

പുതിയ നിര്‍ദേശങ്ങള്‍

1. ഭാവികേന്ദ്രീകൃതം
ഐക്യരാഷ്ട്ര സഭയും സോഷ്യല്‍ ഫ്യൂച്ചറിസ്റ്റുകളും മുന്നോട്ടു വെക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (Sustainable Development Goals)  പ്രകാരമുള്ള പ്രാപ്യത (Access), തുല്യത (Equity), ഗുണമേന്മയുള്ളത് (Quality),  താങ്ങാനാവുന്നത് (Affordability), ഉത്തരവാദിത്തമുള്ളത് (Accountability) എന്നീ അടിസ്ഥാന സ്തംഭങ്ങളിലാണ് പുതിയ പോളിസി രൂപീകരിച്ചിട്ടുള്ളത്. സാര്‍വത്രിക വിദ്യാഭ്യാസം, ചലനാത്മക വിജ്ഞാന സമൂഹം എന്നിവ വിഭാവനം ചെയ്യുന്നു. മനുഷ്യരുടെ സാധാരണ ജീവിതത്തിന് ആവശ്യമായ നൈപുണികള്‍ക്കും (Skills)  ശേഷികള്‍ക്കും (Competence) പ്രാധാന്യം നല്‍കുന്നു. എല്ലാ വിദ്യാഭ്യാസത്തിന്റെയും അവിഭാജ്യ ഘടകമായിരിക്കും വൊക്കേഷണല്‍ വിദ്യാഭ്യാസം. 2025-ഓടെ 50 ശതമാനം പഠിതാക്കള്‍ക്കെങ്കിലും വൊക്കേഷണല്‍ വിദ്യാഭ്യാസം പ്രാപ്തമാക്കാന്‍ നയം ലക്ഷ്യമിടുന്നു.  ഗവേഷണവും നൂതനവിദ്യകളും രാജ്യത്തുടനീളം ത്വരിതപ്പെടുത്താനും ഊര്‍ജിതമാക്കാനും പുതുതായി നാഷ്‌നല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപിക്കും.
പ്രതികൂല സാഹചര്യങ്ങളിലുള്ള സമൂഹങ്ങള്‍ക്ക് വിദ്യാഭ്യാസ പ്രാപ്തത വര്‍ധിപ്പിക്കുക, ക്ലാസ്സ് മുറികളിലെ പ്രക്രിയകള്‍ മെച്ചപ്പെടുത്തുക, ആസൂത്രണവും ഭരണവും സുഗമമാക്കുക, അധ്യാപകരുടെ പ്രഫഷണല്‍ കഴിവുകള്‍ പോഷിപ്പിക്കുക തുടങ്ങി എല്ലാ തലങ്ങളിലും സാങ്കേതികവിദ്യ ഉചിതമായി സംയോജിപ്പിക്കാനും പുതിയ നയം ലക്ഷ്യമിടുന്നു

2. വിദ്യാഭ്യാസ അവകാശം
2030-ഓടെ 3-18 വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവും ഗുണമേന്മയുള്ളതുമായ സ്‌കൂള്‍ വിദ്യാഭ്യാസം ലക്ഷ്യമിടുന്നു. പ്രാഥമിക പഠനത്തിന് മാത്രം ബാധകമായിരുന്ന വിദ്യാഭ്യാസ അവകാശ നിയമം (Right To Education RTE-2009) തുടര്‍ ക്ലാസുകളിലേക്ക് കൂടി വ്യാപിപ്പിക്കും. 2025-ഓടെ  അഞ്ചാം ക്ലാസിലും അതിനു മുകളിലുമുള്ള ഓരോ  വിദ്യാര്‍ഥിയും അടിസ്ഥാന സാക്ഷരതയും സംഖ്യാ ജ്ഞാനവും നേടിയിരിക്കും. പോഷകസമൃദ്ധമായ പ്രാതലും ഉച്ചഭക്ഷണവും പ്രീ-പ്രൈമറി, പ്രൈമറി  സ്‌കൂള്‍  വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കും. ഗുണനിലവാരം ഉറപ്പു വരുത്തും.

3. അക്കാദമിക് ക്രെഡിറ്റ് ബാങ്കുകള്‍
പഠിക്കുന്ന വിഷയങ്ങള്‍ക്ക്  നിശ്ചിത മൂല്യം നല്‍കുന്നതാണ് ക്രെഡിറ്റ്. വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്ത യൂനിവേഴ്‌സിറ്റികളില്‍നിന്നും  ലഭിക്കുന്ന  ക്രെഡിറ്റുകള്‍ നിക്ഷേപിക്കാന്‍ ഉതകുന്ന ഒരു അക്കാദമിക് ക്രെഡിറ്റ് ബാങ്ക് പോളിസിയെക്കുറിച്ച് രേഖ പറയുന്നു. ഒരു യൂനിവേഴ്‌സിറ്റിയില്‍നിന്നും ലഭിച്ച ക്രെഡിറ്റ് മറ്റൊരു യൂനിവേഴ്‌സിറ്റിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന അവസരം സൃഷ്ടിക്കും. പഠിക്കുന്ന യൂനിവേഴ്‌സിറ്റിയില്‍നിന്നോ മറ്റു യൂനിവേഴ്‌സിറ്റികളില്‍നിന്നോ, ഇന്ത്യയില്‍നിന്നോ വിദേശത്തുനിന്നോ, ക്ലാസ് റൂമില്‍നിന്നോ ഓണ്‍ലൈന്‍ ആയോ  ക്രെഡിറ്റുകള്‍ നേടിയെടുക്കാം. ഈ ക്രെഡിറ്റുകളുടെ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഡിപ്ലോമകള്‍,  ബിരുദങ്ങള്‍ എന്നിവ യൂനിവേഴ്‌സിറ്റികള്‍ക്ക് ഇഷ്യൂ ചെയ്യാന്‍ സാധിക്കും

4. ലിബറല്‍ വിദ്യാഭ്യാസവും ബഹു വിഷയങ്ങളും
ബിരുദതലത്തില്‍ ശാസ്ത്രം, കല, ഹ്യുമാനിറ്റീസ്,  ഗണിതം, പ്രഫഷണല്‍ മേഖലകള്‍ എന്നിവയില്‍ നിയതവും സമഗ്രവുമായ ഇടപഴകലുകള്‍ സാധ്യമാക്കുന്ന നയമാണ് പുതിയത്. എഞ്ചിനീയറിംഗും ആര്‍ട്‌സും സയന്‍സും അക്കാദമിക പഠനങ്ങളും പരസ്പരപൂരകമാണ്. ഓരോരുത്തര്‍ക്കും താല്‍പര്യത്തിനനുസരിച്ച് വ്യക്ത്യധിഷ്ഠിത വിദ്യാഭ്യാസം (Personalized Education) ആയിരിക്കും ഭാവിയില്‍ ഉണ്ടാവുക എന്നാണ് ഫ്യൂച്ചറിസ്റ്റുകള്‍ പറയുന്നത്. ഇഷ്ടപ്പെട്ട വിഷയങ്ങള്‍ മാത്രം പഠിക്കുന്ന ക്രെഡിറ്റ് മോഡല്‍ സിസ്റ്റങ്ങള്‍ ലോകത്ത് പലയിടത്തും സാധാരണയായിക്കൊണ്ടിരിക്കുന്നു. അതിലേക്കുള്ള ചുവടുവെപ്പിന് കൂടി പുതിയ വിദ്യാഭ്യാസ നയം അവസരമൊരുക്കുന്നു.  
വിജ്ഞാന ശാഖകളുടെ സര്‍ഗാത്മക സങ്കലനം, വൊക്കേഷണല്‍ വിദ്യാഭ്യാസത്തിന് ഏകീകരണം, മള്‍ട്ടിപ്പ്ള്‍ എന്‍ട്രി (Multiple Entry), മള്‍ട്ടിപ്പ്ള്‍ എക്‌സിറ്റ്  (Multiple Exit) പോയിന്റുകള്‍ എന്നിവ ഉണ്ടാകും. ആവശ്യമുള്ളപ്പോള്‍ പുതിയ കോഴ്‌സുകള്‍ ചെയ്യാന്‍ സാധിക്കും. പഠിച്ചതിനനുസരിച്ച് സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. ഒരു വര്‍ഷം പൂര്‍ത്തീകരിച്ചവര്‍ക്ക് അതിനുള്ള സര്‍ട്ടിഫിക്കറ്റും ക്രെഡിറ്റുകളും  നല്‍കും. മൂന്നു വര്‍ഷം പഠിച്ചവര്‍ ഇനി ഡ്രോപ്പ് ഔട്ട് അല്ല, അവര്‍ക്ക് ഡിപ്ലോമകള്‍ നല്‍കും. നാലാം വര്‍ഷം കൂടി പഠിക്കുന്നതോടുകൂടി അവര്‍ക്ക് ബാച്ച്‌ലര്‍ ഡിഗ്രി ലഭിക്കും. മുമ്പ് കോഴ്‌സ് പൂര്‍ത്തിയാക്കാതെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നില്ല. ഇടക്കുവെച്ച് കോഴ്‌സുകള്‍ മാറാനും കഴിഞ്ഞിരുന്നില്ല.  ഇനി  അധ്യയന വര്‍ഷങ്ങള്‍ നഷ്ടപ്പെടാതെ തന്നെ തുടര്‍ച്ചയായി പുതിയ കോഴ്‌സുകള്‍ ചെയ്യാന്‍ സാധിക്കും. പഠിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് നിര്‍ത്തി പുതിയത് തുടങ്ങാം. തോറ്റ ഡിഗ്രിക്കാരെയും തോറ്റ എഞ്ചിനീയര്‍മാരെയും സൃഷ്ടിക്കുന്ന അവസ്ഥ മാറുമെന്നര്‍ഥം.

5.  ഭാഷകള്‍ക്ക് മുന്‍ഗണന
ഭാഷകളെക്കുറിച്ച് ധാരാളമായി പുതിയ പോളിസി സംസാരിക്കുന്നുണ്ട്. കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം 'ഹോം ലാംഗ്വേജി'ല്‍ വേണമെന്ന് പറയുന്നു. അഛനമ്മമാരുടെ ഭാഷ, അല്ലെങ്കില്‍  അവര്‍ ജീവിക്കുന്ന ചുറ്റുപാടിലെ ഭാഷ എന്നിവയാണ് Home Language കൊണ്ട്  അര്‍ഥമാക്കുന്നത്. കുട്ടികള്‍ക്ക് കാര്യങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കുന്നതിനു വേണ്ടിയാണ് ഈ നിര്‍ദേശം.

ത്രിഭാഷാ തത്ത്വം
രണ്ടു വയസ്സിനും എട്ടു വയസ്സിനുമിടക്ക് കുട്ടികള്‍ അതിവേഗം ഭാഷകള്‍ പഠിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. കുട്ടികളെ മൂന്നു ഭാഷകള്‍ പഠിപ്പിക്കുക, അതില്‍ രണ്ടെണ്ണമെങ്കിലും ഇന്ത്യന്‍ ഭാഷകള്‍ ആയിരിക്കുക എന്നതാണ് പോളിസിയില്‍ പറയുന്നത്. സെക്കന്ററി സ്‌കൂള്‍ കഴിയുമ്പോഴേക്കും രണ്ടു ഭാഷകളില്‍ അടിസ്ഥാന അറിവും (Basic Proficiency)  ഒരു ഭാഷയില്‍ കുറച്ചുകൂടി ആഴത്തിലുള്ള അറിവും (Literature Level)  വേണമെന്നും പറയുന്നു. 
സെക്കന്ററി തലത്തില്‍ (ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ) കൊറിയന്‍, ജാപ്പനീസ്, തായ്, ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, റഷ്യന്‍ ഭാഷകള്‍ പഠിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് പോളിസി പറയുന്നു.  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രാന്‍സ്ലേഷന്‍ ആന്റ് ഇന്റര്‍പ്രെറ്റേഷന്‍ (Indian Institute of Translation and Interpretation - IITI) സ്ഥാപിക്കും. ആംഗ്യഭാഷ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട NLP (Natural Language Processing) എന്നിവയുടെ വികസനത്തെക്കുറിച്ചും ദേശീയ വിദ്യാഭ്യാസ പോളിസി  പറയുന്നുണ്ട്. 
പക്ഷേ, നയരേഖയില്‍ അറബിയെ കുറിച്ച്  പരാമര്‍ശമൊന്നുമില്ല. അതേസമയം മദ്‌റസകളും മക്തബകളും ശാക്തീകരിക്കുമെന്നു പറയുന്നുണ്ട്. അവരെ സ്റ്റേറ്റ് ബോര്‍ഡിന്റെയും നേഷ്‌നല്‍  ടെസ്റ്റിംഗ് ഏജന്‍സിയുടെയും പരീക്ഷ എഴുതാന്‍ പ്രോത്സാഹിപ്പിക്കും. ഗുരുകുലങ്ങള്‍, മദ്‌റസകള്‍ തുടങ്ങിയവ ഗവണ്‍മെന്റ് ഇതര സഹായത്തോടെ  നിര്‍മിക്കാനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കുമെന്നും പുതിയ നയത്തില്‍ പറയുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഉര്‍ദു അധിഷ്ഠിത സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുന്നതിനെ കുറിച്ചും ഉര്‍ദു അധ്യാപകരെ നിയമിക്കുന്നതിനെ കുറിച്ചും രേഖ പറയുന്നു.

6. ഉന്നത വിദ്യാഭ്യാസം
'ഭരണഘടനാപരമായ മൂല്യങ്ങള്‍ വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ള ബഹു ശിക്ഷണ (Multi-Disciplinary) ലിബറല്‍ വിദ്യാഭ്യാസമായിരിക്കും ഉന്നത വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം' എന്നും പുതിയ നയത്തില്‍ പറയുന്നു. ഉന്നത വിദ്യാഭ്യാസം  നിയന്ത്രിക്കാന്‍ പ്രത്യേക സ്ഥാപനം ഉണ്ടാകും. സ്ഥാപന നിയന്ത്രണം, ഗ്രേഡിംഗ്, സാമ്പത്തിക സഹായം, അക്കാദമിക് പ്രോഗ്രാംസ് എന്നിവ നിര്‍വഹിക്കാന്‍ നാലു സ്വതന്ത്ര സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടതായിരിക്കും ഇത്. 2035 ആകുമ്പോഴേക്കും ഗ്രോസ്  എന്റോള്‍മെന്റ് റേഷ്യോ (Gross Enrollment Ratio) 50 ശതമാനമെങ്കിലും വര്‍ധിപ്പിക്കും. ഇപ്പോള്‍ നിലവിലുള്ള 800 സര്‍വകലാശാലകളും  40,000 കോളേജുകളും ഏകീകരിച്ച് പതിനയ്യായിരത്തോളം ശ്രേഷ്ഠ സ്ഥാപനങ്ങളാക്കും. അക്കാദമിക, സാമ്പത്തിക, ഭരണസംബന്ധമായ  സ്വയംഭരണാവകാശത്തില്‍ അധിഷ്ഠിതമായിരിക്കും ഓരോ സ്ഥാപനത്തിന്റെയും ഭരണനിര്‍വഹണം.  
ഉന്നത നിലവാരം പുലര്‍ത്തുന്ന മൂന്നു തരം സ്ഥാപനങ്ങളാണ് ഉണ്ടാവുക: ടൈപ്പ് 1. എല്ലാ വിഷയങ്ങളിലും ലോകനിലവാരമുള്ള പഠനവും  ഗവേഷണങ്ങളും. ടൈപ്പ് 2. ഗവേഷണത്തിന് കൂടുതല്‍ സംഭാവനകള്‍ നല്‍കുന്ന  സ്ഥാപനങ്ങള്‍. ടൈപ്പ് 3. അണ്ടര്‍ ഗ്രാജുവേറ്റ് തലത്തില്‍ എല്ലാ വിഷയങ്ങളിലും ഉന്നതനിലവാരമുള്ള സ്ഥാപനങ്ങള്‍. ഒരേ കാമ്പസില്‍ വ്യത്യസ്ത വിഷയങ്ങള്‍ പഠിപ്പിക്കുന്നതും  ഐ.ഐ.ടികളോട് കിടപിടിക്കുന്നതുമായ  സ്ഥാപനങ്ങളാണ്   MERU (Multi Disciplinary Education and Research University).
ഇനിമുതല്‍ എല്ലാ സ്ഥാപനങ്ങളും സര്‍വകലാശാലകളോ ബിരുദം നല്‍കുന്ന സ്വയംഭരണ കോളേജുകളോ ആയിരിക്കും. പ്രഫഷണല്‍ മേഖലകള്‍ക്കും ബാധകമാണിത്. പൊതു വിദ്യാഭ്യാസത്തെ വികസിപ്പിക്കാനും ഉണര്‍വുള്ളതാക്കാനും വലിയ തോതില്‍ പൊതുനിക്ഷേപം ഉണ്ടായിരിക്കും. അണ്ടര്‍ ഗ്രാജുവേറ്റ് ബിരുദങ്ങള്‍ മൂന്നോ നാലോ കൊല്ലങ്ങള്‍ ദൈര്‍ഘ്യമുള്ളതായിരിക്കും. വ്യത്യസ്ത മാതൃകകളിലുള്ള മാസ്റ്റേഴ്‌സ് പ്രോഗ്രാമുകള്‍ സ്ഥാപനങ്ങള്‍ക്ക് നടത്താം. പി.എച്ച്.ഡി പ്രോഗ്രാമിന് ചേരാന്‍ ഒരു മാസ്റ്റേഴ്‌സ് ബിരുദമോ അല്ലെങ്കില്‍ നാല് കൊല്ലത്തെ 'ഓണേഴ്‌സ്' അണ്ടര്‍ ഗ്രാജുവേറ്റ് ബിരുദമോ വേണം. എം.ഫില്‍ പ്രോഗ്രാം നിര്‍ത്തലാക്കും. ഊര്‍ജസ്വലമായ മള്‍ട്ടി ഡിസിപ്ലിനറി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമേ അധ്യാപക  മുന്നൊരുക്ക പദ്ധതികള്‍ ഉണ്ടാവുകയുള്ളൂ. നാലു കൊല്ലം നീളുന്ന ബാച്ച്‌ലര്‍ ഓഫ് എജുക്കേഷന്‍ ആയിരിക്കും ഇനി അധ്യാപകനാകാനുള്ള വഴി.
എല്ലാ പ്രഫഷണല്‍ വിദ്യാഭ്യാസവും  ഉന്നത വിദ്യാഭ്യാസ വ്യവസ്ഥിതിയുടെ അവിഭാജ്യ ഭാഗമായിരിക്കും.  സ്വയം പ്രവര്‍ത്തിക്കുന്ന സാങ്കേതിക സര്‍വകലാശാലകള്‍,  ആരോഗ്യശാസ്ത്ര സര്‍വകലാശാലകള്‍, നിയമ - കാര്‍ഷിക സര്‍വകലാശാലകള്‍, അല്ലെങ്കില്‍ ഈ മേഖലകളിലോ മറ്റു മേഖലകളിലോ ഉള്ള സ്ഥാപനങ്ങള്‍ എന്നിവ നിര്‍ത്തലാക്കും. ലോകത്തെ ആദ്യ നൂറു റാങ്ക് ഉള്ള യൂനിവേഴ്‌സിറ്റികള്‍ക്ക് ഇന്ത്യയില്‍ കാമ്പസ് തുറക്കാനുള്ള അവസരം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നല്ലതായിരിക്കും. വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠിക്കാനുള്ള നയങ്ങളും ഉദാരമാക്കുകയാണ്. ഇന്ത്യന്‍ യൂനിവേഴ്‌സിറ്റികള്‍ക്ക് വിദേശത്തും കാമ്പസ് തുറക്കാന്‍ കഴിയും.

7. സ്‌കൂള്‍ വിദ്യാഭ്യാസം
പാഠ്യപദ്ധതിയുടെയും ബോധന ശാസ്ത്രത്തിന്റെയും സ്‌കൂള്‍ കരിക്കുലം ഘടന 5+3+3+4 എന്ന രൂപത്തിലായിരിക്കുമെന്നും പുതിയ വിദ്യാഭ്യാസ നയം നിര്‍ദേശിക്കുന്നു.

അടിസ്ഥാന ഘട്ടം
(Foundational Stage)

3 മുതല്‍ 8 വയസ്സുവരെ ഉള്ള കാലം. തലച്ചോറിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചകളിയിലൂടെയും കണ്ടുപിടിത്തങ്ങള്‍  അടിസ്ഥാനമാക്കിയുമുള്ള പഠനം.
പ്രിപ്പറേറ്ററി ഘട്ടം  (Preparatory or Later Primary Stage): 8 മുതല്‍ 11 വയസ്സുവരെ ഉള്ള കാലം. കളിയും കണ്ടുപിടിത്തങ്ങളും വഴി ഘടനാപരമായ പഠനത്തിലേക്ക് ഉള്ള പരിവര്‍ത്തനത്തിന് തുടക്കം.
മധ്യഘട്ടം (Middle or Upper Primary Stage):  11 മുതല്‍ 14 വയസ്സു വരെ ഉള്ള കാലം. വിഷയങ്ങളിലെ സങ്കല്‍പങ്ങളുടെ പഠനം. കൗമാരത്തിലേക്ക് നീങ്ങുന്നതിന്റെ  തുടക്കം.

സെക്കന്ററി ഘട്ടം
(High or Secondary Stage)

14 മുതല്‍ 18 വയസ്സു വരെ ഉള്ള കാലം.  ജീവിതവൃത്തിക്കും  ഉന്നത വിദ്യാഭ്യാസത്തിനുമായുള്ള തയാറെടുക്കല്‍. യൗവനപ്രാപ്തിയിലേക്കുള്ള പരിവര്‍ത്തനം.
നവ ലിബറല്‍ അജണ്ടകള്‍
'ലിബറല്‍ വിദ്യാഭ്യാസം' എന്ന് പുതിയ നയരേഖ ധാരാളം സ്ഥലങ്ങളില്‍ ആവര്‍ത്തിക്കുന്നുണ്ട്. പുതിയ പോളിസി ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിടുന്നതും ഈ വിഷയത്തില്‍ തന്നെയാണ്. രാജ്യങ്ങളുടെയും ഭരണകര്‍ത്താക്കളുടെയും അജണ്ടകള്‍ പലപ്പോഴും നിര്‍ണയിക്കുക അവിടത്തെ വ്യവസായ മുതലാളിമാരും കമ്പോള പ്രമുഖരുമായിരിക്കും. മധ്യവര്‍ഗങ്ങളുടെ താല്‍പര്യങ്ങളെയായിരിക്കും കൂടുതല്‍ പരിഗണിക്കുക. അടിസ്ഥാന വര്‍ഗങ്ങളെയും അസംഘടിത മേഖലയെയും അവര്‍ തഴയും. ഉപരിവര്‍ഗ താല്‍പര്യ സംരക്ഷണമാണ്   നവലിബറല്‍ ഫണ്ടമെന്റലിസത്തിന്റെ അടിസ്ഥാനം തന്നെ. അത് മറനീക്കി പുറത്തുവന്നിരിക്കുകയാണ് പുതിയ വിദ്യാഭ്യാസ രേഖയില്‍ എന്നാണ് ആരോപണം. ലാഭം മാത്രം അടിസ്ഥാനമാക്കി കാര്യങ്ങള്‍ തീരുമാനിക്കുക, കാര്യക്ഷമതയുടെ പേരില്‍ പല അവകാശങ്ങളും വെട്ടിച്ചുരുക്കുക, സ്ഥിര ജോലികളേക്കാള്‍ കോണ്‍ട്രാക്ട്  ജോലികള്‍ പ്രോത്സാഹിപ്പിക്കുക  തുടങ്ങി നയരേഖയില്‍ പറയുന്ന പല കാര്യങ്ങളും ഇതിന്റെ ഭാഗമായി വരുന്നതാണ്. പുതിയകാല മാനേജ്‌മെന്റ് തിയറികള്‍ കൂടി പ്രയോഗത്തില്‍ വരുത്തുമ്പോള്‍  സ്വാഭാവികമായി വന്നുചേരുന്നതാണ് ഇത്തരം പരിഷ്‌കാരങ്ങള്‍. 
തുടര്‍ച്ചയും വ്യവസ്ഥാപിത ചട്ടക്കൂടുകളുള്ളതുമാണ്  നിലവിലുള്ള വിദ്യാഭ്യാസ വ്യവസ്ഥ. അത് കൂടുതല്‍ ലിബറല്‍ ആക്കുന്നതോടുകൂടി വിദ്യാഭ്യാസത്തിന്റെ സമഗ്രത നഷ്ടപ്പെടാം. 'മോഡുലാര്‍' വിദ്യാഭ്യാസമെന്നത്  ആളുകള്‍ക്ക് ആവശ്യമുള്ളവ തെരഞ്ഞെടുക്കാനുള്ള   അവസരം സൃഷ്ടിക്കലാണ്. എന്നാല്‍ ഇത് ബുദ്ധിപരമായി കഴിവു കുറഞ്ഞവരെ പുറംതള്ളാനും കാരണമാകുമെന്ന ആരോപണവുമുണ്ട്. അതുവഴി 'ചോയ്‌സ്' എന്ന ഹിതം, തുല്യനീതി എന്ന ആശയം ഇല്ലാതാക്കിയേക്കാം. സ്ഥാപനങ്ങളുടെ സ്വയംഭരണം ഫീസ് വര്‍ധിപ്പിക്കാനും മത്സര വിപണി സൃഷ്ടിക്കാനുമുള്ള നവ ലിബറല്‍ നയങ്ങള്‍ക്ക് പിന്‍ബലമേകുമെന്ന ആരോപണവും ശക്തമായി ഉയര്‍ത്തപ്പെടുന്നുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (32-33)
ടി.കെ ഉബൈദ്‌